Heart Attack
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് ഹൃദയാഘാതം മൂലമാണ്. ജീവിത ശൈലി കൊണ്ടും പ്രമേഹം പോലുള്ള അസുഖങ്ങളുടെ അനുബന്ധമായും ഹൃദയാരോഗ്യം കുറയുകയും ഹൃദയഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. മറ്റു പല കാരണങ്ങളാലും ഹൃദ്രോഗങ്ങള്‍ ഉണ്ടാകാറുണ്ട്. ജനിതക കാരണങ്ങള്‍ പോലും ഹൃദ്രോഗങ്ങള്‍ക്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ജീവിത ശൈലി നിയന്ത്രിക്കുകയല്ലാതെ മറ്റൊരു പ്രതിരോധവും ഈ അസുഖത്തിന് ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ അമേരിക്കയിലെ ഒരു കൂട്ടം ഗവേഷകര്‍ ഹൃദയാഘാതത്തെ തളയ്ക്കാനുള്ള മരുന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഒരു കുത്തിവെയ്പ്പിലൂടെ മനുഷ്യന് ഹൃദയാഘാതം എന്ന കൊലയാളിയില്‍ നിന്ന് മോചനം നല്‍കുകയെന്നതാണ് ലക്ഷ്യം. ജീന്‍ തെറാപ്പിയാണ് ശാസ്ത്രജ്ഞര്‍ ലക്ഷ്യമിടുന്നത്. 30-40 വയസിനിടെ ഹൃദയാഘാതമുണ്ടാകുന്ന ജനിതകത്തകരാറുള്ളവരില്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ മരുന്ന് പരീക്ഷിക്കാനാകുമെന്ന് ഗവേഷകര്‍ പറയുന്നു. ഫലപ്രദമാകുകയാണെങ്കില്‍ ഹൃദ്രോഗങ്ങള്‍ക്ക് പ്രതിരോധ മരുന്നായി ലോകമെമ്പാടും ഈ തെറാപ്പി ഉപയോഗിക്കാനാകും. ഹൃദയാഘാത സാധ്യതയുള്ള മുതിര്‍ന്നവരില്‍ ഈ തെറാപ്പി വളരെ പ്രസക്തമാണെന്ന് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ കാര്‍ഡിയോളജിസ്റ്റും ജനറ്റിറ്റിക്‌സുമായ ശേഖര്‍ കതിരേശന്‍ പറഞ്ഞു. ജനിതകത്തകരാറു മൂലം ഹൃദയാഘാത സാധ്യതയുള്ളവരെ മാത്രമല്ല, എല്ലാ വിധത്തിലുള്ള ഹൃദയാഘാതങ്ങള്‍ക്ക് സാധ്യതയുള്ളവരെയും ലക്ഷ്യമിട്ടാണ് ഈ മരുന്ന് വികസിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മിക്ക രാജ്യങ്ങളിലും ഏറ്റവും കൂടുതലാളുകള്‍ ഹൃദയാഘാതത്താലാണ് മരിക്കുന്നത്. ഓരോ വര്‍ഷവും 18 ദശലക്ഷം ആളുകള്‍ ഈ രോഗത്താല്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഹൃദ്രോഗികള്‍ക്ക് രക്തത്തിന്റെ കട്ടി കുറയാനുള്ള മരുന്നുകളും കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന സ്റ്റാറ്റിനുകളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകളുമാണ് നല്‍കി വരുന്നത്. ഈ മരുന്നുകള്‍ മുടങ്ങാതെ ജീവിതകാലം മുഴുവന്‍ കഴിക്കുകയും വേണം.
