സൗമ്യതയുടെയും  അഗാധ പാണ്ഡിത്യത്തിൻെറയും പ്രതീകം.. ഭാവിയിലേയ്ക്ക് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉത്തരവാദിത്വമുള്ള വ്യക്തിത്വം.. കർമ്മമേഖലയെ ദൈവനിയോഗമായി കണ്ട്  തീഷ്ണമായ ഒരുക്കങ്ങൾ.. പതിനായിരത്തോളം വരുന്ന വനിതകൾക്കു നേതൃത്വം നല്കാൻ ഉത്സാഹത്തോടെ ഡോ. സിസ്റ്റർ മേരി ആൻ സി.എം.സി.. രൂപരേഖകൾ തയ്യാറാക്കുന്നത് വനിതകളുമായി സംവദിച്ചുകൊണ്ട്.. ഡോ. മേരി ആൻ, യുകെയെ തൻെറ കർമ്മ മണ്ഡലമാക്കാൻ തയ്യാറെടുക്കുകയാണ്..  കുടുംബ ബന്ധങ്ങൾ ദൃഡമാക്കണം.. സ്ത്രൈണതയുടെ ഏകോപനം ലക്ഷ്യം.. മാറ്റങ്ങൾ തുടങ്ങേണ്ടത് കുടുംബങ്ങളിൽ നിന്ന്.. വ്യക്തമായ നയവും കാഴ്ചപ്പാടുകളുമായി തൻെറ ദൗത്യം ആരംഭിക്കുകയാണ് സിസ്റ്റർ മേരി ആൻ.. പൂർണ പിന്തുണയുമായി സി. അനൂപയും സി. റോജിറ്റും ഒപ്പം.. മാർഗ നിർദ്ദേശകനായി ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും..

സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻെറ വിമൻസ് ഫോറം ഡയറക്ടറായി ഡോ. മേരി ആൻ സി.എം.സി യെ അഭിവന്ദ്യ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ഫെബ്രുവരിയിലാണ് നിയമിച്ചത്. ദൈവ ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുള്ള ഡോ. മേരി ആനിന്റെ ദൗത്യം യുകെയിലെ സീറോ മലബാർ എപ്പാർക്കിയുടെ കീഴിലുള്ള വനിതകളുടെ ഏകോപനമാണ്.

IMG-20170301-WA0004

SR. ROJIT, SR. ANOOPA, DR. SR. MARY ANN

വിമൻസ് ഫോറത്തിൻെറ രൂപരേഖയെക്കുറിച്ചും തൻെറ ദൗത്യത്തെക്കുറിച്ചും ഡോ. സിസ്റ്റർ മേരി ആൻ മലയാളം യുകെ ന്യൂസ് സീനിയർ എഡിറ്റർ ബിനോയി ജോസഫ് കുന്നക്കാട്ടുമായി സംസാരിക്കുന്നു.

പ്രസക്തഭാഗങ്ങളിലേയ്ക്ക്…

“പരിശുദ്ധ അമ്മയും സ്വന്തം അമ്മയും എന്നും എനിക്ക് പ്രചോദനം.. മാതാവിനോടുള്ള ഭക്തിയിൽ വളർന്നു.. ആത്മീയതയിലും സൽശിക്ഷണത്തിലും വളരാൻ ഭാഗ്യം ലഭിച്ചു.. പാലാ സെൻറ് മേരീസ് സ്കൂളിലെ നല്ലവരായ അദ്ധ്യാപകരുടെ പ്രോത്സാഹനങ്ങളും പിന്തുണയും മറക്കാവുന്നല്ല..” ഡോ. മേരി ആൻ അതീവ വിനീതയായി പറഞ്ഞു തുടങ്ങി..

സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻെറ വിമൻസ് ഫോറം ഡയറക്ടർ എന്ന പദവിയുടെ ഉത്തരവാദിത്വം ഭാരിച്ചതാണെന്നു സിസ്റ്റർ കരുതുന്നുണ്ടോ?

