India

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തിങ്കളാഴ്ച വരെ ഇ.ഡി കസ്റ്റഡിയിൽ തുടരും. നാലു ദിവസത്തേക്ക് കൂടിയാണ് കേജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി ഡൽഹി റൗസ് അവന്യു കോടതി നീട്ടിയത്. ഏപ്രിൽ ഒന്നിന് രാവിലെ 11.30നു മുൻപായി കേജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കണമെന്നാണ് നിർദേശം.

അതേസമയം, കേജ്‌രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം. കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ കോടതി ഇടപെടൽ സാധ്യമല്ലെന്നു ജഡ്‌ജി പറഞ്ഞു. കേസിന്റെ മെറിറ്റിലേക്കു കടക്കാതെയാണു ഹർജി തള്ളിയത്.

കേജ്‍രിവാളിന്റെ ഭാര്യ സുനിത, മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരും കോടതിയിൽ എത്തിയിരുന്നു. തന്റെ അറസ്റ്റിനു പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നു കോടതിയിലേക്കു കൊണ്ടുപോകുന്നതിനിടെ കേജ്‍രിവാൾ മാധ്യമങ്ങളോടു പറഞ്ഞു. കേജ്‍രിവാള്‍ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നും ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്നും ഇ.ഡി കോടതിയിൽ വാദിച്ചു. കേസിലെ മറ്റു പ്രതികൾക്കൊപ്പമിരുത്തി കേജ്‍രിവാളിനെ ചോദ്യം ചെയ്യണമെന്നും പഞ്ചാബിലെ മുതിർന്ന എക്സൈസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യണമെന്നും ഇ.ഡി വ്യക്തമാക്കി.

കോടതിയിൽ സംസാരിക്കണമെന്നു കേജ്‍രിവാൾ ആവശ്യപ്പെട്ടു. പറയാനുള്ളത് എഴുതിത്തന്നുകൂടെയെന്ന കോടതിയുടെ ചോദ്യത്തിനു സംസാരിക്കുക തന്നെ വേണമെന്നു കേജ്‍രിവാൾ പറഞ്ഞു. എന്നാൽ അഞ്ചുമിനിറ്റിൽ കൂടുതൽ സംസാരിക്കാൻ കേജ്‍രിവാളിന് അനുമതിയില്ലെന്നു കോടതി അറിയിച്ചു. തനിക്കെതിരായ കുറ്റം തെളിഞ്ഞിട്ടില്ല, സിബിഐ 31,000 പേജുകളുള്ള കുറ്റപത്രവും ഇഡി 25,000 പേജുള്ള കുറ്റപത്രവും സമർപ്പിച്ചു. അവ ഒന്നിച്ചു വായിച്ചാലും എന്തിനാണ് എന്നെ അറസ്റ്റ് ചെയ്തതെന്ന ചോദ്യം അവിടെത്തന്നെ നിൽക്കുന്നു? ഈ മൊഴികൾ ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമാണോ? തന്റെ വസതിയിൽ മന്ത്രിമാർ എത്തിയെന്ന് പറഞ്ഞുകൊണ്ട് അറസ്റ്റ് ചെയ്യാമോ എന്നും കേജ്‍രിവാൾ ചോദിച്ചു.

നേരത്തേ അറസ്റ്റിലായവർക്കുമേൽ തന്റെ പേരു പറയാൻ സമ്മർദമുണ്ടായി. ഇ.ഡിക്കു തന്റെ അറസ്റ്റ് രേഖപ്പെടുത്താൻ നേരത്തേ പദ്ധതിയുണ്ടായിരുന്നു. മദ്യനയ അഴിമതിയിലെ ഇ.ഡി പറയുന്ന 100 കോടി എവിടെ എന്നും കേജ്‍രിവാൾ ചോദിച്ചു. ബിജെപി പണം വാങ്ങിയെന്നു കേജ്‍രിവാൾ പറഞ്ഞു. പി.ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് 55 കോടി നൽകിയെന്നു കേജ്‍രിവാൾ പറഞ്ഞു. 50 കോടി നൽകിയതു താൻ അറസ്റ്റിലായതിനു ശേഷമാണെന്നും ഇതിന്റെ തെളിവുകൾ ഉണ്ടെന്നും കേജ്‌രിവാൾ പറഞ്ഞു.

