ഷെങ്കന്‍ നിയമങ്ങള്‍ അനുസരിച്ച് യാത്ര തുടങ്ങുന്ന ദിവസം മുതല്‍ കുറഞ്ഞത് ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്പോര്‍ട്ട് കൈവശമുണ്ടായിരിക്കണം. ഈ പ്രശ്നം 2 മില്യന്‍ ബ്രിട്ടീഷുകാരെ നേരിട്ട് ബാധിക്കുമെന്ന് കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ച്? പറയുന്നു. എന്നാല്‍ 15 മാസം കാലാവധിയുള്ള പാസ്പോര്‍ട്ട് കൈവശമുള്ള 1.5 മില്യന്‍ ആളുകളെക്കൂടി ഈ പ്രശ്നം ബാധിച്ചേക്കാമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇതോടെയാണ് 3.5 ദശലക്ഷം ആളുകള്‍ക്ക് മാര്‍ച്ച് 29നുള്ളില്‍ പാസ്പോര്‍ട്ട് പുതുക്കി ലഭിക്കേണ്ടി വരുമെന്ന് കണക്കാക്കിയത്. ഇതനുസരിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം ഇന്നാണ്.
യാത്ര മുടങ്ങുമോ എന്ന ആശങ്കയില്‍ ആപ്ലിക്കേഷനുകളുമായി ആളുകള്‍ തള്ളിക്കയറാനിടയുണ്ടെന്ന പ്രതീക്ഷയിലാണ് പാസ്പോര്‍ട്ട് ഓഫീസ്. അടുത്തിടെ വരെ പാസ്പോര്‍ട്ട് കാലാവധി അവസാനിക്കുന്നതിന് മുമ്പായി അവ പുതുക്കിയ ആളുകള്‍ക്ക് ശേഷിച്ചിരുന്ന കാലാവധിയിലെ 9 മാസം കൂടി പുതുക്കിയ പാസ്പോര്‍ട്ടിന്റെ കാലാവധിയില്‍ നീട്ടി നല്‍കിയിരുന്നു. എന്നാല്‍ നോ ഡീല്‍ ബ്രെക്സിറ്റാണ് നടപ്പാകുന്നതെങ്കില്‍ പാസ്പോര്ട്ടില് ബാക്കിയുള്ള കാലാവധി ചേര്‍ക്കപ്പെടാന്‍ സാധ്യതയില്ലെന്നാണ് നിഗമനം.
ചര്‍ച്ച ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് സമ്മതിച്ചുവെങ്കിലും പ്രധാനമന്ത്രി പറഞ്ഞതനുസരിച്ച് വോട്ടെടുപ്പ് ചൊവ്വാഴ്ച തന്നെ നടക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് വ്യക്തമാക്കി. ഈ വോട്ടെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ ബുധനാഴ്ച നടക്കുന്ന മറ്റൊരു വോട്ടെടുപ്പില്‍ നോ ഡീല്‍ ബ്രെക്സിറ്റ് തടയാനും ബ്രെക്സിറ്റ് തിയതി മാറ്റിവെക്കാനുമുള്ള കാര്യത്തില്‍ എംപിമാര്‍ തീരുമാനമെടുക്കും. ബാക്ക്സ്റ്റോപ്പ് വിഷയത്തില്‍ കാര്യമായ ഇളവുകള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് നേടിയെടുക്കാന്‍ തെരേസ മേയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് വിവരം. അതിനാല്‍ പ്രധാനമന്ത്രി തന്റെ പദ്ധതി എംപിമാരെക്കൊണ്ട് സാധിച്ചെടുക്കാന്‍ ശ്രമിക്കും. ഈയാഴ്ച അവസാനം പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തേക്കുമെന്നും കരുതുന്നു.
