ടോം ജോസ് തടിയംപാട്
കോട്ടയം ജില്ലയിലെ കുറുമുള്ളൂർ പാറേൽ പള്ളിക്ക് സമീപം താമസിക്കുന്ന കോട്ടേരിൽ കുര്യാക്കോസിനു മൂന്ന് മക്കളാണുള്ളത്.ഓട്ടോ ഓടിച്ച് ഉപജീവനം നയിച്ചിരുന്ന ഇദ്ദേഹത്തിനു പ്രമേഹ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കണ്ണിന്റെ കാഴ്ച ശക്തി കുറയുകയും രണ്ട് കണ്ണിനും ശസ്ത്രക്രിയ ചെയ്യേണ്ട സാഹചര്യമുണ്ടായി.മറ്റുള്ളവരുടെ സഹായത്താൽ ശസ്ത്രക്രിയ ചെയ്തെങ്കിലും ഭാഗികമായാണു കാഴ്ചശക്തി തിരികെ ലഭിച്ചത്.അതിനാൽ തന്റെ ഉപജീവനമാർഗമായ ഓട്ടോ ഓടിക്കുവാൻ ഇദ്ദേഹത്തിനു സധിക്കുന്നില്ല. പെൺമക്കളിൽ ഇളയ കുട്ടി ഇപ്പോൾ നേഴ്സിങ്ങ് പഠിക്കുന്നതിനാൽ അതിനുള്ള ഫീസും കണ്ടെത്തണം. കൂടാതെ കുടുംബം മുൻപോട്ടു കൊണ്ടുപോകണം നിങ്ങൾ ദയവായി സഹായിക്കണം കുര്യാക്കോസിന്റെ അയൽവക്കംകാരൻ ബെർക്കിൻഹെഡിൽ താമസിക്കുന്ന ബിജു നംബനത്തേൽ ആണ് കുര്യാക്കോസിന്റെ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് അതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ഓണം ചാരിറ്റി കുര്യക്കോസിന്റെ കുടുംബത്തിനു നൽകാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്. ഞങ്ങൾ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 1,21 ,0 0000 (ഒരുകോടി ഇരുപത്തിയൊന്നു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .
2004 -ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .നിങ്ങളുടെ സഹായങ്ങൾ താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടിൽ ദയവായി നിക്ഷേപിക്കുക.
” ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.”
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ പൂഞ്ഞാർ പനിച്ചികപ്പാറയിൽ വിവിധ പ്രദേശങ്ങളിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷ ഭാഗമായി ശോഭായാത്രകൾ നടന്നു. പൂഞ്ഞാർ പഞ്ചായത്തിൽ തണ്ണിപ്പാറ, പുളിക്കൽപാലം,മണിയംകുന്ന്, പെരുനിലം എന്നിവിടങ്ങളിൽനിന്ന് ആരംഭിച്ച ശോഭായാത്രകൾ പടിക്കമുറ്റം അയ്യപ്പന്റെ അമ്പലത്തിൽ ക്ഷേത്രസന്നിധിയിലെത്തി.
ഉണ്ണിക്കണ്ണന്റെയും ഗോപികാമാരുടെയും വേഷമണിഞ്ഞ് ശോഭയാത്രയിൽ പങ്കെടുക്കുന്ന കുട്ടികൾ ക്ഷേത്രം മഠാധിപതിയിൽ നിന്ന് അനുഗ്രഹം ഏറ്റുവാങ്ങി അവിടെ നിന്നും സംഗമിച്ചു മഹാശോഭായാത്രയായി പനിച്ചികപ്പാറ കവലയിലൂടെ വലംവച്ചു മങ്കൊമ്പു കാവ് ക്ഷേത്ര സന്നിധിയിൽ എത്തി ഉറിയടിയും കുട്ടികളുടെ കലാപരിപാടികൾക്കും ശേഷം കൊട്ടാരം ശ്രീകൃഷ്ണ സാമി ക്ഷേത്രത്തിൽ സമാപിച്ചു.
പനിച്ചിപ്പാറ നടന്ന ശോഭായാത്ര….
ഭൂമിയുടെ ഭ്രമണത്തിന്റെ വേഗം കൂടിയെന്ന് ശാസ്ത്രജ്ഞർ. ജൂലൈ 29നാണ് ഭൂമിയുടെ ഭ്രമണവേഗം ഉയന്നത്. ഭൂമി ഒരു ഭ്രമണം പൂർത്തിയാക്കാൻ 24 മണിക്കൂറാണ് സാധാരണ എടുക്കാറ്. എന്നാൽ, ജൂലൈ 29ന് 1.59 മില്ലി സെക്കൻഡ് കുറവ് സമയം കൊണ്ട് ഭൂമി ഭ്രമണം പൂർത്തിയാക്കി.
2020 ജൂലൈ 19നാണ് ഇതിന് മുമ്പ് ഏറ്റവും കുറഞ്ഞ സമയത്ത് ഭൂമി ഭ്രമണം പൂർത്തിയാക്കിയത്. അടുത്ത വർഷവും ഭൂമി കുറഞ്ഞ സമയത്തിൽ ഭ്രമണം പൂർത്തിയാക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, അത് റെക്കോർഡ് മറികടന്നില്ലെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
അതേസമയം, ഭൂമിയുടെ ഭ്രമണവേഗം കൂടിയതിന്റെ കാരണം ശാസ്ത്രലോകത്തിന് ഇനിയും അജ്ഞാതമാണ്. ധ്രുവങ്ങളിലെ മഞ്ഞുരുകി ഭൂമിയുടെ ഭാരം കുറയുന്നതാണ് ഭ്രമണവേഗം ഉയരാനുള്ള കാരണമെന്നാണ് ഒരു വാദം. ഭൂമിയുടെ അച്ചുതണ്ടിലുണ്ടായ മാറ്റമാണ് വേഗത്തിലുള്ള ഭ്രമണത്തിന് കാരണമെന്നാണ് മറ്റൊരു വാദം.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയിൽ ലൈംഗികത്തൊഴിലിൽ ഏര്‍പ്പെടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയെന്നു റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടമായതോടെ ടെക്സ്റ്റൈൽ രംഗത്തു പ്രവർത്തിക്കുന്ന നിരവധി പെൺകുട്ടികൾ ലൈംഗികത്തൊഴിൽ തിരഞ്ഞെടുത്തതായി ശ്രീലങ്കൻ മാധ്യമം ‘ദ് മോണിങ്’ റിപ്പോർട്ട് ചെയ്‌തു. ശ്രീലങ്കയില്‍ നിയമം മൂലം നിരോധിച്ചതാണ് ലൈംഗികത്തൊഴിൽ. സ്‍പാകളുടെയും മസാജ് കേന്ദ്രങ്ങളുടെയും മറവിലാണ് കൊളംബോയിൽ കൂടുതലായും ലൈംഗികത്തൊഴിൽ നടക്കുന്നതെന്ന് ഒരു രാജ്യാന്തര മാധ്യമം പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ, വിജനമായ റോഡരികുകളിലും മറ്റും ഇടപാടുകാരെ പ്രതീക്ഷിച്ചു നിൽക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.
നിലവിലെ സാമ്പത്തിക പ്രതിസന്ധികൾക്കിടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാണ്, ഇഷ്‌ടമല്ലെങ്കിലും ലൈംഗികത്തൊഴിലിനിറങ്ങിയതെന്ന് ഇരുപത്തൊന്നുകാരിയായ റെഹാന (യഥാർഥ പേരല്ല) പറയുന്നു. ‘‘കുറച്ചു നാള്‍ മുന്‍പു വരെ ശാന്തമായിരുന്നു ജീവിതം. തുണിമില്ലില്‍ ജോലി. വരുമാനം കുറവായിരുന്നു. എങ്കിലും ഞാനും കുടുംബവും സമാധാനത്തോടെ കഴിഞ്ഞിരുന്നു’’– വാർത്താ എജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ റെഹാന പറയുന്നു.
‘‘കഴിഞ്ഞ ഡിസംബറിലാണ് മില്ലിലെ ജോലി നഷ്ടമായത്. ദിവസക്കൂലിക്കു ജോലിയെടുത്തായിരുന്നു പിന്നീടുള്ള ജീവിതം. അതിനിടെ ജോലി വാഗ്ദാനം ചെയ്ത് ഒരു സ്‌പാ ഉടമ എന്നെ സമീപിച്ചു. അയാൾക്കു വേണ്ടത് എന്റെ ശരീരമായിരുന്നു. എനിക്ക് അയാളോടു ‘നോ’ പറയണമെന്നുണ്ടായിരുന്നു. മാന്യമായി ജോലി ചെയ്‌ത് കുടുംബം പോറ്റാനുള്ള സാഹചര്യം ഇന്ന് ശ്രീലങ്കയിൽ ഇല്ല. എനിക്കും കുടുംബത്തിനും ജീവിക്കാൻ പണം വേണം. അതിനായി ശരീരം വിൽക്കാൻ തീരുമാനിക്കുകയായിരുന്നു.’’ –റെഹാന പറയുന്നു.
