TIji Thomas
റ്റിജി തോമസ് നിനക്കറിയാമോ? ഞങ്ങൾ ഫുട്ബോൾ കളിച്ചിരുന്ന പന്ത് ഉണ്ടാക്കിയിരുന്നത് ഞങ്ങൾ തന്നെയാണ് .... മക്കളുടെ കളിയാക്കി ചിരി ഇമോജികളുടെ മറുപടിയായി അയാൾ എഴുതി .... പത്രത്തിൻറെ കടലാസ്സുകൾ ചുരുട്ടി ഉണ്ടാക്കുന്ന പന്തിൽ ഒട്ടുപാലു ചുറ്റി പിന്നെ അത് റബർ പാലിൽ മുക്കി ഉണക്കി ..... അങ്ങനെയായിരുന്നു ഞങ്ങൾ ഫുട്ബോൾ ഉണ്ടാക്കിയിരുന്നത്.... ചെറിയ ചരൽ കല്ലുകൾ നിറഞ്ഞ സ്കൂൾ ഗ്രൗണ്ടിൽ ആ പന്തുരുട്ടി ഞങ്ങൾ ഉച്ച സമയങ്ങളിലും ഇന്റർവെൽ പീരിയഡുകളിലും ആവേശത്തോടെ എന്ത് ഉഗ്രൻ കളിയായിരുന്നു ...അന്നൊക്കെ സ്കൂളിൽ പോകുന്നത് തന്നെ കളിക്കാനായിരുന്നു ! കളി കഴിയുമ്പോൾ കാൽ വെള്ളയിൽ കല്ലുകാച്ചി ഒത്തിയൊത്തി വീട്ടിൽ എത്തുമ്പോൾ കിട്ടുന്ന വഴക്കിനെ മറന്ന് വീണ്ടും വീണ്ടും ഞങ്ങൾ കളിക്കളത്തിലിറങ്ങുമായിരുന്നു.... നിനക്കറിയാമോ? നാട്ടിലെ സ്കൂളിൽനിന്ന് ചങ്ങനാശ്ശേരി എസ് ബി കോളേജിൽ പഠിക്കാൻ എത്തിയപ്പോഴാണ് ശരിക്കും ഞാൻ ഫുട്ബോൾ കാണുന്നത് തന്നെ. റബർ പാൽ കൊണ്ടുണ്ടാക്കിയ പന്ത് കളിയിൽ ഒന്നാമനായ എനിക്ക് ശരിക്കുള്ള ഫുട്ബോൾ കാലിന് വഴങ്ങാൻ എന്ത് പ്രയാസമായിരുന്നു എന്നോ ? വിവാഹം കഴിഞ്ഞതിനുശേഷം നാലുവർഷം കൂടുമ്പോൾ ആവർത്തിക്കുന്ന ലോകകപ്പിന്റെ ആവേശത്തിൽ ഈ കഥകൾ അയാൾ പലപ്രാവശ്യം അവളോട് പറഞ്ഞതാണ് .... ആദ്യമൊക്കെ ആവേശത്തോടെ കേട്ടിരുന്ന അവൾക്ക് ബോറടിക്കാൻ തുടങ്ങിയിരിക്കുന്നു..... പിന്നെയും പിന്നെയും ആവർത്തിക്കപ്പെടുന്ന സമാന കഥകളിൽ മടുപ്പ് അഭിനയിക്കുമ്പോൾ അയാൾ പറയും ഇത് നീ കേൾക്കാൻ പറയുന്നതല്ല .... നമ്മുടെ മക്കളും ഇതൊക്കെ അറിയണ്ടെ?.... അവളും മക്കളും ഫുട്ബോൾ ജേഴ്സി ഇട്ട് അയച്ചുതന്ന വാട്സ്ആപ്പ് മെസ്സേജ് അയാൾ ഒന്നുകൂടി നോക്കി. അപ്പയുടെ ഒരു ഫോട്ടോ അയച്ചു തരണം ജേഴ്സിയിട്ട്..... ഫാമിലി ഗ്രൂപ്പിൽ മക്കളുടെ മെസ്സേജ് . "ഈപ്രാവശ്യം ഏത് ടീമാ...". പതിവില്ലാതെ അവൾ എനിക്ക് പേഴ്സണൽ മെസ്സേജ് ആയി എഴുതി ചോദിച്ചു. "പഴയതുപോലെ തന്നെ തന്നെ ഞാൻ ഇപ്പോഴും അർജൻറീനയുടെ കൂടെ തന്നെയാ....." പിന്നീട് അവൾ എഴുതിയത് പകുതി തമാശയായിട്ടാണ്..... "പക്ഷേ കഴിഞ്ഞവട്ടം നമ്മുടെ ഒപ്പം നിന്ന മക്കള് രണ്ടുപേരും കൈവിട്ടുപോയി..... ഒരാൾ ഇപ്പോൾ സ്പെയിനിന്റെ കൂടെയാ.... എന്ത് കണ്ടിട്ടാണോ ? - പിന്നെ മറ്റവൾ നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ അരാഷട്രവാദിയായി.... ടീമൊന്നും ഇല്ല ..... അവൾ ആ റൊണാൾഡോയുടെ പുറകെയാ ..... " അയാൾ പൊട്ടിച്ചിരിച്ച് കണ്ണുനീർ തൂകുന്ന ഒരു ഇമോജി മറുപടിയായി അയച്ചു. കൂട്ടത്തിൽ ഒരു വോയിസ് മെസ്സേജും . "കുട്ടികൾക്ക് ഒക്കെ പ്രായമായില്ലെ..... അവർക്ക് അവരുടേതായ അഭിരുചികളും അഭിപ്രായങ്ങളും ..." "" ഇന്ന് കളി കാണുന്നുണ്ടോ...."" അവളുടെ ചോദ്യം ഇവിടെ നാട്ടിലെ പോലെ ഫുട്ബോൾ കളി കാണാൻ പറ്റുന്ന സാഹചര്യമല്ലെന്ന് പലപ്രാവശ്യം ഞാൻ അവളോട് പറഞ്ഞിരുന്നു. സംഘർഷം കനക്കുന്നതുമൂലം നാട്ടിലേക്കുള്ള യാത്ര പോലും നടക്കാത്ത അവസ്ഥ. ഇടയ്ക്ക് ഇടയ്ക്ക് മുഴങ്ങുന്ന അപകട സൈറണുകൾക്കിടയ്ക്ക് സുരക്ഷിതസ്ഥാനങ്ങൾ തേടിയുള്ള ഓട്ടപ്പാച്ചിലിൽ കളി കാണലുകൾ അപ്രസക്തമാകുന്നതിന്റെ നിരാശ തൻറെ മെസ്സേജുകളിൽ ഉൾപ്പെടാതിരിക്കാൻ അയാൾ പരിശ്രമിച്ചു. അയാളെ കണ്ടുമുട്ടിയതിന് ശേഷമാണ് അവൾ ഫുട്ബോൾ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഏറെ മുതിർന്ന ആങ്ങളമാരുടെ സ്വാധീനത്തിൽ അവൾ കടുത്ത ക്രിക്കറ്റ് ആരാധികയായിരുന്നല്ലോ... പലപ്പോഴും ക്രിക്കറ്റ് കളിയിലെ തൻറെ അറിവില്ലായ്മയെ അവൾ കളിയാക്കുമായിരുന്നു . അപ്പോഴൊക്കെ അവൾക്ക് ഒരിക്കലും മനസ്സിലാകാത്ത ചില കാര്യങ്ങളാണ് അയാൾക്ക് പറയാനുണ്ടായിരുന്നത്. ഇന്ത്യയെപ്പോലെ തൊഴിലില്ലായ്മ ഇത്ര രൂക്ഷമായ ഒരു രാജ്യത്ത് ഏകദിന ക്രിക്കറ്റിന്റെ പേരിൽ ഒരു ദിവസം മുഴുവൻ ടിവിയുടെ മുന്നിൽ ചടഞ്ഞിരിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കും എന്ന അയാളുടെ ചോദ്യത്തെ വിദ്യാർത്ഥി നേതാവിന്റെ താത്വികാവലോകനമെന്ന് പുച്ഛിച്ച് അവൾ തള്ളി. ക്രിക്കറ്റ് ഫൈനലുകളുടെ അന്ന് കോളേജിൽ നിന്ന് ഒരു ഫാഷൻ പോലെ അവധിയെടുത്ത അധ്യാപകരെ കുറിച്ച് മനസ്സിൽ ക്ലാസ്സില്ലാത്തതിന്റെ സന്തോഷമുണ്ടെങ്കിലും പുറമെ അയാൾ രോഷം കൊണ്ടു. തൊട്ടപ്പുറത്തുള്ള വിമൻസ് കോളേജിലെ അതെ അധ്യാപകരുടെ ഭാര്യമാരും അവധിയായിരുന്നു എന്ന് ഏതോ അറിയപ്പെടാത്ത സത്യം കണ്ടെത്തിയ അതിശയത്തോടെ അവൾ പറഞ്ഞു. ഫുട്ബോളിന്റെ ആവേശം കൊടുമ്പിരി കൊണ്ടപ്പോൾ ഇടയ്ക്കൊക്കെ അവൾ ഓർമിപ്പിച്ചു. നിങ്ങളും കൂടി അർജൻറീനയിൽ നിന്ന് മാറിയാൽ ഞാൻ ഒറ്റയാകും .... കളിയുള്ള ദിവസം രാത്രികളിൽ ഉറക്കപ്പിച്ചോടെ അവൾ അർജൻറീനക്കായി പ്രാർത്ഥിക്കുന്നുണ്ടാകുമെന്ന് അയാൾക്ക് തോന്നി. അവളുടെ കടുത്ത അർജൻറീന പ്രേമത്തിൽ മക്കൾക്ക് അസഹിഷ്ണുത തോന്നിത്തുടങ്ങിയിട്ടുണ്ടാവും. അതുകൊണ്ടാകുമല്ലോ ഒരാൾ മെസ്സിയുടെ കളിക്കളത്തിലെ കള്ളക്കളികൾ എന്ന വീഡിയോ അമ്മയോട് പറയണം എന്ന മെസ്സേജൊടെ അയാൾക്ക് അയച്ചുകൊടുത്തത്. പിന്നെ മറ്റവൾ സ്പെയിനിന്റെ കളി നടക്കുന്ന ദിവസങ്ങളിൽ പാതിരാത്രി കളി കാണുന്നതിന്റെ സ്ക്രീൻഷോട്ടുകൾ അയച്ചുതന്നത്. ചുരുക്കം പറഞ്ഞാൽ കളിയുള്ള ദിവസങ്ങൾ വീട്ടിലെ സ്ഥിതി യുദ്ധ സമാനമായിരുന്നിരിക്കണം . അവനവൻറെ ഇഷ്ട ടീമുകൾ ഇല്ലെങ്കിൽ ഓരോ ടീമുകളെ ദത്തെടുത്ത് വീട്ടിൽ അടി നടക്കുന്നതിനെ കുറിച്ച് അയാൾ ഒരു ചെറു മന്ദഹാസത്തോടെ മനസ്സിൽ കണ്ടു . ഫ്രാൻസും സ്പെയിനും ഏറ്റുമുട്ടിയപ്പോഴും അതായിരുന്നു അവസ്ഥ. രണ്ടുപേർ ഫ്രാൻസിനെ പിന്തുണച്ചുകൊണ്ട് ഫാമിലി ഗ്രൂപ്പിൽ മെസ്സേജ് ചെയ്തു. ഒരുത്തി കട്ട സ്പെയിൻ ആണല്ലോ ? നേരത്തെ തന്നെ ഫ്രാൻസിനെ സപ്പോർട്ട് ചെയ്യണമെന്ന് അവൾ എന്നോട് ആവശ്യപ്പെടുകയും സമ്മതിക്കുകയും ചെയ്തതാണ്. പോകെ പോകവെ അയാളുടെ മനസ്സ് സ്പെയിനിന് ഒപ്പം ചേർന്നത് അവൾ അറിഞ്ഞോ? നമ്മൾ തോൽക്കുകയാണല്ലോ ? ഫ്രാൻസ് ജയിക്കില്ലെ ? അവളുടെ മെസ്സേജ് . " നന്നായി കളിക്കുന്നത് സ്പെയിൻ അല്ലേ?" എൻറെ ചോദ്യം അവൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. "പക്ഷേ എൻറെ മനസ്സിൽ ഒരു എംബാപ്പെ ഫാൻ ഒളിഞ്ഞിരിപ്പുണ്ടോ എന്ന് സംശയം?. ഇപ്പോൾ ഞാൻ ശരിക്കും ഒറ്റയ്ക്കായി.... " അവൾ പരിഭവിച്ചു. "സാരമില്ല ... സ്പെയിൻ ജയിക്കുമ്പോൾ മോൾക്ക് സന്തോഷമാകുമല്ലോ.... " ഞാൻ അവളെ സമാധാനിപ്പിച്ചു.... "പക്ഷേ അടുത്ത കളി കാര്യമാകുമോ? അർജൻറീനയും ഇംഗ്ലണ്ടും ..... " "അതു പിന്നെ ചോദിക്കാനില്ലല്ലോ..... അർജൻറീന ജയിക്കും... " ഞാൻ അവൾക്ക് ഉറപ്പു കൊടുത്തു. കളി തുടങ്ങി... ആദ്യപകുതിയിൽ ആരും ഗോളടിച്ചില്ല .... കളി കൈവിട്ടു പോകുമോ.... അവളുടെ മെസ്സേജ് ... കളിയുടെ ഏതോ ഘട്ടത്തിൽ മനസ്സ് അറിയാതെ ഇംഗ്ലണ്ടുകാർക്കൊപ്പം കൂടിയതുപോലെ.... 