Editorials

ബിൻസു ജോൺ , ചീഫ് എഡിറ്റർ

ഓൺലൈൻ പത്രമാധ്യമ രംഗത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും കാലത്തിനൊത്ത് മുന്നോട്ട് സഞ്ചരിക്കാനാവശ്യമായ മാറ്റങ്ങൾ വരുത്തിയും അനുദിനം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വാർത്താമാധ്യമ രംഗത്ത് വേറിട്ട ശബ്ദമാകാനുള്ള ശ്രമമാണ് കഴിഞ്ഞ 9 വർഷമായി മലയാളം യുകെ ന്യൂസ് നടത്തി വരുന്നത്. പ്രവാസികളുടെ സ്വപ്ന ഭൂമിയായ യുകെയിലെയും കേരളത്തിലെയും മാത്രമല്ല ലോകം മുഴുവൻ നടക്കുന്ന പ്രധാനപ്പെട്ട വാർത്തകളിലെ സത്യങ്ങൾ വളച്ചൊടിക്കാതെ വായനക്കാരിലേയ്ക്ക് എത്തിക്കുക എന്ന പത്രധർമ്മത്തെ മുറുകെ പിടിച്ചുള്ള പ്രയാണമാണ് മലയാളം യുകെയുടേത്. നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിൻെറയും സാമൂഹിക സാംസ്കാരിക ഇടപെടലുകളുടെയും പ്രതിഫലമാണ് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിങ്ങിന്റെ കാര്യത്തിൽ വളരെ മുന്നിലായതിന്റെ പ്രധാന കാരണം .

പോയ വർഷം യുകെയിലെ മലയാളികൾക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരും അവരുടെ കുടുംബാംഗങ്ങളും സ്റ്റുഡൻറ് വിസയിൽ എത്തിയവരുമടങ്ങുന്നവരാണ് യുകെ മലയാളികളിൽ ഭൂരിപക്ഷവും . കുടിയേറ്റ നയങ്ങളിൽ സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ എങ്ങനെയൊക്കെയാണ് മലയാളി സമൂഹത്തെ ബാധിക്കുന്നതെന്ന വാർത്താ വിശകലനങ്ങൾ ആദ്യം വായനക്കാരിൽ എത്തിക്കുന്നതിൽ മലയാളം യുകെ ഏറ്റവും മുൻപന്തിയിലായിരുന്നു. യുകെയിലെ മലയാളി സമൂഹത്തിൽ ഭൂരിഭാഗമായ ആരോഗ്യ പ്രവർത്തകരുടെ ശബ്ദമാകാനും അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പം നിൽക്കാനും വാർത്തകളിലൂടെ മലയാളംയുകെ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. യു കെ മലയാളി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ വിവരങ്ങൾ യുകെയിലെ മാത്രമല്ല ലോകമെങ്ങുമുള്ള വായനക്കാരിലേയ്ക്ക് എത്തിക്കുന്നതിൽ വളരെ പ്രാധാന്യമാണ് മലയാളം യുകെ നാളിതുവരെ നൽകിയതെന്നും അത് തുടർന്നും ഉണ്ടാകുമെന്നും സന്തോഷത്തോടെ പറയട്ടെ .

ചെറുതും വലുതുമായി നമ്മൾ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളുടെയും അനുരണനങ്ങൾ ലോക വാർത്താ ലോകത്ത് പ്രതിഫലിക്കുന്ന സംഭവങ്ങളായിരുന്നു കഴിഞ്ഞവർഷം മലയാളം യുകെ ന്യൂസിന് എടുത്തുപറയാനുണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും ആധികാരികവും പ്രശസ്തവുമായ മാധ്യമമായ ബിബിസി മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിനെ കുറിച്ച് വാർത്ത നൽകിയപ്പോൾ അത് റ്റിൻസിയ്‌ക്കൊപ്പം മലയാളം യുകെയ്ക്കും ലോകമെങ്ങുമുള്ള മലയാളികൾക്കും അഭിമാന നിമിഷങ്ങളായി. മലയാളത്തെക്കുറിച്ചും കേരളത്തെക്കുറിച്ചും പരാമർശിച്ച വാർത്തയിൽ മലയാളം യുകെയുടെ ട്രോഫി ഉൾപ്പെടെ നൽകിയാണ് ബിബിസി വാർത്ത നൽകിയത് . കോവിഡിന് ശേഷം തുടർച്ചയായ രണ്ടുവർഷം 2022 -ലും 2023 – ലും മലയാളം യുകെ നടത്തിയ അവാർഡ് നൈറ്റുകൾ യുകെയിലെ മാത്രമല്ല ലോകമെങ്ങുമുള്ള മലയാളികൾ ഹൃദയപൂർവ്വമാണ് ഏറ്റെടുത്തത്. ഈ വർഷം സ്കോ ട്ട്ലൻഡിലെ ഗ്ലാസ് കോയിൽ നടന്ന അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തത് ഇന്ത്യൻ കോൺസലേറ്റ് ജനറൽ വിജയ് സെൽവരാജ് ആണ് . സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനൊപ്പം കാണികൾക്ക് ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികളാണ് വേദിയിൽ അരങ്ങേറിയത്.

മുൻ വർഷങ്ങളിലെതു പോലെ ഓണക്കാലത്ത് അത്തം മുതൽ പൊന്നോണം വരെയുള്ള 10 ദിവസവും വായനക്കാർക്ക് കഥകളും കവിതകളും ലേഖനങ്ങളുമായി മികച്ച വായനാനുഭവമാണ് മലയാളം യുകെ സമ്മാനിച്ചത്. ശ്രീ. പ്രഭാവർമ്മ, ഡോക്ടർ ജോർജ് ഓണക്കൂർ, മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത , ഗോവ ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള തുടങ്ങിയ ഒട്ടേറെ പ്രമുരാണ് മലയാളം യുകെയ്ക്ക് വേണ്ടി തൂലിക ചലിപ്പിച്ചത് . ക്രിസ്മസ് ദിനത്തിൽ പ്രിയ വായനക്കാർക്ക് സന്ദേശം നൽകിയത് ശിവഗിരി മഠം മേധാവി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ആണ് .

ഒട്ടേറെ സ്ഥിരം പംക്തികളാണ് മലയാളം യുകെ ന്യൂസ് വായനക്കാർക്കായി സമ്മാനിച്ചത് .മറ്റു പത്രങ്ങളിൽ നിന്നും വ്യത്യസ്തമായി മലയാളം യുകെ ഭാഷയ്ക്കും സാഹിത്യത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. ഇത് പത്രത്തിന് വിശാലമായ ഒരു മാനം തുറന്നു നൽകുന്നു. ഡോ എ സി രാജീവ് കുമാറിന്റെ ആയുരാരോഗ്യം, ബേസിൽ ജോസഫിന്റെ വീക്കെൻഡ് കുക്കിംഗ് സീസൺ 2, ഡോ. ഐഷ വി എഴുതുന്ന ഓർമ്മച്ചെപ്പ് തുറന്നപ്പോൾ, ഫാദർ ഹാപ്പി ജേക്കബ് അച്ചന്റെ നോയമ്പുകാല ചിന്തകൾ, ബിനോയ് എം. ജെ.യുടെ പ്രായോഗിക തത്വചിന്ത, പ്രൊഫ . റ്റിജി തോമസ് എഴുതുന്ന യുകെ സ്‌മൃതികൾ തുടങ്ങിയ സ്ഥിരം പംക്തികൾ മലയാളം യുകെയെ മറ്റ് ഓൺലൈൻ പത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

മലയാളം യുകെ ന്യൂസിലെ രണ്ട് സ്ഥിരം പംക്തികളായ ഡോ. ഐഷാ വി എഴുതിയ ഓർമ്മച്ചെപ്പ് തുറന്നപ്പോഴും ജോജി തോമസ് എഴുതിയ മാസാന്ത്യവലോകനവും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് അഭിമാനത്തോടെ ഓർമ്മിക്കുന്നു.

വായനക്കാരാണ് പത്രത്തിന്റെ ശക്തി. ഇനിയുള്ള യാത്രയിലും മലയാളം യുകെ വായനക്കാർക്കൊപ്പമുണ്ടാവും, സത്യങ്ങൾ വളച്ചൊടിക്കാതെ.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലോകമെമ്പാടുമുള്ള നേഴ്സുമാരുടെ സംഭാവനകളെ അംഗീകരിക്കാനും ആദരിക്കാനുമായാണ് നേഴ്സിംഗ് ദിനം കൊണ്ടാടുന്നത്. ഫ്ളോറൻസ് നൈറ്റിൻജലിന്റെ ജന്മദിനമാണ് നേഴ്സിങ് ദിനമായി ആചരിക്കുന്നത്. ബ്രിട്ടീഷ് നേഴ്സ് ആയ ഫ്ലോറൻസിന്റെ 203-ാം മത്തെ ജന്മദിനമാണ് ഇന്ന് . ആരോഗ്യ പരിചരണ രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ച കോവിഡ് മഹാമാരിയുടെ സമയത്ത് ലോകമെങ്ങുമുള്ള നേഴ്സുമാർ ചെയ്ത സുത്യർഹ സേവനമാണ് മഹാമാരിയെ പിടിച്ചുനിർത്താൻ എല്ലാ രാജ്യങ്ങളിലെയും ആരോഗ്യ മേഖലയെ സഹായിച്ചത്. വാക്സിനുകൾ നൽകുന്നതിലും വൈറസ് വ്യാപനം തടയുന്നതിലും വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും നേഴ്സുമാർ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ നേഴ്സിംഗ് മേഖലയോട് ബന്ധപ്പെട്ട് ഉടലെടുക്കുന്ന എല്ലാ പ്രതിസന്ധികളും ഒട്ടുമിക്ക യുകെ മലയാളി കുടുംബങ്ങളെയും ബാധിക്കാറുണ്ട്. എൻഎച്ച്എസിൽ തുടർച്ചയായി നേഴ്സുമാർ നടത്തിയ സമരത്തെ തുടർന്ന് ശമ്പളത്തിൽ നാമമാത്രമായ വർദ്ധനവ് നടപ്പിലാക്കിയിരുന്നു. എന്നാൽ ഒട്ടുമിക്ക മലയാളി നേഴ്സുമാരും ശമ്പള വർദ്ധനവിൽ തൃപ്തരല്ല എന്ന കാര്യം മലയാളംയുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ യുകെയിലെ പ്രമുഖ നേഴ്സിങ് സംഘടനയായ ആർസിഎൻ ഒഴിച്ചുള്ള മിക്ക യൂണിയനുകളും ശമ്പള വർദ്ധനവിനെ പിന്തുണയ്ക്കുന്ന സമീപനമാണ് എടുത്തിരിക്കുന്നത്. നേഴ്സിംഗ് സമരം യുകെ മലയാളി നേഴ്സുമാർക്ക് നൽകിയത് കൈയ്പ്പു കാലമാണ്. ഒട്ടേറെ പേർ സമരത്തിൽ പങ്കെടുത്തപ്പോൾ ആത്മാർത്ഥതയും പ്രവർത്തന മികവും കൈമുതലായ മലയാളി നേഴ്സുമാർക്ക് എൻ എച്ച് എസിന് പിടിച്ചുനിർത്താൻ കൂടുതൽ ജോലി ഭാരം ഏറ്റെടുക്കേണ്ടതായി വന്നു.

ലോകത്തിലെ തന്നെ വികസിത രാജ്യങ്ങളിൽ നേഴ്സുമാർക്ക് ഏറ്റവും കുറവ് ശമ്പളം നൽകുന്ന രാജ്യമാണ് യു കെ. അധികരിച്ച പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം യുകെയിലെ നേഴ്സുമാരുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണ്. പലരും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും സേവനവേതന വ്യവസ്ഥകൾക്കുമായി ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്ക് യുകെയിൽ നിന്ന് കുടിയേറുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ നേഴ്സുമാരുടെ ക്ഷാമം യുകെയിലെ നേഴ്സിംഗ് മേഖല നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ്. മതിയായ നേഴ്സുമാരുടെ കുറവുമൂലം കടുത്ത ജോലിഭാരവും സമർദ്ദവുമാണ് നിലവിൽ യുകെയിൽ ജോലി ചെയ്യുന്ന നേഴ്സുമാർ അഭിമുഖീകരിക്കുന്നത്. പരിമിതമായ ഇടവേളകളോടെ അമിതമായി ജോലി ചെയ്യേണ്ടി വരുന്നതിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങൾ പലരെയും അലട്ടുന്നുണ്ട്.