സൗത്ത് ഗ്രൂപ്പിൽനിന്ന് 100 കോടി രൂപ എഎപി കോഴ വാങ്ങിയെന്ന് ഇ.ഡി കോടതിയിൽ പറഞ്ഞു. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനായില്ലെന്നും കേജ്‍രിവാൾ പാസ്‍വേഡ് നൽകുന്നില്ലെന്നും ഇ‍.ഡി പറഞ്ഞു. എന്നാൽ അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നു കേജ്‍രിവാൾ പറഞ്ഞു. റോസ് അവന്യു കോടതിക്ക് പുറത്ത് കേജ്‍രിവാളിന് എതിരെ അഭിഭാഷകർ പ്രതിഷേധിച്ചു. കേജ്‍‍രിവാളിന്റെ ചിത്രത്തിൽ ബീയർ ഒഴിച്ച് പ്രതിഷേധിച്ച അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കോടതിയിൽ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വെളിപ്പെടുത്തുമെന്നു കഴിഞ്ഞ ദിവസം കേജ്‌രിവാളിന്റെ ഭാര്യ സുനിത പ്രഖ്യാപിച്ചിരുന്നു. മദ്യനയ അഴിമതിയുടെ പിന്നിലെ പണത്തിന്റെ സ്രോതസ്സ് എവിടെനിന്നാണെന്ന് അദ്ദേഹം വെളിപ്പെടുത്തുമെന്നും സുനിത പറഞ്ഞു. ഡൽഹി ജനതയെ കഷ്ടപ്പെടുത്തുകയാണു ചെയ്യുന്നത് എന്നാരോപിച്ചു ബിജെപിയെയും അവർ കുറ്റപ്പെടുത്തി. ജയിലിൽ ഇരുന്നുകൊണ്ടു രണ്ട് ഉത്തരവുകളാണു കേജ്‌രിവാൾ പുറപ്പെടുവിച്ചത്.

കേജ‍്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു പ്രസ്താവനകളുമായി യുഎസും ജർമനിയും രംഗത്തുവന്നിരുന്നു. സംഭവത്തിൽ സുതാര്യമായ അന്വേഷണം നടത്തണമെന്ന് അവർ ഇന്ത്യയോട് ആവശ്യപ്പെട്ടു. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് കേജ്‌രിവാളിനെ ഇഡി അറസ്റ്റുചെയ്തത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കേജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷ കോടതി തള്ളിയിരുന്നു. ഇതുസംബന്ധിച്ചു വിശദമായ റിപ്പോർട്ട് നൽകാൻ ഏപ്രിൽ രണ്ടുവരെ ഇ.ഡിക്ക് കോടതി സമയം നൽകിയിരുന്നു.

ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ 26 നാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചത്. വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.

കേരളം ഉള്‍പ്പടെ രണ്ടാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള ഇലക്ഷന്‍ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങാനിരിക്കുകയാണ്.

പൊതു അവധി ദിവസങ്ങള്‍ വരാനിരിക്കേ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും പ്രത്യേകം ശ്രദ്ധിക്കേണ്ട തീയതികള്‍ കുറിച്ചുവെച്ചോളൂ.

കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് 2024നുള്ള നോമിനേഷനുകള്‍ ഇന്ന് മുതല്‍ (മാർച്ച്‌ 28) സമർപ്പിച്ചു തുടങ്ങാം. ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്ക് മുൻപാകെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സമർപ്പിക്കേണ്ട സമയം.

ഏപ്രില്‍ നാലാം തിയതിയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. പൊതു അവധികള്‍ പരിഗണിച്ച്‌ മാർച്ച്‌ 29, 31, ഏപ്രില്‍ 1 തിയതികളില്‍ നാമനിർദേശ പത്രിക നല്‍കാനാവില്ല.

