literature

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തൃശൂർ/കോട്ടയം ∙ യുഎസിലെ കലിഫോർണിയയിലെ മിൽപീറ്റസിൽ ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അവരുടെ സുഹൃത്തായ കോട്ടയം സ്വദേശിനി അനിലയെ (32) പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ മണ്ണുത്തി സ്വദേശിനി അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആൻ മേരി മാത്യു (40) എന്നിവരാണ് മരിച്ചത്. സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

അപ്പാർട്മെന്റിന്റെ പാർക്കിങ് സ്ഥലത്ത് അഞ്ജനയെ എസ്‌യുവി ഇടിച്ചുവീഴ്ത്തിയതായി ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. സംഭവസ്ഥലത്ത് എത്തിയ പൊലീസ് അഞ്ജനയെ മരിച്ച നിലയിൽ കണ്ടെത്തുകയും സമീപത്ത് മുൻഭാഗം തകർന്ന നിലയിൽ വാഹനം കണ്ടെത്തുകയും ചെയ്തു. വാഹനം ഓടിച്ചിരുന്ന അനിലയെ പിന്നീട് കസ്റ്റഡിയിലെടുത്തു. അതേസമയം, അഞ്ജന കൊല്ലപ്പെട്ട വിവരം അറിഞ്ഞ് ഫ്ലാറ്റിലെത്തിയ ആൻ മേരിയുടെ ഭർത്താവാണ് ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ ആൻ മേരിയെ കണ്ടെത്തിയത്.

ആദ്യം ആൻ മേരിയെ കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ പുറത്തേക്ക് വിളിച്ചുവരുത്തി വാഹനം ഇടിപ്പിച്ചതാകാമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും ദിവസങ്ങൾക്ക് മുൻപ് ഓണാഘോഷത്തിലും സിനിമ കാണാനുമായി ഒരുമിച്ച് പോയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലവും പ്രതിയുടെ പ്രേരണയും സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

റ്റിജി തോമസ്

നിനക്കറിയാമോ?

ഞങ്ങൾ ഫുട്ബോൾ കളിച്ചിരുന്ന പന്ത് ഉണ്ടാക്കിയിരുന്നത് ഞങ്ങൾ തന്നെയാണ് ….

മക്കളുടെ കളിയാക്കി ചിരി ഇമോജികളുടെ മറുപടിയായി അയാൾ എഴുതി ….

പത്രത്തിൻറെ കടലാസ്സുകൾ ചുരുട്ടി ഉണ്ടാക്കുന്ന പന്തിൽ ഒട്ടുപാലു ചുറ്റി പിന്നെ അത് റബർ പാലിൽ മുക്കി ഉണക്കി ….. അങ്ങനെയായിരുന്നു ഞങ്ങൾ ഫുട്ബോൾ ഉണ്ടാക്കിയിരുന്നത്…. ചെറിയ ചരൽ കല്ലുകൾ നിറഞ്ഞ സ്കൂൾ ഗ്രൗണ്ടിൽ ആ പന്തുരുട്ടി ഞങ്ങൾ ഉച്ച സമയങ്ങളിലും ഇന്റർവെൽ പീരിയഡുകളിലും ആവേശത്തോടെ എന്ത് ഉഗ്രൻ കളിയായിരുന്നു …അന്നൊക്കെ സ്കൂളിൽ പോകുന്നത് തന്നെ കളിക്കാനായിരുന്നു !

കളി കഴിയുമ്പോൾ കാൽ വെള്ളയിൽ കല്ലുകാച്ചി ഒത്തിയൊത്തി വീട്ടിൽ എത്തുമ്പോൾ കിട്ടുന്ന വഴക്കിനെ മറന്ന് വീണ്ടും വീണ്ടും ഞങ്ങൾ കളിക്കളത്തിലിറങ്ങുമായിരുന്നു….

നിനക്കറിയാമോ?

നാട്ടിലെ സ്കൂളിൽനിന്ന് ചങ്ങനാശ്ശേരി എസ് ബി കോളേജിൽ പഠിക്കാൻ എത്തിയപ്പോഴാണ് ശരിക്കും ഞാൻ ഫുട്ബോൾ കാണുന്നത് തന്നെ. റബർ പാൽ കൊണ്ടുണ്ടാക്കിയ പന്ത് കളിയിൽ ഒന്നാമനായ എനിക്ക് ശരിക്കുള്ള ഫുട്ബോൾ കാലിന് വഴങ്ങാൻ എന്ത് പ്രയാസമായിരുന്നു എന്നോ ?

വിവാഹം കഴിഞ്ഞതിനുശേഷം നാലുവർഷം കൂടുമ്പോൾ ആവർത്തിക്കുന്ന ലോകകപ്പിന്റെ ആവേശത്തിൽ ഈ കഥകൾ അയാൾ പലപ്രാവശ്യം അവളോട് പറഞ്ഞതാണ് ….

ആദ്യമൊക്കെ ആവേശത്തോടെ കേട്ടിരുന്ന അവൾക്ക് ബോറടിക്കാൻ തുടങ്ങിയിരിക്കുന്നു…..
പിന്നെയും പിന്നെയും ആവർത്തിക്കപ്പെടുന്ന സമാന കഥകളിൽ മടുപ്പ് അഭിനയിക്കുമ്പോൾ അയാൾ പറയും ഇത് നീ കേൾക്കാൻ പറയുന്നതല്ല …. നമ്മുടെ മക്കളും ഇതൊക്കെ അറിയണ്ടെ?….

അവളും മക്കളും ഫുട്ബോൾ ജേഴ്സി ഇട്ട് അയച്ചുതന്ന വാട്സ്ആപ്പ് മെസ്സേജ് അയാൾ ഒന്നുകൂടി നോക്കി.

അപ്പയുടെ ഒരു ഫോട്ടോ അയച്ചു തരണം ജേഴ്സിയിട്ട്…..

ഫാമിലി ഗ്രൂപ്പിൽ മക്കളുടെ മെസ്സേജ് .

“ഈപ്രാവശ്യം ഏത് ടീമാ…”. പതിവില്ലാതെ അവൾ എനിക്ക് പേഴ്സണൽ മെസ്സേജ് ആയി എഴുതി ചോദിച്ചു.

“പഴയതുപോലെ തന്നെ തന്നെ ഞാൻ ഇപ്പോഴും അർജൻറീനയുടെ കൂടെ തന്നെയാ…..”

പിന്നീട് അവൾ എഴുതിയത് പകുതി തമാശയായിട്ടാണ്…..

“പക്ഷേ കഴിഞ്ഞവട്ടം നമ്മുടെ ഒപ്പം നിന്ന മക്കള് രണ്ടുപേരും കൈവിട്ടുപോയി….. ഒരാൾ ഇപ്പോൾ സ്പെയിനിന്റെ കൂടെയാ…. എന്ത് കണ്ടിട്ടാണോ ? – പിന്നെ മറ്റവൾ നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ അരാഷട്രവാദിയായി…. ടീമൊന്നും ഇല്ല ….. അവൾ ആ റൊണാൾഡോയുടെ പുറകെയാ ….. ”

അയാൾ പൊട്ടിച്ചിരിച്ച് കണ്ണുനീർ തൂകുന്ന ഒരു ഇമോജി മറുപടിയായി അയച്ചു. കൂട്ടത്തിൽ ഒരു വോയിസ് മെസ്സേജും .

“കുട്ടികൾക്ക് ഒക്കെ പ്രായമായില്ലെ….. അവർക്ക് അവരുടേതായ അഭിരുചികളും അഭിപ്രായങ്ങളും …”

“” ഇന്ന് കളി കാണുന്നുണ്ടോ….”” അവളുടെ ചോദ്യം

ഇവിടെ നാട്ടിലെ പോലെ ഫുട്ബോൾ കളി കാണാൻ പറ്റുന്ന സാഹചര്യമല്ലെന്ന് പലപ്രാവശ്യം ഞാൻ അവളോട് പറഞ്ഞിരുന്നു. സംഘർഷം കനക്കുന്നതുമൂലം നാട്ടിലേക്കുള്ള യാത്ര പോലും നടക്കാത്ത അവസ്ഥ. ഇടയ്ക്ക് ഇടയ്ക്ക് മുഴങ്ങുന്ന അപകട സൈറണുകൾക്കിടയ്ക്ക് സുരക്ഷിതസ്ഥാനങ്ങൾ തേടിയുള്ള ഓട്ടപ്പാച്ചിലിൽ കളി കാണലുകൾ അപ്രസക്തമാകുന്നതിന്റെ നിരാശ തൻറെ മെസ്സേജുകളിൽ ഉൾപ്പെടാതിരിക്കാൻ അയാൾ പരിശ്രമിച്ചു.

അയാളെ കണ്ടുമുട്ടിയതിന് ശേഷമാണ് അവൾ ഫുട്ബോൾ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഏറെ മുതിർന്ന ആങ്ങളമാരുടെ സ്വാധീനത്തിൽ അവൾ കടുത്ത ക്രിക്കറ്റ് ആരാധികയായിരുന്നല്ലോ… പലപ്പോഴും ക്രിക്കറ്റ് കളിയിലെ തൻറെ അറിവില്ലായ്മയെ അവൾ കളിയാക്കുമായിരുന്നു .

അപ്പോഴൊക്കെ അവൾക്ക് ഒരിക്കലും മനസ്സിലാകാത്ത ചില കാര്യങ്ങളാണ് അയാൾക്ക് പറയാനുണ്ടായിരുന്നത്.

ഇന്ത്യയെപ്പോലെ തൊഴിലില്ലായ്മ ഇത്ര രൂക്ഷമായ ഒരു രാജ്യത്ത് ഏകദിന ക്രിക്കറ്റിന്റെ പേരിൽ ഒരു ദിവസം മുഴുവൻ ടിവിയുടെ മുന്നിൽ ചടഞ്ഞിരിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കും എന്ന അയാളുടെ ചോദ്യത്തെ വിദ്യാർത്ഥി നേതാവിന്റെ താത്വികാവലോകനമെന്ന് പുച്ഛിച്ച് അവൾ തള്ളി. ക്രിക്കറ്റ് ഫൈനലുകളുടെ അന്ന് കോളേജിൽ നിന്ന് ഒരു ഫാഷൻ പോലെ അവധിയെടുത്ത അധ്യാപകരെ കുറിച്ച് മനസ്സിൽ ക്ലാസ്സില്ലാത്തതിന്റെ സന്തോഷമുണ്ടെങ്കിലും പുറമെ അയാൾ രോഷം കൊണ്ടു. തൊട്ടപ്പുറത്തുള്ള വിമൻസ് കോളേജിലെ അതെ അധ്യാപകരുടെ ഭാര്യമാരും അവധിയായിരുന്നു എന്ന് ഏതോ അറിയപ്പെടാത്ത സത്യം കണ്ടെത്തിയ അതിശയത്തോടെ അവൾ പറഞ്ഞു.

ഫുട്ബോളിന്റെ ആവേശം കൊടുമ്പിരി കൊണ്ടപ്പോൾ ഇടയ്ക്കൊക്കെ അവൾ ഓർമിപ്പിച്ചു.
നിങ്ങളും കൂടി അർജൻറീനയിൽ നിന്ന് മാറിയാൽ ഞാൻ ഒറ്റയാകും ….

കളിയുള്ള ദിവസം രാത്രികളിൽ ഉറക്കപ്പിച്ചോടെ അവൾ അർജൻറീനക്കായി പ്രാർത്ഥിക്കുന്നുണ്ടാകുമെന്ന് അയാൾക്ക് തോന്നി. അവളുടെ കടുത്ത അർജൻറീന പ്രേമത്തിൽ മക്കൾക്ക് അസഹിഷ്ണുത തോന്നിത്തുടങ്ങിയിട്ടുണ്ടാവും.

അതുകൊണ്ടാകുമല്ലോ ഒരാൾ മെസ്സിയുടെ കളിക്കളത്തിലെ കള്ളക്കളികൾ എന്ന വീഡിയോ അമ്മയോട് പറയണം എന്ന മെസ്സേജൊടെ അയാൾക്ക് അയച്ചുകൊടുത്തത്. പിന്നെ മറ്റവൾ സ്പെയിനിന്റെ കളി നടക്കുന്ന ദിവസങ്ങളിൽ പാതിരാത്രി കളി കാണുന്നതിന്റെ സ്ക്രീൻഷോട്ടുകൾ അയച്ചുതന്നത്.

ചുരുക്കം പറഞ്ഞാൽ കളിയുള്ള ദിവസങ്ങൾ വീട്ടിലെ സ്ഥിതി യുദ്ധ സമാനമായിരുന്നിരിക്കണം .
അവനവൻറെ ഇഷ്ട ടീമുകൾ ഇല്ലെങ്കിൽ ഓരോ ടീമുകളെ ദത്തെടുത്ത് വീട്ടിൽ അടി നടക്കുന്നതിനെ കുറിച്ച് അയാൾ ഒരു ചെറു മന്ദഹാസത്തോടെ മനസ്സിൽ കണ്ടു .

ഫ്രാൻസും സ്പെയിനും ഏറ്റുമുട്ടിയപ്പോഴും അതായിരുന്നു അവസ്ഥ. രണ്ടുപേർ ഫ്രാൻസിനെ പിന്തുണച്ചുകൊണ്ട് ഫാമിലി ഗ്രൂപ്പിൽ മെസ്സേജ് ചെയ്തു. ഒരുത്തി കട്ട സ്പെയിൻ ആണല്ലോ ?
നേരത്തെ തന്നെ ഫ്രാൻസിനെ സപ്പോർട്ട് ചെയ്യണമെന്ന് അവൾ എന്നോട് ആവശ്യപ്പെടുകയും സമ്മതിക്കുകയും ചെയ്തതാണ്.

പോകെ പോകവെ അയാളുടെ മനസ്സ് സ്പെയിനിന് ഒപ്പം ചേർന്നത് അവൾ അറിഞ്ഞോ?

നമ്മൾ തോൽക്കുകയാണല്ലോ ? ഫ്രാൻസ് ജയിക്കില്ലെ ?

അവളുടെ മെസ്സേജ് .

” നന്നായി കളിക്കുന്നത് സ്പെയിൻ അല്ലേ?”
എൻറെ ചോദ്യം അവൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു.