അഫ്ഗാനിസ്താനിലെ അമേരിക്കയുടെ ‘നിതാന്തയുദ്ധം’ അവസാനിച്ചു. അമേരിക്കൻ സൈനികരിൽ 90 ശതമാനവും തിരിച്ചുപോയി. അമേരിക്ക സൈനികനടപടികൾ ഏകോപിപ്പിച്ചിരുന്ന ബാഗ്രാം വ്യോമതാവളം അഫ്ഗാൻ സൈന്യത്തിന്‌ കൈമാറി. ഓഗസ്റ്റ് 31-ന് അവസാനത്തെ അമേരിക്കൻ സൈനികനും അഫ്ഗാൻ മണ്ണിൽനിന്ന്‌ പുറത്തുകടക്കും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനമാണത്. അപ്പോഴേക്കും അഫ്ഗാനിസ്താൻ ആരുടെ കൈയിലായിരിക്കും?

അമേരിക്ക താങ്ങിനിർത്തിയിരുന്ന ജനാധിപത്യ സർക്കാരിന്റെയോ ജില്ലകൾ ഓരോന്നായി പിടിച്ചടക്കി മുന്നേറുന്ന താലിബാന്റെയോ? അതോ, ആഭ്യന്തരയുദ്ധത്തിൽ മുങ്ങിപ്പോകുമോ?

അമേരിക്കയുടെ വരവ്

2001 സെപ്റ്റംബർ 11-ന് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ അൽ ഖായിദ ഭീകരർ തകർത്തതുമുതൽ തുടങ്ങുന്നു അമേരിക്കൻ സൈന്യം അഫ്ഗാനിസ്താനിൽ എത്തിയതിന്റെ ചരിത്രം. ആക്രമണത്തിന്റെ ആസൂത്രകനായ അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദനെ പിടിക്കാനായിരുന്നു ആ അധിനിവേശം. 2001 സെപ്റ്റംബർ 26-ന് പഞ്ചശിർ വാലിയിൽ ബോംബിട്ടുകൊണ്ട് ലാദൻവേട്ട തുടങ്ങി. അൽ ഖായിദയ്ക്കും ലാദനും സംരക്ഷണം നൽകിയിരുന്ന താലിബാൻ ഭരണകൂടത്തെ അധികാരത്തിൽനിന്ന്‌ പുറത്താക്കി. അൽ ഖായിദ നേതാക്കൾ പാകിസ്താനിലേക്കുകടന്നു. അവിടെ ഒളിവിൽക്കഴിഞ്ഞിരുന്ന ഉസാമയെ വർഷങ്ങൾക്കുശേഷം ഒബാമ സർക്കാർ വധിച്ചു. പാശ്ചാത്യശക്തികൾ മുൻകൈയെടുത്ത് അഫ്ഗാനിസ്താനിൽ ജനാധിപത്യഭരണം സ്ഥാപിച്ചെങ്കിലും താലിബാന്റെ ഭീഷണിയൊഴിഞ്ഞില്ല. അഫ്ഗാനിസ്താനിൽ സ്ഥിരതയുള്ള ഭരണമുണ്ടാക്കാൻ യു.എസ്., നാറ്റോ സേനകൾ അവിടെത്തുടർന്നു. യുദ്ധം അവസാനിച്ചില്ല. അഫ്ഗാനിസ്താൻ സ്ഥിരതയുള്ള രാഷ്ട്രമായില്ല. താലിബാന്റെ ശക്തി ക്ഷയിച്ചുമില്ല.

ഒരു സ്ത്രീ കാറില്‍ സഞ്ചരിക്കുമ്പോള്‍ മുന്‍വശമല്ലാതെ എല്ലാ വിന്‍ഡോകളും കറുത്ത ചായം പൂശിയിരിക്കണമെന്നായിരുന്നു താലിബാന്‍ ഭീകരര്‍ നടപ്പാക്കിയ കിരാത നിയമം. സ്ത്രീകള്‍ ശരീരം മുഴുവന്‍ മൂടുന്ന ബുര്‍ക്ക ധരിക്കേണ്ടി വന്നു. സ്ത്രീയുടെ മുഖം അവരുമായി ബന്ധമില്ലാത്ത പുരുഷന്മാര്‍ കാണുന്നത് നിഷിദ്ധമായിരുന്നു.

ജഡ്ജിമാര്‍, പ്രോസിക്യൂട്ടര്‍മാര്‍, അഭിഭാഷകര്‍, പോലീസ്, സൈനിക ഉദ്യോഗസ്ഥര്‍ എന്നീ നിലകളില്‍ ആറായിരത്തിലധികം സ്ത്രീകള്‍ സേവനമനുഷ്ഠിക്കുന്നു. ഇന്ന് രാജ്യത്തെ ആരോഗ്യ വിദഗ്ദ്ധരില്‍ 8,500ലധികം സ്ത്രീകളാണ് വനിതാ പത്രപ്രവര്‍ത്തകരുടെ എണ്ണം ആയിരത്തിലധികം വരും.

പിൻമാറാൻ ശ്രമം

അഫ്ഗാനിസ്താൻ എന്ന ചക്രവ്യൂഹത്തിൽനിന്ന്‌ പുറത്തുകടക്കാനായി പിന്നെ അമേരിക്കയുടെ ശ്രമം. അവിടെനിന്ന് അമേരിക്കൻ പട്ടാളക്കാരെ തിരിച്ചുകൊണ്ടുവരുമെന്ന് ആദ്യം വാഗ്ദാനംചെയ്തത് മുൻ പ്രസിഡന്റ് ബരാക് ഒബാമയാണ്. അതുപാലിക്കാനുള്ള ശ്രമമെന്നനിലയ്ക്ക് ചരിത്രത്തിലാദ്യമായി താലിബാനുമായി അഫ്ഗാൻ സർക്കാർ ചർച്ചനടത്തി. 2015 ജൂലായിൽ പാകിസ്താനിലായിരുന്നു ചർച്ച. അതുകൊണ്ട് ഗുണമുണ്ടായില്ല.

ഒബാമയുടെ പിൻഗാമിയായെത്തിയ ഡൊണാൾഡ് ട്രംപാകട്ടെ അമേരിക്കയും താലിബാനും തമ്മിൽ നേരിട്ടുള്ള ചർച്ചതുടങ്ങി. താലിബാനുമായി കരാറുണ്ടാക്കി. 2020 ഫെബ്രുവരിയിലുണ്ടാക്കിയ ആ കരാറനുസരിച്ച് ഇക്കൊല്ലം മേയ് ഒന്നിന് മുഴുവൻ അമേരിക്കൻ സേനാംഗങ്ങളും അഫ്ഗാനിസ്താൻ വിടേണ്ടതായിരുന്നു. അതുണ്ടായില്ല. ആക്രമണം കുറയ്ക്കുമെന്നും അൽ ഖായിദ ഉൾപ്പെടെ അഫ്ഗാനിസ്താനിലെ മറ്റുഭീകരസംഘടനകളെ നിയന്ത്രിക്കുമെന്നുമൊക്കെയുള്ള കരാർ ധാരണകൾ താലിബാനും പാലിച്ചില്ല.

ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡൻ, സൈന്യത്തിന്റെ പിൻമാറ്റക്കാലപരിധി സെപ്റ്റംബർ 11 വരെ നീട്ടി. ആ സമയക്രമം താലിബാന്‌ സ്വീകാര്യമായില്ല. വാഗ്ദാനംചെയ്തതുപോലെ അമേരിക്കൻ സൈന്യം മേയ് ഒന്നിനുതന്നെ പൂർണമായി ഒഴിഞ്ഞുപോയില്ല എന്നതിന്റെപേരിൽ താലിബാൻ തുടങ്ങിയ ആക്രമണമാണ് ജില്ലകൾ ഓരോന്നായി കൈയടക്കി മുന്നേറുന്നത്.

രണ്ട് പതിറ്റാണ്ടിനു ശേഷം അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്നും മടങ്ങുമ്പോള്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് അമേരിക്കന്‍ സൈനികരോട് ഒന്നേ പറയാനൊള്ളൂ. അരുത്… നിങ്ങള്‍ പോകരുത്. കാരണം 1994 നും 2001 നും ഇടയില്‍ താലിബാന്‍ എന്ന ഭീകര സംഘടന അധികാരത്തിലിരുന്നപ്പോള്‍ നടത്തിയ പരിഷ്‌കാരങ്ങളേറെയും സ്ത്രീ സ്വാതന്ത്ര്യത്തെ കുഴിച്ചു മൂടുന്നതായിരുന്നു. താലിബാന്റെ കിരാത നിയമങ്ങളില്‍ ശ്വാസംമുട്ടി ജീവിച്ച അഫ്ഗാന്‍ സ്ത്രീ സമൂഹം അമേരിക്കയുടെ തണലില്‍ മനുഷ്യ സ്വാതന്ത്ര്യം എന്താണെന്ന് അറിഞ്ഞ നാളുകളായിരുന്നു കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍.

അഫ്ഗാനിസ്താനിലെ 421 ജില്ലകളിൽ 85 ശതമാനവും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് താലിബാൻ അവകാശപ്പെടുന്നു. മൂന്നിലൊന്നുജില്ലകളും ഏതാനും ആഴ്ചയ്ക്കുള്ളിലാണ് അവർ കൈയടക്കിയത്. എന്നാൽ, അഫ്ഗാൻ സർക്കാർ ഇത്‌ സമ്മതിക്കുന്നില്ല. ഇക്കാര്യത്തിൽ സ്വതന്ത്രസ്ഥിരീകരണം സാധ്യമായിട്ടുമില്ല. ഒന്നരക്കോടിയോളം അഫ്ഗാൻകാർ താലിബാൻ നിയന്ത്രണജില്ലകളിൽ കഴിയുന്നുവെന്നാണ് റിപ്പോർട്ട്. ഒരുകോടിപ്പേർ സർക്കാർഭരണത്തിൻകീഴിലും. ബാക്കി 90 ലക്ഷം പേർ പാർക്കുന്ന പ്രദേശങ്ങളുടെ അവകാശം ആർക്കെന്നതിനെച്ചൊല്ലി തർക്കമാണ്. ജില്ലകൾ താലിബാൻ നിയന്ത്രണത്തിലെന്നാൽ അവിടത്തെ വിദ്യാഭ്യാസവും നികുതിപിരിവും ഉൾപ്പെടെ എല്ലാകാര്യങ്ങളും അവരുടെ ഷൂറകൾക്ക് (കൗൺസിലുകൾ) ആണെന്നർഥം.

1996 മുതൽ 2001 വരെയുള്ള താലിബാന്റെ ശിലായുഗസമാനമായ ഭരണം പല അഫ്ഗാൻകാരുടെയും മനസ്സിലുണ്ട്. അന്ന് സ്ത്രീകളുടെ ജീവിതം ദയനീയമായിരുന്നു. അമേരിക്കൻ അധിനിവേശം അവരുടെ ജീവിതത്തിലാണ് ഏറ്റവും വലിയ മാറ്റമുണ്ടാക്കിയത്. പെൺകുട്ടികളുടെ ചിരിമുഴങ്ങുന്ന പള്ളിക്കൂടങ്ങളും വഴികളും പതിവുകാഴ്ചയായി. സ്ത്രീകൾക്ക് തൊഴിൽചെയ്യാനും പോലീസിലും പട്ടാളത്തിലുംവരെ ചേരാനും കഴിഞ്ഞു. 2018-ലെ കണക്കനുസരിച്ച് അഫ്ഗാൻ പോലീസിൽ 3231-ഉം വ്യോമസേനയിലുൾപ്പെടെ സൈന്യത്തിൽ 1312-ഉം സ്ത്രീകളുണ്ട്. സിവിൽ സർവീസിൽ 21 ശതമാനം സ്ത്രീകൾ. പാർലമെന്റിൽ 27 ശതമാനവും. 20 ആണ്ടുകൊണ്ട് ഇത്രമേൽ മാറിപ്പോയ സ്ത്രീജീവിതങ്ങളെ താലിബാൻ എങ്ങനെ കൈകാര്യംചെയ്യുമെന്ന ഭയമുയരുന്നു. അധികാരത്തിലെത്തിയാൽ പഠിക്കാനും ജോലിക്കുപോകാനും സ്ത്രീകളെ അനുവദിക്കുമെന്നാണ് അവർ പറയുന്നത്. എന്നാൽ, ഇപ്പോൾ അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ അങ്ങനെയല്ല കാര്യങ്ങൾ.

