BMW
നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പായാല്‍ അത് യുകെയിലെ കാര്‍ നിര്‍മാണത്തിനും ഫാക്ടറികളിലുള്ള നിക്ഷേപത്തിനും ഭീഷണിയാകുമെന്ന് വാഹന നിര്‍മാതാക്കള്‍. കാര്‍ നിര്‍മാതാക്കളായ ടൊയോട്ട, ബിഎംഡബ്ല്യു എന്നിവയാണ് ഉപാധി രഹിത ബ്രെക്‌സിറ്റ് തങ്ങളുടെ വ്യവസായത്തെ ബാധിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റാണ് സംഭവിക്കുന്നതെങ്കില്‍ മിനിയുടെ ഉത്പാദനം യുകെയില്‍ നിന്ന് മറ്റൊരു രാജ്യത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് ബിഎംഡബ്ല്യു സ്‌കൈ ന്യൂസിനോട് പറഞ്ഞു. ഡെര്‍ബിയില്‍ സ്ഥിതിചെയ്യുന്ന തങ്ങളുടെ യുകെ ഫാക്ടറി നഷ്ടത്തിലാകുമെന്ന ഭീതിയുണ്ടെന്നും നോ ഡീല്‍ സൃഷ്ടിക്കുന്ന പ്രതികൂല ഫലങ്ങള്‍ ഭാവിയില്‍ കൊണ്ടുവരാനിടയുള്ള നിക്ഷേപങ്ങളെ ബാധിക്കുമെന്നും ടൊയോട്ടയുടെ യൂറോപ്യന്‍ ഓപ്പറേഷന്‍സ് തലവന്‍ ജോഹാന്‍ വാന്‍ സൈല്‍ ബിബിസിയോട് പറഞ്ഞു. ബ്രെക്‌സിറ്റ് സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയതാണ്. ഇത് കമ്പനിയുടെ മത്സര ക്ഷമതയെ ബാധിക്കുന്ന വിധത്തിലേക്കാണ് മാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നോ ഡീല്‍ ബ്രെക്‌സിറ്റാണ് സംഭവിക്കുന്നതെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ എന്താണ് സംഭവിക്കുകയെന്നതായിരിക്കും തങ്ങള്‍ ആദ്യം പരിശോധിക്കുകയെന്ന് ബിഎംഡബ്ല്യു ബോര്‍ഡ് മെമ്പറായ പീറ്റര്‍ ഷ്വാര്‍സെന്‍ബോവര്‍ സ്‌കൈ ന്യൂസിനോട് പറഞ്ഞു. മിനിയെ സംബന്ധിച്ച് ഇത്തരമൊരു സാഹചര്യം ദോഷകരമാണ്. ഓക്‌സ്‌ഫോര്‍ഡിന് അടുത്ത് കൗളിയിലുള്ള മിനി നിര്‍മാണ യൂണിറ്റ് മാറ്റുമോ എന്ന ചോദ്യത്തിന് അത് പരിഗണിക്കേണ്ടി വരുമെന്നായിരുന്നു മറുപടി. പ്രതികൂല സാഹചര്യങ്ങള്‍ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയെന്നായിരുന്നു നേരത്തേ ബിഎംഡബ്ല്യു ചീഫ് എക്‌സിക്യൂട്ടീവ് ഹാരോള്‍ഡ് ക്രൂഗര്‍ ബിബിസിയോട് പറഞ്ഞത്. ഏതു സാഹചര്യത്തിലും ബ്രിട്ടനില്‍ നിന്ന് പുറത്തു പോകില്ലെന്ന് നേരത്തേ അറിയിച്ചിരുന്ന നിസാനും ഹോണ്ടയും യുകെയുടെ കാര്‍ വ്യവസായ മേഖലയ്ക്ക് പ്രഹരമാകുന്ന തീരുമാനമെടുത്തതിനു പിന്നാലെയാണ് ടൊയോട്ടയും ബിഎംഡബ്ല്യുവും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വിന്‍ഡനിലുള്ള പ്ലാന്റ് അടച്ചുപൂട്ടുമെന്ന് ഹോണ്ടയും പുതിയ മോഡല്‍ യുകെയില്‍ നിര്‍മിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതായി നിസാനും അറിയിച്ചിരുന്നു.
