Interviews

യോഗ്യതയില്ലാതെ അഭിഭാഷക പ്രാക്ടീസ് നടത്തിയ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്. രാമങ്കരി സ്വദേശിനി സെസ്സി സേവ്യറിന് എതിരെ ആണ് പരാതി. മതിയായ യോഗ്യതയില്ലാതെ രണ്ടര വര്‍ഷം ഇവര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയും ബാര്‍ അസോസിയേഷനില്‍ മത്സരിച്ച് വിജയിക്കുകയും ചെയ്തിരുന്നു. ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ സെക്രട്ടറി ആലപ്പുഴ നോര്‍ത്ത് പൊലിസില്‍ പരാതി നല്‍കിയിരുന്നു.

സെസ്സി യോഗ്യതയില്ലാതെയാണ് പ്രാക്ടീസ് നടത്തുന്നതെന്നും, വ്യാജ എന്‍ റോള്‍മെന്റ് നമ്പര്‍ നല്‍കി അംഗത്വം നേടുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടി ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഭിലാഷ് സോമനാണ് ആലപ്പുഴ നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് അന്വേഷണത്തിനൊടുവില്‍ പൊലീസ് സെസ്സിക്കെതിരെ കേസ് എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അസോസിയേഷന്‍ നിര്‍വാഹക സമിതി യോഗം ചേര്‍ന്ന് ഇവരെ പുറത്താക്കിയിരുന്നു.

രണ്ടര വര്‍ഷമായി ജില്ലാ കോടതിയില്‍ ഉള്‍പ്പടെ കോടതി നടപടികളില്‍ പങ്കെടുക്കുകയും ഒട്ടേറെ കേസുകളില്‍ അഭിഭാഷക കമ്മീഷനായി പോകുകയും ചെയ്തിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഇക്കാര്യം അസോസിയേഷന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് സെസി സേവ്യര്‍ ഒളിവിലാണ്. അസോസിയേഷനില്‍ കൂടുതല്‍ ഭൂരിപക്ഷം നേടി ജയിച്ച ഇവര്‍ ലൈബ്രേറിയനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ല്‍ ആലപ്പുഴ കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ബി ശിവദാസിന്റെ കീഴിലാണ് ഫൈനല്‍ ഇയര്‍ നിയമ ബിരുദ വിദ്യാര്‍ത്ഥിയായ സെസി എത്തിയത്.

ഇന്റന്‍ഷിപ്പിന്റെ ഭാഗമായി ആയിരുന്നു ഇത്. തുടര്‍ന്ന് പഠനത്തിന്റെ ഭാഗമായി കോടതികളില്‍ ഇവര്‍ എത്തുകയും ചെയ്തിരുന്നു. പഠന കാലയളവ് കഴിഞ്ഞ് അഭിഭാഷക എന്ന നിലയില്‍ ബാര്‍ അസോസിയേഷനില്‍ അംഗത്വം നേടുകയും ചെയ്തു. വര്‍ഷങ്ങളോളം ഇവര്‍ നിയമബിരുദം കരസ്ഥമാക്കി എന്നാണ് സഹപ്രവര്‍ത്തകരെയും ,കോടതിയേയും മറ്റുള്ളവരെയും വിശ്വസിപ്പിച്ചിത്. ബാര്‍ കൗണ്‍സില്‍ കേരളയുടെ കീഴില്‍ എന്‍ റോള്‍ ചെയ്തതായി അറിയിച്ച് ബാര്‍ അസോസിയേഷന്‍ അംഗത്വത്തിനായി സമീപിക്കുകയും 2019 മാര്‍ച്ച് 30ന് അംഗത്വം കരസ്ഥമാക്കുകയും ചെയ്തു.

തുടര്‍ന്ന് അസോസിയേഷന്‍ നടത്തിയ പരിശോധനയില്‍ അഭിഭാഷകയായി എന്‍ റോള്‍ ചെയ്തതിന്റെ പ്രധാന രേഖകള്‍ കണ്ടെത്താനാകാതെ വന്നതോടെയാണ് കള്ളക്കളി പുറത്തായത്. ആ സമയം പ്രമുഖ അഭിഭാഷകന് കീഴില്‍ ഇന്റന്‍ഷിപ്പ് പൂര്‍ത്തീകരിച്ച് ജൂനിയര്‍ അഡ്വക്കേറ്റായി പ്രാക്ടീസ് തുടങ്ങി കഴിഞ്ഞിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ നടന്ന അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് കമ്മറ്റി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഈ കഴിഞ്ഞ ജൂലൈ 5 ന് അസോസിയേഷന് ലഭിച്ച ഒരു അജ്ഞാത കത്തില്‍ നിന്നാണ് വ്യാജരേഖകള്‍ വച്ചാണ് സെസ്സി അഭിഭാഷകയായി തുടരുന്നതെന്ന് വിവരം ലഭിക്കുകയായിരുന്നു.സെസ്സി ഉപയോഗിക്കുന്ന റോള്‍ നമ്പര്‍ വ്യാജമാണെന്ന് കത്തില്‍ നമ്പര്‍ സഹിതം വ്യക്തമാക്കിയിരുന്നു.

ബോളിവുഡ് ഇതിഹാസം ദീലീപ് കുമാര്‍ അന്തരിച്ചു. 98 വയസായിരുന്നു. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അഞ്ച് ദശാബ്ദം നീണ്ട അഭിനയജീവിതത്തില്‍ എണ്ണം പറഞ്ഞ അവിസ്മരണീയ കഥാപാത്രങ്ങളാണ് അദ്ദേഹം അതുല്യമാക്കിയത്. മുഗള്‍ ഇ കസം, ദേവദാസ്, രാം ഔര്‍ ശ്യാം, അന്ദാസ്, മധുമതി തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ ദിലീപ്കുമാറിനെ ഇന്ത്യന്‍ സിനിമയുടെ ഉന്നതങ്ങളിലേയ്ക്ക് എത്തിച്ചു.

റൊമാന്റിക് നായകനില്‍ നിന്ന് ആഴമുള്ള കഥാപാത്രങ്ങളിലേക്ക് അദ്ദേഹം 80 കളില്‍ മാറി. ക്രാന്തി, ശക്തി, കര്‍മ്മ, സൗഗാദര്‍ അടക്കമുള്ള സിനിമകളില്‍ അദ്ദേഹം ശക്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. 1966 ലാണ് ബോളിവുഡ് താരമായ സൈറ ഭാനുവിനെ വിവാഹം കഴിച്ചത്. നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ തിളങ്ങിയ ദീലീപ് കുമാര്‍ രാജ്യസഭാംഗമായും നാമനിര്‍ദേശം ചെയ്യപ്പെട്ടു.

1998 ല്‍ പുറത്തിറങ്ങിയ ക്വില ആണ് അവസാന ചിത്രം. ഫിലിംഫെയര്‍ അവാര്‍ഡ് ആദ്യമായി നേടിയ നടന്‍ ദിലീപ് കുമാറാണ്. ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച നടന്‍ എന്ന റെക്കോഡും അദ്ദേഹത്തിന് സ്വന്തമാണ്. 2015 ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

മക്കള്‍ക്ക് തങ്ങളുടേതായ ഇഷ്ടങ്ങളും സ്വപ്നങ്ങളും ഉണ്ടായിരിക്കുമെന്നും അതിനനുസരിച്ചാണ് അവര്‍ മുന്നോട്ട് പോകേണ്ടതെന്നും ജെ.ബി ജംഗ്ഷനില്‍ മോഹന്‍ലാല്‍. മകന്‍ പ്രണവിന് ടീച്ചറാവാനാണ് ഇഷ്ടമെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.

പഠിപ്പിക്കാനാണ് ഇഷ്ടമെന്നാണ് അവന്‍ പറഞ്ഞിട്ടുള്ളത്. ഏഷ്യന്‍ രാജ്യങ്ങളിലെ ഇംഗ്ലീഷ് അറിയാത്ത ആളുകള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിക്കാനാണ് താത്പര്യമെന്നാണ് പറഞ്ഞത്. ഏറ്റവും നല്ലൊരു കാര്യമാണല്ലോ. അയാള്‍ക്ക് ഇഷ്ടമെങ്കില്‍ അങ്ങനെ ചെയ്യട്ടെ. അല്ലാതെ ഞാന്‍ വിചാരിച്ചാല്‍ അയാള്‍ക്ക് ആക്ടറാവാനൊന്നും പറ്റില്ല,’ മോഹന്‍ലാല്‍ പറഞ്ഞു.

മക്കളെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെട്ടിട്ട് കാര്യമൊന്നുമില്ലെന്നും മക്കള്‍ സിനിമയിലേക്കെത്തണമെന്ന് താന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. നമ്മുടെ ജീവിതത്തില്‍ തീരുമാനമെടുക്കുന്നത് നമ്മളാണ്. അതുപോലെ മക്കളുടെ ബുദ്ധിയില്‍ നിന്ന് അവരുടെ വഴി അവര്‍ കണ്ടുപിടിക്കുകയാണ് വേണ്ടത്. മോഹന്‍ലാല്‍ പറഞ്ഞു.