മുഴുവൻ സൈന്യത്തെയും പിൻവലിക്കാൻ സമയമായിട്ടില്ല എന്ന പെന്റഗണിന്റെ വാക്ക് കണക്കിലെടുക്കാതെയാണ് ബൈഡൻ മുന്നോട്ടുപോയത്. അഫ്ഗാനിസ്താനെ സ്ഥിരതയുള്ള ജനാധിപത്യരാജ്യമാക്കാൻ അമേരിക്കൻസൈന്യം ഇനിയുമവിടെ തുടരണമെന്ന വാദത്തിന് ന്യായീകരണമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അമേരിക്കയെ സംബന്ധിച്ച് അഫ്ഗാനിസ്താനിലേതിനെക്കാൾ ശ്രദ്ധയാവശ്യം പശ്ചിമേഷ്യയിലാണ്. അതിനെക്കാളുപരി പസഫിക് മേഖലയിൽ ചൈനയുയർത്തുന്ന വെല്ലുവിളികളെ നേരിടാൻ കൂടുതൽ ശ്രദ്ധയും വിഭവങ്ങളും വേണം. ദാരിദ്ര്യം, വംശീയാസമത്വം, കോവിഡ് പോലുള്ള പുതുരോഗങ്ങൾ എന്നിവയെ നേരിടാൻ ആളും അർഥവും വേണം. പുത്തൻ സാങ്കേതികവിദ്യകൾക്കായി പണംമുടക്കണം. അങ്ങനെവരുമ്പോൾ അഫ്ഗാനിസ്താനെ കൈവെടിയുന്നതാണ് ലാഭം.

അരക്ഷിതത്വത്തിലേക്കുവീഴുകയാണ് അഫ്ഗാനിസ്താൻ. ആറുമാസത്തിനുള്ളിൽ അഫ്ഗാൻസർക്കാർ വീഴുമെന്നാണ് അമേരിക്കൻ ഇന്റലിജൻസിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ താലിബാനുമായി അടുപ്പത്തിനുനോക്കുകയാണ് അഫ്ഗാനിസ്താന്റെ അയൽരാജ്യങ്ങൾ.

അമേരിക്ക സമ്മാനിച്ച സുവര്‍ണ കാലം

അമേരിക്കന്‍ ആക്രമണത്തില്‍ താലിബാന്റെ ശക്തി ക്ഷയിച്ചപ്പോള്‍ അഫ്ഗാന്‍ സ്ത്രീകള്‍ വീണ്ടും സ്വാതന്ത്ര്യത്തിന്റെ മധുരം നുകര്‍ന്നു. 2001 ന് ശേഷം ധാരാളം വിദേശ സഹായങ്ങളും പിന്തുണയും നല്‍കി സ്ത്രീകളുടെ അവകാശങ്ങളും ജീവിതവും പ്രോത്സാഹിപ്പിക്കുകയും അവരുടെ ചിന്തകള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തു.

പൊതുവിദ്യാലയങ്ങളിലെ സ്ത്രീ പ്രവേശനം 2001 ല്‍ പൂജ്യത്തില്‍ നിന്ന് 2010 ല്‍ മൂന്ന് ദശലക്ഷമായി ഉയര്‍ന്നു. 2019 ലെ കണക്കനുസരിച്ച് ദശലക്ഷക്കണക്കിന് സ്ത്രീകള്‍ വോട്ട് ചെയ്തു. പാര്‍ലമെന്റിലെ 352 അംഗങ്ങളില്‍ 89 പേര്‍ സ്ത്രീകളാണ് എന്നതും ശ്രദ്ധേയമാണ്. സ്ത്രീകളില്‍ 13 മന്ത്രിമാര്‍, ഉപമന്ത്രിമാര്‍, നാല് അംബാസഡര്‍മാര്‍.

സ്‌കൂളുകളിലും സര്‍വകലാശാലകളിലും രണ്ടായിരത്തിലധികം യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍ ഉള്‍പ്പെടെ 80,000 വനിതാ ഇന്‍സ്ട്രക്ടര്‍മാര്‍ ജോലി ചെയ്യുന്നു. ജഡ്ജിമാര്‍, പ്രോസിക്യൂട്ടര്‍മാര്‍, അഭിഭാഷകര്‍, പോലീസ്, സൈനിക ഉദ്യോഗസ്ഥര്‍ എന്നീ നിലകളില്‍ ആറായിരത്തിലധികം സ്ത്രീകള്‍ സേവനമനുഷ്ഠിക്കുന്നു. ഇന്ന് രാജ്യത്തെ ആരോഗ്യ വിദഗ്ദ്ധരില്‍ 8,500ലധികം സ്ത്രീകളാണ് വനിതാ പത്രപ്രവര്‍ത്തകരുടെ എണ്ണം ആയിരത്തിലധികം വരും. സാക്ഷരതാ നിരക്ക് 2000 ല്‍ 13 ശതമാനത്തില്‍ നിന്ന് 2018 ല്‍ 30 ശതമാനമായി ഉയര്‍ന്നു.

ഇന്ത്യയുടെ ബന്ധം

അഫ്ഗാനിസ്താനിലെ ജനാധിപത്യപുനഃസ്ഥാപനത്തിനും അടിസ്ഥാനസൗകര്യ നിർമാണത്തിലും നിർണായക പങ്കുവഹിച്ചിരുന്നു ഇന്ത്യ. താലിബാൻ അഫ്ഗാനിസ്താൻ പിടിച്ചാൽ അത് ഇന്ത്യക്ക് ദോഷകരമായി ഭവിക്കും. കാരണം, പാകിസ്താൻ പോറ്റിവളർത്തിയ പല ഭീകരസംഘങ്ങളിലൊന്നാണ് താലിബാൻ. 1990-കളിലെ താലിബാൻ സർക്കാരിനെ അംഗീകരിച്ച മൂന്നുരാജ്യങ്ങളിൽ ഒന്ന് പാകിസ്താനായിരുന്നു. താലിബാൻ അധികാരത്തിലിരുന്ന കാലത്ത് ഇന്ത്യ ഏറെ ദുരിതമനുഭവിച്ചു. ജമ്മുകശ്മീരിലെ ഭീകരപ്രവർത്തനങ്ങളും കാണ്ഡഹാർ വിമാനറാഞ്ചലും ഉദാഹരണങ്ങൾ.

അമേരിക്ക പിൻമാറുന്ന അഫ്ഗാനിസ്താനിൽ ഇടപെടാൻ ഒരുക്കംകൂട്ടുകയാണ് പാകിസ്താനും ചൈനയും റഷ്യയും. റഷ്യ ഇതിനകം പലതവണ താലിബാനുമായി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. അഫ്ഗാനിസ്താന്റെ കിഴക്കേ അതിർത്തി പങ്കിടുന്ന ചൈനയാകട്ടെ കൈനനയാതെ മീൻപിടിക്കാൻ നോക്കുന്നു. പാകിസ്താനെ മുന്നിൽനിർത്തിയാണ് ഈ ശ്രമം. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായുള്ള ഹൈവേകൾ അഫ്ഗാനിസ്താനിലൂടെ പണിയാൻ നോക്കുന്നു. ചൈനയെ സുഹൃത്തെന്നുവിളിച്ച താലിബാനാകട്ടെ, അഫ്ഗാനിസ്താനിൽ നിക്ഷേപമിറക്കാൻ അവരെ ക്ഷണിച്ചും കഴിഞ്ഞു.

പടിഞ്ഞാറേ അതിർത്തിരാജ്യമായ ഇറാനാണ് ഇടപെടാനിടയുള്ള മറ്റൊരു കൂട്ടർ. ഇതെല്ലാം മനസ്സിലാക്കിയാണ് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ അടുത്തിടെ ഇറാൻ സന്ദർശിച്ചത്. കഴിഞ്ഞദിവസം അദ്ദേഹം അഫ്‌ഗാൻ പ്രസിഡന്റ്‌ ഗനിയേയും കണ്ടിരുന്നു. താലിബാനുമായി ഇന്ത്യ പിൻവാതിൽ ചർച്ചകൾ നടത്തുന്നു എന്ന വാർത്തയും ജൂൺ ആദ്യം പുറത്തുവന്നിരുന്നു.

താലിബാന്റെ കിരാത നിയമങ്ങളും പ്രത്യയശാസ്ത്രവും

താലിബാന്റെ മൊത്തത്തിലുള്ള പ്രത്യയശാസ്ത്രം ‘ശരീഅ’ ഇസ്ലാമിക നിയമത്തിന്റെ ‘നൂതന’ രൂപത്തെയും ‘പഷ്തന്‍വാലി’ എന്നറിയപ്പെടുന്ന പഷ്തൂണ്‍ സാമൂഹിക സാംസ്‌കാരിക മാനദണ്ഡങ്ങളെയും ചേര്‍ത്തുള്ള തീവ്രവാദ ഇസ്ലാമികതയായിരുന്നു.

അതിന് കാരണം മിക്ക താലിബാന്‍ അനുകൂലികളും പഷ്തൂണ്‍ ഗോത്ര വര്‍ഗക്കാരായിരുന്നു എന്നതാണ്. ഇസ്ലാമിക ശിക്ഷാ രീതികളില്‍ അറബ് രാജ്യങ്ങളിലേത് പോലെ പരസ്യമായ വധശിക്ഷ, അവയവ ച്ഛേദം തുടങ്ങിയവ നിര്‍ബാധം നടപ്പിലാക്കി. പുരുഷന്‍മാരെക്കാളും സ്ത്രീകളായിരുന്നു താലിബാന്റെ പ്രത്യയശാസ്ത്രത്തില്‍ കൂടുതലും അകപ്പെട്ടത്.

ടെലിവിഷന്‍, സംഗീതം, സിനിമ എന്നിവ നിരോധിക്കപ്പെട്ടു. ഒന്‍പത് വയസും അതിനു മുകളിലും പ്രായമുള്ള പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകുന്നത് വിലക്കി. മതപഠനം മാത്രമായിരുന്നു അനുവദിച്ചിരുന്നത്. സ്ത്രീകള്‍ ശരീരം മുഴുവന്‍ മൂടുന്ന ബുര്‍ക്ക ധരിക്കേണ്ടി വന്നു.

സ്ത്രീയുടെ മുഖം അവരുമായി ബന്ധമില്ലാത്ത പുരുഷന്മാര്‍ കാണുന്നത് നിഷിദ്ധമായിരുന്നു. അവള്‍ക്ക് ഭര്‍ത്താവിന്റെ അനുവാദമില്ലാതെ വീട്ടില്‍ നിന്ന് പുറത്തുപോകാനായില്ല. ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയുമായിരുന്നില്ല. അപരിചിതരെ നോക്കുന്ന സ്ത്രീകളെ കുറ്റക്കാരായി വിധിച്ചു.

അകമ്പടിയായി പുരുഷ ബന്ധുക്കളില്ലാതെ സ്ത്രീകള്‍ക്ക് പുറത്ത് പോകാന്‍ അനുവാദമില്ലാതിരുന്ന താലിബാന്‍ കാലത്ത് പുറത്തിറങ്ങുമ്പോള്‍ ഉച്ചത്തില്‍ സംസാരിക്കുകയോ, ചിരിക്കുകയോ ചെയ്യുന്നത് പോലും വിലക്കിയിരുന്നു.

