സോഷ്യൽ മീഡിയയിൽ ആഡംബര ജീവിതശൈലി പ്രദർശിപ്പിച്ച് വിശ്വാസം നേടിയ യുവതി ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയിൽ അന്വേഷണം ശക്തമാക്കി. പർവതി ഷാജി എന്ന യുവതിക്കെതിരെയാണ് വിവിധ ജില്ലകളിൽ നിന്നായി പരാതികൾ ഉയർന്നിരിക്കുന്നത്. വിദേശത്തും പ്രമുഖ സ്ഥാപനങ്ങളിലുമായി ജോലി ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ചാണ് പണം കൈപ്പറ്റിയതെന്നാണ് പരാതിക്കാരുടെ ആരോപണം.
ആഡംബര വാഹനങ്ങൾ, വിദേശ യാത്രകൾ, ഉയർന്ന ജീവിതനിലവാരം എന്നിവ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പ്രദർശിപ്പിച്ചതോടെ നിരവധി പേർ ഇവരെ വിശ്വസിച്ചുവെന്നാണ് വിവരം. ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ പലരും വൻതുക കൈമാറിയെങ്കിലും നിയമന ഉത്തരവുകളോ ജോലിയോ ലഭിക്കാതിരുന്നതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ചിലർ നൽകിയ രേഖകളും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണ സംഘത്തിന്റെ പരിശോധനയിലാണ്.
പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ പേർ സമാനമായ രീതിയിൽ പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതോടൊപ്പം സാമ്പത്തിക ഇടപാടുകളുടെ ഉറവിടവും പരിശോധിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന ജോലി വാഗ്ദാനങ്ങളിലും നിക്ഷേപ പദ്ധതികളിലും ജാഗ്രത പാലിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി..
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാലു വർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിൽ ആശുപത്രിയിൽ കഴിയുന്ന മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ പരിഹസിച്ച് മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. ജയിൽ ആശുപത്രിയിലെ സൗകര്യങ്ങൾ താൻ ജയിൽവകുപ്പ് മേധാവിയായിരുന്ന കാലത്ത് ഒരുക്കിയതാണെന്നും ഇപ്പോൾ അത് ‘ആർക്കെങ്കിലും’ പ്രയോജനപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും പറഞ്ഞുള്ള കുറിപ്പാണ് ചർച്ചയായത്. തച്ചങ്കരിയുടെ പേര് പരാമർശിക്കാതെയായിരുന്നു ശ്രീലേഖയുടെ പരിഹാസം.
1987ലെ ഒരേ ഐപിഎസ് ബാച്ചിൽ സർവീസിൽ പ്രവേശിച്ച ശ്രീലേഖയും തച്ചങ്കരിയും തമ്മിൽ സർവീസിന്റെ ആദ്യകാലം മുതൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. സീനിയോറിറ്റി, സ്ഥാനക്കയറ്റം, വകുപ്പുതല നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ ഇരുവരും പലപ്പോഴും രണ്ടു ചേരികളിലായിരുന്നു. ഗതാഗത, മോട്ടോർ വാഹന വകുപ്പുകളിൽ ഉന്നത പദവികൾ വഹിച്ചപ്പോഴും ഭരണപരമായ തീരുമാനങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ പരസ്യമായ തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. തച്ചങ്കരിക്കെതിരെ ഉയർന്ന അഴിമതി, അച്ചടക്കലംഘന ആരോപണങ്ങളിലും ശ്രീലേഖ ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ 64.71 ലക്ഷം രൂപയുടെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിക്ക് നാലു വർഷം കഠിനതടവും 30.84 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ജയിലിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രി വാർഡിലേക്കു മാറ്റുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾ പരിഗണിച്ചാണ് ആശുപത്രിയിൽ തുടരുന്നതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. ഇതിനിടെയാണ് പഴയ ഐപിഎസ് പോരിന്റെ പശ്ചാത്തലത്തിൽ ശ്രീലേഖയുടെ ഫെയ്സ്ബുക് കുറിപ്പ് വീണ്ടും ചർച്ചയായത്.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
നൃത്തം പഠിക്കുന്നത് കൊണ്ട് കുട്ടി ഹിന്ദുവാകുമോ?
