ടോം ജോസ് തടിയംപാട്
ഒരു ലിവര്‍പൂള്‍ മലയാളി യുവാവ് ജവഹര്‍ലാല്‍ നെഹ്റുവും, ഐസക് ന്യൂട്ടനും, ചാള്‍സ് ഡാര്‍വിനും, സ്റ്റീഫന്‍ ഹോക്കിംഗും, നടന്ന വഴിയില്‍ നടന്നു ജീവിത വിജയം നേടിയത് നിങ്ങള്‍ക്ക് അറിയേണ്ടേ? ഒട്ടേറെ മഹാരഥന്‍മാരുടെ പാദം പതിഞ്ഞ യുകെയിലെ കേംബ്രിജ് യുണിവേഴ്‌സിറ്റി എന്നും ഒരു നല്ല വിദ്യാര്‍ത്ഥിയുടെ സ്വപ്നഭൂമിയാണ്. ആ സ്വപ്നഭൂമിയിലൂടെ നടന്നു വിജയം നേടിയ ആദൃ ലിവര്‍പൂള്‍ മലയാളിയെ നിങ്ങള്‍ക്ക് അറിയേണ്ടേ. അത് ലിവര്‍പൂള്‍ കെന്‍സിംഗ്ടണില്‍ താമസിക്കുന്ന മോനിസ്, ജെസ്സി ദമ്പതികളുടെ മകന്‍ ജിംസണ്‍ മോനിസാണ്.
ചെറിയ നേട്ടമല്ല ജിംസണ്‍ കേംബ്രിജ് യുണിവേഴ്‌സിറ്റിയില്‍ നിന്നും നേടിയത്. തത്വചിന്തയിലാണ് പിഎച്ച്ഡി എന്നറിയുമ്പോളാണ് നേട്ടത്തിന്റെ വലുപ്പം നമ്മളെ അത്ഭുതപ്പെടുത്തുന്നത്. മറ്റൊരു കാരൃം അദ്ദേഹം കേംബ്രിഡ്ജ് യുണിവേഴ്‌സിറ്റിയില്‍ എത്തുന്നതിനു മുന്‍പ് പഠിച്ചത് ഇംഗ്ലണ്ടിലെ രാജകുമാരന്‍മാരും കുമാരികളും പഠിക്കുന്ന സ്‌കോട്ട്‌ലന്റിലെ സെന്റ് ആന്‍ഡ്രൂസ് യുണിവേഴ്‌സിറ്റിയില്‍ ആയിരുന്നു. കടുത്ത ഇന്റര്‍വ്യൂ നേരിട്ടാണ് സെന്റ ആന്‍ഡ്രൂസ് യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ തരപ്പെടുത്തിയത്,. അതും ലിവര്‍പൂളിലെ സാധാരണ സ്‌കൂളില്‍ പ്ലസ്ടു വരെ പഠിച്ചിട്ടാണ് ജിംസണ്‍ ഈ നേട്ടങ്ങളെല്ലാം കൈവരിച്ചത്. പഠിച്ചു തീര്‍ന്നപ്പോള്‍ തന്നെ ഹൈസ്‌കൂള്‍ ടീച്ചറായി ജോലിയും ലഭിച്ചു. ഇനിയും കൂടുതല്‍ പഠിച്ചു തന്നെ തനാക്കിയ കേംബ്രിഡ്ജ് യുണിവേഴ്‌സിറ്റിയില്‍ അധ്യാപകനാകുക എന്നതാണ് ജിംസണിന്റെ ലക്ഷ്യം. ഞങ്ങള്‍ ജിംസണെ കാണാന്‍ വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹം പഠിപ്പിക്കുന്ന ബക്കിംങ്ഹാംഷയറിലെ ഹൈസ്‌കൂളിലേക്ക് പോകാനുള്ള തിടുക്കത്തില്‍ ആയിരുന്നു. എങ്കിലും ഞങ്ങളുടെ മുഴുവന്‍ ചോദ്യങ്ങള്‍ക്കും അദ്ദേഹം ക്ഷമയോടെ മറുപടി പറഞ്ഞു. ജിംസണ്‍ പഠിച്ചത് ലിവര്‍പൂളിലെ ഓള്‍ സെയിന്റ് പ്രൈമറി സ്‌കൂള്‍, സെയിന്റ് ഫ്രാന്‍സിസ് ഓഫ് അസീസി സ്‌കൂള്‍ എനിവിടങ്ങളില്‍ ആയിരുന്നു. ചെറിയ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ജിംസണ്‍ ഒരു മികച്ച വിദ്യാര്‍ത്ഥി ആയിരുന്നില്ല എന്ന് അമ്മ ജെസ്സി മോനിസ് സാക്ഷ്യപ്പെടുത്തി. പക്ഷെ, തികഞ്ഞ അച്ചടക്കം, അതാണ് ഈ വിജയത്തിന്റെ എല്ലാം പുറകില്‍.