ഒരു സ്ത്രീ കാറില്‍ സഞ്ചരിക്കുമ്പോള്‍ മുന്‍വശമല്ലാതെ എല്ലാ വിന്‍ഡോകളും കറുത്ത ചായം പൂശിയിരിക്കണമെന്നായിരുന്നു വിചിത്ര നിയമം. ടാക്‌സി ഡ്രൈവര്‍മാര്‍ ഒരു പുരുഷന്റെ അകമ്പടിയോടെ മാത്രമേ സ്ത്രീകളെ സവാരിക്ക് കൊണ്ടുപോകാന്‍ പാടുള്ളു. ഈ നിയമം പാലിക്കാതെ പിടിക്കപ്പെട്ടാല്‍ ടാക്‌സി ഡ്രൈവര്‍, സ്ത്രീ, അവരുടെ ഭര്‍ത്താവ് എന്നിവര്‍ക്ക് ശിക്ഷ ഉറപ്പായിരുന്നു.

സ്ത്രീകള്‍ക്ക് വൈദ്യസഹായം നല്‍കുന്ന വിഷയത്തില്‍ മാത്രമാണ് താലിബാന് പിന്നീട് തിരുത്തേണ്ടി വന്നത്. പുരുഷ ഡോക്ടര്‍മാര്‍ സ്ത്രീകളെ പരിശോധിക്കുന്നത് വിലക്കിയ താലിബാന്‍ വിദ്യാഭ്യാസമില്ലാതെ എങ്ങനെ സ്ത്രീകള്‍ ഡോക്ടറാവും എന്ന് ചിന്തിക്കാനായില്ല. പിന്നാലെ ഈ നിയമം മാറ്റി 1998 ന് ശേഷം ഒരു പുരുഷ ബന്ധുവിനൊപ്പം സ്ത്രീകളെ പുരുഷ ഡോക്ടര്‍മാരെ കാണാന്‍ അനുവദിച്ചു.

രണ്ട് പതിറ്റാണ്ടിനു ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുമ്പോള്‍ സ്ത്രീകളുടെ ജീവിതം വീണ്ടും അസ്വാതന്ത്ര്യത്തിന്റെ നാളുകളിലേക്ക് നീങ്ങുകയാണ്.

 

 ജോജി തോമസ് (അസോസിയേറ്റ് എഡിറ്റർ)

യുകെയിലെ മുൻനിര മലയാളം മാധ്യമമായ മലയാളംയുകെ കെട്ടിലും മട്ടിലും, രൂപത്തിലും ഭാവത്തിലും നിരവധി മാറ്റങ്ങളുമായാണ് ഇന്ന് വായനക്കാരുടെ മുമ്പിലെത്തുന്നത്. മലയാളം യുകെ പുതിയ രൂപത്തിൽ വായനക്കാരുടെ മുമ്പിൽ എത്തിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോഴേ മുന്തിയ പരിഗണന നൽകിയത് പ്രിയ വായനക്കാരുടെ വായനാനുഭവം വർദ്ധിപ്പിക്കുക എന്നതിനായിരുന്നു. കഴിഞ്ഞ കാലഘട്ടങ്ങളിൽ വായനക്കാരുടെ ഭാഗത്തുനിന്നുണ്ടായ നിർദ്ദേശങ്ങൾക്കാണ് പ്രഥമ പരിഗണന നൽകിയത് . നിലവിലുള്ള പേജുകൾക്ക് പുറമേ വായനക്കാരുടെ ആവശ്യം പരിഗണിച്ച് ബിസിനസ്/ ടെക്നോളജി ,സിനിമ തുടങ്ങിയ പേജുകളും കൂടുതലായി ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻനിര മാധ്യമങ്ങളോടു കിടപിടിക്കുന്ന ഓൺലൈൻ പോർട്ടൽ മലയാളം യുകെയ്ക്കായി നിർമ്മിച്ചത് വെബ് ഡിസൈനിംഗിൽ ഇന്ത്യയിൽതന്നെ മുൻനിരയിലുള്ള സ്ഥാപനമാണ്. മലയാളം യുകെയിൽ പുതുമകളുമായി വായനാനുഭവം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകിയാണ് ഡയറക്ട് ബോർഡ് മെമ്പേഴ്‌സ് പുതിയ ഡിസൈൻ ഇന്ന് പുറത്തിറിക്കിയിരിക്കുന്നത്.

ഓൺലൈൻ പത്ര മാധ്യമരംഗത്തെ വേറിട്ട സാന്നിധ്യമായ മലയാളം യുകെ ഏപ്രിൽ 20 ചൊവാഴ്ച്ച പ്രസിദ്ധീകരണത്തിന്റെ ഏഴാം വർഷത്തിലേക്ക് കടന്നിരുന്നു . കേരളത്തിലെയും, പ്രവാസികളുടെ സ്വപ്നഭൂമിയായ യുകെയിലേയും, ലോകം മുഴുവനും നടക്കുന്ന പ്രധാനപ്പെട്ട വിവരങ്ങൾ വളച്ചൊടിക്കാതെ വായനക്കാരിലേയ്ക്ക് എത്തിക്കുന്നതിനൊപ്പം, വ്യാജവാർത്തകൾ ഒരു വിധത്തിലും ജനങ്ങളിലേയ്ക്ക് എത്തരുത് എന്ന പത്രധർമത്തെ മുറുകെപ്പിടിച്ചുള്ള പ്രയാണമാണ് മലയാളം യുകെയുടേത്. കാലത്തിനൊപ്പം സഞ്ചരിക്കുന്ന ന്യൂസ് പോർട്ടൽ ഇപ്പോൾ വായനക്കാരിലേയ്ക്ക് വീഡിയോകളിലൂടെ വാർത്തകൾ എത്തിക്കുന്നുണ്ട്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിംഗിന്റെ കാര്യത്തിൽ വളരെ മുന്നിലാണ് എന്നുള്ളത് എടുത്തുപറയേണ്ട വസ്തുതയാണ്.

ഓൺലൈൻ പത്രമാധ്യമ രംഗത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും, കാലത്തിനൊപ്പം മുന്നോട്ട് സഞ്ചരിക്കാനാവശ്യമായ മാറ്റങ്ങൾ വരുത്തിയും, അനുദിനം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വാർത്താ മാധ്യമ രംഗത്ത് വേറിട്ട ശബ്ദമാവുകയാണ് ചുരുങ്ങിയ കാലംകൊണ്ട് മലയാളം യുകെ. പ്രളയകാലത്ത് കേരളത്തിനും, മറ്റ് അത്യാവശ്യ ഘട്ടങ്ങളിൽ പ്രവാസികൾക്കുമുൾപ്പടെ മലയാളം യുകെ നൽകിയ സംഭാവനകൾ ചെറുതല്ല. ലോകം മുഴുവൻ കൊറോണ എന്ന മഹാമാരി ഭീതി പടർത്തുമ്പോൾ ഏറ്റവും ദുഷ്കരമായ സാഹചര്യത്തിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ ശബ്‌ദമാവാൻ മലയാളം യുകെയ്ക്കു സാധിച്ചിട്ടുണ്ട് .

വായനക്കാരാണ് പത്രത്തിന്റെ ശക്തി, ഇനിയുള്ള യാത്രയിലും മലയാളം യുകെ വായനക്കാർക്കൊപ്പമുണ്ടാവും, സത്യങ്ങൾ വളച്ചൊടിക്കാതെ.

വായനക്കാർക്ക് ഒരിക്കൽ കൂടി നന്ദി പറയുകയും തുടർന്നും സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഓൺലൈൻ പത്ര മാധ്യമരംഗത്തെ വേറിട്ട സാന്നിധ്യമായ മലയാളം യുകെ ഏപ്രിൽ 20 ചൊവാഴ്ച്ച ഏഴാം വർഷത്തിലേക്ക് കടക്കുന്നു. കേരളത്തിലെയും, പ്രവാസികളുടെ സ്വപ്നഭൂമിയായ യുകെയിലേയും, ലോകം മുഴുവനും നടക്കുന്ന പ്രധാനപ്പെട്ട വിവരങ്ങൾ വളച്ചൊടിക്കാതെ വായനക്കാരിലേയ്ക്ക് എത്തിക്കുന്നതിനൊപ്പം, വ്യാജവാർത്തകൾ ഒരു വിധത്തിലും ജനങ്ങളിലേയ്ക്ക് എത്തരുത് എന്ന പത്രധർമത്തെ മുറുകെപ്പിടിച്ചുള്ള പ്രയാണമാണ് മലയാളം യുകെയുടേത്. കാലത്തിനൊപ്പം സഞ്ചരിക്കുന്ന ന്യൂസ് പോർട്ടൽ ഇപ്പോൾ വായനക്കാരിലേയ്ക്ക് വീഡിയോകളിലൂടെ വാർത്തകൾ എത്തിക്കുന്നുണ്ട്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിംഗിന്റെ കാര്യത്തിൽ വളരെ മുന്നിലാണ് എന്നുള്ളത് എടുത്തുപറയേണ്ട വസ്തുതയാണ്.

മറ്റു പത്രങ്ങളിൽ നിന്നും വ്യത്യസ്തമായി മലയാളം യുകെ ഭാഷയ്ക്കും സാഹിത്യത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്, ഇത് പത്രത്തിന് വിശാലമായ ഒരു മാനം തുറന്നു നൽകുന്നു.

മലയാളം യുകെ അസോസിയേറ്റ് എഡിറ്റർ ജോജി തോമസ് എഴുതുന്ന മാസാന്ത്യവലോകനം, ഡോ എ സി രാജീവ് കുമാറിന്റെ ആയുരാരോഗ്യം, ബേസിൽ ജോസഫിന്റെ വീക്കെൻഡ് കുക്കിംഗ് സീസൺ 2 . നോബി ജെയിംസിൻെറ ഈസി കുക്കിംഗ്, ഡോ. ഐഷ വി എഴുതുന്ന ഓർമ്മച്ചെപ്പ് തുറന്നപ്പോൾ, ജോൺ കുറിഞ്ഞിരപ്പള്ളിയുടെ ബാംഗ്ലൂർ ഡേയ്‌സ്, ഫാദർ ഹാപ്പി ജേക്കബ് അച്ചന്റെ നോയമ്പുകാല ചിന്തകൾ, ബിനോയ് എം. ജെ.യുടെ പ്രായോഗിക തത്വചിന്ത, നമ്മളെ കാത്തിരിക്കുന്ന തൊഴിലവസരങ്ങൾ, ടെക്നോളജി ഫോർ ഈസി ലൈഫ്, അതത് ആഴ്ചകളിലെ ഫിലിം റിവ്യൂ തുടങ്ങിയ സ്ഥിരം പംക്തികൾ മലയാളം യുകെയെ മറ്റ് ഓൺലൈൻ പത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

മലയാളം യുകെ ന്യൂസിൻ്റെ വളർച്ചയിൽ സീറോ മലബാർ സഭയുടെ, പ്രത്യേകിച്ചും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ സഹകരണം എടുത്ത് പറയേണ്ടതുണ്ട്. ഫാ. ബിജു കുന്നയ്ക്കാട്ട് എഴുതിയ ഞായറാഴ്ച്ചയുടെ സങ്കീർത്തനം, ഫാ. ബാബു പുത്തൻപുരയ്ക്കൽ എഴുതിയ കൈവിട്ടു കളയരുതെ കുടുംബങ്ങളിലെ പെസഹാ, ഫാ. ബിനോയ് ആലപ്പാട്ട് ഒരുക്കുന്ന മന്ന, റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയുടെ കുറവിലങ്ങാടിൻ്റെ സുവിശേഷം ഇവയെ കൂടാതെ മറ്റ് നിരവധി ലേഖനങ്ങൾ, പംക്തികൾ എല്ലാം തന്നെ പത്രത്തിൻ്റെ വളർച്ചയ്ക്ക് ശക്തി പകർന്നിട്ടുണ്ട്. കൂടാടെ ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ സംഭാവനകളും യുകെയിലെ മലയാളി അസ്സോസിയേഷനുകളുടെ നിസ്വാർത്ഥമായ സഹകരണവും ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.

