Travel

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശികളായ മുൻ സൈനികൻ സി.പി. മോഹനന്റെ നേതൃത്വത്തിൽ ആരംഭിച്ച ഭാരതപര്യടനസംഘം 13,000 കിലോമീറ്ററിലധികം യാത്ര പൂർത്തിയാക്കി കേരളത്തിലേക്ക് മടങ്ങുന്നു. ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ഉൾപ്പെടുന്ന മൂന്നംഗ സംഘം ഇന്ത്യയുടെ ചരിത്രവും പൈതൃകവും സംസ്കാരവും പ്രകൃതിവൈവിധ്യവും നേരിട്ടറിയുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച യാത്രയുടെ അവസാനഘട്ടത്തിലാണ്. സെപ്റ്റംബർ 12 ശനിയാഴ്ചയോടെ കേരളത്തിൽ തിരിച്ചെത്തുമെന്ന് യാത്രയ്ക്ക് നേതൃത്വം നൽകുന്ന സി.പി. മോഹനൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.


കേരളത്തിൽ നിന്ന് യാത്ര ആരംഭിച്ച് ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു–കശ്മീർ, ലഡാക്ക് തുടങ്ങിയ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച സംഘം അമൃത്സറിലെ ജാലിയൻവാലാബാഗ്, ഗോൾഡൻ ടെംപിൾ, അട്ടാരി–വാഗാ അതിർത്തി, പഹൽഗാം, ശ്രീനഗറിലെ ദാൽ തടാകം, മുഗൾ ഗാർഡൻ, ശങ്കരാചാര്യ മന്ദിർ, ഖാർദുങ് ലാ, പാങ്ങോങ് തടാകം തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ചരിത്രവും ജനജീവിതവും സംസ്കാരവും അടുത്തറിയുന്നതിനൊപ്പം യാത്രയിലുടനീളം വ്യത്യസ്ത ഭൂപ്രകൃതികളും ജീവിതരീതികളും സംഘം അനുഭവിച്ചറിഞ്ഞു.

ഉത്തരാഖണ്ഡിലെ യാത്രയും സംഘത്തിന്റെ ഭാരതപര്യടനത്തിലെ പ്രധാന അനുഭവങ്ങളിലൊന്നായിരുന്നു. കേദാർനാഥ് മന്ദിർ, ബദ്രിനാഥ് മന്ദിർ, ഗംഗോത്രി, യമുനോത്രി തുടങ്ങിയ പ്രധാന തീർഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച സംഘം ഹരിദ്വാറിലെയും ഋഷികേശിലെയും ആത്മീയ–സാംസ്കാരിക പൈതൃകവും അടുത്തറിഞ്ഞു. ഹിമാലയൻ മലനിരകളുടെ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശങ്ങളിലെ പ്രകൃതിഭംഗിയും തീർഥാടന സംസ്കാരവും നേരിൽ അനുഭവിച്ചറിഞ്ഞത് യാത്രയ്ക്ക് വേറിട്ട അനുഭവമായി.

യാത്രയുടെ ഭാഗമായി ഡൽഹിയിലെ റെഡ് ഫോർട്ട്, കുത്തുബ്മിനാർ, ജുമാ മസ്ജിദ്, ഇന്ത്യാ ഗേറ്റ്, കർത്തവ്യപഥ്, രാഷ്ട്രപതി ഭവൻ എന്നിവിടങ്ങളിലും സംഘം സന്ദർശനം നടത്തി. മുഗൾകാല പൈതൃകവും സ്വാതന്ത്ര്യസമര ചരിത്രവും ആധുനിക ഇന്ത്യയുടെ ഭരണകേന്ദ്രവും ഒരേ നഗരത്തിൽ അടുത്തറിയാൻ കഴിഞ്ഞത് യാത്രയിലെ ശ്രദ്ധേയമായ അനുഭവങ്ങളിലൊന്നായി. രാത്രിയിൽ ദേശീയപതാകയുടെ നിറങ്ങളിൽ പ്രകാശിച്ച ഇന്ത്യാ ഗേറ്റും കർത്തവ്യപഥും സംഘത്തിന്റെ യാത്രയിലെ വേറിട്ട കാഴ്ചയായി. ആഗ്രയിലെ ലോകപ്രശസ്ത താജ്മഹലും സംഘം സന്ദർശിച്ചു. മുഗൾ വാസ്തുവിദ്യയുടെ വിസ്മയമായി അറിയപ്പെടുന്ന താജ്മഹൽ നേരിൽ കാണാനായത് യാത്രയിലെ ശ്രദ്ധേയമായ അനുഭവങ്ങളിലൊന്നായി.

ആദ്യം യാത്രാപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന നേപ്പാൾ സന്ദർശനം വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ സാഹചര്യങ്ങൾ കാരണം റദ്ദാക്കുകയായിരുന്നു. ഇതിന് പുറമെ ഇറാൻ സന്ദർശിക്കാനും സംഘം പദ്ധതിയിട്ടിരുന്നെങ്കിലും വിസയുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാൽ യാത്ര സാധ്യമായില്ല. യാത്രയിൽ ചില മാറ്റങ്ങൾ വന്നെങ്കിലും ഇന്ത്യയിലെ പരമാവധി പ്രദേശങ്ങൾ സന്ദർശിച്ച് യാത്ര പൂർത്തിയാക്കുകയെന്ന ലക്ഷ്യവുമായി സംഘം മുന്നോട്ട് പോവുകയായിരുന്നു.

ഓഗസ്റ്റ് 9-ന് പായിപ്പാട്ടിൽ നിന്ന് ആരംഭിച്ച യാത്രയാണ് 13,000 കിലോമീറ്ററിലധികം പിന്നിട്ട് ഇപ്പോൾ കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. രാജ്യത്തിന്റെ ചരിത്രവും പൈതൃകവും സംസ്കാരവും പ്രകൃതിയും ജനജീവിതവും നേരിട്ടറിയുന്നതിനൊപ്പം ദേശീയ ഐക്യം, മതസൗഹാർദം, രാജ്യസ്നേഹം എന്നീ സന്ദേശങ്ങൾ പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മൂന്നംഗ സംഘത്തിന്റെ ഭാരതപര്യടനം. ശനിയാഴ്ച കേരളത്തിലെത്തുന്നതോടെ ആഴ്ചകളോളം നീണ്ട ഈ ദീർഘയാത്രയ്ക്ക് സമാപനമാകും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശികളായ മുൻ സൈനികൻ സി.പി. മോഹനന്റെ നേതൃത്വത്തിൽ ആരംഭിച്ച ഭാരതപര്യടനസംഘം ഇതിനകം “70,00 കിലോമീറ്ററിലധികം” പിന്നിട്ടു. ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ഉൾപ്പെടുന്ന സംഘം രാജ്യത്തിന്റെ ചരിത്രവും പൈതൃകവും സംസ്കാരവും പ്രകൃതിവൈവിധ്യവും നേരിട്ടറിയുകയെന്ന ലക്ഷ്യത്തോടെയാണ് യാത്ര തുടരുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പ്രധാന ചരിത്ര, സാംസ്കാരിക, വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചാണ് സംഘത്തിന്റെ മുന്നേറ്റം.

പഞ്ചാബിലെ “അമൃത്സറിലെ ജാലിയൻവാലാബാഗ്” സന്ദർശനം യാത്രയിലെ പ്രധാന അനുഭവങ്ങളിലൊന്നായി. 1919 ഏപ്രിൽ 13-ന് നടന്ന ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ ഓർമകൾ ഇന്നും സൂക്ഷിക്കുന്ന ഈ സ്ഥലം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വേദനാജനകമായ അധ്യായത്തിന്റെ സാക്ഷ്യമാണ്. തുടർന്ന് അമൃത്സറിലെ “ഗോൾഡൻ ടെമ്പിളിലും” സംഘം സന്ദർശിച്ചു . സിഖ് മതവിശ്വാസികളുടെ പ്രധാന തീർഥാടനകേന്ദ്രമായ ശ്രീ ഹർമന്ദിർ സാഹിബിന്റെ സ്വർണനിറത്തിലുള്ള വാസ്തുവിദ്യയും ചുറ്റുമുള്ള അമൃതസരോവറും സംഘത്തിന് വേറിട്ട അനുഭവമായി.

തുടർന്ന് അട്ടാരി–വാഗാ അതിർത്തിയിലെത്തിയ സംഘം ഇന്ത്യ–പാക്കിസ്ഥാൻ അതിർത്തിയിലെ പ്രത്യേക അന്തരീക്ഷവും ബീറ്റിങ് റിട്രീറ്റ് ചടങ്ങും നേരിൽ കണ്ടു. ഇരു രാജ്യങ്ങളുടെയും സൈനികർ പങ്കെടുക്കുന്ന ആവേശകരമായ പരേഡ് അതിർത്തിയിലെ പ്രധാന ആകർഷണമാണ്. തുടർന്ന് ജമ്മു–കശ്മീരിലേക്ക് കടന്ന സംഘം “പഹൽഗാം” സന്ദർശിച്ചു. ലിദ്ദർ നദിയും പച്ചപ്പാർന്ന താഴ്‌വരകളും മലനിരകളും ചേർന്ന പ്രകൃതിഭംഗിയാണ് പഹൽഗാമിന്റെ പ്രത്യേകത. ശ്രീനഗറിലെ “ദാൽ തടാകവും” സംഘം സന്ദർശിച്ചു. ശിക്കാരകളും ഹൗസ്‌ബോട്ടുകളും മഞ്ഞുമലകളുടെ പശ്ചാത്തലവും ദാൽ തടാകത്തെ കശ്മീരിലെ ഏറ്റവും ശ്രദ്ധേയമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാക്കുന്നു.

കശ്മീരിലെ മുഗൾ ഗാർഡനും ശ്രീ ശങ്കരാചാര്യാ മന്ദിറും സംഘത്തിന്റെ യാത്രാപട്ടികയിലെ മറ്റൊരു പ്രധാന ഘട്ടമായി. ചിട്ടയായ ടെറസ് ഉദ്യാനങ്ങളും ജലധാരകളും പൂന്തോട്ടങ്ങളും മുഗൾകാല ഉദ്യാനനിർമാണത്തിന്റെ പ്രത്യേകതകൾ ഓർമിപ്പിക്കുന്നതാണ്. ശ്രീനഗർ നഗരത്തിന് മുകളിലെ ശങ്കരാചാര്യ മലനിരയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം പുരാതന ശൈവപാരമ്പര്യവുമായി ബന്ധപ്പെട്ടതാണ്. ഇവിടെനിന്നുള്ള ശ്രീനഗർ നഗരത്തിന്റെയും ദാൽ തടാകത്തിന്റെയും വിശാലമായ കാഴ്ചയും യാത്രികർ ആസ്വദിച്ചു. ലോകത്തിലെ ഏറ്റവും ഉയരമുള്ള മോട്ടോറബിൾ പാസുകളിൽ ഒന്നായ, സമുദ്രനിരപ്പിൽ നിന്ന് 17,982 അടി ഉയരത്തിലുള്ള ഖാർദുങ് ലായിലെത്തിയത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായതായി സംഘാംഗങ്ങൾ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. സിയാച്ചിന്റെ കവാടമായി ആണ് ഇവിടെ അറിയപ്പെടുന്നത്.

 

പാങ്ങോങ് തടാകത്തിന്റെ നീലിമ നേരിൽ കണ്ടത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ് സന്ദർശകർക്ക് സമ്മാനിച്ചത്. ഏകദേശം 14,270 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ തടാകത്തിന്റെ 1/3 ഭാഗം ഇന്ത്യയുടെയും 2/3 ഭാഗം ചൈനയുടെയും നിയന്ത്രണത്തിലാണ്. ഇന്ത്യ-ചൈന അതിർത്തി സംഘർഷങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന ഈ പ്രദേശം ചരിത്രപരമായും തന്ത്രപ്രധാനമായും ഏറെ ശ്രദ്ധേയമാണ്.

കഴിഞ്ഞ ഓഗസ്റ്റ് 9-ന് ചങ്ങനാശ്ശേരി പായിപ്പാട്ടിൽ നിന്നാണ് സി.പി. മോഹനന്റെ നേതൃത്വത്തിലുള്ള ഭാരതപര്യടനത്തിന് തുടക്കമായത്. ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ഒപ്പമുണ്ട്. കേരളത്തിൽനിന്ന് യാത്ര ആരംഭിച്ച് ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു–കശ്മീർ, ലഡാക്ക് തുടങ്ങി വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച സംഘം ഇതിനകം 70,00 കിലോമീറ്ററിലധികം പിന്നിട്ടു. ഇന്ത്യയുടെ ചരിത്രവും പൈതൃകവും സംസ്കാരവും ജനജീവിതവും അടുത്തറിയുന്നതിനൊപ്പം ദേശീയ ഐക്യം, മതസൗഹാർദം, രാജ്യസ്നേഹം എന്നീ സന്ദേശങ്ങൾ പങ്കുവയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് യാത്ര തുടരുന്നത്.

 

ചങ്ങനാശ്ശേരി: പായിപ്പാട് സ്വദേശികളായ മുൻ സൈനികൻ സി.പി. മോഹനന്റെ നേതൃത്വത്തിൽ നടക്കുന്ന ഭാരത പര്യടന സംഘം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം രാജസ്ഥാനിലെ ചരിത്രപ്രസിദ്ധമായ ജയ്‌സൽമേർ കോട്ടയിൽ ആഘോഷിച്ചു. ഓഗസ്റ്റ് 9-ന് ചങ്ങനാശ്ശേരി പായിപ്പാട്ടിൽ നിന്ന് യാത്ര തിരിച്ച സംഘം ഇതിനോടകം 3500 കിലോമീറ്ററിലധികം ദൂരം പിന്നിട്ടു.

ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ഉൾപ്പെടുന്ന സംഘത്തിന്റെ യാത്ര കേരളത്തിൽ നിന്ന് ആരംഭിച്ച് നോർത്ത് ഗോവ, ഗുജറാത്തിലെ അഹമ്മദാബാദ്, സബർമതി ആശ്രമം, സ്റ്റാച്യു ഓഫ് യൂണിറ്റി, വുഡ് ഫോസിൽ പാർക്ക്, വൈറ്റ് ഡെസേർട്ട്, ഗ്രേറ്റ് റൺ ഓഫ് കച്ച് എന്നിവ സന്ദർശിച്ചാണ് മുന്നേറിയത്. ഭുജിന് വടക്കായി വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഉപ്പുമരുഭൂമികളിലൊന്നായ ഗ്രേറ്റ് റൺ ഓഫ് കച്ച് സംഘത്തിന് വ്യത്യസ്തമായ അനുഭവമായി. ഇന്ത്യയുടെ ചരിത്രവും സംസ്കാരവും നേരിട്ട് അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ സംസ്ഥാനങ്ങളിലെ പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കുന്നത്.

 

സിന്ധു നദീതട നാഗരികതയുടെ അവശേഷിപ്പുകളുമായി ബന്ധപ്പെട്ട ഹാരപ്പ–മൊഹൻജൊദാരോ പ്രദേശങ്ങളും സംഘം സന്ദർശിച്ചു. തുടർന്ന് പഞ്ചാബിലെ അമൃത്സർ, വാഗാ അതിർത്തി, ജമ്മു–കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, നേപ്പാൾ എന്നിവിടങ്ങളിലേക്കാണ് യാത്ര തുടരുക. രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്കാരവും പൈതൃകവും ജനജീവിതവും അടുത്തറിയുന്നതിനൊപ്പം ദേശീയ ഐക്യം, മതസൗഹാർദം, രാജ്യസ്നേഹം എന്നീ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പര്യടനം മുന്നേറുന്നത്.

 


“`

ചങ്ങനാശേരി പായിപ്പാട് സ്വദേശികളായ മൂന്ന് പേർ രാജ്യത്തിന്റെ വൈവിധ്യവും സംസ്കാര സമ്പത്തും നേരിട്ട് അനുഭവിച്ചറിയാനും ദേശീയ ഐക്യത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനുമായി ഒരു മാസത്തിലേറെ നീളുന്ന ഭാരത പര്യടനത്തിന് തുടക്കം കുറിക്കുന്നു. മുൻ സൈനികനായ സി.പി. മോഹനന്റെ നേതൃത്വത്തിൽ ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ചേർന്നാണ് യാത്ര നടത്തുന്നത്. ഓഗസ്റ്റ് 9-ന് ആരംഭിക്കുന്ന പര്യടനം ടാറ്റാ ഹാരിയർ വാഹനത്തിലാണ് നടത്തുക.

“ഇന്ത്യയെ കൂടുതൽ അടുത്തറിയുക, നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശം പ്രചരിപ്പിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യമെന്ന് സംഘാംഗങ്ങൾ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. കേരളത്തിൽ നിന്ന് പുറപ്പെടുന്ന സംഘം മംഗളൂരു, ഗോവ, ഗുജറാത്തിലെ കച്ച്, രാജസ്ഥാൻ, അമൃത്സർ, വാഗാ അതിർത്തി, ജമ്മു , കാശ്മീർ , ലേ,ലഡാക്ക്, ഹിമാചൽ പ്രദേശിലെ കുളു–മണാലി, ധർമ്മശാല, ഉത്തരാഖണ്ഡ്, നേപ്പാൾ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കും. വിവിധ സംസ്ഥാനങ്ങളിലെ ജനജീവിതം, സംസ്കാരം, ചരിത്രപൈതൃകം, അതിർത്തി പ്രദേശങ്ങളിലെ ജീവിതസാഹചര്യങ്ങൾ എന്നിവ നേരിൽ മനസ്സിലാക്കുന്നതിനും രാജ്യത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ വൈവിധ്യം രേഖപ്പെടുത്തുന്നതിനുമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച അനുഭവസമ്പത്തുള്ള സി.പി. മോഹനൻ ദേശീയബോധവും രാജ്യസ്നേഹവും യുവതലമുറയിൽ വളർത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനങ്ങളുമായി സംവദിക്കുകയും ദേശീയ ഐക്യം, മതസൗഹാർദം, പരസ്പര ബഹുമാനം എന്നിവയുടെ സന്ദേശം പങ്കുവയ്ക്കുകയും ചെയ്യും. ഒരു മാസത്തിലേറെ നീളുന്ന ഈ ഭാരത പര്യടനം വ്യക്തിഗത യാത്ര മാത്രമല്ല, രാജ്യത്തിന്റെ ആത്മാവിനെ അടുത്തറിയാനും “ഒരേ ഇന്ത്യ, ഒരേ മനസ് എന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കാനുമുള്ള സാമൂഹിക ദൗത്യമാണെന്ന് സംഘാംഗങ്ങൾ പറഞ്ഞു. യാത്രയുടെ കൂടുതൽ വിശേഷങ്ങൾ വിവിധ ഘട്ടങ്ങളിൽ മലയാളം യുകെയിലൂടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

ടോം ജോസ് തടിയംപാട്,ജോസ് മാത്യു .

പ്രകൃതിയുടെ വികൃതികൾ യഥാർത്ഥത്തിൽ കാണണമെങ്കിൽ ഐസ് ലാൻഡിൽ തന്നെ പോകണം ഒരു വശത്തു ഐസ് കട്ടപിടിച്ചു കാലങ്ങളായി ഒഴുക്കു നിലച്ചു കിടക്കുന്ന നദികൾ. മറുവശത്തു പൊട്ടിയൊഴുകാൻ റെഡിയായി നിൽക്കുന്ന അഗ്നി പർവ്വതങ്ങൾ , മറ്റൊരിടത്തു അഗ്നി പർവ്വതങ്ങൾ പൊട്ടുന്നതുപോലെ ഉയരത്തിലേക്കു കുതിച്ചുയരുന്ന അഗ്നിയേക്കാൾ ചൂടുള്ള വെള്ളം (Geyser) ഇതിനിടയിൽ അന്തരീഷം തണുത്തുറഞ്ഞു നിൽക്കുന്നു. മനുഷ്യർ രണ്ടു കണ്ണുകൾ ഒഴിച്ച് മുഴുവൻ മൂടികെട്ടിയാണ് നടക്കുന്നത്. ഇതൊക്കെ ആണെങ്കിലും അവിടുത്തെ ജീവിതസൗകര്യങ്ങൾ യൂറോപ്പിനെ കടത്തിവെട്ടുന്നതാണ് . റോഡുകൾ വീതികുറഞ്ഞവയാണെങ്കിലും വളരെ നന്നായി പരിരക്ഷിക്കുന്നുണ്ട്. നല്ല വീടുകളും മറ്റുസൗകര്യങ്ങളും അവിടുത്തെ മനുഷ്യർക്കുണ്ട് .

ഭൂമിയിൽ നിന്നും കുതിച്ചുയരുന്ന ചൂടുവെള്ളം തേർമ്മൽ പ്ലാന്റിൽ എത്തിച്ചു വൈദുതി ഉൽപ്പാദിപ്പിക്കുന്നു അതുകൂടാതെ ഗ്യസ് ഉൽപ്പാദിപ്പിച്ചു വലിയ പൈപ്പുകളിലൂടെ പട്ടണങ്ങളിൽ എത്തിച്ചു വീടുകളെ ഉഷ്മളമാക്കുന്നു . Geyser ൽ ഉയരുന്ന വെള്ളം ഉപയോഗിച്ചു അന്താരാഷ്ട്ര നിലവാരമുള്ള നീന്തൽ കുളങ്ങൾ നിർമ്മിച്ചു ടൂറിസ്റ്റുകളെ ആകർഷിക്കുന്നു. കൃഷിയും പെട്രോളും ഒന്നും ഇല്ലെങ്കിലും രാഷ്ട്രം സമ്പന്നമായി നിൽക്കുന്നു. ആറ്റമിക് പ്ലാൻറ്റുകൾ വൈദുതി ഉൽപ്പാദനത്തിന് കൂടുതലും ഉപയോഗിക്കുന്നത് . കൂടുതൽ മനുഷ്യരും നോർവീജിൻ വർഗ്ഗത്തിൽ പെട്ടവരാണെങ്കിലും മറ്റു ഇതര സമൂഹങ്ങളും അവിടെയുണ്ട് അവരുടെ ഭാഷ ഐസ് ലാന്റിക്ക് ആണെങ്കിലും എല്ലാവർക്കും ഇംഗ്ലീഷ് നന്നായി അറിയാം. അവിടെ ചെല്ലുന്ന ആർക്കും ഒരു യൂറോപ്പ്യൻ രാജ്യത്തു ചെല്ലുന്ന അനുഭവമാണ് ഉണ്ടാകുന്നത് .

കുറ്റകൃത്യങ്ങൾ വളരെ കുറവായിരുന്നതിനാൽ ലോകത്തിലെ സമാധാനരാജ്യങ്ങളിൽ ഒന്നായി ഐസ് ലാൻഡ് എണ്ണപ്പെടുന്നു . അഗ്നി പർവ്വതങ്ങൾ ഉള്ളതുകൊണ്ടും ഐസും മഞ്ഞുകട്ടയും ഉൾപ്പെട്ട കട്ടിയുള്ള വെള്ളം ഒഴുകുന്നതുകൊണ്ടു ” Land of ice and fire “എന്ന ഇരട്ടപ്പേരിൽ ഐസ് ലാൻഡിനെ അറിയപ്പെടുന്നു .

രാവിലെ ഞങ്ങൾ പ്രഭാത ഭക്ഷണം കഴിച്ചു കോച്ചിൽ കയറി യാത്ര ആരംഭിച്ചു കുറെ സമയത്തെ യാത്രക്ക് ശേഷം ബസ് ഒരു വലിയ അഗ്നി പർവ്വതത്തിനരികിൽ എത്തി .Eyjafjallajökull എന്നാണ് ഈ പർവ്വതത്തിന്റെ നാമം. ആ പരിസരം മുഴുവൻ ലാവ പരന്നു ഒഴുകിയിരിക്കുന്നതു കാണാം. ഈ അഗ്നി പർവ്വതം 2010 ഏപ്രിൽ 14 മുതൽ 20 വരെ പുറത്തേക്കു വിട്ട ചാരം അന്തിരിക്ഷത്തെ മുഴുവൻ മലിനസമാക്കി യൂറോപ്പിലെ 20 രാഷ്ട്രങ്ങൾ അവരുടെ എയർ സ്‌പേസ് അടച്ചു. ഒരു കോടിയോളം വിമാന യാത്രക്കാരെ ഈ പർവതം ബുദ്ധിമുട്ടിച്ചു. ഐസ് ലാൻഡിൽ നിന്നുയർന്ന ചാരം ഇങ്ങു സ്കോട്ട് ലാൻഡ് വരെ എത്തി. പിന്നീട് ഒഴുകിയ ലാവ അവിടുത്തെ ഗ്രാമങ്ങളെ തന്നെ ഇല്ലാതാക്കി . എല്ലാ മനുഷ്യരെയും അപകടമുണ്ടാകുന്നതിനുമുൻപേ മാറ്റി പാർപ്പിച്ചു .

പർവ്വതത്തിൽ നിന്നുയർന്ന ചാരത്തിന്റെയും തീ ജ്വാലകളുടെയും ചിത്രങ്ങൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പിന്നീട് ഞങ്ങൾ പോയത് ഒരു നദി മുഴുവൻ ഐസ് വന്നു മൂടി കിടക്കുന്നതു കാണുന്നതിനുവേണ്ടിയാണ് ഞങ്ങൾ ബസ് പാർക്ക് ചെയ്ത സ്ഥലംവരെ നേരത്തെ ഐസ് മൂടികിടന്നതാണെന്നും കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ഇവിടെയുണ്ടായിരുന്ന ഐസ് മലകൾ ഉരുകി ഒഴുകി പോയതാണെന്നും ഗൈഡ് പറഞ്ഞു. നദിയിൽ നിറഞ്ഞു നിൽക്കുന്ന ഐസ് മലയുടെ അടുത്തുപോയി കണ്ടു അവിടെ ധാരാളം വിവിധ രാജ്യങ്ങളിൽ ഉള്ള ആളുകൾ ഐസ് മല സഞ്ചാരികൾ (Glacier hike) എത്തിയിരുന്നു ഗൈഡുകളുടെ സഹായത്തോടെ നമുക്കും മഞ്ഞുമലകളിലൂടെ നടന്നുപോകാം. പക്ഷെ അതിനു നേരത്തെ ബുക്ക് ചെയ്തു അനുവാദം വാങ്ങണം. അതിനുള്ള ഉപകരണങ്ങളൂം അവിടെനിന്നു ലഭിക്കും കൂടുതലും യുവാക്കളാണ് ഈ ഉദ്യമത്തിന് മുതിരുന്നതായി കണ്ടത് .

അവിടെനിന്നും ഞങ്ങൾ ബ്ലാക്ക് ബീച്ച് കാണാൻ പോയി അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ ഭാഗമാണ് ഈ ബീച്ച്. അഗ്നി പർവ്വതം പൊട്ടി ഒഴുകിവന്നു സ്വയം നിർമിച്ച ഒരു മല അവിടെ കാണാം . അതിമനോഹരമാണ് ഈ ബീച്ച് ,ഐസ് ലാൻഡിലെ ഏറ്റവും അപകടം പിടിച്ച ബീച്ചാണ് അതി ശ്കതമായ കാറ്റു നമ്മളെ കൊണ്ടുപോയി കടലിൽ വിഴിച്ചേക്കാം അതുകൊണ്ടു ആളുകൾ സമുദ്രത്തിനടുത്തേക്കു പോകരുതെന്ന് നിർദേശിക്കുന്ന ബോർഡുകൾ അവിടെ സ്ഥാപിച്ചിട്ടുണ്ട് കറുത്ത മണലുകളാണ് ഈ ബീച്ചിൽ ഉള്ളത് അതുകൊണ്ടാണ്‌ ഇതിനെ ബ്ലാക്ക് ബീച്ച് എന്നറിയപ്പെടാൻ കാരണം ഐസ് ലാൻഡിനെ ചുറ്റി നിൽക്കുന്ന അറ്റ്ലാന്റിക് സമുദ്രം വളരെ അപകടകാരിയാണ് എന്ന് കഴിഞ്ഞ ആർട്ടിക്കിളിൽ സൂചിപ്പിച്ചിരുന്നു അതുകൊണ്ടു തന്നെ ഷിപ്പിംഗ് ഐസ് ലാൻഡിന്റെ ഭാഗത്തുകൂടി കഴിയില്ല .