എന്നാൽ കുട്ടി ഗണിതം പഠിക്കുമ്പോൾ ഗ്രീക്ക് ആകുന്നില്ലല്ലോ. …
കുട്ടി ഇംഗ്ലീഷ് പഠിക്കുമ്പോൾ ബ്രിട്ടീഷുകാരനാകുന്നില്ലല്ലോ. …
കുട്ടി സംഗീതം പഠിക്കുമ്പോൾ യൂറോപ്യനാകുന്നില്ലല്ലോ….
പക്ഷേ കുട്ടി ശിവന്റെ ഭാവം പഠിക്കുമ്പോൾ മാത്രം അവൻ ഹിന്ദുവാകുന്നുവത്രേ എന്തൊരു യുക്തി?
പക്ഷെ ഇത് യുക്തിയല്ല…
ഇത് ഭയമാണ്. ഭയം വിദ്യാഭ്യാസത്തിന്റെ ശത്രുവാണ്. ഭയം കലയുടെ ശത്രുവാണ്.
ഭയം സ്വാതന്ത്ര്യത്തിന്റെ ശത്രുവാണ്.
ഈ പറയുന്ന നൃത്തങ്ങൾ ഏതാണ്?
ഭരതനാട്യമോ?
മോഹിനിയാട്ടമോ?
കഥകളിയോ?
കൂടിയാട്ടമോ?
ഇവയെല്ലാം ഹിന്ദു നൃത്തമാണോ? അതോ ഇവയെല്ലാം ഇന്ത്യൻ നൃത്തങ്ങളാണോ?
ഇന്ത്യൻ നൃത്തം ഹിന്ദു നൃത്തമാണെന്ന് പറയുന്നത് ഇന്ത്യൻ ഗണിതം ഹിന്ദു ഗണിതമാണെന്ന് പറയുന്നതുപോലെയാണ്. പൂജ്യം കണ്ടുപിടിച്ചത് ഇന്ത്യക്കാരാണ്. അത് ഹിന്ദു ഗണിതമാണോ? അതോ മനുഷ്യഗണിതമാണോ?
അറബിക് സംഖ്യകൾ എന്ന് നമ്മൾ പറയുന്നു. എന്നാൽ അവ ഇന്ത്യയിൽ നിന്ന് വന്നതാണ്. അറബികൾ അവയെ യൂറോപ്പിലേക്ക് കൊണ്ടുപോയി, ഇന്ന് ലോകം മുഴുവൻ അവ ഉപയോഗിക്കുന്നു. ആരും അവയെ ഹിന്ദു സംഖ്യകൾ എന്ന് വിളിക്കുന്നില്ല. എല്ലാവരും അവയെ ഗണിതം എന്ന് മാത്രം വിളിക്കുന്നു.
അതുപോലമെ, ഭരതനാട്യം നൃത്തം മാത്രമാണ്. അതിന്റെ വേരുകൾ ഹിന്ദു പാരമ്പര്യത്തിലാണെന്ന് സത്യമാണ്. എന്നാൽ അതിന്റെ ഫലം മനുഷ്യാനുഭവമാണ്. ആരുടെയും കുത്തകയല്ല.
അപ്പോൾ നമ്മൾ കുട്ടികളെ എന്താണ് പഠിപ്പിക്കുന്നത്?
സഹിഷ്ണുതയോ?സ്നേഹമോ ? മനുഷ്യത്വോ?
അതോ,
ഭയമോ?
വിവേചനമോ?
വേർതിരിവോ?
ആ നൃത്തം നിനക്ക് നല്ലതല്ല എന്ന് പറയുന്നത് കുട്ടിയെ സംരക്ഷിക്കലല്ല. അത് കുട്ടിയുടെ ലോകത്തെ ചുരുക്കലാണ്. അത് കുട്ടിയുടെ മനസ്സിനെ ബന്ധിക്കലാണ്.