“പക്ഷേ എൻറെ മനസ്സിൽ ഒരു എംബാപ്പെ ഫാൻ ഒളിഞ്ഞിരിപ്പുണ്ടോ എന്ന് സംശയം?. ഇപ്പോൾ ഞാൻ ശരിക്കും ഒറ്റയ്ക്കായി…. ” അവൾ പരിഭവിച്ചു.

“സാരമില്ല … സ്പെയിൻ ജയിക്കുമ്പോൾ മോൾക്ക് സന്തോഷമാകുമല്ലോ…. ”
ഞാൻ അവളെ സമാധാനിപ്പിച്ചു….

“പക്ഷേ അടുത്ത കളി കാര്യമാകുമോ? അർജൻറീനയും ഇംഗ്ലണ്ടും ….. ”

“അതു പിന്നെ ചോദിക്കാനില്ലല്ലോ….. അർജൻറീന ജയിക്കും… ”

ഞാൻ അവൾക്ക് ഉറപ്പു കൊടുത്തു.

കളി തുടങ്ങി… ആദ്യപകുതിയിൽ ആരും ഗോളടിച്ചില്ല ….

കളി കൈവിട്ടു പോകുമോ….

അവളുടെ മെസ്സേജ് …

കളിയുടെ ഏതോ ഘട്ടത്തിൽ മനസ്സ് അറിയാതെ ഇംഗ്ലണ്ടുകാർക്കൊപ്പം കൂടിയതുപോലെ…. 1986 ലെ പകരംവീട്ടി ഇംഗ്ലണ്ട് ഫൈനലിൽ എന്ന തലക്കെട്ട് നാളത്തെ പത്രങ്ങളിൽ വരുന്നത് നേരിയ സന്തോഷത്തോടെ മനസ്സിൽ കണ്ടു. പക്ഷേ പല സത്യങ്ങളും തുറന്നു പറയുന്നത് വെറുതെ കുടുംബ സമാധാനം നശിപ്പിച്ചാലോ? ഇപ്പോൾതന്നെ ഫുട്ബോൾ ടീമുകളുടെ പേരിൽ മക്കളെല്ലാം എതിരാണ്. എന്തിന് ഭാര്യയെ കൂടി എതിർ ചേരിയിൽ എത്തിക്കണം.

കളിയുടെ അവസാന നിമിഷങ്ങളിൽ അർജൻറീന ജയിച്ചപ്പോൾ അവൾ എനിക്ക് മെസ്സേജ് അയച്ചു.
നമ്മൾ ജയിച്ചു…..

ഞാൻ ഒരു ലൈക്ക് ഇമോജി അയച്ചു.

പക്ഷേ എപ്പോഴോ ഇംഗ്ലണ്ടിന്റെ ഭാഗത്തേക്ക് മനസ് ചാഞ്ഞിരുന്നു എന്ന സത്യം അവൾ മനസ്സിലാക്കിയോ?

ഫൈനലിൻ്റെ അന്ന് 12 മണിക്ക് തന്നെ മക്കളുമായി കളി കാണാൻ അവൾ നേരത്തെ തയ്യാറായി. ഞങ്ങളു തമ്മിലുള്ള സമയത്തിന്റെ അന്തരത്തെ കുറിച്ച് ചിലപ്പോഴൊക്കെ അവൾ മറന്ന് പോകുന്നതായി അയാൾക്ക് തോന്നിയിട്ടുണ്ട്. അതോ ഞങ്ങൾ ഒന്നിച്ചാണന്ന് ഭാവിക്കാൻ മനപൂർവ്വം നടത്തുന്ന ഇടപെടലുകളാണോ?

ഒന്നുകൂടി മനസ്സറിയാൻ അവൾ മെസ്സേജ് അയച്ചു.

“അപ്പോൾ അർജൻറീന ജയിക്കും അല്ലേ….ഇവിടെ സ്പെയിൻകാരിയും മെസ്സി വിരോധിയും ചേർന്ന് ശക്തമായ ടീമാണ് ….. നിങ്ങളുമില്ലെങ്കിൽ ഞാൻ ഒറ്റപ്പെട്ടു പോകും ….. ”

അവളുടെ ആശങ്കകളകറ്റാൻ കഴിഞ്ഞ ലോകകപ്പിൽ ജയിച്ചപ്പോൾ അർജൻറീനയുടെ ജേഴ്സി അണിഞ്ഞ് അവളുടെ താൻ തന്നെ എടുത്ത ഫോട്ടോ അയച്ചു കൊടുത്തു. കൂടെ ഒരു ഫാമിലി ഫോട്ടോയും . അതിൽ ഞങ്ങൾ രണ്ടുപേർക്കുമൊപ്പം ഇപ്പോഴത്തെ എതിരാളികളായ മക്കളെല്ലാം അർജൻറീന ജേഴ്സിയിൽ ആയിരുന്നു. കൂടാതെ ഞങ്ങളുടെ സൗഹൃദത്തിന്റെയും അടുപ്പത്തിന്റെയും ആദ്യ നാളുകളിൽ അയച്ചുതന്ന പാട്ടുകളുടെ റെക്കോർഡുകളിൽ നിന്ന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അവൾ പാടിയ പാട്ട് അവളോടും അർജൻറീനയോടും ഉള്ള ഇഷ്ടം ഉറപ്പിക്കാനായി ഞാൻ വീണ്ടും അയച്ചു . ഫുട്ബോളുമായി ഒരു ബന്ധവുമില്ലാത്ത ആ പാട്ട് എന്തിനയച്ചു എന്നതിന് ഉത്തരം കണ്ടെത്താൻ മനസ് ശ്രമിച്ചു കൊണ്ടേയിരുന്നു.

കളി തുടങ്ങി…. ആദ്യവസാനം അർജൻറീന കളിയുടെ താളം കണ്ടെത്താനാവാതെ വിയർപ്പൊഴുക്കുന്നതിന്റെ വേദനാജനകമായ ഇമോജികൾ അവളും സന്തോഷത്തിന്റെ ഇമോജികൾ മക്കളും അയച്ചു കൊണ്ടേയിരിക്കുന്നു.

എന്നാൽ എപ്പോഴോ അയാൾ വീണ്ടും മലക്കം മറഞ്ഞിരുന്നു. ഗോളുകൾ പ്രതീക്ഷിക്കുന്ന ഗോൾ പോസ്റ്റിന്റെ സ്ഥാനം മാറി മാറിയുന്നു.

എന്നാണ് അർജൻറീന പ്രേമം തുടങ്ങിയത്…. സ്വന്തം രാജ്യത്തിന് ടീമില്ലാത്തവന്റെ അരക്ഷിതാവസ്ഥയിൽ നിന്നോ ? മനസ്സ് എപ്പോഴോ കളിയിൽ നിന്ന് മാറി …. ഇപ്പോൾ വർഷങ്ങൾക്ക് അപ്പുറത്താണ്. സ്കൂൾ ഗ്രൗണ്ടിൽ ….അവിടെ ചെളിയും ചരലും നിറഞ്ഞ കോർട്ടിൽ എത്ര ടീമുകളാണ് കളിക്കുന്നത്. അതിർ ടീമിന്റെ ഫൗളിൽ താഴെ വീഴുന്ന ഓരോ കളിക്കാരനെയും കാണുമ്പോഴും അയാൾ ടോമിനെ ഓർത്തു.
ഒറ്റക്കാലിൽ വടി കുത്തിപ്പിടിച്ച് പോളിയോ ബാധിച്ച ഇടത്തെ കാലിളക്കി ശരവേഗത്തിൽ പായുന്ന ടോം. ആദ്യമൊക്കെ ആർക്കും വേണ്ടാത്ത ഗോളിയായി അവനെ ഒതുക്കിയെങ്കിലും പിന്നീട് ഏതു പൊസിഷനിലും കളിച്ച് ശരവേഗത്തിൽ കുതിച്ചു പായുന്ന ടോം. അവൻ ഇപ്പോൾ എവിടെയാണ്. വടികുത്തി പിടിച്ചത് മൂലം അവൻറെ കൈകളിൽ നല്ല തഴമ്പായിരുന്നു.

നമ്മൾ തോറ്റു….. കൂടെ കുറേ കരയുന്ന ഇമോജികളും.

മക്കളുടെ വക ആഘോഷങ്ങളുടെ ഇമോജികൾ ഗ്രൂപ്പിൽ നിറയുന്നു.
മറുകണ്ടം ചാടി സ്പെയിനിന് ഒപ്പം പോയതായി പറഞ്ഞില്ല. അവളെ ആശ്വസിപ്പിക്കാൻ യാന്ത്രികമായി മെസ്സേജ് അയച്ചു.

ശരിക്കും നമ്മൾ ( അർജൻറീന)തോറ്റു…. പക്ഷേ (എൻറെ ) സ്പെയിൻ ആണ് നന്നായി കളിച്ചത്…..

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

തേക്കിൻകാട് ജോസഫ്

ഓണം മലയാളിയുടെ ഗൃഹാതുര സ്മരണകളിൽ ഹരിത ഭംഗി ചാർത്തുന്ന ഉത്സവമാണ്. വയലും കുന്നും മലയും ചെറിയ അരുവിയും പറമ്പു നിറയെ മരക്കൂട്ടങ്ങളും തെങ്ങും പ്ലാവും മാവും ആഞ്ഞിലിയും മറ്റു ഫലവൃക്ഷങ്ങളും നിറഞ്ഞ തനി ഗ്രാമീണ ജീവിതത്തിന്റെ ഉൾത്തുടിപ്പു മുറ്റിയ ഒരു ഗ്രാമത്തിലാണ് ബാല്യകാലം ചെലവഴിച്ചത്. അവിടെ തിങ്ങിപ്പാർക്കുന്ന
തനി കർഷക കുടുംബങ്ങൾ . അവർക്കിടയിൽ പകയില്ല.കള്ളവും ചതിയുമില്ല. വഴക്കില്ല. വക്കാണമല്ല. അവർക്ക് അതിനൊട്ടു നേരവുമില്ല. അവർ അദ്ധ്വാനശീലമുള്ളവരാണ്.
അതിരാവിലെ കന്നിനെ തെളിച്ച് കലപ്പയുമായി പാടത്തിറങ്ങും. പൊന്നാര്യൻ വിളയുന്ന പുഞ്ചപ്പാടങ്ങൾ . എങ്ങും കാളയും കലപ്പയുമായി സ്വന്തം പാടത്ത് ചേറിലിറങ്ങി പണി ചെയ്യുന്നവർ.
കുട്ടികളെ സ്കൂളിലയക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ. ഓണക്കാലത്തും ക്രിസ്മസ്, ഈസ്റ്റർ ദിനങ്ങളിലും തെങ്ങുകയറ്റക്കാർക്കും കൊല്ലപ്പണിക്കാരനും വേലനും വെളുത്തേടനും ക്ഷുരകനും സമൃദ്ധമായി നെല്ലും തേങ്ങയും പച്ചക്കറികളും വാഴക്കുലയും നൽകുന്നവർ. അതുകൊണ്ട് അവർക്ക് സമൃദ്ധമായി ഓണ സദ്യയും മററു പെരുന്നാളാഘോഷങ്ങളും നടത്താൻ കഴിയുന്നു. അതൊരു കാലം.
മഹാബലി ചക്രവർത്തിയുടെ സദ് ഭരണകാലത്തെ ഓർമിപ്പിക്കുന്ന ഒരു ചെറിയ ഗ്രാമം. അത്തരമൊരു പ്രശാന്തമായ ഗ്രാമത്തിൽ പിറന്ന് ബാല്യം ചെലവഴിക്കാനും നിലത്തെഴുത്തു മുതൽ ഹൈസ്ക്കുൾ തലം വരെ പഠിക്കാനും കഴിഞ്ഞത് മഹാഭാഗ്യം .
മഹാബലിയുടെ സദ് ഭരണത്തിന്റെ കഥ ഇവിടെ വിവരിക്കുന്നില്ല.
അത് ഏറെ കേട്ടു പഴകിയതാണ്. പക്ഷേ സമ്പൽ സമൃദ്ധവും സമത്വ സുന്ദരവും സത്യാ തിഷ്ഠിതവും സർവൈശ്വര്യ നിർഭരവുമായ ഒരു ഭരണ കാലഘട്ടത്തെക്കുറിച്ച് നമുക്കു സ്വപ്നം കാണാമല്ലോ. കാപട്യവും കരിഞ്ചന്തയും വഞ്ചനയും അഴിമതിയും അതിക്രമവും കൊല്ലും കൊലയും മാനഭംഗവും ഇല്ലാത്തനന്മകൾ മാത്രംനൂറു മേനി വിളയുന്ന ഒരു സ്വപ്ന സാമ്രാജ്യം. അത് നമ്മൾ സ്വപ്നം കാണുന്നത് ആരും തടയില്ലല്ലോ. ആരേയും അവമതിക്കാതെ പരസ്പരം ബഹുമാനിക്കാനും വിലമതിക്കാനും സന്മനസ്സും സന്നദ്ധതയുമുള്ള സാധാരണ മനുഷ്യർ. തന്റെ പ്രജകളുടെ സുഖത്തിലും സുരക്ഷയിലും സദാ ജാഗരൂകനായ ഒരു ചക്രവർത്തി . ജനാധിപത്യത്തിൽ അത്തരമൊരു ജനാധിപതി നമുക്കു ലഭിക്കുമോ എന്ന ചോദ്യം അവശേഷിക്കുന്നു.
പുരാണങ്ങളിലെ ദേവഗണങ്ങൾ നന്മയുടെ പ്രതീകമാണ്. അസുരന്മാർ തിന്മ ചെയ്യുന്നവരും. അതുകൊണ്ട് സ്വർഗലോകത്ത് ദേവാസുര യുദ്ധങ്ങൾ സാധാരണമാണ്. എപ്പോഴും നന്മ ജയിക്കാനാണ് നാം ആഗ്രഹിക്കുക. ഇവിടെ ഒരു വൈരുധ്യം നമുക്കു ദർശിക്കാനാകും. അത് നാം വാഴ്ത്തുന്ന മഹാബലി അസുര ചക്രവർത്തിയാണ്. തിന്മകൾക്കിടയിൽ ഒരു നന്മ മരം.
ഇന്ന് ലോകം മാനവരാശിയെ ഭീതിയുടെയും അരക്ഷിതത്വത്തിന്റെയും മുൾമുനയിൽ നിറുത്തിയിരിക്കുകയാണ്. യുദ്ധക്കൊതിയ ന്മാരുംസാമ്രാജ്യശക്തിക ളും നിരപരാധികളായ സാധു മനുഷ്യരുടെ ജീവനു വിലയിടുകയാണ്. അവിടെയാണ് ഓണം പോലെയുള്ള ഒത്തൊരുമയുടെ സന്ദേശം വിതറുന്ന ഉത്സവങ്ങൾ നമുക്കു ആഘോഷദിനങ്ങൾ സമ്മാനിക്കുന്നത്.
ചിങ്ങമാസത്തിലെ ഓണനിലാവിന്റെ ഒളി ഇന്നും മാഞ്ഞിട്ടില്ല. ഏകാന്തതയും നിശബ്ദതയും മുറ്റിയ ഈറൻ രാവുകളിൽ ഹരിതാഭമായ മരക്കൂട്ടങ്ങളിൽ മഞ്ഞണിഞ്ഞ ഇലത്തുമ്പുകളിൽ നിലാവൊളി പൂക്കുന്നത് ഞാനിന്നും കാണുന്നു. ആകാശവിതാനത്തിലെ അനേക ലക്ഷം നക്ഷത്രജാലങ്ങൾക്കിടയിൽ വെൺമേഘങ്ങൾ താലപ്പൊലിയെടുത്തു നില്ക്കുമ്പോൾ അവയ്ക്കു നടുവിൽ ചന്ദ്രക്കല നറുനിലാവ് തൂ വുന്നതും എന്റെ ദൃശ്യ വിരുന്നിലുണ്ട്. ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രം.
അതിരാവിലെ എണീറ്റ് കുന്നിൻപുറത്തെ വേലി പടർപ്പുകളിൽ വിരിഞ്ഞു നിൽക്കുന്ന കോളാമ്പിപൂക്കളും കൊങ്ങിണി പൂക്കളും തുമ്പയും മുല്ലയും മുക്കൂറ്റിയും ചെമ്പരത്തിയും രാജമല്ലിയും ജമന്തിയും കൃഷ്ണകിരീടവും കലർത്തിയുള്ള ഓണപ്പൂക്കളം ഒരുക്കിത്തീർക്കുമ്പോൾ തന്നെ പൊൻവെയിൽകതിരുകൾക്ക് ചൂടു വർധിച്ചിരിക്കും.എപ്പോഴും തണലിന്റെ ശീതളിമ നല്കുന്ന ചക്കരേച്ചി മാവിന്റെ ചാഞ്ഞു കിടക്കുന്ന ശിഖരത്തിൽ കെട്ടിയ ഊഞ്ഞാലിൽ കയറി ആടിയും പാടിയും നന്നേ ക്ഷീണിച്ചാണ് അമ്മ ഒരുക്കിയ ഓണസദ്യ ഉണ്ണാൻ ഓടിയെത്തുന്നത്.
പിന്നീട് നടുത്തളത്തിൽ പായ് വിരിച്ച് ഞങ്ങൾ എട്ടു മക്കളും നിരയായി ഇരിക്കും.
പട്ടു പോലെയുള്ള തൂശനിലകളിൽ വി ളമ്പുന്ന ചമ്പാവരി ചോറും പരിപ്പും നെയ്യും അവിയലുംസാമ്പാറും തോരൻ കറികളും പലതരം അച്ചാറുകളും പച്ചടി, കിച്ചടി തുടങ്ങി വയും പപ്പടവും കണ്ണൻ പഴവും നാലുകൂട്ടം പായസവും ചേർന്നുള്ള ഓണസദ്യയുടെ രുചി ഇന്നും നാവിലുണ്ട്.