തുടർന്ന് ഞങ്ങൾ പോയത് seljalandsfoss waterfall കാണാനായിരുന്നു ഇവിടുത്തെ പ്രകൃതിയെ അതിമനോഹരമായി സംരക്ഷിക്കുന്നതിൽ ഇവിടുത്തെ ജനങ്ങളും സർക്കാരും എത്രയോ പ്രതിജ്ഞാബദ്ധരാണ് എന്ന് ഈ സ്ഥലങ്ങൾ കാണുമ്പോൾ നമുക്ക് അറിയാൻ കഴിയും ഈ വെള്ളച്ചാട്ടം അതി മനോഹരമായിരുന്നു . പിന്നീട് ഞങ്ങൾ ഐസ് ലാൻഡിലെ ഏറ്റവും വലിയ പള്ളിയായ Hallgrímskirkja പള്ളി കാണുന്നതിനുവേണ്ടി പോയി ഇതു ഒരു ലൂഥറൻ പള്ളിയാനാണ് .1945 പണി തുടങ്ങിയ പള്ളിപണി പൂർത്തീകരിച്ചത് 1986 ൽ ആയിരുന്നു പള്ളിയുടെ അകത്തു രൂപങ്ങൾ ഒന്നും കാണാനില്ലായിരുന്നു പള്ളി രൂപകൽപ്പന ചെയ്തിരിക്കുന്നത് ഐസ്‌ലന്റിലെ അഗ്നി പർവ്വതങ്ങളെയും പ്രകൃതിയെയും സംസ്ക്കാരത്തെയും എല്ലാം ഉൾപ്പെടുത്തിയാണ്.

അവിടെനിന്നും ഞങ്ങൾ തിരിച്ചുവന്നു ഹോട്ടലിൽ വിശ്രമിച്ച ശേഷം 7 മണിയോടെ skylagoon ലേക്ക് പോയി ഇതു റൈക്കാവിക്കു പട്ടണത്തിനോട് ചേർന്ന് കിടക്കുന്ന അറ്റ്ലാന്റിക്ക് സമുദ്രത്തോട്‌ ചേർന്ന് നിർമിച്ചിരിക്കുന്ന അതിമനോഹരമായ സിമ്മിങ് പൂളാണ് .. പ്രകൃതിയിൽ നിന്നും വരുന്ന ചൂടുള്ള വെള്ളം ഉപയോഗിച്ചു പ്രകൃതിദത്തമായി നിർമിച്ചിരിക്കുന്നതാണിത് , നൂറുകിക്കിന് ആളുകൾക്ക് ഒരേ സമയം ഇവിടെ നീന്തി തുടിക്കാം . പൂളിൽ നീന്തികൊണ്ട് നമുക്ക് മദ്യ൦ മോന്തി രസിക്കുവാൻവേണ്ടി ബാറുകൾ പൂളിൽ കൃമികരിച്ചിട്ടുണ്ട്, പൂളിൽ നീന്തിയ ശേഷം ശരീരത്തു ഉപ്പു ലായനി പുരട്ടി സോണയിൽ ഇരുന്നു ശരീരം ചൂടാക്കി സൾഫർ കൂടുതലുളള പ്രകൃതി ഒരുക്കിയ ചൂടുവെള്ളത്തിൽ കുളിച്ചാൽ തൊലിപ്പുറമെയുള്ള രോഗങ്ങൾക്ക് ശാന്തികിട്ടുമെന്നാണ് അവിടെനിന്നും അറിയുന്നത് എന്താണെകിലും ഞങ്ങൾ രണ്ടുമണിക്കൂർ പൂളിൽ നീന്തി തുടിച്ചു . എല്ലാവരും പൂളിൽ കിടന്നു ബിയർ കുടിച്ചസ്വദിച്ചു . പൂളിലെ നീന്തൽ എല്ലാവർക്കും പുതിയൊരു അനുഭവമായിരുന്നു പൂളിനുള്ളിൽ സ്ത്രീയും പുരുഷനും ഒന്നിച്ചാണ് നീന്തുന്നത് അതിൽ . ഒരുക്കിയിരിക്കുന്ന സാങ്കേതിക വിദ്യ അപാരം തന്നെ, നമ്മൾ അവിടെപ്രവേശിക്കുമ്പോൾ കൈയിൽ കെട്ടാൻ തരുന്ന സ്ട്രാപ്പ്,സ്കാൻ ചെയ്താൽ നമുക്ക് എന്തും വാങ്ങാം കുളി കഴിഞ്ഞിറങ്ങുമ്പോൾ പണം അടച്ചാൽ മതി .

ഈ രാജ്യത്തിന്റെ പ്രധാന ആകർഷണം ,ചരിത്രവും നോർത്തേൺ ലൈറ്റ്സ് എന്ന പ്രതിഭാസവും പ്രകൃതിദത്തമായ സിമ്മിങ് പൂളുമാണ് .സൂര്യനിൽ നിന്നും വിരമിക്കുന്ന ചെറിയ കണികകൾ ആകാശത്തിലെ വാദകങ്ങളുമായി കൂട്ടിമുട്ടി ഭൂമിയുടെ ഉപരിതലത്തിൽ അതിശയിപ്പിക്കുന്നതും ,വളരെ ആകർഷകവുമായ പല നിറങ്ങളിൽ (പച്ച, നീല, ചുവപ്പു )സ്വാഭാവികമായി സംഭവിക്കുന്ന പ്രതിഫസമാണ് നോർത്തേൺ ലൈറ്റ്സ് .ഇതു രാത്രികാലങ്ങളിൽ കാണുന്നത് വളരെ മനോഹരവും കണ്ണഞ്ചിപ്പിക്കുന്നതുമാണ് ലോകത്തിലെ വിവിധഭാഗങ്ങളിൽ നിന്നും ഇതു കാണാമെങ്കിലും ഏറ്റവും മനോഹരമായി കാണാവുന്നത് ഐസ് ലാൻഡിൽ നിന്നുമാണ് അതിനാൽ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ ഇതുകാണുവാൻ ഐസ് ലാൻഡിൽ എത്തുന്നു .

ഹൃദയത്തിൽ തീ പുകഞ്ഞുപൊങ്ങുമോളും വെള്ള പുതച്ചു ഹൃദയത്തിലെ തീ ആരെയും കാണിക്കാതെ ഐസ് ലാൻഡ് എന്ന സുന്ദരി നൈർമലിയ ഹൃദയമുള്ള ഒരു അമ്മയെപ്പോലെ ലോകത്തെ മുഴുവൻ ടൂറിസ്റ്റുകളെയും സന്തോഷിപ്പിച്ചു കൊണ്ട് അവൾ ജൈത്രയാത്ര തുടരുന്നു. .
യാത്ര വിവരണം അവസാനിച്ചു .

ടോം ജോസ് തടിയംപാട് ,ജോസ് മാത്യു

നവംബർ മൂന്നാം തീയതിയിൽ ഞങ്ങൾ 35 അംഗങ്ങൾ ഉൾപ്പെടുന്ന മലയാളി സംഘം വൈകുന്നേരം യു കെയിൽ നിന്നു പുറപ്പെട്ടു. രണ്ടരമണിക്കൂർ യാത്ര ചെയ്തു ഐസ് ലാൻഡിന്റെ തലസ്ഥാനമായ റെയ്ക്കാവിക്കിലെ കെഫ്‌ലാവിക് എയർപോർട്ടിൽ എത്തി. അവിടെനിന്നും ഒരു മണിക്കൂർ യാത്രചെയ്തു തലസ്ഥാനമായ കെർക്കവികിലെ ഹോട്ടലിൽ എത്തിയപ്പോൾ ഏകദേശം രാത്രി 9 മണിയായിരുന്നു. വഴിനീളെ റോഡിൽ വീണുകിടന്ന ഐസ് കൂനകൾ കാണാമായിരുന്നു, കഴിഞ്ഞദിവങ്ങളിൽ ശക്തമായ ഐസ് വീഴ്ചയിൽ ഗതാഗതം തടസപ്പെട്ടിരുന്നു. പിന്നീട് ഐസ് മാറ്റിയാണ് ഗതാഗതം സ്ഥാപിച്ചത് എന്ന് ഗൈഡ് ക്രിസ്റ്റി പറഞ്ഞു.

രാത്രിയിൽ ഭക്ഷണം കഴിഞ്ഞു ഞങ്ങൾ എല്ലാവരും പരസ്പരം പരിചയപ്പെട്ടശേഷം റൂമിലേക്ക് പോയി .
രാവിലെ 8 മണിക്ക് എല്ലാവരും റെഡിയായി ബസിൽ കയറണമെന്നു ടൂർ ഓപ്പറേറ്റർ ആഷിൻ സിറ്റിയുടെ ഡയറക്ടർ ജിജോ മാധവപ്പള്ളി രാത്രിയിൽ അറിയിച്ചിരുന്നു . ഞങ്ങൾ 7 മണിക്ക് പ്രഭാതഭക്ഷണം കഴിച്ചു എട്ടുമണിക്കു കോച്ചിൽ കയറി . ഞങ്ങളുടെ ഗൈഡ് ക്രിസ്റ്റി ഐസ് ലാൻഡിനെപ്പറ്റി ഒരു ഹൃസ്വ വിവരണം ഞങ്ങൾക്ക് നൽകി. ആർട്ടിക് സമൂദ്രത്തിനും ,നോർത്ത് അറ്റ്ലാന്റിക് സമൂദ്രത്തിനും ഇടയിലാണ് ഐസ് ലാൻഡ് സ്ഥിതി ചെയ്യുന്നത് . 4 ലക്ഷമാണ് ആകെ ജനസംഖ്യ അതിൽ 2’40000 വും തലസ്ഥാനമായ കെർക്കവികിലാണ് താമസിക്കുന്നത് .

A D 874 ലാണ് ആദ്യമായി ഐസ് ലാൻഡിൽ മനുഷ്യർ എത്തിയതെന്നും നോർവേയിൽ നിന്നുവന്ന ഇൻഗ്ലോഫർ എന്ന ഗോത്രത്തലവൻ ആയിരുന്നു അതിനു നേതൃത്വം കൊടുത്തതെന്നും ,ലോകത്തിലെ ആദ്യത്തെ പാർലമെൻറ് AD 930 ഐസ് ലാൻഡിലെ തിങ്‌വെല്ലിർ നാഷണൽ പാർക്കിലാണ് ആരംഭിച്ചതെന്നും പിന്നീട് തലസ്ഥാനമായ റെയ്ക്കാവിക്കിലെക്കു മാറ്റിയെന്നും ,ഐസ് ലാൻഡ് എന്നുപറയുന്നത്. അഗ്‌നിപർവ്വതങ്ങളുടെ നാടാണെന്നും 30 അഗ്‌നി പർവ്വതങ്ങൾ ഇപ്പോഴും അക്ക്റ്റിവ് ആയി നിലനിൽക്കുന്നു എന്നും അഗ്‌നി പർവ്വതങ്ങൾ പൊട്ടിത്തെറിച്ചു ആയിരക്കണക്കിനു വർഷങ്ങൾകൊണ്ട് രൂപപ്പെട്ട യൂറോപ്പിലെ വലിയ ദീപാണ് ഐസ് ലാൻഡ് എന്നും ഇവിടുത്തെ പ്രധാന വരുമാനം ടൂറിസവും .മീൻപിടുത്തവും പിന്നെ അലുമിനിയം ഉൽപ്പാദനവുമാണ് എന്നൊക്കെ വിശദീകരിച്ചു.

ആദ്യകാലത്ത് ഐസ് ലാൻഡിൽ ഉണ്ടായിരുന്ന ജീവി കുറുക്കൻ മാത്രമായിരുന്നു. ഇപ്പോൾ കുതിരയും പശുക്കളും ആടുകളും. കൃഷി ചെയ്യുന്നു ആകെ കുറ്റിച്ചെടികൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത് ഇപ്പോൾ കാണുന്ന പൈൻ മരങ്ങളും മറ്റു ചെറിയ മരങ്ങളും എല്ലാം പുറത്തു നിന്ന് വന്നതാണ് .കൊറോണ ബാധിക്കാത്ത സ്ഥലം ആയിരുന്നു ഐസ് ലാൻഡ് കാരണം ദീപായിരുന്നത് കൊണ്ട് വളരെ പെട്ടെന്ന് അവിടേക്കുള്ള പ്രവേശനം അടക്കാൻ കഴിഞ്ഞുവെന്നും ക്രിസ്റ്റി പറഞ്ഞു .

1100 ൽ ആണ് ക്രിസ്റ്റിയാനിറ്റി ഐസ് ലാൻഡിൽ എത്തിയത് സമാധാനപരമായിട്ടാണ് ഇവിടെ ക്രൈസ്തവ പരിവർത്തനം നടന്നതെന്നും ഇപ്പോൾ 72.4 % ലൂഥറൻ സഭ വിശ്വാസികളാണെന്നും 4 % കാത്തലിക് വിശ്വാസികൾ ആണെന്നും ഗൈഡ് പറഞ്ഞു .