പഠിച്ച എല്ലാം സ്‌കൂളില്‍ നിന്നും നല്ല റെഫറന്‍സ് ജിംസണ്‍ നേടി. കൂടാതെ ഹോളിഡേയില്‍ ചെയ്ത വോളന്ററി വര്‍ക്കുകളും നല്ല സ്‌കൂളില്‍ അഡ്മിഷന്‍ ലഭിക്കാന്‍ സഹായിച്ചുവെന്ന് ജെസ്സി പറഞ്ഞു. കേംബ്രിഡ്ജ് യുണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ നേടാന്‍ പഠനത്തിപ്പുറത്തേക്ക് കലയിലോ സാഹിത്യത്തിലോ എന്തെങ്കിലും കഴിവ് വേണോ എന്ന എന്റെ മകള്‍ ആന്‍ മരിയായുടെ ചോദ്യത്തിന് വേണമെന്നില്ല ഉണ്ടെങ്കില്‍ നല്ലത് എന്നായിരുന്നു മറുപടി. ഓക്‌സ്‌ഫോര്‍ഡിലും, കേംബ്രിജിലും കടുത്ത ഇന്റര്‍വ്യൂ ആണ്. അത് നേരിടാനുള്ള കഴിവ് നേടുകയാണ് വേണ്ടത്. ഒട്ടേറെ മഹാന്മാര്‍ പഠിച്ച കേംബ്രിജ് യുണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിച്ചപ്പോള്‍ എന്താണ് മനസ്സില്‍ തോന്നിയത് എന്ന് ചോദിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി യുണിവേഴ്‌സിറ്റിയിലൂടെ നടക്കാനുള്ള ആകാംക്ഷയാണ് മനസില്‍ അലയടിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. അവിടെ വച്ച് പരിചയപ്പെട്ട സുഹൃത്തുക്കളില്‍ ഏറ്റവും വലിയ വൃക്തി ആരായിരുന്നു എന്ന ചോദ്യത്തിനു മുന്‍ കാന്‍ട്രബറി ആര്‍ച്ച് ബിഷപ്പ് റോണ്‍ വില്ലിംസ് എന്നായിരുന്നു മറുപടി. അദ്ദേഹമാണ് ജിംസണ്‍ പഠിച്ച മേരി മാദലിന്‍ കോളേജിന്റെ ഗവര്‍ണ്ണര്‍. കൂടാതെ സ്റ്റിഫന്‍ ഹോക്കിംങ്ങിന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചു, പങ്കെടുക്കാനും കഴിഞ്ഞു.
പൊതുവേ മലയാളി മാതാപിതാക്കള്‍ മക്കളെ പഠിപ്പിച്ചു ഡോക്ടറും, എഞ്ചിനീയറും, ആക്കാന്‍ നെട്ടോട്ടമോടുമ്പോള്‍ എന്താണ് ജിംസനു അവരോടു പറയാനുള്ളത് എന്നു ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി കുട്ടികളെ പ്രഷര്‍ ചെയ്യരുത് അവരെ അവരുടെ വഴിയില്‍ അവര്‍ക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാന്‍ അനുവദിക്കുക ( What they like let them do it ) അങ്ങനെ മാത്രമേ അവര്‍ക്ക് യഥാര്‍ത്ഥ വിജയം നേടാന്‍ കഴിയു. അവസാനം ജിന്‍സണ്‍ പഠിച്ച ഫിലോസഫിയുടെ നിര്‍വചനം കൂടി പറയാമോ എന്ന് ചോദിച്ചപ്പോള്‍ ഇങ്ങനെ പറഞ്ഞു Philosophy is thinking about where we have come from, where we are right now and where we are going..
നമ്മള്‍ എന്താണ് എന്നറിയുന്നതിനു വേണ്ടിയുള്ള അന്വേഷണമാണ് ഫിലോസഫി എന്ന് എനിക്ക് തോന്നിപ്പോയി. ആദ്യമായി ജീവിതത്തില്‍ കേംബ്രിജ് യുണിവേഴ്‌സിറ്റിയില്‍ പഠിച്ച ഒരു മലയാളിയെ നേരിട്ടു കണ്ടതില്‍ സന്തോഷം മനസില്‍ ഒതുക്കി, ജവഹര്‍ലാല്‍ നെഹ്റുവും, ഐസക് ന്യൂട്ടനും, ചാള്‍സ് ഡാര്‍വിന്‍, ബര്‍ട്രന്റ് റസ്സലും, സ്റ്റീഫന്‍ ഹോക്കിംഗും ഉള്‍പ്പെടെ ഒട്ടേറെ മഹാരഥന്‍മാരുടെ പാദ സ്പര്‍ശനമേറ്റ കേംബ്രിജ് യുണിവേഴ്‌സിറ്റിയുടെ ഇടവഴിയിലൂടെ നടന്ന ജിംസന്റെ പാദങ്ങളില്‍ ഒരിക്കല്‍ക്കൂടി സൂക്ഷിച്ചുനോക്കിയ ശേഷം ജിംസനോടും അമ്മ ജെസ്സിയോടും നന്ദി പറഞ്ഞു അവിടെനിന്നും ഇറങ്ങിയപ്പോള്‍ നഷ്ടപ്പെട്ടു പോയ എന്റെ വിദ്യാഭ്യാസ ജീവിതം ഓര്‍ത്തു കണ്ണു നനയുന്നുണ്ടായിരുന്നു.
Leave a Reply