ഗ്രാമങ്ങളിലെ ബാല്യങ്ങൾക്ക് ഓണക്കോടി അന്യമായിരുന്ന അന്നാ ളിലും ഞങ്ങൾക്ക് പുതിയ ഷർട്ടും നിക്കറും ചെരിപ്പും കിട്ടിയിരുന്നു. അവ ധരിച്ച് ഉച്ച കഴിഞ്ഞ്
വയൽ പൂക്കൾ കാവൽ നില്ക്കുന്ന വെളിമ്പറമ്പിൽ ചേട്ടന്മാർ വാശിയോടെ നടത്തുന്ന നാടൻ പന്തുകളി കാണാൻ പോകും. കളിക്കു കൂട്ടിയില്ലെങ്കിലും അതിരു വിട്ടു പോകുന്ന പന്ത് തിരഞ്ഞു കണ്ടുപിടിക്കേണ്ട ചുമതല കിട്ടും. അത് സന്തോഷത്തോടെ ചെയ്യുമ്പോഴാകും തൊട്ടടുത്തുള്ള നാലമ്പലത്തിൽ നിന്നും കടന്നുവരുന്ന തെയ്യക്കോലങ്ങൾ കൗതുക കാഴ്ചയാകുന്നത്.
അമ്പലനടയിൽ പോയാൽ ഇടക്ക കൊട്ടുന്നതും കരക്കാരുടെ മത്സരിച്ചുള്ള ചെണ്ടമേളവും കാണാം. വീട്ടിലറിയാതെ അവയും ആസ്വദിച്ച്‌ തിരിയെ എത്തുമ്പോൾ അമ്മ ഉച്ചയൂണിന്റെ ബാക്കിയായ പാലടയും ഉപ്പേരിയും നല്കി ശാസിക്കും. എവ്ടെയായിരുന്നു , നീ എന്ന്.ഉത്തരം പറയാതെ അമ്മയ്ക് ഒരു പുഞ്ചിരി സമ്മാനിച്ച് അകത്തേക്കു പോകും.
ഇന്ന് ഓണനാളുകളിൽ ആ അമ്മമനസ്സിന്റെ നിറമുള്ള ഓർമകൾ പൊന്നോണം പോലെ എന്നിലേക്ക് ഞാനറിയാതെ പടരും.

പ്രൊഫ. കവിയൂർ ശിവപ്രസാദ്

1944 -ൽ പുറത്തിറങ്ങിയ ഒരു പ്രസിദ്ധ നാടകമാണ് നോ എക്സിറ്റ് (No Exit ) . അക്കാലത്ത് യൂറോപ്പിൽ മാത്രമല്ല ലോകത്തിൻറെ ഇതര സ്ഥലങ്ങളിലും ഈ നാടകം വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ നാടകത്തിൻറെ രചന നിർവഹിച്ചത് ഴാങ്ങ് പോൾ സാർത്ര് (Jean Paul Sartre) എന്ന ദാർശനിക സാഹിത്യകാരനാണ്. നോവലുകൾ, നാടകങ്ങൾ, ദാർശനിക ലേഖനങ്ങൾ തുടങ്ങിയ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു അദ്ദേഹം. നോ എക്സിറ്റ് എന്ന നാടകത്തിൽ ജോസഫ് ഗാർഡിൻ (Joseph Garden ) എന്ന കഥാപാത്രം പറയുന്ന ഒരു സംഭാഷണം “Hell is the other people” അതായത് ‘മറ്റുള്ളവൻ നരകമാണ്’ ഈ സംഭാഷണം അന്നത്തെ സമൂഹത്തിൽ നടുക്കം സൃഷ്ടിച്ചു. അന്നത്തെ മാത്രമല്ല ഇന്നത്തെ സമൂഹത്തിലും നടുക്കം സൃഷ്ടിക്കുന്നതാണ്. അത്യന്തിക വിശകലനത്തിൽ കാരണമോ അകാരണമോ ആയ അവസ്ഥയിലും അന്തർലീനമായ വികാരം വിദ്വേഷമാണ്.

നമുക്ക് നേരിട്ട് ബന്ധമില്ലാത്ത ഒരു കാര്യത്തിൽ നാം ഇടപെടുന്നത് തികച്ചും സ്വാഭാവികമായ ഒരു കാര്യമാണ്. പല കാര്യങ്ങളിലും നാം പക്ഷം പിടിക്കുകയും “തമ്മിൽതല്ല് ” നടത്തുന്നതും ചെയ്യുന്നത് ഇത്തരം വിദ്വേഷ പ്രകടനത്തിന്റെ ഭാഗമാണ്. തെക്കേ അമേരിക്കയിലുള്ള അർജൻറീനയും ബ്രസീലും തമ്മിലുള്ള പന്തു കളിയിൽ പരസ്പരം പക്ഷം പിടിച്ച് എത്രയോ കിലോമീറ്ററുകൾക്കിപ്പുറത്തുള്ള കൊച്ചു കേരളത്തിൽ ‘അടിയും കത്തിക്കുത്തും’ വരെ നടക്കാറുണ്ട്. ഇതൊക്കെ മനുഷ്യൻറെ ഉള്ളിൽ കിടക്കുന്ന വിദ്വേഷ ചോതനയുടെ ബഹിർസ്ഫുരണമാണ്. ഒരു റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റിനായി ക്യൂ നിൽക്കുമ്പോൾ യാതൊരു പരിചയവും ഇല്ലാത്ത ചിലപ്പോൾ നന്മയുടെ മൂർത്തരൂപവുമായ ആൾ ആണെങ്കിൽ പോലും നമുക്ക് അപരിചിതനാണെങ്കിൽ അയാൾ ശത്രുവായി നമ്മൾക്ക് തോന്നും, അയാൾ നരകമാണ്. ഇത് മനുഷ്യസഹജമായ ഒരു വികാരമാണ്. (എന്നാൽ ചിലപ്പോൾ ഇതിന് വ്യത്യസ്തമായ ചില തലങ്ങളുമുണ്ട്. നമ്മുടെ തൊട്ടു മുമ്പിൽ നിൽക്കുന്ന ആൾ സുന്ദരിയായ ഒരു സിനിമാനടി / നടൻ ആണെങ്കിൽ ഈ ക്യൂ പെട്ടെന്ന് തീരല്ലെ എന്ന് ആഗ്രഹിക്കും.) ഇത്തരം വൈവിധ്യത എല്ലാ സമൂഹത്തിലും എല്ലാ വ്യക്തിയിലും നിറഞ്ഞു നിൽക്കുന്നുണ്ട് എന്ന് സാമാന്യ നിരീക്ഷണം ഉണ്ട് എങ്കിൽ മനസ്സിലാക്കാവുന്നതാണ്.

ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷം അനുഭവിക്കുന്ന നാട് ഫിൻലാൻഡ് ആണ് (സ്കോർ 7.76) ആ ക്രമം താഴെ ചേർക്കുന്നു (ഐസ് ലാൻഡ് (7.7 4), ഡെന്മാർക്ക് ( 7.5 4 ) , കോസ്റ്ററിക്ക (7. 44), സ്വീഡൻ (7.26), നോർവേ ( 7.24 ) എന്നീ പ്രകാരമാണ് 1965 -ൽ ജീവിച്ചിരുന്നഹാഡ്ലി കാൻട്രിൽ എന്ന മന:ശാസ്ത്രജ്ഞൻ സംതൃപ്തിയുടെ അളവുകോൽ ഉണ്ടാക്കിയെടുത്തത്. 0 മുതൽ 10 വരെയാണ് സ്കോർ കണക്കാക്കി വച്ചത്. കാൻട്രിൽ ലാഡർ സർവ്വേ എന്നാണ് ഈ പഠനത്തിന് പേര് നൽകിയിരിക്കുന്നത്. 147 രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ സർവ്വേയിൽ ഇന്ത്യയുടെ സ്ഥാനം 112 -മത് ആണ്. എന്നാൽ നൂറ്റാണ്ടുകൾക്ക് മുൻപു തന്നെ പരസ്പര സ്നേഹത്തിൻ്റെയും സംതൃപ്തിയുടേയും ഒരു രാജ്യം കേരളത്തിലുണ്ടായിരുന്നു എന്ന സങ്കൽപ്പമാണ് ‘ഓണം’ ആഘോഷിക്കുമ്പോൾ സ്മരിക്കേണ്ടത്. സത്യമോ അസത്യമോ എന്തുമാകട്ടെ അത്തരം ഒരു ചിന്താധാര അന്നു നില നിന്നിരുന്നു എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. പരസ്പരം സ്നേഹിക്കുക പരസ്പരം സഹായിക്കുക എന്ന ആപ്തവാക്യം ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു ജീവിതം പ്രസക്തമാണ്.

ഭാരതത്തിൽ ബുദ്ധനും മഹാവീരനും ശേഷമാണ് ‘ഹിംസ’ പാപമായി കരുതിയത്. പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും ജൈന ബുദ്ധ സംസ്കാരങ്ങളിലൂടെയാണ് ഹിംസയും അക്രമവും വെടിഞ്ഞ് സൗമ്യതയുടേയും സ്നേഹത്തിൻ്റേയും പാരമ്പര്യം ലോകമെമ്പാടും വ്യാപരിക്കുവാൻ തുടങ്ങിയത്. ഈ തത്വം മറ്റൊരു തലത്തിൽ പടിഞ്ഞാറൻ രാജ്യങ്ങളിൽ സ്വാധീനം ചെലുത്തിയത് യേശുക്രിസ്തുവിന്റെ വചനങ്ങളിലൂടെയാണ്. ബുദ്ധ പാരമ്പര്യം ചൈനയിലും ജപ്പാനിലും മറ്റു പൂർവ്വ ദേശങ്ങളിലും വ്യാപിക്കുകയും കുറെ പേരെങ്കിലും മാനസാന്തരപ്പെട്ട് അധർമ്മ ചിന്തകളിൽ നിന്നും പ്രവർത്തികളിൽ നിന്നും മോചിതരായ ആനന്ദം ഉൾക്കൊള്ളുന്നവരായി മാറി. ഒരുപക്ഷേ ഭഗവദ് ഗീതയിലെ രണ്ടാം അധ്യായം – സംഖ്യയോഗം 62, 63 ശ്ലോകങ്ങളിൽ പറയുന്ന വിഷയങ്ങളെപ്പറ്റി നോക്കാം

ധ്യായതോ വിഷയാൻ പുംസഃ
സംഗസ്തേഷൂപജായതേ ।
സംഗാത് സഞ്ജായതേ കാമഃ
കാമാത് ക്രോധോഽഭിജായതേ ॥ (62)

ക്രോധാദ്ഭവതി സമ്മോഹഃ
സമ്മോഹാത് സ്മൃതിവിഭ്രമഃ ।
സ്മൃതിഭ്രംശാത് ബുദ്ധിനാശോ
ബുദ്ധിനാശാത് പ്രണശ്യതി ॥ (63)

ഒരു വസ്തുവിനെ തന്നെ വിചാരിച്ചു കൊണ്ടിരിക്കുന്നു. ഭൗതിക വസ്തുവിനെപ്പറ്റി വിചാരിച്ചു കൊണ്ടിരുന്നാൽ അതിൽ താല്പര്യം ഉണ്ടാകുന്നു. ആ ബന്ധത്തിൽ നിന്ന് കാമം (ആഗ്രഹം) ഉണ്ടാകുന്നു. കാമത്തിൽ നിന്നും ക്രോധം ജനിക്കുന്നു. ക്രോധത്തിൽ നിന്നു മോഹവും മോഹത്തിൽ നിന്ന് ഓർമ്മക്കേടും ഓർമ്മയില്ലായ്മയിൽ നിന്ന് ബുദ്ധി നാശവും, ബുദ്ധി നാശത്തിൽ അവൻ നശിക്കുകയും ചെയ്യുന്നു. മനുഷ്യമനസ്സിലെ സ്വാർത്ഥമായ ആഗ്രഹങ്ങൾ ദുരന്തങ്ങൾ ഉണ്ടാക്കുന്നു എന്ന് മനസ്സിലാക്കാം.

