Anuja K
അനുജ.കെ പുറത്ത് കനത്ത മഴ പെയ്യുകയാണ്, തമിഴ്‌നാട്ടില്‍ കൊടുങ്കാറ്റും പേമാരിയും. അതിന്റെ ബാക്കിയായാണ് കേരളത്തിലെ മഴ. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടത്രേ. എന്റെ ചെറുപ്പകാലത്ത് ഈ ന്യൂനമര്‍ദ്ദത്തെക്കുറിച്ചോ സുനാമിയെക്കുറിച്ചോ ഒന്നും തന്നെ ആര്‍ക്കും ഒരറിവുമുണ്ടായിരുന്നില്ല. മഴയായാല്‍ പിന്നെ കമ്പളിപുതപ്പിനുള്ളില്‍ ദിവസങ്ങളോളം.... സ്‌കൂള്‍ അവധിയായിരിക്കും.. വീടിന് പുറത്തിറങ്ങാനെ പറ്റില്ല. കാറ്റിന്റെ അവശേഷിപ്പുകളായ ഇലകളും ചുള്ളിക്കമ്പുകളും മുറ്റം നിറയെ.. ഞരമ്പുകളിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പ്.. ആഴ്ച്ചകളോളം ഇരുട്ട്.. വൈദ്യുതി ഉണ്ടാകില്ല.. വനത്തിലെവിടെയെങ്കിലും ഇലക്ട്രിക് ലൈന്‍ പോയിട്ടുണ്ടാകും.. തണുപ്പിനെ പ്രതിരോധിക്കാന്‍ മധുരമുള്ള കട്ടന്‍കാപ്പിയാണ് ശരണം. തൊടിയിലുണ്ടാകുന്ന കാപ്പിക്കുരു ഉണക്കി വറുത്ത് പൊടിച്ചുണ്ടാക്കുന്ന കാപ്പിയാണ്. വറുത്ത ഉലുവയും കുരുമുളുകും കൂടി ചേര്‍ത്ത് പൊടിച്ചാല്‍ അതികേമം. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് കാപ്പിച്ചെടികള്‍ പൂക്കുന്നത്. ആ സമയത്ത് വെളുപ്പാന്‍ കാലത്ത് കാപ്പിത്തോട്ടങ്ങളിലൂടെയുള്ള യാത്ര ഏറെ ഹൃദ്യമാണ്. കാപ്പിപ്പൂവിന്റെ മണം നാസാരന്ധ്രങ്ങളിലൂടെ തുളച്ചുകയറും. കുട്ടിക്കാലത്തെ പുസ്തകത്താളുകളില്‍ ആ മണം നിറഞ്ഞ നില്‍ക്കുന്നതായി എനിക്കു തോന്നുന്നു. കാപ്പികമ്പുകളില്‍ ഇടവിട്ട് വിടര്‍ന്ന് നില്‍ക്കുന്ന കാപ്പിപ്പൂങ്കുലകള്‍ ഗന്ധത്തിലുപരി കണ്ണിനും കുളിര്‍മയാകുന്നു... എന്റെ വിവാഹ നിശ്ചയത്തിന് തലയില്‍ വെയ്ക്കാനായി മുല്ലപ്പൂ കിട്ടിയില്ല. പകരം പിച്ചിപ്പൂവായിരുന്നു മാലകെട്ടാന്‍ ഉപയോഗിച്ചത്. അന്നേ ദിവസം എന്റെ പ്രതിശ്രുത വരന്‍ എന്റെ അടുത്തുവന്നു എന്റെ തലയിലെ പൂവില്‍ തൊട്ടിട്ടു ചോദിച്ചു. 'ഇതെന്താ കാപ്പിപ്പൂവാണോ..' ചോദ്യം ആദ്യമെന്നെ ചൊടിപ്പിച്ചുവെങ്കിലും കാപ്പിപ്പൂവിന്റെ വാസന എന്റെ മനം കുളിര്‍പ്പിച്ചു. മഴയ്ക്ക് ഒരു അവസാനമില്ലാത്ത പോലെ. വീണ്ടുമൊരു പ്രളയത്തെ താങ്ങാന്‍ ഇനീയീ നാടിന് പറ്റില്ലെയെന്നു മഴയ്ക്കറിഞ്ഞു കൂടെ... അമ്മ വീട്ടിലാണ് എന്റെ, എന്റെ സ്വന്തം വീട്ടില്‍. കാപ്പിക്കുരു പറിക്കാന്‍ പോയിരിക്കുന്നു. കാപ്പിക്കുരു പഴുത്ത് കിളികളെല്ലാം കൊത്തിപ്പറിക്കുന്നുവെന്ന് പരാതി. കാപ്പിച്ചെടിയുടെ ചുവട്ടില്‍ കുരുക്കള്‍ പെറുക്കിയെടുക്കണം. അതാണ് ബുദ്ധിമുട്ട്. അമ്മയെ സഹായിക്കാന്‍ ചിലപ്പോള്‍ ഞാനും കുട്ടികളും പോവാറുണ്ട്. കാപ്പിക്കുരു പറിച്ചെടുക്കുകയെന്നത് വളരെ രസമുള്ള ജോലിയാണ്. ബലമുള്ള കാപ്പിക്കമ്പുകളില്‍ തൂങ്ങിയാടാനും സൂര്യയ്ക്കും കിരണിനും ഏറെയിഷ്ടമാണ്. മധുരമുള്ള കട്ടന്‍കാപ്പി തണുപ്പിനെ അകറ്റി ശരീരത്തിനുള്ളിലേക്ക് തുളച്ചുകയറുമ്പോള്‍ കാപ്പിപൊടിയുണ്ടാക്കാനുള്ള ബുദ്ധിമുട്ടുകളെല്ലാം അസ്ഥാനത്താകും. ഭര്‍തൃഗൃഹത്തില്‍ വന്നതിന് ശേഷം എന്റെ കാപ്പി കുടിക്ക് കുറച്ച് ശമനം ഉണ്ട്. ഹൈറേഞ്ചിലെ തണുപ്പില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടല്ലോ.. പക്ഷെ കറുത്ത കട്ടന്‍കാപ്പിയും ചുവന്ന മുത്തുകള്‍ പോലുള്ള കാപ്പിക്കുരുക്കളും വെളുത്ത പിച്ചിപ്പൂക്കള്‍ പോലുള്ള കാപ്പിപ്പൂക്കളും എന്റെ തണുത്ത രാത്രിയെ വീണ്ടും ചൂടുപിടിപ്പിക്കുന്നു..!   അനുജ.കെ ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ 'ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ എന്റെ 'സണ്‍ഫ്‌ളവര്‍', 'വയനാട്ടുകുലവന്‍' എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
അനുജ കെ. മലദേവര്‍നടയില്‍ തൊഴുതു മടങ്ങുന്നതിനായി കുറച്ചാളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നുണ്ട്. നാട്ടിലെ പ്രധാനപ്പെട്ട ആരാധനാ കേന്ദ്രമാണ് മലദേവര്‍നട. എണ്ണ, കര്‍പ്പൂരം, സാമ്പ്രാണി എന്നിവയുമായി ഞാനുമുണ്ടവിടെ. ഞാന്‍ കുടുംബ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചിട്ട് ഏകദേശം രണ്ടു മാസം. ഒരു മലയോര പ്രദേശത്തു നിന്നും നഗരത്തിലേക്ക് ചേക്കേറിയിരിക്കുകയാണ് ഞാന്‍. നഗരപ്രദേശമെങ്കിലും ഗ്രാമത്തിന്റെ പരിവേഷം തന്നെ. മലദേവന്‍മാരും പടയണിക്കോലങ്ങളും എല്ലാം നിറഞ്ഞ ഒരു നാട്. മലനടയില്‍ ഒന്നല്ല പ്രതിഷ്ഠ. മലദേവരുണ്ട്, ശിവനുണ്ട്, സര്‍പ്പക്കാവുണ്ട്, പാക്കനാരുണ്ട്.... ഇവിടെയെല്ലാം തൊഴുതു കഴിഞ്ഞാല്‍ വലിയ ഉരുളന്‍ കല്ലുകള്‍ക്കിടയില്‍ക്കൂടി കുറേ നടകള്‍ കയറേണ്ടി വരും. അവ കയറിച്ചെന്നാല്‍ വനദുര്‍ഗ്ഗയേയും മാടസ്വാമിയെയും കാണാം. മാടസ്വാമിയെ തൊഴുമ്പോള്‍ എന്റെ മനസ് എപ്പോഴും എന്റെ സ്വന്തം ഗ്രാമത്തിലേക്ക് പോകും. അവിടെ പാറിപ്പറന്ന മുടിയും മുഷിഞ്ഞ വസ്ത്രവുമായി സൈക്കിളില്‍ പാഞ്ഞുപോകുന്ന ഒരു മാടസ്വാമിയുണ്ട്. ഞാനും എന്റെ സഹോദരങ്ങളും അയാളെ കൗതുകപൂര്‍വം നോക്കിനില്‍ക്കാറുണ്ടായിരുന്നു. അതിന് ഒരു കാരണമുണ്ട്. അയാളുടെ ഒരു