സ്വന്തം ലേഖകന്‍
തൃശൂര്‍ : ആം ആദ്മി പാര്‍ട്ടി കേരളത്തിന്റെ പുതിയ അമരക്കാരനായി പ്രമുഖ എഴുത്തുക്കാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ശ്രീ സി. ആര്‍. നീലകണ്ഠനെ തിരഞ്ഞെടുത്തു. കേരളത്തിന്റെ ചുമതല വഹിക്കുന്ന സോമനാഥ് ഭാരതിയാണ് ഈക്കാര്യം പ്രഖ്യാപിച്ചത്.

തൃശൂര്‍ ജില്ലയിലെ കരുവന്നൂരില്‍ 1957 ഏപ്രില്‍ 2 ന്‌ സി.പി. രാമന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായി ജനിച്ച സി. ആര്‍. നീലകണ്ഠന്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശൂര്‍ ഗവ. എന്‍ജിനിയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടി. എസ്.എഫ്.ഐ യുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാനസമിതി അംഗവുമായിരുന്നിട്ടുണ്ട്. ബോംബയിലെ ഭാഭാ അണുശക്തി ഗവേഷണ കേന്ദ്രത്തില്‍ ഒരു വര്‍ഷത്തെ പരിശീലനം നേടി. 1983 ല്‍ അരൂരിലെ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സില്‍ ജോലിയില്‍ ചേര്‍ന്ന സി. ആര്‍. നീലകണ്ഠന്‍ അവിടുത്തെ ഡെപ്പ്യൂട്ടി ജനറല്‍ മാനേജര്‍ പദവി വഹിച്ചു.

പരിസ്ഥിതി വിഷയത്തില്‍ വ്യക്തമായ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന സി. ആര്‍. നീലകണ്ഠന്‍ പത്രങ്ങളിലും ആനുകാലികങ്ങളിലും സാമൂഹിക-ജനകീയ-പരിസ്ഥിതി പ്രശ്നങ്ങള്‍ കേന്ദ്രീകരിച്ച് ലേഖനങ്ങള്‍ എഴുതിവരുന്നു. കൂടാതെ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലെ പരിസ്ഥിതി സംബന്ധമായ ചര്‍ച്ചകളിലും സജീവമായി പങ്കുകൊള്ളുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു കാലത്ത് സി. പി. എം ന്റെ സഹയാത്രികനായിരുന്ന സി ആര്‍ നീലകണ്ഠന്‍, അവരുടെ പരിസ്ഥിതി – ദളിത് വിഷയങ്ങളിലുള്ള നിലപാടുകളില്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കേരളത്തിലെ ജനകീയ സമരങ്ങളില്‍ കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി ഇടപെട്ടു കൊണ്ടിരിക്കുകയും, സമരക്കാരുമായും സമാനസംഘടനകളുമായും സജീവമായി സഹകരിച്ചുവരികയും ചെയ്തിരുന്നു. 2014 ല്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന സി. ആര്‍. നീലകണ്ഠന്‍ സംസ്ഥാന എക്സിക്യൂട്ടിവ് മെമ്പറായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു.

ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ സംഘടനാ സംവിധാനം ശക്തമാക്കുവാന്‍ സ്ഥാപിച്ച മിഷന്‍ വിസ്താര്‍ കാലാവധി പൂര്‍ത്തിയാവുകയും അതേ തുടര്‍ന്ന് സംസ്ഥാന നേതൃത്വം രാജി കേരളത്തിന്റെ ചുമതല വഹിക്കുന്ന സോമനാഥ് ഭാരതിക്ക് നല്‍കുകയും ചെയ്തിരുന്നു. കേരളത്തിലെ കണ്‍വീനര്‍ ആയിരുന്ന ശ്രീമതി സാറാ ജോസഫ്‌ ശ്രീ സി. ആര്‍. നീലകണ്ഠന്റെ പേര് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ഇന്ന് കേരളത്തിലെ വളണ്ടിയര്‍മാരുമായി നടന്ന ഗൂഗിള്‍ ഹാങ്ങ്‌ ഔട്ടിന് ശേഷം സോമനാഥ് ഭാരതി പുതിയ കണ്‍വീനറായി സി. ആര്‍. നീലകണ്ഠനെ പ്രഖ്യാപിക്കുകയുമായിരുന്നു.