രണ്ടാം ലോകമഹായുദ്ധം ലോകത്തിനു മുഴുവൻ കെടുതികളാണ് സംഭാവന ചെയ്തതെങ്കിലും അതിലൂടെ നേട്ടം കൊയ്ത ഒരു രാജ്യമാണ് ഐസ് ലാൻഡ്. യുദ്ധസമയത്ത് യുദ്ധവിമാനങ്ങൾക്കു ഇന്ധനം നിറയ്ക്കാൻ അമേരിക്കയും ബ്രിട്ടനും പണികഴിപ്പിച്ച എയർപോർട്ട് പിന്നീട് അവരുടെ യാത്രയ്ക്ക് അനുഗ്രഹമായിമായി മാറി അതിലൂടെ പിന്നീട് ടൂറിസം വർധിപ്പിക്കാൻ കഴിഞ്ഞു. ചുറ്റും കടലാണെങ്കിലും ഷിപ്പിംഗ് ഗതാഗതം സാധ്യമല്ല. കാരണം ഐസ്‌ലൻഡിനും ചുറ്റുമുള്ള നോർത്ത് അറ്റ്ലാന്റിക്ക് സമുദ്രം അത്രമാത്രം പ്രഷുബ്ധമാണ്. കപ്പലുകൾ വന്നാൽ അപകടം ഉറപ്പാണ് അതുകൊണ്ടു ദീപിനു പുറത്തേക്കുള്ള യാത്രക്കുള്ള ഏക ആശ്രയം വിമാനം മാത്രമാണ് .

എല്ലാ സാധനങ്ങളും ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യമാണ് ഐസ് ലാൻഡ് കൃഷി ചെയ്യാൻ കഴിയില്ല കാരണം വർഷത്തിൽ മൂന്നുമാസം ജൂൺ ജൂലൈ ,ഓഗസ്റ്റ് ,മാത്രമാണ് സൂര്യനെ കാണാൻ കഴിയുന്നത് ആ സമയത്തു പോലും ചൂട് 13 നും 20 സെന്റിഗ്രേയ്‌ഡിനും ഇടയിൽ മാത്രമാണ് അനുഭവപ്പെടുന്നത്. പകൽ വെളിച്ചം രാവിലെ 9 മണിമുതൽ 3 മണിവരെയാണ് അനുഭവപ്പെടുന്നത് .

തിങ്‌വെല്ലിർ നാഷണൽ പാർക്കിലൂടെ ബസ് കടന്നുപോയപ്പോൾ അവിടുത്തെ വിണ്ടുകീറി കിടക്കുന്ന ഭൂമിയുടെ വിടവ് ഒരു രണ്ടു സെന്റിമീറ്റർ വച്ച് വർഷം വർദ്ധിക്കുന്നു വെന്നും അവിടെയാണ് ഭൂമിയുടെ tectonic plates സ്ഥിതി ചെയ്യുന്നതെന്നും ഗൈഡ് ചൂണ്ടികാണിച്ചു . AD 930 ലോകത്തിലെ ആദ്യത്തെ പാർലമെൻറ് നടന്ന സ്ഥലവും ഗൈഡ് ബസിൽ ഇരുന്നു ചൂണ്ടികാണിച്ചു ആ പ്രദേശമൊക്കെ ഇപ്പോൾ ഭൂമിശാസ്ത്രപരമായി സംരക്ഷണ മേഖലയാണ്. പോകുന്ന വഴിയിൽ ഐസ് ലാൻഡിലെ ഏറ്റവും വലിയ ആക്റ്റീവ് ആയി നിൽക്കുന്ന ഹെക്കല അഗ്നി പർവതം ബസിൽ ഇരുന്നു കണ്ടു അഗ്നി പർവ്വതത്തിന്റെ മുകൾഭാഗം മുഴുവൻ ഐസ് മൂടി കിടക്കുന്നു ഉള്ളിൽ ഒരുക്കുന്ന ലാവയുടെ ഒരു ലക്ഷണവും കാണിക്കാതെ അവൻ ശാന്തമായി നിൽക്കുന്നതായി തോന്നി .

പിന്നീട് ഐസ് ലാൻഡിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായ ഗൾഫോസ് വെള്ളച്ചാട്ടം കാണാൻ പോയി ഹവിത നദിയിലെ ഈ വെള്ളച്ചാട്ടം ഒരു അവിസ്‌മരണീയമായ കാഴ്ചയായിരുന്നു വെള്ളച്ചാട്ടത്തിനു അടുത്തേക്ക് ചെല്ലുമ്പോൾ ഉണ്ടാകുന്ന തണുപ്പ് അസഹനീയമായിരുന്നു. എല്ലാവരും ആ വെള്ളച്ചാട്ടത്തിന്റെ വിവിധ ചിത്രങ്ങൾ മൊബൈയിലിൽ പകർത്തി അവിടെനിന്നും യാത്രയായി, യാത്രയിൽ ഉടനീളം അഗ്നിപർവ്വതങ്ങൾ പൊട്ടിയൊഴുകിയ ലാവകൾ ഉറഞ്ഞുകൂടി കിടക്കുന്നതു കാണാമായിരുന്നു മരുഭൂമിപോലെ കിടക്കുന്ന ധാരാളം ഭൂമികൾ അവിടവിടങ്ങളിൽ കാണാമായിരുന്നു ഇതിനിടയിൽ ക്രമീകരിച്ചിരിക്കുന്ന ഗ്രീൻ ഹൗസുകളിൽ ആണ് അൽപ്പം കൃഷി നടക്കുന്നത്. വഴിയിൽ കുതിരകൾ മേയുന്നതു കാണാം പശുക്കളെയും ആടുകളെയും കാണാം ഐസ് ലാൻഡിലെക്കു ആർക്കും കുതിരയെ കൊണ്ടുവരാൻ കഴിയില്ല. അവിടുത്തെ കുതിരകളെ വാങ്ങികൊണ്ടുപോകാം പക്ഷെ കൊണ്ടു പോയാൽ പിന്നെ തിരിച്ചു കൊണ്ടുവരാൻ പറ്റില്ല കാരണം പുറത്തു നിന്നുള്ള ഒരു രോഗവും ഐസ് ലാൻഡിൽ പ്രവേശിക്കാതിരിക്കാനാണ് ഇങ്ങനെ ഒരു നിയമം നിർമ്മിച്ചിരിക്കുന്നത് .

പിന്നീട് ഞങ്ങൾ Skogafoss വെള്ളച്ചാട്ടം കാണാൻ പോയി അതിമനോഹരമായി സംരക്ഷിച്ചിരിക്കുന്ന വെള്ളച്ചാട്ടങ്ങൾ സഞ്ചാരികളെ നന്നായി ആകർഷിക്കും ഉച്ചക്ക് എല്ലാവരും തന്നെ ഐസ് ലാൻഡിലെ ഫിഷും ചിപ്പ്‌സും ഒക്കെ ആസ്വദിച്ചു വൈകുന്നേരം ഹോട്ടലിൽ തിരിച്ചുവന്നു എല്ലാവരും വിശ്രമിച്ചശേഷം ഐസ് ലാൻഡിലെ ഏറ്റവും ആകൃഷ്ണീയമായ നോർത്തേൺ ലൈറ്റ് കാണാൻ പോയി ഒരു മണിക്കൂർ വെയിറ്റ് ചെയ്താണ് ഞങ്ങൾ ലൈറ്റ് കണ്ടത് അവിടെ ചിലവഴിച്ച സമയത്തു തണുപ്പ് അസഹനീയമായിരുന്നു തിരിച്ചു ക്ഷീണിതരായി ഞങ്ങൾ ഹോട്ടലിൽ വന്നു കിടന്നുറങ്ങി യാത്രയിൽ ഉടനീളം തമാശുകൾ പറഞ്ഞു൦ ചിരിച്ചും കളിച്ചും സമയം പോയതറിഞ്ഞില്ല .
തുടരും .

ടോം ജോസ് ,തടിയംപാട് ,ജോസ് മാത്യു

കൊയോട്ടയിൽ നിന്നും ബുള്ളറ്റ് ട്രെയിനിൽ ഞങ്ങൾ ഹക്കോനായിലെക്കു യാത്രയായി, റെയിൽവേ സ്റ്റേഷനിൽ വലിയ തിരക്കുണ്ടായിരുന്നു. ബുള്ളറ്റ് ട്രെയിനിലെ യാത്ര എല്ലാവർക്കും ഒരു പുതിയ അനുഭവമായിരുന്നു , മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ ഓടുന്നത് ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾ മിഷിമ സ്റ്റേഷനിൽ എത്തി അവിടെ നിന്നും ബസിൽ ഹക്കോനായിൽ എത്തിച്ചേർന്നു . ഹാക്കനയിലെ അഷിനോക്കോ തടാകത്തിലൂടെയുള്ള ബോട്ടുയാത്ര അതിമനോഹരമായിരുന്നു. ഇടുക്കി ഡാം പോലെ മലകളാൽ ചുറ്റപ്പെട്ടതാണ് തടാകം. പിന്നീട് റോപ്പ് കാറിൽ കയറി വലിയൊരു മലയിലേക്കു പോയി. മലയുടെ മുകളിൽ ചെന്നപ്പോൾ കണ്ട മനോഹരമായ പ്രകൃതി മനോഹാരിത വിവരണനാതീതമാണ് . ഞങ്ങൾ ഹാകോനോയിൽ താമസിച്ച ഹോട്ടലും പരിസരവും പൂന്തോട്ടവും മറക്കാൻ കഴിയുന്നതല്ല .
ഹക്കോനോയിൽ നിന്നും പിറ്റേദിവസം ടോക്കിയോയിലേക്കു യാത്ര തിരിച്ചു പോകുന്ന വഴിയിൽ ജപ്പാനിലെ പരമ്പരാഗത ഗ്രാമവും ഫുജി പാർവ്വതവും കണ്ടു പാർവ്വതത്തെ പറ്റി മുൻപു എഴുതിയതുകൊണ്ടു ഇവിടെ വിവരിക്കുന്നില്ല .

State വിൽ withering away’ എന്ന് കമ്മ്യൂണിസം പഠിപ്പിക്കുന്നു എന്നാൽ സ്റ്റേറ്റിന്റെ സാന്നിധ്യം അനുഭപ്പെടാത്ത സ്ഥലമാണ് ജപ്പാൻ ,കാരണം ഒരു പോലീസുകാരനെയോ പോലീസ് വണ്ടിയോ റോഡിൽ കാണാനില്ല അതുകൊണ്ടു ഭകഷണം കഴിക്കാൻ വണ്ടിനിർത്തിയപ്പോൾ ഒരു പോലീസ് സ്റ്റേഷൻകണ്ടു നമ്മുടെ നാട്ടിലെ പെട്ടിക്കടയുടെ വലിപ്പമേ പോലീസ് സ്റ്റേഷന് ഉള്ളൂ . ഞാൻ ചെന്ന് പോലീസ് സ്റ്റേഷനിൽ മണിയടിച്ചു രണ്ടു പോലീസുകാർ ഓടിവന്നു അപ്പോൾ ഞാൻ പറഞ്ഞു ഇവിടുത്തെ പോലീസുകാരുടെ യൂണിഫോം കാണുന്നതിനു വേണ്ടിയാണു വന്നെതെന്ന് അവർ കുശലം പറഞ്ഞു കൂടെ നിന്ന് ഫോട്ടോയും എടുത്തു പിരിഞ്ഞു .

ഞങ്ങൾ ടോക്കിയോയിൽ എത്തി ടോക്കിയോ എന്നത് ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള പട്ടണമാണ് 1,43,0000 ജനസംഖ്യ . ഒരു വർഷം 19 .8 മില്യൺ സന്ദർശകർ ഈ പട്ടണം സന്ദർശിക്കുന്നു. ഫാഷൻ, ടെക്‌നോളജി ,രാഷ്ട്രീയം എന്നിവയുടെ കേന്ദ്രം കൂടിയാണിത്. ടോക്കിയോ ടവറിൽ കയറിനിന്നു ഞങ്ങൾ ടോക്കിയോ പട്ടണം ദർശിച്ചു. 1958 ൽ പണി പൂർത്തീകരിച്ച ടവറിനു 332.9 മീറ്ററാണ് ഉയരം . പാരിസിലെ ഈഫൽ ടവറിന്റെ മാതൃകയിലാണ് ഇതു പണിതിരിക്കുന്നത് ജപ്പാന്റെ ഭാഗ്യ നിറമായ ഓറഞ്ച് കളറിൽ ടവർ തിളങ്ങുകയാണ് . ആദ്യകാലത്തു റേഡിയോ ടവർ ആയിട്ടാണ് ഉപയോഗിച്ചിരുന്നത് ഇന്ന് ഇതുനിറയെ കടകളാണ് . പിന്നീട് ടോക്കിയോയിലെ രണ്ടാമത്തെ ഉയരം കൂടിയ കെട്ടിടത്തിൽ കയറി അതിലെ സുപ്പർമാർക്കറ്റിൽ ഷോപ്പിംഗ് നടത്തി..

48 നിലകളുള്ള അംബരചുംബികളായ സൗധം ഉൾപ്പെടെ ധരാളം കണ്ണെത്താത്ത കെട്ടിടങ്ങൾ നമുക്ക് ടോക്കിയോയിൽ കാണാം. ഇത്തരം കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ കണ്ട് ഞങ്ങൾ ഹോട്ടലിലേക്ക് പോയി. രാവിലെ ഞങ്ങൾ ജപ്പാൻ നാഷണൽ മ്യൂസിയം കാണുന്നതിന് പോയി മ്യൂസിയത്തിൽ ജപ്പാന്റെ പഴയകാല കലാസാംസ്കാരിക തനിമ പുലർത്തുന്ന ചിത്രങ്ങളും സ്തൂപങ്ങളും ബുദ്ധപ്രതിമകളിലൂടെയും ജപ്പാന്റെ സമ്പന്നമായ പ്രാചീന ചരിത്രം നമുക്ക് വായിച്ചെടുക്കാൻ കഴിയും .

