sabarimala
പമ്പ: അയ്യപ്പനെ കാണാതെ ശബരിമല വിട്ടുപോകില്ലെന്ന് ഉറപ്പിച്ച് തമിഴ് വനിതാ സംഘടന മനിതി. മനിതിയുടെ നേതൃത്വത്തില്‍ അയ്യപ്പ ദര്‍ശനത്തിനായി എത്തിയ യുവതികള്‍ ആരും അയ്യപ്പനെ കാണാതെ തിരികെ പോകില്ലെന്ന് വ്യക്തമാക്കിയതോടെ പോലീസ് സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. നിലവില്‍ യുവതികളെ പമ്പയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. എന്നാല്‍ സ്ഥിതിഗതികള്‍ രൂക്ഷമായാല്‍ പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് നടപടിയുണ്ടാകും. കൂടുതല്‍ പ്രവര്‍ത്തകരെ പമ്പയിലെത്തിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായും സൂചനയുണ്ട്. മനിതി അംഗങ്ങളുമായി പോലീസ് നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് തിരികെ പോകാനാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് തയ്യാറല്ലെന്ന് മനിതി അറിയിക്കുകയായിരുന്നു. ആചാര ലംഘനമുണ്ടായാല്‍ നടയടയ്ക്കണമെന്ന് പന്തളം കൊട്ടാരം തന്ത്രിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാരിനോട് ആലോചിക്കാതെ ഇത്തരമൊരു നടപടി തന്ത്രി സ്വീകരിക്കുകയാണെങ്കില്‍ അത് വലിയ നിയമപ്രശ്‌നമായി മാറിയേക്കും. നേരത്തെ തമിഴ്‌നാട്ടില്‍ നിന്ന് കമ്പംമേട് വഴി കേരളത്തിലെത്തിയ മനിതി സംഘത്തെ പലയിടങ്ങളിലായി ബി.ജെ.പി-സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സുരക്ഷ ആവശ്യപ്പെട്ട സംഘം പിന്നീട് പോലീസ് വാഹനത്തിലാണ് പമ്പയിലേക്ക് എത്തിയത്. നാല് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഇവര്‍ കുട്ടിക്കാനം വഴി പമ്പയിലെത്തിയത്. യുവതികള്‍ സന്ദര്‍ശനം നടത്തുന്ന സാഹചര്യത്തില്‍ കോട്ടയം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും രണ്ട് സംഘങ്ങളായി ഇനിയും അയ്യപ്പ ഭക്തരായ യുവതികള്‍ ശബരിമലയിലെത്തും. റോഡ് മാര്‍ഗം വരുന്നവര്‍ക്കെതിരെ തമിഴ്‌നാട്ടില്‍ വെച്ച് തന്നെ പ്രതിഷേധമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇവര്‍ക്ക് സുരക്ഷയൊരുക്കാന്‍ തമിഴ്‌നാട് പോലീസും തീരുമാനിച്ചിട്ടുണ്ട്. കേരള ബോര്‍ഡര്‍ വരെ ഭക്തകളെ എത്തിക്കാന്‍ തമിഴ്‌നാട് പോലീസ് ശ്രമിക്കും.
