Health

സംസ്ഥാനത്ത് ശനിയാഴ്ച ഏറ്റവുമധികം പേര്‍ക്ക് വാക്‌സീന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 4,53,339 പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്‌സീന്‍ നല്‍കുന്നത്. ഇന്ന് വന്ന 38,860 ഡോസ് കോവാക്‌സീന്‍ ഉള്‍പ്പെടെ ഇനി സംസ്ഥാനത്ത് രണ്ടു ലക്ഷത്തോളം വാക്‌സീന്‍ മാത്രമാണു സ്റ്റോക്കുള്ളതെന്നും മന്ത്രി അറിയിച്ചു. ഞായറാഴ്ച കൂടുതല്‍ വാക്‌സീന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ വാക്‌സിനേഷന്‍ അനിശ്ചിതത്വത്തിലാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് 18,531 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടിപിആർ 11.91, 98 മരണം.

കേരളം 10 ലക്ഷം വാക്‌സീന്‍ പൂഴ്ത്തി വച്ചിരിക്കുന്നു എന്ന പ്രചാരണത്തിന്റെ പൊള്ളത്തരം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. മികച്ച രീതിയില്‍ വാക്‌സീന്‍ നല്‍കുന്ന സംസ്ഥാനമാണു കേരളം. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് സംസ്ഥാനത്തെ വാക്‌സിനേഷന്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പേരാളികള്‍ക്കുമുള്ള ആദ്യ ഡോസ് വാക്‌സിനേഷന്‍ 100 ശതമാനത്തിലെത്തിച്ചു. ഈ ആഴ്ച മാത്രം 16 ലക്ഷത്തോളം പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്. ഇതോടെ ഒരു ദിവസം 4 ലക്ഷത്തിന് മുകളില്‍ വാക്‌സീന്‍ നല്‍കാന്‍ കഴിയുമെന്നു സംസ്ഥാനം തെളിയിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഇന്ന് 1522 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണു പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,380 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 142 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. 59,374 പേര്‍ക്ക് വാക്‌സീന്‍ നല്‍കിയ കണ്ണൂര്‍ ജില്ലയാണ് മുൻപില്‍. 53,841 പേര്‍ക്ക് വാക്‌സീന്‍ നല്‍കി തൃശൂര്‍ ജില്ലയും 51,276 പേര്‍ക്ക് വാക്‌സീന്‍ നല്‍കി കോട്ടയം ജില്ലയും തൊട്ടുപുറകിലുണ്ട്.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,83,89,973 പേര്‍ക്കാണ് വാക്‌സീന്‍ നല്‍കി. അതില്‍ 1,28,23,869 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സീനും 55,66,104 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീനുമാണ് നല്‍കിയത്. 2011ലെ സെന്‍സസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 38.39 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.66 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഈ സെന്‍സസ് അനുസരിച്ച് 18 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 53.43 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23.19 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഇത് കേന്ദ്ര ശരാശരിയേക്കാള്‍ കൂടുതലാണ്.

അമേരിക്കയിലെ എന്നല്ല ലോകത്തിലെ തന്നെ എണ്ണപ്പെട്ട സാങ്കേതിക സർവകലാശാലയായ മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) 1972ൽ ഒരു പഠനത്തിലൂടെ പ്രവചനം നടത്തി– 21–ാം നൂറ്റാണ്ടിന്റെ മധ്യം ആവുമ്പോഴേക്കും ലോകമാകെ സാമൂഹിക തകർച്ച ഉണ്ടാവും. കുടുംബവും സമൂഹവും സാമൂഹിക സ്ഥാപനങ്ങളും തകർന്നു കൂട്ടക്കുഴപ്പമാവും. സാമ്പത്തിക പുരോഗതി നിലയ്ക്കും, പരിസ്ഥിതി നാശം വിതയ്ക്കും…!!!

കുറേ സാങ്കേതികവിദഗ്ധരുടെ വെറും പ്രവചനം എന്നു കരുതി തഴയാൻ കഴിയില്ലെങ്കിലും മറവിയിൽ മുങ്ങിയ ഈ പഠന റിപ്പോർട്ടിലെ നിരീക്ഷണങ്ങൾ ഇപ്പോൾ പ്രസക്തമാവുന്നു. ഇക്കൊല്ലം കെപിഎംജി നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളുണ്ട്. 1972ൽ അരനൂറ്റാണ്ട് മുൻപ് നടത്തിയ പ്രവചനങ്ങൾക്കനുസരിച്ചാണു ലോകത്തിന്റെ ഇതുവരെയുള്ള പോക്ക്. 2021ലും അതിലെ നിരീക്ഷണങ്ങൾ കൃത്യമാണ്. ലോകം സാമൂഹികമായി തകർച്ചയിലേക്കുള്ള പ്രയാണം കൃത്യമായി തുടരുന്നു…!!!

എംഐടി വിദഗ്ധരുടെ പഠനം ശരിയായോ തെറ്റിയോ എന്നു തെളിയിക്കുന്നതിനുള്ള വിശകലനത്തിന് നേതൃത്വം കൊടുത്തത് കെപിഎംജിയിലെ സസ്റ്റെയ്നബിലിറ്റി ആൻഡ് ഡൈനാമിക് സിസ്റ്റം അനാലിസിസ് വിഭാഗം മേധാവിയായ ഗയ ഹെറിംഗ്ടണാണ്. നിരന്തരം മാറ്റത്തിനു വിധേയമാകുന്ന 10 പ്രധാന വിഷയങ്ങളിലെ (വേരിയബിൾസ്) മാറ്റങ്ങളാണ് വിശകലനം ചെയ്തത്. ജനസംഖ്യ, വ്യവസായ ഉത്പാദനം, മലിനീകരണം തുടങ്ങിയവ. എല്ലാം പതിവുപോലെ നടന്നോളുമെന്ന നമ്മുടെ മനോഭാവത്തിനു വൻ തിരിച്ചടി നേരിടാൻ പോകുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.