ഞങ്ങളുടെ യാത്ര സംഘത്തിലെ ലിവർപൂൾ സ്വദേശി മേരി ജോർജിന്റെ അഭ്യർത്ഥന പ്രകാരം ഞങ്ങൾ ഒരു ക്രിസ്ത്യൻ പള്ളി കാണുകയുണ്ടായി ടോക്കിയോയിലെ സെയിന്റ് ഇഗ്‌നേഷന്സ് കത്തോലിക്ക പള്ളിയാണ് ഞങ്ങൾ സന്ദർശിച്ചത്. അവിടെ ചെല്ലുമ്പോൾ കുർബാന നടക്കുന്നുണ്ടായിരുന്നു. എല്ലാവരും കുർബാനയിൽ സംബന്ധിച്ചു. പള്ളിയിലെ ബഞ്ചിനു മുൻപിൽ ഭൂകമ്പം ഉണ്ടായാൽ എന്തുചെയ്യണം എന്ന മാർഗരേഖ വിവരിക്കുന്ന പേപ്പർ ഉണ്ടായിരുന്നു. കൂടാതെ എല്ലാ സീറ്റിലും ഭൂകമ്പം ഉണ്ടായാൽ ഉപയോഗിക്കേണ്ട ഹെൽമെറ്റും വച്ചിട്ടുണ്ട്.

ഈ പള്ളി രണ്ടാം ലോകയുദ്ധത്തിന് ബോംബ് വീണു തകർന്നുപോയതാണ് പിന്നീട് പുനരുദ്ധീകരിച്ചു പള്ളിയുടെ മണി യുദ്ധാനന്തരം പട്ടാളം ഉപയോഗിച്ച തോക്ക് ഉരുക്കി ഉണ്ടാക്കിയതാണ് എന്നാണ് അറിയുന്നത്. ഇതിലൂടെ യുദ്ധത്തിനെതിരെ മനസാക്ഷി ഉയർത്തുക എന്നതാണ് ഉദ്ദേശിക്കുന്നതെന്നു അവിടെ വച്ച് കണ്ടുമുട്ടിയ മലയാളി ജെസ്യൂട്ട് വൈദികൻ കോട്ടയം പാല സ്വാദേശി ഫാദർ ബിനോയ് ജെയിംസ് പറഞ്ഞു. അദ്ദേഹം ഞങ്ങളെ പള്ളിയും സെമിത്തേരിയും കൊണ്ടുപോയി കാണിച്ചു. പള്ളിയുടെ താഴെയുള്ള നിലയിലാണ് സെമിത്തേരി. അവിടെ മൃതദേഹങ്ങൾ കത്തിച്ച ശേഷം ചാരം ഒരു ബോക്സിൽ സൂക്ഷിക്കുന്നു നാട്ടിലെ പോലെ മണ്ണിൽ കുഴിച്ചിടാറില്ല അതാണ് അവിടുത്തെ നിയമം …40 വർഷം മുൻപാണ് ഈ നിയമം പ്രാബല്യത്തിൽ വന്നതെന്ന് എന്ന് ഫാദർ പറഞ്ഞു . നിരന്തരം ഭൂകമ്പത്തെ നേരിടുന്ന ഒരു ജനതയാണ് ടോക്കിയോയിൽ ഉള്ളതെന്ന് ഫാദർ കൂട്ടിച്ചേർത്തു ..

1549 ൽ ജെസ്യൂട്ട് മിഷനറീസ് ജപ്പാനിൽ എത്തിയെങ്കിലും വലിയരീതിയിൽ ആളുകളെ പരിവർത്തനം ചെയ്യാൻ കഴിഞ്ഞില്ല എന്നാൽ ഫ്രാൻസിസ് സേവ്യറിന്റെ സംഘം ജപ്പാനിൽ എത്തി മത പരിവർത്തനം നടത്തുകയും ജപ്പാന്റെ തനതു മതമായ ഷിന്ടോ മതത്തിന്റെ അമ്പലങ്ങൾ തകർക്കുകയും ബുദ്ധ ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ചെയ്തു എന്നാൽ ഇതിനു തിരിച്ചടിയായി ക്രിസ്ത്യൻസിനു നേരെ നടന്ന ആക്രമണത്തിൽ ഒട്ടേറെ വൈദികരെയും മിഷനറിമാരെയും കൊന്നൊടുക്കുകയും 1700 ആയപ്പോൾ ക്രിസ്‌ത്യൻ സമൂഹം പൂർണ്ണമായി നിരോധിച്ചു പിന്നീട് വിശ്വാസികൾ രഹസ്യമായിട്ടാണ് പ്രാർത്ഥിച്ചിരുന്നത് . 1871 ബ്രിട്ടീഷ് നേവി ഓഫീസർ ആയിരുന്ന ക്യാപ്റ്റൻ ഹെർബെർട് ക്ലിഫ്‌ഫോർഡിന്റെ പ്രവർത്തനഫലമായി ക്രിസ്ത്യാനികൾക്ക് നിയമപരിരക്ഷ ലഭിക്കുകയും അവിടെ പ്രവർത്തിക്കാൻ അനുമതി ലഭിക്കുകയും ചെയ്തു ജനസംഖ്യയിൽ 1.1 % മാത്രമാണ് ക്രിസ്ത്യൻസ് ഇന്നുള്ളത് .

 

മറ്റൊരു കാഴ്ചയാണ് ടോക്കിയോയിലെ ബീച്ചിൽ സ്ഥപിച്ചിരിക്കുന്ന Statue of Liberty , ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ചിഹ്നമായി ടോക്കിയോ ബീച്ചിനെ ഈ പ്രതിമ അലങ്കരിക്കുന്നു .1999 ൽ ഫ്രഞ്ച് ജനത ജപ്പാൻ ജനതയ്ക്ക് നൽകിയതാണിത്..അമേരിക്കയിലെ Statue of Liberty യുടെ തനിപ്പകർപ്പാണിത് .

വൈകുന്നേരം ഹോട്ടലിൽ എത്തിയ ഞങ്ങൾ രാത്രിയിലെ ഭക്ഷണം കഴിക്കാൻ പോയത് പാരമ്പര്യ മലയാളി വസ്ത്രങ്ങൾ അണിഞ്ഞാണ് ഞങ്ങൾ റോഡിലൂടെ നടന്നപ്പോൾ ജപ്പാൻകാർക്കു അതൊരു പുതിയ കാഴ്ചയായിരുന്നു റെസ്റ്റോറന്റിൽ എത്തി ഭക്ഷണം കഴിച്ചു അവിടെ വച്ച് കൂട്ടത്തിൽ വിവാഹവാർഷികം ആഘോഷിക്കുന്നവരും ജന്മ ദിനം ആഘോഷിക്കുന്നവരും ചേർന്ന് കേക്ക് മുറിച്ചു. തിരിച്ചു ഹോട്ടലിൽ ചെന്ന് ഇത്രയും ആസ്വാദ്യജനകമായ ഒരു യാത്ര സംഘടിപ്പിച്ചതിനു ആഷിൻ സിറ്റി ടൂർ ആൻഡ് ട്രാവെൽസ് ഉടമ ജിജോ മാധവപ്പിള്ളിയോട് നന്ദി പറഞ്ഞു, ഞങ്ങളുടെ മൂന്നുദിവസത്തെ ടോക്കിയോ സന്ദർശനവും 10 ദിവസത്തെ ജപ്പാൻ സന്ദർശനവും അവസാനിപ്പിച്ച് യു കെ യിലേക്ക് തിരിച്ചു .

10 ദിവസത്തെ ഞങ്ങളുടെ ജപ്പാൻ സന്ദർശനത്തിൽനിന്നും മനസ്സിലായി ജപ്പാൻ ജനത വളരെ അധ്വാനശീലരും, ചിട്ടയായും ആത്മാർഥമായും ജോലി ചെയ്യുന്നവരും, രാജ്യസ്നേഹികളും, ശാന്തശീലരും ആണെന്ന്. മറ്റുള്ളവരെ ഉപദ്രവിയ്ക്കുകയോ, അന്യരുടെ മുതൽ നശിപ്പിക്കുമായോ , ഉത്പാദനം കുറയും തക്കവിധം കമ്പനികളിൽ സമരമൊ, പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുകയില്ല. അവരുടെ ആഹാരരീതിയും വളരെ വ്യത്യസ്ഥമാണ്. ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, മൽസ്യം, മാംസം – എല്ലം ഉള്ള സമീക്രത ആഹാരമാണ് അവർ കഴിക്കുന്നത്. കൂടാതെ അമിതമായി ആഹാരം കഴിക്കുകയില്ല. 75% വയർ നിറയെ മാത്രമെ ആഹാരം കഴിക്കുകയുള്ളു. അതുകൊണ്ടായിരിക്കാം ഞങ്ങൾ അമിത വണ്ണക്കാരെയോ കുടവയർ ഉള്ളവരെയോ ജപ്പാനിൽ കണ്ടില്ല.

അവരുടെ ജീവിതശൈലിയും ആഹാരരീതിയും കൊണ്ടായിരിക്കാം 100 വയസിനു മുകളിൽ ആരോഗ്യത്തോടുകൂടി ജീവിക്കുന്നവരുടെ എണ്ണം വളരെകൂടുതാണ് ജപ്പാനിൽ … അവരുടെ രാജ്യസ്നേഹം മൂലം ജപ്പാൻകാർ മറ്റു രജ്യങ്ങളിൽ പോയി ജോലി ചെയ്യുന്നത് വളരെ വിരളമാണ്. അതുപോലെ പുറം രാജ്യക്കാർ ജപ്പാനിൽ ജോലി ചെയ്യുന്നതും വളരെ കുറവാണു. അലസമായി അവർ തെരുവുകളിൽകൂടി അലഞ്ഞു നടക്കാറില്ല. ബാറുകൾ വിരളമായി ഉണ്ടെകിലും മദ്യപാനം അവർക്കു കുറവാണു. ഭിക്ഷക്കാരെ കാണാനില്ല , ഭക്ഷണം വെയ്സ്റ്റ് ആക്കുന്ന ശീലം അവർക്കില്ല ,വ്യായാമം അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ഞങ്ങൾ താമസിച്ച മിക്ക ഹോട്ടലുകളിലും ജിം, സ്പാ, നീന്തൽ കുളങ്ങൾ എന്നിവ ഉണ്ടായിരുന്നു.

ഞങ്ങളുടെ ഗ്രൂപ്പിൽ 95% ആൾക്കാരും ജോലിയിൽ നിന്നു വിരമിച്ചവർ അല്ലെങ്കിൽ 60 വയസിൽ കൂടുതൽ ഉള്ളവർ ആയിരുന്നു. ഈ യാത്രയിൽ ആർക്കും യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളോ ,ആരും തമ്മിൽ അഭിപ്രായ വ്യത്യസങ്ങളോ ഉണ്ടായില്ല എന്നത് വലിയൊരു സന്തോഷമായി മാറി. 20/25 വര്‍ഷം മുൻപ് യുകെയിൽ കുടിയേറിയവരാണ് എല്ലാവരും അന്ന് ഒട്ടേറെ ബാധ്യതകൾ എല്ലാവർക്കും ഉണ്ടായിരുന്നു . കുടുംബം പുലർത്താൻ കഠിനാധ്വാനം ചെയ്യണം , നാട്ടിൽ വീട് വക്കണം, മാതാപിതാക്കൾക്ക് പണം അയക്കണം ഇങ്ങിനെ പല ഉത്തരവാദിത്യങ്ങൾ ഉള്ളതിനാൽ വിനോദ സഞ്ചാരത്തിനൊ, സുഖമായി /ആർഭാടമായി ജീവിക്കാനോ സാധിച്ചില്ല. എന്നാൽ ഇപ്പോൾ എല്ലാ ഉത്തരവാദിത്യങ്ങളും തീർന്നു , മക്കൾ എല്ലാം പഠിച്ചു ജോലിയായി, അതുകൊണ്ടു സമ്പാദിച്ച പണംകൊണ്ട് ഇപ്പോൾ മിക്കവരും വേൾഡ് ടൂർ നടത്തുകയാണ്. “Life is short, enjoy it. Tomorrow is not guaranteed, so live today” എന്ന ആശയം എല്ലാവരും ഉൾക്കൊണ്ടു എന്ന് തോന്നുന്നു. “If you have dream to achieve, forget age, you will become young” എന്ന അബ്ദുൽ കലാമിന്റെ വാക്കുകൾ എല്ലാവരും പിന്തുടരുന്നതായി തോന്നി .

ഞങ്ങളുടെ യാത്രയെ പൊട്ടിച്ചരിപ്പിക്കുന്ന നർമ്മം കൊണ്ട് സമ്പന്നമാക്കിയ റാണി ,ഉഷ ,സണ്ണി രാഗാമാലിക .ഫിലിപ്പ് ,ജിജോ മാധവപ്പള്ളി .എന്നിവരെയും ഞങ്ങളുടെ ഗൈഡ് ആയി പ്രവർത്തിച്ച ജാക്ക് ,കെൻ ,ഹെന്ന ,എന്നിവരെയും നന്ദിയോടെ ഓർക്കുന്നു .യാത്രാവിവരണം അവസാനിച്ചു .

