ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ആശുപത്രികളിൽ ഒരു ലക്ഷത്തിലധികം തൊഴിൽ അവസരങ്ങൾ വെട്ടി കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചതായുള്ള വാർത്തകൾ പുറത്തുവന്നു. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗും എൻഎച്ച്എസിന്റെ പുതിയ മേധാവിയും നടപ്പിലാക്കാൻ നിർദ്ദേശിച്ച ചെലവു ചുരുക്കൽ മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമായാണ് ഈ നടപടി. എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് സർ ജിം മാക്കി ഇംഗ്ലണ്ടിലുടനീളമുള്ള ആരോഗ്യ സംരക്ഷണം നൽകുന്ന 215 ട്രസ്റ്റുകളോട് വർഷാവസാനത്തോടെ അവരുടെ കോർപ്പറേറ്റ് പ്രവർത്തനങ്ങളായ എച്ച്ആർ, ധനകാര്യം, ആശയവിനിമയം എന്നിവയുടെ ചെലവ് 50% കുറയ്ക്കാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത് .
എന്നാൽ പുതിയ എൻഎച്ച്എസ് മേധാവിയുടെ നിർദ്ദേശം നടപ്പിലാക്കിയാൽ 3 മുതൽ 11 ശതമാനം വരെ തൊഴിലാളികളെ പിരിച്ചുവിടേണ്ടി വരുമെന്നാണ് ട്രസ്റ്റുകളെ പ്രതിനിധീകരിക്കുന്ന എൻഎച്ച്എസ് കോൺഫെഡറേഷൻ പറഞ്ഞത്. 215 ട്രസ്റ്റുകളിലും ഇത് ആവർത്തിക്കുകയാണെങ്കിൽ അത് 150,700 വരെ തൊഴിൽ നഷ്ടത്തിലേക്ക് നയിച്ചേക്കാം. എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കാനും വലിയൊരു വിഭാഗം മാനേജർമാരെ പിരിച്ചുവിടാനും നേരത്തെ ആരോഗ്യ സെക്രട്ടറി എടുത്ത തീരുമാനത്തിന്റെ തുടർച്ചയായാണ് പുതിയ നീക്കത്തെ കാണുന്നത്.
പുറത്തുവരുന്ന വാർത്ത യുകെ മലയാളികൾക്കും യുകെയിലേയ്ക്ക് വരാൻ ആഗ്രഹിക്കുന്ന മലയാളികൾക്കും അത്ര ശുഭകരമല്ല. കാരണം ഭൂരിപക്ഷം യു കെ മലയാളികളും എൻഎച്ച്എസ്സിന്റെ കീഴിൽ ആരോഗ്യ മേഖലയിലാണ് ജോലി ചെയ്യുന്നത്. നിലവിൽ കേരളത്തിൽനിന്ന് യുകെയിൽ എത്താൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം സാധ്യമായ മാർഗ്ഗം എൻഎച്ച്എസ്സിന്റെ കീഴിൽ ജോലി സമ്പാദിക്കുകയാണ്. അതുകൊണ്ട് തന്നെ യുകെയിലുള്ളവരിലും യുകെയെ സ്വപ്നം കാണുന്നവർക്കും ഒരുപോലെ പ്രയാസകരമായ വാർത്തയാണ് യുകെയിലെ ആരോഗ്യമേഖലയിൽ വ്യാപകമായ തൊഴിൽ നഷ്ടം ഉണ്ടാകുമെന്ന വാർത്തകൾ. ഇതിനുപുറമെ പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് എൻഎച്ച്എസ് ഇംഗ്ലണ്ടിലെ 15,300 പേരടങ്ങുന്ന ജീവനക്കാരിൽ പകുതിയോളം പേർക്ക് ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പുമായി ലയിക്കുമ്പോൾ ജോലി നഷ്ടപ്പെടും. ഡി എച്ച് എസ് സി അതിന്റെ 3,300 ജീവനക്കാരിൽ ചിലർ പിരിഞ്ഞുപോകുമെന്നും പ്രതീക്ഷിക്കുന്നു. എൻഎച്ച്എസ്സിന്റെ 42 ഇന്റഗ്രേറ്റഡ് കെയർ ബോർഡുകളിൽ – 25,000 പേർക്ക് ജോലി നൽകുന്ന പ്രാദേശിക മേൽനോട്ട സ്ഥാപനങ്ങളിൽ 12,500 ജോലികൾ കൂടി നഷ്ടപ്പെട്ടേക്കാം എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
Leave a Reply