UK

സൗത്ത് പോർട്ട് : സൗത്ത് പോർട്ടിൽ താമസിച്ചിരുന്ന മലയാളിയായ സ്റ്റീഫൻ പി കെ ( ജെയ്‌സൺ, 51)  ഇന്ന് രാവിലെ നാട്ടിൽ വച്ച് മരണമടഞ്ഞു. കോതമംഗലം ചെമ്മീൻകുത്ത് സ്വദേശിയും പോക്കാട്ട് കുടുംബാംഗവുമാണ് പരേതൻ. സൗത്ത് പോർട്ടിൽ  NHS ആശുപത്രിയിലെ നഴ്‌സ്  ഭാര്യ ജിബി, ഡിഗ്രി വിദ്യാത്ഥിനിയായ ക്രിസ്റ്റീന സ്റ്റീഫൻ, എട്ടാം ക്ലാസ് വിദ്യാർത്ഥിയായ എൽദോസ് സ്റ്റീഫൻ എന്നിവർ അടങ്ങുന്നതാണ് പരേതന്റെ കുടുംബം.

ഒരു വർഷം മുൻപാണ് കുടുംബം യുകെയിലേക്ക് കുടിയേറിയത്. NHS സിന്റെ നേരിട്ടുള്ള ഇന്റർവ്യൂ പാസ്സായി സൗത്ത് പോർട്ടിൽ ജോലിക്കെത്തിയതായിരുന്നു കുടുംബം. എന്നാൽ മൂത്ത മകൾക്ക് പതിനെട്ട് വയസ്സ് പൂർത്തിയായതിനാൽ യുകെയിൽ എത്തുവാൻ സാധിച്ചിരുന്നില്ല. അതിനാൽ അവസാന വർഷ ഡിഗ്രി പഠനം നാട്ടിൽ തുടരുകയായിരുന്നു മൂത്ത മകൾ. ഈ മകൾ നാട്ടിൽ തനിച്ച് കഴിയുന്നതിനാൽ മകൾക്ക് കൂട്ടായിട്ട് നാല് മാസം മുൻപ് നാട്ടിലേക്ക് തിരിച്ചുപോകുയിരുന്നു സ്റ്റീഫൻ .

നല്ലൊരു കായിക താരമായ സ്റ്റീഫൻ പതിവുപോലെ ഇന്ന് രാവിലെയും ഓടാൻ പോയിരുന്നു. മൂത്തമകൾ കോളേജിൽ നിന്ന് വിനോദ യാത്രയ്ക്ക് പോയിരിക്കുകയായിരുന്നു ഇന്ന് . റോഡിനോട് ചേർന്നുള്ള വീടായതിനാൽ കുറെ നേരമായി തുറന്നു കിടക്കുന്ന മുൻ വാതിൽ കണ്ട് അയൽവക്കത്തുള്ളവർ കയറി നോക്കിയപ്പോൾ വാതിലിനടുത്തു വീണു കിടക്കുന്ന സ്റ്റീഫനെയാണ് കണ്ടത്. പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ സ്റ്റീഫൻ മരിച്ചിരുന്നു. ഹൃദയതംഭനമാണ് മരണകാരണമെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

മുൻ നേവി ഉദ്യോഗസ്ഥനും , കായിക താരവും,  അധ്യാപകനുമാണ് പി കെ സ്റ്റീഫൻ . കോതമംഗലം എം. എ. ഇന്റർനാഷണൽ സ്കൂൾ, ചേലാട് സെന്റ് സ്റ്റീഫൻസ് ബസ് അനിയാ പബ്ലിക് സ്കൂൾ, കെ. വി. സ്കൂൾ എന്നിവിടങ്ങളിൽ കായിക അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങൾ : പി. കെ. എൽദോസ് (അഗ്നി രക്ഷ നിലയം കട്ടപ്പന ), വിത്സൺ പി. കുര്യാക്കോസ് (അഗ്നി രക്ഷ നിലയം കോതമംഗലം ), ജിജി എൽദോസ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ വച്ച് നടത്തപ്പെടുന്നതാണ്.
സ്റ്റീഫന്റെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം , ദുഃഖാർത്ഥരായ ബന്ധുമിത്രാദികളുടെ വേദനയിൽ പങ്ക് ചേരുകയും ചെയ്യുന്നു.

വൈദ്യുതി ഉപയോഗിക്കാതെ കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ആലക്കുയന്ത്രം കണ്ടുപിടിച്ച നവജ്യോത് സാവ്നി എന്ന യുവ എഞ്ചിനീയറിന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പോയന്‍റ്സ് ഓഫ് ലൈറ്റ് പുരസ്കാരം. പുരസ്കാരത്തിന്റെ ഒപ്പം ഉണ്ടായിരുന്ന കത്തിൽ പ്രധാനമന്ത്രി ഇങ്ങനെ എഴുതിയിരുന്നു. ‘നിങ്ങൾ നടത്തിയ ഈ കണ്ടുപിടിത്തം ലോകത്ത് വൈദ്യുതി സൗകര്യമില്ലാതെ കഷ്ടപ്പെടുന്ന ആയിരക്കണക്കിന് ആളുകൾക്ക് പ്രയോജനപ്പെടും. അഭിനന്ദനങ്ങൾ’ എന്നായിരുന്നു കത്തിൽ.