1986 ലെ പകരംവീട്ടി ഇംഗ്ലണ്ട് ഫൈനലിൽ എന്ന തലക്കെട്ട് നാളത്തെ പത്രങ്ങളിൽ വരുന്നത് നേരിയ സന്തോഷത്തോടെ മനസ്സിൽ കണ്ടു. പക്ഷേ പല സത്യങ്ങളും തുറന്നു പറയുന്നത് വെറുതെ കുടുംബ സമാധാനം നശിപ്പിച്ചാലോ? ഇപ്പോൾതന്നെ ഫുട്ബോൾ ടീമുകളുടെ പേരിൽ മക്കളെല്ലാം എതിരാണ്. എന്തിന് ഭാര്യയെ കൂടി എതിർ ചേരിയിൽ എത്തിക്കണം. കളിയുടെ അവസാന നിമിഷങ്ങളിൽ അർജൻറീന ജയിച്ചപ്പോൾ അവൾ എനിക്ക് മെസ്സേജ് അയച്ചു. നമ്മൾ ജയിച്ചു..... ഞാൻ ഒരു ലൈക്ക് ഇമോജി അയച്ചു. പക്ഷേ എപ്പോഴോ ഇംഗ്ലണ്ടിന്റെ ഭാഗത്തേക്ക് മനസ് ചാഞ്ഞിരുന്നു എന്ന സത്യം അവൾ മനസ്സിലാക്കിയോ? ഫൈനലിൻ്റെ അന്ന് 12 മണിക്ക് തന്നെ മക്കളുമായി കളി കാണാൻ അവൾ നേരത്തെ തയ്യാറായി. ഞങ്ങളു തമ്മിലുള്ള സമയത്തിന്റെ അന്തരത്തെ കുറിച്ച് ചിലപ്പോഴൊക്കെ അവൾ മറന്ന് പോകുന്നതായി അയാൾക്ക് തോന്നിയിട്ടുണ്ട്. അതോ ഞങ്ങൾ ഒന്നിച്ചാണന്ന് ഭാവിക്കാൻ മനപൂർവ്വം നടത്തുന്ന ഇടപെടലുകളാണോ? ഒന്നുകൂടി മനസ്സറിയാൻ അവൾ മെസ്സേജ് അയച്ചു. "അപ്പോൾ അർജൻറീന ജയിക്കും അല്ലേ....ഇവിടെ സ്പെയിൻകാരിയും മെസ്സി വിരോധിയും ചേർന്ന് ശക്തമായ ടീമാണ് ..... നിങ്ങളുമില്ലെങ്കിൽ ഞാൻ ഒറ്റപ്പെട്ടു പോകും ..... " അവളുടെ ആശങ്കകളകറ്റാൻ കഴിഞ്ഞ ലോകകപ്പിൽ ജയിച്ചപ്പോൾ അർജൻറീനയുടെ ജേഴ്സി അണിഞ്ഞ് അവളുടെ താൻ തന്നെ എടുത്ത ഫോട്ടോ അയച്ചു കൊടുത്തു. കൂടെ ഒരു ഫാമിലി ഫോട്ടോയും . അതിൽ ഞങ്ങൾ രണ്ടുപേർക്കുമൊപ്പം ഇപ്പോഴത്തെ എതിരാളികളായ മക്കളെല്ലാം അർജൻറീന ജേഴ്സിയിൽ ആയിരുന്നു. കൂടാതെ ഞങ്ങളുടെ സൗഹൃദത്തിന്റെയും അടുപ്പത്തിന്റെയും ആദ്യ നാളുകളിൽ അയച്ചുതന്ന പാട്ടുകളുടെ റെക്കോർഡുകളിൽ നിന്ന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അവൾ പാടിയ പാട്ട് അവളോടും അർജൻറീനയോടും ഉള്ള ഇഷ്ടം ഉറപ്പിക്കാനായി ഞാൻ വീണ്ടും അയച്ചു . ഫുട്ബോളുമായി ഒരു ബന്ധവുമില്ലാത്ത ആ പാട്ട് എന്തിനയച്ചു എന്നതിന് ഉത്തരം കണ്ടെത്താൻ മനസ് ശ്രമിച്ചു കൊണ്ടേയിരുന്നു. കളി തുടങ്ങി.... ആദ്യവസാനം അർജൻറീന കളിയുടെ താളം കണ്ടെത്താനാവാതെ വിയർപ്പൊഴുക്കുന്നതിന്റെ വേദനാജനകമായ ഇമോജികൾ അവളും സന്തോഷത്തിന്റെ ഇമോജികൾ മക്കളും അയച്ചു കൊണ്ടേയിരിക്കുന്നു. എന്നാൽ എപ്പോഴോ അയാൾ വീണ്ടും മലക്കം മറഞ്ഞിരുന്നു. ഗോളുകൾ പ്രതീക്ഷിക്കുന്ന ഗോൾ പോസ്റ്റിന്റെ സ്ഥാനം മാറി മാറിയുന്നു. എന്നാണ് അർജൻറീന പ്രേമം തുടങ്ങിയത്.... സ്വന്തം രാജ്യത്തിന് ടീമില്ലാത്തവന്റെ അരക്ഷിതാവസ്ഥയിൽ നിന്നോ ? മനസ്സ് എപ്പോഴോ കളിയിൽ നിന്ന് മാറി .... ഇപ്പോൾ വർഷങ്ങൾക്ക് അപ്പുറത്താണ്. സ്കൂൾ ഗ്രൗണ്ടിൽ ....അവിടെ ചെളിയും ചരലും നിറഞ്ഞ കോർട്ടിൽ എത്ര ടീമുകളാണ് കളിക്കുന്നത്. അതിർ ടീമിന്റെ ഫൗളിൽ താഴെ വീഴുന്ന ഓരോ കളിക്കാരനെയും കാണുമ്പോഴും അയാൾ ടോമിനെ ഓർത്തു. ഒറ്റക്കാലിൽ വടി കുത്തിപ്പിടിച്ച് പോളിയോ ബാധിച്ച ഇടത്തെ കാലിളക്കി ശരവേഗത്തിൽ പായുന്ന ടോം. ആദ്യമൊക്കെ ആർക്കും വേണ്ടാത്ത ഗോളിയായി അവനെ ഒതുക്കിയെങ്കിലും പിന്നീട് ഏതു പൊസിഷനിലും കളിച്ച് ശരവേഗത്തിൽ കുതിച്ചു പായുന്ന ടോം. അവൻ ഇപ്പോൾ എവിടെയാണ്. വടികുത്തി പിടിച്ചത് മൂലം അവൻറെ കൈകളിൽ നല്ല തഴമ്പായിരുന്നു. നമ്മൾ തോറ്റു..... കൂടെ കുറേ കരയുന്ന ഇമോജികളും. മക്കളുടെ വക ആഘോഷങ്ങളുടെ ഇമോജികൾ ഗ്രൂപ്പിൽ നിറയുന്നു. മറുകണ്ടം ചാടി സ്പെയിനിന് ഒപ്പം പോയതായി പറഞ്ഞില്ല. അവളെ ആശ്വസിപ്പിക്കാൻ യാന്ത്രികമായി മെസ്സേജ് അയച്ചു. ശരിക്കും നമ്മൾ ( അർജൻറീന)തോറ്റു.... പക്ഷേ (എൻറെ ) സ്പെയിൻ ആണ് നന്നായി കളിച്ചത്..... റ്റിജി തോമസ്  റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
