ലണ്ടന്‍: ജനിതകമാറ്റം വരുത്തിയ മനുഷ്യ ഭ്രൂണം യാഥാര്‍ത്ഥ്യമാകുന്നു. ആഴ്ചകള്‍ക്കുള്ളില്‍ ഇത് യാഥാര്‍ത്ഥ്യമാകുമെന്ന് ഈ രംഗത്ത് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ അറിയിച്ചിരിച്ചു. എന്നാല്‍ ഈ കണ്ടെത്തലിന് അംഗീകാരം ലഭിക്കുമൊയെന്ന ആശങ്കയും ഇവര്‍ക്കുണ്ട്. പതിനാല് ദിവസത്തില്‍ കൂടുതല്‍ ഭ്രൂണത്തെ ഗര്‍ഭപാത്രത്തിന് പുറത്ത് വയ്ക്കാന്‍ നിയമാനുമതിയില്ല. എന്നാല്‍ ജനിതക വ്യതിയാനം വരുത്തിയ ഭ്രൂണത്തിന് ഇതില്‍ ഒരു ദിവസത്തെ സമയം കൂടി അനുവദിക്കണമെന്നാണ് ഗവേഷകരുടെ ആവശ്യം. വൈദ്യശാസ്ത്രപരമായ കാരണങ്ങളാലാണ് ഈ ആവശ്യം ഗവേഷകര്‍ മുന്നോട്ട് വയ്ക്കുന്നത്.
അനുമതി ലഭിക്കുകയാണെങ്കില്‍ ഗവേഷണ പരിപാടികളുമായി മുന്നോട്ട് പോകാനാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. അങ്ങനെയായാല്‍ ആദ്യ ജനിതക മാറ്റം വരുത്തിയ മനുഷ്യ ഭ്രൂണം ആഴ്ചകള്‍ക്കകം സംഭവിക്കുമന്നും ഇവര്‍ വ്യക്തമാക്കുന്നു. ജനിതക വ്യതിയാനം വരുത്തിയ കുഞ്ഞുങ്ങളെ സൃഷ്ടിക്കാനായി ഇത്തരം ഭ്രൂണത്തെ ഗര്‍ഭത്തില്‍ നിക്ഷേപിക്കുന്നതും രാജ്യത്തെ നിലവിലെ നിയമപ്രകാരം കുറ്റകരമാണ്. എന്നാല്‍ ഈ രംഗത്ത് വിജയം കൈവരിക്കാനായാല്‍ ഐവിഎഫ് ചികിത്സയിലിരിക്കുന്ന സ്ത്രീകള്‍ക്ക് വിജയകരമായി ഗര്‍ഭം ധരിക്കാനാകും.

കുഴപ്പങ്ങള്‍ പരിഹരിച്ച് യോഗ്യമായ ഭ്രൂണങ്ങള്‍ മാത്രമാകും ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുക. അതിനാല്‍ യാതൊരു കുഴപ്പവുമില്ലാത്ത കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ സാധിക്കും. എന്നാല്‍ ഇതിനെതിരെ എതിര്‍വാദവുമായെത്തിയിട്ടുളളവര്‍ പുതിയ സാങ്കേതികതയില്‍ ധാര്‍മികത പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് എച്ച്എഫ്ഇഎയോട് നിര്‍ദേശിക്കുന്നു. വടക്കന്‍ ലണ്ടനിലെ മില്‍ ഹിലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ കാതി നിയാകിന്‍ ആണ് ഈ ഗവേഷണത്തിന് ചുക്കാന്‍ പിടിച്ചത്.