റിക് സണ്‍ ജോസ്, എറണാകുളം (Consulting Psychologist)
‘വിശ്വസിക്കാന്‍ പറ്റുന്നില്ല അവള്‍ മരിച്ചൂന്ന്.
മരിക്കാന്‍ മാത്രം എന്തുണ്ടായി ഇവിടെ’

‘എന്താണെങ്കിലും ഞങ്ങളോടോന്നു തുറന്നു പറഞ്ഞുകൂടായിരുന്നോ അവള്‍ക്ക്!’

‘എന്തൊരു മണ്ടത്തരമാണവള്‍ ചെയ്തത്’

‘ഈ തലമുറയെന്താ ഇങ്ങനെ’

ആത്മഹത്യ ചെയ്ത വ്യക്തിയുമായി വളരെ അടുപ്പമുള്ളവര്‍ പൊതുവെ പറയുന്ന വാക്കുകളാണിവ. സംഭവിച്ച ദുരന്താനുഭവത്തില്‍ ആത്മഹത്യ ചെയ്തവരെയും മറ്റുള്ളവരെയും കുറ്റപ്പെടുത്തി സ്വയം സമാധാനിക്കുന്ന പ്രവണതയാണ് നമ്മുടെ നാട്ടില്‍ പൊതുവേ കണ്ടുവരുന്നത്. അടുപ്പമുള്ള വ്യക്തിയുടെ ഇത്തരം മരണത്തിനുശേഷമുള്ള സന്ദര്‍ഭങ്ങളില്‍ മുകളില്‍ പറഞ്ഞ വാക്കുകളിലൂടെ പലപ്പോഴും മറക്കാനും മറയ്ക്കാനും ശ്രമിക്കുന്നത് അവസരോചിതമായ അടിയന്തിര രക്ഷാ പ്രവര്‍ത്തനങ്ങളില്‍ തനിക്കു സംഭവിച്ച ഗുരുതരമായ ഉത്തരവാദിത്വക്കുറവുകളാണ്.

ഓരോ ആത്മഹത്യയും തീവ്രമായ തീരുമാനം എന്നതിലുപരി അടിയന്തര പരിചരണം ലഭിക്കേണ്ടിയിരുന്ന കടുത്ത ഒരു മാനസിക ആഘാതമാണ്. ശ്രദ്ധിച്ചാല്‍ തിരിച്ചറിയാവുന്ന കുറേ ലക്ഷണങ്ങള്‍ കാണിക്കുന്ന ഒരു മാനസികാഘാതം. ആ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ നമ്മുടെ വ്യക്തി ബന്ധത്തിന്റെ സ്‌നേഹ ചരടുകള്‍ എത്ര ദുര്‍ബലമാണ് എന്നുവേണം മനസ്സിലാക്കാന്‍. വിവരിക്കാന്‍ പറ്റാത്ത അതിതീവ്രമായ മാനസിക സമ്മര്‍ദ്ദം മനസ്സിനെ ദുര്‍ബലപ്പെടുത്തി ആത്മഹത്യയിലേക്ക് ഒരു വ്യക്തിയെ തള്ളിനീക്കുന്ന അന്ധകാര നിമിഷങ്ങളെ ആ വ്യക്തിയോട് അടുപ്പമുള്ളവര്‍ക്കു ഒന്നു ശ്രദ്ധിച്ചാല്‍ തിരിച്ചറിയാനാകുന്നതേയുള്ളൂ. ആ തിരിച്ചറിവ് പ്രിയപ്പെട്ട വ്യക്തിക്കുവേണ്ടി മറ്റു പലതും മറന്ന് മുന്‍വിധിയില്ലാതെ അടിയന്തിരമായി പ്രവര്‍ത്തിക്കാന്‍ നമ്മെ സഹായിക്കും. ആത്മഹത്യയുടെ അടിയന്തിര സന്ദര്‍ഭങ്ങളെ തിരിച്ചറിയാനും അതിനനുസരിച്ച് ആ വ്യക്തിക്കുവേണ്ടി പ്രവര്‍ത്തിക്കാനും *അനാസ്ഥ കാണിച്ചാല്‍ അതു ഗുരുതരമായ സ്‌നേഹരാഹിത്യമാണ്… പ്രേരണയ്ക്കു തുല്യമായ കുറ്റകൃത്യം.