സാവ്നി ഇത്തരമൊരു ആശയത്തെ കുറിച്ച് ആദ്യമായി ചിന്തിക്കുന്നത് സന്നദ്ധ സംഘടനയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇന്ത്യ ചുറ്റി സഞ്ചരിക്കുന്നതിനിടെയാണ്. സൗത്ത് ഇന്ത്യയിൽ ചില പ്രദേശങ്ങളിൽ കല്ലിൽ തുണി അലക്കുന്ന നിർധനരായ സ്ത്രീകളെ കണ്ടപ്പോൾ ആണ് സാവ്നിക് വൈദ്യുതിയില്ലാതെ പ്രവർത്തിക്കുന്ന ഒരു അലക്ക് യന്ത്രം എന്ന ആശയം മനസ്സിലേക്ക് വരുന്നത്.

കല്ലിൽ തുണി അലക്കുന്നതിനേക്കാൾ 50% വെള്ളവും 75% സമയവും ഈ യന്ത്രം ഉപയോഗിച്ച് ലാഭിക്കാം എന്നതാണ് സാവ്നിയുടെ ഈ അലക്ക് യന്ത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സാവ്നി ഈ അലക്ക് യന്ത്രത്തിന് ഇട്ടിരിക്കുന്നത് തൻറെ അയൽക്കാരിയുടെ പേരാണ്. ദിവ്യ എന്നാണ് സാവ്നിയുടെ അയൽക്കാരിയുടെ പേര്. ഈ പേര് തന്നെ അദ്ദേഹം അലക്ക് യന്ത്രത്തിലും നല്കുക ആയിരുന്നു.

വിവിധ പ്രദേശങ്ങളിലുള്ള അനാഥാലയങ്ങൾ , വിദ്യാലയങ്ങൾ എന്ന് തുടങ്ങി 300 ൽ അധികം സ്ഥലത്ത് ഈ അലക്ക് യന്ത്രം ഇതിനോടകം തന്നെ അദ്ദേഹം വിതരണം ചെയ്തു കഴിഞ്ഞു. ഇനിയും കൂടുതൽ വിതരണം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. സാവ്നിയുടെ ഈ ആശയത്തിന് സമൂഹ മാധ്യമത്തിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

യു.കെയിൽ കടുത്ത വീസ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ നീക്കംനടക്കുന്നതായി റിപ്പോർട്ട്. ഇന്ത്യക്കാർ അടക്കം ലക്ഷക്കണക്കിനുപേർക്ക് ഭീഷണിയാണിത്. പഠനശേഷമുള്ള താമസ കാലയളവ് കുറക്കൽ, കുടുംബ വീസക്ക് നിയന്ത്രണം തുടങ്ങിയ നടപടികൾ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി ബ്രിട്ടീഷ് മാധ്യമം ‘ദ ടൈംസ്’ റിപ്പോർട്ട് ചെയ്തു.

ബിരുദശേഷം പഠനവീസയിൽ യു.കെയിൽ എത്തുന്നവർക്ക് തുടർപഠനത്തിനുശേഷം രണ്ടുവർഷംകൂടി യു.കെയിൽ തുടരാൻ അവസരമുണ്ട്. വിദ്യാഭ്യാസ ഫീസ് അടക്കമുള്ള ചെലവുകൾ രണ്ടുവർഷം ജോലി ചെയ്ത് ഉണ്ടാക്കാമെന്ന അവസരം വിദ്യാർത്ഥികൾക്ക് അതുമൂലം കിട്ടുമായിരുന്നു. ഇതാണ് കുറക്കാൻ നീക്കം നടക്കുന്നത്. വിദേശ വിദ്യാർഥികൾക്ക് പിഎച്ച്.ഡി പോലുള്ള ബിരുദാനന്തര ഗവേഷണ അധിഷ്ഠിത കോഴ്‌സുകളിലോ കുറഞ്ഞത് രണ്ട് വർഷമെങ്കിലും ദൈർഘ്യമുള്ള ബിരുദാനന്തര കോഴ്‌സുകളിലോ ആണെങ്കിൽ മാത്രമേ ആശ്രിതരായ കുടുംബാംഗങ്ങളെ ഒപ്പം കൊണ്ടുവരാൻ അനുവദിക്കൂവെന്നതാണ് പരിഗണനയിലുള്ള മറ്റൊരു പരിഷ്‍കാരം.