‘‘വിവാഹമോചിതയാണ് ഞാൻ. എഴു വയസ്സുള്ള മകളുണ്ട്. വീടിന് വാടക നൽകണം. മകൾക്ക് ഫീസിനു പണം വേണം. വിശപ്പ് മാറണമെങ്കിൽ പണം വേണം. ലൈംഗികത്തൊഴിലല്ലാതെ എന്റെ മുന്നിൽ മറ്റു വഴികൾ ഉണ്ടായിരുന്നില്ല’’– നാൽപത്തൊന്നുകാരിയായ ഒരു വീട്ടമ്മ രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. ശ്രീലങ്കയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ലൈംഗികത്തൊഴിലിൽ ഏർപ്പെടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ 30 ശതമാനത്തോളം വർധനയുണ്ടായതായി ലൈംഗിക തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സ്റ്റാൻഡ് അപ് മൂവ്മെന്റ് ലങ്ക (എസ്‌യുഎംഎൽ) എന്ന സന്നദ്ധ സംഘടന പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് വ്യാപനത്തോടെ ശ്രീലങ്കയിലെ ടെക്സ്റ്റൈൽ മേഖലയിൽ പലർക്കും ജോലി നഷ്ടപ്പെട്ടു. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്കു വീണതോടെ അവരുടെ ജീവിതം ദുരിതപൂർണമായി. ടെക്സ്റ്റൈൽ രംഗത്തുണ്ടായിരുന്ന തൊഴിലാളികളിൽ നല്ലൊരു ശതമാനവും ലൈംഗികത്തൊഴിലിലേക്ക് തിരിഞ്ഞതായി എസ്‌യുഎംഎൽ എക്‌സിക്യൂട്ടിവ് ഡയറക്ടർ അഷില ദണ്ഡേനിയ വാർത്താ ഏജൻസിയോടു പറഞ്ഞു. ‘‘ഈ പാവങ്ങള്‍ക്ക് മറ്റ് വഴികളില്ല. ഇവരെ ഏറ്റെടുക്കാനോ സംരക്ഷിക്കാനോ ആരുമില്ല’’ – അഷില പറഞ്ഞു. ‘‘തുണിമില്ലിലെ ജോലിക്ക് എന്റെ മാസശമ്പളം 28,000 ശ്രീലങ്കൻ രൂപയായിരുന്നു. ഓവർടൈം ചെയ്‌താൽ പോലും 35,000 രൂപയായിരുന്നു പരമാവധി സമ്പാദിക്കാൻ കഴിയുക. എന്നാൽ ഇന്ന് ലൈംഗികത്തൊഴിൽ വഴി ദിവസവും 15,000 രൂപയോളം ഞാൻ സമ്പാദിക്കുന്നു’’– അടുത്തിടെ ലൈംഗികത്തൊഴിൽ സ്വീകരിച്ച ഒരു യുവതിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
കൊളംബോയിലെ സ്‍പാകളുടെയും മസാജ് കേന്ദ്രങ്ങളുടെയും മറവിൽ ലൈംഗികത്തൊഴിൽ നടക്കുന്നുണ്ടെന്ന് അധികൃതർക്ക് അറിയാമെങ്കിലും നടപടിയൊന്നും ഉണ്ടാകാറില്ല. സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരാണ് ഇത്തരം കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാരിൽ ഏറെയും. പെട്ടെന്ന് പണം ഉണ്ടാക്കാൻ കഴിയുന്നതിനാലും മറ്റു വഴികൾ ഇല്ലാത്തതിനാലും താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞ പെൺകുട്ടികളാണ് ഇത്തരം തൊഴിലിൽ കൂടുതൽ എത്തിച്ചേരുന്നത്. ഉന്നതവിദ്യാഭ്യാസത്തിനു പണം കണ്ടെത്താനും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും ലൈംഗികത്തൊഴിൽ തിരഞ്ഞെടുക്കുന്ന പ്രവണത കൂടി വരികയാണെന്നും അഷില ദണ്ഡേനിയ പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലീഡ്‌സ് : വെല്ലുവിളികളെ മറികടന്ന് മുന്നേറി, യുകെ മലയാളികൾക്ക് പ്രചോദനമായി മാറിയിരിക്കുകയാണ് ലീഡ്‌സ് സ്വദേശി ജൂലി ഉമ്മൻ. യുകെയിലെ ഫ്രാഞ്ചൈസി ബിസിനസ്സിലേക്ക് ആദ്യമായി കടന്നുവന്ന് വിജയിച്ചവരുടെ കൂട്ടത്തിലാണ് ഇന്ന് ജൂലിയുടെ സ്ഥാനം. യുകെയിലെ വനിതാ സംരംഭകരെ പ്രചോദിപ്പിക്കുകയും അവരുടെ ബിസിനസ്സുകൾക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന സംഘടനയാണ് EWIF (Encouraging Women into Franchising). എല്ലാ വര്‍ഷവും ഈ സംഘടന യുകെയിലെ ഫ്രാഞ്ചൈസി ബിസിനസ്സുകളില്‍ വിജയം കൈവരിച്ച വനിതാ സംരംഭകര്‍ക്ക് അവാര്‍ഡ് നല്‍കുന്നുണ്ട്. ഇത്തവണത്തെ ഫൈനലിസ്റ്റുകളുടെ കൂട്ടത്തില്‍ ജൂലി ഉമ്മനും ഉണ്ടെന്നത് ഓരോ യുകെ മലയാളിക്കും ഏറെ സന്തോഷമേകുന്നു.
എൻഎച്ച്എസ് സ്റ്റാഫ് നഴ്‌സായി ജോലിയിൽ പ്രവേശിച്ച ജൂലി, യുകെയിലെ പ്രശസ്തമായ ഹോം കെയർ ബിസിനസ് ഗ്രൂപ്പായ കെയർമാർക്കിന്റെ വേക്ക്ഫീല്‍ഡ് ടൗണിലെ ഫ്രാഞ്ചൈസി സ്വന്തമാക്കിയാണ് ബിസിനസ്സിലേക്ക് ചുവടുവച്ചത്. 2004 ജനുവരിയിലാണ് ജൂലി യുകെയിലെത്തിയത്. വെസ്റ്റ് യോർക്ക്ഷെയറിലുള്ള ലീഡ്‌സിലെ ഒരു നേഴ്സിംഗ് ഹോമിൽ ജോലിയാരംഭിച്ചു. തുടർന്ന് എൻഎച്ച്എസിലേക്ക് എത്തി. ലീഡ്‌സിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ ഒഫ്താൽമോളജി ഡിപ്പാർട്ട്‌മെന്റിൽ നേഴ്സായി. ഒഫ്താല്‍മോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ റെറ്റിനല്‍ സ്‌പെഷ്യലിസ്റ്റ് പ്രാക്ടീഷണര്‍ എന്ന തസ്തികയില്‍ നിന്നും ഒരു ഇടവേള എടുത്തതിനു ശേഷമാണ് ജൂലി തന്റെ സ്വപ്നമായ സംരംഭകത്വത്തിലേക്ക് കടന്നത്. ബിസിനസ് ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ, 2021-ൽ ‘കെയർമാർക്ക് യുകെ’യുടെ നോർത്ത് റീജിയണിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഫ്രാഞ്ചൈസിക്കുള്ള അവാർഡ് (Fastest Growing Franchise) വേക്ക്ഫീൽഡിലെ ജൂലിയുടെ കെയർമാർക്ക് ഫ്രാഞ്ചൈസി നേടി.
2020 ഒക്‌ടോബർ മാസത്തിൽ യുകെയിൽ കോവിഡ് പടർന്നു പിടിച്ച സമയത്താണ് ജൂലി തന്റെ ഹോം കെയർ ബിസിനസ്സ് ആരംഭിച്ചത്. എന്നാൽ, നിശ്ചയദാർഢ്യവും പ്രതിസന്ധികളെ നേരിടാനുള്ള മനസുമുള്ള ജൂലി വെല്ലുവിളികളെ സധൈര്യം മറികടന്നു. ജൂലിയുടെ അഭിപ്രായത്തിൽ, “സംരംഭകത്വം ഒരു സാഹസികതയാണ്. പ്രതിസന്ധികളെയും അനിശ്ചിതത്വങ്ങളെയും മറികടന്ന് ഒരു കപ്പൽ തീരത്ത് അടുപ്പിക്കുന്നതുപോലെ ശ്രമകരമായത്.” ഒരു ബിസിനസ്സ് വിജയിക്കണമെങ്കിൽ സമയം, മൂലധനം, മികച്ച ജീവനക്കാർ തുടങ്ങിയ നിരവധി ഘടകങ്ങൾ ഒത്തുചേരേണ്ടതുണ്ടെന്ന് ജൂലി പറയുന്നു.
