obesity
കേക്കുകള്‍, ബിസ്‌കറ്റ്, മിഠായികള്‍ തുടങ്ങിയവയ്ക്ക് പുഡ്ഡിംഹ് ടാക്‌സ് ഏര്‍പ്പെടുത്താനൊരുങ്ങി ഗവണ്‍മെന്റ്. പഞ്ചസാരയുടെ അമിത ഉപയോഗം നിയന്ത്രിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് നടപടി. പഞ്ചസാര അമിതമായി അടങ്ങിയിരിക്കുന്ന ആഹാരത്തിന്റെ ഉപയോഗം ജനങ്ങളില്‍ അമിത വണ്ണത്തിന് കാരണമാകുന്നുവെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. കുട്ടികള്‍ 10 വയസ് പ്രായമെത്തുന്നതു വരെ 18 വയസില്‍ ഉപയോഗിക്കുന്ന അത്രയും പഞ്ചസാര കഴിക്കുന്നുണ്ടെന്നാണ് പുതിയ പഠനം വ്യക്കമാക്കുന്നത്. സാധാരണ ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഉത്പാദകര്‍ക്ക് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവ പാലിക്കപ്പെടുന്നില്ല. പുഡ്ഡിംഗുകളുടെ കാര്യത്തില്‍ നിയന്ത്രണമേ ഉണ്ടാകുന്നില്ലെന്നാണ് വെളിപ്പെടുത്തല്‍. ഇതോടെയാണ് പഞ്ചസാരയടങ്ങിയ ഭക്ഷണങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നത്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിലെ ചീഫ് ന്യൂട്രീഷനിസ്റ്റ് ഡോ.ആലിസണ്‍ ടെഡ്‌സ്‌റ്റോണ്‍ ഇക്കാര്യം ആവശ്യപ്പെട്ടു. സ്പ്രിംഗില്‍ വരുന്ന അവലോകനത്തില്‍ പഞ്ചസാരയുടെ കാര്യത്തില്‍ നിയന്ത്രണമുണ്ടാകുന്നില്ലെങ്കില്‍ നികുതി ഏര്‍പ്പെടുത്തണമെന്നാണ് അവര്‍ നല്‍കുന്ന നിര്‍ദേശം. വേണ്ടിവന്നാല്‍ മറ്റു നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടേക്കുമെന്നും അവര്‍ വ്യക്തമാക്കി. ശീതള പാനീയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഷുഗര്‍ ടാക്‌സിന്റെ അതേ മാതൃകയിലായിരിക്കും പുഡ്ഡിംഗ് ടാക്‌സും പ്രാവര്‍ത്തികമാക്കുക. കഴിഞ്ഞ വര്‍ഷമാണ് ഇത് നടപ്പാക്കിയത്. 2020 ഓടെ ഭക്ഷ്യ വസ്തുക്കളിലെ പഞ്ചസാരയുടെ അളവ് പകുതിയായി കുറയ്ക്കണമെന്നാണ് ഫുഡ് ഇന്‍ഡ്‌സ്ട്രിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ബ്രേക്ക്ഫാസ്റ്റ് സീരിയലുകള്‍, യോഗര്‍ട്ട്, കേക്ക്, ബിസ്‌കറ്റ്, മിഠായികള്‍, ചോക്കളേറ്റ്, ഐസ്‌ക്രീം, സ്‌പ്രെഡുകള്‍ എന്നിവയിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കണമെന്നാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്.
വണ്ണം കുറയ്ക്കാന്‍ ഇനി അധികം കഷ്ടപ്പെടേണ്ട. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്ന ബെറിയാട്രിക് ശസ്ത്രക്രിയക്ക് വിധേയരാകുകയോ ഭക്ഷണം കുറച്ചു കഴിക്കാനായി ഗ്യാസ്ട്രിക് ബാന്‍ഡ് ഇടുകയോ ഇനി വേണ്ടിവരില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അമിതവണ്ണവും ശരീരഭാരവും കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസമായി പുതിയ ഹോര്‍മോണ്‍ ചികിത്സ വരുന്നു. ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും ഫലപ്രദമായ ചികിത്സയാണ് ഇതെന്നാണ് വിലയിരുത്തല്‍. ഇംപീരിയല്‍ കോളേജ് ലണ്ടനില്‍ നടന്ന ട്രയലുകളില്‍ മാസത്തിലൊരിക്കല്‍ എടുക്കുന്ന കുത്തിവെയ്പ്പിന് വിധേയരായവര്‍ പിന്നീട് 30 ശതമാനം കുറവ് ഭക്ഷണം മാത്രമേ കഴിച്ചിരുന്നുള്ളുവെന്ന് വ്യക്തമായി. പ്രമേഹ മരുന്നുകളില്‍ നിന്ന് പോലും ചിലര്‍ മോചിതരായി. 20 പേരാണ് ട്രയലില്‍ പങ്കെടുത്തത്. മൂന്ന് ഹോര്‍മോണുകളാണ് ഇവര്‍ 28 ദിവസത്തെ ഇടവേളകളില്‍ സ്വീകരിച്ചത്. ഇതിനു ശേഷം ഇവര്‍ക്ക് 2 കിലോ മുതല്‍ 8 കിലോ വരെ ഭാരം കുറഞ്ഞെന്ന് സ്ഥിരീകരിച്ചു. ശസ്ത്രക്രിയ വഴി കുറയുന്നതിനേക്കാള്‍ ഭാരം കുറയ്ക്കാന്‍ ഈ രീതിയിലൂടെ സാധിച്ചുവെന്നാണ് വ്യക്തമായത്. അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ കുത്തിവെയ്പ്പ് ബെറിയാട്രിക് സര്‍ജറിയേക്കാള്‍ ഫലപ്രദമായി രോഗികളില്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ച ഇംപീരിയല്‍ കോളേജിലെ ഡയബറ്റിസ് എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം വിഭാഗം തലവന്‍ പ്രൊ. സര്‍. സ്റ്റീവ് ബ്ലൂം പറഞ്ഞു. അമിതവണ്ണം സമൂഹത്തില്‍ വലിയൊരു പ്രശ്‌നമായി മാറിയിരിക്കുകയാണ്. ക്യാന്‍സര്‍, ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുന്നു. ആര്‍ത്രൈറ്റിസ് കൂടിയുണ്ടെങ്കില്‍ ഇത് കൂടുതല്‍ ഗുരുതരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറക്കുകയാണ് ഈ ഹോര്‍മോണ്‍ ചികിത്സയിലൂടെ ചെയ്യുന്നത്. ഗവേഷണ ഫലം ഒരു മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷണ സംഘം.
ജീവന് ഭീഷണിയുള്ള രോഗങ്ങള്‍ക്ക് പോലുമുള്ള പരിശോധനകള്‍ അമിതവണ്ണക്കാരില്‍ നടത്താന്‍ കഴിയുന്നില്ലെന്ന് എന്‍എച്ച്എസ് നേതൃത്വം. അമിത ശരീരവണ്ണമുള്ള രോഗികള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന പല ചെക്കപ്പുകളും റദ്ദാക്കേണ്ടി വരുന്നതായി ഹെല്‍ത്ത് ചീഫുമാര്‍ പറയുന്നു. ശരീരവണ്ണം വളരെ കൂടുതലായതിനാല്‍ എംആര്‍ഐ സ്‌കാനിംഗ് മെഷീനില്‍ പോലും രോഗികളെ കയറ്റാനാകുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പല മാരക രോഗങ്ങളും കണ്ടെത്തുന്നതിന് ഇത്തരം ടെസ്റ്റുകള്‍ നിര്‍ണായകമാണ്. പക്ഷേ രോഗികളുടെ ശരീരത്തിന് അനുസരിച്ചുള്ള മെഷീനുകള്‍ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. രോഗികള്‍ക്ക് പാകമായ മെഷിനില്ലാത്തതിനാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 200ലധികം എംആര്‍ഐ സ്‌കാനിംഗുകളാണ് റദ്ദാക്കിയത്. സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന അതോറിറ്റികളും വലിയ സ്‌കാനറുകള്‍ വാങ്ങിക്കുവാന്‍ നിര്‍ബന്ധിതരായികൊണ്ടിരിക്കുകയാണ്. തടി കൂടുതലുള്ള ആളുകളുടെ എണ്ണത്തില്‍ വര്‍ധവുണ്ടാകുന്നുണ്ട്. പക്ഷേ അതിനനുസരിച്ച് സേവനങ്ങളും ഉപകരണങ്ങളും പരിഷ്‌കരിക്കപ്പെടുന്നില്ലെന്ന് ബ്രിട്ടീഷ് ഡയറ്റെറ്റിക്‌സ് അസോസിയേഷനിലെ ഷാനെഡ് ക്വിര്‍ക് വ്യക്തമാക്കുന്നു. നിരവധി രോഗങ്ങള്‍ കണ്ടെത്തുന്നതിന് സഹായിക്കുന്ന ഒന്നാണ് എംആര്‍ഐ സ്‌കാനിംഗ്. സാധാരണ എംആര്‍ഐ സ്‌കാനിംഗ് മെഷീനുകള്‍ക്ക് 68ഇഞ്ച് വ്യാസമാണ് ഉള്ളത്. ശരീരഭാരം 25 സ്റ്റോണില്‍ താഴെയുള്ള ആളുകളെ വരെ ഈ മെഷീനുകളില്‍ കയറാന്‍ ട്രസ്റ്റുകള്‍ അനുവദിക്കാറുണ്ട്. ശരീര ഭാരം വര്‍ദ്ധിക്കാതെ സൂക്ഷിക്കണമെന്ന് പറയുന്നതിന് പല കാരണങ്ങളുണ്ട്. സ്‌കാന്‍ ചെയ്യുന്നതിന് അമിത ശരീരഭാരം തടസ്സമുണ്ടാക്കുമെന്നും സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റിച്ചാര്‍ഡ് ഇവാന്‍സ് വ്യക്താമക്കുന്നു. അമിത ശരീരഭാരം ഹൃദയ സംബന്ധിയായ രോഗങ്ങള്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ വണ്ണമുള്ള സ്ത്രീയായി മാറണമെന്ന് ആഗ്രഹിച്ചിരുന്ന മോണിക്ക റൈലിയുടെ ജീവിതം പെട്ടന്നാണ് മാറി മറിഞ്ഞത്. 29 കാരിയായ മോണിക്ക ദിവസവും ഏതാണ്ട് 10,000 കലോറി അടങ്ങിയ ഭക്ഷണ പദാര്‍ഥമാണ് കഴിച്ചിരുന്നത്. ഗണ്യമായ അളവില്‍ കലോറികള്‍ അടങ്ങിയിരുന്ന ഭക്ഷണവും മില്‍ക്ക് ഷെയ്ക്കുമായിരുന്നു റൈലിയുടെ ഇഷ്ട വിഭവങ്ങള്‍. ഇത്രയും ആഹാരം കഴിക്കുന്ന റൈലിയുടെ ശരീരം ദിനംപ്രതി വീര്‍ത്തു വരികയും ചെയ്തിരുന്നു. സന്തുഷ്ടമായ കുടുംബ ജീവിതം നയിച്ചിരുന്ന റൈലിയുടെ ഭക്ഷണ ശീലത്തില്‍ മാറ്റം വരുന്നത് 2017ലാണ്. റൈലി ഗര്‍ഭിണിയാണെന്ന് അറിഞ്ഞ നിമിഷത്തിലാണ് താനിതു വരെ തുടര്‍ന്നു വന്ന ഭക്ഷണ രീതികളും ജീവിത ശൈലിയും മാറ്റാന്‍ റൈലി തീരുമാനിക്കുന്നത്. കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ജീവിതത്തില്‍ ചിട്ടയായ ഭക്ഷണ ശീലം കൊണ്ടുവന്നേ മതിയാകുവെന്നുള്ള