സിനിമയിലേക്ക് വരുമ്പോള്‍ തന്റെ അച്ഛന്‍ തന്നോട് പറഞ്ഞ ഒരേയൊരു കാര്യം ഡിഗ്രി കംപ്ലീറ്റ് ചെയ്യണമെന്ന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രണവ് പിന്നീട് സിനിമയിലേക്ക് വന്നത് അവന്റെ താത്പര്യം കൊണ്ട് തന്നെയാണെന്ന് മോഹന്‍ലാല്‍ മറ്റ് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

തന്റെ ഫാന്‍ പേജായ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്ന ആരോപണവുമായി പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജ്. ‘പുഞ്ഞാര്‍ ആശാന്‍’ എന്ന പേജ് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തുവെന്നാണ് പിസി ജോര്‍ജ് പറയുന്നത്. ഹാക്ക് ചെയ്ത പേജില്‍ അനാവശ്യ വീഡിയോ പോസ്റ്റ് ചെയ്തതായും ജോര്‍ജ് പറയുന്നു.

അഡ്മിന്‍ പാനലിന്റെ മുന്നറിയിപ്പ് പങ്കുവെച്ചാണ് പിസി ജോര്‍ജ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഹാക്കര്‍മാര്‍ അഡ്മിന്‍ പാനലിനെ മാറ്റി അനാവശ്യമായ ചിത്രങ്ങളും പേജില്‍ ഷെയര്‍ ചെയ്യുന്നുവെന്നും പിസി തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു.

പേജിന്റെ അഡ്മിന്മാര്‍ എല്ലാം പുറത്താക്കിയാണ് ഹാക്കര്‍ പേജ് കൈക്കലാക്കിയത്. ഇതിനെതിരെ രൂക്ഷ ഭാഷയിലാണ് പിസി ജോര്‍ജ് തന്റെ ഔദ്യോഗിക പേജില്‍ പ്രതികരിച്ചിരിക്കുന്നത്. ഏതു പതിനാറു തന്തയ്ക്കുണ്ടായവനാണേലും ചെവിയില്‍ നുള്ളിക്കോയെന്നും അഡ്മിന്‍ പാനല്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

അഭിനയത്തോടുള്ള തന്റെ ഒരിക്കലും അടങ്ങാത്ത അഭിനിവേശത്തെ കുറിച്ച് മനസു തുറന്ന് മോഹന്‍ലാല്‍. അഭിനയമെന്നത് ഒരു കഥാപാത്രത്തിനുള്ളിലേക്ക് ഇറങ്ങിച്ചെന്ന് നമ്മള്‍ ഇല്ലാതാകുന്ന അവസ്ഥയാണെന്ന് മോഹന്‍ലാല്‍ പറയുന്നു. പ്രമുഖ പത്ര മാധ്യമത്തിൽ എഴുതിയ ലേഖനത്തിലാണ് അഭിനയത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചത്.

അഭിനയം എന്നത് എപ്പോഴും എനിക്ക് വളരെ കൗതുകകരമായ ജോലിയാണ്. നമ്മെപ്പോലും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ ചിലപ്പോള്‍ നമ്മള്‍ പ്രവര്‍ത്തിക്കും. മോഹന്‍ലാല്‍ പറയുന്നു.
ഇപ്പോഴും ഓരോ സെറ്റിലേക്ക് പോകുമ്പോഴും ഏറ്റവും മികച്ച രീതിയില്‍ അഭിനയിക്കാന്‍ കഴിയണേ എന്ന് ഈശ്വരനോട് പ്രാര്‍ഥിക്കാറുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു..

ഒരിക്കലും നടന്‍ എന്ന നിലയില്‍ ഒറ്റയ്ക്ക് ചെന്ന് അഭിനയിക്കാനാവില്ല. മറ്റുള്ളവര്‍ നല്‍കുന്ന പിന്തുണയില്‍നിന്നുകൊണ്ട് നാം സ്വയം കണ്ടെത്തുകയാണ്. മറ്റുള്ളവരെ വേദനിപ്പിക്കാതെ എങ്ങനെ അവരെക്കാളും ഉയരത്തില്‍ അഭിനയിച്ചെത്താനാകും എന്ന് ശ്രമിക്കുകയാണ്. അദ്ദേഹം വ്യക്തമാക്കി.

വാനപ്രസ്ഥമായാലും കിരീടമായാലും ലൂസിഫറായാലും എല്ലായിടത്തും ആദ്യദിനം അഭിനയിക്കാന്‍ വളരെ പേടിയോടെയാണ് ഞാന്‍ ചെന്നത്. മോഹന്‍ലാല്‍ പറഞ്ഞു.

ആക്ഷേപഹാസ്യമായി എത്തിയ സിനിമയാണ് ശ്രീനിവാസന്റെ ‘പദ്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍’. ശ്രീനിവാസന്‍ തിരക്കഥ രചിച്ച ചിത്രം 2012ല്‍ ആണ് റിലീസ് ചെയ്തത്. സരോജ് കുമാര്‍ എന്ന ചിത്രത്തിലൂടെ ശ്രീനിവാസന്‍ തന്നെ പരിഹസിച്ചതാണോ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി ചര്‍ച്ചയായിരുന്നു.

ആ സിനിമ തന്നെക്കുറിച്ചുള്ളതല്ല എന്ന് താന്‍ ചിന്തിച്ചാല്‍ പോരെ എന്നാണ് മോഹന്‍ലാല്‍ പരിപാടിക്കിടെ പ്രതികരിച്ചത്. താനും ശ്രീനിവാസനും തമ്മില്‍ പിണക്കമൊന്നുമില്ലെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. ഉദയനാണ് താരത്തിന് ശേഷം തങ്ങള്‍ക്ക് ഒരുമിച്ച് സിനിമ ചെയ്യാനുള്ള സാഹചര്യം ഇല്ലാതെ പോയതാണ്.

പിന്നീട് താന്‍ അദ്ദേഹത്തെ എത്രയോ തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീനിവാസന്‍ തന്നെ അപമാനിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം ചെയ്ത സിനിമയാണ് സരോജ് കുമാര്‍ എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. സിനിമക്ക് ശേഷം അതിന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഒരിക്കലും ശ്രീനിവാസനുമായി സംസാരിച്ചിട്ടില്ല.

തന്നെ കുറിച്ച് ഒരു സിനിമ ചെയ്തിട്ട് അതിലൂടെ വലിയ ആളാകേണ്ട ആവശ്യം ശ്രീനിവാസനില്ല എന്നാണ് താന്‍ വിശ്വസിക്കുന്നത്. ചിത്രം ഇറങ്ങിയതിന് ശേഷവും കുറേ പേര്‍ ഇതിനെ കുറിച്ചെല്ലാം ചോദിച്ചിരുന്നു. എന്നാല്‍ അതിനൊന്നും പ്രതികരിക്കാന്‍ പോയില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മകളെ പീഡിപ്പിച്ച കാമുകന്റെ കുടെ യുവതി ഒളിച്ചോടിയ സംഭവത്തിൽ ഇരുവരും അറസ്റ്റിലായി. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. മൂന്നരയും, ഒമ്പതും വയസുള്ള മക്കളെ ഉപേക്ഷിച്ച് 28 വയസ്സുള്ള യുവതി ഒളിച്ചോടിയത്. ഒമ്പതു വയസുള്ള മൂത്ത മകളെ പീഡിപ്പിച്ച അയല്‍വാസിയായ കാമുകനൊപ്പമാണ് യുവതി ഒളിച്ചോടിയത്. 2019 മാര്‍ച്ചിലാണ് ഇരുവരും നാട് വിട്ടത്.

തന്നെ അയൽവാസിയായ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ച വിവരം മകൾ പറഞ്ഞു. എന്നാൽ ഇക്കാര്യം അച്ഛനോട് പറയരുതെന്നായിരുന്നു യുവതി മകളോട് ആവശ്യപ്പെട്ടത്. അച്ഛനോട് ഇക്കാര്യം പറഞ്ഞാല്‍ താന്‍ അയല്‍വാസിയായ യുവാവിനോടൊപ്പം പോകുമെന്ന് യുവതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതോടെ യുവതി കാമുകനോടൊപ്പം ഒളിച്ചോടി പോവുകയായിരുന്നു. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലായി ഒരു വര്‍ഷത്തോളമായി ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് യുവാവിനെതിരെയും, പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതിനും ഇരുവര്‍ക്കുമെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതില്‍ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം യുവതിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ടോം ജോസ് തടിയംപാട്