എംഐടിയുടെ പഠനത്തിൽ 21–ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സമൂഹനാശം എന്നാണു പറഞ്ഞിരുന്നതെങ്കിൽ കെപിഎംജിയുടെ പഠനത്തിൽ അതു 10 വർഷം മുൻപേ തുടങ്ങും. 2040ൽ. സാമൂഹിക തകർച്ച എന്നാ‍ൽ ഉദ്ദേശിക്കുന്നത് ജീവിത നിലവാര തകർച്ച, ഭക്ഷ്യോൽപ്പാദനും വ്യവസായ ഉത്പാദനത്തിലും തകർച്ച എന്നിവ മാത്രമല്ല. മനുഷ്യന്റെ ജനസംഖ്യയിലും കുറവു വരും. കോവിഡ് 19 മഹാമാരി അതിന്റെ തുടക്കമാണോ? ആരും പ്രതീക്ഷിച്ചിരുന്നില്ലല്ലോ ഇങ്ങനെയൊരു മഹാമാരിയും അതുവഴിയുള്ള സാമ്പത്തിക തകർച്ചയും ലക്ഷങ്ങളുടെ മരണവും?

എംഐടി 1900 മുതൽ 2060 വരെയുള്ള കാലം പഠനത്തിനു വിധേയമാക്കിയിരുന്നു. വേൾഡ് വൺ എന്ന കംപ്യൂട്ടർ പ്രോഗ്രാം അതിനായി ഉപയോഗിച്ചു. എംഐടി പഠനത്തിലുൾപ്പെട്ട ജെറി ഫോസ്റ്റർ അതേക്കുറിച്ച് ഒരു വിഡിയോയും തയാറാക്കിയിരുന്നു. അതിലെ ഗ്രാഫുകളെല്ലാം 1972നു ശേഷം മുകളിലേക്കാണ്. പക്ഷേ 2000 കഴിഞ്ഞ് ഏതാനും വർഷമെത്തുമ്പോൾ മുകളിലേക്കു കയറുന്ന ഗ്രാഫ് താഴേക്കാവുന്നു. തകർച്ചയാണതു സൂചിപ്പിക്കുന്നത്. ജനസംഖ്യയും വ്യവസായ ഉത്പാദനവുമെല്ലാം അതിലുൾപ്പെടും. ജീവിത നിലവാരം 2040 വരെ ഉയർന്നിട്ട് പിന്നെ താഴേക്ക് പോകുന്നു.

ഞെട്ടിപ്പിക്കുന്ന മറ്റൊരു കണ്ടെത്തൽ അതിലുണ്ട്. മാനവരാശിയുടെ തകർച്ചയുടെ തുടക്കവർഷം ഏതാണെന്നാ? 2020!!! അതെ! മഹാമാരി തുടങ്ങിയ വർഷം. ജനസംഖ്യ അമിതമാവും, ജനങ്ങൾ പരസ്പരം കൊല്ലും, ഇന്നു കാണുന്ന സിവിൽ സമൂഹം 2040–2050ൽ ഇല്ലാതാവും.

ഹെറിങ്ടൺ ഇതേ മോഡൽ പഠനത്തിന് ഉപയോഗിച്ചു. അതിൽ ജനസംഖ്യാവളർച്ചാ നിരക്കും, മരണനിരക്കും സേവനങ്ങളും ഊർജസ്രോതസുകളും പരിസ്ഥിതി നാശവുമെല്ലാം ഉൾപ്പെടുത്തി. പഠന റിപ്പോർട്ട് യേൽ സർവകലാശാലയുടെ ഇൻഡസ്ട്രിയൽ ഇക്കോളജി ജേണലിൽ പ്രസിദ്ധീകരിച്ചു. പക്ഷേ കെപിഎംജിയുടെ പഠനത്തിൽ ശുഭാപ്തി നൽകുന്ന ഒരു കണ്ടെത്തലുമുണ്ട്–സാങ്കേതിക പുരോഗതിയും പൊതുസേവനങ്ങളുടെ വർധനയും സമ്പൂർണ തകർച്ചയിൽ മാറ്റം വരുത്താം. അതിന് മനുഷ്യരാശി കൂട്ടായി ശ്രമിക്കണം. എല്ലാം മുറപോലെ എന്നു കരുതി അലസമായിരുന്നാൽ സർവനാശം!!