റൈലിയുടെ തിരിച്ചറിവായിരുന്ന ആ മാറ്റത്തിന് പിന്നില്‍. ഗര്‍ഭിണിയാണ് എന്ന സത്യം വലിയ ഞെട്ടലാണ് എന്നിലുണ്ടാക്കിയത്. മുന്‍പ് രണ്ട് തവണ മിസ്‌കാര്യേജ് ഉണ്ടായിട്ടുള്ളതുകൊണ്ട് എനിക്ക് ഉള്ളില്‍ ഭയമുണ്ടായിരുന്നു. കുട്ടി ഗര്‍ഭപാത്രത്തിലിരിക്കുന്ന ആദ്യ ചിത്രം കണ്ടതുമുതല്‍ എന്നില്‍ വലിയ മാറ്റങ്ങളാണുണ്ടായത്. അതൊരു അദ്ഭുതമായിട്ടാണ് എനിക്ക് തോന്നിയത്. കുട്ടിയുടെ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാകുമെന്ന് എനിക്ക് എപ്പോഴും ഭയമുണ്ടായിരുന്നു. സന്തോഷിക്കാന്‍ ഞാന്‍ മടികാണിച്ച സമയങ്ങളാണവയെന്നും റൈലി പറയുന്നു. റൈലിയുടെ ജീവിതത്തില്‍ രണ്ട് തവണ ഗര്‍ഭിണിയായതിന് ശേഷം കുട്ടിയെ നഷ്ട്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ വളരെ നിര്‍ണായക ഘട്ടത്തിലൂടെയായിരുന്നു ആ സമയത്ത് അവര്‍ സഞ്ചരിച്ചിരുന്നത്. ഡയറ്റില്‍ കൃത്യമായ നിയന്ത്രണങ്ങള്‍ കൊണ്ടു വരികയും ചെറിയ വര്‍ക്ക്ഔട്ടുകള്‍ ശീലമാക്കുകയും ചെയ്ത റൈലി ശരീരഭാരം പതുക്കെ കുറച്ചുകൊണ്ടു വന്നു. ഏതാനും മാസങ്ങള്‍ക്ക് ശേഷം 700 പൗണ്ട് ഭാരമുണ്ടായിരുന്ന റൈലി 520 പൗണ്ടിലേക്ക് എത്തിച്ചേര്‍ന്നു. നിലവില്‍ അത് വീണ്ടും കുറഞ്ഞ് 465പൗണ്ടിലെത്തിയിട്ടുണ്ട്. മാസം തികയുന്നതിന് മുന്‍പ് റൈലിക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു. പിറന്നയുടനെ കുഞ്ഞിനെ നോക്കി ഞാന്‍ കരയുകയായിരുന്നു റൈലി പറഞ്ഞു. സ്വന്തമായി ശ്വാസിക്കാനാകാതിരുന്ന കുട്ടി ആദ്യം വെന്റിലേറ്ററിലായിരുന്നു. പക്ഷേ പിന്നീട് കാര്യങ്ങള്‍ സാധാരണ ഗതിയിലായി. ഹൃദയത്തില്‍ നാല് ദ്വാരങ്ങളുമായി ജനിച്ച റൈലിയുടെ മകള്‍ ഇതുവരെ രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയമായിട്ടുണ്ട്. ഇനി ഒരെണ്ണം കൂടി ബാക്കിയുണ്ട്. ശരീര ഭാരം വളരെ കൂറവായിരുന്ന കുട്ടി നിരവധി ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്നു. സമ്മര്‍ദ്ദങ്ങളിലൂടെയും പ്രതിസന്ധി ഘട്ടങ്ങളിലൂടെയും കടന്നു പോയെങ്കിലും അവസാനം റൈലിയും മകളും വീട്ടിലേക്ക് ആരോഗ്യത്തോടെ തിരികെയെത്തി. തന്റെ വണ്ണമുള്ള കൂട്ടുകാര്‍ക്ക് ഇപ്പോള്‍ തന്നോടുള്ള ചങ്ങാത്തത്തില്‍ മാറ്റം വന്നതായി റൈലി പറയുന്നു. ഞാന്‍ ശരീരഭാരം കുറയ്ക്കാന്‍ തുടങ്ങിയതിനു ശേഷമാണ് അത്തരത്തിലുള്ള പ്രതികരണം അവരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും റൈലി കൂട്ടിച്ചേര്‍ത്തു. പ്രതിസന്ധികളില്‍ തളരാതെ റൈലിയുടെ ജീവിതം വീണ്ടും മുന്നോട്ട് തന്നെ പോയ്‌ക്കൊണ്ടിരിക്കുകയാണ്.