ബുദ്ധ ചിന്തയുടെ ശുദ്ധീകൃത ഭാവം സെൻ ബുദ്ധിസത്തിൽ കാണാവുന്നതാണ്. പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും പ്രാധാന്യം ഉൾക്കൊള്ളുന്ന ഒരു കഥ പറയേണ്ടിയിരിക്കുന്നു . ഒരു കർഷകന് രണ്ടുമക്കൾ ഉണ്ടായിരുന്നു. മൂത്തവൻ അവിവാഹിതനും ഇളയവൻ വിവാഹിതനും കുടുംബസ്ഥനുമാണ്. കൊയ്ത്ത് കഴിഞ്ഞ് ധാന്യങ്ങൾ ഇരുവരും പങ്കുവെച്ച് അറകളിൽ സമാഹരിച്ചു. മൂത്തവൻ ഓർത്തു ഞാൻ വിവാഹിതനല്ല എനിക്ക് ഇത്രയും സമ്പത്തിന്റെയും ധാന്യത്തിന്റെയും ആവശ്യമില്ല. കുറേ എടുത്ത് അനുജനു കൊടുക്കാം. അവനല്ലേ ഭാര്യയും മക്കളും ഉള്ളത്. അവന് ചെലവ് കൂടുതൽ വേണ്ടി വരുമല്ലോ? അതിനാൽ തനിക്കുള്ള ധാന്യങ്ങൾ കുറെ കൂടുതൽ അനുജന് നൽകാം എന്ന് വിചാരിച്ച് ചാക്കിനുള്ളിലാക്കി ആരും കാണാതെ അനുജന്റെ അറയിൽ നിക്ഷേപിക്കാം എന്ന് കരുതി രാത്രിയിൽ അയാൾ അപ്രകാരം ചെയ്തു. ഇതേസമയം തന്നെ അനുജൻ ചിന്തിച്ചത് മറ്റൊരു തരത്തിലാണ്. എനിക്കാണെങ്കിൽ ഭാര്യയും കുട്ടികളും ഒക്കെ ഉണ്ടല്ലോ? ജേഷ്ഠനാണെങ്കിൽ ആരുമില്ലല്ലോ, അതിനാൽ ജ്യേഷ്ഠന് കുറച്ച് ധാന്യങ്ങൾ കൂടുതൽ കൊടുക്കാം എന്നു കരുതി തൻറെ അറയിൽ സംഭരിച്ച ധാന്യം ചാക്കു കെട്ടുകളിലാക്കി ആരും കാണാതെ ജേഷ്ഠന്റെ അറയിൽ നിക്ഷേപിച്ചു. ഒരുനാൾ രാത്രി അപ്രതീക്ഷിതമായി ഇരുവരും ധാന്യ കെട്ടുകളുമായി കണ്ടുമുട്ടുകയാണ്. ചാക്കുകെട്ടുകൾ താഴെയിട്ട് അവർ പരസ്പരം ആലിംഗനം ചെയ്തു. ആ സ്ഥലം പരസ്പര സ്നേഹത്തിൻറെ തിരിച്ചറിവിൻറെ പ്രതീകമായി ഒരു ക്ഷേത്ര സമുച്ചയം (പഗോഡ)യിലൂടെ സെൻ ബുദ്ധിസ്റ്റുകൾ ആദരിച്ചു. ഏറ്റവും പുണ്യം നിറഞ്ഞ സ്ഥലമായി കണക്കാക്കി. ഇതാണ് ‘ഓണം’ മഹാബലി വിഭാവനം ചെയ്തതും പ്രവർത്തിയിൽ കൊണ്ടുവന്നു എന്ന് നാം കരുതപ്പെടുന്ന ഓണത്തിൻറെ നാട്. ഓണം ഒരു ആഘോഷം എന്നതിലുപരി ഒരു ജീവിതചര്യയായി മാറി. പ്രജാസ്നേഹമുള്ള രാജാവിനെ നിരാകരിച്ചതും ആണ്ടിലൊരിക്കൽ പ്രജകളെ കാണാൻ അനുവാദം കൊടുത്ത് ആഘോഷമാക്കിയതും കല്പിത കഥ എന്നതിലുപരി ഒരു ‘വിഷ് ഫുൾ’ (wish full) ചിന്തയായി സുമനസ്സുകൾ കാണുന്നു. അതെ നമുക്ക് ഒരുമിച്ച് കൂടി പരസ്പരം കൈകോർത്ത് നാം ഒന്നാണ് എന്ന വിചാരം ഉൾക്കൊണ്ട് ഒരുമിച്ച് ഓണം ആഘോഷിക്കാം.

പ്രൊഫ. കവിയൂർ ശിവപ്രസാദ്

എട്ട് സിനിമകളുടെ സംവിധായകൻ, എണ്‍പതിലധികം ഷോട്ട് ഫിലിമുകള്‍, നിരവധി ഡോക്യുമെന്‍ററികള്‍, ടി.വി സീരിയലുകള്‍, പരസ്യ ചിത്ര സംവിധായകൻ അദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ ബഹു മുഖ റോളുകൾ ഭംഗിയായി ജീവിതത്തിന്റെ അരങ്ങിൽ ആടിയ പ്രതിഭ. 1994 ലെ ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പുരസ്ക്കാരം ശിവ പ്രസാദിന് നേടി കൊടുത്തത് ഓര്‍മ്മയുടെ തീരങ്ങളില്‍ എന്ന നോൺ ഫീച്ചർ ചിത്രമായിരുന്നു. മുഖ്യധാരാ സിനിമാ പ്രവര്‍ത്തനത്തില്‍നിന്ന് മാറി സ്വന്തം ശൈലിയിലൂടെ സിനിമയെ അടയാളപ്പെടുത്താന്‍ പ്രൊഫ ശിവപ്രസാദിനായി. 1990ല്‍ പുറത്തിറങ്ങിയ ‘വേമ്പനാട്’ എന്ന സിനിമക്ക് സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ലഭിക്കാനുള്ള കാരണവും ഇതു തന്നെയായിരുന്നു. വേമ്പനാട് കായലിലെ മത്സ്യ ബന്ധന തൊഴിലാളികളുടെ ജീവിതമായിരുന്നു കഥാ തന്തു. 1992ല്‍ ടി. പത്മനാഭന്റെ ഗൗരി എന്ന കഥയെ അതേ പേരില്‍തന്നെ ശിവപ്രസാദ് സിനിമയാക്കി. കേരളത്തിലെ നക്സല്‍ പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില്‍ 2002ല്‍ ചെയ്ത ‘ഭേരി’ എന്ന സിനിമ ഒക്കെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. 2004ല്‍ പുറത്തിറങ്ങിയ ‘ഈ സ്നേഹതീരത്ത്’ എന്ന സിനിമയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജൂറി അവാർഡ് കുഞ്ചാക്കോ ബോബന് ഈ ചിത്രം നേടി കൊടുത്തു. അവസാനം 2012ല്‍ ചെയ്ത ‘സ്ഥലം’ എന്ന ചിത്രം തികച്ചുമൊരു പരിസ്ഥിതി സിനിമയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകൻ കല്ലൻ പൊക്കുടൻ ആണ് ഇതിലെ കേന്ദ കഥാപാത്രത്തെ അവതരിപ്പിച്ചത്.

രാധാകൃഷ്ണൻ മാഞ്ഞൂർ

നമ്മൾ ആസ്വദിച്ചു ചെയ്യുന്ന ഏതു ജോലിയും പെണ്മയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് . പ്രത്യേകിച്ച് പുരുഷ മേധാവിത്വമുള്ള തൊഴിലിടങ്ങളിൽ സ്ത്രീകൾ വിജയിക്കുമ്പോൾ സമത്വത്തിൻ്റെ നേർരേഖ നാം തിരിച്ചറിയുകയാണ്‌ .

ഇത് കോട്ടയം ഇളങ്ങുളം കൂരാലി കന്നുപറമ്പിൽ കെ എൻ ഷീബ, വനിതകൾ അധികം കടന്നു ചെന്നിട്ടില്ലാത്ത മേഖലകളായ ഫോട്ടോഗ്രാഫിയിലും, അനൗൺസ്‌മെൻ്റ് മേഖലയിലും തൻ്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു .

ഫോട്ടോഗ്രാഫിയോടുള്ള ഇഷ്ടം കാരണം വർഷങ്ങൾക്കു മുൻപ് കൂരാലിയിൽ ‘ചാരുത’ എന്ന പേരിൽ ഒരു സ്റ്റുഡിയോ നടത്തി. വനിതാ ഫോട്ടോഗ്രാഫർമാർ ഇല്ലാത്ത കാലത്താണ് ഇങ്ങനെയൊരു സാഹസത്തിനിറങ്ങിയത്

പിന്നീട് ഒരു കൗതുകത്തിനു ഏറ്റെടുത്ത അനൗൺസ്‌മെൻ്റ് ജോലി സാമ്പത്തിക ഭദ്രതയും ,ആത്മവിശ്വാസവും നൽകി ഇന്നും അത് തുടരുന്നു

1990 ലെ സാക്ഷരതാ പ്രവർത്തനകാലത്താണ് ആദ്യമായി ഷീബ അനൗൺസ്‌മെൻ്റ്നായി മൈക്ക് കയ്യിൽ എടുക്കുന്നത് ( ഷീബ അക്കാലത്തു കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻെറ സജീവ പ്രവർത്തകയായിരുന്നു)

മലപ്പുറം ജില്ലയിലെ സാക്ഷരതാ പ്രവർത്തക, അരയ്ക്ക് താഴോട്ടു ചലനം നഷ്ടപ്പെട്ട കെ വി റാബിയ ആദ്യമായി കോട്ടയത്ത് വന്നപ്പോൾ ആണ് അനൗൺസ്‌മെൻ്റ് നടത്തുവാനുള്ള ദൗത്യം ഷീബ ഏറ്റെടുത്ത് . 35 വർഷം മുൻപ് നടത്തിയ ആ അനൗൺസ്‌മെൻ്റ് ഇങ്ങനെയായിരുന്നു. “ വെള്ളിനക്കുഴിയുടെ വെള്ളി നക്ഷത്രമായ റാബിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഇതാ അക്ഷരനഗരിയായ കോട്ടയത്തേക്ക് ” .

പിന്നീട് നിരവധി പ്രോഗ്രാമുകൾക്ക് ശ്രോതാക്കൾ കേട്ടത് ഷീബയുടെ ശബ്ദം. ശാസ്ത്ര സാഹിത്യ പരിഷിത്തിൻ്റെ കലാ ജാഥാ ,ഗ്രാമ ,ബ്ലോക്ക് ,ജില്ലാ, നിയമസഭാ ,പാർലമെൻ്റ്, തിരഞ്ഞെടുപ്പുകൾക്ക് ഷീബയുടെ ഗാംഭീര്യമാർന്ന ശബ്ദത്തിൻ്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു .

കൃത്യമായി എഴുതി ചിട്ടപ്പെടുത്തുന്ന വാക്കുകൾ വളരെ വ്യക്തതയോടെ അനൗൺസ്‌മെൻ്റ് റെക്കോർഡിങ് തീയേറ്ററിൽ റെക്കോർഡ് ചെയ്യും , അക്ഷര ശുദ്ധിയും ശബ്ദ നിയന്ത്രണവും ഇഴ ചേർത്തുള്ള ഒരു കലയാണിതെന്ന് ഷീബ പറയുന്നു. മാണി സി കാപ്പൻ ,തോമസ് ചാഴികാടൻ ,ഡോ: ടി എം തോമസ് ഐസക് .അഡ്വക്കേറ്റ് ജോയ്‌സ് ജോർജ് ,വി എൻ വാസവൻ എന്നിവർക്കു വേണ്ടി ഷീബ സ്വന്തം ശബ്ദത്തിൽ വോട്ടു തേടിയിട്ടുണ്ട്

തീയേറ്റർ ആക്ടിവിസ്റ് കൂടിയായ ഷീബ, സ്ത്രീ പക്ഷ നാടകങ്ങളിലും സംഗീത ശില്പങ്ങളിലും തൻ്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്

സ്ത്രീ ശാക്തീകരണ മേഖലയിൽ ആറായിരത്തിലധികം ക്ലാസ്സുകൾ നയിച്ച പരിശീലകയും ,മില്ലറ്റ് മിഷൻ കോട്ടയം ജില്ലാ പ്രസിഡൻ്റ് കൂടിയാണ്.

കോട്ടയം ആത്മനിവേദനം ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹയാത്രികയാണ്. വയോജന-ഭിന്നശേഷി മേഖലകളിൽ സജീവമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ജനകീയാസൂത്രണ പ്രവർത്തനങ്ങളുടെ ആദ്യകാലം മുതൽ തന്നെ ഇതിന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്ന അവർ, ജനകീയാസൂത്രണ കലാജാഥയിലെ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 25 വർഷമായി കിലയുടെ (KILA) റിസോഴ്‌സ് പേഴ്സണായി സേവനമനുഷ്ഠിച്ചുവരുന്നു. നിലവിൽ സംസ്ഥാന വനിതാ കമ്മീഷന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും റിസോഴ്‌സ് പേഴ്സണായും പ്രവർത്തിക്കുന്നു.