വേക്ക്ഫീൽഡിലെ സമൂഹത്തിനായി നന്മ ചെയ്യാനുള്ള ആഗ്രഹവും പരിചരണ മേഖലയെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുമാണ് തന്റെ നേട്ടങ്ങൾക്ക് കാരണമെന്ന് ജൂലി കൂട്ടിച്ചേർത്തു. സംരംഭക യാത്രയിലുടനീളം കുടുംബവും സുഹൃത്തുക്കളും ബിസിനസിലെ ജീവനക്കാരും നൽകിയ പിന്തുണ ജൂലി എടുത്തുപറഞ്ഞു. ഭർത്താവായ ഡോ. നന്ദകിഷോർ നേമന എല്ലാറ്റിനും പിന്തുണയുമായി ഒപ്പമുണ്ട്. മകൻ ആദർശ് ജർമ്മനിയിൽ പഠിക്കുന്നു. മകൾ ശ്രേയ യൂണിവേഴ്സിറ്റിയിൽ ചേരാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോൾ വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ലീഡ്‌സിൽ സ്ഥിരതാമസം. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മുട്ടം മുഴങ്ങോടിയിൽ കുടുംബാംഗമാണ് ജൂലി. പിതാവ് – ഉമ്മൻ മാത്യു. മാതാവ് – ലീലാമ്മ ഉമ്മൻ. സഹോദരൻ – ജോർജ് ഉമ്മൻ.
യുകെയിൽ വളർന്നുവരുന്ന മലയാളി സംരംഭകരോട് ജൂലിക്ക് പറയാനുള്ളത് ഇത്രമാത്രം;
“വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ആർജവമാണ് വിജയത്തിലേക്കുള്ള വഴി.”
മലയാളം യുകെ ന്യൂസ് ഡെസ്ക്
ഒക്ടോബർ എട്ടിന് യോർക്ക്ഷെയറിലെ കീത്തിലിയിൽ വച്ച് നടക്കുന്ന മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റിൽ പങ്കെടുക്കുന്ന ടീമുകളുടെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു. ബോളിവുഡ് ഡാൻസ് ഫെസ്റ്റ് സംബന്ധിച്ച ആദ്യ വാർത്ത പുറത്ത് വന്നത് മുതൽ വളരെ മികച്ച പ്രതികരണമായിരുന്നു യുകെയിലെ മലയാളി സമൂഹത്തിൽ നിന്നും ഉണ്ടായത്. രജിസ്‌ട്രേഷൻ സംബന്ധിച്ചും ഡാൻസ് ഫെസ്റ്റ് നിബന്ധനകൾ സംബന്ധിച്ചും വളരെയധികം അന്വേഷണങ്ങൾ ആണ് മലയാളം യുകെ ന്യൂസ് ഡെസ്കിൽ ലഭിച്ചത്. മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റിനുള്ള അപേക്ഷകൾ ഇമെയിൽ ആയാണ് അയയ്‌ക്കേണ്ടത്. [email protected] എന്ന ഇമെയിൽ വിലാസത്തിൽ ആണ് അപേക്ഷകൾ അയക്കേണ്ടത്. ഈ ലിങ്കിൽ (application form) ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന അപേക്ഷാ ഫോം ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ആണ് ഇമെയിൽ ആയി അയയ്‌ക്കേണ്ടത്. അൻപതു പൗണ്ടാണ് ഒരു ടീമിന്റെ രജിസ്‌ട്രേഷൻ ഫീസ്. ആയിരത്തിയൊന്നു പൗണ്ട് ആണ് ഡാൻസ് ഫെസ്റ്റിലെ ഒന്നാം സമ്മാനക്കാർക്ക് ലഭിക്കുന്നത്. രണ്ടാം സ്ഥാനക്കാർക്ക് എഴുനൂറ്റി അൻപത്തിയൊന്നു പൗണ്ടും മൂന്നാം സ്ഥാനക്കാർക്ക് അഞ്ഞൂറ്റിയൊന്നു പൗണ്ടും ട്രോഫിയോടൊപ്പം സമ്മാനമായി ലഭിക്കും.
യോർക്ക്ഷെയറിലെ കീത്തിലിയിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ വിക്ടോറിയ ഹാളിൽ ആയിരിക്കും 2022 ഒക്ടോബർ എട്ടിന് ബോളിവുഡ് ഡാൻസ് ഫെസ്റ്റ് അരങ്ങേറുക. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മികച്ച ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും. പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാവുന്ന രീതിയിൽ ആണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഒരു ടീമിൽ കുറഞ്ഞത് അഞ്ച് അംഗങ്ങളും പരമാവധി പത്ത് അംഗങ്ങളും ആണ് അനുവദനീയം. മത്സരം സംബന്ധിച്ച നിബന്ധനകൾ മനസ്സിലാക്കാൻ ഇവിടെ (Terms and Conditions) ക്ലിക്ക് ചെയ്യുക.
മത്സരങ്ങൾക്ക് മികവും മിഴിവും ഏകുന്ന തരത്തിലുള്ള രംഗ സജ്ജീകരണങ്ങൾ ആണ് സംഘാടകർ ഒരുക്കുന്നത്. മികച്ച സംഘാടകത്വത്തിനും സമയക്ലിപ്തതയ്ക്കും മുൻഗണന നൽകുന്ന മലയാളം യുകെ ടീം ഇത്തവണയും ഇക്കാര്യത്തിൽ എല്ലാ മുൻകരുതലുകളും എടുത്ത് കഴിഞ്ഞു. മത്സരത്തിന് എത്തുന്ന ടീമുകളുടെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ മികച്ച സൗകര്യം ആണ് ഹാളിനോട് അനുബന്ധിച്ച് ഉള്ളത്. കോച്ചുകൾക്ക് ഉൾപ്പെടെ പാർക്കിംഗ് സൗകര്യം ഇവിടെ ലഭ്യമാണ്.
അത്യാധുനിക ലൈറ്റ് ആൻറ് സൗണ്ട് സജ്ജീകരണങ്ങളും വീഡിയോ വാൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും മത്സര വേദിയിൽ ഉണ്ടായിരിക്കും. മികച്ച സാങ്കേതിക വിദഗ്ദർ ആയിരിക്കും സ്റ്റേജിന്റെ നിയന്ത്രണം നിർവഹിക്കുക. യുകെയിലും പുറത്തുമുള്ള ആളുകൾക്ക് മത്സരങ്ങൾ തത്സമയം കണ്ട് ആസ്വദിക്കാൻ പറ്റുന്ന വിധത്തിൽ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കും. പ്രോഗ്രാം നടക്കുന്ന ഹാളിനോട് അനുബന്ധിച്ച് തന്നെ മിതമായ നിരക്കിൽ മികച്ച ഭക്ഷണം ലഭിക്കുന്നതിനുള്ള സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. രുചിപ്പെരുമയുടെ കാര്യത്തിൽ യുകെയിലെങ്ങും പേര് കേട്ട തറവാട് റെസ്റ്റോറന്റ് ഗ്രൂപ്പ് ആണ് ഭക്ഷണശാലയുടെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ളത്.
ഇൻഷുറൻസ്, മോർട്ടഗേജ് രംഗത്ത് യുകെയിലെ വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻസിയേഴ്സും യുകെയിലെ പ്രമുഖ റസ്റ്റോറന്റ് ഗ്രൂപ്പ് ആയ തറവാടും ആണ് മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെ മുഖ്യ പ്രായോജകർ. മലയാളം യുകെ ഡാൻസ് ഫെസ്റ്റ് സ്‌പോൺസർമാർ ആകാൻ തയ്യാറുള്ള ബിസിനസ് സംരംഭകർക്ക് വിശദ വിവരങ്ങൾക്ക് മലയാളം യുകെ ന്യൂസ് ടീമുമായി ബന്ധപ്പെടാവുന്നതാണ്.
മലയാളം യുകെ ബോളിവുഡ് ഡാൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബിൻസു ജോൺ, കവൻട്രി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും ഒടുവിലത്തെ തീരുമാനം അനുസരിച്ച്, ഓവര്‍സീസ് സിറ്റിസന്‍സ് ഓഫ് ഇന്ത്യ (ഒ സി ഐ) കാര്‍ഡ് ഉടമകൾക്ക് കൃഷിഭൂമി, ഫാം ഹൗസ്, തോട്ടങ്ങള്‍ എന്നിവ ഒഴികെയുള്ള ഭൂമി വാങ്ങുവാനും വില്‍ക്കുവാനും ആർബിഐയുടെ പ്രത്യേക അനുമതി വേണ്ട. എന്നാൽ ഇത് സംബന്ധിച്ച് ഇപ്പോഴും സംശയം നിലനിൽക്കുന്നുണ്ട്. കാരണം ഒരു സുപ്രീം കോടതി വിധിയാണ്. വിദേശ പൗരത്വം എടുത്തിട്ടുള്ള ഇന്ത്യക്കാർക്ക് നാട്ടിൽ ഉള്ള സ്വത്തുക്കൾ വിൽക്കാനും പണയപ്പെടുത്താനുമൊക്കെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക അനുമതി ആവശ്യമായി വരുമെന്ന് കഴിഞ്ഞ വർഷം സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാൽ ഇത് 2021 മാർച്ച് മാസം ആയിരുന്നു. അതും ഒരു പ്രത്യേക കേസിൽ. 2021 ഡിസംബർ അവസാനമാണ് എന്‍ആര്‍ഐകള്‍ക്കും ഒസിഐ കാര്‍ഡ് ഉള്ളവര്‍ക്കും നാട്ടിലെ ഭൂമി കൈമാറ്റം ചെയ്യാൻ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കിയത്.