ലണ്ടന്‍: ബ്രക്‌സിറ്റ് നിലവില്‍ വരുന്നതോടെ യുകെയിലെ വിപണി കമ്പനികള്‍ക്ക് പ്രതികൂല സാഹചര്യം സൃഷ്ടിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇ്കാര്യത്തില്‍ വ്യക്തതയാവശ്യപ്പെട്ട് എയര്‍ബസിന് പിന്നാലെ ബി.എം.ഡബ്യൂയും രംഗത്ത് വന്നു. ബ്രക്‌സിറ്റ് നിലവില്‍ വരുന്നതോടെ യൂറോപ്യന്‍ വിപണിയില്‍ വമ്പന്‍ കമ്പനികള്‍ക്ക് വലിയ നഷ്ടമുണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജ്യവിടുമെന്ന് പരോക്ഷമായി സൂചിപ്പിച്ച് ബി.എം.ഡബ്യൂ രംഗത്ത് വന്നിരിക്കുന്നത്. വിപണിയിലെ മാറ്റങ്ങള്‍ സംബന്ധിച്ച കൃത്യമായി വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ബി.എം.ഡബ്യൂ യൂകെ മേധാവി ഇയാന്‍ റോബര്‍ട്ട്‌സണ്‍ ആവശ്യപ്പെട്ടു. ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട അരക്ഷിതാവസ്ഥ തുടരുകയാണെങ്കില്‍ രാജ്യവിടുമെന്ന് എയര്‍ബസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തങ്ങളുടെ വിപണിയെ ബ്രക്‌സിറ്റ് പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടി കാണിച്ചായിരുന്നു കമ്പനിയുടെ മുന്നറിയിപ്പ്. ഏതാണ്ട് 14,000ത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് എയര്‍ബസ്. യുകെയില്‍ നിന്ന് കമ്പനി മാറ്റി സ്ഥാപിച്ചാല്‍ രാജ്യത്തെ തൊഴില്‍ മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും. അതേസമയം രാജ്യത്തെ വിപണിയെയും വ്യാവസായിക മേഖലയേയും യാതൊരുവിധത്തിലും ബ്രക്‌സിറ്റ് പ്രതികൂലമായി ബാധിക്കില്ലെന്ന നിലപാടിലാണ് യുകെ സര്‍ക്കാര്‍. ഇക്കാര്യത്തില്‍ യാതൊരുവിധ അവ്യക്തതയുമില്ലെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ ബ്രക്‌സിറ്റ് പ്രത്യാഘാതങ്ങളെക്കുറിച്ച് വന്‍കിട കമ്പനികള്‍ ആശങ്കയിലാണെന്നാണ് ബി.എം.ഡബ്യൂവിന്റെ മുന്നറിയിപ്പിലൂടെ വ്യക്തമാവുന്നത്. യൂറോപ്യന്‍ യൂണിയനിലെ 28 അംഗങ്ങള്‍ക്കും ഡ്യൂട്ടി ഫ്രീ വിപണന സാധ്യത ബ്രക്‌സിറ്റിന് ശേഷം ഇല്ലാതാകും. നിലവില്‍ യൂറോപ്പിന് പുറത്തുള്ള വിപണിക്ക് സമാനമായി 27 അംഗരാജ്യങ്ങളില്‍ നിയമങ്ങള്‍ വരാന്‍ സാധ്യതയുള്ളതായി സാമ്പത്തിക വിദഗ്ദ്ധര്‍ സൂചന നല്‍കുന്നു. യൂകെയില്‍ ബി.എം.ഡബ്യൂ നിര്‍മ്മിക്കുന്നത് റോള്‍സ് റോയിസ് കാറുകളാണ്. കമ്പനിയില്‍ ഏതാണ്ട് 8000ത്തോളം തൊഴിലാളികളുമുണ്ട്. ബ്രക്‌സിറ്റ് നയമാറ്റത്തിലുണ്ടാകുന്ന കാര്യങ്ങളില്‍ വ്യക്തത നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ കമ്പനി രാജ്യവിടുമെന്നാണ് സൂചന. എന്നാല്‍ ഇക്കര്യം സംബന്ധിച്ച് യാതൊരു ഔദ്യോഗിക വിശദീകരണങ്ങളും വന്നിട്ടില്ല. സര്‍ക്കാരിന്റെ ട്രേഡ് നയങ്ങളെക്കുറിച്ചും നികുതി നിരക്കുകളെക്കുറിച്ചും കൃത്യമായി വിവരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകാണം. ഒരുമാസത്തിനുള്ള ഇതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിച്ചില്ലെങ്കില്‍ കമ്പനി ഇതര മാര്‍ഗങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടി വരുമെന്ന് ബി.