ഹിരോഷിമ, ദുരന്തത്തിന്റെയും മനുഷ്യ കരുത്തിൻെറയും സമാധാനത്തിൻെറയും വിളഭൂമി . ജപ്പാൻ യാത്രാ വിവരണം… ഭാഗം 1

 

 

വിശുദ്ധ പർവ്വതവും ദൈവ പുത്രനായ ചക്രവർത്തിയും. ജപ്പാൻ ഇടുക്കിപോലെ മലകളുടെ നാട്. ജപ്പാൻ യാത്രാ വിവരണം… ഭാഗം 2

മാനുകൾ ദൈവത്തിന്റെ സന്ദേശകർ,ലോകത്തിലെ ഏറ്റവും വലിയ തടികൊണ്ടു നിർമ്മിച്ച ബുദ്ധക്ഷേത്രവും, പ്രതിമയും. ജപ്പാൻ യാത്രാ വിവരണം…ഭാഗം 3

കുറുക്കൻ ദൈവവും, കൊയോട്ടോ എന്ന ജപ്പാന്റെ സാംസ്‌കാരിക തലസ്ഥാനവും കിമോണോ ധരിക്കലും . ജപ്പാൻ യാത്രാ വിവരണം…നാലാം ഭാഗം

 

ടോം ജോസ് തടിയംപാട് ,ജോസ് മാത്യു

ജപ്പാൻ എന്നുപറയുന്നത് പ്രധാനപ്പെട്ട നാലു ദീപുകളുടെ സമുച്ചയമാണ് പന്ത്രണ്ടര കോടിയാണ് ജനസംഖ്യ. ജപ്പാന്റെ മതസാഹോദര്യവും സഹിഷണ്ണതയും ലോകം മാതൃകയാക്കേണ്ടതാണ് ജപ്പാൻ ചക്രവർത്തിയുടെ മതമായ ഷിന്ടോ മതത്തിന്റെ അനുയായികളാണ് 48.6 %. വിദേശ മതമാണെങ്കിലും രണ്ടാമത്തെ പ്രബലമായ മതമാണ് ബുദ്ധമതം. ഇതിനു 46.4 % അനുയായികളാണ് ഉള്ളത്. ക്രിസ്ത്യൻ 1.1 ശതമാനവും മറ്റെല്ലാ മതങ്ങളും കൂടി 4 % മാണുള്ളത്.  അതും 95 % കുടിയേറി വന്നവരും എന്നിട്ടും ബിൽലാദൻ ജപ്പാനെ ആക്രമിക്കും എന്ന് പറഞ്ഞെങ്കിലും ജപ്പാനിൽ ഇസ്ലാമിക ആക്രമണം ഇതുവരെ ഉണ്ടായില്ല എന്നാണ് അറിയുന്നത് .

എന്തുകൊണ്ടാണ് ഷിന്ടോ മതവും ബുദ്ധിസവും ചേർന്നുപോകുന്നതും ആ രാജ്യ൦ സമാധാനപരമായി പോകുന്നതും എന്ന് ചോദിച്ചാൽ അതിനുത്തരം ഈ രണ്ടു മതങ്ങൾക്കും മതപുസ്തകമോ കേന്ദ്രീകരിച്ച ദൈവങ്ങളോ ,പ്രവാചകന്മാരോയില്ല. ഇതിന്റെ രണ്ടിന്റെയും അടിത്തറ നിൽക്കുന്നത് പ്രകൃതി ആരാധനയിലും വ്യക്തി നവീകരണത്തിലുമാണ്. കൂടാതെ സ്വയമായി ഉരുത്തിരിഞ്ഞു വന്ന ഒരു കടുത്ത സാംസ്ക്കാരിക അടിത്തറ അവരുടെ സമൂഹത്തിനുണ്ട്. അത് തകർക്കാൻ സെമിറ്റിക്ക് മതങ്ങളായ സമാധാന മതങ്ങൾക്ക് അവിടെ ശക്തിയില്ല എന്നതാണ് ജപ്പാന്റെ സമാധാനത്തിന്റെ അടിത്തറ.

എന്താണ് രണ്ടു പ്രധാന മതങ്ങളുടെയും പഠിപ്പിക്കൽ എന്ന് നമുക്ക് നോക്കാം. പ്രകൃതിദത്ത ഘടകങ്ങൾ, പൂർവ്വികർ, ശ്രദ്ധേയരായ ചരിത്ര വ്യക്തികൾ എന്നിവയിൽ കാണപ്പെടുന്ന കാമി (ആത്മാക്കൾ അല്ലെങ്കിൽ ദേവതകൾ) ആരാധനയെ കേന്ദ്രീകരിച്ചുള്ള ജപ്പാനിലെ തദ്ദേശീയ മതമാണ് ഷിന്ടോ മതം . ഈ വിശ്വാസത്തിന് ഒരൊറ്റ സ്ഥാപകനോ വിശുദ്ധ ഗ്രന്ഥമോ ഇല്ല. കൂടാതെ ആചാരപരമായ ആചാരങ്ങൾ, ശുദ്ധീകരണം, ആരാധനാലയങ്ങളിലൂടെയും ചടങ്ങുകളിലൂടെയും ആത്മീയ ശക്തികളുമായുള്ള ബന്ധം നിലനിർത്തൽ എന്നിവയ്ക്ക് ഇത് പ്രാധാന്യം നൽകുന്നു.

നൂറ്റാണ്ടുകളായി വികസിച്ച പുരാതന ജാപ്പനീസ് ആത്മീയ ആചാരങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നുമാണ് ഷിന്റോ മതം ഉത്ഭവിച്ചത്. ഈ മതത്തിന് ഔപചാരിക സിദ്ധാന്തങ്ങളോ കർശനമായ ധാർമ്മിക നിയമങ്ങളോ ഇല്ല, പകരം ശരിയായ ആചാരങ്ങളിലൂടെയും ശുദ്ധമായ ഉദ്ദേശ്യങ്ങളിലൂടെയും മനുഷ്യരും കാമിയു൦ തമ്മിലുള്ള നല്ല ബന്ധം നിലനിർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

പൊതു ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിലൂടെയും കാമിദാന എന്നറിയപ്പെടുന്ന കുടുംബ ബലിപീഠങ്ങളിൽ ആരാധന നടത്തുന്നതിലൂടെയും ജാപ്പനീസ് ആളുകൾ ഷിന്റോ പരിശീലിക്കുന്നു. സാധാരണ സ്ഥലത്തിനും പവിത്ര സ്ഥലത്തിനും ഇടയിലുള്ള അതിർത്തി അടയാളപ്പെടുത്തുന്ന ടോറിൽ ഗേറ്റുകൾ പോലുള്ള വ്യതിരിക്തമായ വാസ്തുവിദ്യാ ഘടകങ്ങൾ ഈ പുണ്യസ്ഥലങ്ങളിൽ ഉണ്ട്. ആരാധനാലയങ്ങൾ അല്ലെങ്കിൽ ഒന്നിലധികം ഘടനകളുള്ള സമുച്ചയങ്ങൾ ഉൾക്കൊള്ളുന്നു. അവയുടെ വാസ്തുവിദ്യാ ശൈലികൾ പ്രധാനമായും ഹീയാൻ കാലഘട്ടത്തിലാണ് രൂപപ്പെട്ടത്. പൂജാരിമാർ ശുദ്ധീകരണ ചടങ്ങുകൾ നടത്തുന്നു. വഴിപാടുകൾ അർപ്പിക്കുന്നു. പ്രാദേശിക കാമിയെ അല്ലെങ്കിൽ ദേവതകളെ ബഹുമാനിക്കുന്ന സീസണൽ ഉത്സവങ്ങളിൽ പങ്കെടുക്കുന്നു.

ജാപ്പനീസ് സാമ്രാജ്യ കുടുംബം ഷിന്റോ പാരമ്പര്യങ്ങളുമായി ശക്തമായ ചരിത്ര ബന്ധങ്ങൾ നിലനിർത്തുന്നു.. സാമ്രാജ്യത്വ പാരമ്പര്യത്തിന്റെ പുരാണ പൂർവ്വികൻ എന്ന നിലയിൽ സൂര്യദേവതയായ അമതേരാസുവിന് പ്രത്യേക പ്രാധാന്യമുണ്ട്. ഷിന്റോ മതത്തിനു ജാപ്പനീസ് സാംസ്കാരിക സ്വത്വ൦ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കാണുള്ളത്. സീസണൽ ആഘോഷങ്ങൾ മുതൽ, പ്രകൃതിയോടുള്ള ആരാധന ഇതൊക്കെ ആധുനിക ജാപ്പനീസ് സമൂഹത്തിന്റെ സാംസ്ക്കാരിക മേന്മ രൂപപ്പെടുത്തുന്നതിനു സഹായിച്ചിട്ടുണ്ട് .

ആറാം നൂറ്റാണ്ടിൽ കൊറിയയിൽ നിന്ന് വന്ന ഒരു പ്രധാന വിശ്വാസ പാരമ്പര്യത്തെയാണ് ജപ്പാനിലെ ബുദ്ധമതം പ്രതിനിധീകരിക്കുന്നത്, നാല് ഉത്തമസത്യങ്ങളിലൂടെയും ജ്ഞാനോദയത്തിലേയ്ക്കുള്ള പാത പഠിപ്പിക്കുന്നതിലൂടെയും ഷിന്റോ പാരമ്പര്യങ്ങളുമായി സഹവർത്തിക്കുമ്പോൾ തന്നെ ധ്യാനരീതികൾ, ക്ഷേത്ര ആചാരങ്ങൾ, ദാർശനിക പഠിപ്പിക്കലുകൾ എന്നിവ ജാപ്പനീസ് ബുദ്ധമതം സംയോജിപ്പിക്കുന്നു.

നൂറ്റാണ്ടുകളായി ജാപ്പനീസ് സംസ്കാരവുമായി പൊരുത്തപ്പെടുന്ന ബുദ്ധമതം, ജാപ്പനീസ് സമൂഹത്തെ രൂപപ്പെടുത്തുന്ന വ്യത്യസ്തമായ സ്കൂളുകളും ആചാരങ്ങളും വികസിപ്പിച്ചെടുത്തു. പഠനത്തിന്റെയും സംസ്കാരത്തിന്റെയും കേന്ദ്രങ്ങളായി വർത്തിച്ച ക്ഷേത്രങ്ങളുടെ ശൃംഖലകളിലൂടെയാണ് മതം വ്യാപിച്ചിരിക്കുന്നത്. ചൈനയിൽ നിന്നും രാജാവ് വരുത്തിയ ബുദ്ധ പുരോഹിതന്മാർ ജാപ്പനീസ് ബുദ്ധമതത്തെ സമ്പന്നമാക്കി അവർ നടത്തിയ പുതിയ പഠിപ്പിക്കലുകൾ, വാസ്തുവിദ്യാ ശൈലികൾ, കലാ പാരമ്പര്യങ്ങൾ എന്നിവ ജപ്പാനെ പ്രോജ്വലമാക്കി .

ജാപ്പനീസ് ആളുകൾ വീട്ടിലെ ബലിപീഠങ്ങളിലെ ദൈനംദിന ആചാരങ്ങൾ, ക്ഷേത്ര സന്ദർശനങ്ങൾ, എന്നിവയിലൂടെ ബുദ്ധമതം ആചരിക്കുന്നു. ബുദ്ധക്ഷേത്രങ്ങൾ ജാപ്പനീസ് ജീവിതത്തിൽ, പ്രത്യേകിച്ച് ശവസംസ്കാര ചടങ്ങുകൾക്കും പൂർവ്വിക ആരാധനയ്ക്കും പ്രധാന പങ്കു വഹിക്കുന്നു. ബുദ്ധമത പഠിപ്പിക്കലുകളുടെ ഈ പ്രായോഗിക പ്രയോഗം, ജാപ്പനീസ് ദൈനംദിന ജീവിതത്തിൽ ബുദ്ധമത ആചാരങ്ങൾ ഷിന്റോ പാരമ്പര്യങ്ങളെ പൂരകമാക്കുന്ന പ്രകൃതിയോടുള്ള ആരാധന ഈ മതങ്ങളെ സമന്വയിപ്പിക്കുന്നു .

ഞങ്ങൾ മൂന്നുദിവത്തെ ഒസാക്ക സന്ദർശനം പൂർത്തിയാക്കി ജപ്പാന്റെ സാംസ്കാരിക തലസ്ഥാനവും 794 മുതൽ 1868 വരെ ജപ്പാന്റെ തലസ്ഥാനവും കലാകേന്ദ്രവുമായ കൊയോട്ടയിൽ എത്തി ജപ്പാനിലെ ഏറ്റവും അറിയപ്പെടുന്ന ഷിന്ടോ മതത്തിന്റെ അമ്പലമായ Fushimi -ku സന്ദർശനം നടത്തി. ഇവിടുത്തെ ഒരു ആരാധനാ മൂർത്തി കുറുക്കനാണ്. കുറുക്കന്റെ പ്രതിമകൾ അമ്പലത്തിന്റെ സമസ്ത മേഖലയിലും പ്രതിഷ്ഠിച്ചിട്ടുണ്ട്. Inariyama മലയിൽ 4 കിലോമീറ്റർ ചുറ്റളവിലാണ് ഈ ക്ഷേത്രം വ്യാപിച്ചുകിടക്കുന്നു. 10000 Toril ( പാരമ്പര്യമായ ജപ്പാന്റെ വാതിൽ ) കൊണ്ട് 4 കിലോമീറ്റർ ദൂരം അലങ്കരിച്ചിരിക്കുന്നു. ജപ്പാന്റെ ഭാഗ്യമായ ഓറഞ്ച് കളറുകളാണ് ഈ വാതിലുകൾക്കുള്ളത്. രണ്ടുമണിക്കൂർ മലകയറണം മുകളിലത്തെ സന്നിധാനത്തിൽ എത്താൻ. അവിടെ കണ്ട മറ്റൊരു ആചാരം ഒരു ഉരുളൻ കല്ല് എടുത്തു ഉയർത്തി താഴെ വയ്ക്കുക എന്നതാണ്. ഞാനും ജോൺ മുളയിങ്കലും ആ കല്ലുയർത്തി അനുഗ്രഹം തേടി പ്രേമിക്കുന്ന കാമുകി കാമുകന്മാർ ജപ്പാന്റെ പാരമ്പര്യ വസ്ത്രമായ കിമോണ അണിഞ്ഞു ഇവിടെ പ്രാർത്ഥനയ്ക്ക് എത്തുന്നു. ഈ ക്ഷേത്രത്തിലെ ശിൽപ്പചാതുര്യം അവിസ്മരണീയമാണ്.