റ്റിജി തോമസ്  രണ്ട് ദിനരാത്രങ്ങൾക്ക് ശേഷം ബെഞ്ചമിന്റെ ഹോംസ്റ്റേയോടെ വിട പറഞ്ഞു. ലണ്ടനിൽ നിന്ന് തിരിച്ച് വെയ്ക്ക് ഫീൽഡിലേക്കുള്ള യാത്ര ഞങ്ങൾ ആരംഭിച്ചു. നേരത്തെ തന്നെ മനസ്സിൽ കൊണ്ടുനടന്നിരുന്ന ഒരു ആഗ്രഹം ഞാൻ ജോജിയോടും ബിജോയിയോടും പങ്കുവെച്ചിരുന്നു. ലോകപ്രശസ്ത കവിയും നാടകകൃത്തുമായ വില്യം ഷേക്സ്പിയറിന്റെ ഓർമ്മകൾ നിലനിൽക്കുന്ന ഏതെങ്കിലും സ്ഥലം സന്ദർശിക്കണം. അങ്ങനെയാണ് തിരിച്ചുള്ള യാത്ര സ്ട്രാറ്റ്ഫോർഡ് വഴി ആക്കാൻ ആദ്യം തീരുമാനിച്ചത്. സ്ട്രാറ്റ്ഫോർഡിലാണ് വില്യം ഷേക്സ്പിയർ ജനിച്ചത്. അവിടെ ഷേക്സ്പിയറിന്റെ വീട് സ്മാരകമായി സംരക്ഷിക്കപ്പെടുന്നുണ്ട് . ലോകത്തിൻറെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഷേക്സ്പിയർ ആരാധകരാണ് ദിനംപ്രതി അവിടം സന്ദർശിക്കുകയും പ്രചോദനം ഉൾക്കൊള്ളുകയും ചെയ്യുന്നത്. ഇതോടൊപ്പം വളരെ നയന മനോഹരവും പ്രകൃതിരമണീയമായ കാഴ്ചകൾക്കും പേരുകേട്ടതാണ് സ്ട്രാറ്റ്ഫോർഡ് . സ്വിറ്റ്സർലണ്ടിലെ ലോട്ടർബ്രുന്നൻ സന്ദർശിച്ചിട്ട് ഒരു സുഹൃത്ത് പറഞ്ഞതാണ് പെട്ടെന്ന് മനസ്സിലേക്ക് എത്തിയത്. അതുല്യമായ പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹിക്കപ്പെട്ട ലോട്ടർബ്രുന്നൻ സന്ദർശിക്കുകയും പ്രചോദനം ഉൾക്കൊണ്ട് സാഹിത്യ രചനകൾ നടത്താനും ഒട്ടേറെ പേർ അവിടെ എത്താറുണ്ടത്രേ. പക്ഷേ അവസാനനിമിഷം സ്ട്രാറ്റ്ഫോർഡ് യാത്ര ഞങ്ങൾക്ക് ഒഴിവാക്കേണ്ടിവന്നു. ദൂര കൂടുതലായിരുന്നു പ്രധാനകാരണം. അതു പക്ഷേ കുറച്ചുകൂടി മനോഹരമായ ഒരു കൂടിക്കാഴ്ചയ്ക്കാണ് അവസരം ഒരുക്കിയത്. മലയാളം യുകെയുടെ ചീഫ് എഡിറ്റർ ബിൻസു ജോണിന്റെ വീട് സന്ദർശിക്കാൻ സാധിച്ചത് അങ്ങനെയാണ്. മറ്റൊരു ദിവസം പദ്ധതിയിട്ടിരുന്ന ആ സന്ദർശനം ഞങ്ങളുടെ മടക്കയാത്ര മധ്യേയാക്കുകയായിരുന്നു. യുകെയിലെ സാമൂഹിക സാംസ്കാരിക മേഖലയിൽ ശക്തമായ ഇടപെടലുകൾ നടത്തുന്ന ശ്രീ ബിൻസുവിനെ നേരിട്ട് കാണുന്നത് മലയാളം യുകെ അവാർഡ് സ്വീകരിക്കാൻ യുകെയിൽ എത്തിയപ്പോഴാണ്. കേരളത്തിൽ കണ്ണൂർ സ്വദേശിയായ അദ്ദേഹവും ഭാര്യ നിധിയും രണ്ടു മക്കളും റഗ്ബിയിലാണ് താമസിക്കുന്നത്. ഇംഗ്ലണ്ടിലെ ചരിത്രപ്രസിദ്ധമായ പട്ടണമാണ് റഗ്ബി . ലോകപ്രശസ്തമായ റഗ്ബി കളിയുടെ ജന്മസ്ഥലം ഇവിടെയാണ്. 1823-ൽ റഗ്ബി സ്കൂളിൽ പഠിച്ചിരുന്ന വില്യം വെബ് എല്ലിസ് എന്ന വിദ്യാർത്ഥി, ഫുട്ബോൾ കളിക്കിടെ പന്ത് കൈയിൽ എടുത്ത് ഓടിയതോടെയാണ് റഗ്ബി എന്ന കളിക്ക് തുടക്കമായതെന്നാണ് കഥ. മനോഹരമായ വീടും വിശാലമായ കോർട്ടിയാർഡും ചേർന്നതാണ് ബിൻസുവിന്റെ വീട്. ഏറ്റവും ആകർഷിച്ചത് കോർട്ടിയാർഡിൽ കായ്ച്ചു നിൽക്കുന്ന മനോഹരമായ ആപ്പിൾ ചെടിയാണ്. ബിൻസു ജോൺ നേതൃത്വം നൽകുന്ന മലയാളം യുകെയെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് മറ്റ് ഓൺലൈൻ മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്‍തമായി മലയാള സാഹിത്യത്തിന് എഡിറ്റോറിയൽ ബോർഡ് നൽകുന്ന പ്രാധാന്യം കൊണ്ടാണ്. പ്രത്യേകിച്ച് അത്തം മുതൽ തിരുവോണം വരെയും മറ്റ് വിശേഷ അവസരങ്ങളിലും മലയാളം യുകെ പ്രസിദ്ധീകരിച്ചത് മികവുറ്റ രചനകൾ ആണ്. പ്രശസ്ത മലയാളം സാഹിത്യകാരന്മാരായ ശ്രീ ജോർജ് ഓണക്കൂർ, പ്രഭാവർമ്മ തുടങ്ങിയവരുടെ രചനകൾ മറ്റുള്ള ഓൺലൈൻ മാധ്യമങ്ങളിൽ നിന്ന് മലയാളം യുകെയെ വേറിട്ട വായനാനുഭവം നൽകുന്നതാക്കി. ചീഫ് എഡിറ്റർ ബിൻസു ജോണും അസോസിയേറ്റ് എഡിറ്റർ ഷിബു മാത്യു മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളായ ജോജി തോമസ് , റോയി ഫ്രാൻസിസ് , ജിമ്മി മൂലംകുന്നം, തോമസ് ചാക്കോ , ബിനു മാത്യു , ബിജു മൂന്നാനംപള്ളി എന്നിവരും ആണ് ഇതിനൊക്കെ ചുക്കാൻ പിടിക്കുന്നത്. യുകെയിൽ വെച്ച് പരിചയപ്പെട്ടതിനുശേഷം മലയാളം യുകെ സ്കോട്ട് ലൻഡിൽ വച്ച് നടത്തിയ അവാർഡ് ദാന ചടങ്ങിന്റെ ലോഗോ പ്രകാശനത്തിനായി കേരളത്തിൽ എത്തിയപ്പോൾ ബിൻസു ജോൺ എൻറെ വീട്ടിലും എത്തിച്ചേർന്നിരുന്നു. യുകെയിലെ മലയാളി സമൂഹത്തിൻറെ സാമൂഹിക സാംസ്കാരിക മേഖലകളിൽ ശക്തമായി ഇടപെടുന്ന ശ്രീ ബിൻസുവിനും മലയാളം യുകെയുടെ മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും ഒരു മാധ്യമം എന്ന നിലയിൽ മലയാളം യുകെയെ കൂടുതൽ ഉന്നതിയിലേയ്ക്ക് എത്തിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. റ്റിജി തോമസ്  റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
റ്റിജി തോമസ്  എന്റെ ലണ്ടൻ സന്ദർശനത്തിനിടയിലുണ്ടായ ഏറ്റവും വ്യക്തിപരമായ ചില അനുഭവങ്ങളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ലണ്ടന്റെ ഹൃദയഭാഗമായ ബക്കിംഗ്ഹാം കൊട്ടാരത്തിനും പാർലമെൻറ് സ്ക്വയറിനും സമീപമായി പരിചയപ്പെട്ട മോസസ് വ്യോമനിക്കേയുടെ രൂപം ഏറെനാൾ എൻറെ മനസ്സിനെ വേട്ടയാടിയിരുന്നു. യുകെയിലെങ്ങുമുള്ള അഭയാർത്ഥി പ്രവാഹവും അതിനെതിരെയുള്ള പ്രതിഷേധങ്ങളും വാർത്തകളിൽ നിറയുമ്പോൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മൂന്നാം ലോകരാജ്യങ്ങളിൽ നിന്ന് എത്തി പ്രതിഷേധത്തിന്റെ പ്ലക്കാർഡുമായി നിൽക്കുന്ന അയാളുടെ രൂപം മനസ്സിനെ വല്ലാതെ മതിക്കുന്നതായിരുന്നു. ഒരുപക്ഷേ ജീവിത ചിലവ് വർദ്ധനവിൽ പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്ന ബോർഡുമായി ദൂരേക്ക് ദൃഷ്ടി പതിപ്പിച്ച അയാളുടെ നിൽപ്പ് താൻ പ്രതിനിധാനം ചെയ്യുന്ന ഒട്ടേറെ പേരുടെ ദൈന്യത ചുമലിലേറ്റിയാണെന്ന ചിന്തയാണ് എൻറെ മനസ്സിൽ ഉണ്ടായത്. നൈജീരിയക്കാരനായ മോസസ് ഒരുപക്ഷേ യുകെയിലെത്തിയ അനേകം അനധികൃത കുടിയേറ്റക്കാരിലെ പരാജയപ്പെട്ടവരുടെ പ്രതീകമാണ്. വിരോധാഭാസം എന്ന് പറയുന്നത് നിരവധി സംരംഭങ്ങൾ ലണ്ടനിൽ നടത്തുന്ന ഞങ്ങളുടെ ഹോം സ്റ്റേ ഉടമയും ഒരു നൈജീരിയക്കാരനാണ് എന്നതാണ് . ലണ്ടനിൽ ഞങ്ങൾ താമസിച്ച ഹോം സ്റ്റേയുടെ ഉടമ ബെഞ്ചമിന്റെ കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. പാർലമെൻറ് സ്ക്വയറും വെസ്റ്റ് മിനിസ്റ്റർ ആബിയും സന്ദർശിച്ചതിനു ശേഷം മുന്നിലുള്ള വിശാലമായ ഗ്രൗണ്ട് ചുറ്റിക്കറങ്ങിയ ഞങ്ങളുടെ ശ്രദ്ധ പെട്ടെന്നാണ് ഒരു ആൾക്കൂട്ടത്തിലേയ്ക്ക് ആകർഷിക്കപ്പെട്ടത്. ആൾക്കൂട്ടത്തിന് നടുക്ക് കുറെ ചെറുപ്പക്കാർ സംഗീത ഉപകരണങ്ങളും വീഡിയോ ക്യാമറയുമായി അരങ്ങു തകർക്കുകയാണ്. ഏതോ ടിവി പരിപാടിയാണെന്നാണ് പെട്ടെന്ന് കരുതിയത്. സാക്‌സോഫോണുകളും അനുബന്ധ സംഗീത ഉപകരണങ്ങളും മറ്റും വിൽക്കുന്ന Sax.co. uk എന്ന യു കെ ആസ്ഥാനമായുള്ള ഓൺലൈൻ സ്റ്റോറിന്റെ പരസ്യാർത്ഥം സംഘടിപ്പിച്ച പരിപാടിയായിരുന്നു അത് . കാഴ്ചക്കാരോട് ചെറിയ ചെറിയ ചോദ്യങ്ങൾ ചോദിച്ച് സമ്മാനം കൊടുക്കുന്ന പരിപാടിയിൽ ശരിയുത്തരം പറഞ്ഞ് 5 പൗണ്ട് സമ്മാനം ലഭിച്ചു. കാണികളോട് സൗമ്യമായി തമാശരൂപേണ വ്യത്യസ്തമായി ഇടപെട്ട് തങ്ങളുടെ ജോലി ഭംഗിയായി ചെയ്യുന്ന കുറെ ചെറുപ്പക്കാർ. സ്ഥലങ്ങൾ സന്ദർശിക്കുന്നതിനിടെ പുതിയ ആൾക്കാരുമായി പരിചയപ്പെടുന്നതിനുള്ള അവസരം