പ്രശസ്ത നടനും എഴുത്തുകാരനുമായ എലിക്കുളം ജയകുമാർ സംവിധാനം ചെയ്ത ലഹരിക്കെതിരായ ‘മരുന്ന്’ എന്ന ടെലിഫിലിമിൽ അഭിനയിച്ചു.

ഈ കഴിഞ്ഞ ജനുവരിയിൽ സാമൂഹിക പ്രവർത്തകയായ ദയാഭായിക്കൊപ്പം പത്തനംതിട്ട ,കൊല്ലം,കോട്ടയം ജില്ലകളിൽ പര്യടനം നടത്തിയത് ഒരു വലിയ അനുഭവം ആയിരുന്നു .പരിസ്ഥിതി സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിൽ അവർ നടത്തുന്ന ഇടപെടലുകൾ വളരെ ശ്രദ്ധേയമാണ് . എൻഡോ സൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ ഒരു ഏകാംഗ നാടകമായി അവർ അവതരിപ്പിച്ചിരുന്നു .

കിലയുടെ പ്രവർത്തനങ്ങളുമായി കോഴിക്കോട് മൂക്കത്തു പോയപ്പോൾ ആണ് കാഞ്ചനമാലയെ ( എന്ന് നിൻെറ മൊയ്‌ദീൻ സിനിമയിലെ നായിക കഥാപാത്രം ) സന്ദർശിക്കുകയും അവരുടെ ചാരിറ്റബിൾ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്തു

ഭർത്താവ് ബിസിനെസുകാരനായ ജോം ആൻ്റണി, ഇപ്പോൾ സകുടുംബം കോട്ടയം വാഴൂരിൽ താമസിക്കുന്നു .

രാധാകൃഷ്ണൻ മാഞ്ഞൂർ:- ഫ്രീലാൻസെർ ,കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ മാഞ്ഞൂർ പന്തല്ലൂർ വീട്ടിൽ പരേതരായ പി കെ കൃഷ്ണൻ്റെയും ,ഗൗരി കൃഷ്ണൻ്റെയും മകനായി 1968 ലെ ഏപ്രിൽ വേനലിൽ ജനനം ,മാഞ്ഞൂർ സൗത്ത് ഗവൺമെൻ്റ് സ്കൂൾ ,മാഞ്ഞൂർ വി കെ വി എം എൻ എസ് എസ് സ്കൂൾ ,കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവടങ്ങളിൽ വിദ്യാഭ്യാസം ,സമചിന്ത ,പിറവി എന്നീ ലിറ്റിൽ മാഗസിനുകളിൽ എഡിറ്റോറിയൽ ബോർഡ് മെമ്പർ ,അക്ഷര കാഴ്ച്ച മാസികയുടെ ചീഫ് എഡിറ്റർ ,കാഞ്ഞിരപ്പള്ളി സമചിന്ത സാഹിത്യ സംഘം വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഇപ്പോൾ ടാഗോർ സ്മാരക സാംസ്കാരിക സദസ്സ് ( കേരളം ) സംസ്ഥാന ജോയിൻ്റ് സെക്രട്ടറി. 1986 ൽ ഭരതം കഥാ പുരസ്കാരം ,1997 ൽ അസീസി ചെറുകഥാ പുരസ്കാരം ,സാംസ്കാരിക വേദിയുടെ 2023ലെ അവാർഡ് എന്നിവ ലഭിച്ചു . രണ്ടു കഥാ പുസ്തകങ്ങൾ – നിലാവിൻ്റെ ജാലകം ,പരസ്യപ്പലകയിലൊരു കുട്ടി. രണ്ടു തിരക്കഥകൾ – മഴ മരങ്ങൾ ,മുടിയേറ്റ്. ഭാര്യ -ഗിരിജ ,മകൾ -ചന്ദന .
ഇ മെയിൽ [email protected] ,മൊബൈൽ നമ്പർ : 8075491785

 

ഷിജോ തോമസ്‌ ഇലഞ്ഞിക്കൽ

നിറയെ ഇലച്ചാർത്തുള്ള ഒരു പൂമരം അവന്റെ വേലിക്കരികിൽ ഉണ്ടായിരുന്നു.സൂര്യപ്രകാശം തേടിവേലിക്കപ്പുറത്തേക്ക് തലചായ്പ്പ് നീട്ടിയ പൂമരത്തിന്റെ ഇളം തായ്തണ്ടിൽ അവൻ ഇരുമ്പ് കമ്പി കൊണ്ട് കുരിക്കുണ്ടാക്കി വരിഞ്ഞു മുറുക്കി തൻറെ അതിർത്തി വിട്ടു പോകുവാൻ അനുവദിക്കാതെ നിയന്ത്രിച്ചു നിർത്തി… പരാതികൾ ഒന്നുമില്ലാതെ പൂമരം പൂത്തും തളിർത്തും കുരുക്കിന്റെ വേദന സഹിച്ചും വളർന്നുകൊണ്ടേയിരുന്നു. വളർച്ചയുടെ വഴിയിൽ ഇരുമ്പ് കുരുക്ക് തെല്ലും അയച്ചു കൊടുക്കുവാൻ അയാൾ തയ്യാറല്ലായിരുന്നു.

വീണ്ടും ഒരു ഓണക്കാലം…

അന്നേവരെ കാണാത്തത്ര പൂക്കളുമായി പൂമരം നിറഞ്ഞുനിന്നു. പൂക്കളുടെ മണം കാറ്റിനൊപ്പം വീടുമുറ്റത്താകെ പടർന്നു. ഓണക്കാറ്റ് പൂക്കളെ ഉമ്മവെച്ചുകൊണ്ട് ഇലകളിൽ പിടിച്ച് ശക്തിയായി വലിച്ചു. ഇരുമ്പ് കുരുക്ക് പൂമരത്തിന്റെ തായ്ത്തണ്ടിൽ ഏൽപ്പിച്ച ക്ഷതത്തിന് അതൊരിക്കൽ കൂടി പിടിച്ചു നിൽക്കാൻ ആയില്ല… കാറ്റിനൊപ്പം അത് ചാഞ്ഞു.
അവന്റെ സ്വാർത്ഥതയുടെ വേലിക്കെട്ടിനുള്ളിലേക്ക്, ആ പൂമരം ഒടുവിൽ കടപുഴകി വീണു.
ആർത്തലച്ചുവീണ പൂമരത്തിൽനിന്ന് പൂവിന്റെ ദളങ്ങൾ മുറ്റമാകെ ചിന്നിച്ചിതറി. പൂമണം വീടിന്റെ ഓരോ കോണിലും നിറഞ്ഞു.
ന്നു.

പൂക്കൾ പെറുക്കിയെടുക്കാൻ ഓടിയെത്തിയ അവന്റെ ഇളയ മകൾ ഉറക്കെ വിളിച്ചു പറഞ്ഞു:
“അച്ഛാ… ദേ, നമ്മുടെ പൂമരം ഒടിഞ്ഞുവീണു! ഞാൻ കുറച്ചു പൂക്കൾ പെറുക്കി പൂക്കളം ഇടട്ടെ?”

അയാൾ ദേഷ്യത്തോടെ ആക്രോശിച്ചു:“പോയിരുന്ന് പഠിക്കെടി!”

പൂമരത്തിന്റെ ചുവട്ടിൽ കളിക്കാനും, പൂ പറിക്കാനും, പൂക്കളം ഇടാനും—അന്നും അവൾക്ക് അനുവാദമുണ്ടായിരുന്നില്ല.

ഷിജോ തോമസ്‌ ഇലഞ്ഞിക്കൽ

മാഞ്ചസ്റ്റർ സാൽഫോർഡ് കൗൺസിലിലെ സോഷ്യൽ വർക്കർ ആണ്.

കൂട്ടിനൊരു ദൈവം, നന്മയുടെ നിറം, Charge&Change, എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: ജിംസി.

മക്കൾ: ഹൈസൽ മരിയ, ഹെലീന റോസ്, ഹെവൻലി ഗ്രേസ്.

Email: [email protected]
Mobile: 07466520634

അനുജ.  കെ 

വളരെനേരത്തെ പരിശ്രമത്തിനൊടുവിലാണ് പൂട്ടിയിട്ടിരിക്കുന്ന ജനാല തള്ളിതുറക്കാൻ അപർണയ്ക്കായത്. ഏറെക്കാലമായി പൂട്ടിയിട്ടിരിക്കുകയായിരുന്നല്ലോ… ആകെ മാറാലമൂടിയിരിക്കുന്നു. എല്ലാം തുടച്ചുനീക്കി ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോളാണ് മുറ്റത്തു വിവിധവർണ്ണങ്ങളിൽ പൂത്തുനിൽക്കുന്ന ചെടികളെ ശ്രദ്ധിക്കുന്നത്. ചെത്തിയും മുല്ലയും പിച്ചിയും നിറയെ പൂക്കളുമായി നിൽക്കുന്നു… ഞാനെന്താണ് ഇതുവരെ ഇവയെ ശ്രദ്ധിക്കാതിരുന്നത്…?
അപർണ നെടുവീർപ്പെട്ടു…നാളെ പൂക്കളമിടണം…അവൾ തീരുമാനിച്ചു.

ഓണത്തിന്റെ അറിയിപ്പുമായി ജനാലക്കരികിലേയ്ക്ക് കുറേ തുമ്പികൾ പാറിപറന്നെത്തിയിരിക്കുന്നു… അവയെ പിടിക്കാനായി അവൾ കൈനീട്ടി…
കിട്ടുന്നില്ല…
കള്ളക്കൂട്ടങ്ങൾ പാറിക്കളിക്കുകയാണ്… അപർണക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.

മുംബൈയിലെ മാനം മുട്ടിനിൽക്കുന്ന അപ്പാർട്ട്മെന്റിന്റെ ജനാലപ്പഴുതിലൂടെ നോക്കുമ്പോൾ കാണുന്ന കെട്ടിടക്കൂട്ടങ്ങളെപ്പോലെ തന്റെ മനസ്സും ഇടുങ്ങിപ്പോവുകയാണല്ലോ എന്ന് അപർണക്കു പലപ്പോഴും തോന്നാറുണ്ട്. അതുകൊണ്ടുതന്നെ ഈ ഓണത്തിന് തറവാട്ടിൽ എത്തുകയെന്ന അവളുടെ വാശിക്ക് കുമാറും സമ്മതം മൂളുകയാരുന്നു. അയാളുടെ മനസ്സും അത് കൊതിച്ചിട്ടുണ്ടാവും എന്നവൾ ചിന്തിക്കാതിരുന്നില്ല. അവളുടെ ആഗ്രഹത്തിന് ബന്ധുക്കളും സുഹൃത്തുക്കളും കൈകൊടുത്തപ്പോൾ കേരളത്തിലെ ഒരു കൊച്ചുഗ്രാമത്തിലെ വീട്ടിലെത്താൻ മനം തുടിക്കുകയായിരുന്നു. ചിന്തകളുടെ മാറാല നീക്കി ജനാലയിലൂടെ അവൾ പുറത്തേയ്ക്ക് നോക്കി നിന്നു… ഇളം മാരുതൻ അവളുടെ മുടിയിഴകളെ തഴുകിക്കൊണ്ട് കടന്നുപോവുന്നു…. തുമ്പികളും മഞ്ഞചിത്രശലഭങ്ങളും ഓണത്തിന്റെ ആഘോഷത്തിമർപ്പിലാണ്.

മുറിയിലെ അലമാരയിൽ പഴയ പുസ്തകങ്ങൾ പൊടിപിടിച്ചുകിടക്കുന്നു.ഓരോന്നായി എടുത്തു തുടച്ചു വയ്ക്കണം. നാളെ എല്ലാവരും വരുമ്പോൾ തിരക്കാകുമല്ലോ….പഴയ പുസ്തകങ്ങളിലും നോട്ടുബുക്കുകളിലും ഒളിഞ്ഞിരിക്കുന്ന കൗതുകകരമായ പല വസ്തുക്കളും കണ്ടുപിടിക്കാമെന്നുള്ള ഉദ്ദേശവുംകൂടി അവൾക്കുണ്ട്. ഉണങ്ങിയ അരയാലിലകളും മയിൽപ്പീലിതുണ്ടുകളും വളപ്പൊട്ടുകളും ഒക്കെയുണ്ടാവും…..എന്നാൽ അവൾക്കാദ്യം കിട്ടിയത് ഒരു കടലാസ്സുതുണ്ടാണ്. അതിൽ വളരെ ചെറിയ അക്ഷരത്തിൽ എന്തൊക്കെയോ എഴുതിയിരിക്കുന്നു… ആകാംക്ഷയോടെ അവൾ ആ അക്ഷരങ്ങളിലേക്ക് നോക്കി…ഒരു കവിതയാണ്‌… കവിതയല്ല… ഒരു ഓണപ്പാട്ടാണ്… എന്താണ് ഇത്രയും ചെറുതായി എഴുതിയിരിക്കുന്നത്? വായിക്കാൻ പറ്റുന്നില്ലല്ലോ… കണ്ണടയില്ലാത്തതിനാൽ കാഴ്ചയ്ക്ക് ചെറിയ മങ്ങലുണ്ട്… ചെറിയ അക്ഷരങ്ങളും…കണ്ണുചിമ്മിച്ചു അവൾ അതിലേയ്ക്ക് നോക്കി…ഒരു ഓണപ്പാട്ടിന്റെ ഈണങ്ങൾ വീണ്ടുമവളുടെ മനസ്സിലേക്ക് ഓടിയെത്തി. ഇതൊരു മത്സരത്തിനായി എഴുതിവച്ചിരിക്കുന്ന ഓണപ്പാട്ടാണല്ലോ… ചെറിയൊരു ചിരി അവളുടെ ചുണ്ടിൽ വിടർന്നു…
ഓണത്തുമ്പീ…
ഓമനത്തുമ്പീ…

കോളേജിൽ ഓണപ്പാട്ടുമത്സരത്തി നായുള്ള റിഹേഴ്‌സൽ നടക്കുകയാണ്. ഓരോ ക്ലാസ്സുകളും ഓരോ ഗ്രൂപ്പുകളായാണ് വാശിയേറിയ മത്സരം. ക്ലാസ്സുകളിലോരോന്നിലും റിഹേഴ്സൽ പൊടിപൊടിക്കുന്നു…. അപർണയുടെ സംഘത്തിൽ പത്തു പെൺകുട്ടികളാണുള്ളത്. “ആലാപനത്തിൽ ഞാനാണ് കേമി ” എന്നുള്ള അഹംഭാവത്തിലാണ് ഓരോരുത്തരും… കൂട്ടത്തിൽ ഏറ്റവും നല്ല ഗായിക എന്ന പേരുള്ള പെൺകുട്ടി എവിടെനിന്നോ കൊണ്ടുവന്ന പുതിയ ഒരു ഗാനമാണ് മത്സരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.ഗ്രൂപ്പിലുള്ള ഓരോരുത്തരെയും വളരെ വിശ്വാസ്യതയോടെയാണ്‌ പാട്ടിന്റെ ഓരോ പകർപ്പും ഏല്പിച്ചിരിക്കുന്നത്. ഒരിക്കലും മറ്റാരുടെ കയ്യിലും എത്തരുത് എന്നൊരു മുന്നറിയിപ്പും കിട്ടിയിട്ടുണ്ട്. അടുത്ത ക്ലാസ്സുകളിലെങ്ങാനും എത്തിയാൽ അവരതൊരു ആയുധമാക്കും. ആ പ്രദേശത്തെങ്ങും ഇതുവരെ ആരും ആലപിച്ചിട്ടില്ലാത്ത മധുരമനോഹരമായ ഓണപ്പാട്ട് !!