വീണ്ടും ബ്രസല്‍സിനെ സമീപിക്കാനുള്ള പദ്ധതി പ്രധാനമന്ത്രിക്കും കോക്സിനും ഇല്ലെന്നാണ് കരുതുന്നത്. എന്നാല്‍ ആവശ്യമായി വരികയാണെങ്കില്‍ അതിന് ഇരുവരും തയ്യാറായേക്കും. എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ ഞായറാഴ്ച രാത്രിയാണ് അതിനുള്ള സമയപരിധി അവസാനിക്കുന്നത്. തിങ്കളാഴ്ച ധാരണ സംബന്ധിച്ച രേഖകള്‍ അച്ചടിച്ച് പുറത്തു വിടേണ്ടതുണ്ടെന്നതിനാലാണ് ഇത്. ഈ രേഖയാണ് പാര്‍ലമെന്റില്‍ എംപിമാരുടെ അംഗീകാരത്തിനായി സമര്‍പ്പിക്കേണ്ടത്.
ബ്രെക്സിറ്റ് സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയതാണ്. ഇത് കമ്പനിയുടെ മത്സര ക്ഷമതയെ ബാധിക്കുന്ന വിധത്തിലേക്കാണ് മാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നോ ഡീല്‍ ബ്രെക്സിറ്റാണ് സംഭവിക്കുന്നതെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ എന്താണ് സംഭവിക്കുകയെന്നതായിരിക്കും തങ്ങള്‍ ആദ്യം പരിശോധിക്കുകയെന്ന് ബിഎംഡബ്ല്യു ബോര്‍ഡ് മെമ്പറായ പീറ്റര്‍ ഷ്വാര്‍സെന്‍ബോവര്‍ സ്കൈ ന്യൂസിനോട് പറഞ്ഞു. മിനിയെ സംബന്ധിച്ച് ഇത്തരമൊരു സാഹചര്യം ദോഷകരമാണ്. ഓക്സ്ഫോര്ഡിന് അടുത്ത് കൗളിയിലുള്ള മിനി നിര്‍മാണ യൂണിറ്റ് മാറ്റുമോ എന്ന ചോദ്യത്തിന് അത് പരിഗണിക്കേണ്ടി വരുമെന്നായിരുന്നു മറുപടി.
പ്രതികൂല സാഹചര്യങ്ങള്‍ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയെന്നായിരുന്നു നേരത്തേ ബിഎംഡബ്ല്യു ചീഫ് എക്സിക്യൂട്ടീവ് ഹാരോള്‍ഡ് ക്രൂഗര്‍ ബിബിസിയോട് പറഞ്ഞത്. ഏതു സാഹചര്യത്തിലും ബ്രിട്ടനില്‍ നിന്ന് പുറത്തു പോകില്ലെന്ന് നേരത്തേ അറിയിച്ചിരുന്ന നിസാനും ഹോണ്ടയും യുകെയുടെ കാര്‍ വ്യവസായ മേഖലയ്ക്ക് പ്രഹരമാകുന്ന തീരുമാനമെടുത്തതിനു പിന്നാലെയാണ് ടൊയോട്ടയും ബിഎംഡബ്ല്യുവും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വിന്‍ഡനിലുള്ള പ്ലാന്റ് അടച്ചുപൂട്ടുമെന്ന് ഹോണ്ടയും പുതിയ മോഡല്‍ യുകെയില്‍ നിര്‍മിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുന്നതായി നിസാനും അറിയിച്ചിരുന്നു.