ഇന്ത്യൻ വംശജയായ ആഭ്യന്തര സെക്രട്ടറി ഗ്രാജ്വേറ്റ് വീസ പരിഷ്കരിക്കാൻ പദ്ധതി തയാറാക്കിയതായാണ് റിപ്പോർട്ട്. ഇത് നടപ്പായാൽ വിദ്യാർഥികൾക്ക് വൈദഗ്ധ്യമുള്ള ജോലി സമ്പാദിച്ച് തൊഴിൽവീസ നേടുകയോ അല്ലെങ്കിൽ ആറുമാസത്തിനുശേഷം യു.കെ വിടുകയോ ചെയ്യേണ്ടിവരും. അന്താരാഷ്‌ട്ര വിദ്യാർഥികൾക്ക് യു.കെയോടുള്ള ആകർഷണീയത കുറക്കുമെന്ന ഭയത്താൽ യു.കെ വിദ്യാഭ്യാസ വകുപ്പ് (ഡി.എഫ്.ഇ) പരിഷ്കാരത്തെ എതിർക്കുന്നതായാണ് സൂചന.

അപ്രശസ്ത സർവകലാശാലകളിലെ ഹ്രസ്വ കോഴ്‌സുകളിലെ വിദ്യാർഥികൾ ഗ്രാജ്വേറ്റ് വീസ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്ന് ബ്രാവർമാന്റെ നീക്കത്തെ പിന്തുണക്കുന്ന സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഈ അവസരം പിൻവാതിൽ എമിഗ്രേഷൻ റൂട്ടായി ഉപയോഗിക്കുകയാണെന്നാണ് ആക്ഷേപം. ഓഫിസ് ഫോർ നാഷനൽ സ്റ്റാറ്റിസ്റ്റിക്‌സിന്റെ പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം വിദേശ വിദ്യാർഥികളിൽ ഇന്ത്യക്കാർ ചൈനയെ പിന്തള്ളിയിരുന്നു. 2021 ജൂലൈയിൽ അവതരിപ്പിച്ച പുതിയ ഗ്രാജ്വേറ്റ് വീസ നേടുന്നതിൽ ഇന്ത്യക്കാരാണ് ആധിപത്യം നേടിയത് -41 ശതമാനം.

യു.കെയിലേക്ക് വരുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം കുറക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ പ്രധാനമന്ത്രി ഋഷി സുനക് ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളോട് ആവശ്യപ്പെട്ടതിന്റെ ചുവടുപിടിച്ചുള്ളതാണ് ബ്രാവർമാന്റെ പദ്ധതി. യു.കെയിൽ 6.80 ലക്ഷം വിദേശ വിദ്യാർഥികളുണ്ടെന്ന് കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച കണക്കുകൾ പറയുന്നു.

സ്വന്തം ലേഖകൻ 

നോർത്താംപ്ടൻ : ക്രിക്കറ്റിൻ്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിലെ മണ്ണിൽ മലയാളികൾക്കു മാത്യമായി T20 ലീഗിന് കളമൊരുങ്ങുന്നു. ഇംഗ്ലണ്ടിലെ വിവിധ ക്ലബുകളിലായി വർഷങ്ങളായി കളിച്ച് തഴക്കവും പഴക്കവും വന്നവർക്കൊപ്പം പുതിയതായി നാട്ടിൽ നിന്നെത്തി ക്രിക്കറ്റിനെ സ്നേഹിക്കുന്നവർക്കും വേണ്ടി L G R ACADEMY KERALA SUPER LEAGUE കളമൊരുങ്ങുന്നു

ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാൽ മഹാഭാരത കഥയ്ക്കും അപ്പുറത്തേക്കും നീളുമെങ്കിലും 2003 ൽ ക്രിക്കറ്റിന്റെ പിള്ളതൊട്ടിലെന്നറിയപ്പെടുന്ന ഇംഗ്ലണ്ടിൽ ആരംഭിച്ച ട്വന്റി20 ആണ് ഈ കായിക വിനോദത്തെ കൂടുതൽ ജനകീയമാക്കുന്നത്. 2008 ഏപ്രിൽ 18ന് ബാഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടക്കം കുറിച്ച ഇൻഡ്യൻ പ്രമീയർ ലീഗ് ( ഐപിഎൽ) T20 ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് നല്കികൊണ്ടിരിക്കുന്ന സംഭാവന എടുത്തു പറയേണ്ടതാണ്.

ഐ പി എല്ലിന്റെ പ്രചോദനം ഉൾകൊണ്ട്, ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിൽ ഒരുപറ്റം മലയാളി ക്രിക്കറ്റ് ആരാധകർ ചേർന്ന് ഈ വർഷം/സീസൺ മുതൽ L G R ACADEMY KERALA SUPER LEAGUE T20 എന്ന പേരിൽ പുതിയൊരു ക്രിക്കറ്റ് മാമാങ്കത്തിന്ന് തുടക്കം കുറിയ്ക്കുകയാണ്. യുകെയിലെ വിവിധ ക്രിക്കറ്റ് മൈതാനങ്ങളിൽ ആയിരിക്കും ഈ മത്സരങ്ങൾ നടക്കുന്നത്. കേരള സൂപ്പർ ലീഗ് ഇംഗ്ലണ്ടിലെ ക്രിക്കറ്റ് മൈതാനങ്ങളെ ചൂടു പിടിപ്പിക്കും എന്നതിൽ സംശയമില്ല. അതോടൊപ്പം തന്നെ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ഒരു മുതൽ കൂട്ടായി തീരുമെന്നും പ്രതീക്ഷിക്കുന്നു.