പിന്നീട് ഞങ്ങളെല്ലാവരും കിമോണ ധരിച്ചു നിജോ കാസിൽ കാണുന്നതിനുവേണ്ടി പോയി ഷോഗൺ കാലഘട്ടത്തിൽ ഇവിടെയായിരുന്നു ജപ്പാന്റെ തലസ്ഥാനം. പിന്നീട് സമുറായികൾ അധികാരം പൂർണ്ണമായി രാജാവിന് തിരിച്ചു നൽകിയത് ഈ കൊട്ടാരത്തിൽ വച്ചാണ്. ജപ്പാന്റെ പഴയകാല കലാസൃഷ്ടികളും ഛായാ ചിത്രങ്ങളും ഈ കൊട്ടാരത്തിലുണ്ട് . കൊട്ടാരത്തിനു ചുറ്റുമുള്ള പൂന്തോട്ടം അതിമനോഹരമായിട്ടാണ് അലങ്കരിച്ചിരിക്കുന്നത്‌. പൂന്തോട്ടത്തിലെ സ്വർണ്ണകൊട്ടാരവും അതിമനോഹരം. കൊയോട്ടയിൽ പിന്നീട് കണ്ടത് ഒരു വൈൻ ഫാക്ടറി ആയിരുന്നു. പഴയകാലത്ത് അരിയിൽനിന്നും വൈൻ ഉത്പാദിപ്പിച്ചിരുന്നത് അവിടെ കാണാൻ കഴിഞ്ഞു. അവിടെ നിന്നും ഞങ്ങൾ എല്ലാവരും വൈൻ വാങ്ങി തിരിച്ചു കൊമോക്കവ നദി തീരത്തുകൂടി നടന്നപ്പോൾ ആ നദിയുടെ വിശുദ്ധി കാണാൻ കഴിഞ്ഞു. ഇതു സൂചിപ്പിക്കുന്നത് ജപ്പാൻകാരുടെ പ്രകൃതിയാരാധനയാണ് .

യാത്രാ വിവരണം തുടരും…

ടോം ജോസ് തടിയംപാട് ,ജോസ് മാത്യു

ഞങ്ങൾ മെയ് 6 ന് മാഞ്ചസ്റ്ററിൽ നിന്നും പുറപ്പെട്ട് ഖത്തർ കൂടി 17 മണിക്കൂർ യാത്ര ചെയ്താണ് ജപ്പാനിലെ ഒസാക്ക എയർപോർട്ടിൽ ഇറങ്ങിയത്. ജപ്പാൻ സമയം വൈകുന്നേരം 5 മണിക്കാണ് അവിടെ എത്തിയത്. ജപ്പാൻ സമയവും യു കെ സമയവും തമ്മിൽ 8 മണിക്കൂർ വ്യത്യസമുണ്ട്. യാത്രാ ഷീണവും സമയ വ്യത്യസവും ഞങ്ങളെ തളർത്തിയിരുന്നു, എയർപോർട്ടിൽ നിന്നും ഞങ്ങളെ ഹോട്ടലിലേക്ക് കൊണ്ടുപോകാനുള്ള ബസും മൂന്നു ഗൈഡുകളും തയാറായി നിന്നിരുന്നു. ഞങ്ങൾ ബസിൽ കയറിയപ്പോൾ ജപ്പാൻകാരനായ ഡ്രൈവർക്കുവേണ്ടി ഗൈഡ് നടത്തിയ ആദ്യ അനൗൺസ്‌മെന്റ് ജപ്പാനിലെ ബസ് ഡ്രൈവർമാർ ബസ് അവരുടെ ഭവനമായിട്ടാണ്‌ കാണുന്നത് അതുകൊണ്ടു നിങ്ങളുടെ വെയ്സ്റ്റുകൾ സീറ്റിന്റെ പുറകിൽ സൂക്ഷിച്ചിട്ടുള്ള പ്ലാസ്റ്റിക് ബാഗിൽ നിക്ഷേപിക്കണം, ദയവായി വലിച്ചെറിയരുത് എന്നതായിരുന്നു . ഇതു ജപ്പാൻ ജനതയുടെ ശുചിത്വബോധത്തിന്റെ ഭാഗമാണ് എന്ന് പിന്നീട് മനസിലായി. ഇത്ര ശുചിത്വ ബോധമുള്ള രാജ്യ൦ ഞാൻ കണ്ടിട്ടില്ല. അത് പിന്നീട് വിശദികരിക്കാം.

അതിമനോഹരമായ ലിബറ എന്ന 4 സ്റ്റാർ ഹോട്ടലിൽ ആയിരുന്നു ഞങ്ങളുടെ അടുത്ത മൂന്നുദിവസത്തെ താമസം. ഹോട്ടലിലെ ടോയിലറ്റിൽ ഇരുന്നാൽ മതി കഴുകാൻ ഒരു സ്വിച്ചിട്ടാൽ മതി അതൊക്കെ ഒരു പുതിയ അനുഭമായിരുന്നു . ഒസാക്കയിലെ അജി നദിയുടെ തീരത്തുള്ള 14 നിലയുള്ള ലിബറ ഹോട്ടലിന്റെ മുകളിൽ കയറി നിന്നാൽ ഒസാക്ക പട്ടണം മുഴുവനായി കാണാം. അതിമനോഹരമായി പ്രകാശാലങ്കാരം നടത്തിട്ടുള്ള ഓവർ ബ്രിഡ്‌ജും തിളങ്ങുന്ന അജി നദിയും ഞങ്ങളുടെ കണ്ണുകൾക്ക് ആനന്ദം പകർന്നു. ഞങ്ങൾ ഭക്ഷണം കഴിച്ചു വിശ്രമിക്കാൻ പോയി .

രാവിലെ 9 മണിക്ക് ഭക്ഷണം കഴിച്ചു ബസിൽ കയറി യാത്ര ആരംഭിച്ചു. ഞങ്ങൾ പോയത് Todai ji Temple കാണുന്നതിന് വേണ്ടിയാണ് . ലോകത്തിലെ ഏറ്റവും വലിയ തടികൊണ്ട് നിർമ്മിതമായ ബുദ്ധ ക്ഷേത്രമാണിത്. ഇതിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള വെങ്കലം കൊണ്ട് നിർമ്മിച്ച ബുദ്ധ പ്രതിമയ്ക്കു 16 മീറ്റർ ഉയരമുണ്ട്. രണ്ടു മൈൽ ചുറ്റളവിൽ വിവിധ തരം കെട്ടടങ്ങളും വളരെ വലിയ ഉദ്യാനവും അടങ്ങുന്നതാണ് ഈ ക്ഷേത്ര സമുച്ചയം . ആറാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിലാണ് ബുദ്ധിസം ജപ്പാനിൽ എത്തുന്നത്. അന്നത്തെ രാജാവ് ഷൊമു ബുദ്ധിസത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ചൈനയിൽ നിന്നും ബുദ്ധ സന്യസിമാരെ ജപ്പാനിൽ എത്തിച്ചു മത പ്രചാരണം നടത്തി. Todai ji Temple പണി തീർത്തത് എ ഡി 745 നും 752 നും ഇടയിലാണ്. പിന്നീട് പലപ്രാവശ്യം തീപിടുത്തം ഉണ്ടാകുകയും ക്ഷേത്രം കത്തി നശിക്കുകയും ചെയ്തു. ഇപ്പോൾ കാണുന്ന ക്ഷേത്രം 1692 പണികഴിപ്പിച്ചതാണ്. തടി കൊണ്ടുള്ള നിർമ്മാണവും അതിലെ കൊത്തുപണികളും കലാ മേന്മയും ബുദ്ധ പ്രതിമയും കാണുന്നതിനുവേണ്ടി ലോകമെമ്പാടുമുള്ള സഞ്ചാരികൾ എവിടെ എത്തുന്നു .

ക്ഷേത്ര ഉദ്യാനത്തിൽ മേയുന്ന മാൻ കൂട്ടങ്ങൾ വരുന്ന സഞ്ചാരികൾക്കു മനസു കവരുന്ന കാഴ്ചയാണ്. മാനുകൾ ദൈവത്തിന്റെ സന്ദേശവാഹകർ ആണെന്നാണ് ജപ്പാനിലെ ഏറ്റവും വലിയ മതമായ ഷിന്ടോ മത വിശ്വാസം, അതുകൊണ്ടു അവിടെ ചെല്ലുന്ന എല്ലാവരും മാനുകൾക്കു ഭക്ഷണം കൊടുക്കുന്നു അതിലൂടെ ദൈവത്തിന്റെ അനുഗ്രഹം തേടുന്നു . ഒസാക്കയെ അറിയപ്പെടുന്നത് ജപ്പാന്റെ അടുക്കള എന്നാണ് ജപ്പാന്റെ ആദ്യ തലസ്ഥാനമായിരുന്നു ഒസാക്ക. പിന്നീട് കൊയോട്ടയിലേക്കും സമുറയികാലഘട്ടത്തിനു ശേഷം ടോക്കോയോയിലേക്കും തലസ്ഥാനം മാറ്റുകയായിരുന്നു. ക്ഷേത്ര ദർശനം കഴിഞ്ഞു ഭക്ഷണം കഴിക്കാൻ പോയി ജപ്പാൻ ഭക്ഷണം കൂടുതലും മൽസ്യ നിബിഡമാണ്. ചോപ്പ് സ്റ്റിറ്റിക് എന്നുവിളിക്കുന്ന തടികോലുകൊണ്ടു വേണം കഴിക്കാൻ. അത് പരിചിതമല്ലാത്ത ഞങ്ങൾ കുറച്ചു വിഷമിച്ചു. പ്രാദേശിക ഹോട്ടലുകളിൽ സ്‌പൂണും ഫോർക്കും ലഭ്യമല്ല. ഭക്ഷണം നമ്മുടെ മേശയ്ക്കും മുകളിൽ വച്ചിരിക്കുന്ന ചെറിയ അടുപ്പിൽ അപ്പോൾ തന്നെ വേവിച്ചു കഴിക്കുന്നതാണ് അവിടുത്തെ ശീലം. ഇതൊന്നും പരിചിതമല്ലാത്തത് കൊണ്ട് ഞങ്ങൾ അൽപം ബുദ്ധിമുട്ടിയാണെങ്കിലും ജപ്പാൻ വിഭവങ്ങൾ ആസ്വദിച്ചു .

പിന്നീട് ഞങ്ങൾ നാറാ നാഷണൽ മ്യൂസിയം കാണുന്നതിനു പോയി. ജപ്പാൻന്റെ ചരിത്രത്തിലെ ബുദ്ധകാലഘട്ടത്തിന്റെ കലാ രൂപങ്ങളും ശില്പങ്ങളും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മറ്റൊന്ന് ഞങ്ങൾ കണ്ടത് നാറാ സയൻസ് മ്യൂസിയമായിരുന്നു അതും വളരെ മനോഹരമായിരുന്നു . ഞങ്ങളുടെ യാത്രയിൽ ഉടനീളം ഞങ്ങളെ അത്ഭുതപ്പെടുത്തിയത് ജപ്പാൻ ജനതയുടെ പൗരബോധമാണ്. ലോകത്തിലെ മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ചു ജപ്പാനിലെ ക്രൈം റേറ്റ് വളരെ താഴെയാണ്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ടോക്കിയോ പട്ടണമാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പട്ടണം . ഒരു തുണ്ടു കടലാസു പോലും റോഡിൽ കാണാനില്ല. ബസിൽ കയറാൻ കാത്തുനിൽക്കുന്ന ആളുകൾ ലൈൻ ആയി നിൽക്കുന്നത് കണ്ടാൽ ആ ജനതയുടെ അച്ചടക്കം മനസിലാകും. റോഡിൽ വൈസ്റ്റു ബിന്നുകൾ കാണുന്നത് അപൂർവ്വമെങ്കിലും ആളുകൾ ഒരു വൈസ്റ്റും തറയിൽ ഇടില്ല .

അറ്റൻഷനായി തലകുനിച്ചു ആളുകളെ സ്വീകരിക്കുന്ന ജപ്പാൻ മാതൃക പോലെ അവരിൽ അൽപം പോലും അഹങ്കാരം ഇല്ലാത്തവരായി തോന്നി ഞങ്ങൾ താമസിച്ച ഹോട്ടലിലും സന്ദർശന കേന്ദ്രങ്ങളിലും അവരുടെ പെരുമാറ്റ രീതി ആർക്കും മാതൃകയാക്കാവുന്നതാണ് . e state as a ‘necessary evil’ എന്നാണ് പൊളിറ്റിക്കൽ സയൻസിൽ പഠിപ്പിക്കുന്നത്, ഞങ്ങളുടെ യാത്രയിൽ ഒരു പോലീസ് സൈന്യത്തെയും ഒരു സ്ഥലത്തും കണ്ടില്ല. ജപ്പാനിൽ സ്റ്റേറ്റ് അപ്രക്ഷീതമായി കൊണ്ടിരിക്കുന്നു എന്ന് തോന്നി . ഒരു ഭിക്ഷക്കാരനെയും കണ്ടില്ല ,ഭക്ഷണം പാഴാക്കുന്നവർ 300 യെൻ പിഴയായി നൽകണം. മോട്ടോർ വ്യാസായത്തിന്റെ നാടാണെകിലും സൈക്കിൾ യാത്രയ്ക്ക് പ്രാധാന്യ൦ കൊടുക്കുന്ന നാട്. അമിത ശരീരം കൊണ്ട് നടക്കുന്നവർ ഇല്ലാത്ത നാടാണ് ജപ്പാൻ . സ്ത്രീകൾ സമസ്തമേഖലയിലും നിറഞ്ഞു നിൽക്കുന്നു. ഒരു റോഡപകടം പോലും ഞങ്ങളുടെ യാത്രക്കിടയിൽ ദർശിച്ചില്ല.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സാമ്പത്തികമായും, ആരോഗ്യപരമായും, ജനസംഖ്യപരമായും വളരെ അധഃപതിച്ചുപോയ ജപ്പാൻ ആ ജനതയുടെ രാജ്യസ്നേഹവും, ഉത്സാഹവും, പ്രബുദ്ധതയും കാരണം ഉയർന്നെഴുന്നേൽക്കുകയും യുദ്ധവും ആറ്റം ബോംബു കൊണ്ടും തകർന്നടിഞ്ഞ ജപ്പാൻ ഇപ്പോൾ, 75 വർഷത്തിനുശേഷം, ലോകത്തിലെ മികച്ച സാമ്പത്തിക, സാംസ്‌കാരിക, വികസിത രാജ്യമായി മാറുകയും ചെയ്തു. ഇലക്ട്രോണിക്സ്, വാഹന ഉത്പാദനം മുതലായ ഇൻഡസ്ട്രിയൽ വിപ്ലവം വഴി ഈ കൊച്ചു രാജ്യം ഇന്ന് ലോകത്തിലെ ഒരു വൻ ശക്തിയാണ്.