മരണത്തിനു തുനിഞ്ഞിറങ്ങിയ മനസ്സ് താഴെ കൊടുത്തിരിക്കുന്ന ലക്ഷണങ്ങളില്‍ പലതും പുറത്തു കാണിക്കും. ആത്മഹത്യയ്ക്കുള്ള മനസ്സിന്റെ ഈ മുന്നൊരുക്കങ്ങളെ നമുക്കു തിരിച്ചറിയാനാകട്ടെ…

*1. അസാധാരണമായ പെരുമാറ്റങ്ങള്‍*

അടുപ്പമുള്ളവരോടുള്ള സ്‌നേഹ സംഭാഷണങ്ങളില്‍ നിന്നും പെട്ടെന്നുള്ള ഒഴിവാകല്‍.
അമിതമായ ഏകാന്തതയും അസാധാരണമായ നിശബ്ദതയും
മനസ്സിലുള്ള പ്രയാസത്തെ അടുപ്പമുള്ളവരുടെ മുമ്പില്‍ നിഷേധിക്കാനും മൂടിവെയ്ക്കാനുമുള്ള പ്രത്യേക പരിശ്രമങ്ങള്‍.
ഒറ്റക്കും അടുപ്പമുള്ളവരുടെ മുന്നിലുമുള്ള നിയന്ത്രണാതീതമായ കരച്ചില്‍.
പെട്ടെന്നു കാണപ്പെടുന്ന നിഗൂഢമായ ശാന്തത.
അസാധാരണമായ അഭ്യര്‍ത്ഥനകളും ആഗ്രഹങ്ങളും.
മുന്നൊരുക്കമായ ചില അസാധാരണ ക്രമീകരണങ്ങള്‍.
അടുപ്പമുള്ളവരോടു കാണിക്കുന്ന അസാധാരണമായ വൈകാരിക സ്‌നേഹ പ്രകടനങ്ങള്‍
സാധാരണയായി പാലിച്ചുകൊണ്ടിരുന്ന പൊതു നിയമങ്ങള്‍, പൊതുവായ പെരുമാറ്റ രീതികള്‍, മതാനുഷ്ഠാനങ്ങള്‍ എന്നിവയുടെ ലംഘനം.
അസമയത്തുള്ള യാത്രകള്‍/ അസമയത്തുള്ള പുറത്തു പോകല്‍/ അസമയത്തുള്ള തിരിച്ചു വരവ്
രാത്രിമുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഉറക്കമില്ലായ്മ അല്ലെങ്കില്‍ അമിതമായ അസാധാരണ ഉറക്കം.
പാട്ട്, സിനിമ തുടങ്ങിയ വിനോദങ്ങളില്‍ നിന്നും സന്തോഷകരമായ മറ്റു കാര്യങ്ങളില്‍ നിന്നുമുള്ള അകാരണമായ പിന്‍മാറ്റം.
ഭക്ഷണം, വെള്ളം, സൗന്ദര്യത്തിലുള്ള ശ്രദ്ധ എന്നിവ അകാരണമായി ഒഴിവാക്കുന്നത്.
ചെയ്തുകൊണ്ടിരുന്ന ജോലിയിലും ഏറ്റെടുത്ത ദൗത്യങ്ങളിലുമുള്ള അകാരണമായ പിന്‍മാറ്റം.
കണ്ണാടിയിലൊ ഫോട്ടോയിലോ സ്വന്തം മുഖം നോക്കിയുള്ള അസാധാരണ വികാരാധീന പ്രകടനങ്ങള്‍
അസാധാരണമായ സ്വകാര്യ എഴുത്തുകുത്തുകള്‍. ആത്മഹത്യാകുറിപ്പുകള്‍.
സാധാരണ കാര്യങ്ങളില്‍ കാണുന്ന അസാധാരണമായ ശ്രദ്ധയില്ലായ്മ.
നിലവിലുള്ള സാഹചര്യത്തില്‍ നിന്നും മനസ്സുമാറി ഗൗരവമേറിയ ഏതോ ചിന്തിയിലാണ്ടിരിക്കുന്നത്.
ജീവനോടുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇന്റര്‍നെറ്റിലോ സംസാരത്തിലോ ബുദ്ധിപൂര്‍വ്വം തിരയുന്നത്.
ജീവനൊടുക്കാനുള്ള ചില വസ്തുക്കള്‍ മുറിയില്‍ രഹസ്യമായി സൂക്ഷിച്ചുവയ്ക്കുന്നത്.
പെട്ടെന്ന് എല്ലാറ്റിനോടുമുള്ള താത്പര്യക്കുറവ്.

*2. സൂചന തരുന്ന സംസാരങ്ങള്‍*

‘മതിയായി’, ‘മരിച്ചാല്‍ മതിയായിരുന്നു’, ‘ചിലതു തീരുമാനിച്ചിട്ടുണ്ട്’, തുടങ്ങിയ ആത്മഹത്യാ സൂചകങ്ങള്‍.
‘നോക്കിക്കോ’, ‘എല്ലാവരേയും ഞാന്‍ കാണിച്ചു തരാം’ എന്നിങ്ങനെയുള്ള ഭീഷണികള്‍.
തിയതിയും ദിവസവും പറഞ്ഞുള്ള തീരുമാന പ്രസ്താവനകള്‍.
ആത്മഹത്യ ചെയ്യാനുള്ള ഉദ്യമത്തേയും മരണത്തേയും സാധൂകരിച്ചുള്ള സംസാരങ്ങള്‍
ആത്മഹത്യ ചെയ്തവരെപ്പറ്റിയുള്ള സംസാരങ്ങള്‍.
‘എനിക്ക് ആരുമില്ല’, ‘ജീവിക്കാന്‍ ഇനി ഒരു മാര്‍ഗ്ഗവുമില്ല’, ‘ഞാന്‍ നശിച്ചു’ തുടങ്ങിയ നിരാശയാര്‍ന്നതും മനസ്സു മടുത്തതുമായ വാക്കുകള്‍.
അസാധാരണ ഗൗരവം പ്രകടമാകുന്ന ദൃഢമായ മറുപടികള്‍.

*3.ശരീര-മുഖ ഭാവങ്ങളില്‍ തെളിയുന്ന സൂചനകള്‍*

അതീവ ദുഃഖം അമര്‍ത്തിപ്പിടിച്ച നിറഞ്ഞ വാടിയ മുഖം.
അനുദിന പ്രവര്‍ത്തനങ്ങളില്‍ ആവശ്യത്തിനു ശ്രദ്ധ ചെലുത്താത്ത, ഏകാഗ്രതയില്ലാത്ത കണ്ണുകളുടെ ചലനം.
ക്ഷീണം തോന്നുന്ന ശരീരം.
അകാരണമായ ശരീര വേദന.
കടുത്ത മാനസിക സമ്മര്‍ദ്ദം തോന്നുന്ന മുഖഭാവം.
എന്തോ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടെന്നു വ്യക്തമാകുന്ന ദൃഢമായ ചലനങ്ങള്‍.
ശരീരത്തിന്റ ഭാരം അസാധാരണമായി കുറയുന്നത്.
ലൈംഗീക ബന്ധത്തോടു പെട്ടെന്നുള്ള താത്പര്യക്കുറവ്.
വസ്ത്രധാരണത്തിലും അണിഞ്ഞൊരുങ്ങുന്നതിലുമുള്ള താത്പര്യക്കുറവുമൂലം കാഴ്ചയില്‍ പ്രകടമാകുന്ന ശ്രദ്ധേയമായ മാറ്റങ്ങള്‍.
സാധാരണ നിറത്തില്‍ നിന്നും കൂടുതല്‍ ഇരുണ്ടതായി തോന്നുന്ന മുഖം.
സ്വതന്ത്രമായും സ്വാഭാവികമായും തമാശകളുടേയും വ്യക്തികളുടേയും മുമ്പില്‍ ചിരിക്കാനുള്ള അസാധാരണ വിമുഖത.

*4. തീവ്രമായ വൈകാരിക നില*

കൃത്യമായി വേര്‍തിരിച്ചൂ മനസിലാക്കാനാവാത്ത അതിതീവ്രമായ വൈകാരിക പ്രശ്‌നങ്ങള്‍
നിയന്ത്രണാധീതമായ നിരാശ, സങ്കടം, ദേഷ്യം, വൈരാഗ്യം.
തീരുമാനിച്ചുറപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ അടക്കിവച്ചിരിക്കുന്ന തീവ്ര വികാരങ്ങള്‍.

viksonറിക് സണ്‍ ജോസ്, എറണാകുളം (Consulting Psychologist)