മൂടി വയ്ക്കപ്പെട്ട സത്യം പുറത്ത് വന്നതില്‍ സന്തോഷം; മണിച്ചിത്രത്താഴ് വിവാദത്തില്‍ ദുര്‍ഗയ്ക്ക് പറയാനുള്ളത്

മൂടി വയ്ക്കപ്പെട്ട സത്യം പുറത്ത് വന്നതില്‍ സന്തോഷം; മണിച്ചിത്രത്താഴ് വിവാദത്തില്‍ ദുര്‍ഗയ്ക്ക് പറയാനുള്ളത്
January 13 14:23 2016 Print This Article

മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ ശബ്ദത്തിന് ഉടമ ദുര്‍ഗയാണെന്ന ഫാസിലിന്റെ വെളിപ്പെടുത്തലിനെ കുറിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗ്ഗ മനസ്സ് തുറന്നു. സംവിധായകനും നടനുമായ സൗന്ദര്‍രാജന്റെ ഭാര്യയായ ദുര്‍ഗ ഇതാദ്യമായാണ് ഇതേക്കുറിച്ച് പ്രതികരിക്കുന്നത്. 23 വര്‍ഷമായി മൂടിവയ്ക്കപ്പെട്ട സത്യം ഒടുവില്‍ പുറത്തുവന്നിരിക്കുന്നതില്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് ഇപ്പോള്‍ എന്ന്‍ ദുര്‍ഗ്ഗ വെളിപ്പെടുത്തി. ഇത്ര കാലം എന്റെ മനസ്സിലുണ്ടായിരുന്ന വേദനയും നിരാശയുമാണ് ഫാസില്‍ സാറിന്റെ വാക്കുകളിലൂടെ ഇല്ലാതായത് എന്നും ദുര്‍ഗ്ഗ പറയുന്നു.
ഈ മേഖലയിലുള്ള പല ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് കൂടി ലഭിച്ച അംഗീകാരമാണ് ഇത്. കേരളത്തിലെ മാധ്യമങ്ങളോട് വലിയ കടപ്പാടുണ്ട്. ഫാസില്‍ സാറിന്റെ വെളിപ്പെടുത്തലിന് ശേഷം നിരവധി ഫോണ്‍കോളുകളാണ് എന്നെ തേടിയെത്തുന്നത്. വൈകിയാണെങ്കിലും എന്റെ പ്രയത്‌നത്തിന് കേരളത്തില്‍ നിന്ന് അംഗീകാരവും അഭിനന്ദനവും ലഭിച്ചുകൊണ്ടിരിക്കുകയാണ് എന്നും ദുര്‍ഗ്ഗ ഒരഭിമുഖത്തില്‍ പറഞ്ഞു.

മണിച്ചിത്രത്താഴ് സൂപ്പര്‍ഹിറ്റ് ആയ സമയത്ത് താന്‍ തീര്‍ത്തും നിസ്സഹായ ആയിരുന്നു. വെറുമൊരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് തമിഴ്‌നാട്ടില്‍ ഇരുന്ന് എങ്ങനെ , ആ ശബ്ദം എന്റേതാണ് എന്ന് സ്ഥാപിച്ചെടുക്കും. 23 വര്‍ഷമായി മറ്റൊരാള്‍ നാഗവല്ലിയുടെ ക്രെഡിറ്റ് സ്വന്തമാക്കി വച്ചിരിക്കുകയാണെന്നും കേരളത്തിലുള്ള പലരും അറിയിച്ചിരുന്നു. സിനിമ റിലീസ് ആയതിന് ശേഷം ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ലല്ലോ. എന്റെ ജോലി ഞാന്‍ കൃത്യമായി നിര്‍വഹിച്ചു എന്ന സംതൃപ്തിയോടെ ഞാന്‍ മറ്റ് സിനിമകളുടെ ഡബ്ബിംഗ് തിരക്കിലേക്ക് പോയി. ആ സിനിമയ്ക്ക് ലഭിക്കുന്ന വരവേല്‍പ്പിനെ കുറിച്ചോ അവാര്‍ഡുകളെ കുറിച്ചോ ഒന്നും ആരും എന്നെ അറിയിക്കുന്നുണ്ടായിരുന്നില്ല. ആ സമയത്ത് എന്റെ ശബ്ദമാണെന്ന് ഞാന്‍ പറയാന്‍ ശ്രമിച്ചപ്പോഴൊക്കെ അത് മറ്റൊരാളുടേതായി സ്ഥാപിക്കാനുളള ശ്രമങ്ങളുമാണ് ഉണ്ടായിരുന്നത്. ദുര്‍ഗ്ഗ കൂട്ടി ചേര്‍ക്കുന്നു.

ഭാഗ്യലക്ഷ്മിയുടെ ശബ്ദമായിരുന്നു സിനിമയ്ക്ക് വേണ്ടി ആദ്യം ഉപയോഗിച്ചിരുന്നത്, അത് കൊണ്ടാവും അവര്‍ തെറ്റിദ്ധരിച്ചത് എന്നാണ് ഫാസില്‍ പറഞ്ഞത് എന്നതിനെ കുറിച്ച് താനൊന്നും സംസാരിക്കുന്നില്ലയെന്നും ഏതായാലും 23 വര്‍ഷത്തിന് ശേഷം സത്യം പുറത്തുവന്നല്ലോ എന്നുമാണ് ദുര്‍ഗ്ഗ പറഞ്ഞത്. തന്‍റെ പേര് സ്ഥാപിച്ച് കിട്ടാന്‍ വേണ്ടി താന്‍ ഒന്നും ചെയ്തിട്ടില്ലയെന്നും അവകാശവാദവുമായി വരുകയോ തര്‍ക്കത്തിന് നില്‍ക്കുകയോ ചെയ്തിട്ടില്ലയെന്നും പറഞ്ഞ ദുര്‍ഗ്ഗ പലരുടെയും ആത്മാര്‍ത്ഥമായ ശ്രമഫലമായാണ് ഇപ്പോള്‍ ഇക്കാര്യം പുറത്തുവന്നത് എന്നും പറയുന്നു. തനിക്ക് ആരോടും പരാതിയില്ലയെന്നും ശോഭന തമിഴില്‍ ചെയ്ത എല്ലാ സിനിമകള്‍ക്കും ശബ്ദം നല്‍കിയത് ഞാനായിരുന്നതിനാല്‍ ശോഭന എന്റെ ശബ്ദം തിരിച്ചറിഞ്ഞിട്ടുണ്ടാകും എന്നാണ് വിശ്വാസിക്കുന്നതെന്നും പറഞ്ഞ ദുര്‍ഗ്ഗ ശോഭനയുമായി ഇക്കാര്യം ഇതേവരെ സംസാരിച്ചിട്ടില്ല എന്നും പറഞ്ഞു.

 

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles