UP bypoll
തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഫലം മോഡി സര്‍ക്കാരിന്റെ പതനം ആരംഭിച്ചു കഴിഞ്ഞതിന്റെ സൂചനയെന്ന് പിണറായി വിജയന്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഈ ജനവിധി വന്നതോടെ ബിജെപിയുടെ ഭരണത്തുടര്‍ച്ച എന്ന സ്വപ്നമാണ് അസ്തമിച്ചികരിക്കുന്നതെന്ന് പിണറായി ഫേസ്ബുക്കില്‍ കുറിച്ചു. അധികാരത്തിന്റെയും സമ്പത്തിന്റെയും വര്‍ഗീയതയുടെയും ആയുധങ്ങള്‍ കൊണ്ട് എക്കാലത്തും ജനവിധി നിര്‍മ്മിച്ചെടുക്കാന്‍ കഴിയില്ല എന്ന് ബിജെപിയെ പഠിപ്പിക്കുന്ന ഫലമാണത്. ജീര്‍ണ്ണ രാഷ്ട്രീയവും പാപ്പരായ നയങ്ങളും കൊണ്ട് കൂടുതല്‍ വലിയ നാശത്തിലേക്കു പോകുന്ന കോണ്‍ഗ്രസ്സിന്റെ ദയനീയമായ ചിത്രവും ഈ ഫലങ്ങളില്‍ തെളിഞ്ഞിരിക്കുന്നതെന്നും പിണറായി പറയുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം ബി ജെ പി ഭരണത്തില്‍ നിന്ന് കുതറി മാറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ ജനതയുടെ വികാരത്തിന്റെ പ്രതിഫലനമാണ് ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പു ഫലം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഈ ജനവിധി വന്നതോടെ ബിജെപിയുടെ ഭരണത്തുടര്‍ച്ച എന്ന സ്വപ്നമാണ് അസ്തമിച്ചത്. രാജ്യം കാല്‍ക്കീഴിലാക്കാനുള്ള സംഘപരിവാര്‍ മോഹ പദ്ധതിയുടെ അടിത്തറ ഇളകിയിരിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മൂന്ന് ലക്ഷത്തിലേറെ ഭൂരിപക്ഷമുണ്ടായിരുന്ന രണ്ടു മണ്ഡലങ്ങളിലാണ് കനത്ത തോല്‍വി ഉണ്ടായത്. മുഖ്യമന്ത്രി ആദിത്യനാഥ് അഞ്ചുവട്ടം ജയിച്ച ഗോരഖ്പുരില്‍ സമാജ്വാദി പാര്‍ടി 21,881 വോട്ടിനാണ് ജയിച്ചത്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫൂല്‍പുരില്‍ സമാജ്വാദി പാര്‍ട്ടി 59,613 വോട്ടിന് ബിജെപിയെ തോല്‍പ്പിച്ചു. ബിജെപി ഭരണത്തെ നിലനിര്‍ത്തുന്നത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിമാരുടെ എണ്ണമാണ്. അതുകൊണ്ടാണ് മോഡി സര്‍ക്കാരിന്റെ പതനം തുടങ്ങിയെന്ന് പറയാനാവുന്നത്. എസ്പിയും ബിഎസ്പിയും ഒന്നിച്ചപ്പോഴാണ് ബിജെപിയെ തറപറ്റിക്കാനായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി കോണ്‍ഗ്രസ്സുമായി സഖ്യത്തിലായിരുന്നു. അന്ന് ദയനീയ പരാജയമാണ് ആ സഖ്യം ഏറ്റുവാങ്ങിയത്. കോണ്‍ഗ്രസിന് മത്സരിക്കാന്‍ 105 സീറ്റു നല്‍കി സഖ്യമുണ്ടാക്കിയ സമാജ്വാദി പാര്‍ട്ടി അന്ന് ഭരണത്തില്‍ നിന്ന് പുറത്തായി. കോണ്‍ഗ്രസിന് കിട്ടിയത് ഏഴു സീറ്റാണ്. ഇന്ന് കോണ്‍ഗ്രസ്സ് യു പി യില്‍ അതിലും ദയനീയമായ നിലയില്‍ എത്തിയിരിക്കുന്നു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗോരഖ്പുരില്‍ കോണ്‍ഗ്രസിന് 4.39 % വോട്ടുകിട്ടിയിടത്ത് ഇപ്പോള്‍ 2.02 ശതമാനമാണ്. ഫൂല്‍പുരില്‍ 6.05ല്‍ നിന്ന് 2.65 ശതമാനത്തിലേക്കാണ് കോണ്‍ഗ്രസ്സ് ചുരുങ്ങിയത്. അറുപതു ശതമാനമാണ് വോട്ടു ചോര്‍ച്ച. ത്രിപുരയിലെന്നപോലെ കോണ്‍ഗ്രസ്സ് തുടച്ചു നീക്കപ്പെടുകയാണുണ്ടായത്. ബിജെപിയോടുള്ള എതിര്‍പ്പും കോണ്‍ഗ്രസ്സിനോടുള്ള വിപ്രതിപത്തിയുമാണ് യു പിയില്‍ ഒരേ സമയം പ്രകടമായത്. വര്‍ഗീയതയോടും ജനവിരുദ്ധ സാമ്പത്തിക നയങ്ങളോടും പൊരുത്തപ്പെടാന്‍ കഴിയില്ല എന്ന പ്രഖ്യാപനമാണത്. അധികാരത്തിന്റെയും സമ്പത്തിന്റെയും വര്‍ഗീയതയുടെയും ആയുധങ്ങള്‍ കൊണ്ട് എക്കാലത്തും ജനവിധി നിര്‍മ്മിച്ചെടുക്കാന്‍ കഴിയില്ല എന്ന് ബിജെപിയെ പഠിപ്പിക്കുന്ന ഫലമാണത്. ജീര്‍ണ്ണ രാഷ്ട്രീയവും പാപ്പരായ നയങ്ങളും കൊണ്ട് കൂടുതല്‍ വലിയ നാശത്തിലേക്കു പോകുന്ന കോണ്‍ഗ്രസ്സിന്റെ ദയനീയമായ ചിത്രവും ഈ ഫലങ്ങളില്‍ തെളിഞ്ഞിരിക്കുന്നു. മഹാരാഷ്ട്രയിലും യുപിയിലും രാജസ്ഥാനിലും മറ്റും ഉയര്‍ന്നു വരുന്ന കര്‍ഷക പ്രക്ഷോഭങ്ങളും തൊഴിലാളികളുടെ ഉജ്ജ്വല മുന്നേറ്റങ്ങളും യു പിയിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ഒരേ ദിശയിലേക്കുള്ള സൂചനയാണ് നല്‍കുന്നത്. ആര്‍എസ്എസ് നയിക്കുന്ന ബിജെപിയെയും അതിന്റെ ഭരണത്തെയും തൂത്തെറിയാന്‍ ഇന്ത്യന്‍ ജനത തയാറെടുക്കുകയാണ്. ആ ജനവികാരം ജനവിരുദ്ധ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അവശിഷ്ട കോണ്‍ഗ്രസ്സിന് എതിരുമാണ്. യു പി യില്‍ വിജയം നേടിയവരെ അഭിനന്ദിക്കുന്നു.
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ ബഹുദൂരം പിന്നിലാക്കി മുന്നേറിയ ബി.എസ്.പി-എസ്.പി സഖ്യത്തെ അഭിനന്ദിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ട്വിറ്റര്‍ സന്ദേശത്തിലാണ് മമത ഇക്കാര്യ പറഞ്ഞത്. ഇതൊരു അന്ത്യത്തിന്റെ തുടക്കമാണെന്ന് മമത ട്വീറ്റ് ചെയ്തു. ബിജെപിയുടെ നാശത്തെയാണ് ട്വീറ്റില്‍ പരോക്ഷമായി സൂചിപ്പിച്ചിരിക്കുന്നത്. ബീഹാറിലെ അരാരിയ, ജെഹനാബാദ് ഉപതിരഞ്ഞെടുപ്പുകളിലെ വിജയത്തിന് ആര്‍ജെഡിയെയും ലാലു പ്രസാദ് യാദവിനെയും മമതാ ബാനര്‍ജി അഭിനന്ദിച്ചു. മഹത്തായ വിജയമാണിതെന്ന് ലാലുവിനെ അഭിനന്ദിച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഗോരക്പൂരിലെ വോട്ടെണ്ണല്‍ 14 റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ എസ്പി സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദ് 21000 ത്തിലേറെ വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സമീപകാലത്തെ ശത്രുതകള്‍ മറന്ന് ബിഎസ്പി-എസ് പിയും ഒന്നായതിനു ശേഷമുള്ള ആദ്യ തെരെഞ്ഞെടുപ്പാണ് ഗോരക്പൂരിലേത്. ഫുല്‍പുരില്‍ എസ്പിയുടെ നാഗേന്ദ്ര സിങ് പട്ടേല്‍ പതിനയ്യായിരത്തിലധികം വോട്ടിനു മുന്‍പിലാണ്. ഇവിടെ ബിജെപിയുടെ കൗശലേന്ദ്ര സിങ് പട്ടേലാണു രണ്ടാമത്. അതേസമയം ബീഹാറില്‍ ആര്‍ജെഡി വലിയ മുന്നേറ്റം നടത്തുകയാണെന്നാണ് വിവരം. സിറ്റിംഗ് സീറ്റുകളില്‍ വന്‍ പരാജയമേറ്റു വാങ്ങേണ്ടി വരുമോയെന്ന ഭീതിയിലാണ് ബിജെപി പാളയം. ഇരു സംസ്ഥനങ്ങളിലെയും ബിജെപിയുടെ ഭരണ പരാജയമാണ് തെരെഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.  
RECENT POSTS
Copyright © . All rights reserved