കൊവിഡ് ഡെൽറ്റാ വൈറസ് ഇതിനോടകം തന്നെ ഭൂരിഭാഗം ലോകരാഷ്ട്രങ്ങളിലും നാശം വിതച്ചു കഴിഞ്ഞു. എന്നാൽ ഇത് ഒരു തുടക്കം മാത്രമാണെന്നും കൂടുതൽ ഗുരുതര പ്രശ്നങ്ങൾ വരാനിരിക്കുന്നതേയുള്ളുവെന്നും ലോകാരോഗ്യ സംഘടനയുടെ തലവൻ തെദ്രോസ് അദാനോം ഖെബ്രെയേസുസ് പറഞ്ഞു. ലോകം ഇപ്പോൾ കാണുന്നത് കൊവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കം മാത്രമാണെന്നും ഇത് ഇനിയും കൂടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാക്സിനുകളിലൂടെ കൊവിഡിനെ കീഴടക്കിയെന്ന് ധരിച്ചുവെങ്കിൽ അത് തെറ്റാണെന്നും വാക്സിനേഷൻ നല്ല രീതിയിൽ നടത്തിയിട്ടും യൂറോപ്പിലും വടക്കേ അമേരിക്കയിലും കൊവിഡ് കേസുകൾ വർദ്ധിക്കുന്നത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വൈറസിന് നിരന്തരം വകഭേദം സംഭവിക്കുകയാണെന്നും ഓരോ ആഴ്ചയും പുതിയ വേരിയന്റുകൾ കണ്ടെത്തികൊണ്ടിരിക്കുന്നത് സ്ഥിതി വഷളാക്കുകയാണെന്നും തെദ്രോസ് പറഞ്ഞു. ഡെൽറ്റാ വൈറസ് ഇതിനോടകം തന്നെ 111 രാഷ്ട്രങ്ങളിൽ പടർന്നു പിടിച്ചുകഴിഞ്ഞു. ലോകത്ത് ഇനി ഏറ്റവും കൂടുതൽ നാശം വരുത്താൻ പോകുന്നത് ഒരു പക്ഷേ ഡെൽറ്റാ വൈറസായിരിക്കാമെന്ന് തെദ്രോസ് വിലയിരുത്തി.

 

കുട്ടികളിൽ കോവിഡ് ബാധ രൂക്ഷമാകില്ലെന്ന് പഠനം. ടോർക് സർവകലാശാല, യുസിഎൽ, ഇംപീരിയൽ കോളജ് ലണ്ടൻ, ബ്രിസ്റ്റോൾ– ലിവർപൂർ സർവകലാശാലകൾ എന്നിവ ചേർന്നു നടത്തിയ പഠനത്തിലാണ് കുട്ടികളിൽ‍ കോവിഡ് ബാധയെ തുടർന്ന് ഗുരുതര അസുഖങ്ങൾ ഉണ്ടാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത വളരെ കുറവാണെന്ന് കണ്ടെത്തിയത്.

മുൻപു രോഗങ്ങള്‍ ബാധിച്ചിട്ടുള്ള കുട്ടികളിലും വൈകല്യങ്ങളുള്ളവർക്കുമാണ് കോവിഡ്ബാധ ഉണ്ടാകാൻ കൂടുതൽ സാധ്യതയെന്നും പറയുന്നു. പഠനറിപ്പോർട്ട് കൂടുതൽ അംഗീകാരത്തിനായി യുകെ ജോയിന്റ് കമ്മറ്റി ഓഫ് വാക്സിനേഷൻ, ലോകാരോഗ്യ സംഘടന, യുകെ ആരോഗ്യ വിഭാഗം എന്നിവയ്ക്ക് സമർപ്പിച്ചിരിക്കുകയാണ്.

18 വയസ്സിൽ താഴെയുള്ള 251 പേരെയാണ് ഇംഗ്ലണ്ടിൽ കോവിഡ് ബാധിച്ച് തീവ്രപരചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഈ പ്രായപരിധിയിൽ 50,000 പേരിൽ ഒരാൾ മാത്രമാണ് ഇത്തരത്തിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതെന്നാണ് പഠനം കണ്ടെത്തിയത്.

കോവിഡ് മൂലമുണ്ടാകുന്ന അപൂർവ ഇൻഫ്ലമേറ്ററി സിൻഡ്രോം കണ്ടെത്തിയതിനെ തുടർന്ന് 309 കുട്ടികളെയാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. 38,911ൽ ഒരാൾക്കാണ് ഇത്തരത്തിൽ അപകടസാധ്യത വരുന്നതെന്നും പഠനം വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ച് 25 കുട്ടികൾ മരിച്ചുവെന്ന് ഗവേഷകർ പറഞ്ഞു. 481,000 പേരിൽ ഒരാൾ അല്ലെങ്കിൽ ദശലക്ഷത്തിൽ രണ്ട് പേരാണ് കോവിഡ് ബാധിച്ച് മരിക്കുന്നതെന്ന് പഠനത്തിൽ പറയുന്നു.

2021 ഫെബ്രുവരിയിൽ നടത്തിയ പഠനമാണെങ്കിലും ഡെൽറ്റ വകഭേദം വ്യാപകമായിട്ടും ഇതിൽ മാറ്റം വന്നിട്ടില്ലെന്നാണ് ഗവേഷകർ പറയുന്നത്. കുട്ടികൾക്കായി സൈഡസ് കാഡിലയുടെ വാക്സീന് ഇന്ത്യയിൽ അനുമതി നൽകാനിരിക്കെയാണ് പഠനം പുറത്തുവരുന്നത്.

 

ലോക രാജ്യങ്ങൾ കോവിഡ് യാത്രാ നിയന്ത്രണങ്ങൾ പടിപടിയായി നീക്കിത്തുടങ്ങിയതോടെ വാക്സിൻ പാസ്പോർട്ടുമായി യൂറോപ്യന്‍ യൂണിയൻ രംഗത്ത്. എന്നാൽ ഇയുവിന്റെ വാക്‌സിന്‍ ഗ്രീന്‍ പാസ് പട്ടികയില്‍ കോവിഷീല്‍ഡ് ഇടം നേടിയിട്ടില്ല. ഇതോടെ, കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യൂറോപ്പില്‍ യാത്രാനുമതി ലഭിക്കില്ല.