ലണ്ടന്‍: അമിതവണ്ണവും അതു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും തടയാന്‍ പുതിയ ക്യാംപെയിനിന് തുടക്കം കുറിച്ച് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്. ബ്രിട്ടന്‍ ആഹാര ക്രമീകരണത്തിലേക്ക് നീങ്ങാനുള്ള സമയം അധികരിച്ചിരിക്കുന്നുവെന്നാണ് പിഎച്ച്ഇ നല്‍കുന്ന മുന്നറിയിപ്പ്. പുതിയ കലോറി ഗൈഡ്‌ലൈനുകളും പിഎച്ച്ഇ പുറത്തിറക്കി. ഫിഷ് ഫ്രൈ, ചിപ്‌സ്, സണ്‍ഡേ റോസ്റ്റ് തുടങ്ങി അമിത കലോറിയടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് ഈ ഗൈഡ്‌ലൈനുകളില്‍ ഉള്ളത്. പിഎച്ച്ഇ ആരംഭിച്ച വണ്‍ യൂ എന്ന ക്യാംപെയിനാണ് ഈ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്കായി നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് ബ്രേക്ക്ഫാസ്റ്റിന് 400 കലോറിയും ലഞ്ചിനും ഡിന്നറിനും 600 കലോറി വീതവും മാത്രമേ ആകാവൂ എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത്രയും കുറഞ്ഞ കലോറി അളവിലുള്ള ഭക്ഷണം യുദ്ധകാലത്തെ റേഷന് സമമാണെന്നും വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് ഇത് മതിയാകില്ലെന്നുമുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. അതേസമയം നൂറ് കണക്കിന് അധിക കലോറിയാണ് മിക്കയാളുകളും ഇപ്പോള്‍ ദിവസവും അകത്താക്കുന്നതെന്നും അതിലൂടെ പൊണ്ണത്തടി ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണെന്നും ആരോഗ്യ വിദഗദ്ധരും അഭിപ്രായപ്പെടുന്നു. ഫിഷ് ആന്‍ഡ് ചിപ്‌സിലും സണ്‍ഡേ റോസ്റ്റിലും മറ്റും 800 കലോറിയോളമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മിക്ക കറികളിലും പിസ, പാസ്റ്റ തുടങ്ങിയവയിലും അമിത കലോറി മൂല്യം അടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബ്രിട്ടന്‍ ഡയറ്റിലേക്ക് നീങ്ങിയേ മതിയാകൂ എന്ന് പിഎച്ച്ഇ ചീഫ് എക്‌സിക്യൂട്ടീവ് ഡങ്കന്‍ സെല്‍ബീ പറഞ്ഞു. നാം ഭക്ഷണത്തിന്റെ അളവ് കുറച്ചേ മതിയാകൂ. കുട്ടികളും മുതിര്‍ന്നവരും ഒരു ശ്രദ്ധയുമില്ലാതെയാണ് ആഹാരം വാരിവലിച്ചു കഴിക്കുന്നത്. ഇതു മൂലം മിക്കയാളുകളും അമിതഭാരമുള്ളവരും പൊണ്ണത്തടിക്കാരുമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫാമിലി ഫുഡില്‍ 20 ശതമാനം വരെ കലോറി കുറയ്ക്കാന്‍ ഭക്ഷ്യവ്യവസായങ്ങള്‍ക്ക് ആറ് വര്‍ഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതില്‍ പരാജയപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ഉപരോധമുള്‍പ്പെടെയുള്ള നടപടികളെ നേരിടേണ്ടി വരും. ഇതിനായി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ രീതികള്‍ മാറ്റുകയോ അളവില്‍ കുറവു വരുത്തുകയോ ചെയ്യാം. അതു കൂടാതെ കുറഞ്ഞ കലോറിയുള്ള ഭക്ഷണം വാങ്ങാന്‍ ഉപഭോക്താക്കളെ ഉപദേശിക്കണമെന്ന നിര്‍ദേശവും പിഎച്ച്ഇ നല്‍കിയിട്ടുണ്ട്. ബ്രെഡ്, കുക്കിംഗ് സോസുകള്‍, ക്രിസ്പുകള്‍, പ്രോസസ്ഡ് ഇറച്ചി, അരി, പാസ്റ്റ, റെഡി മീല്‍സ്, പിസ, സാന്‍ഡ് വിച്ചുകള്‍ തുടങ്ങി എല്ലാ ഭക്ഷ്യവസ്തുക്കളും കലോറി കുറയ്ക്കല്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
RECENT POSTS
Copyright © . All rights reserved