എൻെറ പുതിയ ചുമതല ദൈവത്തിന്റെ പ്രത്യേക നിയോഗമായി ഞാൻ കരുതുന്നു. കർത്താവിലാശ്രയിച്ചു കൊണ്ട് മുൻപോട്ടു പോകുമ്പോൾ എല്ലാം സാധ്യമാകും. ദൈവിക പദ്ധതിയിൽ ഭാഗമാകാൻ ലഭിച്ച ഈ അവസരം സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റാനുള്ള അവസരമായി കാണുകയും അതിനെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്യുന്നു.

രൂപതാ സംവിധാനം പൂർണമായും പ്രവർത്തന സജ്ജമാക്കുന്നതിൻെറ ആദ്യപടിയാണോ ഈ നിയമനം?

രൂപതാ സംവിധാനം പ്രവർത്തന സജ്ജമായിക്കഴിഞ്ഞു. അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് വിവിധ കമ്മീഷനുകൾ പ്രഖ്യാപിച്ച് വൈദികർക്ക് ചുമതലകൾ കൈമാറി. കുർബാന സെൻററുകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ട്. രൂപതയുടെ കൂരിയ സംവിധാനവും പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. വനിത ഫോറത്തിൻെറ തുടക്കം രൂപതയുടെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കുന്ന ഒരു സുപ്രധാന നടപടിയാണ്.

സ്ത്രീ പുരുഷ സമത്വം നിലനിൽക്കുന്ന ബ്രിട്ടണിൽ വനിതാ ശാക്തീകരണത്തിന്റെ ആവശ്യകതയെന്താണ്?

പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയുടെ ആഗ്രഹങ്ങൾക്കും നിർദ്ദേശങ്ങൾക്കും കാഴ്ചപ്പാടുകൾക്കും അനുയോജ്യമായ ഒരു സഭാനയത്തിൻെറ ഭാഗമാണ് വനിതാ ഫോറം. വനിതകളുടെ ശാക്തീകരണത്തെക്കാളുപരി സ്ത്രൈണ സിദ്ധികളുടെ ഏകോപനമാണ് ലക്ഷ്യമിടുന്നത്.

മലയാളി സമൂഹങ്ങളിൽ ഇപ്പോഴും പുരുഷ മേധാവിത്വം തുടരുന്നതു മൂലമാണോ രൂപത ഇത്തരമൊരു സംരംഭം പ്രഖ്യാപിച്ചത്?

ബ്രിട്ടണിൽ പുരുഷന്മാർ കൂടുതൽ ഉത്തരവാദിത്വത്തോടെ കുടുംബ കാര്യങ്ങൾ നിർവ്വഹിക്കുന്നവർ ആണെന്നാണ് ഞാൻ മനസിലാക്കുന്നത്. ഇവിടുത്തെ മലയാളി സമൂഹങ്ങളിൽ കുട്ടികളുടെ കാര്യങ്ങളിൽ കുടുംബനാഥന്മാർ പ്രത്യേക ശ്രദ്ധ പുലർത്തി വരുന്നതായും കാണുന്നുണ്ട്. നാട്ടിലെ പാരമ്പര്യ രീതികളിൽ നിന്നും വ്യത്യസ്തമായ സമീപനം അഭിനന്ദനീയമാണ്. ഇക്കാര്യം എൻെറ  ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ഫുൾ ടൈം ജോലി കൂടാതെ ഓവർടൈം ചെയ്യുകയും കുടുംബ കാര്യങ്ങൾ നോക്കി നടത്തുകയും ചെയ്യുന്നതിനിടയിൽ വിമൻസ് ഫോറത്തിൻെറ പ്രവർത്തനത്തിൽ പങ്കാളികളാകാൻ, എങ്ങനെയാണ് സ്ത്രീകൾക്ക് സമയം ലഭിക്കുക?