ഓണക്കാലത്ത് അത്തം മുതൽ പൊന്നോണം വരെയുള്ള 10 ദിവസവും വായനക്കാർക്ക് കഥകളും കവിതകളും ലേഖനങ്ങളുമായി മികച്ച വായനാനുഭവമാണ് മലയാളം യുകെ സമ്മാനിച്ചത്. ശ്രീ. പ്രഭാവർമ്മ, ഡോക്ടർ ജോർജ് ഓണക്കൂർ, ഡോ . ജോസഫ് സ്കറിയ, നിഷ ജോസ് കെ മാണി തുടങ്ങിയ പ്രമുഖർ മലയാളം യുകെയ്ക്ക് വേണ്ടി എഴുതിയിരുന്നു. വിശേഷ ദിവസങ്ങളിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത, മദർ ലില്ലി ജോസ് എസ്.ഐ.സി.തുടങ്ങിയവർ മലയാളം യുകെയിൽ എഴുതിയിരുന്നു. മേഘാലയ ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ളയുടെ ക്രിസ്മസ് അനുഭവങ്ങൾ “ക്രിസ്മസ് വിശ്വ മാനവികതയുടെ മഹത്തായ സന്ദേശം ” തുടങ്ങിയവ വായനക്കാരെ വളരെയേറെ ആകർഷിച്ചിരുന്നു.

വളർന്നുവരുന്ന യുവ എഴുത്തുകാർക്ക് തങ്ങളുടെ സൃഷ്ടികൾ വായനക്കാരിലേയ്ക്ക് എത്തിക്കാനുള്ള ഒരു കവാടം കൂടിയാണ് മലയാളം യുകെയുടെ വാരാന്ത്യപതിപ്പുകൾ.

ഓൺലൈൻ പത്രമാധ്യമ രംഗത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും, കാലത്തിനൊപ്പം മുന്നോട്ട് സഞ്ചരിക്കാനാവശ്യമായ മാറ്റങ്ങൾ വരുത്തിയും, അനുദിനം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വാർത്താ മാധ്യമ രംഗത്ത് വേറിട്ട ശബ്ദമാവുകയാണ് ചുരുങ്ങിയ കാലംകൊണ്ട് മലയാളം യുകെ. പ്രളയകാലത്ത് കേരളത്തിനും, മറ്റ് അത്യാവശ്യ ഘട്ടങ്ങളിൽ പ്രവാസികൾക്കുമുൾപ്പടെ മലയാളം യുകെ നൽകിയ സംഭാവനകൾ ചെറുതല്ല. ലോകം മുഴുവൻ കൊറോണ എന്ന മഹാമാരി ഭീതി പടർത്തുമ്പോൾ ഏറ്റവും ദുഷ്കരമായ സാഹചര്യത്തിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ ശബ്‌ദമാവാൻ മലയാളം യുകെയ്ക്കു സാധിച്ചിട്ടുണ്ട് .

വായനക്കാരാണ് പത്രത്തിന്റെ ശക്തി, ഇനിയുള്ള യാത്രയിലും മലയാളം യുകെ വായനക്കാർക്കൊപ്പമുണ്ടാവും, സത്യങ്ങൾ വളച്ചൊടിക്കാതെ.

മലയാളം യുകെ ,ന്യൂസ് ടീം

ജോജി തോമസ്

നരേന്ദ്രമോദി ഗവൺമെൻറിനെ പോലെ ഇത്രയധികം ജനവികാരത്തെ മാനിക്കാത്തതും, ജനദ്രോഹപരമായ നടപടികൾക്ക് യാതൊരു ഉളുപ്പുമില്ലാതെ നടപ്പിലാക്കുന്നതുമായ ഒരു ഭരണം സ്വതന്ത്ര ഇന്ത്യ ഇന്നേവരെ കണ്ടിട്ടില്ലെന്നുള്ളതിന് യാതൊരു സംശയവുമില്ല. പുതിയതായി കൊണ്ടുവന്ന കാർഷിക ബില്ലുകളുടെ കാര്യത്തിലായാലും സാധാരണ ജനജീവിതത്തെ എല്ലാവിധത്തിലും ദുസ്സഹമാക്കുന്ന ഇന്ധന വിലവർദ്ധനവിന്റെ കാര്യത്തിലാണെങ്കിലും ജനവികാരം നരേന്ദ്രമോദിയെന്ന സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സ്വേഛാധിപതിയ്ക്കും, ഭരണകക്ഷിക്കും പുല്ലുവിലയാണ്. അമിതമായ ദേശീയതയും, വർഗ്ഗീയ ചിന്താഗതിയും കൊണ്ട് എങ്ങനെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് ഓടിയൊളിക്കാമെന്നതിൻെറ ഏറ്റവും വലിയ ഉദാഹരണമാണ് ആധുനിക ഇന്ത്യയിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.

കോവിഡ് മഹാമാരിയെ തുടർന്ന് ലോകമാകെ ഇന്ധനവില കൂപ്പുകുത്തിയപ്പോൾ അതിൻറെ പ്രയോജനം അല്പം പോലും ലഭിക്കാത്ത ഒരു ജനത ഇന്ത്യയിൽ മാത്രമായിരിക്കും ഉണ്ടാവുക. ഇന്ധനവില തകർച്ചയിൽനിന്ന് നേട്ടമുണ്ടാക്കിയത് സർക്കാരും കോർപ്പറേറ്റുകളും മാത്രമാണ്. 30 രൂപയിൽ താഴെ മാത്രം ഉൽപാദന വിതരണ ചിലവുള്ള ഒരു ലിറ്റർ പെട്രോളിന് ഇന്ത്യയിൽ അധികം താമസിയാതെ 100 രൂപയിൽ എത്താൻ സാധ്യതയുണ്ട്. കോവിഡ് കാലത്ത് ക്രൂഡോയിൽ വില താഴ്ന്നപ്പോൾ അതിൻറെ പ്രയോജനം ജനങ്ങൾക്ക് നൽകാതിരുന്ന എണ്ണകമ്പനികൾ, വാക്സിൻ ലോകവിപണിയിൽ ഉണ്ടാക്കിയ സാമ്പത്തിക ഉണർവിന് തുടർന്ന് ഉയരുന്ന ക്രൂഡോയിൽ വിലയ്ക്കനുസരിച്ച് ഇന്ധന വില വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്. യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാത്ത പെട്രോൾ ഡീസൽ വിലകളിലൂടെ ജനങ്ങളെ കൊള്ളയടിച്ച കോർപ്പറേറ്റുകളും സർക്കാരും കാർഷിക നയത്തിലൂടെ ചൂഷണത്തിനുള്ള പുതിയ മേച്ചിൽപുറങ്ങൾ കണ്ടെത്താനുള്ള അത്യാഗ്രഹത്തിലാണ്. കർഷകർക്കുവേണ്ടിയെന്ന് അവകാശപ്പെടുന്ന പുതിയ കാർഷിക നിയമങ്ങൾ വേണ്ടെന്ന നിലപാട് കർഷകർ തന്നെ എടുത്തിട്ടും, നടപ്പാക്കിയേ തീരൂ എന്ന വാശി കാട്ടുന്നത് ആർക്കുവേണ്ടിയെന്നെന്ന ചോദ്യം അവശേഷിക്കുന്നു. ഞങ്ങളെ ഒത്തിരി സ്നേഹിച്ച് കൊല്ലരുതേ എന്നാണ് കർഷകർക്ക് കേന്ദ്ര സർക്കാരിനോട് പറയാനുള്ളത്.

ഇന്ത്യയുടെ ഭരണം കോർപറേറ്റുകൾക്കുവേണ്ടി ഒരു സേച്ഛാധിപതി നടത്തുന്നതായി തീർന്നിട്ടുണ്ട്. അതുകൊണ്ടാണ് കാർഷിക ബില്ല് ഒരു ചർച്ച പോലും ഇല്ലാതെ പാർലമെൻറ് പാസാക്കിയത്. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയപ്പോൾ പാർലമെൻറിൻെറ മുൻപിൽ സാഷ്ടാംഗം പ്രണമിക്കുകയുണ്ടായി. ആ പ്രണാമത്തിൻെറ സമയത്ത് മോദിയുടെ മനസ്സിൽ ഇന്ത്യൻ ജനാധിപത്യവും, ജനതയും അല്ലായിരുന്നു മറിച്ച് അംബാനിയും അദാനിയും മാത്രമായിരുന്നു എന്നാണ് കാലം തെളിയിക്കുന്നത്.

 

 ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്.

മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

 

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകം മുഴുവനും കോവിഡ്-19 എന്ന മഹാമാരിയുടെ പിടിയിൽ അമർന്നിരിക്കുന്ന ഈ സമയത്ത്, ഇതിന്‍റെ ഭവിഷ്യത്ത് ഏറ്റവും ദോഷകരമായി ബാധിക്കുന്നവരിൽ ഒരു വലിയ ജനവിഭാഗം നമ്മുടെ പ്രവാസി സഹോദരങ്ങളാണ്. കൊച്ചു കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് പ്രവാസികൾ. ഉറ്റവരെയും ഉടയവരെയും മനസില്ലാമനസോടെ നാട്ടിൽ തനിച്ചാക്കി ലോകത്തിന്റെ പല രാജ്യങ്ങളിലേക്കും ജോലി തേടിപോയവർക്കാണ് ഈ ദുരിതകാലത്തിൽ നാം ആദരമൊരുക്കേണ്ടത്. എന്നാൽ കേരള സർക്കാർ നടപ്പിലാക്കിവരുന്ന ക്വാറന്റീൻ നിയമങ്ങൾ യഥാർത്ഥത്തിൽ പ്രവാസിമലയാളികളുടെ ചെറിയ ചെറിയ സ്വപ്നങ്ങളെയാണ് തട്ടിത്തെറിപ്പിക്കുന്നത്. പ്രവാസികൾക്കുള്ള നിർബന്ധിത ക്വാറന്റീൻ സർക്കാർ ഇതുവരെയും ഒഴിവാക്കിയിട്ടില്ല.

രോഗവ്യാപന ഭീതിയുടെ പേരിൽ നാല് ചുവരുകൾക്കുള്ളിൽ ഏഴ് ദിവസം അടച്ചിടുമ്പോൾ അവർ അനുഭവിക്കേണ്ടിവരുന്ന മാനസിക സംഘർഷം പ്രവാസ ജീവിതത്തേക്കാൾ ദുഷ്കരമാണ്. പ്രതിദിന കോവിഡ് കേസുകൾക്ക് പ്രാധാന്യം നഷ്ടപെട്ട ഈ സാഹചര്യത്തിൽ, നിയന്ത്രണങ്ങൾ വെറും കടലാസിൽ മാത്രം ഒതുങ്ങുന്ന ഈ കാലത്തിൽ, രോഗവ്യാപന ഭീതിയില്ലാതെ പൊതുജനങ്ങൾ തെരുവോരങ്ങൾ കയ്യടക്കുന്ന ഈ കാലത്തിൽ, പ്രവാസികൾക്കുള്ള നിർബന്ധിത ക്വാറന്റീനും ഒഴിവാക്കപ്പെടേണ്ടതുണ്ട്. ഗൾഫ് രാജ്യങ്ങളിലും യുകെ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലുമുള്ള പ്രവാസി സഹോദരങ്ങൾ രണ്ടാഴ്ചത്തെ അവധിയ്ക്ക് വേണ്ടിയാവും നാട്ടിലെത്തുന്നത്. അതിൽ ക്വാറന്റീൻ എന്ന നിയന്ത്രണത്തിന് കീഴിൽ വിലപ്പെട്ട ഏഴു ദിനങ്ങൾ ഹോമിച്ചാണ് അവർ പുറത്തെത്തുന്നത്.