സുപ്രീം കോടതി വിധി – 2021 മാർച്ച്
ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്ട് (ഫെറ) 1973 ലെ സെക്ഷൻ 31 ഉയർത്തിപ്പിടിച്ചാണ് ജസ്റ്റിസ് എ എം ഖാൻവില്ലർ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഈ വിധി പുറപ്പെടുവിച്ചത്. ഇതനുസരിച്ച്, ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് ഇന്ത്യയിലെ സ്വത്തുക്കൾ വിൽക്കുവാനോ പണയപ്പെടുത്തുവാനോ റിസർവ് ബാങ്കിന്റെ പ്രത്യേകാനുമതി ആവശ്യമാണെന്നായിരുന്നു. ബംഗളൂരൂവിലെ ഒരു സ്വത്തു കൈമാറ്റവുമായി ബന്ധപ്പെട്ട കേസിലാണ് ഈ സുപ്രധാന വിധി വന്നത്. 1977-ൽ ചാൾസ് റൈറ്റ് എന്ന വിദേശിയുടെ വിധവ റിസർവ് ബാങ്ക് അനുമതി വാങ്ങാതെ സ്വത്ത് വിറ്റതുമായി ബന്ധപ്പെട്ട കേസായിരുന്നു അത്. അനുമതി വേണമെന്ന് ഉറപ്പിച്ചു പറയുമ്പോഴും പഴയ കാര്യങ്ങൾ ചികഞ്ഞെടുക്കേണ്ടതില്ല എന്ന തീരുമാനത്തിൽ ഈ സ്ഥലത്തിന്റെ ഇടപാട് നിയമവിധേയമാക്കുകയും ചെയ്തു. ഫെറ നിയമത്തെ പിന്നീട് 1999 -ലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) കൊണ്ട് മാറ്റിയെങ്കിലും ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 142 നല്‍കുന്ന പ്ലീനറി അധികാരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആ വിധി പ്രഖ്യാപനം.
ആർബിഐ തീരുമാനം – 2021 ഡിസംബർ
2021 മാർച്ചിലെ സുപ്രീം കോടതി വിധി ഒരു പ്രത്യേക കേസിനു മാത്രം ബാധകമായിട്ടുള്ള ഒന്നാണ്. അതല്ലാത്ത കേസുകള്‍ക്കെല്ലാം ഫെമ നിയമമായിരിക്കും ബാധകമാവുക. ഇതനുസരിച്ച്, പ്രത്യേക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ഭൂമി ഒഴിച്ച് വീടുൾപ്പടെയുള്ള മറ്റ് സ്വത്തുക്കള്‍ വാങ്ങുവാനും വില്‍ക്കുവാനും കൈമാറ്റം ചെയ്യുവാനും റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതി ആവശ്യമില്ല. എന്നാല്‍ ഇതു സംബന്ധിച്ച് പണമിടപാടുകള്‍ക്ക് ചില നിബന്ധനകളുണ്ട് എന്നുമാത്രം. ഈ പണമിടപാടുകളില്‍ പണം ഇന്ത്യന്‍ ബാങ്കുകളില്‍ എത്തണം. അല്ലെങ്കില്‍ ഫെമ 1999 അനുസരിച്ച് പ്രത്യേക അനുമതിയുള്ള എന്‍ ആര്‍ അക്കൗണ്ടുകളില്‍ എത്തണം. ട്രാവലേഴ്‌സ് ചെക്ക്, വിദേശ കറന്‍സി തുടങ്ങിയവയിലൂടുള്ള പണമിടപാടുകള്‍ അനുവദനീയമല്ല.
ചുരുക്കത്തിൽ, സുപ്രീം കോടതി വിധി വന്നെങ്കിലും പിന്നീട് ആർബിഐ അവരുടെ തീരുമാനം വ്യക്തമാക്കിയതാണ്. സുപ്രീം കോടതി വിധി ഒരു പ്രത്യേക കേസിനു മാത്രം ബാധകമായിട്ടുള്ളതാണ്. മറ്റ് കേസുകൾക്ക് ഫെമ നിയമമാണ് ബാധകം. എന്‍ആര്‍ഐകള്‍ക്കും ഒസിഐ കാര്‍ഡ് ഉള്ളവര്‍ക്കും കൃഷിഭൂമിയോ ഫാം ഹൗസോ തോട്ടങ്ങളോ ഒഴികെ എന്തും വാങ്ങാനോ വിൽക്കാനോ ആർബിഐ അനുമതി ആവശ്യമില്ല എന്ന് വ്യക്തം.
(സുപ്രീം കോടതി വിധി ഉയർത്തിപിടിച്ചുകൊണ്ടുള്ള വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ തയ്യാറാക്കിയ റിപ്പോർട്ട്)
ഡോ. ഐഷ വി
ഓർമ്മചെപ്പ് കഴിഞ്ഞയാഴ്ച 100 അധ്യായങ്ങൾ പൂർത്തീകരിച്ചു. ഓരോ വ്യക്തിയുടേയും വിജയത്തിന് പിന്നിൽ ഒരുപാട് കരങ്ങളുണ്ടാകും. എനിക്ക് പേരറിയാത്ത നേരിട്ടറിയാത്ത മലയാളം യുകെ യുടെ സ്റ്റാഫംഗങ്ങൾ, ഞനെഴുതിയതിന്റെ മികച്ച വാചകങ്ങൾ ആദ്യ പേജിൽ ഹൈലൈറ്റ് ചെയ്ത എഡിറ്റിംഗ് ടീം. എന്റെ എഴുത്തിന് വേണ്ടി ചിത്രങ്ങൾ വരച്ച അനുജ സജീവ് , വരച്ച മറ്റുള്ളവർ, നല്ല വായനക്കാർ, അവരുടെ കമന്റുകൾ, സുഹൃത്തുക്കളുടെ പ്രോത്സാഹനം, പുസ്തകമായി പ്രസിദ്ധീകരിക്കണം എന്ന ബന്ധുക്കളുടേയും സുഹൃത്തുകളുടേയും സ്നേഹം നിറഞ്ഞ പ്രോത്സാഹനങ്ങൾ, മലയാളംയുകെയുമായി എന്നെ ബന്ധപ്പെടുത്തിയ ശ്രീ .റ്റിജി തോമസ് സാറിന്റെ കൃത്യസമയത്തുള്ള ചില നിർദ്ദേശങ്ങൾ, എഴുതുന്ന വിഷയവുമായി ബന്ധപ്പെട്ട ഫോട്ടോകൾ വയ്ക്കണമെന്ന നിർദ്ദേശം, ഫോട്ടോയില്ലെങ്കിൽ മലയാളംയുകെ എഡിറ്റോറിയൽ ബോർഡിൽ നിന്ന് വരപ്പിച്ചോളും . അങ്ങനെ ഞാൻ അറിഞ്ഞും അറിയാതെയും ഓർമ്മചെപ്പിന്റെ പ്രസിദ്ധീകരണത്തിൽ ഇടപെട്ട എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാൻ ആദ്യമേ തന്നെ രേഖപ്പെടുത്തുന്നു.
കുട്ടിക്കാലത്ത് നാടകം, ചില കവിതകൾ, കഥകൾ എന്നിവയൊക്കെ എഴുതുകയും കവിയരങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നെങ്കിലും ഞാൻ എഴുതാൻ അല്പം മടി കാണിച്ചിരുന്നു. സാങ്കേതിക വിദ്യ കൂടെ കൂടിയപ്പോൾ , സർഗ്ഗാത്മകത എവിടെയോ നഷ്ടപ്പെട്ടു പോയി. പിന്നെ ഏതാനും ലേഖനങ്ങൾ എഴുതി. ഒരായിരം കഥകൾ മനസ്സിലുണ്ടായിരുന്നെങ്കിലും എഴുത്ത് മാത്രം നടന്നില്ല. എന്റെ ഭർത്താവിന്റെ സ്കൂൾ മേറ്റായിരുന്ന ശ്രീമതി രേഖയുടെ അച്ഛൻ ശ്രീ ആറ്റിങ്ങൽ സി ദിവാകരൻ എന്ന കവി ഒരു ദിവസം ഞങ്ങളുടെ വീട്ടിൽ വന്നു. അദ്ദേഹമഴുതിയ തീരാകടം, ഋതുഭേദങ്ങൾ എന്നീ കാവ്യ സമാഹാരങ്ങളുടെ ഒരു പ്രതി വീതം എനിക്ക് സമ്മാനിച്ചു. അന്ന് ഞങ്ങൾ കുടുംബ സമേതം തിരുവനന്തപുരത്തേയ്ക്ക് യാത്ര നടത്തിയപ്പോൾ അദ്ദേഹം ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നു. യാത്രാ മദ്ധ്യേ അദ്ദേഹം സ്വന്തം കവിതകൾ ചൊല്ലി കേൾപ്പിച്ചു. ഞാൻ അദ്ദേഹത്തോട് മനസ്സിൽ ധാരാളം വിഷയങ്ങൾ ഉണ്ടെങ്കിലും ഒന്നും എഴുതാത്തതിനെക്കുറിച്ച് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെ . മനസ്സിൽ തോന്നുന്ന ആശയങ്ങൾ അപ്പപ്പോൾ ഒരു ഡയറിയിലോ നോട്ട്ബുക്കിലോ കുറിച്ചിടുക. പിന്നെയത് വിശദമായി എഴുതാം. അങ്ങനെ ഞാൻ പ്രാധാന വിഷയങ്ങൾ കുറിച്ച് വയ്ക്കാൻ തുടങ്ങി. എന്നിട്ടും അതേ പറ്റിയൊന്നും എഴുതിയില്ല. അങ്ങനെ കുറേ നാൾ കടന്നുപോയി.
ഒരു ദിവസം ഞങ്ങളുടെ കോളേജിലേയ്ക്ക് അവിടത്തെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന അഖിൽ മുരളിയെത്തി. അഖിൽ മുരളിയോട് സംസാരിച്ചപ്പോൾ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കാർത്തിക പള്ളിയിൽ നിന്നും പോയ ശേഷം മാക്ഫാസ്റ്റിൽ നിന്നും പി ജി എടുത്തെന്നും ഇപ്പോൾ CSIR ലെ ജോലി, കവിതാ
രചന, സിവിൽ സർവ്വീസ് പഠനം എന്നിവയുമായി മുന്നോട്ട് പോകുന്നെന്നും മനസ്സിലായി. പത്രങ്ങൾ , ആനുകാലികങ്ങൾ എന്നിവയിൽ അഖിൽ മുരളിയുടെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഇനി ഒരു കവിതാ സമാഹാരം പുറത്തിറക്കുന്നുണ്ടെന്നും അതിന്റെ പ്രകാശന ചടങ്ങിലേയ്ക്ക് എന്നെ ക്ഷണിയ്ക്കാം എന്ന് പറഞ്ഞാണ് തിരികെ പോയത്. ഞാൻ അഖിലിനോട് ശ്രീ ആറ്റിങ്ങൽ സി ദിവാകരൻ എന്ന ഒരു പ്രായം ചെന്ന കവിയുണ്ടെന്നും അദ്ദേഹത്തെ കൂടി ക്ഷണിക്കണമെന്നും പറഞ്ഞു.
കുറച്ചുനാൾ കഴിഞ്ഞപ്പോൾ അഖിൽ മുരളിയുടെ “നിഴൽ കുപ്പായം” എന്ന കവിതാ സമാഹാരം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വച്ച് പ്രകാശനം ചെയ്യുകയാണെന്ന വിവരം പറഞ്ഞു എന്നെ ക്ഷണിച്ചു. നിഴൽ കുപ്പായത്തിന്റെ ഒരു സോഫ്റ്റ് കോപ്പി അഖിൽ എനിക്ക് നേരത്തേ തന്നെ അയച്ചു തന്നിരുന്നു. അത് ഞാൻ വായിച്ചു. 2019 സെപ്റ്റംബർ 29 നായിരുന്നു “നിഴൽ കുപ്പായത്തി”ന്റെ പ്രകാശന ചടങ്ങ്. ഞാനും ഭർത്താവും മകളും ശ്രീ ആറ്റിങ്ങൽ സി ദിവാകരനെയും കൂട്ടി വൈകുന്നേരം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലെത്തി. അഖിലിന്റെ സുഹൃത്തും സിവിൽ സർവ്വീസ് ആസ്പിരന്റുമായ ശ്രീമതി ശോഭരാജ് ഞങ്ങളെ സ്വീകരിച്ചിരുത്തി. ഞങ്ങൾ ശോഭയെ പരിചയപ്പെട്ടു. കുറച്ച് കഴിഞ്ഞപ്പോൾ മാക്ഫാസ്റ്റ് തിരുവല്ലയിലെ കംപ്യൂട്ടർ സയൻസ് ഡിപാർട്ട്മെന്റ് ഹെഡായ ശ്രീ റ്റിജി തോമസ്, മാക്ഫാസ്റ്റിലെ പ്രിൻസിപ്പാൾ ഫാ. ചെറിയാൻ ജെ കോട്ടയിൽ, ശ്രീ ജോർജ് ഓണക്കൂർ, കേരള സ്റ്റേറ്റ് ചിൽഡ്രൻസ് വെൽഫെയർ ഡിപ്പാർട്ട്മെന്റ് ട്രഷറർ ശ്രീ രാധാകൃഷ്ണൻ എന്നിവർ എത്തി ചേർന്നു. അഖിലിന്റെ കാവ്യരചനയ്ക്ക് വളർച്ചയുടെ പശ്ചാത്തലമൊരുക്കിയത് മാക്ഫാസ്റ്റ് തിരുവല്ലയാണെന്ന് പറയാം. വിശിഷ്ടാഥിതികളിൽ ചിലർ എത്തിയിരുന്നില്ല. അഖിൽ പ്രിൻസിപ്പലച്ചനും റ്റിജി സാറിനും എന്നെ പരിചയപ്പെടുത്തി. ഞാൻ ശ്രീ ആറ്റിങ്ങൽ സി ദിവാകരൻ സാറിനെ അവർക്കും. അങ്ങനെ ഞാനും ശ്രീ ആറ്റിങ്ങൽ സി ദിവാകരൻ സാറും മറ്റു വിശിഷ്ടാഥിതികൾക്കൊപ്പം വേദിയിലേയ്ക്ക് ആനയിയ്ക്കപ്പെട്ടു. ശ്രീ റ്റിജി തോമസ് സർ എന്നോട് ” ടീച്ചർ എഴുതാറുണ്ടോ ?” എന്ന് ചോദിച്ചു. ചില ലേഖനങ്ങൾ എഴുതിയിട്ടുണ്ടെന്ന് ഞാൻ മറുപടി കൊടുത്തു. ഇനിയെന്തെങ്കിലും രചനകൾ ഉണ്ടെങ്കിൽ മലയാളം യുകെ .കോം എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കാമെന്ന് പറഞ്ഞു. ഞാൻ കൊടുക്കാമെന്നേറ്റു . റ്റിജി സർ എന്റെ വാട്സാപ് നമ്പർ വാങ്ങി. അതിൽ മലയാളം യുകെ . കോമിൽ പ്രസിദ്ധീകരിച്ച ” കാടിന്റെ ഉള്ളറിഞ്ഞ് ഒരു ദിനം” എന്ന് സാറെഴുതിയ ലേഖനം അയച്ച് തന്നു.
അഖിൽ മുരളിയുടെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങുകൾ ഗംഭീരമായി നടന്നു. റ്റിജി സർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡോക്ടർ ജോർജ് ഓണക്കൂർ കവിതാ സമാഹാരത്തിന്റെ പ്രകാശനം നടത്തി. പുസ്തകം ശ്രീ ആറ്റിങ്ങൽ സി ദിവാകരൻ സാറിന് കൈമാറിയാണ് പ്രകാശനം നടത്തിയത്. അഖിൽ സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥിയായിരുന്നത് കൊണ്ട് , ശ്രീ ജോർജ് ഓണക്കൂർ – പബ്ലിഷ്ഡ് വർക്കിന്റെ പ്രാധാന്യത്തെ കുറിച്ച് ശ്രീ മലയാറ്റൂർ രാമകൃഷ്ണന്റെ ഉദാഹരണ സഹിതം സൂചിപ്പിച്ചു. അന്ന് 86 വയസ്സുള്ള കവിയാണ് പ്രായം കൊണ്ട് ഇരുപതുകളിലുള്ള അഖിലിന്റെ കവിതാ സമാഹാരം ഏറ്റുവാങ്ങിയത്. പിന്നെ മറ്റു വിശിഷ്ടാഥിതികൾക്കൊപ്പം അഖിൽ പഠിച്ച രണ്ട് കോളേജിലെ പ്രിൻസിപ്പൽമാരായ ഫാ. കോട്ടായിലും ഞാനും പ്രസംഗിച്ചു. ശോഭ കൃതജ്ഞത രേഖപ്പെടുത്തിയതോടെ ചടങ്ങുകൾ അവസാനിച്ചു. ചായ കുടിച്ച് അഖിലിന്റെ അച്ചനമ്മമാരെ പരിചയപ്പെട്ട് ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു. അഖിലിന്റെ കവിതാ സമാഹാരത്തിന്റെ ഏതാനും പ്രതികൾ ഞങ്ങളുടെ കോളേജ് ലൈബ്രറിയിലേക്കും വാങ്ങി സൂക്ഷിച്ചു. അഖിൽ മുരളി പിന്നീട് സ്വന്തം സ്ഥലപ്പേർ കൂട്ടി ചേർത്ത് അഖിൽ പുതുശ്ശേരി എന്ന തൂലികാനാമം സ്വീകരിച്ചു.