ജർമ്മിനി ,റോം ,എന്നിവിടങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായി യു കെ യിലെ ലിവർപൂൾ ബെർക്കിന് ഹെഡിൽ താമസിക്കുന്ന കോടഞ്ചേരി സ്വദേശി ആന്റോ ജോസിന്റെ വീട്ടിൽ എത്തിയപ്പോളാണ് കുടിയറ്റക്കാരുടെ ബിഷപ്പ് എന്നനാമത്തിൽ അറിയപ്പെടുന്ന ആർച്ചു ബിഷപ്പ് ജോർജ് വലിയമറ്റംത്തെ കാണാൻ അവസരം ലഭിച്ചത് .
1938 ൽ കോട്ടയം പുന്നത്തറയിൽ ജനിച്ചു 1949 കോഴിക്കോട് കോടഞ്ചേരിയിലേക്കു കുടിയേറി 1963 വൈദികനായി 1989 ൽ തലശേരി രൂപതയുടെ മെത്രാനായി 1995 ൽ ആർച്ചു ബിഷപ്പ് ആയി 2014 ൽ സ്ഥാനമാനങ്ങൾ ഒഴിഞ്ഞു വിശ്രമം ജീവിതം നയിക്കുന്ന വളരെ വലിയ ചരിത്രകാലത്തുകൂടി നടന്നുനീങ്ങിയ ഒരു വ്യക്തിത്വമാണ് ബിഷപ്പ് ജോർജ് വലിയമാറ്റത്തിന്റേത് .
ബെർക്കിൻ ഹെഡ് കത്തോലിക്ക സമൂഹം പള്ളിയിൽ നടന്ന ബിഷപ്പിന്റെ കുർബാനയ്ക്കു ശേഷം നൽകിയ സ്വികരണം ഏറ്റുവാങ്ങി ബന്ധു കൂടിയായ എന്റെ സുഹൃത്ത് ആന്റോയുടെ വീട്ടിൽ വിശ്രമിക്കുന്ന സമയത്താണ് എനിക്ക് അദ്ദേഹത്തോട് സംസാരിക്കാൻ അവസരം ലഭിച്ചത് .സ്വികരണത്തിനു ,റോയ് ജോസഫ് ,ജോർജ് ജോസഫ് ,ഷിബു മാത്യു ,സജി ജോൺ ,ജിനോയ് മാടൻ ,ജോസഫ് കിഴക്കേകൂറ്റ്‌ ,ബാബു മാത്യു എന്നിവർ നേതൃത്വം കൊടുത്തു .എല്ലാവർക്കും സ്നേഹ വിരുന്നും സംഘാടകർ ഒരുക്കിയിരുന്നു .

കത്തോലിക്ക സഭയിൽ ഇന്നു വളർന്നു വരുന്ന തിന്മകളുടെ കാരണം ഒന്നു വിശദീകരിക്കാമൊ എന്നു ചോദിച്ചപ്പോൾ എല്ലാത്തിനും ഉപരിയായി നിന്റെ കർത്താവായ ദൈവത്തെ ബഹുമാനിക്കുക ,നിന്നെപ്പോലെ നിന്റെ അയക്കാരനെയും സ്നേഹിക്കുക എന്ന അടിസ്ഥാന മൂല്യങ്ങളിൽ നിന്നു വ്യതിചലിച്ചു സ്വാർത്ഥതയിലേക്ക് നിലംപതിച്ചതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത് .ഇതിനെയൊക്കെ അതിജീവിച്ചു സഭ ആതുരസേവനരഗത്തും കരുണയുടെ തലത്തിലും മുന്നേറേണ്ടതുണ്ട് .
സഭയെ വിമർശിക്കുന്നവർ ഒന്നുമനസിലാക്കണം ക്രിസ്റ്റ്യൻ സമൂഹമാണ് ഇന്നുകാണുന്ന എല്ലാ വികാസത്തിനും യൂറോപ്പിൽ നേതൃത്വ൦ വഹിച്ചത് .
ഇന്നു യൂറോപ്പിൽ സഭ തകർന്നതിന്റെ കാരണം ശരിയായ അല്മിയ പഠനം നടപ്പിൽ വരുത്തുന്നതിൽ വന്ന പരാചയമാണെന്ന് അദ്ദേഹം വിലയിരുത്തി .

മലബാറിലെ കുടിയേറ്റ ചരിത്രത്തെ പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് മലബാറിലെ ആദ്യ കുടിയേറ്റക്കാർ എന്നു പറയുന്നത് ക്നാനായക്കാർ ആണ് എന്നാണ്. മാടമ്പത്താണ് അവർ പള്ളി സ്ഥാപിച്ചുകൊണ്ട് ആദ്യമായ കുടിയേറ്റത്തിന്റെ തുടക്കം ആരംഭിച്ചത്. ക്നാനായ കുടിയേറ്റത്തെ തുടർന്നാണ് മലബാറിലേക്ക് പിന്നീട് കുടിയേറ്റം വ്യാപിക്കുകയും അവിടെ തലശ്ശേരി രൂപത രൂപപ്പെടുകയും അങ്ങനെ ഒരു വലിയ സാമൂഹിക മുന്നേറ്റം കണ്ണൂർ ജില്ലയിൽ തന്നെ ഉണ്ടാകാൻ കാരണമായതെന്നും പിതാവ് പറഞ്ഞു. ക്നാനായക്കാരുടെ കുടിയേറ്റ കാലഘട്ടം എന്നു പറയുന്നത് ഏറ്റവും സംഭവബഹുലമായിരുന്നു. ഏറ്റവും കഷ്ടപ്പാടു നിറഞ്ഞ കാലഘട്ടം കൂടി ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ടോത്ത് സാറിന്റെ നേതൃത്വത്തിൽ സ്ഥലം വാങ്ങുകയും ആ സ്ഥലം ക്നാനായ സമൂഹത്തിന് കോട്ടയം രൂപതയുടെ നേതൃത്വത്തിൽ നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അവിടെ കുടിയേറ്റം സാധ്യമായത്. ആ കുടിയേറ്റമാണ് മലബാർ ചരിത്രത്തിലെ ഏറ്റവും വലിയ തിളങ്ങുന്ന ചരിത്രം.

അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇത്രയും സംഭവബഹുലമായ ചരിത്ര കാലഘട്ടത്തിലൂടെ കടന്നു വന്നപ്പോൾ മനസ്സിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വം ആരെന്ന് ചോദിച്ചപ്പോൾ ഉള്ള മറുപടി ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ വള്ളോപള്ളി എന്നായിരുന്നു. അദ്ദേഹം സമൂഹത്തിനും, സഭയ്ക്കും വളരെയേറെ സംഭാവന നൽകിയ മഹാനായ വ്യക്തി ആണെന്ന് പിതാവ് പറഞ്ഞു. ഇന്നത്തെ പള്ളിപണികളെ പറ്റി മറ്റൊരു ചോദ്യം ചോദിച്ചപ്പോൾ ബൃഹത്തായ പള്ളികളല്ല ഉണ്ടാകേണ്ടത് ക്രിസ്തുവിന്റെ ആതുരസേവനം ആണ് സഭ ഏറ്റെടുക്കേണ്ടതെന്നു കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.

 

അങ്ങ് ഒരു കുടിയേറ്റക്കാരുടെ ബിഷപ്പ് എന്നനിലയിൽ ആണെല്ലോ അറിയപ്പെടുന്നത് അങ്ങ് തന്നെ കോട്ടയം പുന്നത്തറയിൽനിന്നും കോഴിക്കോട് കോടഞ്ചേരിയിലേക്കു കുടിയേറിയ കുടുംബത്തിലെ അംഗമാണെല്ലോ അങ്ങേക്ക് എന്ത് സംഭാവനയാണ് കുടിയേറ്റക്കാർക്ക് വേണ്ടി ചെയ്യാൻ കഴിഞ്ഞത് ?

ഞാൻ സെബാസ്റ്യൻ വള്ളോപ്പിള്ളി പിതാവിനെ തുടർന്നാണെല്ലോ ബിഷപ്പായി വരുന്നത്,അദ്ദേഹത്തിന്റെ കാലത്തു തന്നെ തലശേരി രൂപത ഒട്ടേറെ സ്കൂളുകൾക്കും കോളേജുകൾക്കും തുടക്കം കുറിച്ചിരുന്നു വിദ്യാഭ്യാസ മേഖലയിൽ സഭയിൽ ഉണ്ടായ വളർച്ച മലബാറിലെ മുഴുവൻ വളർച്ചയായി മാറിയിരുന്നു. വള്ളോപ്പിള്ളി പിതാവ് തുടങ്ങിവച്ച വിശ്വാസരൂപീകരണം ശക്തമായി മുൻപോട്ടു കൊണ്ടുപോകാൻ ഞാൻ ശ്രമിച്ചു അതിൽ വിജയിച്ചു എന്നാണ് ഞാൻ വിശ്വസിക്കുന്നത് .

അങ്ങയുടെ സംഭവ ബഹുലമായ ജീവിതത്തിൽ ഏറ്റവും വലിയ സാമൂഹിക പ്രവർത്തനമായി കാണുന്നത് എന്താണ്? .

1992 നടന്ന വലിയൊരു കർഷക സമരത്തിനു നേതൃത്വം കൊടുത്തു എന്നതാണ് ഏറ്റവും വലിയ നേട്ടം. അന്ന് കർഷകർ വളരെ കഷ്ട്ടപ്പെടുന്ന കാലം ആയിരുന്നു. ഒന്നിനും വിലയില്ലാത്ത കാലം. അന്ന് കണ്ണൂരിൽ നടത്തിയ ഒരു വലിയ കർഷമാർച്ചിലൂടെ സർക്കാരിന്റെ കണ്ണുതുറപ്പിക്കാൻ കഴിഞ്ഞു ,അത്തരം ഒരു സമരം നടത്തേണ്ട സമയമാണിത്. കാരണം കർഷകർ ഇന്നു കടുത്ത ദുരിതത്തിലാണ്. ഒന്നിനും വിലയില്ലാത്ത കാലം, കൂടതെ പ്രകൃതി ദുരന്തങ്ങളും കർഷകരുടെ ജീവിതം തകർത്തു .

കര്ഷകരെപ്പറ്റിപറയുമ്പോൾ നൂറു നാവാണ് അദ്ദേഹത്തിന് പ്രായം മറന്നു ഇനിയും ഒരു വലിയ കര്ഷകസമരത്തിനു നേതൃത്വം കൊടുക്കാൻ അദ്ദേഹം തയാറെടുക്കയാണ്

ലോകത്തു വിദ്യാഭ്യസത്തിനും കാർഷിക വൃത്തിക്കും വലിയ സംഭാവനയാണ് സഭ നൽകിയത് ആദ്യകാല മിഷനറിമാർ ആല്മീയ പ്രവർത്തനത്തോടൊപ്പം കൃഷിയും നടത്തിയിരുന്നു. പ്രാർത്ഥനയും കാർ ഷികവൃത്തിയുമായിരുന്നു അവരുടെ പ്രധാന പ്രവർത്തനമേഖല .

ഏതെങ്കിലും രാഷ്ട്രീയക്കാരെ മനസുകൊണ്ട് ഇഷ്ട്ടപ്പെട്ടിട്ടുണ്ടോ ?

എനിക്ക് പൊതുവെ രാഷ്ട്രിയക്കാരുമായി വലിയ അടുപ്പമില്ല . പി ജെ ജോസഫ് വിദ്യാഭ്യസ മന്ത്രി ആയിരുന്ന കാലത്താണ് സഭക്ക് വലിയ നേട്ടങ്ങൾ ഉണ്ടായത് . കോടിയേരി ബാലകൃഷ്ണനുമായി നല്ല ബന്ധമാണ് .

അങ്ങേക്ക് എന്താണ് മലയാളം യുകെയുടെ വായനക്കാരോട് പറയാനുള്ളത് എന്നു ചോദിച്ചപ്പോൾ ദൈവ വിശ്വാസത്തിൽ മുൻപോട്ടു പോകുക,  മക്കളെ വിശ്വാസത്തിൽ വളർത്തുക . അതായിരുന്നു പിതാവിന്റെ മറുപടി .

 

ആതിര സരാഗ്, ഗോപിക. എസ്

ഇന്ന് മലയാള സാഹിത്യത്തിൽ മുഴങ്ങിക്കേൾക്കുന്ന പേരുകളിലൊന്നാണ് വി. ജെ. ജെയിംസിന്റേത്. കോട്ടയം വാഴപ്പള്ളി സ്വദേശിയായ ഇദ്ദേഹം 2019 ലെ വയലാർ അവാർഡ് നേടി തന്റെ യശസ്സ്  വർധിപ്പിച്ചിരിക്കുകയാണ്. പുറപ്പാടിൻറെ  പുസ്തകം, ചോരശാസ്ത്രം, ദത്താപഹാരം പ്രണയോപനിഷത്ത്, നിരീശ്വരൻ,  ആന്റിക്ലോക്ക് എന്നിവയാണ് പ്രധാന കൃതികൾ.

* മലയാളസാഹിത്യത്തിലെ മഹാരഥന്മാരായ ഒ.വി.വിജയൻ, അക്കിത്തം, എം.കെ.സാനു,  ലളിതാംബിക അന്തർജ്ജനം തുടങ്ങിയവർ നേടിയ വയലാർ അവാർഡിന് അർഹനാകുക എന്നത് ഒരു വലിയ ഉത്തരവാദിത്വത്തിലേക്കല്ലേ നയിക്കുന്നത് ?

ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്നും ഉത്തരവാദിത്വത്തോടെയാണ് ഞാനെന്റെ രചനകളെ സമീപിച്ചിരിക്കുന്നത്. അവാർഡിനെ ഒരു ഭാരമായി കരുതേണ്ടതില്ല. എന്നും പൂർണ്ണ ഉത്തരവാദിത്വത്തോടെ രചനകളെ സമീപിക്കണം എന്നാണ് എന്റെ ആഗ്രഹം.

* ശാസ്ത്രവും ദാർശനികതയും വിളക്കിച്ചേർത്ത് കൊണ്ടുപോകാൻ പ്രയാസമാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ ഒരു ശാസ്ത്രജ്ഞനായും  സാഹിത്യകാരനായും ഒരുപോലെ ശോഭിക്കാൻ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇതെങ്ങനെയാണ് സാധിക്കുന്നത്?

ശാസ്ത്രവും സാഹിത്യവും പരസ്പരപൂരകങ്ങളാണ്. അവയെ രണ്ടായി കാണേണ്ടതില്ല. ശാസ്ത്രം എന്നും എന്നെ തുണച്ചിട്ടേ ഉള്ളൂ. ശാസ്ത്രജ്ഞനായ അബ്ദുൾ കലാം ഒരു കവി കൂടിയായിരുന്നു. ശാസ്ത്രം ഇഴപിരിയാത്ത രീതിയിൽ  സാഹിത്യത്തിൽ അന്തർലീനമായിരിക്കുന്നു.

* അങ്ങയുടെ മിക്ക കൃതികളിലും പ്രകൃതി ഒരു പ്രധാനഘടകമാണ്. പ്രകൃതിയിലേക്ക് മടങ്ങിപ്പോകണം എന്ന സന്ദേശമാണോ  അങ്ങ് നൽകാൻ ആഗ്രഹിക്കുന്നത് ?

മനുഷ്യശരീരം പ്രകൃതിയുടെ ഒരു തുടർച്ചയാണ്. അതുകൊണ്ടുതന്നെ ഒരു മടങ്ങിപ്പോക്ക് എന്നതിനേക്കാളുപരി പ്രകൃതിയും മനുഷ്യനും ഒന്നാണ് എന്ന ആശയമാണ് ഞാൻ മുന്നോട്ടുവയ്ക്കുന്നത്. അവയെ രണ്ടായി കാണേണ്ടതില്ല.

* ഒരു ഉപദേശകരീതിയിൽ തന്റെ രചനകളെ സമീപിക്കുന്ന ഒരു വ്യക്തിയല്ല താങ്കൾ. പക്ഷേ ‘പ്രണയോപനിഷത്ത്’ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരം ഒരു ഉപദേശകരീതിയിൽ ഉള്ളതാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. താങ്കൾ എങ്ങനെ അതിനെ നോക്കിക്കാണുന്നു?

സിനിമ ഒരു വാണിജ്യകലയാണ്. തിരക്കഥാകൃത്ത് ‘പ്രണയോപനിഷത്ത്’ എന്ന കഥയെ ഒരു സിനിമയുടെ രീതിയിലേക്ക് മാറ്റിയെടുക്കുകയായിരുന്നു. ഒരു വായനക്കാരൻ എന്നുള്ള നിലയിൽ അദ്ദേഹത്തിന് കഥ ഇഷ്ടമുള്ള രീതിയിൽ വ്യാഖ്യാനിക്കാം. ഞാൻ അതിൽ പ്രണയത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.

* പുറപ്പാടിന്റെ പുസ്തകം,  ദത്താപഹാരം എന്നിവയിലെല്ലാം ഒരു യാത്ര പശ്ചാത്തലം നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. താങ്കളുടെ യാത്രകൾ എന്തെങ്കിലും പുസ്തകരചനയെ സ്വാധീനിച്ചിട്ടുണ്ടോ?

ജീവിതം തന്നെ ഒരു യാത്രയല്ലേ.  ജനനത്തിൽ നിന്നും മരണത്തിലേക്കുള്ള ഒരു  യാത്ര മാത്രമാണ് ജീവിതം. അതുകൊണ്ടുതന്നെ യാത്ര എന്നത്  രചനയിൽ നിന്ന് ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. പല ആശയങ്ങളും ശക്തമായി അവതരിപ്പിക്കാൻ യാത്ര പശ്ചാത്തലം  സഹായകമാകുന്നു.

* എല്ലാ എഴുത്തുകാരും രാഷ്ട്രീയനിലപാട് തുറന്ന് പ്രകടിപ്പിക്കുന്നവരാണ്. താങ്കളുടെ രാഷ്ട്രീയനിലപാട് എന്താണ്?

എന്റെ രാഷ്ട്രീയനിലപാട് എന്റെ  പുസ്തകങ്ങളിൽ നിന്ന് വ്യക്തമാണ്. സമൂഹത്തിന്റെ അടിത്തട്ടിൽ കിടക്കുന്നവരെ കൂടി ഉൾപ്പെടുന്ന ഒരു സമഭാവനയാണ് എന്റെ രാഷ്ട്രീയം. ഒരാൾ വെറുത്തുകൊണ്ട് മറ്റൊന്നിനൊപ്പം നിൽക്കുക എന്നത് സമഭാവനയല്ലല്ലോ. എല്ലാവർക്കുമൊപ്പം എത്തുന്നതാണ് എന്റെ രാഷ്ട്രീയം.

 

 

ആതിര സരാഗ്

ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബിഎഡും കരസ്ഥമാക്കി തൃശ്ശൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ സേവനമനുഷ്ഠിച്ചു. വായനയിലും സാഹിത്യരചനയിലും തല്പര. സ്കൂൾ – കോളേജ് തലങ്ങളിൽ കലാമത്സരങ്ങളിൽ വിജയി. ഇപ്പോൾ കോട്ടയം പ്രസ് ക്ലബ് ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനി.

