ലണ്ടന്‍: തെംസ് നദിയില്‍ രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചു. ഇന്ന് പൂര്‍ണ്ണമായും വിമാനത്താവളം അടച്ചിടുമെന്നതിനാല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. 16,000ത്തോളം യാത്രക്കാരെ ഇത് ബാധിക്കുമെന്ന് വിമാനത്താവളം അധികൃതര്‍ പറഞ്ഞു. വിമാനത്താവളത്തിലെ ജോര്‍ജ് അഞ്ചാമന്‍ ഡോക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെയാണ് ഇന്നലെ ബോംബ് കണ്ടെത്തിയത്. ഇതോടെ രാത്രി 10 മണിക്ക് വിമാനത്താവളം അടയ്ക്കുകയും ഇത് നീക്കം ചെയ്യാനായി റോയല്‍ നേവിയുടെ സഹായം തേടുകയുമായിരുന്നെന്ന് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചു.
ഇന്ന് 130 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇവയുടെ 261 അറൈവലുകളും ഡിപ്പാര്‍ച്ചറുകളും റദ്ദാക്കിയെന്ന് വിമാനത്താവള വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. സിറ്റിജെറ്റ് സൗത്തെന്‍ഡിലേക്കും അല്‍ഇറ്റാലിയ സ്റ്റാന്‍സ്‌റ്റെഡിലേക്കും സര്‍വീസുകള്‍ നടത്തുന്നുണ്ട്. കണ്ടെത്തിയ ബോംബ് സുരരക്ഷിതമായി നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളില്‍ മെറ്റ് പോലീസിനും റോയല്‍ നേവിക്കുമൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് തങ്ങളെന്നും വിമാനത്താവളം അടച്ചിട്ടിരിക്കുന്നതിനാല്‍ യാത്രക്കാര്‍ അതാത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും എയര്‍പോര്‍ട്ട് സിഇഒ റോബര്‍ട്ട് സിന്‍ക്ലെയര്‍ പറഞ്ഞു.
214 മീറ്ററില്‍ ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ട് സുരക്ഷിത മേഖല രൂപീകരിച്ചാണ് ബോംബ് നിര്‍വീര്യമാക്കല്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. സമീപ പ്രദേശങ്ങളില്‍ താമസിച്ചിരുന്നവര്‍ക്ക് ന്യൂഹാം കൗണ്‍സില്‍ താല്‍ക്കാലിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ബോംബ് സുരക്ഷിതമായി എത്രയും വേഗം നീക്കം ചെയ്യാനുള്ള നടപടികളും മുന്‍കരുതലുകളുമാണ് സ്വീകരിച്ചിരിക്കുന്നതെന്നും മെറ്റ് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് കൂടി കടന്നുപോകുന്ന റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളത്തിനും വൂള്‍വിച്ച് ആഴ്‌സനലിനും ഇടയിലുള്ള റെയില്‍ ഗതാഗതവും റദ്ദാക്കിയിട്ടുണ്ട്.
Leave a Reply