കാരണം ഒരു കുട്ടിയെ സംരക്ഷിക്കുക എന്നത് അവനെ ഒരു മുറിയിൽ പൂട്ടിയിടുകയല്ല. അവനെ ലോകത്തേക്ക് വിടുകയാണ്. അവനെ ലോകത്തെ കാണാൻ അനുവദിക്കുകയാണ്. അവനെ ലോകത്തെ അനുഭവിക്കാൻ അനുവദിക്കുകയാണ്.
കല ഒരിക്കലും മതമല്ല….ഒരിക്കലും അപകടമല്ല….ഒരിക്കലും ശത്രുവുമല്ല…
മറിച്ച് കല ഒരു ഭാഷയാണ്. ഒരു കുട്ടി ആ ഭാഷ പഠിക്കുമ്പോൾ, അവൻ പുതിയ വാക്കുകൾ പഠിക്കുന്നു. പുതിയ ആശയങ്ങൾ പഠിക്കുന്നു. പുതിയ വികാരങ്ങൾ പഠിക്കുന്നു.
ഒരു കുട്ടി ശിവന്റെ ഭാവം പഠിക്കുമ്പോൾ, അവൻ ശിവനെ ആരാധിക്കുന്നില്ല. അവൻ നിശ്ചലതയെ അനുഭവിക്കുകയാണ് (ശിവൻ എന്നാൽ ശൂന്യത (Emptiness / Stillness).
ഒരു കുട്ടി കൃഷ്ണന്റെ ഭാവം പഠിക്കുമ്പോൾ, അവൻ കൃഷ്ണനെ വിശ്വസിക്കുന്നില്ല, അവൻ താളം /ലീല അനുഭവിക്കുകയാണ് (കൃഷ്ണൻ എന്നാൽ താളം (Rhythm / Leela / Flow).
ഒരു കുട്ടി പാർവതിയുടെ ഭാവം പഠിക്കുമ്പോൾ, അവൻ ദേവിയെ പൂജിക്കുന്നില്ല. അവൻ ശക്തിയെ അനുഭവിക്കുകയാണ്. പാർവതി എന്നാൽ ശക്തി (Energy / Power / Dynamism).
ഇത് മതമല്ല. ഇത് അനുഭവമാണ്. കലയാണ്. ഇത് മനുഷ്യന്റെ പരമമായ സ്വാതന്ത്ര്യമാണ്.
മനുഷ്യരെ നിങ്ങൾ കുട്ടികളെ സ്നേഹിക്കുന്നുണ്ടെങ്കിൽ, അവരെ സ്വതന്ത്രരാക്കൂ. അവരെ ലോകത്തെ കാണാൻ അനുവദിക്കൂ. അവരെ കലയെ അനുഭവിക്കാൻ അനുവദിക്കൂ. അവരെ ജീവിതത്തെ അനുഭവിക്കാൻ അനുവദിക്കൂ.
ഭയം കൊണ്ട് കുട്ടികളെ വളർതാതെ , സഹിഷ്ണുത കൊണ്ട് വളർത്തൂ. ബന്ധനം കൊണ്ട് അല്ല, സ്വാതന്ത്ര്യം കൊണ്ട് വളർത്തൂ. അതാണ് യഥാർത്ഥ വിദ്യാഭ്യാസം. അതാണ് യഥാർത്ഥ സ്വാതന്ത്ര്യം. അതാണ് യഥാർത്ഥ മനുഷ്യത്വം.