തിരുവനന്തപുരം: ബി.ജെ.പി. വെള്ളിയാഴ്ച ആഹ്വാനംചെയ്ത ഹര്‍ത്താലിനുനേരെ ജനരോഷം. ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം പതിനായിരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. ബി.ജെ.പി കേരളത്തിന്റെ ഫേസ്ബുക്ക് പേജില്‍ ജമനരോഷം ശക്തമായെങ്കിലും ഹര്‍ത്താല്‍ പിന്‍വലിക്കാന്‍ നേതൃത്വം തയ്യാറായില്ല. തുടര്‍ന്ന് ഹര്‍ത്താല്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് സോഷ്യല്‍ മീഡിയ രംഗത്ത് വന്നത്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ കടയടപ്പിക്കാന്‍ എത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപ്പോയി. തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ കോടിക്കണക്കിന് രൂപയാണ് സംസ്ഥാനത്തിന് നഷ്ടം വരുത്തിയിരിക്കുന്നത്. ഹര്‍ത്താലുകള്‍ക്കെതിരേ കോഴിക്കോട്ട് മിഠായിത്തെരുവില്‍ വ്യാപാരികള്‍ പ്രകടനം നടത്തി. ഇനിയുണ്ടാകുന്ന ഹര്‍ത്താലുകളില്‍ മിഠായിത്തെരുവിലെ കടകള്‍ അടയ്ക്കില്ലെന്ന് വ്യാപാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ പലയിടങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു. മെട്രാ റെയില്‍ പതിവുപോലെ സര്‍വീസ് നടത്തി. കോഴിക്കോടും ഹര്‍ത്താല്‍ ഭാഗികമായി മാത്രമെ ബാധിച്ചിട്ടുള്ളു. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഇന്നലെ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. വേണുഗോപാലന്‍ നായര്‍ ജീവിത പ്രശ്നങ്ങള്‍ മൂലമാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്ന് മജിസ്ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ വേണുഗോപാലന്‍ നായര്‍ അയ്യപ്പ ഭക്തനാണെന്നാണ് ബി.ജെ.പിയുടെ വാദം.
കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് നല്‍കിയ പരാതിയില്‍ അറസ്റ്റിലായ രഹനാ ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നവംബര്‍ 28നായിരുന്നു രഹന ഫാത്തിമയെ പത്തനംതിട്ട പൊലീസ് മതസ്പര്‍ദ്ദ ഉണ്ടാക്കിയെന്ന കേസില്‍ അറസ്റ്റ് ചെയ്തത്. ആദ്യം പതിനാല് ദിവസത്തെ റിമാന്‍ഡില്‍ വിടുകയും പിന്നീട് അത് നീട്ടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്. മത സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല. പമ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 3 മാസത്തേക്ക് കയറാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതോടെ രഹനയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്ത് നടത്താനിരുന്ന പ്രതിഷേധ പരിപാടി മാറ്റിവെക്കുമെന്നാണ് റിപ്പോര്‍ട്ട്. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് രഹന ഹൈക്കോടതിയെ സമീപിക്കുന്നത്. യൂവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി പുറത്തുവന്ന പശ്ചാത്തലത്തില്‍ രഹന അയ്യപ്പ ദര്‍ശനം നടത്താനായി ശബരിമലയിലെത്തിയിരുന്നു. എന്നാല്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താതെ തിരികെ പോന്നു. ശബരിമലയില്‍ എത്തുന്നതിന് മുന്‍പ് രഹന ഫെയിസ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണ് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിന് ആധാരമായി പരാതിക്കാരനായ ബി.ജെ.പി നേതാവ് ചൂണ്ടിക്കാണിക്കുന്നത്.