ജീവിതചര്യകളെ മാറ്റിമറിക്കാതെ ഒഴിവു സമയങ്ങൾ ഫലപ്രദമായി കുടുംബത്തിൻെറയും സമൂഹത്തിന്റെയും നന്മയ്ക്കായി ഉപയോഗിക്കാൻ വനിതകളെ പ്രാപ്തരാക്കാനുള്ള പ്രവർത്തനമാണ് വിഭാവനം ചെയ്യുന്നത്. മാതൃത്വത്തിൻെറ മഹിമയും സ്ത്രീത്വത്തിൻെറ ശക്തിയും സമന്വയിപ്പിച്ചു കൊണ്ട് സ്വയം കണ്ടെത്താൻ അവസരമൊരുക്കാനും അത് സമൂഹത്തിലേക്ക് പകരാനും ഫോറം അവസരം ഒരുക്കും. കുടുംബങ്ങളിൽ തന്നെയാണ് ഈ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം ആരംഭിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം.

വിമൻസ് ഫോറത്തിൻെറ ഉദ്ദേശലക്ഷ്യങ്ങൾ എന്തൊക്കെയാണ്?

സ്ത്രീത്വത്തിൻെറ മാഹാത്മ്യം എന്ന വി.ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ചാക്രിക ലേഖ നത്തിൻെറ സന്ദേശം ഉൾക്കൊണ്ട്, സ്ത്രൈണ സിദ്ധികളുടെ ഏകോപനമാണ് ഫോറത്തിൻെറ രൂപീകരണത്തിലൂടെ നമ്മുടെ രൂപതാദ്ധ്യക്ഷൻ ലക്ഷ്യമിടുന്നത്. ആത്മീയ നിറവിലൂടെ സഹകരണത്തിൻെറയും വിട്ടുവീഴ്ചയുടെയും അന്തരീക്ഷം ഒരുക്കി ബന്ധങ്ങൾ ഊട്ടി ഉറപ്പിച്ച് ആരോഗ്യകരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുക വഴി സമൂഹത്തിൽ ഗുണകരമായ മാറ്റം വരുത്താൻ കഴിയും. ടീനേജ് കുട്ടികളെക്കുറിച്ച് ആകുലരായ മാതാപിതാക്കൾ, കുട്ടികൾക്ക് വേണ്ട സന്മാർഗികപരമായ അറിവുകൾ പകർന്നു കൊടുക്കുവാനുള്ള അവസരമില്ലായ്മ, മദ്യത്തിൻെറയും മയക്കുമരുന്നിൻെറയും സെക്സിൻെറയും ദൂഷ്യഫലങ്ങൾ അനുഭവിക്കുന്ന യുവതലമുറ, യുവതലമുറയെ ഓർത്ത് ആശങ്കപ്പെടുന്ന പൊതുസമൂഹം… ഇവയെല്ലാം നാം അനുദിന ജീവിതത്തിൽ കാണുന്നുണ്ട്. കുടുംബങ്ങളിലും സമൂഹത്തിലും വൈവിധ്യമാർന്ന ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ ഫോറം ശ്രമിക്കും. 18 വയസ് പൂർത്തിയായ വനിതകളെ ഉദ്ദേശിച്ചാണ് ഈ ഫോറം രൂപീകരിച്ചിരിക്കുന്നത്.

ഇതര സഭാ വിഭാഗങ്ങളെയും മറ്റു മതസ്ഥരെയും സാധ്യമാകുന്ന മേഖലകളിൽ സഹകരിപ്പിക്കുമോ?

തീർച്ചയായും, വളരെ സന്തോഷത്തോടെ സാധ്യമായ മേഖലകളിൽ ഇതര സഭാ വിഭാഗങ്ങൾക്കും മറ്റു മതസ്ഥർക്കും സഹകരണത്തിനുള്ള അവസരം നല്കും. പൊതുവായി സെമിനാറുകൾ, ക്ലാസ്സുകൾ എന്നിവ സംഘടിപ്പിക്കുമ്പോൾ പങ്കെടുക്കുവാൻ എല്ലാവർക്കും അവസരം ലഭിക്കും. വനിതാ ഫോറത്തിൻെറ പ്രവർത്തനങ്ങൾ സുതാര്യവും പൊതു സമൂഹ താത്പര്യത്തെ മുൻനിറുത്തിയുള്ളതും ആയിരിക്കും.