മാതാപിതാക്കളുടെ ശവസംസ്കാരത്തിന് എത്തിയവർ അവരുടെ കൂടെ അവസാനമായി ഒന്നിരിക്കാൻ പോലും ഭാഗ്യമില്ലാത്തവരായി മാറുന്ന കാഴ്ചയും നാം കണ്ടുകഴിഞ്ഞു. കേന്ദ്ര- കേരള സർക്കാറുകൾ നിഷ്‌കർഷിക്കുന്ന എല്ലാ നിബന്ധനകളും പാലിച്ചിട്ടും അവസാനമായി സ്വന്തം പിതാവിന് ഒരു അന്ത്യ ചുബനം നൽകാൻ എന്ന് മാത്രമല്ല സെമിത്തേരിയിൽ എത്തി ഒരു പിടി മണ്ണ് ഇടുവാനുള്ള ആഗ്രഹം പോലും നടക്കാതിരുന്ന യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിനടുത്തുള്ള ക്രൂവിൽ താമസിക്കുന്ന മലയാളിയായ മനു .എൻ . ജോയിയുടെ അനുഭവം മലയാളം യുകെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

കേരളത്തിൽ അങ്ങോളമിങ്ങോളം ഉത്സവങ്ങളും പെരുന്നാളുകളും നടക്കുന്നു. ചന്തയിൽ ആളുകൾ കൂട്ടംകൂടി കുശലം പറയുന്നു. സിനിമാശാലകൾ തുറന്ന് പ്രവർത്തിക്കുന്നു. വിവാഹ സൽക്കാരങ്ങൾ ആഘോഷപൂർവ്വം നടത്തപ്പെടുന്നു. എന്തിനേറെ പറയുന്നു തിരഞ്ഞെടുപ്പും പ്രകടനങ്ങളും ഡിജെ പാർട്ടികളും വരെ നടന്നുകഴിഞ്ഞു. എന്നാലോ… വിദേശത്തുനിന്ന് എത്തുന്നവർക്ക് മാത്രം നിർബന്ധിത ക്വാറന്റീൻ. ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഈ നിയന്ത്രണം നിലവിൽ നടപ്പാക്കിവരുന്നത്. എന്തിനാണ്​ കേരളത്തിൽ പ്രവാസികൾക്ക്​ മാത്രം ക്വാറന്റീൻ ? നെഗറ്റിവ്​ സർട്ടിഫിക്കറ്റുമായി വിദേശത്തുനിന്ന്​ എത്തിയാൽ ക്വാറന്റീൻ ഒഴിവാക്കുന്ന സംവിധാനം ഏർപ്പെടുത്തണം. നാട്ടിൽ സാധാരണപോലെ എല്ലാം നടക്കുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക്​ മാത്രം നിർബന്ധിത ക്വാറൻന്റീൻ അനീതിയാണ്​. ഇന്ത്യയിലെ മറ്റ്​ സംസ്ഥാനങ്ങളിൽ ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ടെന്നതും ഇതിനോട്​ ചേർത്ത്​ വായിക്കണം. പ്രിയപെട്ടവരോടൊപ്പമിരിക്കാൻ എത്തുന്ന പ്രവാസികൾക്ക്​ വിമാനത്താവളത്തിൽ പരിശോധന നടത്തുകയും ഫലം നെഗറ്റിവായാൽ നാട്ടിലിറങ്ങി നടക്കാനുമുള്ള സൗകര്യം നൽകേണ്ടതുണ്ട്. ചില നിയമങ്ങളൊക്കെ തിരുത്തിയെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കോട്ടയം ജില്ലാ പഞ്ചായത്ത്‌ മെമ്പറും പി. സി. ജോർജിന്റെ മകനുമായ അഡ്വ. ഷോൺ ജോർജ് ഈ വിഷയത്തിൽ തന്റെ നിലപാട് അറിയിച്ചുകഴിഞ്ഞു. പ്രവാസികൾക്ക് മാത്രമായുള്ള ക്വാറന്റീൻ അനീതിയാണെന്നും മുഖ്യമന്ത്രി ഈ വിഷയത്തിൽ ഉചിതമായ തീരുമാനം കൈകൊള്ളണമെന്നും അദ്ദേഹം അറിയിച്ചു. അഡ്വ. ഷോൺ ജോർജിന്റെ വീഡിയോ സന്ദേശം താഴെ കാണാം.

ജോജി തോമസ്

രാഷ്ട്രീയമായി ഒട്ടേറെ പ്രതികൂല സാഹചര്യത്തിൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേടിയ വിജയം അപ്രതീക്ഷിതം ആണെന്നുള്ള രീതിയിലുള്ള പ്രചാരണങ്ങളാണ് പലയിടത്തുനിന്നും പ്രത്യേകിച്ച് പ്രമുഖ മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. എന്നാൽ അപ്രതീക്ഷിത വിജയത്തിന് പ്രചാരം നൽകുന്നവർ ഇടതുപക്ഷത്തിന് അടുത്ത ആറുമാസം കഴിഞ്ഞ് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ വഴികൾ സുഗമമാക്കുകയും കണ്ണടച്ച് ഇരുട്ടാക്കുകയുമാണ് ചെയ്യുന്നത്.

ജാതിമതചിന്തകൾ ആഴത്തിൽ വേരൂന്നിയ കേരളസമൂഹം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് അത്ര വളക്കൂറുള്ള മണ്ണല്ലായിരുന്നെങ്കിലും മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധതയും ബൗദ്ധിക നിലവാരവും ഇടതുപക്ഷ ആശയങ്ങൾക്ക് കേരളത്തിൽ ആഴത്തിലുള്ള വേരോട്ടമുണ്ടാക്കി. കേരളത്തിൻെറ സാമൂഹിക പുരോഗതിയിലും, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിലും ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് തള്ളിക്കളയാനാവില്ല. ആശയപരമായ അടിത്തറയും, സംഘടനാ ശക്തിയുടെ പിൻബലമുള്ള ഇടതുപക്ഷത്തിൻെറ വികസനനേട്ടങ്ങൾക്കുള്ള അംഗീകാരമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം.

മെട്രോയും, വിമാനത്താവളവും മാത്രമാണ് വികസനത്തിൻെറ മാനദണ്ഡങ്ങളായി കരുതുന്നവർ ഇടതുപക്ഷം കേരള സമൂഹത്തിനു നൽകിയ സംഭാവനയെന്തെന്ന ചോദ്യം ഉയർത്തുക സ്വാഭാവികമാണ്. പിന്നോക്ക വിഭാഗങ്ങളെ സമൂഹത്തിൻെറ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും കേരളത്തിൽ പ്രബലമായിരുന്ന ജാതിമത ചിന്തകൾക്കതീതമായി മാനവികതയുടെ മൂല്യങ്ങൾ സമൂഹത്തിൽ പ്രതിഷ്ഠിക്കുന്നതിനും ഇടതുപക്ഷ ആശയങ്ങൾ വഹിച്ച പങ്ക് ചെറുതല്ല . രാജീവ് ഗാന്ധി ഗവൺമെൻറ് കൊണ്ടുവന്ന പഞ്ചായത്ത് രാജ് നിയമം നടപ്പാക്കുന്നതിനും, സംസ്ഥാന ഗവൺമെന്റിൻെറ അധികാരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് കൈമാറുന്നതിനും കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന ഗവൺമെന്റുകൾ മടിച്ചു നിന്നപ്പോൾ പഞ്ചായത്ത് രാജ് നിയമം കേരളത്തിൽ നടപ്പാക്കുന്നതിനും അധികാരവികേന്ദ്രീകരണത്തിന് മുൻകൈ എടുത്തതും നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവൺമെന്റാണ്. സമ്പൂർണ്ണ സാക്ഷരത കൈവരിക്കാൻ ഇടതുപക്ഷ ഗവൺമെൻറിൻറെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾ വികസനോത്മുഖം എന്നതിലുപരി കേരള ജനതയുടെ നവോത്ഥാനത്തിനും, സാമൂഹിക ഉണർവിനും കാരണമായി.

1996 ൽ ഇടതുപക്ഷ ഗവൺമെൻറ് നടപ്പാക്കിയ ജനകീയ ആസൂത്രണ പ്രസ്ഥാനം സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ വഹിച്ച പങ്ക് കേരള വികസന ചരിത്രത്തിലെ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്. സംസ്ഥാന ബഡ്ജറ്റ് വിഹിതത്തിൻെറ 35 ശതമാനം പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകി ജനകീയ ആസൂത്രണ പ്രസ്ഥാനങ്ങളിലൂടെ അധികാര വികേന്ദ്രീകരണത്തിന് മുന്നിട്ടിറങ്ങിയ ഇടതുപക്ഷ ഗവൺമെന്റിൻെറ ആർജ്ജവം മറ്റു സംസ്ഥാന ഗവൺമെന്റുകൾക്ക് മാതൃകയാകേണ്ടതായിരുന്നു.

പിണറായി ഗവൺമെൻറിൻറെ കാലഘട്ടത്തിലാണെങ്കിലും 591 പ്രോജക്ടുകളിലായി 45000 കോടി രൂപയുടെ വികസന പദ്ധതികളാണ് കിഫ്‌ബിയുടെ നേതൃത്വത്തിൽ കേരളത്തിലെമ്പാടും നടപ്പിലാക്കുന്നത്. സർക്കാർ സ്കൂൾ, ആശുപത്രികൾ തുടങ്ങിയവയുടെ നിലവാരം ഉയർത്തുന്നതിലും, സാമൂഹ്യ സുരക്ഷാ പെൻഷൻ സമയബന്ധിതമായി ജനങ്ങളിൽ എത്തിക്കുന്നതിലും സർക്കാർ കാട്ടിയ ശുഷ്കാന്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഇലക്ഷനിൽ പ്രതിഫലിച്ചു എന്നുവേണം കരുതാൻ. ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ കാലങ്ങളായി ആർജ്ജിച്ചതാണെങ്കിലും കോവിഡ് കാലത്ത് ആരോഗ്യ വകുപ്പിൻെറ സേവനങ്ങൾ പരക്കെ പ്രശംസ പിടിച്ചുപറ്റുന്ന രീതിയിലായിരുന്നു. ജനങ്ങൾ ലോക്ക്ഡൗൺ കാലത്ത് വരുമാനമില്ലാതെ കഴിഞ്ഞപ്പോൾ ഭക്ഷണ കിറ്റുമായി സഹായത്തിനെത്തിയ സർക്കാർ ജനങ്ങളുടെ ഹൃദയത്തിലേക്കാണ് ഇറങ്ങിച്ചെന്നത് . സാമ്പത്തികമായി കൂടുതൽ സുസ്ഥിരതയുള്ള മറ്റു സംസ്ഥാന ഗവൺമെന്റുകളൊന്നും ഇത്തരത്തിലുള്ള ഒരു ശ്രമം നടത്തി ഇല്ലെന്നുള്ളത് ഇവിടെ പ്രസക്തമാണ്. ഭക്ഷണ കിറ്റ് വിതരണത്തിനായി ഇറങ്ങിത്തിരിച്ച സന്നദ്ധ പ്രവർത്തകരായ ചെറുപ്പക്കാരെയാണ് പിന്നീട് ജനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചത്. ഇങ്ങനെ എന്തുകൊണ്ടും സംസ്ഥാന ഗവൺമെൻറിൻറെ വികസനോത്മുഖമായ പ്രവർത്തനങ്ങൾക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ജനകീയ പ്രശ്നങ്ങളിലുള്ള ഇടപെടലുകൾക്കും ലഭിച്ച അംഗീകാരമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് കാണാൻ സാധിക്കും.

 

 ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്.

മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

 

 

 

ജോജി തോമസ്

കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ പൊതുസമൂഹത്തിൽ സജീവ ചർച്ചയായ വിഷയമായിരുന്നു കിഫ്ബിയും അതിനെതിരെയുള്ള കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലുടെ റിപ്പോർട്ടും. അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനായുള്ള വിഭവസമാഹരണം ലക്ഷ്യമിട്ട് കേരള ഗവൺമെൻറ് രൂപീകരിച്ച ധനകാര്യ സ്ഥാപനമാണ് കിഫ്ബി. കിഫ്ബി വഴി അമ്പതിനായിരം കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് 2016 മുതലുള്ള അഞ്ചുവർഷം കൊണ്ട് സംസ്ഥാന ഗവൺമെൻറ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. ഇതിനോടകം കിഫ്ബി 45,000 കോടി രൂപയുടെ 591 പ്രോജക്ടുകൾക്ക് ഭരണാനുമതി നൽകി കഴിഞ്ഞു. കഴിഞ്ഞ വർഷം കിഫ്ബിയുടെ മസാല ബോണ്ടുകൾ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തതും അതുവഴി 2150 കോടിയോളം രൂപ വികസന പ്രവർത്തനങ്ങൾക്കായി സമാഹരിച്ചതും വാർത്തയായിരുന്നു. ഇതുതന്നെയാണ് ഇപ്പോൾ സിഎജിയുടെ എതിർപ്പിന് കാരണമായിരിക്കുന്നത്. സംസ്ഥാന ഗവൺമെന്റുകൾ വിദേശത്തുനിന്ന് വിഭവസമാഹരണം നടത്തുന്നുണ്ടെങ്കിൽ കേന്ദ്ര ഗവൺമെന്റിൻെറ മുൻകൂർ അനുവാദം വാങ്ങിയിരിക്കണമെന്നതാണ് ചട്ടം. എന്നാൽ കിഫ്ബി ഒരു സ്വതന്ത്ര കോർപ്പറേറ്റ് സ്ഥാപനമാണെന്നാണ് സംസ്ഥാന ഗവൺമെൻറിൻറെ വാദം. പക്ഷേ സംസ്ഥാന ഗവൺമെൻറിന് നൽകിയ കരടു റിപ്പോർട്ടിലില്ലാതിരുന്ന പരാമർശങ്ങൾ സംസ്ഥാന ഗവൺമെൻറിൻറെ വിശദീകരണം ചോദിക്കാതെ പൊടുന്നനെ പ്രധാന റിപ്പോർട്ടിൽ വന്നത് പലതരം അഭ്യൂഹങ്ങൾക്കും ഇടവരുത്തി. പ്രത്യേകിച്ച് സിഎജി ഗിരീഷ് ചന്ദ്ര മുർബു പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും വിശ്വസ്തനാണെന്ന ആക്ഷേപം പരക്കെ ഉള്ളതിനാൽ ആരോപണങ്ങൾക്ക് വിശ്വാസ്യത ഏറി. ഗുജറാത്ത് കേഡറിലെ ഐ.എ.എസ് ഓഫീസർ ആയിരുന്ന മുർമു മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഉദ്യോഗവൃന്ദത്തിലെ ഏറ്റവും വിശ്വസ്തനായിരുന്നു. ഗുജറാത്ത് കലാപത്തോടനുബന്ധിച്ച് കോടതിയിലെ നിയമനടപടികൾ നോക്കി നടത്താനുള്ള ചുമതല നരേന്ദ്രമോദി ഏൽപ്പിച്ചിരുന്നത് മുർമുവിനെയായിരുന്നു. ബർമിംഗ്ഹാം യൂണിവേഴ്സിറ്റിയിൽനിന്ന് എംബിഎ ബിരുദം കരസ്ഥമാക്കിയ മുർമുവിനെ സീനിയർ ആയ നിരവധി ഐ.എ.എസ് ഓഫീസർമാരെ മറികടന്നാണ് മോദി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ പദവിയിൽ എത്തിച്ചത്.

ഭരണഘടന സ്ഥാപനങ്ങളെയും അന്വേഷണ ഏജൻസികളെയും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വരുതിയിൽ നിർത്താനുള്ള ശ്രമം മോദി ഗവൺമെൻറിൻറെ മുഖമുദ്രയാണ്. മോദിക്കെതിരെ നീതിന്യായവ്യവസ്ഥയുടെ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുന്നത് ചൂണ്ടിക്കാട്ടി യുദ്ധകാഹളം മുഴക്കി സുപ്രീം കോടതി ജഡ്ജിയായ രഞ്ജൻ ഗോഗോയിയെ എങ്ങനെയാണ് മെരുക്കിയതെന്ന് ലോകം കണ്ടതാണ്. രഞ്ജൻ ഗോഗോയിപ്പോൾ രാജ്യസഭയിൽ ഇരുന്ന് മോദിക്ക് വേണ്ടി കൈപൊക്കുകയാണ്. രാജീവ് ഗാന്ധിക്കെതിരെ ബോഫേഴ്സ് അഴിമതിയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ച അന്നത്തെ സിഎജി, ടി.എൻ ചതുർവേദി പിന്നീട് രാജ്യസഭ അംഗവും,കർണാടക ഗവർണറും മറ്റുമായി ഉപരോധിക്കപെടുന്നതും നമ്മൾ കണ്ടതാണ്.

അഴിമതിക്കെതിരെയുള്ള മോദിയുടെ നിലപാടുകൾ ആത്മാർത്ഥതയുള്ളതായിരുന്നെങ്കിൽ ശുചീകരണം പ്രതിപക്ഷത്ത് മാത്രമായി ഒതുക്കില്ലായിരുന്നു. സാക്ഷികളും പ്രതികളും ഇരകളുമായി 48-ൽ അധികം പേർ കൊല്ലപ്പെട്ട മധ്യപ്രദേശിലെ വ്യാപം അഴിമതിയുടെ ഗതി ഇതാവില്ലയിരുന്നു. അഴിമതിയുടെ മൂർത്ത ഭാവമായ ശശികലയും പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ പ്രയോഗിക്കാത്ത തന്ത്രങ്ങളില്ല. പിഎം കെയെർസ് ഫണ്ട് ഓഡിറ്റ് ചെയ്യാൻ സിഎജിക്ക് അനുമതി നൽകുകയും റാഫേലിനു മേലുള്ള പ്രതിപക്ഷ ആരോപണങ്ങളുടെ മേൽ കുറച്ചുകൂടി സുതാര്യമായ അന്വേഷണം ചെയ്യുക ആയിരുന്നെങ്കിൽ മോദിയുടെ നിലപാടുകൾക്ക് കുറച്ച് കൂടി വിശ്വാസ്യത ഉണ്ടാവുമായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് കോടികൾ വിലയിട്ട് വിവിധ സംസ്ഥാനങ്ങളിലെ സർക്കാരുകളെ മറിച്ചിടുന്ന മോദിയുടെയും ബിജെപിയുടെയും അഴിമതിവിരുദ്ധ നിലപാടുകൾ വേശ്യയുടെ ചാരിത്ര പ്രസംഗം പോലെയാണ്.

എന്തായാലും കിഫ്ബിക്കെതിരെയുള്ള നീക്കത്തിലൂടെ കേന്ദ്ര ഗവൺമെൻറിൻറെ ലക്ഷ്യം ബിജെപി ഇതര ഗവൺമെൻറ് ഭരിക്കുന്ന പ്രധാന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൻറെ വികസന മുന്നേറ്റം തടയുക എന്നത് തന്നെയാണ്. അക്കൂട്ടത്തിൽ ഭാവിയിൽ ഇടതുപക്ഷത്തു നിന്ന് കേരള മുഖ്യമന്ത്രിയായി അവതരിപ്പിക്കാൻ സാധ്യതയുള്ള ഡോക്ടർ തോമസ് ഐസക്കിന് “ചെക്ക്” പറയാമെന്നും ബിജെപി കണക്കുകൂട്ടുന്നു.

 

 ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്.

മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

 

 

 

ജോജി തോമസ്

പഴയകാലത്തെ അധ്യാപകരുടെ സാമ്പത്തിക ദുരിതത്തിന്റെയും , ജീവിത പ്രാരാബ് ദങ്ങളുടെയും നേർക്കാഴ്ചയാണ് കാരൂർ നീലകണ്ഠപ്പിള്ളയുടെ പൊതിച്ചോറ് എന്ന ചെറുകഥ . തുച്ഛമായ ശമ്പളത്തിൽ ജീവിതത്തിൻറെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ബദ്ധപ്പെടുന്ന അധ്യാപകൻ വിശപ്പടക്കാൻ തന്റെ വിദ്യാർത്ഥിയുടെ തന്നെ പൊതിച്ചോറ് മോഷ്ടിക്കുന്നതാണ് കഥാതന്തു. എന്നാൽ ആധുനിക കാലത്ത് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപക-അനധ്യാപക വിഭാഗത്തിൽപ്പെടുന്ന ജീവനക്കാർ പഴയകാല അധ്യാപകരേക്കാൾ മോശമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്ന വസ്തുത പുറംലോകം അറിയുന്നില്ല. പൊതിച്ചോറിലേ അധ്യാപകന് സർക്കാർ ജോലിയുടെ സംരക്ഷണമെങ്കിലും ഉണ്ടായിരുന്നെങ്കിൽ സ്വകാര്യ മേഖലകളിലെ അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ജോലി സുരക്ഷിതത്വം തുമ്മിയാൽ തെറിക്കുന്ന മൂക്കു പോലെയാണ്. മാനേജ്മെന്റിന് ഇഷ്ടക്കേട് ഉണ്ടാകുകയോ, തെറ്റുകൾക്ക് നേരെ വിരൽ ചൂണ്ടുകയോ ചെയ്താൽ ജോലി കാണുകയില്ല. കോടികൾ ചിലവഴിച്ച് അത്യാധുനിക സൗകര്യങ്ങളുള്ള സ്കൂളുകളിലേയ്ക്ക് കനത്ത ഫീസ് നൽകി കുട്ടികളെ അയക്കുന്ന മാതാപിതാക്കൾ അറിയുന്നില്ല തങ്ങളുടെ കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് നയിക്കുന്നത് ജീവിത പ്രാരാബ്ധങ്ങളിൽ പെട്ട് ഉഴലുന്ന കുറെ ജീവിതങ്ങളാണെന്ന്. എയ് ഡഡ് സ്കൂളുകളോടനുബന്ധിച്ചുള്ള അൺ എയ് ഡഡ് പ്രീപ്രൈമറി സ്കൂളുകളിലേ അധ്യാപകരുടെ അവസ്ഥയും വ്യത്യസ്തമല്ല. ഏകാംഗ അധ്യാപക സമ്പ്രദായം നിലനിൽക്കുന്ന ഈ മേഖലയിൽ തുച്ഛമായ ശമ്പളത്തിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് അടിയന്തരഘട്ടങ്ങളിൽ ഒരു അവധി എടുക്കാനുള്ള അനുവാദം പോലും മാനേജ്മെൻറ് നിഷേധിക്കാറുണ്ട് . പ്രീ പ്രൈമറി സ്കൂളുകൾ സ്കൂളുകളിലേയ്ക്ക് കുട്ടികളെ ആകർഷിക്കാനുള്ള വാതായനമാണ്..

കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന്റെ നല്ലൊരു ശതമാനവും സ്വകാര്യ മേഖലയുടെ നിയന്ത്രണത്തിലാണ്. ലക്ഷക്കണക്കിന് വരുന്ന തൊഴിൽരഹിതരായ അഭ്യസ്തവിദ്യരാണ് ഇക്കൂട്ടരുടെ ചാകര. ബിരുദവും, ബിരുദാനന്തര ബിരുദവും അതിനുശേഷം ബി എഡ് ഉൾപ്പെടെയുള്ള ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സുകൾ കഷ്ടപ്പെട്ട് സ്വായത്തമാക്കിയ ഇക്കൂട്ടർ മറ്റുമാർഗങ്ങൾ ഇല്ലാത്തതിനാൽ തൊഴിലുറപ്പ് പദ്ധതിയിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വേതനത്തിൽ ഉപജീവനത്തിനായി ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. കേരളത്തിലെമ്പാടും സ്വകാര്യ അൺ എയ് ഡഡ് മേഖലയിൽ ലക്ഷക്കണക്കിന് ജീവനക്കാരാണ് കടുത്ത തൊഴിൽ ചൂഷണത്തിന് വിധേയരാകുന്നത് .