മത്സരത്തിനുള്ള ദിവസം അടുത്തുവരുന്നു. റിഹേഴ്സൽ പുരോഗമിക്കുന്നു…. അങ്ങനെയിരിക്കെ അടുത്ത ക്ലാസ്സിൽ നിന്നും ആൺശബ്ദത്തിൽ ഇതേഗാനം മറ്റൊരു രീതിയിൽ കേൾക്കുന്നു… എല്ലാവരും ചെവിയോർത്തു…

‘ പാട്ടു ചോർന്നിരിക്കുന്നു…!’
പകർപ്പ് ആരുടെയോ കയ്യിൽ നിന്നും അവരറിയാതെ ക്ലാസ്സിൽ വീണതാണ്. അടുത്ത ക്ലാസ്സിലെ ആൺകുട്ടികൾ അത് മോഷ്ടിച്ചിരിക്കുന്നു… പുതിയ ഒരു പാട്ട് കണ്ടുപിടിക്കാനുള്ള സാവകാശം ഇല്ലാത്തതിനാൽ അതേ പാട്ടുതന്നെ വേദിയിൽ അവതരിപ്പിക്കാമെന്നു ള്ള തീരുമാനത്തിൽ എല്ലാവരും കൂടി എത്തിച്ചേർന്നു…ഓണപ്പാട്ടുമത്സരത്തിനായി ഗ്രൂപ്പുകളോരോന്നും തയ്യാറെടുത്തു നിൽക്കുന്നു.
അതാ…. ഞങ്ങളുടെ എതിരാളികളായ ആൺസംഘം എത്തിക്കഴിഞ്ഞു. അടുത്തത് അവരുടെ ഊഴമാണ്. ഞങ്ങളുടെ പാട്ടുസംഘത്തെ കളിയാക്കി ചിരിച്ചുകൊണ്ട് അവർ സ്റ്റേജിലേക്കു കയറി… എങ്ങനെയിരിക്കും അവരുടെ പ്രകടനം!? ഞങ്ങളുടെ പാട്ടുതന്നെയായിരിക്കുമോ..? അപർണയും സംഘവും മുഖത്തോടുമുഖം നോക്കി. ഞങ്ങളുടെ പാട്ട് മറ്റൊരു രീതിയിൽ ആലപിക്കുന്നതുകേട്ടപ്പോൾ ഓരോരുത്തരുടെയും മുഖമാകെ വിളറി. അടുത്തത് ഞങ്ങളുടെ ഊഴം.. നിസ്സംഗതയോടെ സംഘം വേദിയിലേയ്ക്ക്.

ഇനി പാട്ടുമത്സരത്തിന്റെ ഫലപ്രഖ്യാപനമാണ്… ഏവരും കാതോർത്തു… ഒന്നാം സമ്മാനം ഞങ്ങൾക്കുതന്നെ എന്നുറപ്പിച്ചുകൊണ്ട് ക്ലാസ്സിലേയ്ക്ക് ഓടിയപ്പോൾ ജനാലയിലൂടെ ഞങ്ങളുടെനേരെ കോക്കിരി കാട്ടി കൂക്കിവിളിക്കുന്ന ആൺസംഘത്തെയാണ് കണ്ടത്. തിരിച്ചു കോക്കിരി കാണിക്കാൻ മറക്കാതെ ഞങ്ങളും നടന്നുനീങ്ങി.
അപർണയുടെ ചുണ്ടിൽ വീണ്ടും ചിരി പടർന്നു… കയ്യിലിരിക്കുന്ന കടലാസ്സുതുണ്ടിലെ പാട്ടിനെ വീണ്ടും ചുണ്ടിലേയ്ക്കാവാഹിക്കുമ്പോൾ ജനാലയ്ക്കു പുറത്തു ഓണത്തുമ്പികൾ പാട്ടിനൊപ്പം നൃത്തം വയ്ക്കുന്നതായി അവൾക്കു തോന്നി…
ഓണത്തുമ്പീ…
ഓമനത്തുമ്പീ…..

അനുജ.കെ : ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍   ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .

ഡോ . ഐഷ വി

കൊല്ലം ജില്ലയിലെ ചിറക്കരത്താഴം. എനിക്ക് 12 വയസ്സുള്ളപ്പോഴത്തെ ഓർമ്മകളിൽ ഏറ്റവും മനോഹരമായ ദിവസങ്ങൾ അതാണ്.
അന്ന് ഓണാവധി എന്ന് പറഞ്ഞാൽ വെറും അവധി മാത്രമായിരുന്നില്ല. അത് ബന്ധങ്ങളുടെയും കളികളുടെയും ചിരികളുടെയും 10 ദിവസമായിരുന്നു.

*കീഴതിൽ അച്ചമ്മയുടെ വീട്ടിലെ ഓണം*

ഓണാവധിക്ക് ഉത്രാട ദിവസം ഞങ്ങൾ എല്ലാവരും കൂടി കീഴതിൽ അച്ഛാമ്മയുടെ വീട്ടിൽ പോയി ഓണം ആഘോഷിച്ചു.
അച്ഛാമ്മയായിരുന്നു ഞങ്ങളുടെ കൂട്ടത്തിന്റെ മുത്തശ്ശി. ലക്ഷ്മി എന്ന പേരുള്ള ആ അച്ചാമ്മ എൻ്റെ അച്ഛാമ്മയുടെ അനുജത്തിയാണ്. കൂട്ടി കൾ നാനിയമ്മ എന്നാണ് ആ അച്ഛാമ്മയെ വിളിച്ചിരുന്നത്. ഞങ്ങളുടെ ഇരു വീടുകളും ഒരു മുറ്റത്തായിരുന്നു. വിശാലമായ അവരുടെ മുറ്റം തന്നെ ഞങ്ങൾക്ക് ഒരു കളിസ്ഥലമായിരുന്നു.

അന്ന് അച്ചമ്മയുടെ വീട്ടിൽ വലിയ കുട്ടി കൂട്ടം ഉണ്ടായിരുന്നു.
ഞങ്ങളുടെ 12 പെൺകുട്ടികളായ കസിൻസും ഒരു ആൺകുട്ടി കസിനും- രോഹിണി അപ്പച്ചിയുടെ മകൻ ഹരികുമാർ അണ്ണൻ. കൂടെ 2 അപ്പച്ചിമാരും – രോഹിണി അപ്പച്ചിയും അപ്പച്ചിയുടെ ഭർത്താവ് ദിവാകരൻ മാമനും പിന്നെ ശ്രീദേവി അപ്പച്ചിയും. ശ്രീദേവി അപ്പച്ചിയുടെ ഭർത്താവ് നരേന്ദ്രൻ മാമൻ ആൻ്റമാനിൽ പോലീസ് ഡിപ്പാർട്ട് മെൻ്റിൽ ജോലിയായതിനാൽ അപൂർവ്വമായേ ഓണക്കാലത്ത് നാട്ടിൽ ഉണ്ടാകാറുണ്ടായിരുന്നുള്ളൂ. ലക്ഷ്മി അച്ഛാമ്മ ഒരു അഥിതി സൽക്കാര പ്രിയയായിരുന്നു. എത്ര പേർ വന്നാലും വച്ചു വിളമ്പാൻ നാനിയമ്മയ്ക് ഒരു മടിയും ഇല്ലായിരുന്നു. അരിയുണ്ട , മുറുക്ക്, അച്ചപ്പം, ഒരപ്പം, ഹൽവ എന്നീ പലഹാരങ്ങൾ അച്ഛാമ്മ ഇടയ്ക്കിടെ ഉണ്ടാക്കുമായിരുന്നു. എന്തു പലഹാരം ഉണ്ടാക്കിയാലും അതിലൊരു പങ്ക് മുണ്ടിൻ്റെ കോന്തലയിൽ പൊതിഞ്ഞ് ഞങ്ങൾ കുട്ടികൾക്ക് കൊണ്ടു ത്തരുന്ന പതിവ് അച്ഛാമ്മയ്ക്കുണ്ടായിരുന്നു .
എന്റെ അനിയൻ അനിൽകുമാറിനോട് അച്ഛാമ്മയ്ക്ക് പ്രത്യേക സ്നേഹവും വാത്സല്യവുമായിരുന്നു. ആൺകുട്ടി ആയതിനാലാണ് ആ സ്പെഷ്യൽ വാത്സല്യം എന്ന് എനിയ്ക്ക് തോന്നിയിരുന്നു.

എൻ്റെ അനുജത്തി അനിത, അച്ഛൻ വിദ്യാധരൻ, അമ്മ കെ. രാധ എന്നിവരും ഞാനും അനുജനും.
രാവിലെ തന്നെ എല്ലാവരും കുളിച്ച് പുതിയ ഓണക്കോടി ഉടുത്തു. അച്ചമ്മ എല്ലാവർക്കും നെറ്റിയിൽ ചന്ദനം തൊട്ടു തന്നു
പിന്നെ മുറ്റത്ത് വലിയ പൂക്കളം. ഞങ്ങൾ 12 പെൺകുട്ടികളും കൂടി പൂക്കൾ പറിച്ചും അടുക്കിയും ആണ് പൂക്കളം ഉണ്ടാക്കിയത്. അപ്പച്ചിമാരും അച്ഛാമ്മയും കൂടി സദ്യയുണ്ടാക്കി. വിശാലമായ പൂമുഖത്ത് തറയിൽ പായ വിരിച്ച് ഇലയിട്ടാണ് അച്ഛാമ്മ എല്ലാപേർക്കും വിഭവ സമൃദ്ധ മായ ഓണ സദ്യ വിളമ്പിയത്.

*ഞങ്ങളുടെ വീട്ടിലെ തിരുവോണം*

അടുത്ത ദിവസം അവർ എല്ലാവരും കൂടി ഞങ്ങളുടെ വീട്ടിലേക്ക് വന്നു.
ഞങ്ങളുടെ വീടും അച്ചമ്മയുടെ വീടും അടുത്തടുത്തായിരുന്നതുകൊണ്ട് പോക്കും വരവും ഒരു പ്രശ്നമായിരുന്നില്ല.
തിരുവോണനാൾ ഞങ്ങളുടെ വീട്ടിലെ സദ്യ ആയിരുന്നു ഏറ്റവും വലിയ ആഘോഷം.

അമ്മയും അച്ചമ്മയും അപ്പച്ചിമാരും ചേച്ചിമാരും കൂടി ഉണ്ടാക്കിയ ഓണസദ്യ. വാഴയിലയിൽ വിളമ്പി വെച്ച 20-ലധികം കൂട്ടുകറികൾ.
ഞങ്ങൾ കുട്ടികൾ എല്ലാവരും നീണ്ട നിരയിൽ ഇരുന്ന് കഴിച്ചു. അനിയൻ അനിൽകുമാറിന് കൂടുതൽ പായസം ഒഴിച്ചുകൊടുക്കാൻ അച്ഛൻ കൂടെ ഉണ്ടായിരുന്നു.
“എല്ലാവരും ആഹാരം പാഴാക്കാതെ വയറ് നിറച്ച് കഴിക്കണം” എന്ന് അച്ഛൻ പറഞ്ഞു. അമ്മ എല്ലാവർക്കും വിളമ്പി നടന്നു.

*അച്ഛനും കൂടെയുള്ള ഓണക്കളികൾ*

ഓണത്തിന്റെ ഏറ്റവും നല്ല ഓർമ്മ സദ്യ കഴിഞ്ഞുള്ള കളികളാണ്.
ഞങ്ങളുടെ വീടിനും അച്ചമ്മയുടെ വീടിനും ഇടയിലെ മുറ്റവും ഇരു കൂട്ടരുടെയും മതിലുകളില്ലാത്ത പറമ്പുമായിരുന്നു ഞങ്ങളുടെ സ്റ്റേഡിയം.

അന്ന് ഞങ്ങൾ 13 കസിൻസും അച്ഛനും മക്കളും കൂടിയാണ് കളിച്ചത്. അച്ഛനും ഞങ്ങളുടെ കൂടെ കുട്ടിയായി മാറി.

ഞങ്ങൾ കളിച്ച കളികൾ:
*കബഡി* – ആൺകുട്ടികളും അച്ഛനും ഒരു ടീം. ഞങ്ങൾ പെൺകുട്ടികൾ മറ്റൊരു ടീം.
*ഓടും പന്തും കളി* – ഓടിയും ചിരിച്ചും എറിഞ്ഞും വീണും കളിച്ച കളി.
*ഈർക്കിൽ പൊത്തുകളി* – ചെറിയ ഈർക്കിലുകൾ വെച്ചുള്ള കളി. ആരാണ് ഈർക്കിൽ അനങ്ങാതെ കൂടുതൽ എടുക്കുന്നത് എന്ന മത്സരം. ഈർക്കിലിൻ്റെ നീളത്തിനനുസരിച്ച് 5 . 10, 20, 50, 100 എന്നിങ്ങനെ മൂല്യവും കല്പിച്ചിരുന്നു.
*വള പൊട്ടുകളി* – കുപ്പിവളപ്പൊട്ടുകൾ വെച്ചുള്ള രസകരമായ കളി. രാത്രിയിൽ നെല്ലുണക്കുന്ന പരമ്പുകൾ മുറ്റത്ത് വിരിച്ച് അതിലിരുന്നാണ് ഞങ്ങ ൾ അച്ഛനോടൊപ്പം ഈ കളി കളിച്ചിരുന്നത്.
*കുന്തിത്തൊട്ടു കളി* – എല്ലാവരും കൂടി ഓടും ഒരാൾ ഒറ്റക്കാലിൽ കുന്തി കുന്തി മറ്റുള്ളവരെ തൊടാൻ ശ്രമിയ്ക്കും.