ഞാൻ റ്റിജി സാറിനോട് രചനകൾ കൊടുക്കാമെന്ന് പറഞ്ഞെങ്കിലും ജനുവരി വരെ ഒന്നും എഴുതിയില്ല. 2020 ജനുവരി അവസാന വാരം റ്റിജിസാർ എന്നെ ഫോൺ വിളിച്ച് പറഞ്ഞു:” ടീച്ചർ രചനകൾ തരാമെന്ന് പറഞ്ഞിട്ട് ഇതുവരെ ഒന്നും തന്നില്ലല്ലോ” എന്ന്. ഞാൻ രണ്ടു ദിവസത്തിനകം തരാമെന്ന് പറഞ്ഞു. പിറ്റേന്ന് ഞാൻ എഴുതി കൊടുത്തു. ” ഓർമ്മചെപ്പ് തുറന്നപ്പോൾ” എന്നാണ് ആ ഓർമ്മകുറിപ്പിന് പേരിട്ടത്. എല്ലാ ആഴ്ചയും ഓരോന്ന് തരാമെന്ന് ഞാനേറ്റു. എന്റെ ഓർമ്മകുറിപ്പുകൾ മലയാളംയുകെ .കോമിൽ പ്രസിദ്ധീകരിക്കുന്ന വിവരം അനൗൺസ് ചെയ്തു. അങ്ങനെ ഓർമ്മചെപ്പിന്റെ ആദ്യ അധ്യായം അനുജ സജീവിൻെറ വരകളോടെ 2020 ഫെബ്രുവരി രണ്ടാം തീയതി പ്രസിദ്ധീകരിച്ചു. പിന്നെ എല്ലാ ഞായറാഴ്ചയിലും പ്രസീദ്ധീകരിക്കാൻ വേണ്ടി ഞാനെഴുതി. “കംപൽസീവ് റൈറ്റിംഗ്” എന്നു പറയാം. സ്വന്തം ജീവിതത്തിലേയും പരിചയപ്പെട്ടവരുടെ ജീവിതത്തിലേയും ചില ഏടുകൾ ഓർമ്മചെപ്പിന് വിഷയമായി. ആദ്യ മൂന്നദ്ധ്യായങ്ങൾ ഭാഗം1, ഭാഗം2, ഭാഗം3 എന്നിങ്ങനെയാണ് പ്രസിദ്ധീകരിച്ചത്. അങ്ങനെ ഒരു ദിവസം റ്റിജി സാർ എന്നെ വിളിച്ച് പറഞ്ഞു: ” ടീച്ചറെ ഓർമ്മചെപ്പിന്റെ ഓരോ അധ്യായത്തിന് ഓരോ തലക്കെട്ടു കൂടി കൊടുത്ത് എഴുതുന്നത് നന്നായിരിക്കും.” അങ്ങനെ ഓർമ്മ ചെപ്പിന് ഒരു രൂപവും ഭാവവുമൊക്കെയായി.
പിന്നെയും ഒന്നു രണ്ടാഴ്ചകൾ കഴിഞ്ഞപ്പോൾ റ്റിജി സാർ വീണ്ടും വിളിച്ചു എന്നിട്ട് പറഞ്ഞു:” ടീച്ചറിന്റെ രചനകൾക്ക് നല്ല വായനക്കാരുണ്ട്. മലയാളം യു കെ യ്ക്ക് ടീച്ചറിനെ കിട്ടിയത് ഒരു ഭാഗ്യമാണ്. എന്തായാലും ടീച്ചർ ഇത് പുസ്തകമായി പ്രസിദ്ധീകരിക്കണം.”ഒരു റോക്കറ്റിന് ഇനിഷ്യൽ മൊമന്റം കിട്ടിയാൽ അത് ഉയരങ്ങളിലേയ്ക്ക് കുതിക്കുന്നതു പോലെയായിരുന്നു എന്റെ കാര്യത്തിൽ ആ വാക്കുകൾ. എല്ലാ ഞായറാഴ്ചകളിലേയ്ക്കും മലയാളംയുകെ യ്ക്കു വേണ്ടി എഴുതുവാൻ എനിക്ക് ഉത്സാഹമായി. ഓർമ്മചെപ്പ് കൊടുക്കാൻ ഇത്തിരി വൈകിയാൽ റ്റിജി സാർ വിളിക്കും. ഓണം സ്പെഷ്യൽ പ്രസിദ്ധീകരിക്കുന്ന സമയത്തും ഒരു തവണ മലയാളം യുകെയിൽ സ്റ്റാഫ് ലീവായിരുന്ന സമയത്തും മറ്റൊരു തവണ എന്റെ തിരക്കുമൂലം ഒരുദിവസവുംമാത്രമേ ഓർമ്മ ചെപ്പ് പ്രസിദ്ധീകരിക്കാതിരുന്നുള്ളൂ. തൊണ്ണൂറിലധികം അധ്യായങ്ങളായപ്പോൾ റ്റിജി സാർ എന്നെ വിളിച്ചിട്ട് പറഞ്ഞു:”ഒ സി രാജുമോൻ എന്നൊരു സുഹൃത്ത് എനിക്കുണ്ട്. ദീപികയിലൊക്കെ ദീർഘകാലം ജോലി ചെയ്തിട്ടുള്ളയാളാണ്. പുസ്തകം പ്രസിദ്ധീകരിക്കാൻ ടീച്ചറിനെ സഹായിക്കും. ടീച്ചർ ഒന്നിനെ കുറിച്ചും വിഷമിക്കേണ്ട കാര്യമില്ല.” അങ്ങനെ പരിചയ സമ്പന്നനായ ശ്രീ ഒ.സി രാജുമോനെ പുസ്തകം പ്രസിദ്ധീകരിക്കുന്ന ചുമതല ഏൽപ്പിച്ചു. ശ്രീ. ഒ. സി രാജുമോൻ ഇപ്പോൾ ഓർമ്മ ചെപ്പിന്റെ പണിപ്പുരയിലാണ്. 25 അധ്യായങ്ങൾ പൂർത്തിയാക്കി എനിക്കയച്ചു തന്നു.
നൂറാം അധ്യായം കഴിഞ്ഞയാഴ്ച പൂർത്തിയാക്കിയപ്പോൾ എനിക്ക് മനസ്സിലായത് ഓർമ്മചെപ്പിന്റെ ഓരോ അധ്യായവും ഓരോ ചുവടുവയ്പുകളായിരുന്നു. ഓരോ മുന്നോട്ടുള്ള ചുവടു വയ്പ്പുകളുമാണ് നമ്മെ ഘാതങ്ങൾ താണ്ടാൻ സഹായിക്കുക. കൈകാര്യം ചെയ്ത വിഷയങ്ങൾ വൈവിധ്യമാർന്നതാക്കാൻ ഓരോ അധ്യായത്തിലും ഞാൻ ശ്രമിച്ചിട്ടുണ്ട്. നമ്മിലോരോരുത്തരിലും ധാരാളം കഴിവുകൾ ഉറങ്ങികിടക്കുന്നുണ്ടാകും. ആ കഴിവുകളെ ഉണർത്തിയെടുക്കുന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. എന്റെ കാര്യത്തിൽ റ്റിജി സാർ നിർണ്ണായക പങ്കു വഹിച്ചു എന്നതാണ് സത്യം. ഓർമ്മചെപ്പിന്റെ ലിങ്ക് കിട്ടിയാൽ ഞാനാദ്യം എന്റെ ഭർത്താവ് ബി ശ്യാംലാലിന് ഇട്ടു കൊടുക്കും. എന്റെ നല്ല വിമർശകൻ കൂടിയാണ് അദ്ദേഹം. എന്റെ സഹോദരി ഡോ . അനിത വിയും നന്നായി വിമർശിയ്ക്കാറുണ്ട്. ഞാൻ ഒന്നിലധികം വിഷയങ്ങൾ ഒരധ്യായത്തിൽ കൈകാര്യം ചെയ്താൽ അനുജത്തി പറയും ഒരു വിഷയം മാത്രം ഒരധ്യായത്തിൽ കൈകാര്യം ചെയ്താൽ മതി. ഇതിനെ ചവിട്ടിപ്പിടിച്ചൊന്ന് എഡിറ്റ് ചെയ്യണം. ചിലപ്പോൾ റിസർച്ചിന്റെ തലത്തിലേയ്ക്ക് ചില അധ്യായങ്ങൾ കടക്കുന്നതായി അനുജത്തി പറയാറുണ്ട്. ഒരിക്കൽ മാമന്റെ മകളും മലയാളം അധ്യാപികയുമായ സിന്ധു റാണി പറഞ്ഞത് ശ്രീ എം ടി വാസുദേവൻ നായർ തന്റെ കുട്ടിക്കാലത്തെ കുറിച്ച് എഴുതുന്നതു പോലുണ്ടെന്ന്. മാമന്റെ മകനായ ഡോ. ശ്യാംലാൽ 100-ാം അധ്യായത്തെ കുറിച്ച് പറഞ്ഞത് Good Narration എന്നാണ്. വായനക്കാരായ ചിലർ ഞായറാഴ്ചകളിൽ ഓർമ്മച്ചെപ്പിൻെറ മലയാളം യുകെയിൽ പ്രസദ്ധീകരിച്ച ലിങ്ക് കൊടുക്കാൻ അല്പം താമസിച്ചാൽ വിളിയ്ക്കും. ഇന്ന് ഓർമ്മചെപ്പ് കണ്ടില്ലല്ലോയെന്ന് . വായനക്കാർക്ക് ഓർത്തിരിക്കാൻ എന്തെങ്കിലുമൊക്കെ അറിവ് കിട്ടണമെന്ന ആഗ്രഹവും ഓർമ്മചെപ്പിലെ ഓരോ അധ്യായത്തിന് പിന്നിലും എനിക്കുണ്ട്.
