america
വാഷിംഗ്ടണ്‍: സ്‌കൂളുകളിലുണ്ടാകുന്ന വെടിവെപ്പ് തടയാന്‍ അധ്യാപകര്‍ക്ക് തോക്കുകള്‍ നല്‍കിയാല്‍ മതിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്‌ളോറിഡയില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ട്രംപിന്റെ പ്രശ്‌നപരിഹാരം. ഫ്‌ളോറിഡയിലെ വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുമായും മരിച്ചവരുടെ മാതാപിതാക്കളുമായും നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ട്രംപ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച വികാരനിര്‍ഭരമായിരുന്നു. പരിശീലനം ലഭിച്ച അധ്യാപകരും സുരക്ഷാ ജീവനക്കാരുമുണ്ടെങ്കില്‍ സ്‌കൂളില്‍ കുട്ടികള്‍ തോക്കുമായി എത്തുന്നതും വെടിവെയ്ക്കുന്നതും തടയാനാകുമെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ട്രംപിന്റെ അഭിപ്രായത്തോട് അനുകൂല നിലപാടല്ല മാതാപിതാക്കളുടെയും അധ്യാപകരുടെയും ഭാഗത്തു നിന്നുണ്ടായത്. ഇപ്പോള്‍ത്തന്നെ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ അധ്യാപകര്‍ക്കുണ്ടെന്നും ആയുധപരിശീലനവും സുരക്ഷാച്ചുമതലയും കൂടി ഏല്‍പ്പിച്ച് അവരില്‍ അധിക സമ്മര്‍ദ്ദം ഏല്‍പ്പിക്കരുത് എന്നുമാണ് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്. ഫ്‌ളോറിഡ വെടിവെയ്പ്പിനെത്തുടര്‍ന്ന് അമേരിക്കയിലെമ്പാടും ജനരോഷം ശക്തമാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് തോക്കുപയോഗത്തിന് നിയന്ത്രണം വരുത്താനും തീരുമാനമായിട്ടുണ്ട്. സെമി ഓട്ടോമാറ്റിക് തോക്കുകളെ ഓട്ടോമാറ്റിക് തോക്കുകളാക്കി മാറ്റാന്‍ ഉപയോഗിക്കുന്ന ബംപ് സ്റ്റോക് ഉള്‍പ്പടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ട്രംപ് നീതിന്യായ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബ്രെക്‌സിറ്റ് അനന്തര വ്യാപാര ചര്‍ച്ചകളില്‍ എന്‍എച്ച്എസില്‍ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം അമേരിക്ക ആവശ്യപ്പെടുമെന്ന് ആശങ്ക. വ്യാപാര ചര്‍ച്ചകളേക്കുറിച്ചുള്ള ചോദ്യോത്തര വേളയില്‍ എന്‍എച്ച്എസ് വിഷയം ട്രാന്‍സ് അറ്റ്‌ലാന്റിക് ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കുമോ എന്ന കാര്യത്തില്‍ പ്രധാനമന്ത്രി സ്ഥിരീകരണം നല്‍കാത്തതാണ് എംപിമാര്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയത്. എന്‍എച്ച്എസില്‍ പങ്കാളിത്തത്തിനും സ്വകാര്യ കമ്പനികളുടെ പ്രാതിനിധ്യത്തിനും അമേരിക്ക ശ്രമിക്കാന്‍ സാധ്യതയുണ്ടെന്ന് എംപിമാര്‍ പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ നല്‍കി. വിഷയം ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തില്ല എന്ന് ഉറപ്പ് നല്‍കാന്‍ പ്രധാനമന്ത്രിക്ക് കഴിയുമോ എന്ന് ലിബറല്‍ ഡെമോക്രാറ്റ് നേതാവ് വിന്‍സ് കേബിള്‍ ചോദിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചകളില്‍ എന്‍എച്ച്എസ് വില്‍പനക്കില്ലെന്ന കാര്യം വ്യക്തമാക്കാന്‍ തെരേസ മേയ്ക്ക് കഴിയുമോ എന്ന കാര്യം സ്ഥിരീകരിക്കണമെന്നാണ് കേബിള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ബ്രെക്‌സിറ്റ് അനന്തര വ്യാപാര ചര്‍ച്ചകളില്‍ അമേരിക്ക ഉന്നയിക്കുന്ന ആവശ്യങ്ങളേക്കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന മറുപടി മാത്രമാണ് മേയ് നല്‍കിയത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പെടുന്നതിനു മുമ്പ് തന്നെ ട്രാന്‍സ് അറ്റ്‌ലാന്റിക് വ്യാപാരക്കരാറിനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും അതിനായുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നും കോമണ്‍സില്‍ മറുപടി പറഞ്ഞ മേയ് പക്ഷേ എന്‍എച്ച്എസ് വിഷയത്തില്‍ നിശബ്ദത പാലിക്കുകയാണ് ഉണ്ടായത്. അമേരിക്കയുമായി സ്ഥാപിക്കാനിരിക്കുന്ന സ്വതന്ത്ര വ്യാപാരക്കരാറില്‍ യുകെയുടെ താല്‍പര്യങ്ങള്‍ക്ക് യോജിക്കുന്ന ഉടമ്പടികളായിരിക്കും ഉണ്ടാകുകയെന്നും മേയ് പറഞ്ഞു. ഈ മറുപടിയിലൂടെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ സ്വാധീനത്തിന് ആവശ്യമുന്നയിക്കാന്‍ ഡൊണാള്‍ഡ് ട്രംപിന് പ്രധാനമന്ത്രി പച്ചക്കൊടി കാട്ടിയിരിക്കുകയാണെന്നായിരുന്നു യൂറോപ്പ് അനുകൂല നിലപാടുകളുള്ള ലേബര്‍ എംപി പീറ്റര്‍ കൈല്‍ പറഞ്ഞത്. അമേരിക്കന്‍ ഹെല്‍ത്ത് ഭീമന്‍മാര്‍ എന്‍എച്ച്എസില്‍ സ്വാധീനത്തിന് ശ്രമിക്കില്ല എന്ന് ഉറപ്പ് നല്‍കാന്‍ പ്രധാനമന്ത്രിക്ക് കഴിയാത്തത് ധാരണാ ചര്‍ച്ചകളില്‍ അവര്‍ക്കുള്ള ദൗര്‍ബല്യമാണ് തെളിയിക്കുന്നതെന്നും കൈല്‍ പറഞ്ഞു. എല്ലാ പ്രതിപക്ഷ കക്ഷികളും ഇക്കാര്യത്തില്‍ ആശങ്കയറിയിച്ച സാഹചര്യത്തില്‍ സംശയനിവാരണത്തിന് ശ്രമിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. ബ്രെക്‌സിറ്റിനു ശേഷമുള്ള ഏത് വ്യാപാര ഉടമ്പടിയും പൊതുമേഖലയിലുള്ള ഒരു സ്ഥാപനത്തിലും വിദേശ പങ്കാളിത്തമുണ്ടാകുന്ന വിധത്തിലായിരിക്കില്ലെന്ന് നമ്പര്‍ 10 അറിയിച്ചു. എന്‍എച്ച്എസ് സ്വകാര്യവത്കരിക്കാനാണ് ടോറി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ വ്യക്തതയില്ലാത്ത മറുപടി ആശങ്ക പരത്തിയത്.
സ്വന്തം ലേഖകന്‍ മോസ്കോ : പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാദ്ധ്യത കൂടുന്നു. സിറിയ - തുര്‍ക്കി അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിക്കാനൊരുങ്ങി റഷ്യ. ഐഎസിനെ തുരത്താന്‍ സിറിയയില്‍ വിന്യസിച്ചിട്ടുള്ള പട്ടാളത്തെയായിരിക്കും അതിര്‍ത്തിയിലേക്ക് അയക്കുക. കുര്‍ദ്ദിഷുകളെ ഉപയോഗിച്ച്‌ തുര്‍ക്കിക്കെതിരെ അമേരിക്ക ആക്രമണം നടത്താനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് റഷ്യയുടെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച്‌ തുര്‍ക്കി വിദേശകാര്യ മന്ത്രി റഷ്യയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. കുര്‍ദ്ദിഷ് പോരാളികള്‍ രാജ്യത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് അദ്ദേഹം ചര്‍ച്ചയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. തുര്‍ക്കിയില്‍ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന കുര്‍ദ്ദിഷ് പോരാളികളെയും സിറിയയിലെ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിനെ എതിര്‍ക്കുന്നവരെയും ഒരുമിച്ചു കൂട്ടി 30,000 പേരുള്ള സൈന്യത്തെ വിന്യസിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനമാണ് തുര്‍ക്കിയെ മുന്‍കരുതലുകളെടുക്കാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സിറിയന്‍ അതിര്‍ത്തിയില്‍ പുതിയ സൈന്യത്തെ വിന്യസിക്കാനുള്ള അമേരിക്കന്‍ തീരുമാനം ട്രംപ് പ്രഖ്യാപിച്ചത്. ഐഎസിനെ തുരത്തി സിറിയ സമാധാനത്തിലേക്ക് തിരികെ എത്തുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു കൂടുതല്‍ സൈന്യത്തെ നിരത്തി അതിര്‍ത്തി സംരക്ഷിക്കാനുള്ള തീരുമാനവുമായി ട്രംപ് എത്തിയത്.
RECENT POSTS
Copyright © . All rights reserved