തോറ്റാലും ജയിച്ചാലും കൂട്ടത്തിൽ ബഹളമായിരുന്നു. വിയർത്ത് കുളിച്ച് ചെളിയായിട്ടും ആർക്കും വീട്ടിൽ കയറാൻ തോന്നിയിരുന്നില്ല.
അച്ഛൻ ഞങ്ങളുടെ റഫറിയും കൂടെയുള്ള കളിക്കാരനും ആയിരുന്നു. ആ ഓർമ്മകൾ ഇന്നും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.

.*ബന്ധങ്ങളുടെ ഓണം*

12 പെൺകുട്ടികൾ( ഗിരിജ, രമണി, ഷൈലജ, ശാന്ത , ഗീത, സുഗന്ധി , സിന്ധു എന്നിവർ രോഹിണി അപ്പച്ചിയുടെ മക്കൾ. ബീനാകുമാരി, മീനാ കുമാരി ലീനാ കുമാരി, ഗംഗ, സോണി എന്നിവർ ശ്രീദേവി അപ്പച്ചിയുടെ മക്കൾ) ഒരു ആൺകുട്ടി, 2 അപ്പച്ചിമാർ, അച്ഛൻ, അമ്മ, അനിയൻ, അനുജത്തി അച്ചമ്മ , , മാമൻ…
അന്ന് വീട് നിറയെ ബന്ധങ്ങളായിരുന്നു. സമ്മാനങ്ങൾ കൈമാറി. കഥകൾ പറഞ്ഞു, നാട്ടുവിശേഷങ്ങൾ അറിഞ്ഞു. ഓണപ്പാട്ടുകൾ പാടി.

അച്ചമ്മ പറയും: “മക്കളെ, ഓണം എന്ന് പറഞ്ഞാൽ ഒരുമിച്ച് കൂടുന്നതാണ്”.
അതിന്റെ അർത്ഥം അന്ന് എനിക്ക് 12 വയസ്സിൽ തന്നെ മനസ്സിലായി.

ഇന്ന് വലുതായി, പല സ്ഥലങ്ങളിലും ഓണം ആഘോഷിച്ചിട്ടുണ്ട്. പക്ഷേ ചിറക്കര താഴത്തെ, 12-ആം വയസ്സിലെ ആ ഓണം പോലെ ഒന്നുമില്ല.

കീഴതിൽ അച്ചമ്മയുടെ സ്നേഹം, അച്ഛൻ വിദ്യാധരന്റെയും അമ്മ രാധയുടെയും കൂടെയുള്ള സദ്യ, അനിയൻ അനിൽകുമാറും അനുജത്തി അനിതയും കസിൻസും കൂടെയുള്ള ബഹളം…
കബഡിയും ഓടും പന്തും കളിയും ഈർക്കിൽ പൊത്തുകളിയും എല്ലാം.

പണമോ വലിയ ആഘോഷങ്ങളോ കൊണ്ടല്ല. മനുഷ്യരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ ഒരു ഓണമായിരുന്നു അത്.

ഇന്നും ഓണം വരുമ്പോൾ എൻ്റെ ഓർമ്മകൾ ആ പറമ്പിലേക്ക്, ആ വാഴയില സദ്യയിലേക്ക്, അച്ഛനും കസിൻസിനും കൂടെയുള്ള ആ കളികളിലേക്ക് സഞ്ചരിക്കുന്നു

ഡോ. ഐഷ വി:-  കൊല്ലം ജില്ലയിലെ ചിറക്കര ത്താഴത്ത് കാഞ്ഞിരത്തും വിള വീട്ടിൽ റിട്ട.സർവ്വേയർ പരേതനായ ശ്രീ കെ വിദ്യാധരൻ്റേയും ശ്രീമതി കെ രാധയുടേയും സീമന്ത പുത്രിയായി 1968 മാർച്ച് 12 ന് ജനനം. കാസർഗോഡ്, ചിറക്കര , ഭൂതക്കുളം എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം. കൊല്ലം ശ്രീ നാരായണ വനിതാ കോളേജ്(Pre Degree, Degree). NIT കോഴിക്കാട്(MCA), ഇഗ്നൗ(MBA), CUSAT ( PhD Computer Science) എന്നിവിടങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം. LBS, IHRD എന്നിവിടങ്ങളിലായി 32 വർഷത്തെ അധ്യാപന പരിചയം. അതിൽ കഴിഞ്ഞ 17 വർഷങ്ങൾ IHRD യുടെ വിവിധ കോളേജ് ഓഫ് അപ്ലൈഡ് സയൻസുകളിൽ പ്രിൻസിപ്പലായി സേവനമനുഷ്ടിച്ചു. ഇപ്പോൾ തിരുവനന്തപുരം മുട്ടട ഐ എച്ച് ആർ ഡിയുടെ സെൻ്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജി ആൻ്റ് സ്കിൽസിൻ്റെ മേധാവിയാണ്. റിട്ടയർഡ് പ്രിൻസിപ്പാൾ ബി ശ്യാംലാൽ ആണ് ഭർത്താവ്. അക്ഷയ് ലാൽ എസ് , (സീനിയർ സോഫ്‌റ്റ് വേർ എഞ്ചിനീയർ, ഇന്നാപ്പ് , ടെക്നോപാർക്ക്, തിരുവനന്തപുരം), പൗർണ്ണമി എസ് ലാൽ ( വിദ്യാർത്ഥിനി) എന്നിവർ മക്കൾ. Generative AI and the Future of Education in a Nut Shell, ഓർമ്മചെപ്പ് തുറന്നപ്പോൾ, മൃതസഞ്ജീവനി എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു നാഷണൽ കോൺഫറൻസ് പ്രൊസീഡിംഗ്സ് എഡിറ്റ് ചെയ്തിട്ടുണ്ട്. ISTE , IAENG എന്നിവയിൽ ലൈഫ് മെമ്പറാണ്. ഹരിപ്പാട് റോട്ടറി ക്ലബിലെ മെമ്പറാണ്. 2017-18 ലെ ചിറക്കര പഞ്ചായത്തിലെ മികച്ച കർഷകയ്ക്കുള്ള അവാർഡ്, സരോജിനി ദാമോദരൻ ഫൗണ്ടേഷൻ്റെ ജൈവകൃഷിയ്ക്കുള്ള പ്രോത്സാഹന സമ്മാനം എന്നിവ നേടിയിട്ടുണ്ട്. മലയാളം യുകെ ഡോട്ട് കോമിൽ 136 ഓളം രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ട്രെയിനർ, പ്രസംഗക, പ്രഭാഷക എന്നീ നിലയിലും ശോഭിച്ചിട്ടുണ്ട്.

 രാജേഷ് ജോസഫ് ലെസ്റ്റർ

ഒരിക്കൽ കേരളം പച്ചപ്പിന്റെ നാടായിരുന്നു.
വിദ്യയുടെ നാടായിരുന്നു.
സ്നേഹത്തിന്റെ നാടായിരുന്നു.
അമ്മയുടെ പ്രാർത്ഥനയും അച്ഛന്റെ വിയർപ്പും ചേർന്ന് സ്വപ്നങ്ങൾ വളർത്തിയ നാടായിരുന്നു.

എന്നാൽ ഇന്ന് ആ പച്ചപ്പിലൂടെ വീശുന്നത് കാറ്റല്ല, ലഹരി. അത് വീടുകളുടെ മേൽക്കൂരകൾ പറത്തുന്നില്ല. മരങ്ങൾ കടപുഴക്കുന്നില്ല.
പാലങ്ങൾ തകർക്കുന്നില്ല.

പക്ഷേ അത് മക്കളുടെ മനസ്സുകളെ തകർക്കുന്നു. കുടുംബങ്ങളുടെ സമാധാനം പറിച്ചെറിയുന്നു.
അമ്മമാരുടെ ഉറക്കം കവർന്നെടുക്കുന്നു.
അച്ഛന്മാരുടെ പ്രതീക്ഷകളെ ചാരമാക്കുന്നു. ഈ ലഹരി കണ്ണുകൊണ്ട് കാണാനാവില്ല. എന്നാൽ അതിന്റെ നാശം ഓരോ വീടിന്റെയും കണ്ണീരിൽ കാണാം.

ഇന്ന് കേരളത്തിലെ അനേകം വീടുകളിൽ ഭക്ഷണത്തേക്കാൾ വലിയ ചർച്ച ലഹരിയാണ്. ഒരു അമ്മയുടെ പ്രാർത്ഥനയിൽ…“ദൈവമേ… എന്റെ മകൻ സുരക്ഷിതനായി വീട്ടിലെത്തണമേ…”. എന്നൊരു വാചകം കൂടിയിരിക്കുന്നു. ഒരു അച്ഛന്റെ ചിരിക്ക് പിന്നിൽ…“എവിടെയോ എന്റെ മകൻ കൈവിട്ടുപോകുന്നുണ്ടോ?”എന്ന ഭയമുണ്ട്. ഒരു സഹോദരിയുടെ കണ്ണുകളിൽ…“ചേട്ടൻ പഴയ ചേട്ടനായി തിരികെ വരുമോ?”എന്ന പ്രതീക്ഷയുണ്ട്.

ലഹരി ഒരിക്കലും വാതിലിൽ മുട്ടി അകത്തേക്ക് വരുന്നില്ല. അത് ആദ്യം വരുന്നത് ഒരു സുഹൃത്തായിട്ടാണ്.
“ഒരുതവണ പരീക്ഷിച്ചാൽ എന്താണ്?” എന്ന് ചോദിക്കും. പിന്നീട് അത് ശീലമാകും. ശീലം അടിമത്തമാകും.
അടിമത്തം ജീവിതം വിഴുങ്ങും.
അവസാനം മനുഷ്യൻ ജീവിച്ചിരിക്കാം…
പക്ഷേ ജീവിതം മരിച്ചിരിക്കും.

നമ്മുടെ യുവത്വം ഒരു പൂന്തോട്ടമാണ്.
ഓരോ യുവാവും ഒരു പൂവാണ്.
ഓരോ വിദ്യാർത്ഥിയും ഒരു പ്രതീക്ഷയാണ്. പക്ഷേ ഇന്ന്
ആ പൂന്തോട്ടത്തിലേക്ക് വിഷം കലർന്ന മഴയാണ് പെയ്യുന്നത്. വിരിയേണ്ട പൂക്കൾ വാടുന്നു. പറക്കേണ്ട ചിറകുകൾ ഒടിയുന്നു. പാടേണ്ട കുയിലുകൾ നിശ്ശബ്ദമാകുന്നു.

ലഹരി ആദ്യം കൊല്ലുന്നത് ശരീരത്തെയല്ല…സ്വപ്നങ്ങളെയാണ്.
പിന്നീട് വിശ്വാസത്തെ. പിന്നീട് കുടുംബത്തെ. അവസാനം സമൂഹത്തെയാകെ.

ഈ യുദ്ധത്തിൽ തോക്കുകൾ കൊണ്ട് ജയിക്കാനാവില്ല. നിയമങ്ങൾ മാത്രം മതിയാകില്ല. അറസ്റ്റുകൾ മാത്രം പോര.
വിജയിക്കേണ്ടത്…ഒരു അമ്മയുടെ സ്നേഹം കൊണ്ടാണ്. ഒരു അച്ഛന്റെ കരുതൽ കൊണ്ടാണ്. ഒരു അധ്യാപകന്റെ ശ്രദ്ധ കൊണ്ടാണ്. ഒരു സുഹൃത്തിന്റെ നല്ല ഉപദേശം കൊണ്ടാണ്. ഒരു സമൂഹത്തിന്റെ ഐക്യം കൊണ്ടാണ്.

നമ്മുടെ കുട്ടികൾക്ക് നാം വീടുകൾ പണിതുകൊടുക്കുന്നു. പക്ഷേ…
അവരുടെ മനസ്സുകൾക്ക് സുരക്ഷിതമായ ഒരു ലോകം നാം പണിയുന്നുണ്ടോ? അവർക്കായി നാം ബാങ്കിൽ പണം സൂക്ഷിക്കുന്നു.
പക്ഷേ…അവരോടൊപ്പം ഇരുന്ന് ഒരു മണിക്കൂർ സംസാരിക്കാൻ നമുക്ക് സമയമുണ്ടോ? സ്നേഹമില്ലാത്ത വീടുകളിൽ ലഹരി വളരെ എളുപ്പത്തിൽ താമസം തുടങ്ങും.

ഇന്നത്തെ കേരളത്തിന് ഏറ്റവും ആവശ്യമുള്ളത് പുതിയ കെട്ടിടങ്ങളല്ല.
പുതിയ മാളുകളല്ല. പുതിയ രാഷ്ട്രീയ വാഗ്ദാനങ്ങളല്ല. മറിച്ച്…പുതിയ പ്രതീക്ഷയാണ്. പുതിയ മൂല്യങ്ങളാണ്. പുതിയ കുടുംബബന്ധങ്ങളാണ്.
പുതിയ തലമുറയെ സംരക്ഷിക്കാനുള്ള കൂട്ടായ തീരുമാനമാണ്.

ഓർക്കുക. ഒരു മയക്കുമരുന്ന് കച്ചവടക്കാരൻ ഒരു കുടുംബം മാത്രമല്ല നശിപ്പിക്കുന്നത്.
ഒരു തലമുറയുടെ ഭാവിയാണ് അയാൾ കവർന്നെടുക്കുന്നത്.
ഒരു വിദ്യാർത്ഥി ലഹരിയിലേക്ക് വീഴുമ്പോൾ ഒരു സ്കൂൾ മാത്രമല്ല തോൽക്കുന്നത്. ഒരു സമൂഹം മുഴുവൻ പരാജയപ്പെടുകയാണ്.

നമുക്ക് വീണ്ടും കേരളത്തെ ഉണർത്താം. അമ്മമാരുടെ പ്രാർത്ഥനകൾക്ക് മറുപടി നൽകാം. അച്ഛന്മാരുടെ പ്രതീക്ഷകൾക്ക് ചിറകുകൾ നൽകാം. നമ്മുടെ മക്കളുടെ സ്വപ്നങ്ങൾക്ക് കാവലാളാകാം.
ലഹരിയെ ഭയപ്പെടാതെ. അതിനെതിരെ ഒന്നിച്ചുനിൽക്കാം.