 

 

ഗോപിക. എസ്
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീറിങ്ങിൽ ബിടെക് ബിരുദധാരി..സ്കൂൾ-കോളേജ് തലങ്ങളിൽ യുവജനോത്സവ വേദികളിൽ രചനാ മത്സരങ്ങളിൽ വിജയി.പഠനകാലത്തു ഇളം കവി മൻറം സാഹിത്യ കൂട്ടായ്മയുടെ കവിതാ പുസ്തകത്തിലും , വിവിധ മാഗസിനുകളിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം കറുകച്ചാൽ ഒറ്റപ്ലാക്കൽ വീട്ടിൽ സുജ ഭായ് യുടെയും പരേതനായ സദാശിവൻ പിള്ള യുടെയും മകൾ.. ഭർത്താവ് അരവിന്ദ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. മകൾ: നീഹാരിക അരവിന്ദ്. ഇപ്പോൾ കോട്ടയം പ്രസ് ക്ലബ്ബിൽ ജേർണലിസം ആൻഡ്‌ മാസ്സ് കമ്മ്യൂണിക്കേഷൻ വിദ്യാർഥിനി..

ചെറുപുഷ്പ മിഷന്‍ ലീഗിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ തുടക്കമാകുകയാണ്. മെയ് ഇരുപത്തിയെട്ട് ഞായര്‍ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സിയിലുള്ള സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മെത്രാന്‍ അഭിവന്ദ്യ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്യും. രൂപതയുടെ നിയുക്ത മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാനും ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിനുമായ റവ. ഫാ. മാത്യൂ മുളയോലില്‍ ചെറുപുഷ്പ മിഷന്‍ ലീഗിനെ നയിക്കും. ചാപ്ലിന്‍സിയിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും ഇതിനോടനുബന്ധിച്ച് നടക്കും. ലീഡ്‌സിലെ സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഞായറാഴ്ച രാവിലെ 9.30ന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഔദ്യോഗീക ഉദ്ഘാടനം നടക്കാനിരിക്കെ, മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഫാ. മാത്യൂ മുളയോലിലുമായി മലയാളം യുകെ അസ്സോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യൂ നടത്തിയ അഭിമുഖം.

”ഭാരതമേ നിന്റെ രക്ഷ നിന്റെ മക്കളില്‍ തന്നെ’. ലിയോപതിമൂന്നാമന്‍ മാര്‍പ്പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടാണ് ഫാ. മുളയോലില്‍ മലയാളം യുകെയോട് സംസാരിച്ചു തുടങ്ങിയത്. പിതാവ് ഉദ്ദേശിച്ചത് ആത്മീയരക്ഷയാണ്. അത് നീ തന്നെ കണ്ടെത്തണം. പിതാവിന്റെ ഈ വാക്കുകളില്‍ നിന്ന് ചെറുപുഷ്പ മിഷന്‍ ലീഗിന്റെ നീരുറവ പൊട്ടിപ്പുറപ്പെട്ടു. വ്യക്തിത്വ വികസനവും പ്രേഷിത പ്രവര്‍ത്തനവും മുഖമുദ്രയായി. ഇത് രണ്ടും സഭയുടെ വളര്‍ച്ചയുടെ ഭാഗമാണ്. യൂറോപ്പില്‍ പുതുതായി രൂപം കൊണ്ട ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ഇതിന് വലിയ സ്ഥാനമുണ്ട് .

ഇതിനിടയില്‍ ഞങ്ങള്‍ ചോദിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗ് ഏതു തരത്തിലുള്ള പ്രകടമായ മാറ്റമാണ് യൂറോപ്പിലെ കുടിയേറ്റത്തിന്റെ രണ്ടാം തലമുറയില്‍ സൃഷ്ടിക്കാന്‍ പോകുന്നത്?

ഫാ. മുളയോലില്‍ സംസാരിച്ചു തുടങ്ങിയതിങ്ങനെ….
ഒരു വലിയ പ്രതീക്ഷ ഇതുവരെയും എനിക്കായിട്ടില്ല. മാതാപിതാക്കളുടെ താല്പര്യമാണ് വലുത്. നമ്മുടെ കുട്ടികള്‍ ഇപ്പോള്‍ ദേവാലയത്തില്‍ വരുന്നതിന്റെ കാരണം മാതാപിതാക്കളാണ്. അവര്‍ക്ക് തന്നെ അത് ബോധ്യം വന്നു. മക്കള്‍ തങ്ങളുടെ വിശ്വാസത്തില്‍ വളരണം എന്ന ചിന്തയിലേയ്ക്ക് അവര്‍ മാറി. പക്ഷേ, പ്രകടമായ എന്ത് മാറ്റം വരുത്താന്‍ പറ്റും എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. കാരണം നാട്ടില്‍ നിന്ന് വരുന്ന വൈദീകര്‍ അവിടുത്തെ സംസ്‌ക്കാരത്തില്‍ വളര്‍ന്ന് അവിടെ പ്രവര്‍ത്തിച്ചു പരിചയമുള്ളവരാണ്. അവര്‍ ഇവിടെ വരുന്നത് രണ്ടു മൂന്ന് വര്‍ഷത്തെ സേവനത്തിനാണ്. പക്ഷേ, കുറച്ചു പേര്‍ തിരിച്ചു പോകുന്നു. കുറച്ചു പേര്‍ നില്ക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ തലമുറയുടെ രീതികളുമായിട്ട് ഇതുവരെയും പൂര്‍ണ്ണമായി ഇടപഴകാന്‍ സാധിച്ചിട്ടില്ല. പലകുറവുകള്‍ നമുക്കുണ്ട്. അതു കൊണ്ട് എത്രത്തോളം ഇവരെ സ്വാധീനിക്കാന്‍ പറ്റും എന്നത് ഇപ്പോള്‍ പറയാന്‍ സാധിക്കത്തില്ല.

ചോ. പാശ്ചാത്യ സംസ്‌ക്കാരത്തില്‍ വളരുന്ന കുട്ടികള്‍. അവര്‍ വളരുന്ന മേഘലയില്‍ അവര്‍ക്ക് ആസ്വദിക്കാന്‍ തക്കവണ്ണം കാര്യക്ഷമതയുള്ള ധാരാളം പ്രവര്‍ത്തനങ്ങളുമുണ്ട്. സീറോ മലബാര്‍ സഭാചട്ടക്കൂടിനുള്ളിലേയ്ക്ക് മാതാപിതാക്കളുടെ പ്രേരണയില്‍ മാത്രമെത്തുന്ന ഈ കുട്ടികളില്‍, അവര്‍ ഇന്നേ വരെ അറിയാത്ത മിഷന്‍ലീഗിന് എന്ത് സ്ഥാനമാണുള്ളത്??

ഉ. ഇവിടുത്തെ ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് സണ്‍ഡെ സ്‌ക്കൂളും അദ്ധ്യാപകരും കുട്ടികളും വല്ലപ്പോഴും കിട്ടുന്ന ഒന്നാണ്. വിശ്വാസ പരിശീലന രംഗത്ത് മാതാപിതാക്കളാണ് യഥാര്‍ത്ഥ അദ്ധ്യാപകര്‍. അവരാണ് വിശ്വാസം കൂടുതല്‍ പകര്‍ന്ന് കൊടുക്കേണ്ടവരും. അവര്‍ മുന്‍കൈ എടുത്തെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ. എന്റെ മനസ്സിലുള്ളത് ഇതാണ്. എല്ലായിടത്തും മിഷന്‍ ലീഗിന്റെ ശാഖകള്‍ ആരംഭിക്കുക. മിഷന്‍ ലീഗിന്റെ ലക്ഷ്യങ്ങളേക്കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തുക. നിലവിലുള്ള സാഹചര്യമനുസരിച്ച് എല്ലായിടത്തും പോയി അത് ചെയ്യുക എന്നത് എളുപ്പും അല്ല. പക്ഷേ, ആദ്യം ഇവരെ മിഷന്‍ ലീഗിന്റെ അംഗങ്ങളാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. അംഗത്വം സ്വീകരിച്ചു കഴിഞ്ഞാല്‍ അതില്‍ കുറേപ്പേര്‍ക്ക് നേതൃത്വനിരയിലേയ്‌ക്കെത്താന്‍ സാധിക്കും. അങ്ങനെയെത്തുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുവാന്‍ ആഗ്രഹിക്കുന്നണ്ട്. അതില്‍ക്കൂടി കുട്ടികള്‍ക്ക് വളരാന്‍ സാധിക്കും.