ഇംഗ്ലീഷ് കമ്യൂണിറ്റിയുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കുവാൻ ഉതകുന്ന പ്രവർത്തന ശൈലി ആണോ രൂപപ്പെടുത്തുക?

എല്ലാവരിലേയ്ക്കും എത്തുക എന്നതാണ് ലക്ഷ്യം. നമ്മുടെ കമ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾ വളരെ ആകാംഷയോടെയാണ് ഇംഗ്ലീഷ് സമൂഹം വീക്ഷിക്കുന്നത്. ഇംഗ്ലീഷ് പാരമ്പര്യത്തിൻെറ നല്ല വശങ്ങളുടെ ഗുണഗണങ്ങൾ അനുഭവിച്ചവരാണ് നമ്മൾ. പടിപടിയായി, പുതു തലമുറയെ ഏകോപ്പിപ്പിച്ചു കൊണ്ട് ഭാവിയിൽ ഇംഗ്ലീഷ് സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത്.

ഇതിലൂടെ സഭയിലേയ്ക്ക് വരും തലമുറകളിൽ നിന്ന് കൂടുതൽ സന്യസ്തർ കടന്നു വരുമോ?

സാധ്യതയുണ്ട്, ഫോറത്തിൻെറ പ്രാഥമിക ലക്ഷ്യം അതല്ല എങ്കിലും. ദൈവവിളി തിരിച്ചറിയുന്നവർ സന്ന്യാസ ജീവിതത്തിലേയ്ക്ക് കടന്നു വന്നേക്കാം.

സിസ്റ്ററിൻെറ യൂറോപ്പിലെ വിദ്യാഭ്യാസവും അദ്ധ്യാപികയായുള്ള പരിചയവും പുതിയ പ്രവർത്തന മേഖലയിൽ മുതൽക്കൂട്ടാകുമെന്നു കരുതുന്നുണ്ടോ?

യൂറോപ്പിലെ വിദ്യാഭ്യാസ കാലഘട്ടത്തെ അനുഭവ സമ്പത്തും അധ്യാപികയായുള്ള പ്രവർത്തന പരിചയവും തീർച്ചയായും മുതൽക്കൂട്ടാണ്. യൂറോപ്പിലെ സംസ്കാരത്തെ മനസിലാക്കാൻ പഠന കാലത്തിനിടെ അവസരം ലഭിച്ചത് പുതിയ മേഖലയിൽ പ്രവർത്തിക്കുമ്പോൾ ഒരു അനുഗ്രഹമായി മാറുമെന്ന് പ്രത്യാശിക്കുന്നു.

വിമൻസ് ഫോറത്തിൻെറ പ്രവർത്തന രൂപരേഖ തയ്യാറാക്കുന്നത് യുകെയിലാണോ?

അതെ, 8 റീജിയനുകളിലായി 160 കുർബാന സെന്ററുകൾ ആണ് നമുക്കുള്ളത്. രൂപതയുടെ ആഗ്രഹവും പിതാവിൻെറ ദാർശനികതയും നിർദ്ദേശവും ഉൾക്കൊണ്ട് പ്രവർത്തന രൂപരേഖ തയ്യാറാക്കും. ഓരോ സെൻററുകളിലുമുള്ള വനിതകളുടെ സ്വപ്നങ്ങളും ആശയങ്ങളും കോർത്തിണക്കി,  നിരവധി ചർച്ചകളിൽ കൂടിയും അനുഭവങ്ങളുടെ പങ്കുവെയ്ക്കലും വഴിയാണ് പ്രവർത്തനങ്ങളുടെ ദിശ തീരുമാനിക്കപ്പെടുക.

