benefit
ഇന്‍കം ടാക്‌സ് പരിധി വര്‍ദ്ധിപ്പിക്കുമെന്ന ഗവണ്‍മെന്റ് വാഗ്ദാനം ഉടനൊന്നും നടപ്പാകാന്‍ സാധ്യതയില്ലെന്ന് സൂചന. യൂണിവേഴ്‌സല്‍ ക്രെഡിറ്റിനു വേണ്ടി കൂടുതല്‍ പണം ആവശ്യമായി വരുന്നതിനാല്‍ വരുമാന നികുതി പരിധി ഉയര്‍ത്താനുള്ള തീരുമാനം എടുത്തു കളയാന്‍ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് പദ്ധതിയിടുന്നതായി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബെനഫിറ്റ് പദ്ധതികള്‍ കാര്യക്ഷമമായി നടത്തണമെങ്കില്‍ 20 ബില്യന്‍ പൗണ്ടിന്റെ അധിക ഫണ്ട് കണ്ടെത്തേണ്ട അവസ്ഥയിലാണ് ട്രഷറി. യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍ നിന്ന് ആനുകൂല്യങ്ങള്‍ വാങ്ങുന്നവരില്‍ ചിലര്‍ക്ക് 2400 പൗണ്ട് വരെ കുറവേ ഒരു വര്‍ഷം ലഭിക്കാന്‍ സാധ്യതയുള്ളുവെന്ന് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറി ക്യാബിനറ്റിനെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. യൂണിവേഴ്‌സല്‍ ക്രെഡിറ്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ പോള്‍ ടാക്‌സ് നല്‍കിയതിനു തുല്യമായ പ്രതിസന്ധികളിലേക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വീഴുമെന്ന് മുന്‍ പ്രധാനമന്ത്രി സര്‍ ജോണ്‍ മേജര്‍ പറഞ്ഞു. 2015ല്‍ ജോര്‍ജ് ഓസ്‌ബോണ്‍ ആണ് യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍ നിന്ന് 2 ബില്യന്‍ വെട്ടിക്കുറച്ചത്. ഇത് പിന്‍വലിക്കേണ്ടത് അത്യാവശ്യമാണെന്ന് ജോണ്‍ മേജറും യൂണിവേഴ്‌സല്‍ ക്രെഡിറ്റിന്റെ ശില്പിയായ ഇയാന്‍ ഡങ്കന്‍ സ്മിത്തും ആവശ്യപ്പെടുന്നു. മുന്‍ ചാന്‍സലര്‍ വരുത്തിവെച്ച മാറ്റങ്ങള്‍ മൂലമുണ്ടായ വീഴ്ചകള്‍ പരിഹരിക്കുന്നതിനായിരിക്കും ഈ പണം ഉപയോഗിക്കേണ്ടി വരികയെന്നാണ് കരുതുന്നത്. വിഷയം നിരീക്ഷിച്ചു വരികയാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് പ്രതികരിച്ചു. നിലവില്‍ 11850 പൗണ്ടാണ് ഇന്‍കം ടാക്‌സ് പരിധി. ഇത് 2020 ഓടെ 12500 പൗണ്ടായി ഉയര്‍ത്തുമെന്നായിരുന്നു ടോറി പ്രകടനപത്രികയിലെ വാഗ്ദാനം. എന്നാല്‍ അധിക ഫണ്ട് കണ്ടെത്തേണ്ടി വരുന്നതിനാല്‍ ഈ വാഗ്ദാനം എടുത്തു കളയാനാണ് ഹാമണ്ട് ഉദ്ദേശിക്കുന്നതെന്നാണ് വിവരം. എന്‍എച്ച്എസിന് 20 ബില്യന്‍ അധിക ഫണ്ട് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം നിറവേറ്റണമെങ്കില്‍ നികുതി വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നാണ് സൂചന. ഇത് ചാന്‍സലര്‍ക്കു മേല്‍ അധിക സമ്മര്‍ദ്ദമാണെന്നും വിലയിരുത്തപ്പെടുന്നു.