യൂറോപ്യന്‍ യൂണിയന്‍ ഗ്രീന്‍ പാസ് നല്‍കിയ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് അംഗരാജ്യങ്ങളില്‍ യാത്രാനുമതി. ആഗോള മരുന്ന് നിര്‍മാതാക്കളായ ആസ്ട്രസെനേകയും ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാണ് കോവിഷീല്‍ഡ്. ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ നിര്‍മിക്കുന്നത്.

യുകെയിലും യൂറോപ്പിലും ആസ്ട്രസെനേക വാക്‌സിന്‍ വ്യാപകമായുണ്ടെങ്കിലും വാക്‌സെവിരിയ എന്ന പേരിലാണ് വാക്‌സിന്‍ അറിയപ്പെടുന്നത്. ആസ്ട്രസെനേകയുടെ സമാന വാക്‌സിനാണ് ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്നത്. എന്നാല്‍, ആസ്ട്രസെനേക വാക്‌സിന്റെ വാക്‌സെവിരിയ വേര്‍ഷന് മാത്രമാണ് യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി അംഗീകാരം നല്‍കിയിട്ടുള്ളത്.

മൊഡേണ, ഫൈസര്‍-ബയോണ്‍ടെക്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകള്‍ക്കാണ് ആസ്ട്രസെനേക കൂടാതെ യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി അംഗീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ വാക്‌സിനായ കൊവാക്‌സിനും അംഗീകാരമില്ലാത്തത് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കനത്ത തിരിച്ചടിയാകും.

വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. അതിന് ശേഷം ഒട്ടേറെ ലഹരി വിരുദ്ധ ദിനങ്ങൾ കടന്നു പോയെങ്കിലും രാജ്യാതിർത്തികൾക്കും, മത വിശ്വാസങ്ങൾക്കുമപ്പുറം ലോക വ്യാപകമായി ഇവയുണർത്തുന്ന അപകടങ്ങളെ തരണം ചെയ്യാൻ നമുക്കിനിയും ആയിട്ടില്ല.

ലഹരിമരുന്നുകളുടെ കെണിയിൽ പലപ്പോഴും അകപ്പെടുന്നതു കുട്ടികളാണ്. ജീവിതം തന്നെ വഴിതെറ്റിക്കുന്ന ഈ വസ്തുക്കളെക്കുറിച്ചു കുട്ടികൾക്കു വേണ്ടത്ര അറിവില്ലെന്നതാണു വാസ്തവം. ഉണ്ടായിരുന്നെങ്കിൽ പലരും ദുർഗതിയിൽ പെടില്ലായിരുന്നു. കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം കാട്ടുതീയേക്കാൾ വേഗത്തിൽ വളർന്നു സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്. ഒരിക്കലും തിരിച്ചു കയറാൻ പറ്റാത്ത, മഹാഗർത്തത്തിലേക്കാണ് ലഹരിയുടെ ഉപയോക്താക്കൾ പതിക്കുന്നത്.

ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വർധിച്ചു വരുമ്പോഴും ജനങ്ങൾക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിനാനുപാദികമായി വളരുവെന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. ജാതി, മത, പ്രായ ഭേദമന്യെ ലഹരിയൊരുക്കുന്ന അപകടച്ചുഴികളിൽ പതിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഈ വർധനവാകും വരും കാലത്ത് മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നത് സുവ്യക്തം. പുതിയ രൂപങ്ങളിലും ഭാവങ്ങളിലും പടർന്നു പന്തലിക്കുന്ന ലഹരിയുടെ ഈ കരാളഹസ്തങ്ങൾക്ക് കൈയാമമിടുകയെന്ന ശ്രമകരമായ ദൗത്യത്തേക്കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാകുന്നു ഈ ലഹരി വിരുദ്ധ ദിനവും. ശരിയായ അവബോധത്തിലൂടെ മാത്രമേ കരപറ്റാനാകൂ. കൂട്ടായ യത്നം ഇതിന് അനിവാര്യമാണ്.

ലഹരിയുടെ രൂപഭാവങ്ങൾ ഇന്ന് വ്യത്യസ്തമാണ്.

പണ്ടൊക്കെ മദ്യവും, പുകയിലയും, ഏറി വന്നാൽ കറുപ്പോ, കഞ്ചാവോ വരെ മാത്രം എത്തിനിന്നിരുന്ന ലഹരി ഇന്ന് ഏതൊക്കെ രൂപഭാവങ്ങളിൽ നമ്മുടെ തലമുറകളെ കീഴടക്കി അധഃപ്പതനത്തിലേക്കു നയിക്കുന്നു എന്നത് വിചിത്രവും, ഞെട്ടിക്കുന്നതുമായ വസ്തുതയാണ്.

ഒറ്റത്തവണ ഉപയോഗിച്ചാൽപ്പോലും സമ്പൂർണ്ണ അടിമത്തമുണ്ടാകുന്ന ബ്രൗൺ ഷുഗർ പോലെയുള്ള മയക്കുമരുന്നുകളുടെ ഉപയോഗവും, വിപണനവും ഇന്നു വ്യാപകമാണ്. വല്ലപ്പോഴുമുണ്ടാകുന്ന പൊലീസ് റെയ്‌ഡുകളിൽ പുറം ലോകം അറിയുന്നതിന്റെ എത്രയോ ഇരട്ടി ഇവ വിപണിയിൽ വിറ്റഴിക്കപ്പെടുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.