ഇൻഡസ്ട്രിയൽ പ്ലാന്റുകളാലും ബഹുനില കെട്ടിടങ്ങളാലും നിറഞ്ഞു നിൽക്കുന്ന ഒരു രാജ്യമായിരിക്കും ജപ്പാൻ എന്ന് വിചാരിച്ച ഞങ്ങൾക്ക് കോച്ച് വഴിയും ട്രെയിൻ വഴിയുമുള്ള യാത്രയിൽ മലകളും, കാടുകളും, പർവ്വതങ്ങളും, നദികളും, തടാകങ്ങളും കൊണ്ട് പ്രകൃതി രമണീയമായ ഒരു രാജ്യമാണ് ജപ്പാൻ എന്ന് മനസ്സിലായി. ഭൂപ്രകൃതിയെ അതിന്റെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ കാടും, കടലും, കായലും, കുന്നും, മലകളും ഒന്നും നശിപ്പിക്കാതെ പ്രകൃതിയെ അവർ നിലനിർത്തുന്നു. മലപ്രദേശമായ ഇടുക്കിയിൽ ജീവിച്ച എനിക്കും ജോസ് മാത്യുവിനും ഞങ്ങൾ രണ്ടുപേർക്കും ജപ്പാനിൽകൂടി യാത്രചെയ്തപ്പോൾ ഇത് ഇടുക്കിയാണോ എന്നുവരെ തോന്നി.

ജിജൊ മാടപ്പള്ളിയുടെ Ashin City എന്ന ട്രാവൽ ഏജൻസിയുടെകൂടെ 35 പേർ അടങ്ങുന്ന ഒരു സംഘമായി ജപ്പാൻ ടൂറിനു പോയതിനാൽ ഞങ്ങൾക്ക് കൂടുതൽ ടെൻഷനും വിഷമവും ഇല്ലാതെ ടൂർ വളരെ സന്തോഷപ്രദവും ആനന്ദകരവുമായിരുന്നു. താമസവും ആഹാരങ്ങളും യാത്രാസൗകര്യങ്ങളും അതുപോലെ കാണേണ്ട സ്ഥലങ്ങളും എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത് അറേഞ്ച് ചെയ്തതിനാൽ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. പാട്ടും, കൂത്തും, നർമ്മ സല്ലാപങ്ങളുമായി ഒരു ഫാമിലി പോലെ ഞങ്ങൾ ആനന്ദിച്ചു.

എന്നും രാവിലെ 5 മുതൽ ഒരു മണിക്കൂർ ഞാനും ജോസ് മാത്യുവും George and Mary Memadathil ലും കൂടി നടക്കുവാൻ പോകുമായിരുന്നു. കായലിന്റെയും കാടിന്റെയും അരികിൽ കൂടിയുള്ള നടത്തം വ്യായാമത്തിനപ്പുറം ജപ്പാന്റെ പ്രകൃതിയെ ആഴത്തിൽ അറിയുവാനും സാധിച്ചു.

തുടരും …

ടോം ജോസ് തടിയംപാട്, ജോസ് മാത്യു

ഞങ്ങളുടെ യാത്രയുടെ ഏഴാം ദിവസമാണ് ജപ്പാനിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമായ ചരിത്രം ഉറങ്ങുന്ന ഫുജി പർവ്വതം കാണാൻ പോയത്, 3776 മീറ്റർ ഉയരവും 100 കിലോമീറ്റർ നീളവുമുള്ള ജപ്പാനിലെ ഏറ്റവും ഉയരമുള്ള ഈ പർവ്വതം കാണാൻ ലോകത്തങ്ങോളമിങ്ങോളമുള്ള വിനോദസഞ്ചാരികൾ ഇവിടെ എത്തിച്ചേരുന്നു. പ്രകൃതിയെ ആരാധിക്കുന്ന രണ്ടു പ്രധാന മതങ്ങളായ ഷിന്ടോ ,,ബുദ്ധമതങ്ങളുടെ ആരാധനമൂർത്തി കൂടിയാണ് ഈ പർവ്വതം സൂര്യ ഭഗവാനോട് ഏറ്റവും അടുത്തു നിൽക്കുന്നു എന്നതാണ് ഈ പർവ്വതം വിശുദ്ധമാകാൻ കാരണം. ഏകദേശം ഒരു ലക്ഷം വർഷം മുൻപ് ഇവിടെ രൂപപ്പെട്ട അഗ്നിപർവ്വതത്തിൽ നിന്നാണ് ഫുജി പർവ്വതത്തിന്റെ ഉത്ഭവം. പലഘട്ടത്തിൽ ഉണ്ടായ അഗ്നിപർവ്വതത്തിന്റെ പൊട്ടിത്തെറിയിലൂടെ പതിനായിരം വർഷം മുൻപ് ഇപ്പോൾ കാണുന്ന പർവ്വതം രൂപംകൊണ്ടു എന്നാണ് പറയുന്നത് . ഓരോ പൊട്ടിത്തെറി കഴിയുമ്പോഴും പർവ്വതം വളർന്നു കൊണ്ടിരിക്കുന്നു. അവസാനം പൊട്ടിത്തെറിച്ചത് 1707 ൽ ആയിരുന്നു. അതിൽനിന്നും ഒഴുകി വന്ന ലാവകൊണ്ട് രണ്ടു ചെറിയ പർവ്വതങ്ങൾ രൂപപ്പെട്ടത് നമുക്ക് അകലെനിന്ന് നോക്കിയാൽ കാണാം . മഞ്ഞുമൂടി കിടക്കുന്ന ഈ പർവതത്തിന്റെ മുകൾ ഭാഗം കാണുക എന്നത് വളരെ അപൂർവമാണ്. ഞങ്ങൾ ചെന്ന ദിവസം നല്ല കാലാവസ്ഥയായിരുന്നതു കൊണ്ടു മഞ്ഞുമൂടി കിടക്കുന്ന ഐസ് പൊതിഞ്ഞു നിൽക്കുന്ന ഫുജി പർവ്വതത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിഞ്ഞു.

ഒരു വർഷം രണ്ടു ലക്ഷത്തിനും മൂന്നു ലക്ഷത്തിനുമിടയിൽ ആളുകൾ ഫുജി പർവ്വതത്തിൽ കയറി അനുഗ്രഹം തേടുന്നുണ്ട് . ഒരുദിവസം മുൻപ് കയറ്റം ആരംഭിച്ചാൽ മുകളിൽ എത്തി രാത്രിയിൽ അവിടെ തങ്ങി രാവിലെ സൂര്യോദയം ദർശിക്കുക എന്നതാണ് സന്ദർശകരുടെ ഉദ്ദേശം . ജപ്പാനിലെ വേനൽകാലമായ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലത്താണ് പർവ്വതാരോഹോണം നടത്താൻ അനുവാദമുള്ളൂ. യൂറോപ്പിന്റെ സാംസ്കാരിക തലസ്ഥാനമായ ഏതൻസിലെ അർക്കപ്പോലീസ് മലപോലെ ജപ്പാന്റെ സാംസ്‌കാരിക തലസ്ഥാനം കൂടിയാണ് ഈ പർവ്വതം. ഒട്ടേറെ സാഹിത്യകാരന്മാർ ഈ പർവ്വതത്തെ വർണ്ണിച്ചിട്ടുണ്ട്. ജപ്പാന്റെ മധ്യദേശത്തുള്ള ഹോൻഷു ദീപിലാണ്‌ ഈ പർവ്വതം സ്ഥിതിചെയ്യുന്നത് . ഈ പർവ്വതത്തിനു ചുറ്റും വലിയ നാലു തടാകങ്ങളുണ്ട്. അതിൽ ഏറ്റവും വലിയ തടാകമായ യമനക്ക തടാകത്തിനു അടുത്തു നിന്നാണ് മഞ്ഞണിഞ്ഞു കിടക്കുന്ന ഈ പർവ്വത റാണിയെ ഞങ്ങൾ ദർശിച്ചത്.

നമ്മുടെ ഇടുക്കി പോലെ ജപ്പാൻ നദികളും മലകളുടെയും നാടാണ് . 12955 മലകളും 21000 നദികളും അവിടെയുണ്ട് . മലകളെയും നദികളെയും സംരക്ഷിക്കുന്നതിൽ ജപ്പാൻകാരുടെ ശ്രദ്ധ എത്രമാത്രം ഉണ്ടെന്നു അറിയാൻ ഈ യാത്ര ഉപകരിച്ചു.

പിന്നട് ഞങ്ങൾ പോയത് മറ്റൊരു ദൈവ പുത്രൻ ജീവിക്കുന്ന ടോക്കിയോയിലെ രാജകൊട്ടാരത്തിലേയ്ക്കാണ് ടോക്കിയോ പട്ടണത്തിന്റെ നടുവിൽ വലിയൊരു ഉദ്യാനത്തിന് നടുവിലാണ് രാജകൊട്ടാരം സ്ഥിതിചെയ്യുന്നത് …ആദ്യ ജപ്പാൻ ചക്രവർത്തി ആയിരുന്ന ജിമ്മു സൂര്യഭഗവാന്റെ ദേവതയായ Amaterasu വിൽ നിന്നും ജന്മമെടുത്തു എന്നാണ് വിശ്വാസം. ചക്രവർത്തിയുടെ മതമായ ഷിന്ടോ മതമാണ് ജപ്പാനിലെ ഏറ്റവും വലിയ മതം. അവർ സൂര്യനെയാണ് ആരാധിക്കുന്നത്. 1946 ജപ്പാനിൽ പുതിയ ഭരണഘടന പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് ജപ്പാനിലെ സർവ്വാധികാരിയും ഷിന്ടോ മതത്തിന്റെ പ്രധാന വൈദികനും ചക്രവർത്തിയും ആയിരുന്നു.. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജകീയ പരമ്പരയാണ് ജപ്പിനിലേത് എന്നാണ് പറയപ്പെടുന്നത്. 2600 വർഷത്തെ ചരിത്രം ഈ രാജ കുടുംബത്തിനുണ്ട് ബി സി 600 ആദ്യ രാജാവ് ജിമ്മു തുടങ്ങി വച്ച രാജ പരമ്പര ഇന്നും Nuruhito ചക്രവർത്തിയിലൂടെ തുടരുന്നു. ആദ്യ രാജകീയ ആസ്ഥാനം നാറയിൽ ആയിരുന്നു. പിന്നീട് ഷോഗൺ കാലഘട്ടത്തിൽ കൊയോട്ടയിൽ ആയിരുന്നു ആസ്ഥാനം. 1868 ൽ കൊയോട്ടയിൽ വച്ച് രാജാവിനെ അപ്രസക്തമാക്കി ഭരിച്ചിരുന്ന സമുറായികളിൽ നിന്നും രാജാവ് അധികാരം തിരിച്ചു വാങ്ങി. 1869 ൽ ആസ്ഥാനം ടോക്കിയോവിലേക്കു മാറ്റുകയും ടോക്കിയോ ജപ്പാന്റെ തലസ്ഥാനമായി മാറുകയും ചെയ്തു.


രണ്ടാം ലോക മഹായുദ്ധത്തിലേയ്ക്ക് അനാവശ്യമായി ജപ്പാനെ നയിച്ച് 2 .85 മില്യൺ ആളുകളെ കൊന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അന്നത്തെ രാജാവ് Hirohito സ്ഥാനത്യാഗം ചെയ്യണമെന്നും ജപ്പാൻ ജനതയോട് ക്ഷമ പറയണമെന്നും ശക്തമായ ആവശ്യം ഉയർന്നിരുന്നു. യുദ്ധത്തിനു ശേഷം അധികാരം ഏറ്റെടുത്ത അമേരിക്ക രാജാവിനെ നിലനിർത്തുകയും പുതിയ ഭരണഘടനയിലൂടെ രാജാവിന്റെ ദൈവിക അധികാരം എടുത്തു മാറ്റുകയും രാജാവ് തന്നെ ഞാൻ ഒരു സാധാരണ മനുഷ്യനാണ് എന്ന് പ്രഖ്യപിക്കുകയും ചെയ്തു തുടർന്ന് രാജാവ് രാജ്യത്തിന്റെ നാമമാത്ര തലവൻ ആയി മാറി. എങ്കിലും ഇന്നും രാജാവിനെയും രാജകീയതയെയും തങ്ങളുടെ പാരമ്പര്യത്തിന്റെ ഭാഗമായി കാണുകയും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു വലിയ സമൂഹം ജപ്പാനിൽ ഉണ്ട്. അതുകൊണ്ടു തന്നെ അവിടുത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളോ പത്രങ്ങളോ രാജാവ് നിലനിൽക്കണോ വേണ്ടയോ എന്ന ഒരു ചർച്ചപോലും നടത്താൻ തയാറാകുന്നില്ല എന്നതാണ് വസ്തുത.

ഇപ്പോൾ സിംഹാസനത്തിൽ ഇരിക്കുന്ന Nuruhito ചക്രവർത്തിക്ക് ഒരു പെൺകുട്ടി മാത്രമാണ് ഉള്ളത്. അതുകൊണ്ടു പിന്തുടർച്ചക്കാർ ഇല്ലാത്തതുകൊണ്ട് ചക്രവർത്തിയുടെ കാലശേഷം ജപ്പാൻ റിപ്പബ്ലിക്ക് ആകും എന്ന് വാദിക്കുന്നവരും ജപ്പാനിൽ ഉണ്ട്. എന്നാൽ ചക്രവർത്തിയുടെ അനുജൻ Fumihito യുടെ മകൻ രാജാവായി ജപ്പാനിൽ രാജഭരണം നിലനിൽക്കും എന്നാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്.

RECENT POSTS
Copyright © . All rights reserved
➤