ഇംഗ്ലണ്ടിലെ മലയാളികൾക്കു വേണ്ടി ആദ്യമായി തുടങ്ങുന്ന ടൂർണമെന്റിൽ 32 ടീമുകൾ 8 ലീഗിലായി പരസ്പരം ഏറ്റുമുട്ടും. ഓരോ ലീഗിൽ നിന്നും ഒന്നും രണ്ടും സ്ഥാനത്ത് എത്തുന്ന ടീമുകൾ ഫ്രീക്വാർട്ടറിൽ പ്രവേശിക്കും. ഫ്രീക്വർട്ടർ മുതൽ നോക്കൗട്ട് മൽസരങ്ങളായിരിക്കും. ലീഗ് മത്സരത്തിലെ എല്ലാ കളികൾക്കും മാൻ ഓഫ് ദി മാച്ച് ട്രോഫികളും ഉണ്ടായിരിക്കുന്നതാണ്.

മൂന്നു മാസങ്ങൾ നീണ്ടു നിൽക്കുന്ന ആവേശ പോരാട്ടങ്ങൾക്കൊടുവിൽ സെമിയും ഫൈനലും ഒരേ ദിവസം നടത്തി വിജയികൾക്ക് ട്രോഫികളും 6000 പൗണ്ടിൻ്റെ ക്യാഷ് പ്രൈസും നൽകുന്നതായിരിക്കും. മൂന്നു മാസങ്ങൾ നീണ്ടു നിൽക്കുന്ന ക്രിക്കറ്റ് മാമാങ്കം സ്പോൺസർ ചെയ്യുവാൻ താല്പര്യമുള്ളവർക്ക് അവസരം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്
ROSBIN RAJAN. 07881237894
LIJU LAZER. . 07429325678
KIJI KOTTAMAM 07446936675
PRANAV PAVI. 07435508303
BABU THOMAS. 07730883823

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമർശങ്ങളുള്ള ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബിബിസി സംപ്രേഷണം ചെയ്തു. കഴിഞ്ഞ ദിവസം യുകെ സമയം രാത്രി 9 മണിക്കായിരുന്നു ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്‍ററിയുടെ സംപ്രേഷണം. അതായത് ഇന്ത്യൻ സമയം പുലർച്ചെ രണ്ടരയ്ക്ക്.

നരേന്ദ്ര മോദി 2019 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള കാര്യങ്ങളാണ് ഡോക്യുമെന്‍ററിയിൽ പ്രധാനമായും ഉണ്ടായിരുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത്, ആംനെസ്റ്റി ഇന്റർനാഷനൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് ഉൾപ്പടെയുള്ള കാര്യങ്ങൾ ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്.

2002 ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം ഇന്ത്യയിൽ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. ഇതിനിടെയാണ് ബിബിസി രണ്ടാം ഭാഗവും സംപ്രേഷണം ചെയ്തിരിക്കുന്നത്. ആദ്യ ഭാഗത്തിനെതിരെ കേന്ദ്രസർക്കർ രംഗത്തെത്തുകയും തുടർന്ന് യൂട്യൂബിൽനിന്നും ട്വിറ്ററിൽനിന്നും ലിങ്കുകൾ പിൻവലിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.

ഇന്ത്യയിലെ സമൂഹ മാധ്യമങ്ങൾ ഇതേ തുടർന്ന് കർശനമായ നിരീക്ഷണത്തിലുമായിരുന്നു. ഇന്ത്യ ഗവണ്മെന്റിന്റെ എതിർപ്പുകൾ മറികടന്നാണ് ഇപ്പോൾ രണ്ടാം ഭാഗവും ബിബിസി പുറത്തിറക്കിയത്. എന്നാൽ ഇന്ത്യയിൽ സംപ്രേഷണം ഇപ്പോൾ ലഭ്യമല്ല.

യുകെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടാണ് ഡോക്യുമെന്ററി പങ്കുവെക്കുന്നത്. ഡോക്യുമെന്ററി പുറത്തുവന്നതിന് ശേഷം മുൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോ അദ്ദേഹത്തിന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയുമാണ്. കലാപങ്ങളെ കുറിച്ച് പഠിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അയച്ച സംഘം വളരെ വിശദമായ റിപ്പോര്‍ട്ടാണ് നൽകിയതെന്ന് കലാപസമയത്ത് വിദേശകാര്യ സെക്രട്ടറിയായിരുന്ന ജാക് സ്‌ട്രോ ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്.

‘ഞാന്‍ ആകെ അസ്വസ്ഥനായിരുന്നു. ഇന്ത്യ ബ്രിട്ടനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു രാഷ്ട്രമാണ്. എന്താണ് സംഭവിച്ചതെന്ന് ബ്രിട്ടന് ബോധ്യമാകാനാണ് അന്വേഷണ കമ്മീഷനെ നിയമിച്ചത്. അവര്‍ വളരെ സമഗ്രമായ റിപ്പോര്‍ട്ടാണ് തയാറാക്കിയത്’– ജാക് സ്ട്രോ പറഞ്ഞു.

ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ഇറങ്ങിയപ്പോൾ ബ്രിട്ടീഷ് പാര്‍ലമെന്റിലുണ്ടായ ചര്‍ച്ചയില്‍ നരേന്ദ്ര മോദിയെ പിന്തുണച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നിലപാട് സ്വീകരിച്ചിരുന്നു. മോദിയെ ചിത്രീകരിച്ച രീതി അംഗീകരിക്കുന്നില്ലെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഡോക്യുമെന്ററി പിൻവലിക്കില്ലെന്ന നിലപാടിലാണ് ബിബിസി അധികൃതർ ഇപ്പോഴും. ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കയും വിലക്ക് ലംഘിച്ച് പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ശമ്പളത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബോസിനോടുള്ള ദേഷ്യത്തില്‍ പബ്ബിലെ അടുക്കളയിലേക്ക് പാറ്റകളെ തുറന്നുവിട്ട് ഷെഫിന്റെ പ്രതികാരം. ബ്രിട്ടനിലെ റോയല്‍ വില്യം IV പബ്ബിലെ ജീവനക്കാരനായിരുന്ന 25കാരന്‍ ടോം വില്യംസ് ആണ് അടുക്കളയിലേക്ക് 20 പാറ്റകളെ തുറന്നുവിട്ടത്. സംഭവത്തില്‍ ഇയാള്‍ക്ക് കോടതി 17 മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു.

ശമ്പളം പോരെന്ന് പറഞ്ഞ് ജോലി ഉപേക്ഷിച്ച് പോകുന്നതിന് രണ്ടുദിവസം മുന്‍പായിരുന്നു യുവാവിന്റെ ഈ പ്രവൃത്തി. ഇങ്ങനെചെയ്യുമെന്ന് ടോം നേരത്തെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കവെയാണ് സംഭവം ശ്രദ്ധിയില്‍പ്പെട്ടത്.

സംഭവം അറിഞ്ഞയുടന്‍ പബ്ബ് അടച്ചിടുകയും പരിസ്ഥിതി ആരോഗ്യ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. പാറ്റകളെ നിയന്ത്രിക്കാനും ഉടനടി നടപടിയെടുത്തു. ഇതിന്റെ ഫലമായി 22,000പൗണ്ട് അതായത് ഏകദേശം 22,25,410 രൂപയാണ് പബ്ബ് ഉടമയ്ക്ക് നഷ്ടമുണ്ടായത്.

സാമ്പത്തിക നഷ്ടം മാത്രമല്ല ഈ സംഭവം മൂലം സ്ഥാപനത്തിലെ മറ്റു ജീവനക്കാരെല്ലാം നിരാശയിലായിരുന്നെന്നും ഒപ്പം ജോലിചെയ്തിരുന്ന ഒരാള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചുപോലുമില്ലെന്നും സ്ഥാപന ഉടമ കോടതിയെ അറിയിച്ചു.

തുടര്‍ന്ന് കോടതിയില്‍ ഹാജരാകാന്‍ അറിയിച്ചിട്ടും വില്ല്യംസ് എത്തിയിരുന്നില്ല. കേസ് പരിഗണിച്ച കോടതി ജയില്‍ ശിക്ഷയ്ക്ക് പുറമേ രണ്ട് വര്‍ഷത്തേക്ക് യുവാവിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. മാത്രമല്ല 200 മണിക്കൂല്‍ ശമ്പളമില്ലാതെ കമ്മ്യൂണിറ്റി വര്‍ക്ക് പൂര്‍ത്തിയാക്കാനും ശിക്ഷ വിധിയില്‍ പറയുന്നു.

ക്രിസ്ത്യാനികളുടെ എണ്ണം വളരെ കൂടുതലുണ്ടായിരുന്ന ബ്രിട്ടനില്‍ ലക്ഷക്കണക്കിന് പേര്‍ മതമില്ലാത്തവരായി മാറുന്നുവെന്ന് കണക്കുകള്‍. ാലക്ഷക്കണക്കിന് ഇംഗ്ലീഷ്, വെല്‍ഷ് ക്രിസ്ത്യാനികളാണ് ഒരു ദശകത്തിനിടെ മതവിശ്വാസത്തോട് വിട പറഞ്ഞത്.