പുകയിലയുടെ ഉപോൽപ്പന്നങ്ങളായ ഗുട്ഖയും, പാൻ മസാലകളും കൂടാതെ കറുപ്പു കലർന്ന പുകയില വരെ ഇന്ന് വ്യാപകമായി ചിലവഴിക്കപ്പെടുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

ഇന്നു പിടികൂടപ്പെടുന്ന മിക്ക കുറ്റവാളികളിലും ഒന്നിലധികം ലഹരിവസ്തുക്കളുടെ ഉപയോഗം തെളിയിക്കപ്പെട്ടതാണ്. എന്നാൽ ആ വഴിക്കുള്ള പഠനങ്ങളോ, ഗവേഷണങ്ങളോ, ഇവയെ ക്രിയാത്മകമായി നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങളോ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നതാണ് വസ്തുത.

ഗുരുതരമായ മനോരോഗങ്ങൾക്കു നൽകുന്ന ഔഷധങ്ങൾ പോലും ലഹരിക്കു വേണ്ടി വിറ്റഴിക്കപ്പെടുന്നു. ഡോക്ടറുടെ തീയതിയും, സീലും പതിച്ച കുറിപ്പടി പ്രകാരമല്ലാതെ വിൽക്കാൻ പാടില്ലാത്ത ഇത്തരം മരുന്നുകൾ പോലും പ്രതിബദ്ധതയില്ലാത്ത മെഡിക്കൽ സ്റ്റോർ ഉടമകൾ ഒരു മാനദണ്ഡവും പാലിക്കാതെ ആവശ്യക്കാർക്കു നൽകുന്നു. ഈ മരുന്നുകൾ മദ്യവുമായി ചേരുമ്പോഴുണ്ടാകുന്ന പ്രത്യാഘാതം ഗുരുതരമാണ്. മാനസികവ്യാപാരങ്ങളെയും, മൃദുലവികാരങ്ങളെയുമെല്ലാം മരവിപ്പിച്ചു കളയുന്ന ഇത്തരം രാസക്കൂട്ടുകൾ ക്രൂരമായ എന്തു പ്രവർത്തിയും ചെയ്യാൻ മടിയില്ലാത്തവരാക്കി ഉപയോക്താക്കളെ മാറ്റുന്നുണ്ട്.

മണമോ, മറ്റു ബാഹ്യപ്രകൃതമോ കൊണ്ട് തിരിച്ചറിയാൻ കഴിയാത്തതിനാൽ നർക്കോട്ടിക് സ്വഭാവമുള്ള ഔഷധങ്ങൾ കുട്ടിക്കുറ്റവാളികൾക്കും പ്രിയങ്കരമാകുകയാണ്. സ്വഭാവത്തിലുണ്ടാകുന്ന ഗുരുതരമായ വൈകല്യങ്ങളെക്കൂടാതെ, കിഡ്നി, കരൾ, ഹൃദയം തുടങ്ങിയ ആന്തരികാവയവങ്ങൾക്കുണ്ടാകുന്ന മാരകമായ കേടുപാടുകളും യുവതലമുറയെ നിത്യ നാശത്തിലേയ്ക്കു തള്ളി വിടുന്നു.

സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ സംഘം ചേർന്നു കഞ്ചാവു വലിക്കാനും മറ്റും വീടുകളും, ഫ്ലാറ്റുകളും കേന്ദ്രീകരിച്ച് യുവാക്കൾ സംഘടിക്കുന്നതും വാർത്തയായിരുന്നു. കച്ചവടക്കാരും ഇത്തരം കേന്ദ്രങ്ങൾ തങ്ങളുടെ കസ്റ്റമർമാർക്കായി ഒരുക്കിക്കൊടുക്കുന്നു. ലഹരിയുടെ ഉപയോഗം മാത്രമല്ല, അനാശാസ്യത്തിനും, പീഡനങ്ങൾക്കും വരെ ഇത്തരം കേന്ദ്രങ്ങൾ കാരണമാകുന്നു എന്നത് ഗുരുതരമായ പ്രശ്നമാണ്.

കേരളത്തിൽ മദ്യനിരോധനം വന്നുവെന്ന് അവകാശപ്പെടുമ്പൊഴും, നിലവിലെ ബിയർ പാർലറുകൾ പണ്ടുണ്ടായിരുന്നതിലേറെ അപകടമാണ് വരുത്തുന്നതെന്നതാണ് വാസ്തവം. ബാറുകളിൽ മദ്യം നിരോധിച്ചതോടെ, പണ്ടുണ്ടായിരുന്നതിന്റെ പല മടങ്ങ് വീര്യമുള്ള ബിയറുകളാണ് ഇവിടങ്ങളിൽ വിതരണം ചെയ്യുന്നതെന്ന് വ്യാപകമായി അഭിപ്രായമുണ്ട്. ഒരു ബോട്ടിൽ ബിയറിൽ ശരാശരി 5 മുതൽ 8 ശതമാനം വരെ ആൾക്കഹോൾ സാന്നിദ്ധ്യം രേഖപ്പെടുത്തിയിരിക്കുമ്പൊഴും, അതു പകരുന്ന ലഹരി രേഖപ്പെടുത്തിയിരിക്കുന്നതിലും പല മടങ്ങ് കൂടുതലാണെന്ന് പലരും അഭിപ്രായപ്പെടുന്നു. ഈ വ്യത്യാസം ബാറുകളിൽ മദ്യം നിരോധിച്ചതിനു ശേഷമാണെന്നും പറയപ്പെടുന്നു. ഈ വിഷയം അധികൃതർ ഗൗരവമായി അന്വേഷിക്കേണ്ടതാണ്.