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി ശശികലയ്ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടി പറയവെ ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍ 60 ശതമാനം ക്രിസ്ത്യാനികളാണെന്ന ശശികലയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് നിയമനടപടിക്കൊരുങ്ങുന്നത്. ദേവസ്വം ബോര്‍ഡില്‍ ജോലി ചെയ്യുന്ന 60 ശതമാനം പേര്‍ ക്രിസ്ത്യാനികളാണ് കേരളത്തിലെ ഹിന്ദുക്കള്‍ ഒരു ഗതിയുമില്ലാതെ അലയുമ്പോളാണ് ഇത്തരമൊരു അവസ്ഥയെന്നായിരുന്നു ശശികലയുടെ വര്‍ഗീയത കലര്‍ന്ന പ്രസ്താവന. ഇത്തരത്തില്‍ ഭ്രാന്തുപിടിച്ച വര്‍ഗീയ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും. മെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമസഭയില്‍ ശബരിമല സംബന്ധിച്ച ചോദ്യോത്തര വേളയ്ക്കിടെയാണ് കോടതിയെ സമീപിക്കുന്ന കാര്യം മന്ത്രി വ്യക്തമാക്കിയത്. തനിക്കെതിരെ ശശികല ഒരു കോടി രൂപവേണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ മാനനഷ്ടകേസ് സമര്‍പ്പിച്ചിട്ടുണ്ട്. താന്‍ ശശികലയുടെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ സഭയെ അറിയിച്ചു. ശബരിമല തന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി കടകംപള്ളി പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ ചട്ടക്കൂടുകള്‍ക്ക് വിധേയമാണ് തന്ത്രിയെന്നും. അദ്ദേഹം ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ നടയടക്കല്‍ ഭീഷണി നടത്തിയ തന്ത്രിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കൊച്ചി: ശബരിമല സന്ദര്‍ശിക്കാന്‍ പ്രത്യേക സുരക്ഷ നല്‍കണമെന്ന് അറിയിച്ച് സംസ്ഥാനത്തിന് ഭൂമാതാ ബ്രിഗേഡ് നേതാവും വനിതാവകാശ പ്രവര്‍ത്തകയുമായ തൃപ്തി ദേശായി അയച്ച കത്തിന് മറുപടി നല്‍കില്ലെന്ന് റിപ്പോര്‍ട്ട്. ശബരിമലയില്‍ എത്തുന്ന എല്ലാ യുവതികള്‍ക്കും ഒരുപോലെ സംരക്ഷണം നല്‍കാനാണ് പോലീസ് തീരുമാനം. അതിനാല്‍ തൃപ്തി ദേശായിക്ക് മാത്രമായി പ്രത്യേകം പരിഗണന നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. നവംബര്‍ 17 ശനിയാഴ്ച ആറു യുവതികള്‍ക്കൊപ്പം ശബരിമലയില്‍ എത്തുമെന്നാണ് തൃപ്തി ദേശായി അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തു നല്‍കിയിട്ടുണ്ട്. താന്‍ ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും തൃപ്തി വ്യക്തമാക്കി. ഈ മാസം 16നും 20നുമിടയില്‍ ശബരിമലയില്‍ എത്തുമെന്ന് തൃപ്തി നേരത്തേ പറഞ്ഞിരുന്നു. മണ്ഡലകാലത്തിന് നട തുറക്കുന്ന സമയത്തു തന്നെയാണ് തൃപ്തി എത്തുന്നത്. അതുകൊണ്ടുതന്നെ ശക്തമായ പ്രതിഷേധവും ഉണ്ടായേക്കുമെന്നാണ് സൂചന. ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ തൃപ്തി ദേശായിയെ തടയുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മനിഷ രാഹുല്‍ തിലേക്കര്‍(42), മീനാക്ഷി രാമചന്ദ്ര ഷിന്ദേ (46), സ്വാതി കൃഷ്ണറാവു വട്ടംവാര്‍(44), സവിത ജഗന്നാഥ് റാവുത്ത്(29), സംഗീത ധൊണ്ടിറാം ടൊനാപേ(42), ലക്ഷ്മി ഭാനുദാസ് മൊഹിതേ(43) എന്നിവരാണ് തൃപ്തി ദേശായിയോടപ്പം മലകയറാനെത്തുക. മണ്ഡലകാലത്തിനു ശേഷമാണ് ശബരിമല വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് ലഭിച്ച ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നത്. എന്നാല്‍ അതുവരെ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധി സ്റ്റേ ചെയ്തിട്ടില്ല. സംഘര്‍ഷമൊഴിവാക്കാന്‍ സമവായ ശ്രമങ്ങളുമായി നീങ്ങുന്നതിനിടെ തൃപ്തിയുടെ പ്രഖ്യാപനം സര്‍ക്കാരിന് തലവേദനയാകും.
RECENT POSTS
Copyright © . All rights reserved