സിസ്റ്ററിനോടൊപ്പം മുഴുവൻ സമയം പ്രവർത്തിക്കാൻ എത്ര പേരുണ്ടാകും?

എന്നോടൊപ്പം രണ്ടു സിസ്റ്റർമാർ കൂടി കമ്യൂണിറ്റിയിൽ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഒരു സിസ്റ്റർ കൂടി താമസിയാതെ ഞങ്ങളോടൊപ്പം ചേരും. കൂടാതെ മലയാളി സമൂഹത്തിൽ നിന്നും പ്രവർത്തകർ ഇതിൽ പങ്കാളികളാവും.

bishop-joseph-srampickal

സ്നേഹവും സന്തോഷവും നിറഞ്ഞ തൻെറ കുടുംബത്തിലെ കുട്ടിക്കാലത്തെക്കുറിച്ചും മാതാപിതാക്കളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ലഭിച്ച പ്രചോദനത്തിൻെറ ചിന്തകളും ഡോ. മേരി ആൻ സന്തോഷത്തോടെ പങ്കു വെച്ചു. ആത്മീയതയും സഹിഷ്ണുതാ മനോഭാവവും ചാരിറ്റി പ്രവർത്തനങ്ങളും ജീവിത ലക്ഷ്യമാക്കിയവരുടെ നാടാണ് ഇംഗ്ലണ്ട് എന്ന് ഡോ. മേരി ആൻ പറഞ്ഞു.

പ്രസ്റ്റണിലെ സി.എം.സി കോൺവന്റ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ സ്ഥാപനത്തോടൊപ്പം നിലവിൽ വന്നിരുന്നു. ഡോ. സിസ്റ്റർ മേരി ആനിനൊപ്പം ചാലക്കുടി സ്വദേശിയായ മദർ സുപ്പീരിയർ സി. ആനൂപയും ഇരിങ്ങാലക്കുട സ്വദേശിയായ സി. റോജിറ്റും ഈ കോൺവെന്റിൽ സേവനം അനുഷ്ഠിക്കുന്നു. പാലാ മാതവത്ത് കുടുംബത്തിൽ നിന്നുള്ള സിസ്റ്റർ മേരി ആൻ ഫിസിക്സിൽ ബി.എസ്.സിയും എം.എസ്.സിയും എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും റാങ്കോടെയാണ് പാസായത്. ബി.എഡ് പാസായ ശേഷം പാലാ സി.എം.സി പ്രൊവിൻസിൽ അർത്ഥിനിയായി ചേരുകയും 2000-ൽ പ്രഥമ വ്രതവാഗ്ദാനം നടത്തുകയും ചെയ്തു. പാലാ സെന്റ് മേരീസ് സ്കൂളിലെ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുള്ള സിസ്റ്റർ, ബൽജിയത്തിലെ ലുവൻ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ദൈവശാസ്ത്ര ബിരുദങ്ങൾ നേടിയത്.

രൂപതാദ്ധ്യക്ഷൻെറയും രൂപതയിലെ വൈദികരുടെയും സഭാ വിശ്വാസികളുടെയും സഹകരണത്തോടെ വിമൻസ് ഫോറത്തിൻെറ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കാൻ കഴിയുമെന്ന് സിസ്റ്റർ മേരി ആൻ ശുഭ പ്രതീക്ഷ പ്രകടിപ്പിച്ചു. വിമൻസ് ഫോറത്തിൻെറ ഉദ്ദേശ ലക്ഷ്യങ്ങൾ സമൂഹത്തിലെത്തിക്കാൻ മലയാളം യുകെ നടത്തുന്ന പരിശ്രമങ്ങൾക്ക് നന്ദി രേഖപ്പെടുത്തിയ സിസ്റ്റർ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ സഹകരണം അഭ്യർത്ഥിച്ചു.