2021-ല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും 5.72 മില്ല്യണ്‍ ക്രിസ്ത്യാനികളുടെ കുറവാണ് രേഖപ്പെടുത്തിയത്. ഒരു ദശകം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 17% ഇടിവാണിത്. ഇക്കാലയളവില്‍ ഒരു മതവിശ്വാസത്തെയും പിന്തുടരുന്നില്ലെന്ന് വ്യക്തമാക്കിയത് 8 മില്ല്യണിലേറെ ജനങ്ങളാണ്, 57 ശതമാനമാണ് വര്‍ദ്ധന. രാജ്യത്തെ എല്ലാ മേഖലകളിലും ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. 2011-ല്‍ 33.25 മില്ല്യണോളം ഉണ്ടായിരുന്ന വിശ്വാസികളുടെ എണ്ണം 2021 സെന്‍സസില്‍ 27.5 മില്ല്യണായാണ് ചുരുങ്ങിയത്. എന്നാല്‍ സാത്താനിസം പോലുള്ള മതവിശ്വാസങ്ങള്‍ പോലും ഈ ഘട്ടത്തില്‍ ജനപ്രിയമായി മാറിയെന്നത് എടുത്തു പറയേണ്ടുന്ന വിഷയമാണ്.

നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ 2011-ലെ കണക്കുകളില്‍ നിന്നും ഏകദേശം 410,000 കുറവ് ക്രിസ്ത്യാനികളാണ് 2021-ലെത്തുമ്പോള്‍ ഉള്ളത്. 1.75 മില്ല്യണില്‍ നിന്നും 1.3 മില്ല്യണായാണ് വിശ്വാസികളുടെ എണ്ണം ഇടിഞ്ഞത്. അതേസമയം ഈ മേഖലയില്‍ മതമില്ലാത്തവരുടെ എണ്ണത്തില്‍ 450,000 പേരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 74% വര്‍ദ്ധന. ഒരു മതവിശ്വാസമെങ്കിലും ഉള്ളവരുടെ എണ്ണം ഒരു മില്ല്യണായും വര്‍ദ്ധിച്ചു. നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലാണ് ക്രിസ്തീയ വിശ്വാസത്തെ പിന്തുടരുന്നവരുടെ എണ്ണത്തില്‍ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. 2021 സെന്‍സസില്‍ 850,000 കുറവ് ആളുകളാണ് ക്രിസ്ത്യാനിയാണെന്ന് രേഖപ്പെടുത്തിയത്.

നീണ്ട കാത്തിരിപ്പിന്റെ സമാപനം… കാണാതിരിക്കുബോൾ ഉള്ള വേദന… കണ്ടിട്ടും മിണ്ടാതെ പോകുമ്പോൾ ഉള്ള നൊമ്പരം… വിചാരിച്ചത് സംസാരിച്ചു തീരാത്തതിലുള്ള നിരാശ… രാജ്യങ്ങൾ കടന്നാലും കയ്യെത്തും ദൂരെ കാണുവാൻ സാധിക്കുന്ന ആധുനിക സാങ്കേതികവിദ്യ ഉണ്ടെങ്കിലും കൂടിച്ചേരൽ കൊച്ചുവാർത്തമാനങ്ങളുടെ പെരുമഴക്കാലം തീർക്കുന്നു…  ഇതിനെല്ലാം പരിഹാരമായി ബോണി എബ്രഹാവും നിമ്മി ജോസും തമ്മിലുള്ള വിവാഹം ഇന്ന്  (21 / 01/ 2023  ) ജന്മനാടായ ഇടുക്കിയിൽ വച്ച് നടത്തപ്പട്ടു.. വലിയ ഇണക്കങ്ങളും കൊച്ചു  പിണക്കങ്ങളും
നിറയെ സന്തോഷവും , മറവിയിൽ തീരുന്ന ദുഃഖങ്ങളുമായി
തുടർന്നും സംഭവബഹുലമായിരിക്കട്ടെ !
നിങ്ങളുടെ കുടുംബ ജീവിതം എന്ന് ആശംസിക്കുന്നു…

ബോണിക്കും സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന നിമ്മിക്കും (സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ മിനിസ്ട്രിയിലെ അംഗം)  മലയാളം യുകെയുടെ എല്ലാ ആശംസകളും നേരുന്നു…

ജോസ്നാ സാബു സെബാസ്റ്റ്യൻ

കാരണം ആർത്തവം വരുന്നേ എന്ന് പറഞ്ഞു അലമുറയിട്ടു കരഞ്ഞു തളർന്നിരിക്കാൻ തക്ക കാരണങ്ങളൊന്നും തന്നെ ഈ പ്രകൃതി പ്രക്രിയക്കില്ല . നമ്മുടെ അജ്ഞതകൊണ്ട് മറയപ്പെടുന്ന പല ബെനിഫിറ്റുകളും ആർത്തവ കാലം / ആ ദിവസങ്ങളിലെ ചെറിയൊരു നടത്തമായാൽ പോലും അത് നമ്മുടെ ശരീരത്തിന് നൽകുന്നുണ്ട് …

അതിനാൽ വീട്ടിൽ ചടഞ്ഞുകൂടാൻ തിടുക്കം കൂട്ടുന്നവർ അറിഞ്ഞോളൂ…
ആർത്തവം എന്നത് ഒരു സ്ത്രീയെ കൂടുതൽ കരുത്തുറ്റുള്ളവളാക്കുകയാണ് ചെയ്യുന്നത് .