ദിവസത്തെ ഭക്ഷണം പതിനാറു ബോണ്ടയാണത്രേ....! ബോണ്ടയെന്നാല്‍ ചെറിയ പന്തുപോലിരിക്കുന്ന എണ്ണയില്‍ വറുത്തെടുക്കുന്ന ഒരു പലഹാരമാണ്. ഇടുക്കിയിലെ ബോണ്ടയ്ക്ക് പത്തനംതിട്ടയിലെ ബോണ്ടയുടെ ഇരട്ടി വലിപ്പമുണ്ട്. ഒരെണ്ണം കഴിച്ചാല്‍ ഒരാളുടെ വയറു നിറയും. അപ്പോഴാണ് പതിനാറെണ്ണം. അയാള്‍ ഒരു വരത്തനാണ്. സിറ്റിയിലെ ചായക്കടയില്‍ വിറകു കീറി കൊടുക്കലാണ് അയാളുടെ പണി. പ്രതിഫലമായി പതിനാറു ബോണ്ട. സിറ്റി എന്നാല്‍ മെട്രോ മാളുകളും മെഡിസിറ്റികളുമുള്ള വലിയ നഗരമൊന്നുമല്ല. ചെറിയ ചെറിയ കടകളും, കുരിശുപള്ളി, ക്ലിനിക്ക് എന്നിവയുമൊക്കെ ചേര്‍ന്നിരിക്കുന്ന ഒരു ചെറിയ പ്രദേശത്തിന് കേരളത്തിന്റെ കിഴക്കന്‍ ജില്ലയില്‍ സിറ്റി എന്നാണ് വിശേഷിപ്പിക്കുന്നത്. മാടസ്വാമിയുടെ സൈക്കിളിനു പിന്നിലുമുണ്ട് ഒരു ചരിത്രം. അയാളുടെ ചക്കക്കുരു ബിസിനസിന്റെ ബാക്കിപത്രമാണ് സൈക്കിള്‍. ചക്കയുടെ സീസണുകളില്‍ പ്ലാവിന്റെ ചോടുകളില്‍ക്കൂടി ഒരു പഴയ ചാക്കുമായി നടക്കും. ചക്കക്കുരു ശേഖരിക്കുകയാണ് ലക്ഷ്യം. പെറുക്കിക്കൂട്ടിയ ചക്കക്കുരു ചാക്കില്‍ നിറച്ച് ഗ്രാമത്തിലെ വെയിറ്റിംഗ് ഷെഡ്ഡില്‍ കൊണ്ടിടും. വെയിറ്റിംഗ് ഷെഡ് ഉള്ളിടത്ത് ബസ് സ്റ്റോപ്പ് ഇല്ലാത്തതിനാല്‍ ഷെഡ് മാടസ്വാമിക്ക് സ്വന്തം. ഷെഡിന്റെ ഒരു ഭാഗം തപാലാഫീസായി പ്രവര്‍ത്തിക്കുന്നു. ചക്ക സീസണ്‍ അവസാനിക്കുന്നതോടെ മാടസ്വാമിയുടെ ഷെഡ്ഡില്‍ ഒരു ചക്കക്കുരു മല രൂപപ്പെടും. ചക്കക്കുരു കൊണ്ടാണ് ആരോറൂട്ട് ബിസ്‌കറ്റ് ഉണ്ടാക്കുന്നത് എന്ന അഭ്യൂഹം നാട്ടില്‍ പാട്ടാണ്. കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട ബിസ്‌കറ്റിന്റെ ഭാഗമാകാന്‍ മാടസ്വാമിക്ക് കഴിഞ്ഞതില്‍ എനിക്കും അഭിമാനമുണ്ട്. മലദേവര്‍നടയിലെ ദേവര്‍ എന്റെ ഗ്രാമത്തില്‍ സൈക്കിളില്‍ സഞ്ചരിക്കുന്ന വിറകുവെട്ടുകാരന്‍, ചക്കക്കുരു ബിസിനസുകാരന്‍ എന്നീ രൂപങ്ങളില്‍ അവതരിച്ചിരിക്കുകയാണോ എന്ന് എനിക്ക് സംശയം. അനുജ കെ. പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസിലെ ലക്ചററാണ്. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിതകലാ അക്കാഡമി, കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടത്തിയ ആര്‍ട്ട് മാസ്‌ട്രോ കോംപറ്റീഷന്‍ ആന്‍ഡ് എക്‌സിബിഷനില്‍ സണ്‍ഫ്‌ളവര്‍, വയനാട്ടുകുലവന്‍ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
RECENT POSTS
Copyright © . All rights reserved