ഞാൻ പരമാവധി പ്രയോജനപ്പെടുത്താറുണ്ട്. ലണ്ടൻ സന്ദർശനത്തിനിടെ അങ്ങനെയുള്ള പരിചയപ്പെടലുകൾ കുറവായിരുന്നു . എന്നിരുന്നാലും റിക്ഷകൾ അത്ര സാധാരണമല്ലാത്ത ലണ്ടനിൽ വെച്ച് പരിചയപ്പെട്ട റിക്ഷാ ഡ്രൈവർ പവൽ ആ കൂട്ടത്തിൽ പെടുന്നയാളാണ്. ഞങ്ങൾ താമസിച്ചിരുന്ന ഹോം സ്റ്റേയുടെ സമീപത്തുള്ള വീടുകളുടെ മുകൾഭാഗത്ത് നിർമ്മിച്ചിരിക്കുന്ന ചിമ്മിനികളെ എൻറെ ശ്രദ്ധയിൽ പെടുത്തിയത് ജോജി ആണ്. ഇത്തരം ചിമ്മിനികൾ ഈ നാടിൻറെ കാലാവസ്ഥയോട് അനുബന്ധിച്ച് ആദ്യകാലങ്ങളിൽ അനിവാര്യമായിരുന്നു. കൽക്കരി ഉപയോഗിച്ച് വീടിൻറെ ഉൾവശം ചൂടു നിലനിർത്തിയിരുന്ന കാലത്ത് പുക പുറത്തേയ്ക്ക് വമിക്കാനായി ആണ് ഈ ചിമ്മിനികൾ ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. ഇന്ന് സെൻട്രൽ ഹീറ്റിംഗ് സംവിധാനങ്ങൾ വ്യാപകമായതോടെ ചിമ്മിനികളുടെ ആവശ്യം ഇല്ലാതായിരിക്കുന്നു. എന്നിരുന്നാലും പോയ കാലത്തിൻറെ പൈതൃകത്തിന്റെ ഭാഗമായി ലണ്ടനിലെ പല പഴയ വീടുകളും ഇപ്പോഴും ചിമ്മിനികളെ അലങ്കാരത്തിന്റെ ഭാഗമായി നിലനിർത്തുന്നുണ്ട്. ഈ ചിമ്മിനികളെ കുറിച്ച് കൂടുതൽ അനേഷിച്ചപ്പോഴാണ് ഒലിവർ ട്വിസ്റ്റ് പോലുള്ള ബ്രിട്ടീഷ് ക്ലാസിക്കുകളിൽ വരെ ചിമ്മിനികളെ കുറിച്ചുള്ള പരാമർശം ഉണ്ടെന്ന് മനസ്സിലായത്. ആദ്യകാലങ്ങളിൽ ചിമ്മിനികൾ സാമ്പത്തികമായി പുരോഗമിച്ച ഉന്നതരുടെ വീടുകളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 16-ാം നൂറ്റാണ്ടോടെയാണ് ചിമ്മിനികൾ സാധാരണക്കാരുടെ വീടുകളിലും വ്യാപകമായത്. ലണ്ടനിൽ ഉണ്ടായിരുന്ന മൂന്ന് ദിനരാത്രങ്ങളിൽ ഏറിയ പങ്കും ഞങ്ങൾ ഹോംസ്റ്റേയ്ക്ക് പുറത്തായിരുന്നു. ശരിക്കും ഓട്ടപ്രദക്ഷിണം. പക്ഷേ ഒന്നാം നിലയിലെ ഹോംസ്റ്റയിലെ വൈകുന്നേരങ്ങളിലെ ഒത്തുചേരലും താമസവും മനോഹരമായിരുന്നു. പ്രധാനകാരണം ഞങ്ങൾ എല്ലാവരും കൂടി ഒന്നിച്ച് നടത്തിയ പാചകം തന്നെ . പകൽ വിവിധ സ്ഥലങ്ങളിൽ നിന്ന് ഭക്ഷണം കഴിച്ചതിനുശേഷം കഞ്ഞി കുടിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം, അത് പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. ഇടയ്ക്കൊക്കെ ഇങ്ങനെ യാത്രകൾ പോകാറുള്ള ജോജി മതിയായ തയ്യാറെടുപ്പോടെയാണ് വന്നിരുന്നത്. കഞ്ഞി മാത്രമല്ല ഫ്രോസൺ ചെയ്ത പൊറോട്ടയും ജോജിയുടെ ഭാര്യ മിനി കൊടുത്തുവിട്ട വിവിധ കറികളും അച്ചാറും പിന്നെ ഞങ്ങളുടെ സ്വയം പാചകങ്ങളുമായി രണ്ടു രാത്രിയും ഞങ്ങൾ ശരിക്കും ആഘോഷിച്ചു . പകൽ മുഴുവൻ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ക്ഷീണിതരായിരുന്നെങ്കിലും എല്ലാദിവസവും രാത്രി 12 മണി വരെ പാചകവും കൊച്ചു വർത്തമാനവുമായി നീണ്ട മനോഹരമായ രാത്രികൾ. യുകെയിലേയ്ക്ക് യാത്ര തിരിക്കുമ്പോൾ ലണ്ടൻ സന്ദർശിക്കാൻ സാധിക്കുമെന്ന് സ്വപ്നേപി വിചാരിച്ചതല്ല. എൻറെ യുകെ സന്ദർശനം എന്നും ഓർമ്മയിൽ നിൽക്കുന്നതായിരിക്കണമെന്നും എന്നെ ലണ്ടൻ നഗരത്തിലെ ചരിത്രമുറങ്ങുന്ന സാംസ്കാരിക പ്രാധാന്യമുള്ള സ്ഥലങ്ങൾ കാണിക്കണമെന്നുമുള്ള ജോജിയുടെയും മിനിയുടെയും ദൃഢനിശ്ചയമാണ് അതിന് വഴിതുറന്നത്. സ്വതവേ യാത്രകളെ അതിരറ്റു സ്നേഹിക്കുന്ന എൻറെ മനസ്സിൽ ജീവിതകാലം മുഴുവൻ തങ്ങിനിൽക്കുന്ന ഓർമ്മകളാണ് യുകെ യാത്രയും പ്രത്യേകിച്ച് ലണ്ടൻ സന്ദർശനവും സമ്മാനിച്ചത്. യുകെയിൽ എത്തിയ ആദ്യ ദിവസം തന്നെ പരിചയപ്പെട്ടതാണ് ജോജിയുടെ സുഹൃത്തും തൃശ്ശൂർ സ്വദേശിയായ   വിജോയി വിൻസെന്റിനെ . എന്നാൽ ലണ്ടൻ യാത്രയിൽ കൂടെയുണ്ടായിരുന്ന