സ്ത്രീകളുടെ ആർത്തവചക്രത്തിന്റെ ആദ്യ രണ്ടാഴ്ച സ്ത്രീ ഹോർമോണുകളുടെ അളവ് വളരെ കുറവായതിനാൽ ആ ദിവസങ്ങൾ may allow you to experience greater gains in strength and power due to low levels of female hormones.

അമേരിക്കൻ ആയുർദൈർഘ്യ വിദഗ്ധൻ തോമസ് പേൾസിന്റെ അഭിപ്രായത്തിൽ, ആർത്തവസമയത്തു അവളിലുണ്ടാകുന്ന ഹോർമോൺ വ്യത്യാസങ്ങളും, രക്തത്തിന്റെ പുറം തള്ളലുമാണ് ഒരുപരുധിവരെ സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ കാലം ജീവിക്കാനുള്ള കാരണം തന്നെ….

കൂടാതെ ഈ ഒരു പ്രക്രിയയാണ് ഒരു സ്ത്രീയെ അവളുടെ മെനോപോസ് ഒരു പരുധി വരെ പുരുഷന്മാരേക്കാൾ പലവിധ കാർഡിയാക് അസുഖങ്ങളിൽ നിന്നും, ബ്രെസ്റ്റ് ക്യാൻസറിൽ നിന്നുമൊക്കെ അകറ്റി നിർത്തുന്നത് . കൂടാതെ എല്ലുകളുടെ ആരോഗ്യം, കറക്റ്റായ മെറ്റബോളിസം എന്നിവയിലൂടെയൊക്കെ ഈ കാലയളവ് സ്ത്രീകളെ പലവിധത്തിൽ പ്രൊട്ടക്ട് ചെയ്യുന്നുണ്ട് .

കൂടാതെ ഈ ദിവസങ്ങളിൽ പ്രൊജസ്ട്രോണും ഈസ്ട്രജനും ഏറ്റവും താഴ്ന്ന നിലയിലായതിനാൽ ഈ ദിവസങ്ങളിലെ വ്യായാമങ്ങൾ സ്ത്രീകളിൽ എൻഡോർഫിനുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയും അങ്ങനെ സ്ത്രീകൾക്ക് ആ ദിവസങ്ങളിൽ കൂടുതൽ ആശ്വാസം ലഭിക്കുകയുമാണ് ചെയ്യുന്നത്. കാരണം എൻഡോർഫിനുകൾ പ്രകൃതിദത്തമായ വേദനസംഹാരിയാണെന്ന് ഡോ. ക്രിസ്റ്റഫർ ഹോളിഗ്സ്വർത്തു പറയുന്നു ..

അതിനാൽ ഈ സമയത്തുള്ള നേരിയ ഒരു നടത്തം പോലുള്ള വ്യായാമങ്ങൾ പോലും ആർത്തവവുമായി ബന്ധപ്പെട്ട മലബന്ധം, തലവേദന അല്ലെങ്കിൽ നടുവേദന എന്നിവയെല്ലാം കുറയ്ക്കാൻ സഹായിക്കുന്നു .

മെനോപോസ് എത്തുന്നതോടെ ഹോർമോണിനോട് അനുബന്ധിച്ച പലവിധ അസുഖങ്ങളും സ്ത്രീകളിൽ തലപൊക്കി തുടങ്ങും…അതിനാൽ മാസമുറ അവധി കൊടുത്തു ആചരിക്കേണ്ട ഒന്നാണെന്ന് തോന്നുന്നില്ല .

എന്നിരുന്നാലും , ഇതിനോടനുബന്ധിച്ചുള്ള അവധി ആയാലും അറിവായാലും സർവ്വകലാശാല കുട്ടികളേക്കാൾ എന്തുകൊണ്ടും അർഹിക്കുന്നത് സ്‌കൂൾ കുട്ടികളാണ് ……

കാരണം മാസമുറ എന്താണെന്ന് പോലും ശരിയായ അറിവില്ലാത്ത, പറഞ്ഞു കൊടുക്കാൻ അമ്മയില്ലാത്ത കുട്ടികൾ ഇന്നും നമ്മുടെ സാക്ഷര കേരളത്തിലുണ്ട് .

മാസമുറയ്ക്ക് പാഡ് വാങ്ങാൻ പോലും കഴിയാതെ തുണി ഉപോയോഗിച്ചു ക്ലാസ് റൂമുകളിൽ എട്ടും ഒമ്പതും മണിക്കൂറികൾ ഇരുന്നു വീർപ്പു മുട്ടുന്ന കുട്ടികൾ , ബാത്റൂമുകളിൽ കേറാൻ ക്യൂ നിൽക്കേണ്ടിവരുന്ന കുട്ടികൾ ഇവരൊക്കെ സ്‌കൂളുകളിലാണ് കൂടുതൽ ….