ഹൃദ്രോഗ മരണങ്ങളുടെ എണ്ണം സാരമായി കുറയ്ക്കാന്‍ ഉയര്‍ന്ന ഡോസില്‍ സ്റ്റാറ്റിന്‍ നല്‍കുന്നത് സഹായിക്കുമെന്ന് ഗവേഷകര്‍. കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങളിലൂടെയുള്ള മരണങ്ങളെ ചെറുക്കാന്‍ സ്റ്റാറ്റിനുകള്‍ക്ക് സാധിക്കുമെന്ന് ഇംപീരിയല്‍ കോളേജ് ലണ്ടനിലെയും ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകരാണ് വ്യക്തമാക്കുന്നത്. കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങളായ ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് എന്നിവ വരുന്നതിന്റെ തോത് സ്റ്റാറ്റിന്റെ അളവ് വ്യത്യാസപ്പെടുത്തിയാല്‍ കുറയുമെന്നും വ്യക്തമായി. ഈ രോഗങ്ങള്‍ വരാന്‍ കൂടുതല്‍ സാധ്യതയുള്ളവരില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. 12,000 ഹാര്‍ട്ട് അറ്റാക്കുകളോ സ്‌ട്രോക്കുകളോ ഈ വിധത്തില്‍ ഒഴിവാക്കാനായി. ഒരിക്കല്‍ ഇത്തരം രോഗങ്ങള്‍ വന്നവരിലും സാധാരണക്കാരിലുമാണ് പഠനം നടത്തിയത്. ആദ്യമായാണ് സ്റ്റാറ്റിന്‍ ഉയര്‍ന്ന അളവില്‍ നല്‍കിക്കൊണ്ടുള്ള പഠനം നടത്തുന്നത്. ജെഎഎംഎ നെറ്റ്‌വര്‍ക്ക് ഓപ്പണ്‍ എന്ന ജേര്‍ണലില്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്റ്റാറ്റിന്‍ ഉയര്‍ന്ന ഡോസില്‍ ഉപയോഗിച്ചവരില്‍ ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ കൊളസ്‌ട്രോള്‍ നിരക്ക് താഴ്ന്നതായി കണ്ടു. രക്തക്കുഴലുകളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന ഉപദ്രവകാരിയായ കൊളസ്‌ട്രോളാണ് ഇത്. ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ച് സ്റ്റാറ്റിന്‍ സ്വീകരിച്ച രോഗികളില്‍ ഇതിന്റെ അളവ് സാരമായി കുറഞ്ഞുവെന്നും വ്യക്തമായിട്ടുണ്ട്. രോഗികള്‍ മരുന്നുകള്‍ ശരിയായി കഴിക്കുകയും ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യുന്നുണ്ടോ എന്ന കാര്യവും പഠനവിധേയമാക്കിയിരുന്നു. മരുന്നുകള്‍ യഥാക്രമം കഴിക്കാതിരിക്കുകയും മരുന്നുകള്‍ പെട്ടെന്ന് നിര്‍ത്തുകയും ചെയ്യുന്നത് ചികിത്സയെ ബാധിക്കും. രക്തത്തില്‍ കൊളസ്‌ട്രോളിന്റെ നിരക്ക് കൂടുതലാണെങ്കിലും അതിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷമാകണമെന്നില്ല. ചികിത്സ തുടരുന്നവരില്‍ കൊളസ്‌ട്രോളിന്റെ അളവ് കാര്യമായി കുറയുന്നുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ പ്രൊഫ. കൗശിക് റായ് പറഞ്ഞു. രോഗികളിലെ അപായ സാധ്യത കുറയാനും കൂടുതല്‍ കാലം മരുന്നുകള്‍ കഴിക്കുന്നതു തന്നെയാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. 450 ജിപി പ്രാക്ടീസുകളില്‍ നിന്നുള്ള അഞ്ചുലക്ഷം പേരുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ക്ലിനിക്കല്‍ പ്രാക്ടീസ് റിസര്‍ച്ച് ഡേറ്റാലിങ്ക് വിവരങ്ങളാണ് ഗവേഷകര്‍ വിശകലനം ചെയ്തത്.