എം.ഡബ്യൂ യൂകെ മേധാവി ഇയാന്‍ റോബര്‍ട്ട്‌സണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജര്‍മന്‍ കാര്‍ നിര്‍മാതാവായ ബിഎംഡബ്ല്യു മൂന്ന് ലക്ഷത്തിലേറെ കാറുകള്‍ തിരികെ വിളിക്കുന്നു. അപകടങ്ങള്‍ക്ക് വഴിവെക്കാവുന്ന ഗുരുതരമായ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കാറുകള്‍ തിരികെ വിളിക്കാന്‍ കമ്പനി തീരുമാനിച്ചത്. ഓടുന്നതിനിടയില്‍ എന്‍ജിന്‍ അപ്രതീക്ഷിതമായി നിന്നുപോകുന്നതാണ് തകരാറ്. ഈ തകരാര്‍ കാരണമുണ്ടായ അപകടത്തില്‍ ഒരു മുന്‍ ഗൂര്‍ഖ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 36,140 പെട്രോള്‍ കാറുകള്‍ കമ്പനി തിരികെ വിളിക്കുകയും ചെയ്തു. എന്നാല്‍ 2007 മാര്‍ച്ചിനും 2011 ഓഗസ്റ്റിനുമിടയില്‍ നിര്‍മിച്ച വണ്‍ സീരീസ്, 3 സീരീസ്, Z4, X1 പെട്രോള്‍, ഡീസല്‍ മോഡലുകളിലെല്ലാം ഈ സുരക്ഷാപ്രശ്‌നമുണ്ടെന്ന് വ്യക്തമായതോടെ 3,12,000 കാറുകള്‍ തിരികെ വിളിച്ചിരിക്കുകയാണ്. 2016 ക്രിസ്മസ് ദിനത്തിലാണ് നാരായണ്‍ ഗുരുങ് എന്ന് മുന്‍ ഗൂര്‍ഖ സൈനികന്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇദ്ദേഹവും ഭാര്യയും സഞ്ചരിച്ചിരുന്ന ഫോര്‍ഡ് ഫിയസ്റ്റ ഹാംപ്ഷയറിലെ എ- റോഡില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്. എന്‍ജിന്‍ നിലച്ചതുമൂലം നടുറോഡില്‍ നിന്നുപോയ ഒരു ബിഎംഡബ്ല്യു ബ്ലാക്ക് 3 സീരീസ് കാറില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ കാര്‍ ഒരു മരത്തില്‍ ഇടിക്കുകയായിരുന്നു. ഇലക്ട്രിക്കല്‍ തകരാറാണ് കാര്‍ നിന്നുപോകാന്‍ കാരണമായത്. ബ്രേക്ക്‌ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമാകുകയും ചെയ്തു. അപകടത്തിനു പിന്നാലെ ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഈ തകരാര്‍ ബിഎംഡബ്ല്യു കാറുകളില്‍ വ്യാപകമായുണ്ടാകാനിടയുണ്ടെന്ന് വ്യക്തമായത്. അടുത്ത മൂന്നാഴ്ചയില്‍ ബിഎംഡബ്ല്യു കാറുകളുടെ ഉടമസ്ഥരെ നിര്‍മാതാക്കള്‍ ബന്ധപ്പെടുമെന്ന് വക്താവ് അറിയിച്ചു. ഒരു പ്ലഗ് മാറ്റിവെച്ചാല്‍ മാത്രം മതിയാകുമെന്നതിനാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ തകരാര്‍ പരിഹരിക്കാനാകുമെന്നും വക്താവ് പറഞ്ഞു. ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമായത് കാറുകളുടെ ഇലക്ട്രിക്കല്‍ തകരാറാണെന്നത് കമ്പനി ചൂണ്ടിക്കാട്ടിയിട്ടില്ലെന്ന് ഡിവിഎല്‍എ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
RECENT POSTS
Copyright © . All rights reserved