ഏപ്രില്‍ അഞ്ചിന് നാമനിർദേശങ്ങളുടെ സൂക്ഷമപരിശോധന നടക്കും. ഏപ്രില്‍ എട്ടാം തിയതിയാണ് നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. കേരളത്തിലെ 20 മണ്ഡലങ്ങള്‍ ഉള്‍പ്പടെ രാജ്യത്തെ 98 ലോക്സഭ മണ്ഡലങ്ങളില്‍ ഏപ്രില്‍ 26നാണ് തെരഞ്ഞെടുപ്പ് നടക്കുക.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുൾപ്പെട്ട മാസപ്പടി കേസിൽ അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്മെന്റ‍് ഡയറക്ടറേറ്റ് (ഇ.ഡി.). ഇ.ഡി. കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കേസിൽ ഇ.ഡി. എൻഫോഴ്സ്മെൻ്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ.) രജിസ്റ്റർ ചെയ്തു. എസ്.എഫ്.ഐ.ഒയുടെയും ആദായ നികുതി വകുപ്പിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രാഥമിക നടപടികൾ ആരംഭിച്ച ഇ.ഡി. ആരോപണ വിധേയർക്ക് ഉടൻ നോട്ടിസ് നൽകുമെന്നാണ് വിവരം. കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയെന്ന കേസാണ് അന്വേഷിക്കുന്നത്. നല്‍കാത്ത സേവനത്തിന് ലക്ഷങ്ങള്‍ കൈപ്പറ്റിയത് അഴിമതിയാണെന്നാണ് ആരോപണം.

കേന്ദ്ര സർക്കാരിന്റെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണം പുരോ​ഗമിക്കുന്നതിനിടയിലാണ് ഇ.ഡി.യും കേസിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിൽ നടത്തിയ ഇടപാടുകളാണ് എസ്.എഫ്.ഐ.ഒ. സംഘം പരിശോധിക്കുന്നത്. ഇതുസംബന്ധിച്ച വിവിധ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.

കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് കമ്പനി (സി.എം.ആര്‍.എല്‍.) എന്ന സ്വകാര്യ കമ്പനി, വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനിക്ക് നല്‍കാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് മാസപ്പടിവിവാദത്തിന് തിരികൊളുത്തത്. സി.എം.ആര്‍.എല്ലില്‍നിന്ന് എക്‌സാലോജിക് സൊല്യൂഷന്‍സ് 1.72 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്‍. ഇത് വീണാ വിജയനെയും പിണറായി വിജയനെയും പാര്‍ട്ടിയെയും ഒരുപോലെ വെട്ടിലാക്കി. 2017 മുതല്‍ 2020 കാലയളവിലാണ് സി.എം.ആര്‍.എല്‍. വീണയുടെ കമ്പനിക്ക് പണം നല്‍കിയതെന്നും ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിലുണ്ടായിരുന്നു.

റെയില്‍വേ സ്‌റ്റേഷന്‍ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് ഒടുവില്‍ കണ്‍തുറന്നു. റെയില്‍വേയുടെ അധീനതയിലായിരുന്ന ലൈറ്റ് മാസങ്ങളായി പ്രവര്‍ത്തനരഹിതമായിരുന്നു. ലൈറ്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് റെയില്‍വേ തയാറായതുമില്ല. തുടര്‍ന്ന് നാട്ടുകാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് കേരളാ കോണ്‍ഗ്രസ് എം ജില്ലാ കമ്മിറ്റി അംഗവും പ്രോജക്ട് കോ ഓര്‍ഡിനേറ്ററുമായ ബെന്നി തടത്തില്‍ പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തുകയായിരുന്നു.