ഇഗ്ലണ്ടിലെ 130 ട്രസ്റ്റുകളില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നോ ഡീല്‍ സാഹചര്യത്തില്‍ പൗണ്ടിന്റെ മൂല്യത്തകര്‍ച്ച മുതലെടുത്തുകൊണ്ട് യൂറോപ്യന്‍ വിതരണക്കാര്‍ക്ക് മറിച്ചു വില്‍ക്കാനായി മരുന്നുകള്‍ പൂഴ്ത്തിവെക്കാന്‍ ചിലര്‍ ശ്രമിച്ചേക്കാമെന്നും ഇത്തരം ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ തടയിടണമെന്നും ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ മേഖല ആവശ്യപ്പെടുന്നു. നോ ഡീല്‍ സാഹചര്യത്തെ നേരിടാന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ മാസങ്ങളായി പദ്ധതികള്‍ ആവിഷ്കരിച്ചു വരികയാണ്. മരുന്നുകള്‍ പൂഴ്ത്തിവെക്കുന്നതിനെക്കുറിച്ചും മരുന്നുകളുടെ ഇറക്കുമതി തടസങ്ങളില്ലാതെ നടത്തുന്നതിനെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് ഈയാഴ്ച പുറത്തു വിട്ടിരുന്നു.
മരുന്നുകളുടെ ലഭ്യതയില്‍ യാതൊരു പ്രതിസന്ധിയും ഉണ്ടാകില്ലെന്നാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറയുന്നത്. ഓരോരുത്തരും അവരുടെ ഉത്തരവാദിത്തം നിറവേറിയാല്‍ മാത്രം മതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഹെല്‍ത്ത് സെക്രട്ടറിയുടെ ആത്മവിശ്വാസം ആശുപത്രികള്‍ക്ക് ഇല്ലെന്നാണ് ട്രസ്റ്റുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
യൂറോപ്യന്‍ യൂണിയനുമായി നടത്തിയ രണ്ടാം വട്ട ചര്‍ച്ചകളില്‍ കൊണ്ടുവന്ന മാറ്റങ്ങളുമായാണ് ഉടമ്പടി വീണ്ടും അവതരിപ്പിക്കുന്നതെന്നും താന്‍ വാഗ്ദാനം ചെയ്ത മാറ്റങ്ങള്‍ ഇതിലുണ്ടെന്നും മേയ് അവകാശപ്പെട്ടു. എന്നാല്‍ വിചിത്രവും വീണ്ടുവിചാരമില്ലാത്തതുമായ ബ്രെക്സിറ്റ് വൈകിപ്പിക്കലിനാണ് മേയ് ഒരുങ്ങുന്നതെന്ന് ജെറമി കോര്ബിന് ആരോപിച്ചു. ഈ ബില്ലും പാര്‍ലമെന്റില്‍ പരാജയപ്പെട്ടാല്‍ രണ്ടു സാധ്യതകളാണുള്ളത്. ഒന്ന് നോ ഡീലിന് അനുവാദം നല്‍കുക എന്നതാണ്. ഇതിന് അംഗീകാരം ലഭിച്ചാല്‍ മാര്‍ച്ച് 29ന് തന്നെ ഉടമ്പടികളില്ലാതെ ബ്രെക്സിറ്റ് സാധ്യമാകും. രണ്ടു വര്‍ഷത്തേക്ക് പ്രഖ്യാപിച്ച ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിക്കാന്‍ അപേക്ഷിക്കണമെന്ന ആവശ്യമായിരിക്കും രണ്ടാമത്തെ വോട്ട്. ഇത് മാര്‍ച്ച് 14ന് നടന്നേക്കും. ഈ ബില്‍ പാസായാല്‍ മാര്‍ച്ച് 29ന് നടക്കേണ്ട ബ്രെക്സിറ്റ് നീളും.
ആര്‍ട്ടിക്കിള്‍ 50 ദീര്ഘിപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് മേയ് പ്രസ്താവനയില്‍ എംപിമാരെ അറിയിച്ചു. മാര്‍ച്ച് 29ന് ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിടുമ്പോള്‍ നടപ്പിലാകുന്ന ഉടമ്പടിയിലാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത്യാവശ്യമാണെങ്കില്‍ മാത്രം ബ്രെക്സിറ്റ് നീട്ടിവെക്കാന്‍ ആവശ്യപ്പെടാം. എന്നാല്‍ അത് ജൂണിന് അപ്പുറം നീളരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നും അവര്‍ വ്യക്തമാക്കി.