ഇന്നത്തെ യുവതലമുറയിൽ കടന്നു കൂടിയിരിക്കുന്ന മറ്റൊരു മാരകമായ മയക്കുമരുന്നാണ് എൽ.എസ്.ഡി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ലൈസർജിക് ആസിഡ് ഡൈ ഈതൈലമൈഡ്. ചിന്താതലത്തിൽ അസ്വാഭാവികമായ വ്യതിയാനങ്ങൾ ഉണ്ടാക്കുന്ന ഈ രാസവസ്തു അളവൊരൽപ്പം കൂടിയാൽ മരണം വരെ സംഭവിക്കാൻ സാദ്ധ്യതയുണ്ട്.

നിരോധിക്കപ്പെട്ട ലഹരിപദാർത്ഥങ്ങൾ ഏതാണ്ടെല്ലാം തന്നെ ഇന്ന് സംസ്ഥാനത്തുടനീളം ലഭ്യമാണെന്നതാണ് വസ്തുത. രണ്ടും മൂന്നും രൂപ വിലയുണ്ടായിരുന്നിടത്ത് പല മടങ്ങു കൂടുതൽ നൽകണമെന്ന വ്യത്യാസം മാത്രം. ഇതിനു പുറമേയാണ്, കഞ്ചാവും, കൊക്കെയിനും, ഹാഷിഷും, ബ്രൗൺ ഷുഗറും, എൽ.എസ്.ഡി തുടങ്ങിയ മാരക രാസവസ്തുക്കളും വിപണി കയ്യടക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ വ്യാപനം സംസ്ഥാനത്തു വർദ്ധിച്ച സാഹചര്യത്തിൽ, ഇത്തരം, ലഹരിവസ്തുക്കളുടെ വിപണനവും, ഉപയോഗവും സംസ്ഥാനത്ത് വളരെ വർദ്ധിച്ചിട്ടുണ്ട്.

ഇവ കൂടുതലും സംസ്ഥാനത്തെ യുവത്വങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നത് വിഷയത്തിന്റെ ഗൗരവം വളരെ വർദ്ധിപ്പിക്കുന്നു. സ്കൂളുകളും, കോളേജുകളും കേന്ദ്രീകരിച്ച് ഈ ലഹരിവസ്തുക്കളുടെ വിപണന ശൃംഖല തന്നെയുണ്ടെന്നതാണ് പുറത്തു വരുന്ന പല വാർത്തകളും വെളിവാക്കുന്നത്. സാമ്പത്തികമായും, സാമൂഹികമായും, വിദ്യാഭ്യാസപരമായുമൊക്കെ വികസിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ ഇത്തരം ലഹരിവസ്തുക്കൾ ഉണ്ടാക്കുന്ന പ്രഹരം വളരെ വലുതാണ്. ഇത് പിന്നോട്ടടിക്കുന്നത് സമൂഹത്തിന്റെ ശുഭകരമായ ഒരു ഭാവിയെക്കൂടിയാണ്.

കേവലം ഒരു ആചരണത്തിനപ്പുറം, ക്രിയാത്മകമായ പദ്ധതികളും, ബോധവത്കരണങ്ങളും ആവിഷ്കരിച്ച് ലഹരിയുടെ വ്യാപനം തടയാൻ അനുബന്ധ സർക്കാർ വകുപ്പുകളും, സന്നദ്ധ സംഘടനകളും, നാം സ്വയം തന്നെയും തയ്യാറാവേണ്ടതുണ്ട്. കേവലം ഒരു വാർഷിക ആചരണപദ്ധതിയെന്നതിലുപരി, ലഹരി സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യുക എന്നത് നാമോരോരുത്തരുടെയും പൗരധർമ്മമായി കരുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

 

കുവൈറ്റില്‍ നിന്നും ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് അയച്ച മെഡിക്കല്‍ സഹായം മുംബൈയിലെത്തി. ഇന്ത്യന്‍ നാവികസേന ഐഎന്‍എസ് ശാര്‍ദുല്‍ കപ്പലാണ് വ്യാഴാഴ്ച മുംബൈ തീരത്തെത്തിയത്. കുവൈറ്റില്‍ നിന്ന് എത്തുന്ന ഇന്ത്യന്‍ നാവികസേനയുടെ ആറാമത് കപ്പലാണിത്.

7,640 ഓക്സിജന്‍ സിലിണ്ടറുകള്‍, 20 മെട്രിക് ടണ്‍ ലിക്വിഡ് ഓക്സിജന്‍ വീതം നിറച്ച രണ്ട് ഐഎസ്ഒ കണ്ടയ്നറുകള്‍, 15 ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ എന്നിവ വഹിച്ചാണ് കപ്പലെത്തിയത്. ഐഎന്‍എസ് ശാര്‍ദുല്‍ രണ്ടാമത്തെ തവണയാണ് എത്തുന്നത്. കുവൈറ്റിന് ഇന്ത്യന്‍ എംബസി നന്ദി അറിയിച്ചു.