പരിശോധനയില്‍ ബള്‍ബുകള്‍ക്കു പുറമേ വൈദ്യുതി കണക്ഷനിലും തകരാറുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം കെഎസ്ഇബിയുമായി ബന്ധപ്പെട്ട് കണക്ഷന്‍ പുനസ്ഥാപിച്ചു നല്‍കി. അതിനു ശേഷം പുതുപ്പള്ളിയില്‍ പ്രൊജക്റ്റ് വര്‍ക്ക് ചെയ്തുകൊണ്ടിരുന്ന കരാറുകാരന്റെ ഇന്‍സ്റ്റലേഷൻ ടീമിനെ വിളിച്ചു വരുത്തി പുതിയ ബള്‍ബുകള്‍ സ്ഥാപിച്ചു ലൈറ്റ് പ്രവര്‍ത്തനക്ഷമമാക്കുകയായിരുന്നു.

റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന നൂറു കണക്കിന് യാത്രികരുടെയും പരിസരവാസികളുടെയും ഓട്ടോ ഡ്രൈവര്‍മാരുടെയും ഏറെ നാളായുള്ള ആവശ്യമാണ് സഫലമായത്. ബസ് സ്റ്റോപ്പ് കൂടിയായ റെയില്‍വേ ജംഗ്ഷനില്‍ രാത്രിയില്‍ എത്തുന്ന യാത്രികര്‍ക്ക് പ്രദേശത്തെ ഇരുട്ട് ഏറെ ബുദ്ധിമുട്ടായിരുന്നു.

മാഞ്ചസ്റ്ററിൽ താമസിക്കുന്ന സിബിയുടെ ഭാര്യ സിജിയുടെ അമ്മ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഒന്നിലധികം പ്രതികൾ ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

സമീപവാസികളായ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസിന്റെ നിരീക്ഷണത്തിലാണ്. മോഷണത്തിന് വേണ്ടി മുൻകൂട്ടി ആസൂത്രണത്തോടെ നടത്തിയ കൊലപാതകമെന്നാണ് പോലീസ് വിലയിരുത്തൽ.

ഉച്ചസമയത്ത് വീട്ടിൽ ആളുണ്ടാവില്ലെന്ന് നേരത്തെ മനസ്സിലാക്കിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നു.

പ്രദേശത്തെ ഇതര തൊഴിലാളികളടക്കം ചിലർ പോലീസിന്റെ നിരീക്ഷണത്തിലാണ്. മൊബൈൽ ഫോൺ ടവർ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വൈകാതെ പ്രതികളിലേക്കെത്താനാവുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. ഇന്നലെ ഉച്ചയ്ക്കാണ് 72 കാരിയായ സാറാമ്മയുടെ മൃതദേഹം തലയ്ക്കടിച്ച് പൊട്ടിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത് .

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കും മൂന്നരയ്ക്കുമിടയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 72 കാരിയായ സാറാമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. മൂന്നരയോടെ ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ മരുമകളാണ് സാറാമ്മയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടത്. ഉച്ചയ്ക്ക് ഒരു മണിവരെ സാറാമ്മയെ വീടിൻറെ പരിസരത്ത് കണ്ടവരുണ്ട്. അതിനുശേഷമായിരിക്കും കൊലപാതകമെന്ന് സംശയിക്കുന്നു. ഇവരുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടമായിട്ടുണ്ട് മോഷണം തന്നെയാണ് കൊലപാതക കാരണമെന്നാണ് പോലീസ് നിഗമനം. വീടിനുള്ളിലും മൃതദേഹത്തിന് ചുറ്റും മഞ്ഞൾപൊടി വിതറിയിട്ടുണ്ടായിരുന്നു.

യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡന്റ് ഡോക്ടർ വെള്ളനാട് സ്വദേശിനി അഭിരാമി ബാലകൃഷ്ണൻ (30) ആണു മരിച്ചത്. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

ഉള്ളൂർ പി.ടി.ചാക്കോ നഗറിലെ ഫ്ലാറ്റിൽ മെ‍ഡിക്കൽ കോളജിലെ മറ്റു ഡോക്ടർമാക്കൊപ്പമാണ് അഭിരാമി വാടകയ്ക്കു താമസിച്ചിരുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ഭക്ഷണത്തിനുശേഷം മുറിയിൽ കയറി വാതിലടിച്ച അഭിരാമിയെ ഏറെനേരം വിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. മുറിയിൽനിന്നു സിറിഞ്ചും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.