ചോ. ഒരു ഇടവകയുടെ എല്ലാ വിധ സംവിധാനവും ഫാ. മുളയോലില്‍ ചാപ്ലിന്‍ ആയിരിക്കുന്ന ലീഡ്‌സ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തിലുണ്ട്, 168 മണിക്കൂര്‍ ഉള്ള ഒരാഴ്ച്ചയില്‍ വെറും രണ്ടു മണിക്കൂര്‍ മാത്രമാണ് സീറോ മലബാര്‍ വിശ്വാസ പരിശീലനത്തിന് കുട്ടികളെ കിട്ടുന്നത്. രൂപതയുടെ കീഴിലുള്ള മറ്റ് സ്ഥലങ്ങളില്‍ ഇത്രപോലും കിട്ടാറില്ല. ഈ സാഹചര്യത്തില്‍, 166 മണിക്കൂറും പാശ്ചാത്യ സംസ്‌ക്കാരം പഠിക്കുന്ന കുട്ടികളില്‍ ചെറുപുഷ്പ മിഷന്‍ ലീഗ് എങ്ങനെ നടപ്പിലാക്കും?

ഉ. സമയം. അതാണ് ഏറ്റവും വലിയ പ്രതിസന്ധി. നിലവിലുള്ള സമയത്തില്‍ പരമാവധി ചെയ്യുക. ഇപ്പോള്‍ അതേ സാധ്യമാവുകയുള്ളൂ. മിഷന്‍ ലീഗിന്റെ പ്രത്യേകമായിട്ടുള്ള പ്രാര്‍ത്ഥനയുണ്ട്.  അത് കുട്ടികളെ പഠിപ്പിക്കുക എന്നതാണ് ഉദ്ഘാടനം കഴിഞ്ഞാല്‍ ആദ്യമേ ചെയ്യാനൊരുങ്ങുന്നത്. സണ്‍േഡേ സ്‌കൂള്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ മുടങ്ങാതെ ആ പ്രാര്‍ത്ഥന കുട്ടികളെ കൊണ്ട് ചൊല്ലിപ്പിക്കും. നിരന്തരം അവര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ആത്മീയത കുട്ടികളില്‍ വളരാന്‍ കാരണമാകും.അതുപോലെ മിഷന്‍ ലീഗിന്റെ പ്രത്യേകമായിട്ടുള്ള ക്ലാസുകള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. അതിനായി പ്രത്യേക സമയവും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇത് തുടക്കം എന്ന രീതിയില്‍ പൊതുവായിട്ടുള്ള കാര്യം മാത്രമാണ്. മറ്റുള്ള കുര്‍ബാന സെന്ററിലെ വൈദീകരുമായി കൂടിയാലോചിച്ചെങ്കില്‍ മാത്രമേ ഇതിന് ഒരു പൂര്‍ണ്ണരൂപമാവുകയുള്ളൂ. കൂടുതല്‍ സമയം കണ്ടെത്തുക എന്നതാണ് പ്രധാന വിഷയം. പലയിടത്തും സൗകര്യങ്ങള്‍ പരിമിതമാണല്ലോ..!

ചോ. ബ്രിട്ടണ്‍ രൂപതയില്‍ ചുരുക്കം ചില ഇടവകകള്‍ ഒഴിച്ചാല്‍ മാസത്തില്‍ കഷ്ടിച്ച് ഒരു മലയാളം കുര്‍ബാന മാത്രം കിട്ടുന്ന പ്രാര്‍ത്ഥനാ കൂട്ടായ്മകളാണ് അധികവും. പലപ്പോഴും അല്‍മായരുടെ ആദ്ധ്യാത്മീക ആവശ്യങ്ങള്‍ പൊലും നിര്‍വ്വഹിക്കാന്‍ സാധിക്കുന്നുമില്ല. ഇടവക രൂപീകരണമായിരുന്നില്ലേ ചെറുപുഷ്പ മിഷന്‍ ലീഗ് ആരംഭിക്കുന്നതിന് മുമ്പ് നടത്തേണ്ടിയിരുന്നത് ?

ഉ. രൂപതയുടെ അടുത്ത പടി ഇടവക രൂപീകരണം തന്നെയാണ്. എന്നാല്‍ ഇതുപോലൊരു സ്ഥലത്ത് അത് അത്ര എളുപ്പമല്ല. പക്ഷേ ഇതുപോലുള്ള സംവിധാനങ്ങളില്‍ നിന്ന് കൊണ്ട് സംഘടനകര്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റും. പിതാവ് നിര്‍ദ്ദേശിച്ചിരിക്കുന്ന എല്ലാ കമ്മീഷനും ഇത് സാധ്യമാകും എന്നതാണ് എന്റെ വിശ്വാസം. അമേരിക്കയിലും മറ്റും ആദ്യം രൂപത പ്രഖ്യാപിക്കുകയാണ് സഭ ചെയ്തത്. പിന്നീടാണ് ഇരിപ്പിടങ്ങളും ഇടവകകളും ഒക്കെയുണ്ടായത്. ബ്രിട്ടണ്‍ രൂപതയെ സംബന്ധിച്ചിടത്തോളം അല്‍മായ നേതൃത്വം ശക്തമാണ്. അതു കൊണ്ട് തന്നെ ഇടവകയായില്ലെങ്കിലും ഇതൊക്കെ സാധിക്കും. ഉണ്ടെങ്കില്‍ കൂടുതല്‍ നല്ലത് എന്നു മാത്രം.

ചോ. മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ അച്ചന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങളെ തിരിച്ചു വിടുന്നതിന് രൂപതയുടെ ഭാഗത്ത് നിന്ന് എന്തൊക്കെ കാര്യങ്ങളാണ് ചെയ്തിരിക്കുന്നത്?

ഉ. രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും സുഗമമായി നടക്കണം എന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന വ്യക്തി പിതാവാണ്. മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനം ഭംഗിയായി നടക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്തു തരണം എന്ന് ആവശ്യപ്പെടാനുള്ള സമയവുമല്ല ഇത്. എല്ലാം കൃത്യമായ ഒരു സംവിധാനത്തിലേയ്ക്കാക്കണമെങ്കില്‍ പിതാവ് ഒരു പാട് കഠിനാധ്വാനം ചെയ്യേണ്ടി വരും. അതിന് വര്‍ഷങ്ങളുമെടുക്കും. ഓരോ ചാപ്ലിന്‍സിയിലുമുള്ള വൈദീകര്‍ മുന്‍ നിരയിലേയ്ക്ക് വന്ന് മിഷന്‍ ലീഗിന്റെ ശാഖകള്‍ തുടങ്ങുമ്പോഴാണ് മിഷന്‍ ലീഗ് പ്രവര്‍ത്തനക്ഷമതയുള്ളതാകുന്നത്. അതാണ് രൂപതയുടെ ഭാഗത്തു നിന്നുള്ള ഏറ്റവും വലിയ സപ്പോര്‍ട്ട്. വൈദീക ഗണം പൂര്‍ണ്ണ പിന്‍തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത്രയും വേഗം ചെറുപുഷ്പ മിഷന്‍ ലീഗ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ സാധ്യമായത് പിതാവിന്റെ ദീര്‍ഘവീക്ഷണം തന്നെയാണ്.

ചോ. ചെറുപുഷ്പ മിഷന്‍ ലീഗിലെ മുന്‍ കാല പ്രവര്‍ത്തന പരിചയം പുതിയ മേഘലയില്‍ പ്രവര്‍ത്തിക്കാന്‍ എളുപ്പമാകും എന്നതില്‍ സംശയമില്ല. പക്ഷേ, പാശ്ചാത്യ സംസ്‌ക്കാരത്തില്‍ അത് എത്രമാത്രം ഗുണം ചെയ്യും?

ഉ. ഇക്കാര്യത്തില്‍ ഒരു പാട് ആശങ്ക എനിക്കുണ്ട്. നാട്ടിലെ കുട്ടികള്‍ ഒന്നാം ക്ലാസു മുതല്‍ മിഷന്‍ലീഗ്… മിഷന്‍ ലീഗ്.. എന്നൊക്കെ ആരെങ്കിലും പറഞ്ഞ് കേട്ടാണ് വളരുന്നത്. കൂടാതെ, മിഷന്‍ ലീഗിന്റെ റാലികള്‍, ക്രിസ്തുരാജന്റെ തിരുന്നാള്‍ ഇവിടെയൊക്കെ മിഷന്‍ ലീഗിന്റെ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണ് പോകുന്നത്. ഇത് ചെറുപ്പം മുതല്‍ക്കേ കണ്ടു വളരുന്ന കുട്ടികളാണ് നമുക്കുള്ളത്. എന്നാല്‍ ഈ രാജ്യത്ത് അങ്ങനെ യാതൊരു സാധ്യതകളുമില്ല. മിഷന്‍ ലീഗിന്റെ മുദ്രാവാക്യം പോലും മലയാളത്തിന്റെ മധുരിമയില്‍ മുഴക്കാന്‍ ഈ രാജ്യത്തില്‍ പറ്റില്ല. കേരളത്തിലെ മിഷന്‍ ലീഗിനെ ഇവിടേയ്ക്ക് പറിച്ച് നടാന്‍ പറ്റില്ല. കുറെയൊക്കെ മാറ്റം വരുത്തേണ്ടി വരും. പക്ഷേ, എനിക്ക് ചില ആശയങ്ങളുണ്ട്. സമയത്തിന്റെ ഒരു വലിയ പ്രശ്‌നം പലതിനും മാര്‍ഗ്ഗതടസ്സമായി നില്‍ക്കുന്നു.