ഹാര്‍ട്ട് അറ്റാക്ക് സാധ്യത പ്രവചിക്കാന്‍ കഴിയുന്ന ഡിഎന്‍എ സാങ്കേതികത മികച്ചതെന്ന് ശാസ്ത്രജ്ഞന്‍മാര്‍. നാല് ലക്ഷത്തോളം യുകെ പൗരന്‍മാരില്‍ നിന്ന് ശേഖരിച്ച ഡിഎന്‍എ സാംപിളുകളില്‍ നിന്ന് ഹാര്‍ട്ട് അറ്റാക്കിന് സാധ്യതയുള്ളവരുടെ ജനിതക പ്രത്യേകതകള്‍ വേര്‍തിരിച്ചെടുത്തത് അമേരിക്കന്‍ ശാസ്ത്രജ്ഞന്‍മാരാണ്. അഞ്ചുലക്ഷം ബ്രിട്ടീഷുകാര്‍ തങ്ങളുടെ സമകാലികരേക്കാള്‍ മൂന്നിരട്ടി ഹൃദയാഘാത സാധ്യതയുണ്ടെന്ന് ഈ പഠനത്തില്‍ വ്യക്തമായി. ഇവരുടെ ജീവന്‍ രക്ഷിക്കാനുള്ള രാജ്യവ്യാപകമായ സ്‌ക്രീനിംഗിന് ഈ കണ്ടുപിടിത്തം വഴിതെളിച്ചിരിക്കുകയാണെന്ന് ഗവേഷകര്‍ പറയുന്നു. ശേഖരിച്ച ഡിഎന്‍എ സാംപിളുകളില്‍ നിന്ന് ഒരു യുകെ ബയോബാങ്കിന് രൂപം നല്‍കിയിരിക്കുകയാണ് ഇവര്‍. ഇതില്‍ നിന്ന് ലഭിച്ച ഫലങ്ങള്‍ ഉപയോഗിച്ച് രോഗ സാധ്യത പ്രവചിക്കാനാകുന്ന റിസ്‌ക് സ്‌കോറുകള്‍ ഗവേഷകര്‍ രൂപീകരിച്ചു. കൊറോണറി ആര്‍ട്ടറി ഡിസീസ്, ഹൃദയ സ്പന്ദനത്തില്‍ അസ്വാഭാവികതകള്‍ കാണിക്കുന്ന ഏട്രിയല്‍ ഫൈബ്രില്ലേഷന്‍, ടൈപ്പ് 2 ഡയബറ്റിസ്, വന്‍കുടലിലെ അസുഖങ്ങള്‍, ബ്രെസ്റ്റ് ക്യാന്‍സര്‍ എന്നീ രോഗങ്ങളാണ് വിശകലന വിധേയമാക്കിയത്. പ്രത്യേക ജനിതക ഘടനയോടു കൂടിയ എട്ട് ശതമാനം ആളുകള്‍ക്ക് മറ്റുള്ളവരേക്കാള്‍ കൊറോണറി ആര്‍ട്ടറി ഡിസീസ് വരാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് വ്യക്തമായി. ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളായ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ പ്രകടിപ്പിച്ചില്ലെങ്കില്‍ പോലും ഇവര്‍ക്ക് രോഗസാധ്യതയുണ്ട്. വിപ്ലവകരമായ ഈ കണ്ടുപിടിത്തം ജനിക്കുമ്പോള്‍ത്തന്നെ രോഗസാധ്യത മനസിലാക്കാന്‍ കഴിയുന്ന വിധത്തിലേക്ക് വളരുമെന്നാണ് കരുതുന്നത്. ഹൃദ്രോഗങ്ങള്‍ക്ക് കാരണമായ സാധാരണ ഘടകങ്ങളേക്കാള്‍ ജനിതക ഘടകങ്ങളാണ് ഇത്തരക്കാരില്‍ അപകടകരമാകുന്നത്. എന്നാല്‍ ഈ ഘടകങ്ങള്‍ പലപ്പോഴും കണ്ടെത്തപ്പെടാതെ പോകുകയാണ്. നിലവിലുള്ള മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് ഇത്തരക്കാരെ കണ്ടെത്താന്‍ പലപ്പോഴും സാധിക്കാറില്ലെന്ന് കാര്‍ഡിയോളജിസ്റ്റുകള്‍ പോലും സമ്മതിക്കുന്നുണ്ട്.
RECENT POSTS
Copyright © . All rights reserved