ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് ഡോക്ടർമാർ സമരത്തിനൊരുങ്ങുന്ന സാഹചര്യത്തിൽ രോഗികൾ ചികിത്സ വൈകിക്കരുതെന്ന് അധികൃതർ നിർദ്ദേശിച്ചു. ചൊവ്വാഴ്ച മുതൽ ആറു ദിവസത്തെ സമരത്തിന് ആയിരക്കണക്കിന് റെസിഡന്റ് ഡോക്ടർമാർ തയ്യാറെടുക്കുകയാണ്. ഈ സമരം ആരോഗ്യ സേവനങ്ങളെ ബാധിക്കാമെങ്കിലും, ആശുപത്രികൾ പ്രവർത്തനം തുടരാൻ ശ്രമിക്കുമെന്ന് എൻഎച്ച്എസ് അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന അപ്പോയിന്റ്മെന്റുകൾ റദ്ദാക്കിയതായി അറിയിച്ചില്ലെങ്കിൽ രോഗികൾ ഹാജരാകണമെന്നും, അടിയന്തര ഘട്ടങ്ങളിൽ 999-ലേക്ക് വിളിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) സർക്കാർ നൽകിയ 3.5% വേതന വർധന നിരസിച്ച് കൂടുതൽ ശമ്പള വർധന ആവശ്യപ്പെട്ടാണ് സമരത്തിലേക്ക് നീങ്ങുന്നത്. നാല് വർഷത്തിനിടെ ഡോക്ടർമാരുടെ വരുമാനം ഗണ്യമായി കുറഞ്ഞുവെന്നാണ് സംഘടനയുടെ വാദം. ഇതിന് പരിഹാരമായി ഉയർന്ന ശതമാനത്തിൽ ശമ്പള വർധന വേണമെന്നും അവർ ആവശ്യപ്പെടുന്നു. ഇതിനിടെ 1,000 അധിക പരിശീലന സീറ്റുകൾ നൽകുമെന്ന പ്രധാന വാഗ്ദാനം സർക്കാർ പിൻവലിച്ചതും ചർച്ചകൾ വഴിമുട്ടാൻ കാരണമായി. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് സമരം “നിരാശാജനകമാണെന്നാണ് പ്രതികരിച്ചത്.

അതേസമയം, സർക്കാർ ആദ്യം നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് പിന്നോക്കം പോയതായി ബിഎംഎ നേതാക്കൾ ആരോപിച്ചു . അവസാന ഘട്ടത്തിൽ സാമ്പത്തികമായി പ്രാധാന്യമില്ലാത്ത രീതിയിൽ ഓഫർ മാറ്റിയതോടെ കരാർ സാധ്യതകൾ നഷ്ടപ്പെട്ടുവെന്നാണ് അവർ പറയുന്നത്. ഇതിനിടയിൽ, ഈസ്റ്റർ അവധി കഴിഞ്ഞ ഉടൻ സമരം ആരംഭിക്കുന്നതിനാൽ ആരോഗ്യ മേഖലയ്ക്ക് കൂടുതൽ വെല്ലുവിളികളുണ്ടാകുമെന്ന് എൻഎച്ച്എസ് മുന്നറിയിപ്പ് നൽകി. എന്നാൽ രോഗികളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഡിസംബർ മാസത്തിലെ സമരകാലത്തും ഏകദേശം 95% സേവനങ്ങൾ നിലനിർത്താനായിരുന്നുവെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. അതുപോലെ തന്നെ ഇത്തവണയും സേവനങ്ങൾ പരമാവധി നിലനിർത്താൻ ശ്രമിക്കുന്നതായും അധികൃതർ അറിയിച്ചു.











Leave a Reply