മാസമുറയിൽ നനഞ്ഞു കുതിർന്ന അടിവസ്ത്രങ്ങൾ ഇട്ട് ഭീകരമായ അവസ്ഥയിൽ പുറത്തു പോകാനോ ഒന്നിരിക്കാനോ ആരോടും പറയാനോ പോലും പറ്റാതെ വിഷമം അനുഭവിക്കുന്ന കുട്ടികൾ ഇന്നും സ്‌കൂൾ ബഞ്ചുകളിലാണ് കൂടുതൽ …

അനുവാദമില്ലാതെ, ശരിയായ കാരണങ്ങൾ എണ്ണി നിരത്താതെ പുറത്തുപോയി തന്റെ സാനിറ്ററി പാഡ് പോലും മാറ്റാൻ പറ്റാത്ത കുട്ടികൾ സർവ്വകലാശാലയേക്കാൾ സ്‌കൂൾതലത്തിലാണുള്ളത് .

അതിനാൽ എന്റെ അഭിപ്രായത്തിൽ സർവ്വകലാശാലയിൽ പഠിക്കുന്ന കുട്ടികളേക്കാൾ സ്‌കൂൾ കുട്ടികൾക്കാണ് ആർത്തവ അവധിയും അതിനോടനുബന്ധിച്ചുള്ള ശുചിത്വവും വിദ്യാഭ്യാസവും വേണ്ടത് .

ഫ്രീ ആയിട്ടെന്നാ കിട്ടിയാലും നമ്മള് രണ്ടു കയ്യും നീട്ടി വാങ്ങിക്കും … അതിപ്പോ വിഷമായാലും അമൃതായാലും

എന്തൊക്കെ ആയാലും ആർത്തവമെന്ന പ്രക്രിയ സ്ത്രീയെ കൂടുതൽ കരുത്തുറ്റവളാക്കുന്നു …
അതിനെ നല്ല ഈസി ഡേ ആയി എടുത്തു ഹെൽത്ത് ബൂസ്റ്റപ്പ് ചെയ്യാനുള്ളൊരു കാലയളവായി കാണൂ ….
Girls, we are blessed.

യു.എ.ഇയിൽ 44 രാജ്യങ്ങളിൽനിന്ന് സന്ദർശകരായി എത്തുന്നവർക്ക് സ്വന്തംനാട്ടിലെ ലൈസൻസ് വെച്ചുതന്നെ യു.എ.ഇയിൽ വാഹനമോടിക്കാം. കൂടാതെ ഈ രാജ്യക്കാർക്ക് യു.എ.ഇയിലെ താമസവിസയുണ്ടെങ്കിൽ പ്രത്യേക ഡ്രൈവിങ് പരിശീലനമോ പരീക്ഷയോ ഇല്ലാതെതന്നെ യു.എ.ഇ. ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കുകയുമാവാം. സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസിന് കാലാവധിയുണ്ടായിരിക്കണം എന്നുമാത്രം.

ഡ്രൈവിങ് ലൈസൻസ് നേടാനുള്ള കുറഞ്ഞ പ്രായവും പൂർത്തിയായിരിക്കണം. വാഹനമോടിക്കുന്നതിനുള്ള ശേഷി തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും നൽകണം. എസ്തോണിയ, അൽബേനിയ, പോർച്ചുഗൽ, ചൈന, ഹംഗറി, ഗ്രീസ്, യുക്രൈൻ, ബൾഗേറിയ, സ്ലോവാക്യ, സ്ലോവേനിയ, സെർബിയ, സൈപ്രസ്, ലാത്വിയ, ലക്സംബർഗ്, ലിത്വാനിയ, മാൾട്ട, ഐസ്ലാൻഡ്, മോണ്ടിനെഗ്രോ, യു.എസ്, ഫ്രാൻസ്, ജപ്പാൻ, ബെൽജിയം, സ്വിറ്റ്സർലൻഡ്, ജർമനി, ഇറ്റലി, സ്വീഡൻ, അയർലൻഡ്, സ്പെയിൻ, നോർവേ, ന്യൂസീലൻഡ്, റൊമേനിയ, സിങ്കപ്പൂർ, ഹോങ്കോങ്, നെതർലൻഡ്, ഡെൻമാർക്ക്, ഓസ്ട്രിയ, ഫിൻലൻഡ്, യു.കെ, തുർക്കി, കാനഡ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർക്കാണ് ഈ ആനുകൂല്യമുള്ളത്.

വിവിധ രാജ്യക്കാരെ യു.എ.ഇയിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഡ്രൈവിങ് ലൈസൻസ് നിയമങ്ങൾ ലളിതമാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും ഇതു സംബന്ധിച്ച നിയമാവബോധം ലഭിക്കാൻ മന്ത്രാലയം വെബ്സൈറ്റിൽ പ്രത്യേക സേവനവും ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യൻ ലൈസൻസുള്ള സന്ദർശകർക്കും താമസക്കാർക്കും തത്കാലം ഇളവുകളൊന്നുമില്ല. യു.എ.ഇയിൽ വാഹനമോടിക്കണമെങ്കിൽ ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കി പരീക്ഷ പാസായി ലൈസൻസ് നേടണം.

Copyright © . All rights reserved