നൃത്തം ഒരു മതത്തിന്റെ സ്വത്തല്ല. അത് ശരീരത്തിന്റെയും ഭൂമിയുടെയും ജീവിതത്തിന്റെയും ഭാഷയാണ്. ആ ഭാഷ സംസാരിക്കാൻ ഒരു കുട്ടിയെ അനുവദിക്കുക. അവൻ സ്വതന്ത്രനാകട്ടെ. അവൻ മനുഷ്യനാകട്ടെ. അവൻ ജീവിതത്തെ അനുഭവിക്കട്ടെ.@highlight
തിരുവനന്തപുരം: 1980കളുടെ വസ്ത്രധാരണവും ഹെയർസ്റ്റൈലും ഫോട്ടോഗ്രഫി ശൈലിയും വീണ്ടും സോഷ്യൽ മീഡിയയിൽ ട്രെൻഡാകുന്നു. പഴയ ആൽബങ്ങളിലെ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ആനലോഗ് ക്യാമറയുടെ ഫിലിം ഗ്രെയിൻ, വാം കളർ ടോൺ, സോഫ്റ്റ് ഫോക്കസ്, പഴയകാല സ്റ്റുഡിയോ പശ്ചാത്തലം എന്നിവയോടെയാണ് പുതിയ ചിത്രങ്ങൾ ആളുകൾ പങ്കുവയ്ക്കുന്നത്. ‘80കളിൽ ഞാൻ എങ്ങനെയിരിക്കും?’ എന്ന കൗതുകമാണ് 1980s ChatGPT Photo Trend എന്ന പേരിൽ പ്രചരിക്കുന്ന ഈ എഐ ട്രെൻഡിന് പിന്നിൽ.
ട്രെൻഡിന്റെ പ്രധാന ആകർഷണം കൃത്യമായ പ്രോംപ്റ്റ് നൽകി സ്വന്തം ഫോട്ടോ 80കളുടെ ലുക്കിലേക്ക് മാറ്റാമെന്നതാണ്. മുഖത്തിന്റെ രൂപവും തിരിച്ചറിയാവുന്ന സവിശേഷതകളും നിലനിർത്തിക്കൊണ്ട് അക്കാലത്തെ വസ്ത്രവും മേക്കപ്പും ഹെയർസ്റ്റൈലും പശ്ചാത്തലവും നൽകാനാണ് പ്രോംപ്റ്റിലൂടെ നിർദേശിക്കുന്നത്. ഇന്ത്യൻ ലുക്കിനായി ക്ലാസിക് സാരി, പ്രിന്റഡ് ഷർട്ട്, സൽവാർ കമീസ്, ബെൽബോട്ടം, ഹൈവെയ്സ്റ്റ് ട്രൗസർ തുടങ്ങിയ 80കളിലെ ഫാഷൻ ഉൾപ്പെടുത്താം. ‘Create my uploaded photograph into a realistic photograph of me as I might have looked in India during the 1980s. Keep my face, facial features, skin tone, face shape and overall identity recognisable. Do not alter my facial structure. Style me in authentic 1980s Indian clothing, authentic 1980s hairstyle with natural volume. Set the photograph in a believable 1980s Indian photo studio or vintage background with realistic film grain, soft focus, and period photography lighting.’ എന്നതാണ് ഇന്ത്യൻ റെട്രോ ലുക്കിനായി ഉപയോഗിക്കാവുന്ന പ്രധാന പ്രോംപ്റ്റ്.
വെസ്റ്റേൺ റെട്രോ ലുക്ക് വേണമെങ്കിൽ പ്രോംപ്റ്റിൽ voluminous 1980s hair, era-appropriate glam makeup, statement earrings, high-waisted trousers, structured blazer with shoulder pads, leather jacket തുടങ്ങിയ നിർദേശങ്ങൾ നൽകാം. ചിത്രത്തിന് യഥാർഥ 80കളിലെ ഫോട്ടോയുടെ പ്രതീതി ലഭിക്കാൻ realistic vintage film grain, slightly soft focus, natural skin texture, period-appropriate colours, authentic 1980s studio background, avoid anything modern തുടങ്ങിയ വാക്കുകളും ചേർക്കാം. ഇതുവഴി വെറുമൊരു കാർട്ടൂൺ ഫിൽട്ടറിന് പകരം വ്യക്തിയുടെ മുഖസാദൃശ്യം നിലനിർത്തിയുള്ള വിന്റേജ് ഫോട്ടോയാണ് ലഭിക്കുക.