ജോയിലിനെയും ലിറോഷിനെയും ഞാൻ ആദ്യം കാണുന്നത് യാത്രയുടെ തുടക്കത്തിൽ മാത്രമാണ്. ഒരാൾ വിജോയിയുടെ ഭാര്യ ജോസ്നയുടെ സഹോദരനും മറ്റൊരാൾ കസിനുമാണ്. രണ്ടുപേരും കാനഡയിൽ പഠിക്കുന്നു. പിന്നീട് വിജോയിയുടെ ഒരു ഫാമിലി ഫങ്ക്ഷനോട് അനുബന്ധിച്ച് ഇരുവരെയും തൃശ്ശൂരിൽ വച്ചും കാണുകയുണ്ടായി. സത്യത്തിൽ യാത്രകൾ പൂർണ്ണമാകുന്നത് അടുത്ത സുഹൃത്തുക്കളുടെ സാമിപ്യം കൊണ്ടു കൂടിയാണ്. യാത്രകളിൽ കാണുന്ന സ്ഥലങ്ങളോടൊപ്പം തന്നെ മനസ്സിൽ പതിഞ്ഞു നിൽക്കുന്ന സൗഹൃദ നിമിഷങ്ങളും ഒരിക്കലും മറക്കാൻ പറ്റാത്തതാണ്. ശരിക്കും ലണ്ടൻ യാത്രയിൽ ഞങ്ങളുടെ ലീഡർ വിജോയി ആയിരുന്നു. മിക്കവാറും എല്ലാ യുകെ മലയാളികളും നാട്ടിൽ നിന്ന് വരുന്ന ബന്ധുക്കൾക്ക് ഒരുക്കുന്ന സ്നേഹ സമ്മാനമാണ് ലണ്ടൻ യാത്ര. ആ രീതിയിൽ പലപ്രാവശ്യം ലണ്ടൻ സന്ദർശിച്ചിട്ടുള്ള വിജോയിയുടെ അനുഭവ പരിചയം ഏറ്റവും കൂടുതൽ മുതൽ കൂട്ടായത് എനിക്കാണെന്ന് പറയേണ്ടിവരും. ചുരുങ്ങിയ സമയത്തിനുള്ളിൽ ഓടിയെത്താൻ പറ്റാത്ത സ്ഥലങ്ങളും യാത്രാനുഭവം പകർന്ന് നല്കാൻ പ്രയത്നിച്ച ജോജിക്കും വിജോയിക്കും ഒരായിരം നന്ദി. ആഗ്രഹിച്ച സ്ഥലങ്ങളിലൂടെയെല്ലാമുള്ള യാത്രയ്ക്കും സൗഹൃദ നിമിഷങ്ങൾക്കും.   റ്റിജി തോമസ്  റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
റ്റിജി തോമസ്  പാർലമെൻറ് സ്ക്വയറിൽ നിന്ന് ബക്കിംഗ്ഹാം കൊട്ടാരത്തിലേക്കുള്ള ദൂരം ഒരു മൈലിൽ താഴെയേയുള്ളൂ. ജോജിയും ഞാനും പിന്നെ ജോജിയുടെ സുഹൃത്തായ വിജോയിയും ജോയലും ലിറോഷും അടങ്ങുന്ന ഞങ്ങളുടെ സംഘം കൊട്ടാരത്തിൽ എത്തിയപ്പോൾ 6:00 മണി കഴിഞ്ഞിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിവിധ ഭാഷ സംസാരിക്കുന്ന സന്ദർശകരെ കൊണ്ട് അവിടെ നിറഞ്ഞിരുന്നു. രാജകീയ മുദ്ര പതിപ്പിച്ച കൊട്ടാരത്തിന്റെ കൂറ്റൻ ഗേറ്റിനു വെളിയിൽനിന്ന് ഞങ്ങൾ ഉള്ളിലേക്ക് കണ്ണോടിച്ചു. പ്രൗഢ ഗംഭീരമായ കൊട്ടാരത്തിന്റെ ദൃശ്യം നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. ചില ഇടവേളകളിൽ കൊട്ടാരത്തിന് കാവൽ നിൽക്കുന്ന ഗാർഡുകൾ ഇരുവശങ്ങളിലേക്കും മാർച്ച് പാസ്റ്റ് നടത്തുന്നു. ലണ്ടന്റെ ഹൃദയഭാഗത്ത് അഭിമാനത്തോടെ നിലകൊള്ളുന്ന ബക്കിംഗ്ഹാം കൊട്ടാരം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതി എന്ന നിലയിൽ ലോകപ്രശസ്തമാണ്. ആ ചരിത്രപ്രസിദ്ധമായ കൊട്ടാരത്തിനു മുൻപിൽ ആണ് ഞങ്ങൾ നിൽക്കുന്നത് എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. 173 ൽ ആണ് ബക്കിംഗ്ഹാം കൊട്ടാരം നിർമ്മിച്ചത്. 1837 ൽ വിക്ടോറിയ രാജ്ഞിയാണ് ബക്കിംഗ്ഹാം പാലസ് രാജാവിന്റെ ഔദ്യോഗിക വസതിയാക്കി മാറ്റിയത്. അവിടെയാണ് അതാത് കാലത്തെ രാജാവും രാജ്ഞിമാരും ലോകരാജ്യങ്ങളുടെ തലവന്മാർക്കും വിശിഷ്ടാതിഥികൾക്കും ആദിത്യമരുളുന്നത്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ സമയത്ത് ആക്രമണത്തിനിരയായി ചരിത്രവും ബക്കിംഗ്ഹാം പാലസിനുണ്ട് . 1951ൽ ലോകം മുഴുവൻ ശ്രദ്ധ നേടിയ ചാൾസ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും വിവാഹശേഷം ജനങ്ങളെ അഭിസംബോധന ചെയ്തത് ഈ കൊട്ടാരത്തിന്റെ ബാൽക്കണിയിൽ നിന്നാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ രാജകീയ സ്മാരകങ്ങളിൽ ഒന്നായാണ് ബക്കിംഗ്ഹാം പാലസ് അറിയപ്പെടുന്നത്. അവിടെയുണ്ടായ ഓരോ നിമിഷവും ഒരു ചരിത്രപുസ്തകത്തിന്റെ താളുകൾ തുറന്നുനോക്കുന്നതുപോലെയായിരുന്നു. കൊട്ടാരത്തിനു മുന്നിൽ നിന്ന അനുഭവം ലണ്ടൻ യാത്രയിലെ ഏറ്റവും സ്മരണീയമായ നിമിഷങ്ങളായാണ് മനസ്സിൽ പതിഞ്ഞത്. റ്റിജി തോമസ്  റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
റ്റിജി തോമസ്  സത്യത്തിൽ ഞങ്ങൾ ഒരു ഓട്ടപ്രദക്ഷിണത്തിലായിരുന്നു. കുറഞ്ഞ സമയം കൊണ്ട് പാർലമെൻറ് സ്ക്വയർ, വെസ്റ്റ് മിനിസ്റ്റർ ആബി തുടങ്ങിയ ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ഒട്ടേറെ സ്ഥലങ്ങൾ ഞങ്ങൾ സന്ദർശിച്ചു. ബ്രിട്ടന്റെ പ്രൗഢഗംഭീരമായ സാംസ്കാരിക തനിമ വിളിച്ചോതുന്ന ചരിത്ര സ്മാരകമാണ് വെസ്റ്റ് മിനിസ്റ്റർ ആബി. ആയിരത്തിലധികം വർഷങ്ങൾ പഴക്കമുള്ള ബ്രിട്ടന്റെ ചരിത്രത്തിലെ നിർണായക നിമിഷങ്ങൾക്ക് സാക്ഷിയായ ഈ പള്ളി യുകെയിലെ ഏറ്റവും പ്രശസ്തമായ പൈതൃക കേന്ദ്രത്തിലൊന്നാണ്. AD 960 -ൽ നിർമ്മിച്ച വെസ്റ്റ് മിൻസ്റ്റർ ആബി ആദ്യകാലങ്ങളിൽ ഒരു ബെനഡിക്ടിൻ മഠമായിരുന്നു. മതപരമായ ചടങ്ങുകൾക്കൊപ്പം ശാസ്ത്ര പഠനത്തിനും വിദ്യാഭ്യാസത്തിനും സാഹിത്യത്തിനും പ്രാധാന്യം കൽപിച്ചിരുന്ന ബെനഡിക്ടിൻ സന്ന്യാസ സമൂഹം പള്ളിയോട് അനുബന്ധിച്ച് നല്ലൊരു ഗ്രന്ഥശാലയും ഉണ്ടാക്കിയിരുന്നു. ക്രമേണ വെസ്റ്റ് മിൻസ്റ്റർ ആബി മതപരമായ മാത്രമല്ല എല്ലാ അർത്ഥത്തിലും ഒരു ബൗദ്ധിക കേന്ദ്രമായി മാറി. പിന്നീട് 11-ാം നൂറ്റാണ്ടിൽ എഡ്വേർഡ് രാജാവാണ് ഈ മഠത്തെ വിപുലീകരിക്കുകയും ഭംഗിയുള്ള ഒരു പള്ളി നിർമ്മിക്കുകയും ചെയ്തത് . എഡ്വേർഡ് രാജാവ് മരിച്ച ശേഷം അദ്ദേഹത്തെ അവിടെ അടക്കം ചെയ്തതോടെ വെസ്റ്റ് മിൻസ്റ്റർ ആബിക്ക് രാജകീയ പ്രാധാന്യവും ലഭിച്ചു. മതവും സാഹിത്യവും ശാസ്ത്രവും മനോഹരമായി സമന്വയിപ്പിക്കുന്നതാണ് ഈ ചരിത്ര സ്മാരകത്തെ ഇത്രയും വേറിട്ടതാക്കുന്നത്. ഇവിടുത്തെ പോയറ്റ് കോർണർ തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. വില്യം ഷേക്സ്പിയർ ചാൾസ് ഡിക്കൻസ് തുടങ്ങിയ പ്രശസ്തരായ കവികളുടെയും നോവലിസ്റ്റുകളുടെയും നാടകകൃത്തുക്കളുടെയും ശാസ്ത്രജ്ഞന്മാരുടെയും ശവകുടീരങ്ങളും സ്മാരക ഫലങ്ങളും ആണ് പോയറ്റ് കോണറിനെ വ്യത്യസ്തമാക്കുന്നത്. പ്രശസ്തമായ ഗ്രന്ഥങ്ങൾ കൈയ്യെഴുത്തായി പകർത്തി തലമുറകൾക്ക് കൈമാറുന്നതിനായി സൂക്ഷിക്കുന്നതിൽ ഈ ആരാധനാലയത്തിന് വലിയ ഒരു പങ്കുണ്ട്. 11-ാം നൂറ്റാണ്ടിൽ വില്യം രാജാവ് ഇവിടെ കിരീടധാരണം നടത്തിയതോടെ വെസ്റ്റ് മിനിസ്റ്റർ ആബി രാജകീയ ചടങ്ങുകളുടെ കേന്ദ്രമായി മാറി. അന്നുമുതൽ ഇന്ന് വരെ ബ്രിട്ടനിലെ എല്ലാ രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും കിരീട ധാരണ ചടങ്ങുകൾ രാജകീയ വിവാഹങ്ങൾ തുടങ്ങി ഒട്ടേറെ പ്രാധാന്യമുള്ള ചടങ്ങുകൾ ഇവിടെയാണ് നടക്കുന്നത്. വെസ്റ്റ്മിനിസ്റ്റർ അണ്ടർ ഗ്രൗണ്ട് ട്യൂബ് സ്റ്റേഷനിൽ നിന്ന് ഏകദേശം 200 മീറ്റർ മാത്രമാണ് പാർലമെൻറ് സ്ക്വയറിലേയ്ക്ക് ഉള്ളത്. ബ്രിട്ടീഷ് പാർലമെന്റിന്റെ ചരിത്രം 700 വർഷത്തിലേറെ പഴക്കമുള്ളതാണ്. ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ ജനാധിപത്യ പ്രക്രിയയിൽ വലിയ സ്വാധീനമാണ് യുകെ പാർലമെന്റിനുള്ളത്. പാർലമെന്റ് മന്ദിരത്തിന്റെ പ്രവേശന കവാടത്തിൽ നിന്ന് ഞങ്ങൾ ഫോട്ടോ എടുത്തു . എംപി ബോർഡ് വെച്ച വാഹനത്തിൽ ഒരു ജനപ്രതിനിധി ആളും ആരവവും ഇല്ലാതെ സ്വയം കാറോടിച്ച് പാർലമെന്റിലേയ്ക്ക് പോകുന്നത് കൗതുകത്തോടെയാണ് കണ്ടത്. റ്റിജി തോമസ്  റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
Copyright © . All rights reserved