വായിച്ചും വിമർശിച്ചും പ്രോത്സാഹിപ്പിച്ചും കമന്റിട്ടും പ്രസിദ്ധീകരണത്തിന്റെ വിവിധ ഘട്ടങ്ങളിൽ എന്നെ സഹായിച്ചും 100 അധ്യായങ്ങൾ പൂർത്തിയാക്കുന്നതിന് കൂടെ നിന്ന എല്ലാവർക്കും നന്ദി. ഓരോരുത്തർക്കും ഓരോ നിയോഗങ്ങളുണ്ട്. അതിലൊന്നാണ് എന്നെക്കൊണ്ട് എഴുതിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്ത ശ്രീ റ്റിജി തോമസ് സാറിന്റെ നിയോഗം.
NB: ഓർമ്മചെപ്പ് പുസ്തകമാക്കുമ്പോൾ വാങ്ങാൻ താത്പര്യമുള്ളവർ വിളിയ്ക്കുക :9495069307
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്
മാത്യു ചെമ്പുകണ്ടത്തില്‍
കേരള സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന ‘കേരള ക്രിസ്ത്യന്‍ മാര്യേജ് രജിസ്‌ട്രേഷന്‍
ബില്‍ 2020’ ക്രൈസ്തവ വിരുദ്ധവും ക്രൈസ്തവ സഭകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കുന്നതുമാണെന്ന് കേരള ഹൈക്കോടതിയിലെ അഭിഭാഷകന്‍ അഡ്വ മാത്യൂ എം. വി. മൂത്തേടന്‍. മധുരത്തില്‍ പൊതിഞ്ഞ വിഷമാണ് പ്രസ്തുത ബില്‍ എന്നാണ് ഈ ബില്ലിനെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ബില്ലിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പറയുന്നത് രണ്ട് കാരണങ്ങളാണ്. 1)കേരളത്തിലെ ക്രൈസ്തവര്‍ക്ക് Unified Marriage Law ഇല്ല. 2) ക്രൈസ്തവ വിവാഹങ്ങള്‍ക്ക് നിയമസാധുതയുള്ള ഒരു സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. അതിനാല്‍ ഈ ആവശ്യങ്ങളെല്ലാം പരിഹരിക്കുക എന്ന ലക്ഷ്യമാണത്രെ പുതിയ ബില്‍ മുന്നോട്ടു വയ്ക്കുന്നത്. ഇത് രണ്ടു നിരീക്ഷണങ്ങളും വാസ്തവ വിരുദ്ധമാണ്.
നമ്മുടെ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 246, കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിയമനിര്‍മ്മാണത്തിന് അധികാരം നല്‍കുന്നു. കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും നിയമനിര്‍മ്മാണ അധികാരം 7th ഷെഡ്യൂളില്‍ വിവരിക്കുന്നുണ്ട്. ഈ ഷെഡ്യൂളിലെ കണ്‍കറന്റ് ലിസ്റ്റില്‍ (concurrent Iist) വിവരിക്കുന്ന വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും നിയമ നിര്‍മ്മാണം നടത്താവുന്നതാണ്. കണ്‍കറന്റ് ലിസ്റ്റില്‍ എന്‍ട്രി നമ്പര്‍ 5ല്‍ ആണ് വിവാഹവും വിവാഹമോചനവും (marriage and divorce) ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള സര്‍ക്കാര്‍
ഇപ്പോള്‍ സംസ്ഥാനത്തെ ക്രൈസ്തവര്‍ക്ക് മാത്രമായി പുതിയ ബില്‍ കൊണ്ടുവരുന്നത്.
ഹൈന്ദവര്‍ക്കായി ഹിന്ദു മാര്യേജ് ആക്ട് (Hindu Marriage Act 1955) എന്ന സെന്‍ട്രല്‍ ലോ (cetnral law) ഉണ്ട്. എന്നാല്‍ ഈ നിയമപ്രകാരമുള്ള compulsory regitsration rules കേരള ഗവണ്മെന്റ് പൂര്‍ണമായും പ്രായോഗികമാക്കിയിട്ടില്ല. (ഇപ്പോള്‍ പൊതുവായ regitsration rules ഉണ്ട്)
വിവാഹം ഒരു ഉടമ്പടി മാത്രമായി കാണുന്ന മുസ്‌ളിം മതവിശ്വാസികള്‍ വിവാഹം എന്ന സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നു.
ഇതൊന്നും കേരള Government ന്റെ ശ്രദ്ധയില്‍ ഇല്ല അഡ്വ മൂത്തേടന്‍ പറഞ്ഞു.
നിയമ പരമായി വളരെ നല്ല ചട്ടക്കൂടില്‍ നിന്നുകൊണ്ട് വിവാഹത്തെ ഒരു കൂദാശയായി കാണുകയും അതിന്റെ പവിത്രത കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന ക്രൈസ്തവ സഭയിലെ വിവാഹ വ്യവസ്ഥകളിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.
ഓരോ വിവാഹത്തിനും notice of Intention and publication എന്ന statutory compliance ഉള്ളതിനാല്‍ Special Marriage Act ല്‍ ഉള്ളതുപോലെ വിവാഹം പരസ്യപ്പെടുത്തേണ്ടതുണ്ട്. വിവാഹത്തെക്കുറിച്ച് വധൂ വരന്മാര്‍ പരസ്പര ആഗ്രഹം പ്രഖ്യാപിക്കുകയും ആര്‍ക്കെങ്കിലും ഈ വിവാഹത്തിന് എതിര്‍പ്പ് ഉണ്ട് എങ്കില്‍ അത് പ്രകടിപ്പിക്കാനും ആണ് നോട്ടീസ് പ്രസിദ്ധീകരിക്കേണ്ടത്.
സ്‌പെഷല്‍ മാര്യേജ് ആക്ടില്‍ മാര്യേജ് ഓഫീസര്‍ ഉള്ളതുപോലെ ക്രിസ്ത്യന്‍ മാര്യേജ് ബില്ലിലും മാര്യേജ് ഓഫീസര്‍ വേണ്ടി വരും. അദ്ദേഹമായിരിക്കും എല്ലാ റെക്കോര്‍ഡുകളും സൂക്ഷിക്കേണ്ടി വരിക.
പുതിയ ബില്‍ പ്രകാരം മാര്യേജ് ഓഫീസര്‍ പുരോഹിതനായിരിക്കും. . മാര്യേജ് രജിസ്ട്രാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും. സ്റ്റാറ്റിയൂട്ടറി നോട്ടീസ് സ്വീകരിക്കേണ്ടതും പ്രസിദ്ധീകരിക്കേണ്ടതും പുരോഹിതനായ മാര്യേജ് ഓഫീസര്‍ ആയിരിക്കും. കൂടാതെ ദേവാലയത്തില്‍ സൂക്ഷിക്കുന്ന ‘മാര്യേജ് രജിസ്റ്റര്‍’ ഒരു പൊതുവായ രേഖ (public document)യായിരിക്കും. അതിനാല്‍ പൊതുജനത്തില്‍ ‘ആര്‍ക്കും’ ഇത് പരിശോധിക്കാമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ ‘ആര്‍ക്കും’ എന്ന വാക്ക് Special Marriage Act Sec. 47 ല്‍ കാണുന്നില്ല. (സാധൂകരിക്കുന്ന rulings ഉം കണ്ടില്ല).
ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന വിവാഹരേഖകള്‍ ആര്‍ക്കും പരിശോധിക്കാമെന്നതിനര്‍ത്ഥം ഒരു സര്‍ക്കാര്‍ സ്ഥാപനം പോലെ ആര്‍ക്കും ദേവാലയത്തില്‍ കയറിയിറങ്ങാം എന്ന അവസ്ഥയുണ്ടാക്കും. ദേവാലയ പുരോഹിതര്‍ക്ക് മാര്യേജ് ഓഫീസര്‍ എന്ന സ്റ്റാറ്റിയൂട്ടറി പദവി നല്‍കിയിരിക്കുന്നതിനാല്‍ അദ്ദേഹം സൂക്ഷിക്കുന്ന രജിസ്റ്റര്‍ പൊതുജനത്തിനു പരിശോധിക്കാനും പുരോഹിതനോട് ആവശ്യപ്പെടുന്ന രേഖകളുടെ സര്‍ട്ടിഫൈഡ് കോപ്പി നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
മാര്യേജ് ബില്ലിലെ നിയമങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനായ പുരോഹിതന്‍ തന്റെ ഉത്തരവാദിത്തം ചെയ്യാതിരിക്കുന്നത് കുറ്റകരവും ജയില്‍ ശിക്ഷക്ക് അര്‍ഹവുമാണ് എന്ന് വിവരിക്കുന്ന Sec 14 വളരെ പ്രതിഷേധാര്‍ഹമാണ്. പുരോഹിതരെ ക്രിമിനല്‍ കേസുകളില്‍ മന:പൂര്‍വ്വം ഉള്‍പ്പെടുത്തുക എന്ന ദുരുദ്ദേശം ഇതിലുണ്ട്. പുരോഹിതരെ പ്രതിയാക്കാന്‍ പറ്റിയ അവസരങ്ങള്‍ സഭാ ശത്രുക്കള്‍ വ്യാപകമായി ദുരുപയോഗം ചെയ്യും. ഇതര മതത്തിലുള്ള ഒരു വ്യക്തിയെ ദേവാലയത്തില്‍ വച്ച് വിവാഹം കഴിക്കണമെന്നു ശഠിക്കുന്ന ഒരു വിശ്വാസിയുടെ താല്‍പര്യം നടപ്പാക്കിയില്ലെങ്കില്‍ പുരോഹിതനെ പ്രോസിക്യൂട്ടു ചെയ്യാനുള്ള സാധ്യതയും ഈ ബില്ലിലുണ്ട്.
തികഞ്ഞ ക്രൈസ്തവ വിരുദ്ധതയാണ് ഈ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത് എന്നാണ് മനസ്സിലാകുന്നത്. കൂടാതെ, ഈ വിഷയത്തില്‍ കൂടുതല്‍ നിയമനിര്‍മാണത്തിന് Sec 19 സര്‍ക്കാരിന് അധികാരവും നല്‍കുന്നു; അതിനാല്‍ സഭയുടെ അടിത്തറ ഇളക്കുവാന്‍ അവസരം നല്‍കുന്ന ഈ ബില്‍ നിയമം ആകാന്‍ പാടില്ല അഡ്വ മാത്യൂ മൂത്തേടന്‍ പറഞ്ഞു.
‘കേരള ക്രിസ്ത്യന്‍ മാര്യേജ് രജിസ്‌ട്രേഷന്‍
ബില്‍ 2020 ‘ ക്രൈസ്തവര്‍ക്ക് അത്യാവശ്യം ആണെന്ന് സര്‍ക്കാരിന് ബോധ്യമായതിനാലാണോ അതോ മറ്റാരുടെയെങ്കിലും നിഗൂഡലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണോ എന്നതാണ് പരിശോധിക്കേണ്ടത്. ഇതുപോലൊരു ബില്‍ മുസ്ലീകള്‍ക്ക് വേണ്ടി കൊണ്ട് വരുവാന്‍ സര്‍ക്കാരിന് ധൈര്യം ഉണ്ടോ?
മുസ്ലീം മോസ്‌കുകളിലെ രേഖകള്‍ അന്യമതസ്ഥര്‍ക്ക് പരിശോധിക്കാന്‍ അവസരം നല്‍കുന്ന ഒരു നിയമം നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് ധൈര്യം ഉണ്ടോ? അഡ്വ മാത്യൂ മൂത്തേടന്‍ ചോദിക്കുന്നു.
ഈ മേഖലയില്‍ പുതിയ ചട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്നത് ഭാവിയില്‍ കേരളത്തിലെ ക്രൈസ്തവ വിവാഹ നിയമങ്ങള്‍ സഭാവിരുദ്ധ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അവസരം നല്‍കും എന്നതില്‍ തര്‍ക്കമില്ല. Sec 19(f) അനുസരിച്ച് ദേവാലയങ്ങളില്‍ സൂക്ഷിച്ചിരുന്ന വിവാഹ രേഖകളുടെ സര്‍ട്ടിഫൈഡ് കോപ്പി നല്‍കാന്‍ സര്‍ക്കാരിന് ഫീസ് നിശ്ചയിക്കാം എന്നതും സഭകള്‍ക്ക് വലിയ ബാധ്യതകള്‍ വരുത്തി വയ്ക്കും. ഈ പണം ദേവാലയങ്ങള്‍ക്കോ സര്‍ക്കാരിനോ ഉള്ളതായിരിക്കാം, അതിനാല്‍ ഈ മേഖലയില്‍ ദേവാലയങ്ങളില്‍ സര്‍ക്കാര്‍ ഓഡിറ്റുകള്‍ നിര്‍ബന്ധമാകും.
എല്ലാ നിലയിലും ക്രൈസ്തവ വിരുദ്ധമാണ് ഈ ബില്‍. ഇതൊരു അത്യാവശ്യമാണെന്നു സര്‍ക്കാരിനു തോന്നുന്നുവെങ്കില്‍ ക്രൈസ്തവ സഭകളുടെ അഭിപ്രായവും ആരാഞ്ഞ ശേഷമേ നിയമനിര്‍മാണത്തിലേക്ക് സര്‍ക്കാര്‍ നീങ്ങാവൂ. കേരളത്തിലെ എല്ലാ ക്രൈസ്തവ സഭകളെയും ബാധിക്കുന്ന വിഷയമാകയാല്‍ ഒറ്റക്കെട്ടായി എല്ലാ ക്രൈസ്തവ സഭകളും ഇതിനെതിരേ രംഗത്തുവരണം അഡ്വ മാത്യൂ മൂത്തേടന്‍ ആവശ്യപ്പെട്ടു.
ഗീവർഗീസ് മാർ അപ്രേം
ശാന്തിയുടെയും സമാധാനത്തിൻറെയും സന്ദേശമാണ് ക്രിസ്തുമസ് ലോകജനതയ്ക്ക് നൽകുന്നത്. ദൈവം തനിക്ക് ഏറ്റവും പ്രിയപ്പെട്ടതിനെ , തന്റെ പുത്രനെ നമുക്ക് നൽകിയ ദിനമാണ് ക്രിസ്തുമസ് . അതുകൊണ്ടാണ് അത് ദൈവ സ്നേഹത്തിൻറെ ആഘോഷമായി മാറുന്നത്.
പരസ്പര സൗഹാർദം പുതുക്കുന്നതും സ്നേഹത്തിൻറെ ഒത്തുചേരലുകളും ക്രിസ്തുമസ് കാലത്തിന്റെ പ്രത്യേകതകളാണ്. എന്നാൽ നമുക്ക് അറിയാവുന്നതുപോലെ ലോകമെങ്ങുമുള്ള ജനങ്ങൾ ഒരു മഹാമാരിയുടെ ആശങ്കയിലാണ്. പ്രത്യേകിച്ച് പ്രവാസികൾ . കോവിഡ് നിയന്ത്രണങ്ങൾ മൂലം ഈ ക്രിസ്മസ് കാലത്ത് തങ്ങളുടെ ഉറ്റവരുടെയും ബന്ധു ജനങ്ങളുടെയും അടുത്തേയ്ക്ക് അതിയായ ആഗ്രഹം ഉണ്ടായിട്ടും എത്തിച്ചേരാൻ സാധിക്കാത്ത പ്രവാസികളുടെ വേദന കടുത്തതാണ് . അതുപോലെതന്നെ കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് തങ്ങളുടെയൊപ്പം ഉണ്ടായിരിക്കുകയും മഹാമാരിയുടെ സമയത്ത് ജീവൻ കവർന്നെടുക്കപ്പെടുകയും ചെയ്ത ബന്ധുമിത്രാദികളുടെ വേദനയും പേറി ഒട്ടേറെപ്പേർ നമ്മുടെയിടയിലുണ്ട്. മഹാമാരി വിതച്ച അശാന്തിയുടെ കരിനിഴൽ പേറുന്ന ലോകത്തിന് സമാധാനവും ശാന്തിയും പകർന്നു നൽകാൻ ഈ ക്രിസ്തുമസ് കാലത്തിനാകട്ടെ .
ക്രിസ്തുമസ് സന്ദേശം ഉൾക്കൊണ്ട് കോവിഡ് കാലത്ത് ദുരിതം പേറുന്ന ജോലി നഷ്ടപ്പെട്ട സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന സഹോദരങ്ങൾക്ക് കൈത്താങ്ങാകാൻ നമ്മൾക്കാകണം. ഈ ക്രിസ്തുമസ് ദിനങ്ങൾ ദൈവത്തിൻറെ കരുണയുടെ ആഘോഷമായി നമുക്ക് മാറ്റാം. ദൈവം കൂടെ വസിക്കുന്നുവെന്ന ബോധ്യം സഹോദരനോട് കരുണ കാണിക്കുവാൻ നമുക്ക് പ്രേരകമാകും. ഏവർക്കും സന്തോഷകരമായ ക്രിസ്തുമസും അനുഗ്രഹ പൂർണ്ണവുമായ പുതുവർഷവും ആശംസിക്കുന്നു.