ഫോട്ടോ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ വേണം. മുഖം വ്യക്തമായി കാണുന്ന, അധികം നിഴലുകളോ സൺഗ്ലാസോ ഇല്ലാത്ത പോർട്രെയ്റ്റ് ChatGPTയിൽ അപ്‌ലോഡ് ചെയ്ത ശേഷം ഇഷ്ടമുള്ള പ്രോംപ്റ്റ് നൽകുകയാണ് ചെയ്യേണ്ടത്. പഴയകാല ഫോട്ടോ സ്റ്റുഡിയോയുടെ ലൈറ്റിങ്, ഫിലിം ഗ്രെയിൻ, സ്വാഭാവികമായ ചർമ്മത്തിന്റെ ടെക്സ്ചർ എന്നിവ പ്രത്യേകം ആവശ്യപ്പെട്ടാൽ ചിത്രത്തിന് കൂടുതൽ യഥാർഥ 80കളുടെ ഭാവം ലഭിക്കും. ഒരു ഫോട്ടോ, കൃത്യമായൊരു പ്രോംപ്റ്റ്—അങ്ങനെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സ്വന്തം ‘80s version’ പങ്കുവയ്ക്കുകയാണ് ട്രെൻഡ്.
തൊടുപുഴ: ഫേസ്ബുക്കിൽ മതസ്പർധ വളർത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവച്ച സംഭവത്തിൽ തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്പെക്ടർ കെ. വിജേഷിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. അന്വേഷണ ചുമതല മൂന്നാർ ഡിവൈഎസ്പിക്കാണ്.
സംഭവത്തിൽ അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ വിദ്വേഷ പോസ്റ്റുകൾ പങ്കുവച്ചതിന് വിജേഷിനെതിരെ മുൻപും നടപടിയെടുത്തിട്ടുണ്ടെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. ഒരു പ്രത്യേക മതവിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇത്തവണ ഫേസ്ബുക്കിൽ പങ്കുവച്ചതെന്നാണ് വിവരം.
പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവുമാണിതെന്ന് വിലയിരുത്തിയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ കൂടുതൽ വിശദമായ പരിശോധനയും വകുപ്പുതല അന്വേഷണവും തുടരും.
മുംബൈയിൽ 14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തെന്ന കേസിൽ 17 വയസ്സുള്ള രണ്ട് ആൺകുട്ടികളെ തുലിഞ്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി പ്രതികളിലൊരാളെ പരിചയപ്പെട്ടത്. ജൂലൈ 11ന് കാണാനെന്ന പേരിൽ പെൺകുട്ടിയെ വിളിച്ചുവരുത്തിയ ശേഷം ചൗളിലെ ഒരു മുറിയിലെത്തിച്ച് ഇരുവരും ചേർന്ന് ലൈംഗികാതിക്രമം നടത്തിയെന്നും ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് പരാതി.
സംഭവം പുറത്തുപറഞ്ഞാൽ പെൺകുട്ടിയുടെ കുടുംബത്തെ അപായപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. എന്നാൽ പിന്നീട് പ്രതികൾ തന്നെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഓഗസ്റ്റ് 15ന് പെൺകുട്ടിയുടെ ബന്ധു വിഡിയോ കാണാനിടയായതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ, ഐടി ആക്ട്, പോക്സോ നിയമം എന്നിവ പ്രകാരം കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയുള്ള പരിചയങ്ങൾ കുട്ടികളെ അപകടത്തിലാക്കാൻ സാധ്യതയുള്ളതിനാൽ ഓൺലൈൻ ഇടപെടലുകളിൽ മാതാപിതാക്കളും രക്ഷിതാക്കളും ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയും സംഭവം വീണ്ടും ചൂണ്ടിക്കാട്ടുന്നു.
ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾക്കിടെ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായി കണ്ടന്റ് ക്രിയേറ്റർ അഖിൽ എൻആർഡി. ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെ അഖിൽ പങ്കുവച്ച പുതിയ റീലിന് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. താരങ്ങളും കണ്ടന്റ് ക്രിയേറ്റർമാരും ഉൾപ്പെടെ നിരവധി പേർ കമന്റുകളിലൂടെ അഖിലിന് പിന്തുണ അറിയിച്ചു.
ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് അഖിൽ റീലിൽ എത്തുന്നത്. വീടിന്റെ ഗൃഹപ്രവേശന ചടങ്ങിലേക്ക് സുഹൃത്തിനെ ക്ഷണിക്കാനെത്തുന്ന രംഗമാണ് വീഡിയോയിലുള്ളത്. ചടങ്ങിനെത്തുമ്പോൾ ക്യാമറ കൂടി കൊണ്ടുവരണമെന്ന് സുഹൃത്തിനോട് ആവശ്യപ്പെടുന്നതാണ് റീലിന്റെ പ്രമേയം. സുഹൃത്തിന്റെ സാന്നിധ്യത്തേക്കാൾ ക്യാമറയ്ക്കാണ് പ്രാധാന്യമെന്ന രസകരമായ സന്ദേശത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. ‘ചിരിച്ചേ ചിരിച്ചേ’ എന്ന അഖിലിന്റെ ഡയലോഗും ശ്രദ്ധ നേടി.
വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾക്ക് ശേഷം അഖിൽ പരസ്യമായി പ്രതികരിച്ചിരുന്നില്ല. ഇതിനിടെയാണ് പുതിയ വീഡിയോയുമായി താരം രംഗത്തെത്തിയത്. നടൻ കാളിദാസ് ജയറാം, ഗായകൻ ഹനാൻ ഷാ, ഇൻഫ്ലുവൻസർമാരായ ദിയ കൃഷ്ണ, അപർണ തോമസ് തുടങ്ങി നിരവധി പേരാണ് റീലിന് കമന്റുകളിലൂടെ പിന്തുണ അറിയിച്ചത്. ഇതിനോടകം 1.32 കോടി കാഴ്ചകൾ നേടിയ റീലിന് 8.32 ലക്ഷം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
പാർലമെന്റിൽ ‘കേരളം കേരളം കേളി കൊട്ടുയരുന്ന കേരളം’ എന്ന ഗാനം ആലപിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗാനരചയിതാവായ തന്റെ പേര് പരാമർശിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തി കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. തന്റെ പേര് പറയാതിരുന്നത് പരിഹാസരൂപേണ ചൂണ്ടിക്കാട്ടിയ അദ്ദേഹം, പാട്ട് വയലാറിന്റേതാണെന്ന് ജനങ്ങൾ കരുതിക്കോട്ടെയെന്ന നിലപാടാണ് സുരേഷ് ഗോപി സ്വീകരിച്ചതെന്നും സാമൂഹികമാധ്യമ കുറിപ്പിൽ വിമർശിച്ചു.
സുരേഷ് ഗോപിയുമായുള്ള പഴയ ബന്ധവും ശ്രീകുമാരൻ തമ്പി കുറിപ്പിൽ ഓർമ്മിപ്പിച്ചു. മോഹൻലാലിനെ നായകനാക്കി താൻ സംവിധാനം ചെയ്ത ‘യുവജനോത്സവം’ എന്ന ചിത്രത്തിൽ സുരേഷ് ഗോപിക്ക് പ്രധാന വില്ലൻ വേഷം നൽകിയതും പിന്നീട് ഐ.വി. ശശി സംവിധാനം ചെയ്ത ‘അക്ഷരത്തെറ്റ്’ എന്ന ചിത്രത്തിൽ അദ്ദേഹത്തെ നായകനാക്കണമെന്ന് നിർബന്ധിച്ചതും താനാണെന്ന് അദ്ദേഹം പറഞ്ഞു. ‘അക്ഷരത്തെറ്റ്’ റിലീസ് ചെയ്ത ദിവസം സുരേഷ് ഗോപിയുടെ അമ്മ സിനിമ കണ്ട ശേഷം തന്നെ ഫോണിൽ വിളിച്ച് കുടുംബത്തിന്റെ നന്ദിയും കടപ്പാടും അറിയിച്ചതായും ശ്രീകുമാരൻ തമ്പി ഓർമിപ്പിച്ചു.