ചോ. കുടിയേറ്റത്തിന്റെ രണ്ടാം തല മുറക്കാരെ ലക്ഷ്യം വെച്ചു കൊണ്ടാരംഭിക്കുന്ന മിഷന്‍ ലീഗിന് ഒന്നാം തലമുറക്കാരില്‍ നിന്ന് എന്ത് സഹകരണമാണ് ലഭിക്കുന്നത്?

ഉ. കുട്ടികളെ പള്ളികളില്‍ എത്തിക്കുക എന്നത് മാതാപിതാക്കളുടെ വലിയ ഉത്തരവാദിത്വമാണ്. അതിലുപരി, പള്ളികളില്‍ വരികയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന മാതാപിതാക്കളുള്ള വീട്ടില്‍ നിന്നേ കുട്ടികളും പള്ളിയില്‍ വരത്തുള്ളൂ. അതുകൊണ്ട് മാതാപിതാക്കള്‍ വിശ്വാസ ജീവിതം നയിക്കുക എന്നത് പരമപ്രധാനമാണ്. അത് മാത്രമാണ് ഇനി രക്ഷ. അതു തന്നെയാണ് ഏറ്റവും വലിയ സപ്പോര്‍ട്ടും.

ചോ. ഒരു ഇടവകയുടെ എല്ലാ വിധ സംവിധാനങ്ങള്‍ ഉണ്ടായിട്ടും എന്ത് കൊണ്ടാണ് അച്ചന്‍ ചാപ്ലിനായിരിക്കുന്ന സീറോ മലബാര്‍ ചാപ്ലിന്‍സിയെ ഒരു ഇടവകയായി ഉയര്‍ത്താത്തത്? രൂപത വരുന്നതിനു മുമ്പുതന്നെ ഒരിടവകയുടെ സ്വഭാവം കാണിച്ചു തുടങ്ങിയതല്ലേ സീറോ മലബാര്‍ ലീഡ്‌സ് ചാപ്ലിന്‍സി ! എന്നിട്ടും…

ഉ. അടിസ്ഥാനപരമായി നമുക്കൊരു പള്ളിയില്ല. ഇത്, ഉപയോഗിക്കാന്‍ വേണ്ടി മാത്രം തന്നിരിക്കുന്ന ഒരു പള്ളിയാണ്. അതു കൊണ്ട് പരിമിതികള്‍ ധാരാളം ഉണ്ട്. ഞാന്‍ അറിഞ്ഞിടത്തോളം സ്വന്തമായി നമുക്ക് പള്ളിയുണ്ടായതിനു ശേഷം ഇടവക രൂപീകരണം മതി എന്നാണ് പിതാവിന്റെ തീരുമാനം.
ചോ. മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ ഫാ. മുളയോലില്‍ ചാപ്ലിനായ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സി ഒരിടവകയായി ഉയര്‍ത്തപ്പെട്ടാല്‍ നിലവില്‍ കിട്ടുന്ന ആദ്ധ്യാത്മിക ഗുണങ്ങളേക്കാള്‍ കൂടുതലായി അല്‍മായര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമോ?

ഉ. ഇടവക എന്നു പറഞ്ഞാല്‍ കുടുംബങ്ങളുടെ വളരുന്ന കൂട്ടായ്മയാണ്. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെടുത്തേണ്ട കാര്യവുമില്ല. പക്ഷേ, ഇടവകയായി രൂപപ്പെട്ടാല്‍ മറ്റുള്ള ക്രൈസ്തവ കൂട്ടായ്മകളില്‍ നിന്നു കിട്ടുന്ന ആദ്ധ്യാത്മിക ഗുണങ്ങളേക്കാള്‍ കൂടുതല്‍ ആദ്ധ്യാത്മീകത സീറോ മലബാര്‍ വിശ്വാസികള്‍ക്ക് അനുഭവിക്കാം എന്നതില്‍ സംശയമില്ല.

ചോ. അഭിവന്ദ്യ പിതാവിന്റെ പ്രവര്‍ത്തന ശൈലിയില്‍ സന്തുഷ്ടനാണോ?

ഉ.  ചെയ്യുന്നതൊക്കെ രൂപതയുടെ നന്മയ്ക്ക് വേണ്ടിയാണ്.  പിതാവിന്റെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ സന്തോഷവാനാണ്. വളര്‍ച്ചയെത്താത്ത ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയ്ക്ക് ധാരാളം പരിമിതികള്‍ ഉണ്ട്. കൂട്ടിച്ചേര്‍ക്കപ്പെടേണ്ടതില്‍ പലതും ഇപ്പോഴും സഭയ്ക്ക് പുറത്താണ്.

ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ ഔദ്യോഗീക ഉദ്ഘാടനം നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ലീഡ്‌സ് ചാപ്ലിന്‍സിയൊരുങ്ങി. ഈശോയെ ആദ്യമായി സ്വീകരിക്കാന്‍ കുറെ കുരുന്നു ഹൃദയങ്ങളും…

‘ഭാരതമേ നിന്‍ രക്ഷ നിന്‍ മക്കളില്‍’

 

ഷിബു മാത്യു

ലോകത്തില്‍ എവിടെയെങ്കിലും ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി രാജ്യം വിഭജിച്ചിട്ടുണ്ടോ, ഇന്ത്യയിലല്ലാതെ? ലണ്ടന്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിക്കുന്ന ഒന്നാമത് ഹിന്ദു മത പരിഷത്തില്‍ മുഖ്യ പ്രഭാഷകയായി എത്തുന്ന ശശികല ടീച്ചറുമായി മലയാളം യു കെ അസോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യുവുമായി സംസാരിക്കുമ്പോള്‍ ആണ് ടീച്ചര്‍ ഈ ചോദ്യം ഉന്നയിച്ചത്.

ടീച്ചറുടെ പ്രസംഗങ്ങളില്‍ മതതീവ്രവാതം ഉയര്‍ത്തിക്കാട്ടുന്നു എന്ന ചോദ്യത്തിന് ശക്തമായ രീതിയില്‍ ടീച്ചര്‍ പ്രതികരിച്ചു. ഒരിക്കലും മതതീവ്രവാദത്തെ ഇളക്കി വിടുന്ന രീതിയില്‍ ഞാന്‍ ഭാരതത്തില്‍ പ്രഭാഷണം നടത്തിയിട്ടില്ല. ഹിന്ദുക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ അതായിരുന്നു എന്റെ പ്രശ്‌നം. ഈ ധര്‍മ്മം തെറ്റാണ്, ആരാധന തെറ്റാണ്, വിഗ്രഹാരാധനയാണ്, പുനര്‍ജന്മത്തിലുള്ള വിശ്വാസമാണ്. ഇതൊക്കെ തെറ്റാണ് എന്നു പറഞ്ഞാണ് സംഘടിത മതങ്ങള്‍ ഉദയം ചെയ്തിരിക്കുന്നത്. അതിനെയൊക്കെ അതിജീവിച്ച് ഈ മതം നിലനില്ക്കുന്നു.

ഒരു ബോധവല്‍ക്കരണം. സര്‍ക്കാരിന്‍റെ കണ്ണു തുറപ്പിക്കുക. എന്നു മാത്രമെ ഉദേശിച്ചിരുന്നുള്ളൂ. അധികാരത്തില്‍ കയറാന്‍ കമ്മ്യൂണിറ്റികളെ രാഷ്ട്രീയക്കാര്‍ ഉപയോഗിക്കുന്നു. ഭാരതത്തില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണ്. ഭൂരിപക്ഷം ഒരു ശാപമാണ് എന്ന വിധത്തിലാണ് മറ്റു മതങ്ങളില്‍ നിന്നു കിട്ടുന്ന പെരുമാറ്റം.. ലോകത്തില്‍ എല്ലാ തെറ്റുകളും ചെയ്യുന്നത് ഹിന്ദുക്കളാണ് എന്ന നിലയ്ക്കാണ് ഇവരുടെ പെരുമാറ്റം. അതിനെ ശക്തമായി ഞാന്‍ എതിര്‍ത്തു.

20150530_225845

ഹിന്ദുക്കളെ കുറ്റം പറയുന്നത് ആരാണ്? രാഷ്ട്രീയക്കാര്‍. രാഷ്ട്രീയ സംവിധാനമാണ് ഏറ്റവും വലിയ പാളിച്ചകള്‍. ഞാന്‍ ഒന്‍പതാം ക്ലാസ് മുതല്‍ പ്രസംഗം ആരംഭിച്ചു. ബാലഗോകുലത്തില്‍ പ്രവര്‍ത്തിച്ചു, അന്നു മുതല്‍ ഹിന്ദുസംഘടനകളില്‍ സജീവമായി ഞാനുണ്ട്. അന്ന് ഞാന്‍ എന്റെ ലോക്കല്‍ ഏരിയകളില്‍ മാത്രം പ്രസംഗിച്ചിരുന്നു. പക്ഷെ തൊണ്ണൂറു മുതല്‍ ഞാന്‍ പുറത്തും പ്രസംഗിച്ചു തുടങ്ങി
എന്‍റെ പ്രസംഗം കൊണ്ട് കേരളത്തില്‍ എവിടെയെങ്കിലും ഒരു വിഷയം ഉണ്ടായതായി ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോ? പ്രശ്‌നമുണ്ടായ സ്ഥലത്ത് ഞാന്‍ പോയി സംസാരിച്ചതല്ലാതെ, പ്രശ്‌നമുണ്ടാക്കാന്‍ ഞാന്‍ സംസാരിച്ചിട്ടില്ല.