അതേസമയം, കുവൈറ്റില്‍ നിന്നു 7640 ഓക്‌സിജന്‍ സിലിണ്ടറുകളുമായി ഐഎന്‍എസ് ഷാര്‍ദുല്‍ ഇന്നലെ മുംബൈയില്‍ എത്തിയതോടെ കുവൈറ്റില്‍ നിന്നു ഇന്ത്യയിലേക്കു ഓക്‌സിജന്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ വസ്തുക്കള്‍ എത്തിക്കുന്നതിനുള്ള കുവൈറ്റ്-ഇന്ത്യ പദ്ധതിയുടെ ഒരുഘട്ടം പൂര്‍ത്തിയായതായി ഇന്ത്യന്‍ എംബസി അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പുതിയ ആരോഗ്യ പദ്ധതികളുടെ ഭാഗമായി, പുകവലി ശീലമുള്ള ഗർഭിണികളായ സ്ത്രീകൾക്ക് 400 പൗണ്ട് വീതമുള്ള ഷോപ്പിങ് വൗച്ചറുകൾ നൽകുവാൻ തീരുമാനിച്ച് എൻഎച്ച്എസ്. ഇത്തരത്തിൽ സാമ്പത്തികമായ ഉത്തേജനങ്ങൾ നൽകുന്നത് കൂടുതൽ ഫലപ്രദം എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നടപടി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത്‌ ആൻഡ് കെയർ എക്സലൻസും പബ്ലിക് ഹെൽത്ത്‌ ഇംഗ്ലണ്ടുമാണ് ഇത്തരത്തിൽ വൗച്ചറുകൾ നൽകുന്നത് ഗുണപ്രദം ആകുമെന്ന് വ്യക്തമാക്കിയത്. എന്നാൽ വൗച്ചറുകൾ സ്വീകരിക്കുന്നതിനു മുൻപായി സ്ത്രീകൾ ബയോകെമിക്കൽ ടെസ്റ്റുകൾക്ക് വിധേയമായി പുകവലിക്കുന്നില്ല എന്ന് തെളിയിക്കേണ്ടതാണ്. എന്നിരുന്നാൽ തന്നെയും ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ ടെസ്റ്റുകൾ ബുദ്ധിമുട്ടായതിനാൽ, വൗച്ചറുകൾ എല്ലാവർക്കും നൽകണമെന്നാണ് പുതിയ നിർദ്ദേശങ്ങൾ.


പുകവലിക്കുന്ന 1000 ഗർഭിണികളിൽ ഇത്തരത്തിൽ വൗച്ചറുകൾ നൽകിയപ്പോൾ, 177 പേർ പുകവലി പൂർണമായും നിർത്തി എന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്. പുതിയ ആരോഗ്യ നിർദ്ദേശങ്ങൾ അനുസരിച്ച്, ഹെൽത്ത് കെയർ സ്റ്റാഫുകൾ ഇ-സിഗരറ്റുകളെ സംബന്ധിച്ച് ആളുകളിൽ കൂടുതൽ ബോധവൽക്കരണം നടത്തണമെന്നും വ്യക്തമാക്കുന്നു. എന്നാൽ ഇത്തരം ഇ -സിഗരറ്റുകളുടെ ദീർഘകാല ആഘാതങ്ങൾ നിലവിൽ ഇതുവരെയും വ്യക്തമല്ല.


രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഏറ്റവും വലിയ ഒരു ഘടകമായി പുകവലി ഇന്നും നിലനിൽക്കുന്നുവെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. അതിനാൽ തന്നെ പുകവലി തടയേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. ഗർഭിണികളായ സ്ത്രീകളിൽ 10 ശതമാനത്തോളം പേർ പുകവലിക്കുന്ന വരാണ്. ഇത് ജനിക്കുന്ന കുഞ്ഞുങ്ങളോടൊപ്പം തന്നെ അമ്മമാരിലും കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. അതിനാൽ തന്നെ ഗർഭിണികളിലെ പുകവലി ശീലം നിർത്താൻ എല്ലാ മാർഗങ്ങളും സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

വെസ്‌റ്റേണ്‍ ഇംഗ്‌ളണ്ടിലെ റിട്ട: ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറായ ഡേവ് സ്മിത്തിന് (72) മറ്റാര്‍ക്കും ഇല്ലാത്ത, കിട്ടരുതേ എന്നാരും ആഗ്രഹിച്ച് പോകുന്ന ഒരു റെക്കോര്‍ഡുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം കോവിഡ് ചികിത്സയിലിരുന്ന വ്യക്തി എന്ന് റെക്കോര്‍ഡ്.

പത്ത് മാസമാണ് ഡേവ് കോവിഡ് ചികിത്സയിലിരുന്നത്.തുടര്‍ച്ചയായി 43 തവണ കോവിഡ് സ്ഥിരീകരിച്ച ഡേവ് ഏറ്റവും നീണ്ട കാലം കോവിഡ് ചികിത്സയിലിരുന്ന ലോകത്തിലെ ഏക വ്യക്തിയാണ്.ഏഴ് തവണ രോഗം മൂര്‍ഛിച്ച് ഡേവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി. ബന്ധുക്കള്‍ പലപ്പോഴും തന്റെ സംസ്‌കാരത്തിനൊരുങ്ങിയിരുന്നുവെന്നാണ് ഡേവ് പറയുന്നത്. 2020 മാര്‍ച്ചിലാണ് ഡേവിന് ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്.