കൊല്ലം സ്വദേശിയായ ഡോ.പ്രതീഷ് രഘുവാണ് അഭിരാമിയുടെ ഭർത്താവ്. നാല് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

നാല് മാസം മുമ്പ് മാത്രമാണ് സുഹൃത്ത് വിവാഹത്തിന് സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ മനോവിഷമത്തിൽ 26 വയസ്സുകാരിയായ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ബിരുദാനന്തര വിദ്യാർത്ഥിനി ഷഹാന ആത്മഹത്യ ചെയ്തത്

ഭർത്താവിന്‌ പിറന്നാൾ സമ്മാനം വാങ്ങാൻപോയ യുവതി കണ്ടെയ്നർ ലോറി സ്കൂട്ടറിലിടിച്ച് മരിച്ചു. നീറിക്കാട് കല്ലമ്പള്ളി കൊല്ലംകുഴി പ്രിയ ബിനോയി (42)-ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ കോട്ടയം നാഗമ്പടം മേൽപ്പാലത്തിലായിരുന്നു അപകടം.

ഭർത്താവ് ബിനോയിക്കൊപ്പം സഞ്ചരിക്കുമ്പോൾ നഗരത്തിൽനിന്ന് നാഗമ്പടം മേൽപ്പാലത്തിലേക്ക് കടക്കവേ ലോറി സ്കൂട്ടറിലിടിക്കുകയായിരുന്നു. ബിനോയിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. സാരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രിയയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ട്രാഫിക് പോലീസ് സംഘം സ്ഥലത്തെത്തിയാണ് പരിക്കേറ്റ ഇരുവരെയും വാഹനത്തിനടിയിൽനിന്ന്‌ പുറത്തെടുത്തത്.

തുടർന്ന് 108-ആംബുലൻസിൽ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാത്രിയോടെ മരിച്ചു. ബിനോയി പൊടി ഉത്പന്നങ്ങളുടെയും സ്പൈസസിന്റെയും മൊത്തവിൽപ്പനക്കാരനാണ്.

മക്കൾ: ഗംഗ (ഫാഷൻ ഡിസൈനർ), ഗായത്രി (പത്താം ക്ളാസ് വിദ്യാർഥിനി). മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. മാർച്ച് 25 മുതൽ 29 വരെ കൊല്ലം,തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 38°C വരെയും,

ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

സമീപകാലത്ത് വയനാട്ടില്‍ വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകൾ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സന്ദർശിച്ചു. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പയ്യമ്പള്ളി പടമല പനച്ചിയില്‍ അജീഷ്, പുല്‍പ്പള്ളി പാക്കം വെള്ളച്ചാലില്‍ പോള്‍, കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്, വകേരി കൂടല്ലൂരില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജിഷ് എന്നിവരുടെ വീടുകളിലാണ് മേജർ ആർച്ച് ബിഷപ്പ് സന്ദർശനം നടത്തിയത്.

മാർ റാഫേൽ തട്ടിൽ കടന്ന് ചെന്നപ്പോൾ കുടുംബാംഗങ്ങൾ അവരുടെ വേദന പങ്കുവച്ചു. വന്യമൃഗാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സഹോദരങ്ങളുടെയും കുടുംബാംഗങ്ങളുടെയും ദുഖം സീറോ മലബാർ സഭ ഏറ്റെടുക്കുന്നുവെന്ന് അദേഹം പറഞ്ഞു. പടമല പനച്ചിയിൽ അജീഷിന്റെ വീട്ടിൽ വച്ചു മേജർ ആർച്ച് ബിഷപ് മാധ്യമങ്ങളോട് സംസാരിച്ചു.

