ഹേഗ്: അന്താരാഷ്ട്ര നീതിന്യായ കോടതി മുറിയെ ഞെട്ടിച്ച് കുറ്റവാളിയെന്ന് കണ്ടെത്തിയയാളുടെ ആത്മഹത്യ. മുന്‍ ബോസ്‌നിയന്‍ ക്രൊയാറ്റ് ജനറലായിരുന്ന സ്ലോബോദാന്‍ പ്രാല്യാക്ക് ആണ് കോടതിമുറിയില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഇയാള്‍ യുദ്ധക്കുറ്റവാളിയാണെന്ന് കോടതി വിധിക്കുകയും 20 വര്‍ഷം തടവിന് വിധിക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രാല്യാക്ക് വിഷം എടുത്ത് കഴിച്ചത്. മുന്‍ യുഗോസ്ലോവ്യക്കു വേണ്ടിയുള്ള അന്താരാഷ്ട്ര ക്രിമിനല്‍ ട്രൈബ്യൂണലിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. താന്‍ ക്രിമിനല്‍ അല്ലെന്നും വിധി താന്‍ നിരസിക്കുന്നു എന്നും കോടതി മുറിയില്‍ വിളിച്ചു പറഞ്ഞ ശേഷം കയ്യില്‍ കരുതിയ ചെറിയ കുപ്പി തുറന്ന് വായിലേക്ക് വിഷം ഒഴിക്കുയായിരുന്നു ഇയാള്‍.
താന്‍ ഇപ്പോള്‍ കഴിച്ചത് വിഷമാണെന്ന് പറഞ്ഞ പ്രാല്യാക്ക് താന്‍ വിധിന്യായം അംഗീകരിക്കുന്നില്ലെന്നും താന്‍ കുറ്റവാളിയല്ലെന്നും ആവര്‍ത്തിച്ചു..ട്രൈബ്യൂണലിലെ മെഡിക്കല്‍ ജീവനക്കാര്‍ ഓടിയെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഐസിടിവൈ നിര്‍ദേശിച്ചതനുസരിച്ച് സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം ആരംഭിച്ചു. ക്രൊയേഷ്യന്‍ പ്രധാനമന്ത്രി ആന്ദ്രേ പ്ലെന്‍കോവിച്ച് പ്രാല്യാക്കിന്റെ മരണം സ്ഥിരീകരിച്ചു. ബോസ്‌നിയയില്‍ നിന്നുള്ള ആറ് ക്രൊയാറ്റുകള്‍ നേരിട്ട അനീതിയുടെ ഇരയാണ് പ്രാല്യാക്ക് എന്ന് പറഞ്ഞ പ്ലെന്‍കോവിച്ച് വിധിയില്‍ തങ്ങള്‍ അസംതൃപ്തരാണെന്നും വ്യക്തമാക്കി.
സംഭവത്തേത്തുടര്‍ന്ന് കോടതി മുറി കുറ്റകൃത്യം നടന്ന സ്ഥലമായി ഡച്ച് പോലീസ് പ്രഖ്യാപിച്ചു. ആറ് ക്രൊയാറ്റ് രാഷ്ട്രീയ-സൈനിക നേതാക്കള്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. 1990കളില്‍ യുഗോസ്ലാവിയയുടെ തകര്‍ച്ചയോടയുണ്ടായ യുദ്ധവും രക്തച്ചൊരിച്ചിലുമായിരുന്നു കേസിന് ആസ്പദമായത്. 1993ല്‍ 116-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച മോസ്റ്റാറിന്റെ പാലം തകര്‍ക്കാന്‍ ഉത്തരവിട്ട സംഭവത്തിലാണ് പ്രാല്യാക്ക് കുറ്റക്കാരനാണെന്ന് കോടതി ഉത്തരവിട്ടത്.
Leave a Reply