കാരണം കേരളത്തെ മാറ്റിമറിക്കാൻ ഒരു തൂഫാൻ മതി. ലഹരിയേ തോൽപ്പിക്കാൻ ഒന്നായ ഒരു ജനത മതി. നമ്മുടെ മക്കൾ ലഹരിയില്ലാത്ത നാളെയെ അർഹിക്കുന്നു. ആ നാളെ പണിയേണ്ടത് ഇന്നാണ്.

കേരളത്തിന്റെ ഭാവി നമ്മുടെ യുവത്വമാണ്. ആ ഭാവിയെ വിഷത്തിന്റെ കൈകളിൽ ഏൽപ്പിക്കാൻ നമുക്ക് അവകാശമില്ല.
നമുക്ക് ഒരുമിക്കാം. ലഹരിക്കെതിരെ ശബ്ദമുയർത്താം. ഓരോ വീട്ടിലും പ്രതീക്ഷയുടെ വിളക്ക് തെളിയിക്കാം.
കാരണം ഓപ്പറേഷൻ തൂഫാനിന്റെ യഥാർത്ഥ വിജയം പിടിച്ചെടുക്കുന്ന മയക്കുമരുന്നിലല്ല; രക്ഷിച്ചെടുക്കുന്ന ഓരോ ജീവിതത്തിലുമാണ്. കേരളം കരയാതിരിക്കണമെങ്കിൽ, ഇന്ന് നമ്മൾ ഉണരണം.

രാജേഷ് ജോസഫ് :- കോട്ടയം സ്വദേശി. ഇക്കണോമിക്‌സിൽ മാസ്റ്റേഴ്സും എം.ബി.എയും നേടിയ അദ്ദേഹം ബാങ്കിംഗ് മേഖലയിലെ അന്തർദേശീയ സേവനത്തിലൂടെ കരിയർ ആരംഭിച്ചു. പ്രമുഖ ഇൻവെസ്റ്റ്മെന്റ് ബാങ്കുകളിൽ നിരവധി വർഷങ്ങൾ പ്രവർത്തിച്ചതിന് ശേഷം 2006-ൽ യുകെയിലേക്ക് കുടിയേറി.

യുകെ മലയാളി സമൂഹത്തിലെ സാമൂഹ്യ-സാമ്പത്തിക പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി തുടരുന്ന അദ്ദേഹം, മലയാളം യുകെ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിൽ ലേഖനങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമ മേഖലയോടുള്ള താൽപ്പര്യം പിന്തുടർന്ന് യുകെയിലെ ഡി മോന്റ്ഫോഡ് സർവകലാശാലയിൽ നിന്ന് GDL and LLM ബിരുദാനന്തര ഡിഗ്രി നേടി. കഴിഞ്ഞ നിരവധി വർഷങ്ങളായി പ്രോപ്പർട്ടി കോൺവേയൻസറായി യുകെയിൽ പ്രവർത്തിക്കുന്നു.

യുകെയിൽ Homexuk എന്ന പേരിലും, ഇന്ത്യയിൽ Homex India എന്ന പേരിലും പ്രോപ്പർട്ടി ബിസിനസ് നടത്തുന്നു. ‘മഴമേഘങ്ങൾ’ എന്ന പേരിൽ അടുത്തിടെ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പുസ്തകം ആത്മമിത്ര പബ്ലിക്കേഷൻസ് പുറത്തിറക്കിയതാണ്.

റോബിൻ ഏബ്രഹാം ജോസഫ്

മലയാളിക്ക് ഇപ്പോൾ പ്രളയത്തിന് ശേഷം ഓണം എന്ന സംസ്കാരം രൂപപ്പെട്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം 2018 മുതൽ പ്രളയാനന്തരമാണ് ഓണം. സർവതും നഷ്‌ടപ്പെട്ടവരും ഭാ​​ഗികമായി ജീവിതം പ്രതിസന്ധിയിലായവരും എല്ലാം ഓണത്തിനാണ് തിരികെ കയറുന്നത്. ഓണം യഥാർഥത്തിൽ മലയാളിക്ക് മൂന്നാം പക്കമുള്ള ഉയർത്തെഴുന്നേൽപ്പാണ്. ഇരച്ചെത്തിയ പ്രളയജലത്തെ വകഞ്ഞുമാറ്റി പുതുജീവനിലേക്കും ജീവിതത്തിലേക്കുമുള്ള കാൽവെപ്പ്. കാൽവറി ​ക്രൂശിലേറിയ യേശു ദേവനും മൂന്നാം പക്കം തിരിച്ചെത്തുന്നത് സർവ്വശക്തിയും സ്വന്തമാക്കിയാണ്. പ്രളയം തകർത്ത മനുഷ്യരുടെ മുന്നോട്ടുള്ള ജീവിതത്തിന്റെ ഉയർത്തെഴുന്നേൽപ്പാണ് ഈ ഓണം എന്നുള്ളത് നിശ്ചയം.

പണമില്ലാത്ത ഓണക്കാലം

ഓണം കൂടിചേരലിന്റെയും ഐക്യത്തിന്റെയും ആഘോഷമാണെന്നാണ് പൊതുവെ പറയുന്നത്. എന്നാൽ ആധുനിക സംസ്കാരത്തിൽ പണമില്ലാതെയുള്ള ഓണം പ്രയോ​ഗികമല്ല. ഉപഭോ​ഗ സംസ്കാരം പടർന്നു പന്തലിക്കുകയും പണം എല്ലാത്തിനെയും നിർവചിക്കുകയും ചെയ്യുന്ന കാലത്ത് പണമില്ലാത്തവന് ഓണം ഒരു കാതം അകലെയാണ്. അപ്പോൾ പ്രളയം തകർത്ത ബാങ്കുകളിൽ നിക്ഷേപങ്ങൾ കുന്നു കൂട്ടാത്ത മനുഷ്യരുടെ അവസ്ഥയോ? പ്രളയത്തിൽ ആയുസിന്റെ സമ്പാദ്യം നഷ്ടമായവരോ? ഓണത്തിനായി അരി പാത്രത്തിലും ജീരക ഡപ്പിയിലും പണം ചുരുട്ടി മാറ്റി വച്ചിരുന്നവരുടെയോ? പണമാണ് ഈ കാലത്ത് പ്രധാനം. പണമുള്ളവൻ പരമാധ്യക്ഷരുടെയും പരമാധികാരികളുടെയും പ്രിയപ്പെട്ടവനാകുമ്പോൾ അതില്ലാത്തവൻ കേവലം വിശ്വാസിയോ പൊതുജനമോ കാഴ്ച്ചക്കാരനോ ആയി മാറും. ഈ ഓണക്കാലവും പണമുള്ളവന്റെ ആഘോഷമായി മാറുകയാണ്. ജീവിതത്തിൽ ഇന്നു വരെയുണ്ടായിരുന്ന മുഴുവൻ സമ്പാദ്യവും കുത്തിയൊലിച്ച് വന്ന മഴവെള്ളത്തിൽ നഷ്ടമായവരുണ്ട്. പണമില്ലാത്ത ഓണം, പ്രളയത്തിനപ്പുറം മലയാളിക്ക് അസാധ്യമായിരിക്കുന്നു.

ആ​ഘോഷങ്ങളുടെ പകിട്ട് കുറയ്ക്കാം

ആഡംബരവും ആഘോഷവും മലയാളിയെ വല്ലാതെ ഭ്രമിപ്പിച്ചിട്ടുണ്ട്. പാർ‌ട്ടിയാണ് ഇന്ന് എല്ലായിടത്തും. ടീ പാർട്ടി മുതൽ കളർ പാർട്ടി വരെ ഇക്കൂട്ടത്തിലുണ്ട്. ആഘോഷങ്ങൾക്ക് മലയാളിക്ക് അതിരുകളില്ല എന്ന വിമർശനവും ഇക്കാലത്ത് തലപ്പൊക്കിയിട്ടുണ്ട്. പണമുള്ളവൻ അത് പൊടിപൊടിക്കുമ്പോൾ പണമില്ലാത്തവന് എന്ത് ഛേദം? ഈ ചോദ്യവും സജീവമാണ്. കഴിഞ്ഞ ഓണത്തിന് മലയാളി കുടിച്ച് തീർത്തത് ₹826.38 കോടി രൂപയുടെ മദ്യമാണ്. അതിന് മുൻപത്തെ വർഷത്തെക്കാൾ 100 കോടിയുടെ വർധനവ് സംഭവിച്ചു. ഒരു ഓണക്കാലത്ത് മദ്യത്തിനായി മാത്രം മലയാളി ചെലവാക്കുന്നത് കോടികളാണെന്ന കണക്ക് ലജ്ജാവഹമാണ്. ഭക്ഷണത്തിനായി ഇതിന്റെ നേർപകുതി പോലും ചെലവഴിക്കുന്നില്ല എന്നുള്ളതും ഞെട്ടിക്കുന്നു. ഈ പ്രളയകാലത്ത് സർവതും നഷ്ട‌മായവരുടെ ഓണം എങ്ങനെയായിരിക്കുമെന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ? പൊട്ടിച്ച് കളയുന്ന കോടികൾ മറ്റൊരുത്തന് ഏതെങ്കിലും വിധത്തിൽ ​ഗുണമാകുന്നുണ്ടോ? പല സംഘടനകളും ആഘോഷം ഒഴിവാക്കി ആ തുക ദുരിത കയം നീന്തി കയറാൻ ശ്രമിക്കുന്ന മനുഷ്യരുടെ പുനരധിവാസത്തിന് ഉപയോ​ഗപ്പെടുത്താൻ തയാറാകുന്നു എന്നുള്ളത് പ്രതീക്ഷാനിർഭരമാണ്. ആഘോഷങ്ങൾ ആർക്കോ വേണ്ടി തട്ടിക്കൂട്ടുമ്പോൾ ചില മുഖങ്ങൾ നമ്മളിലേക്ക് കയറി വരണം? അത് മനസ്സിനെ പിടിച്ചുലയ്ക്കണം, അവിടെ പുതിയ ബോധ്യങ്ങളും കാഴ്ച്ചപ്പാടുകളും രൂപപ്പെടും.

തീരുന്നില്ല ഉത്തരവാദിത്തം

സർക്കാർ സംവിധാനങ്ങൾ എല്ലായിടത്തും എത്തി വേണ്ട ക്രമീകരണങ്ങൾ ഒരുക്കുന്ന ചരിത്രമില്ല. വിമർശനങ്ങൾ ഉണ്ടാകുന്ന ഇട‌ത്ത് മാത്രം എന്തെങ്കിലും ചെയ്യുന്ന കീഴ്വഴക്കമാണ് നമുക്കുള്ളത്. സർക്കാരിന് മാത്രമാണോ ഉത്തരവാദിത്തം? അല്ല എന്ന് തന്നെയാണ് ഉത്തരം. നമുക്ക് ചുറ്റമുണ്ട് കണ്ണട വച്ചിട്ട് പോലും നമ്മൾ കാണാതെ പോകുന്ന അനേകർ. അവരെ കണ്ടെത്തി ഉചിതമായത് ചെയ്യാൻ‌ നമുക്കും സാധിക്കണം. ഓ​ഗസ്റ്റ് 13ലെ മലയാള മനോരമയുടെ ഒന്നാം പേജിൽ വന്നൊരു വാർത്ത എല്ലാവരും ശ്രദ്ധിച്ച് കാണും. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിലെ വള്ളക്കടവ് ഭാ​ഗത്തെ ആദിവാസി കുടുംബം നേരിടുന്ന ദുരവസ്ഥയും പോഷകക്കുറവുമാണ് വാർത്ത. എന്നാൽ അതിൽ 100 കിലോമീറ്റർ അപ്പുറത്ത് നിന്ന് ഇടപെടലുണ്ടാവുക എന്നുള്ളത് കാര്യമാണ്. പത്രവാർത്ത കണ്ട് മാർത്തോമ്മാ സഭയു‌ടെ കോട്ടയം-കൊച്ചി ഭദ്രാസനാധ്യക്ഷൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പായാണ് വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തിയത്. പ്രതിനിധി സംഘം സ്ഥലം സന്ദർശിക്കുകയും 15 വയസിന് താഴെയുള്ള മുഴുവൻ കുഞ്ഞുങ്ങൾക്കും എല്ലാ മാസവും പോഷകാഹാര കിറ്റ് എത്തിക്കുകയും ചെയ്യും. സർക്കാർ ഇടപെടേണ്ട വിഷയമാണ്. സർ‍ക്കാർ ഇടപെടട്ടെ എന്ന് നോക്കിയിരുന്നാൽ പ്രശ്നത്തിന് പരിഹാരമാകുമോ? ഇതൊരു ഉദാഹരണമാണ്. നമുക്കും ചിലതൊക്കെ ചെയ്യാനുണ്ടെന്നുള്ള ഓർമപ്പെടുത്തൽ.

ഈ ഓണത്തിന് ഓണം ആഘോഷിക്കാൻ കഴിയാതെ പോകുന്ന ഒരു കുടുംബത്തെ സഹായിക്കാൻ നമ്മൾക്ക് സാധിക്കുമോ? ഒരു നേരത്തെ ഭക്ഷണം നൽകുവാൻ കഴിയുമോ? ആഘോഷങ്ങളിൽ ആചാരങ്ങളെ മുക്കികൊല്ലാതെ സാമൂ​ഹിക ഉത്തരവാദിത്തമായി അതിനെ പരുവപ്പെടുത്താൻ ഈ പ്രളയാനന്തര ഓണ കാലത്ത് നമുക്ക് കഴിയട്ടെ.

റോബിൻ എബ്രഹം ജോസഫ് :- നിലവിൽ മനോരമ ഓൺലൈനിൽ മാധ്യമപ്രവർത്തകൻ. കോട്ടയം ജില്ലയിൽ കറുകച്ചാൽ സ്വദേശി. രാഷ്ട്രീയം, കൃഷി, പരിസ്ഥിതി എന്നിവയാണ് ഇഷ്ടവിഷയങ്ങൾ. മംഗളം, ദീപിക എന്നീ സ്ഥാപനങ്ങളിലും മുൻപ് പ്രവർത്തിച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.

Copyright © . All rights reserved