ഞാന്‍ പ്രസംഗിച്ചിട്ടല്ല മാറാട് പ്രശ്‌നം ഉണ്ടായത്. ഞാന്‍ പ്രസംഗിച്ചട്ടല്ല ഇന്ത്യ പിളര്‍ന്നത്. കോണ്‍ഗ്രസിന്റെ പ്രീണന നയമാണ് രാജ്യത്തെ വര്‍ഗ്ഗീയ ലഹളയിലേയ്ക്കും പിളര്‍പ്പിലേയ്ക്കും കൊണ്ടെത്തിച്ചത്. എന്‍റെ പ്രസംഗങ്ങളില്‍ മതതീവ്രവാദം ഇളക്കി വിടുന്നു എങ്കില്‍ എന്തു കൊണ്ട് ഇന്നു വരെ ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. ഗവണ്‍മെന്റുകള്‍ എത്ര മാറി വന്നു. അധികാരികളും. എന്റെ പ്രസംഗങ്ങള്‍ പൂര്‍ണ്ണമായി കേള്‍ക്കാന്‍ ശ്രമിക്കാതെ പ്രസംഗത്തിന്റെ ഒരു ചെറിയ ഭാഗം അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ക്ക് കൊടുക്കുന്നു. അതിന്റെ ആവശ്യമില്ല. ആ ഭാഗം മാത്രം അടര്‍ത്തിയെടുക്കുബോള്‍ അര്‍ത്ഥം വേറൊന്നായിരിക്കാം. പക്ഷെ അത് എന്തിന് വേണ്ടി പറഞ്ഞു എന്നതിന് പ്രസംഗത്തിന്റെ തുടക്കവും ഒടുക്കവും കെട്ടാലെ മനസിലാവുള്ളൂ.

ചോ : ഹിന്ദു ഓംകാരം മുഴക്കിയാല്‍ പള്ളികള്‍ പൊളിഞ്ഞു വീഴും എന്നു പറഞ്ഞതോ?
ഉ : മാറാട് എട്ടു പേര്‍ മരിച്ചതിനു ശേഷം ശരിയായ അന്വേഷണം പോലും നടക്കാത്ത ഒരവസരത്തില്‍, എന്നു പറഞ്ഞാല്‍ എട്ടു ശവം കണ്ട് മിണ്ടാതിരിക്കണ്ടവരല്ല ഹിന്ദുക്കള്‍. ശരിക്കും പ്രതികരിക്കേണ്ടവരാണ്. അതിനൊരു ഉദാഹരണം പറഞ്ഞതാണ് അയോധ്യാ. സര്‍ക്കാരിന്റെ സമീപനം കൊണ്ടല്ല സമാധാനം ഉണ്ടായത്. ഹിന്ദുവിന്റെ സംയമനം കൊണ്ടാണ് സമാധാനം ഉണ്ടായത്.

ചോ : അപ്പോള്‍ ഇതൊരു ഭീഷണിയുടെ സ്വരമാണോ?
ഉ : ഒരിക്കലുമല്ല, കണ്‍ മുന്‍പിലിട്ടാണ് പത്തിരുപത് പേരെ വെട്ടിയത്.തടിമിടുക്കും മനോബലവും ഉള്ളവരാണ് അരയന്‍മാര്‍. അവര്‍ ക്ഷമിച്ചു എന്നു പറഞ്ഞാല്‍ പാതാളത്തോളം താഴ്ന്നു. അവരെ ക്ഷമിപ്പിച്ചത് ഹൈന്ദവ സംഘടനകളാണ്. അല്ലായിരുന്നെങ്കില്‍ അവര്‍ തിരിച്ചടിക്കുമായിരുന്നു. അവിടെയും തീവ്രവാദപരമായ ഒരു പ്രസംഗമായിരുന്നില്ല ഞാന്‍ നടത്തിയത്.

ചോ : തൊടുപുഴയിലെ ജോസഫ് സാറിന്റെ സംഭവത്തില്‍ ടീച്ചര്‍ സംസാരിച്ചത് ഹിന്ദുവിനു വേണ്ടിയായിരുന്നൊ അതോ കൃസ്ത്യാനിക്കുവേണ്ടിയായിരുന്നൊ?
ഉ : ആര്‍ക്കും വേണ്ടിയായിരുന്നില്ല. മതത്തിനപ്പുറമുള്ള മനുഷ്യത്വത്തിനു വേണ്ടിയായിരുന്നു. ജോസഫ് സാറിനെ ഒഴിവാക്കാമായിരുന്നല്ലോ. കൃസ്ത്യാനിയാണ്, ഹിന്ദു ഐക്യവേദിക്ക് ഒരു പ്രശ്‌നവുമില്ല. പക്ഷെ ജോസഫാണോ മുഹമ്മദാണോ രാമനാണോ എന്നതല്ല, മതത്തിനപ്പുറമായി ചില മര്യാദകള്‍ വേണം. മര്യാദകളാണ് അവിടെ ലംഘിക്കപ്പെട്ടത്. മുസ്‌ളീമിന്റെ യും കൃസ്ത്യാനിയുടെയും ജീവിതം തുല്യമായിരിക്കണം. അതിനു മുന്‍തൂക്കം കൊടുത്തുകൊണ്ടാണ് ജോസഫ് സാറിന്റെ വിഷയത്തില്‍ ഞാന്‍ പ്രസംഗിച്ചത്. അവിടെ തീവ്രവാദത്തെ ഉയര്‍ത്തി പിടിച്ചുവെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയുമോ? കത്തോലിക്കാ സഭയ്ക്കു പോലും സാറിനെ വേണ്ടായിരുന്നു. മാത്രമല്ല ഈ പ്രശ്‌നം ഇത്രയും വഷളാക്കിയത് കത്തോലിക്കാ സഭ തന്നെയായിരുന്നു. 

ചോ : തങ്കു ബ്രദര്‍ ഹിന്ദു ആയിരുന്നില്ലല്ലോ പിന്നെ എന്തിനാണ് ആ പ്രസ്ഥാനത്തില്‍ ആഞ്ഞടിച്ചത്?
ഉ : തങ്കു പാസറ്റര്‍ കോട്ടയം നഗരസഭയുടെ സ്ഥലം കൈയ്യേറിയാണ് സ്വര്‍ഗ്ഗീയ വിരുന്ന് നടത്തിയിരുന്നത്. എല്ലാ രാഷ്ട്രീയക്കാരും അതിന് ഒത്താശ നടത്തി കൊടുത്തു. നഗരസഭ കൂട്ടുനിന്നു. വര്‍ഗ്ഗീയതയ്‌ക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും അവിടെ ചെന്ന് ഒപ്പം കൂടി . അവിടെ നടന്ന കാര്യങ്ങള്‍ സ്വര്‍ഗ്ഗത്തിലെയ്ക്ക് ‘ കൊണ്ടു പോവാനുള്ളതല്ല. എട്ടു വര്‍ഷം നിയമ നടപടികളില്‍ കൂടി പോയതിനു ശേഷമാണ് ആ പ്രസ്ഥാനം പൂട്ടിച്ചത്.

ചോ : ക്രിസ്ത്യാനിയുടെ കാര്യത്തില്‍ ഹിന്ദു ഐക്യവേദി അവിടെ ഇടപെടേണ്ട ആവശ്യം ഉണ്ടായിരുന്നോ?
ഉ: ഉണ്ടായിരുന്നു. എന്റെ പ്രസംഗങ്ങള്‍ ഹിന്ദുക്കളെ സപോര്‍ട്ട് ചെയ്തു കൊണ്ട് മാത്രമായിരുന്നില്ല. ഒരാളുടെ മതത്തെ വിലയ്ക്ക് വാങ്ങുക എന്നുളളതല്ല മത പ്രവര്‍ത്തനം അതിനെ ശക്തമായി ഞാന്‍ എതിര്‍ത്തിരുന്നു. അനീതിക്കെതിരെ എന്നും ഞാന്‍ പ്രതികരിച്ചിരുന്നു.
ടീച്ചര്‍ മനസ്സു തുറന്ന് സംസാരിച്ചു.
ഇനി നിങ്ങള്‍ തന്നെ ചിന്തിക്കൂ…
ശശികല ടീച്ചര്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തിയിരുന്നോ….?
എങ്കില്‍ മാറിമാറി വന്ന സര്‍ക്കാര്‍ എന്തുകൊണ്ട് ടീച്ചറെ ശിക്ഷിച്ചില്ല,…?
ടീച്ചറിന്റെ ശബ്ദം ഹിന്ദുവിനു വേണ്ടി മാത്രമായിരുന്നോ മുഖരിതമായിരുന്നത്….?
അനീതിയെ ടീച്ചര്‍ ശക്തമായി എതിര്‍ത്തിരുന്നോ…..?
സമൂഹം ടീച്ചറിനെ തീവ്രവാദിഎന്ന് വിശേഷിപ്പിക്കുമ്പോഴും ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങള്‍ ഇനിയും ബാക്കി…..

RECENT POSTS
Copyright © . All rights reserved