കൊല്ലം ജില്ലയിലെ കാഞ്ഞാവള്ളിയിലെ മഹാത്മാ മോഡൽ സ്കൂളിലെ അധ്യാപക സമരം

കോവിഡ് കാലം പല സ്വകാര്യ മാനേജ്മെന്റുകൾക്കും സാമ്പത്തിക നേട്ടത്തിനുള്ള ഉപാധിയാണ്. ഓൺലൈൻ ക്ലാസുകളുടെ മറവിൽ മുഴുവൻ ഫീസും കുട്ടികളിൽനിന്ന് ഈടാക്കുമ്പോൾ സ്കൂളുകൾ അടഞ്ഞുകിടക്കുന്നതിന്റെ പേരിൽ അധ്യാപകർക്ക് വളരെ തുച്ഛമായ വേതനം മാത്രമാണ് നൽകുന്നത്. ചില സിബിഎസ്ഇ സ്കൂളുകളിൽ 400 ലധികം കുട്ടികൾക്കാണ് ചില അധ്യാപകർ ഒരേ സമയം ഓൺലൈൻ ക്ലാസ്സ് എടുക്കുന്നത്. ഇത് നിരവധി അധ്യാപക തസ്തികകൾ ഒഴിവാക്കാൻ മാനേജ്മെന്റിനെ സഹായിച്ചിട്ടുണ്ട്. ഇനിയും കുട്ടികൾ സ്കൂളിൽ വരുമ്പോൾ മാത്രമാണ് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകൻ എന്നേയ്ക്കുമായി സ്കൂളിനോട് വിട പറഞ്ഞത് അറിയുന്നത് . കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന കുട്ടികളിൽ നിന്ന് നീന്തൽ പരിശീലനത്തിന്റെ ഫീസു വാങ്ങിയ മാനേജ്മെന്റുകൾ വരെയുണ്ട്. പ്രൈമറി സ്കൂളിലെ കുട്ടികൾക്കായി ഓൺലൈൻ ക്ലാസുകൾ എന്ന പ്രഹസനം നടത്തുന്നത് ഫീസു വാങ്ങാനുള്ള ഉപാധി മാത്രമാണ് . പക്ഷേ കുട്ടികളിൽ നിന്ന് ഫീസ് വാങ്ങാൻ അമിതോത്സാഹം കാട്ടുന്ന മാനേജ്‌മെന്റ് അധ്യാപനം മാത്രം ഉപജീവനമായി കാണുന്ന ജീവനക്കാരോട് നിഷേധാത്മക സമീപനമാണ് കാട്ടുന്നത്.

പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള സ്കൂളുകൾ പണിതുയർത്തുന്ന മാനേജ്മെൻ്റുകൾ ജീവനക്കാർക്ക് യാതൊരു പരിഗണനയും നൽകുന്നില്ല. പല പ്രമുഖ സ്കൂളുകളിലും കോവണിപ്പടിയുടെ കീഴിലാണ് സ്റ്റാഫ് റൂം . തിരുവനന്തപുരം കിളിമാനൂരിൽ ബന്ധു മരിച്ചതിനെത്തുടർന്ന് ഒരു ദിവസം അവധിയെടുത്ത ടീച്ചറെ പ്രിൻസിപ്പാൾ മുടി കുത്തിന് പിടിച്ച് അടിച്ചത് വിവാദമായിരുന്നു. ഇതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ ശാരീരിക പീഡനത്തിന് വിധേയയായ അധ്യാപിക പ്രസ്തുത സ്കൂളിൽ പഠിപ്പിച്ചിരുന്നുവെന്ന് സാക്ഷി പറയാൻ പോലും സഹ അധ്യാപകർ തയ്യാറായില്ല. ആരെങ്കിലും സാക്ഷി പറഞ്ഞാൽ എല്ലാവരുടെയും ജോലി തെറിക്കുമെന്നായിരുന്നു മാനേജ്മെൻ്റിൻ്റെ ഭീഷണി. കൊല്ലത്ത് ഒരു സ്കൂൾ ടീച്ചറെ മതിയായ കാരണങ്ങളില്ലാതെ പിരിച്ചു വിട്ടതിനെ തുടർന്ന് നടന്ന സമരത്തിൽ മാനേജ്മെൻറ് ചർച്ചയ്ക്ക് തയ്യാറാകാതെ വന്നതിനെ തുടർന്ന് സ്കൂൾ ടീച്ചർ കൈ ഞരമ്പ് മുറിച്ച വേദനാജനകമായ സംഭവം ഉണ്ടായി . ജീവിക്കാൻ മറ്റു നിവൃത്തി ഒന്നുമില്ലാതിരുന്ന ടീച്ചർ എൻറെ ചോര കണ്ടെങ്കിലും മാനേജ്മെൻറ് ചർച്ചയ്ക്ക് തയ്യാറാകട്ടെ എന്നാണ് കൈ ഞരമ്പ് മുറിച്ച സംഭവത്തെക്കുറിച്ച് പറഞ്ഞത്. തൃശൂർ ചേർപ്പ് ശ്രീ കോകിലം പബ്ലിക് സ്കൂളിൽ 15 വർഷം വരെയുള്ള ടീച്ചേഴ്സിന് മതിയായ കാരണമില്ലാതെ പിരിച്ചുവിട്ടതിനെ തുടർന്നുള്ള സമരം അടുത്തയിടെയാണ് ഒത്തുതീർപ്പായത്. പേപ്പർ വാല്യുവേഷനും മറ്റുമായി രാത്രി 12 മണി വരെ ജോലിചെയ്യുന്ന ജീവനക്കാർക്ക് 10 വർഷം വരെ സർവീസ് ഉണ്ടെങ്കിലും 7000 ത്തിൽ താഴെമാത്രമാണ് ശമ്പളമെന്ന് അൺ എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ പ്രമുഖ സംഘടനയായ KUSTU വിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി വേണു കട്ടക്കിൽ ചൂണ്ടിക്കാട്ടി. അൺ എയ്ഡഡ് മേഖലയിൽ നടക്കുന്ന കഴുത്തറപ്പൻ ചൂഷണത്തിൻ്റെ ആഴവും വ്യാപ്തിയും പൊതുസമൂഹത്തിൻറെ മുമ്പിൽ എത്തിക്കുക എന്നത് ഇന്നിൻറെ ആവശ്യകതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പഴുവിൽ ശ്രീ ഗോകുലം സ്കൂൾ അധ്യാപക സമരത്തിൽ നിന്നുള്ള ദൃശ്യം

അൺ എയ്ഡഡ് സ്കൂളുകളിൽ സിബിഎസ്ഇ, ഐസിഎസ്ഇ, കേരളാ സിലബസുകളിലായി ഏതാണ്ട് രണ്ടര ലക്ഷത്തോളം ജീവനക്കാർ ജോലിചെയ്യുന്നുണ്ട് .ഇതിൽ ഏറ്റവും ശോചനീയമായ സേവന വേതന വ്യവസ്ഥയിലൂടെ കടന്നു പോകുന്നത് എയ്ഡഡ് സ്കൂളുകളോട് അനുബന്ധിച്ചുള്ള അൺ എയ്ഡഡ് പ്രീ പ്രൈമറി സ്കൂൾ അധ്യാപകർ തന്നെയാണ്. ഈ ജീവനക്കാരൊക്കെ കേന്ദ്ര ഗവൺമെൻറിൻറെ കീഴിലാണോ അതോ സംസ്ഥാന ഗവൺമെൻറ് കീഴിലാണോയെന്ന കടുത്ത ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളെ നിയന്ത്രിക്കാൻ സംസ്ഥാന ഗവൺമെൻറിൻറെ ഭാഗത്തുനിന്ന് എന്തെങ്കിലും നടപടി ഉണ്ടായാൽ തങ്ങൾ സംസ്ഥാന ഗവൺമെൻ്റിൻ്റെ നിയന്ത്രണത്തിന് വിധേയമല്ലെന്നാണ് സ്കൂളുകളുടെ വാദം. ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന ഷിബു ബേബിജോൺ അൺ എയ്ഡഡ് മേഖലയിലെ ജീവനക്കാർക്ക് മിനിമം വേതനം നടപ്പാക്കാൻ കരടു ബിൽ അവതരിപ്പിക്കാൻ നീക്കമുണ്ടായെങ്കിലും പല ഭാഗത്തു നിന്നുള്ള സമ്മർദ്ദങ്ങളെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ 600 ഇന കർമ്മപരിപാടിയിൽ അൺ എയ്ഡഡ് മേഖലയിലെ ജീവനക്കാർക്ക് മിനിമം വേതനം നടപ്പാക്കാനുള്ള സമഗ്ര നിയമനിർമ്മാണം ഉൾപ്പെടുത്തിയിരുന്നെങ്കിലും ഇതിനോടകം നടപടികളൊന്നും ഉണ്ടായിട്ടില്ല . പ്രൈമറി സ്കൂൾ ടീച്ചേഴ്സിന് 10000 , ഹൈസ്കൂൾ ടീച്ചേഴ്സ് 15000 ,ഹയർസെക്കൻഡറി ടീച്ചേഴ്സിന് 20000 പ്രാരംഭ വേതനമായി നൽകണമെന്ന കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവുണ്ടെങ്കിലും മാനേജ്മെൻ്റുകൾ കണ്ടഭാവം നടിക്കുന്നില്ല . അൺ എയ്ഡഡ് മേഖലയിലെ ജീവനക്കാർ തൊഴിൽവകുപ്പിൻ്റെ കീഴിലാണോ, വിദ്യാഭ്യാസവകുപ്പിൻ്റെ കീഴിലാണോ എന്നു പോലും ഈ മേഖലയിൽ ജോലിചെയ്യുന്നവർക്ക് വ്യക്തതയില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ പ്രമുഖ സ്ഥാനം വഹിക്കുന്നത് സാമുദായിക സംഘടനകളാണ്. ആരോഗ്യരംഗത്തെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. സാമുദായിക സംഘടനകളുടെ സ്വാധീനത്തിലും സമ്മർദ്ദത്തിലും വഴങ്ങി നിരവധി പതിറ്റാണ്ടുകളായി കേരളത്തിലേ വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് തുച്ഛമായ വേതനം നൽകി അമിത ലാഭം ആണ് സ്വകാര്യമേഖല കൈക്കലാക്കിയിരുന്നത്. സൂര്യനസ്തമിക്കുന്നത് മുമ്പ് അധ്വാനിച്ചവന് അർഹമായ വേതനം നൽകണമെന്ന ബൈബിൾ വാക്യവും അധ്വാനിക്കുന്നവന് അവൻറെ വിയർപ്പ് ആറുന്നതിന് മുമ്പ് പ്രതിഫലം നൽകണമെന്ന ഖുറാൻ അനുശാസനവും മറന്നുകൊണ്ടാണ് വിവിധ ക്രിസ്ത്യൻ സഭകൾ , മുസ്ലിം സംഘടനകൾ, എൻ എസ് എസ് , എസ് എൻ ഡി പി ,മാതാ അമൃതാനന്ദമയിയുടെ ട്രസ്റ്റുകൾ , ശ്രീ രവിശങ്കറിൻെറ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ സാമുദായിക സംഘടനകളും , മറ്റു സ്വകാര്യ മാനേജ്മെന്റുകളുടെയും പ്രവർത്തനം . ആരോഗ്യരംഗത്തെ തൊഴിൽ ചൂഷണത്തിന് വളരെയധികം തടയിടാൻ നേഴ് സുമാരുടെ സംഘടിത ശേഷിക്ക് സാധിച്ചു . നേഴ് സുമാരുടെ വഴിയേ , സ്വകാര്യമേഖലയിലെ അൺ എയ് ഡഡ് അധ്യാപകരും സംഘടിക്കുകയാണ് ഇന്നിന്റെ ആവശ്യം . അതുപോലെതന്നെ സ്വകാര്യ അൺ എയ്ഡഡ് സ് കൂളുകളിലെ അധ്യാപക അനധ്യാപക ജീവനക്കാർക്ക് ഒരു മിനിമം വേതനം നടപ്പാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടാകണം. കുട്ടികളെ പഞ്ചനക്ഷത്ര സ് കൂളുകളിലേയ്ക്ക് അയക്കുന്ന മാതാപിതാക്കൾ അവർക്ക് വിദ്യ പകർന്ന് നൽകുന്ന അധ്യാപകർക്ക് ഉപജീവനത്തിനാവശ്യമായ മാന്യമായ വേതനം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.

 

 ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്.

മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

 

 

 

Copyright © . All rights reserved