നിരവധി ബോംബ് സ്ഫോടനക്കേസുകളിലെ സൂത്രധാരന്‍ അബൂബക്കര്‍ സിദ്ദിഖ് പോലീസ് പിടിയില്‍. കാസര്‍കോട് സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖിനെ ആന്ധ്രാപ്രദേശില്‍ നിന്ന് തമിഴ്‌നാട് പോലീസാണ് പിടികൂടിയത്. കഴിഞ്ഞ 30 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന നിരവധി ബോംബ് സ്‌ഫോടനക്കേസുകളുടെ സൂത്രധാരനാണ് കൊടുംഭീകരനായ അബൂബക്കര്‍ സിദ്ദിഖ്.

1995 മുതല്‍ ഒളിവില്‍ കഴിയുന്ന അബൂബക്കര്‍ സിദ്ദിഖ് കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഉണ്ടായ സ്‌ഫോടനക്കേസുകളില്‍ പ്രതിയാണ്. ആന്ധ്രാപ്രദേശിലെ അണ്ണാമയ്യ ജില്ലയില്‍ ഒളിവില്‍ കഴിയുകയായിരുന്നു സിദ്ദിഖ്. തമിഴ്‌നാട് പോലീസിന്റെ തീവ്രവാദ വിരുദ്ധ വിഭാഗമാണ് സിദ്ദിഖിനെ പിടികൂടിയത്. എന്‍ഐഎ അടക്കം അന്വേഷിച്ചുവന്നിരുന്ന കൊടുംകുറ്റവാളിയാണ് സിദ്ദിഖ്. നിര്‍ണായകമായ അറസ്റ്റാണ് ഉണ്ടായിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സിദ്ദിഖിനൊപ്പം ഉണ്ടായിരുന്ന തിരുനെല്‍വേലി സ്വദേശിയായ മുഹമ്മദ് അലി എന്ന മറ്റൊരു തീവ്രവാദിയെക്കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇരുവരേയും പോലീസ് കസ്റ്റഡിയില്‍ വിശദമായി ചോദ്യംചെയ്ത് വരികയാണ്. 1995 മുതല്‍ തെക്കേഇന്ത്യയെ പിടിച്ചുലച്ച നിരവധി സ്‌ഫോടനക്കേസുകളുടെ സൂത്രധാരനാണ് അബൂബക്കര്‍ സിദ്ദിഖ്. കൃത്യമായ രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് പോലീസ് സംഘം ഇരുവരെയും പിടികൂടിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1995-ല്‍ ചെന്നൈയില്‍ ഹിന്ദുമുന്നണിയുടെ ഓഫീസില്‍ നടന്ന സ്‌ഫോടനം, അതേവര്‍ഷം നാഗപട്ടണത്ത് നടന്ന പാഴ്‌സല്‍ ബോംബ് സ്‌ഫോടനം. 1999-ല്‍ ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍ അടക്കം ഏഴ് സ്ഥലങ്ങളില്‍ ഉണ്ടായ സ്‌ഫോടനം. ചെന്നൈ എഗ്മോറില്‍ പോലീസ് കമ്മീഷണറുടെ ഓഫീസില്‍ ഉണ്ടായ സ്‌ഫോടനം. 2011-ല്‍ എല്‍.കെ. അദ്വാനിയുടെ മധുരയിലെ രഥയാത്രക്കിടെ പൈപ്പ് ബോംബ് കണ്ടെത്തിയ സംഭവം. 2012-ല്‍ വെല്ലൂരില്‍ ഡോ. അരവിന്ദ് റെഡ്ഡിയെ കൊലപ്പെടുത്തിയ സ്‌ഫോടനം. 2013-ല്‍ ബെംഗളൂരുവിലെ മല്ലേശ്വരത്ത് ബിജെപി ഓഫീസിലുണ്ടായ ബോംബ് സ്‌ഫോടനം തുടങ്ങി നിരവധി സ്‌ഫോടനങ്ങളുടെ സൂത്രധാരനായിരുന്നു അബൂബക്കര്‍ സിദ്ദിഖ്.

യൂനുസ്, മന്‍സൂര്‍ എന്നിങ്ങനെ വിവിധപേരുകളില്‍ അറിയപ്പെടുന്ന മുഹമ്മദ് അലി 1999-ല്‍ കേരളത്തിലും തമിഴ്‌നാട്ടിലും ഉണ്ടായ സ്‌ഫോടന പരമ്പരകളിലെ പ്രധാനപ്രതികളില്‍ ഒരാളാണ്. 26 വര്‍ഷമായി ഇയാളും ഒളിവിലായിരുന്നു. തെക്കേ ഇന്ത്യയില്‍ വര്‍ഗീയ കലാപമുണ്ടാക്കുക, ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുക എന്നീ ലക്ഷ്യങ്ങളോടെ നടത്തിയ നിരവധി സ്‌ഫോടന പരമ്പരകളില്‍ പങ്കെടുക്കുക മാത്രമല്ല, അതിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ഇവര്‍ ചെയ്തിരുന്നു.

തമിഴ്‌നാട് ആസ്ഥാനമായിരുന്ന നിരോധിക്കപ്പെട്ട അല്‍ ഉമ്മ പോലുള്ള സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാര്‍ഡ് ചെയ്തിട്ടുണ്ട്. ഭീകരനെ ഉടന്‍ ചെന്നൈയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഭീകരവാദികളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വളരെ നിര്‍ണായകമായ വ്യക്തികളുടെ അറസ്റ്റാണ് ഉണ്ടായിരിക്കുന്നതെന്ന് ഉന്നതഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.