18 മുതല്‍ 21 വയസ് വരെയുള്ളവരുടെ ഹൗസിംഗ് ബെനഫിറ്റ് എടുത്തുകളയാനുള്ള തീരുമാനത്തില്‍ നിന്ന് ഗവണ്‍മെന്റ് പിന്നോട്ടു പോകുന്നു. 21 വയസ് വരെയുള്ളവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ലഭ്യമായിക്കൊണ്ടിരുന്ന ഹൗസിംഗ് ബെനിഫിറ്റുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം 2014 ലാണ് ഗവണ്‍മെന്റ് കൈക്കൊണ്ടിരുന്നത്. എന്നാല്‍ ബെനിഫിറ്റുകള്‍ നല്‍കുന്ന പദ്ധതി തുടരുമെന്നും. യുവ തലമുറയ്ക്ക് ആവശ്യമായ ബെനഫിറ്റുകള്‍ തുടര്‍ന്നും ലഭിക്കുമെന്നും വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി എസ്തര്‍ മക്വേ വ്യക്തമാക്കി. പദ്ധതി നിര്‍ത്തലാക്കിയിരുന്നെങ്കില്‍ അത് 10,000ത്തോളം യുവതീ യുവാക്കളെ നേരിട്ട് ബാധിക്കുമായിരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. പുതിയ നീക്കത്തെ ലേബര്‍ പാര്‍ട്ടി സ്വാഗതം ചെയ്തു. 2017ലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തിയിരുന്ന വാഗ്ദാനങ്ങളിലൊന്നായിരുന്ന ബെനിഫിറ്റുകള്‍ പുനസ്ഥാപിക്കുമെന്നത്. രാജ്യത്തെ യുവജനങ്ങള്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് കണ്ടെത്തുന്നതിനായി വളരെയധികം ബുദ്ധിമുട്ടുന്നതായി ലേബര്‍ പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. പുതിയ പദ്ധതി യുവജനങ്ങള്‍ക്ക് ജോലി തേടുന്നതിനും പരിശീലനം ലഭിക്കുന്നതിനും തൊഴില്‍ പരിചയമുണ്ടാക്കുന്നതിനും ഉപകാരപ്പെടുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പഴയ രീതിയിലുള്ള ബെനഫിറ്റുകള്‍ രാജ്യത്തെ എല്ലാ യുവജനങ്ങള്‍ക്കും ലഭ്യമാകുമെന്നും വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. കെയറിംഗിലുള്ളവര്‍ക്കും മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ കഴിയാത്തവര്‍ക്കും ഈ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിരുന്നു. ബെനഫിറ്റുകള്‍ നിര്‍ത്തലാക്കിയ നടപടിയെ വിമര്‍ശിച്ച് ചാരിറ്റികള്‍ രംഗത്ത് വന്നിരുന്നു. രാജ്യത്ത് നിലവിലുള്ള രൂക്ഷമായ ഹൗസിംഗ് പ്രതിസന്ധിയെ വര്‍ദ്ധിപ്പിക്കാനേ ഈ തീരുമാനം ഉതകൂ എന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. 18 മുതല്‍ 21 വയസ്സുവരെ പ്രായമായ യുവജനങ്ങള്‍ക്ക് ഹൗസിംഗ് സൗകര്യങ്ങള്‍ കണ്ടെത്തുന്നത് ചെറിയ സഹായങ്ങള്‍ അത്യാവശ്യമാണ്. ബെനഫിറ്റുകള്‍ അത്തരമൊരു സഹായമാണ് ഒരുക്കുന്നതെന്നും ഹൗസിംഗ് ആന്റ് ചാരിറ്റി ഷെല്‍ട്ടര്‍ പറയുന്നു. യുവജനങ്ങള്‍ക്ക് സുരക്ഷിതമായ വീടുകള്‍ ലഭ്യമാകുന്നതിന് ലേബര്‍ അഫോഡബിള്‍ ഹൗസിംഗില്‍ നിക്ഷേപം നടത്തുമെന്നും സ്വകാര്യ വാടകവീടുകളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരുമെന്നും എംപി മാര്‍ഗരറ്റ് ഗ്രീന്‍വുഡ് വ്യക്തമാക്കി.
RECENT POSTS
Copyright © . All rights reserved