86-ാം വയസ്സിലും തന്റെ ഓർമ്മശക്തിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞ ശ്രീകുമാരൻ തമ്പി, തന്നെക്കാൾ ഏറെ ചെറുപ്പമായ സുരേഷ് ഗോപി മറവിരോഗത്തിൽനിന്ന് രക്ഷപ്പെടട്ടെയെന്ന് പരിഹസിച്ചു. ‘ബന്ധുവാര് ശത്രുവാര്, ബന്ധനത്തിൻ നോവറിയും കിളിമകളേ പറയൂ’ എന്ന വരികളും തന്റേതാണെന്ന് ഓർമിപ്പിച്ച അദ്ദേഹം, തന്റെ പേര് പറയാതെ സുരേഷ് ഗോപി ഈ വരികളും ഉദ്ധരിക്കുന്നത് നല്ലതാണെന്നും കുറിച്ചു.
തിരുവനന്തപുരം: റെഡ് കാർപെറ്റിൽ ഒരു ആരാധിക ചുണ്ടിൽ ചുംബിച്ച സംഭവത്തിൽ പ്രതികരണവുമായി ബോളിവുഡ് നടി നികിത റാവൽ. സംഭവത്തിൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അത് അപ്രതീക്ഷിതമായി നടന്ന കാര്യമാണെന്നും നികിത വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയെ തുടർന്ന് വ്യാപകമായ ചർച്ചകളാണ് ഉയർന്നത്.
ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ആരാധിക നികിതയെ സമീപിച്ച് ആദ്യം കവിളിൽ ചുംബിക്കുകയും തുടർന്ന് ചുണ്ടിൽ ചുംബിക്കുകയും ചെയ്തത്. സംഭവത്തിൽ നിമിഷങ്ങൾക്കകം അമ്പരന്നുപോയെങ്കിലും ആരെയും അപമാനിക്കാനോ വിവാദമുണ്ടാക്കാനോ താൻ ആഗ്രഹിച്ചില്ലെന്ന് നികിത പറഞ്ഞു. ആരാധകരുടെ സ്നേഹത്തെയും പിന്തുണയെയും താൻ വിലമതിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
സംഭവത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ അനുകൂലവും പ്രതികൂലവുമായി നിരവധി പ്രതികരണങ്ങൾ ഉയർന്നു. വ്യക്തിപരമായ അതിരുകൾ എല്ലാവരും മാനിക്കേണ്ടതുണ്ടെന്നും പൊതുപ്രവർത്തകരായാലും സ്വകാര്യതയ്ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും പ്രാധാന്യമുണ്ടെന്നും ചർച്ചകൾ ശക്തമായി. അതേസമയം, സംഭവത്തെ വലിയ വിവാദമാക്കേണ്ടതില്ലെന്നാണ് നികിത റാവലിന്റെ നിലപാട്.
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസിൽ 19കാരൻ അറസ്റ്റിൽ. പോത്തൻകോട് പേരുത്തല സ്വദേശി അഖിലിനെയാണ് പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിരുന്ന പെൺകുട്ടിയെ കറങ്ങാൻ പോകാമെന്ന് പറഞ്ഞാണ് പ്രതി വീട്ടിലെത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.
പെൺകുട്ടിയെ പീഡിപ്പിച്ചശേഷം പ്രതി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയതായും പൊലീസ് കണ്ടെത്തി. പീഡനത്തിനുശേഷം പെൺകുട്ടിയെ വീടിനുസമീപം ഇറക്കിവിട്ടു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
തുടക്കത്തിൽ പ്രതിയെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാവിനെ ചോദ്യം ചെയ്തതോടെയാണ് ഇയാളാണ് കേസിലെ പ്രതിയെന്ന് വ്യക്തമായത്. ഇയാളുടെ മൊബൈൽ ഫോണിൽനിന്ന് പെൺകുട്ടിയുടെ ദൃശ്യങ്ങളും പൊലീസ് കണ്ടെത്തി. പോത്തൻകോട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.