കാടിനും കാട്ട് മൃഗങ്ങൾക്കും കൊടുക്കുന്ന സംരക്ഷണത്തിനേക്കാൾ അധികമായി മനുഷ്യർക്ക് സംരക്ഷണം കൊടുക്കാൻ ബന്ധപ്പെട്ട എല്ലാ സർക്കാരുകളും ജനപ്രതിനിധികളും ഭരണാധികാരികളും തയ്യാറാകണമെന്ന് അദേഹം പറഞ്ഞു. വന്യ മൃഗങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ട്. പ്രകൃതിക്ക് കോട്ടം തട്ടരുതെന്ന് എല്ലാവരും വാദിക്കുന്നു. അത് തെറ്റാണെന്ന് സഭ പറയുന്നില്ല. പ്രകൃതി സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് തന്നെയാണ് സഭയും സമൂഹവും ആഗ്രഹിക്കുന്നത്. എന്നാൽ പ്രകൃതി സംരക്ഷിക്കപ്പെടുന്ന അത്ര പോലും മനുഷ്യൻ സംരക്ഷിക്കപ്പെടാൻ ഇവിടെ സംവിധാനമുണ്ടാക്കാത്തത് സങ്കടകരമാണ്.

ഈ കുടുംബങ്ങളുടെ ദുഖം താൻ വന്നു അനുശോചനം പറഞ്ഞതുകൊണ്ടോ, സർക്കാർ അനുശോചനം അറിയിച്ചതുകൊണ്ടോ തീരുന്നതല്ല. സർക്കാർ സംവിധാനങ്ങൾ സാമ്പത്തിക സഹായങ്ങൾ നൽകിയാലും അത് നഷ്ടത്തിന് പകരമാവില്ല. അത് കൊണ്ട് തന്നെ ഇത്തരം ദുരനുഭവങ്ങൾ മനുഷ്യർക്ക് ഉണ്ടാകാതിരിക്കാൻ എന്ത് ചെയ്യാൻ സാധിക്കും എന്ന് ചിന്തിക്കണം. അക്രമകാരിയായ ഒരു ആന നാട് ചുറ്റാനും മനുഷ്യരെ ആക്രമിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാകാൻ പാടില്ല എന്നും അദേഹം പറഞ്ഞു.

അക്രമകാരികളായ ആനകളെ പിടികൂടി ആന സംരക്ഷണ കേന്ദ്രങ്ങളിലേക് മാറ്റി അവിടെ പരിപാലിക്കണം. ഇത്തരം മൃഗങ്ങൾ നാട്ടിൽ വിലസുന്നത് അനുവദിക്കരുത്, അതിന് പരിഹാരം കണ്ടെത്തണം. പണം കൊടുത്തത് കൊണ്ട് ഈ കുടുംബങ്ങളുടെ നഷ്ടം ഒരിക്കലും തീരില്ല. അവർക്ക് നഷ്ടപ്പെട്ടത് തിരിച്ചു കൊടുക്കാൻ പണത്തിന് സാധിക്കില്ല. ഒരു തുക കൊടുത്തിട്ട് കുടുംബത്തിന്റെ ദുഖം ഞങ്ങൾ പരിഹരിച്ചു എന്ന് പറഞ്ഞാൽ അത് ശരിയല്ലെന്നാണ് എനിക്ക് തോന്നുന്നത്.

പ്രായമേറിയവർക്ക് പെൻഷൻ കൊടുക്കുന്നതിനും, കുട്ടികൾക്ക് സ്കോളർഷിപ്പോടെ പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നിയമ നിർമ്മാണങ്ങൾ ഉണ്ടാകണം. നഷ്ടപ്പെട്ട ആൾക്ക് പകരമായി ഒരു പണക്കിഴി കൊടുത്താൽ തീരുന്നതല്ല ഈയൊരു പ്രശ്നമെന്നും മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.

മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം, രൂപത പി.ആര്‍.ഒ ഫാ.ജോസ് കൊച്ചറയ്ക്കല്‍, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, സാലു എബ്രഹാം മേച്ചരില്‍ എന്നിവര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു.

RECENT POSTS
Copyright © . All rights reserved