ആദ്യം ബാധിച്ച വൈറസിന്റെ അവശിഷ്ടങ്ങളാണോ വീണ്ടും വീണ്ടും രോഗത്തിനിടയാക്കുന്നതെന്ന് ഡോക്ടര്‍മാര്‍ക്ക് സംശയമുണ്ടായിരുന്നുവെങ്കിലും ടെസ്റ്റുകളില്‍ ആക്ടീവ് വൈറസുകളാണ് ഡേവിന്റെ ശരീരത്തിലുണ്ടായിരുന്നത് എന്ന് കണ്ടെത്തി. സാധാരണ കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന ചികിത്സ ഫലിക്കാതെ വന്നതോടെ യുഎസ് ബയോടെക്ക് ഫേം ആയ റീജെനറോണ്‍ വികസിപ്പിച്ചെടുത്ത ആന്റിബോഡികളുപയോഗിച്ച് നടത്തിയ ചികിത്സയിലൂടെയാണ് ഡേവ് കോവിഡ് മുക്തനാകുന്നത്.ബ്രിട്ടനില്‍ ഈ ചികിത്സ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും ഡേവിന്റെ പ്രത്യേകാവസ്ഥ കണക്കിലെടുത്ത് ഈ ചികിത്സയ്ക്ക് അധികൃതര്‍ അനുമതി നല്‍കുകയായിരുന്നു.

305 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കോവിഡ് റിസള്‍ട്ട് നെഗറ്റീവ് ആയതിന്റെ സന്തോഷം ഭാര്യ ലിന്‍ഡയുമൊത്ത് ഷാംപെയ്ന്‍ പൊട്ടിച്ചാണ് ഡേവ് ആഘോഷിച്ചത്. കഴിഞ്ഞ വര്‍ഷം താനൊരിക്കലും മറക്കില്ലെന്നും ആര്‍ക്കും ഇത്തരമൊരു അവസ്ഥ വരരുതേ എന്നാണ് ആഗ്രഹിക്കുന്നതെന്നും ഡേവ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാര്‍ച്ചില്‍ ആദ്യമായി കോവിഡ് ബാധിതനാകുമ്പോള്‍ ലുക്കീമിയയില്‍ നി്ന്ന് മോചിതനാകുന്നതേ ഉണ്ടായിരുന്നുള്ളു ഡേവ്. കോവിഡിന് മുമ്പ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ഡേവിനെ അലട്ടിയിരുന്നു.

ഡേവിന്റെ കേസ് നിലവില്‍ പഠനത്തിന് വിധേയമാക്കിയിരിക്കുകയാണ് ബ്രിസ്റ്റള്‍ യൂണിവേഴ്‌സിറ്റിയിലെ വൈറോളജിസ്റ്റ് ആന്‍ഡ്രൂ ഡേവിഡ്‌സണ്‍. ഏറ്റവും നീണ്ട കാലം കോവിഡ് ചികിത്സയിലിരുന്ന വ്യക്തി എന്ന നിലയ്ക്ക് ഡേവിഡിന്റെ ചികിത്സാറിപ്പോര്‍ട്ട് ജൂലൈയില്‍ നടത്താനിരിക്കുന്ന യൂറോപ്യന്‍ ക്ലിനിക്കല്‍ മൈക്രോബയോളജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസിന്റെ കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്.

ഫൈസറിന്റെ കോവിഡ് വാക്‌സിന് ഇന്ത്യയില്‍ അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് സിഇഒ ആല്‍ബര്‍ട്ട് ബോര്‍ള. ഇന്ത്യ അടക്കമുള്ള ഇടത്തരം – താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ഈ വര്‍ഷം നൂറ് കോടി ഡോസ് വാക്‌സിന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക ആസ്ഥാനമായ കമ്പനിയാണ് ഫൈസര്‍.

യു.എസ്.എ – ഇന്ത്യ ചേംബര്‍ ഓഫ് കോമേഴ്‌സ് വാര്‍ഷിക ഉച്ചകോടിയില്‍ സംസാരിക്കവെയാണ് ആല്‍ബര്‍ട്ട് ബോര്‍ള ഇക്കാര്യം പറഞ്ഞത്. കോവിഡ് മൂലം കടുത്ത ദുരിതത്തിലൂടെയാണ് ഇന്ത്യ കടന്നുപോയത്. ഈ സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇന്ത്യയ്ക്ക് 200 കോടി ഡോസ് വാക്‌സിന്‍ നല്‍കും. ഇതില്‍ 100 കോടി ഡോസ് ഈ വര്‍ഷം നല്‍കും.

ഇന്ത്യ ഗവര്‍ണ്‍മെന്റുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. കരാര്‍ ഉണ്ടാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇന്ത്യയില്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭിച്ചാലുടന്‍ വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ കഴിയും. ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ നയത്തിന്റെ നട്ടെല്ലായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തന്നെ തുടരും.

എന്നാല്‍ ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ ഇന്ത്യയുടെ വാക്‌സിനേഷന്‍ ദൗത്യത്തിന് കരുത്ത് പകരും. കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ നിരവധി ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഫൈസര്‍ ഇന്ത്യയ്ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ ഫൈസറിനും മോഡേണയ്ക്കും നിയമ നടപടികളില്‍നിന്ന് സംരക്ഷണം ലഭിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

വാക്‌സിന് ഇന്ത്യയില്‍ വേഗത്തില്‍ അനുമതി നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഫൈസറിനും മോഡേണയ്ക്കും ഇന്ത്യയില്‍ അനുമതി ലഭിക്കുന്നതോടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വാക്‌സിന്‍ കുത്തിവെക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയുമെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയും അവകാശപ്പെട്ടിരുന്നു.

Copyright © . All rights reserved