ന്യൂസ് ഡെസ്ക്, മലയാളം യുകെ

യൂറോപ്യൻ യൂണിയനുമായി (EU) പ്രതിരോധ മേഖലയിൽ കൂടുതൽ സഹകരണം ശക്തിപ്പെടുത്താൻ ചർച്ചകൾ വീണ്ടും ആരംഭിക്കേണ്ടതുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. അനിശ്ചിതമായ അന്താരാഷ്ട്ര സാഹചര്യങ്ങളിൽ സ്വയം പ്രതിരോധിക്കാൻ കൂടുതൽ ശ്രമം വേണമെന്നും പ്രതിരോധ ചെലവും സൈനിക ശേഷിയും കൂട്ടാൻ യൂറോപ്യൻ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. EU വിൻ്റെ ‘സേഫ്’ പ്രതിരോധ ഫണ്ടിൽ ബ്രിട്ടൻ വീണ്ടും ചേരുന്ന കാര്യം പരിഗണിക്കാമെന്നും സ്റ്റാർമർ സൂചിപ്പിച്ചു.

€150 ബില്യൺ മൂല്യമുള്ള സേഫ് പദ്ധതിയിൽ ബ്രിട്ടൻ ചേരാനുള്ള ചർച്ചകൾ 2025 നവംബറിൽ പരാജയപ്പെട്ടിരുന്നു. പ്രവേശന തുക കൂടുതലാണെന്നായിരുന്നു ബ്രിട്ടന്റെ നിലപാട്. EU ഏകദേശം €2 ബില്യൺ ആവശ്യപ്പെട്ടതാണ് ചർച്ചകൾ വഴിമുട്ടാൻ കാരണം . എന്നാൽ ഇപ്പോൾ എല്ലാ ഭാഗത്തുനിന്നും വീണ്ടും ധാരണയ്ക്ക് സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഡൊണൾഡ് ട്രംപിന്റെ നാറ്റോ വിരുദ്ധ പരാമർശങ്ങളും ഗ്രീൻലാൻഡിനെ കുറിച്ചുള്ള ഭീഷണികളും യൂറോപ്പിൽ ആശങ്ക ഉയർത്തിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

EUയുമായി കൂടുതൽ അടുത്ത ബന്ധം വേണമെന്ന ആവശ്യം ലേബർ പാർട്ടിക്കുള്ളിൽ ശക്തമാകുന്നുണ്ട്. കസ്റ്റംസ് യൂണിയനിലേക്കോ സിംഗിൾ മാർക്കറ്റിലേക്കോ തിരിച്ചുപോകില്ലെന്ന് സ്റ്റാർമർ ആവർത്തിച്ചു. എന്നാൽ പ്രതിരോധം, ഊർജ്ജം, വ്യാപാരം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം സാധ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. EU സേഫ് പദ്ധതിയിൽ ചേരുകയാണെങ്കിൽ, ബ്രിട്ടീഷ് പ്രതിരോധ കമ്പനികൾക്ക് EU കരാറുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും, പ്രതിരോധ വ്യവസായത്തിന് വലിയ നേട്ടമാകുകയും ചെയ്യും.


കസ്റ്റംസ് യൂണിയനിലേക്കോ സിംഗിൾ മാർക്കറ്റിലേക്കോ ബ്രിട്ടൻ തിരിച്ചുപോകില്ലെന്ന് കെയർ സ്റ്റാർമർ വീണ്ടും വ്യക്തമാക്കിയതിനു പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട് എന്നാണ് നയതത്ര വിദഗ്ദ്ധർ സൂചിപ്പിക്കുന്നത് . കസ്റ്റംസ് യൂണിയനിൽ വീണ്ടും ചേരുകയാണെങ്കിൽ, ബ്രിട്ടൻ മറ്റ് രാജ്യങ്ങളുമായി ഒപ്പുവച്ചതും ഒപ്പുവയ്ക്കാനിരിക്കുന്നതുമായ സ്വതന്ത്ര വ്യാപാര കരാറുകൾ ഉപേക്ഷിക്കേണ്ടിവരും. ഇത് ബ്രിട്ടന്റെ ആഗോള വ്യാപാര സ്വാതന്ത്ര്യത്തെ നേരിട്ട് ബാധിക്കുമെന്നതാണ് സർക്കാരിന്റെ വിലയിരുത്തൽ. അതുപോലെ തന്നെ, സിംഗിൾ മാർക്കറ്റിൽ തിരിച്ചുചേരുന്നത് യൂറോപ്യൻ യൂണിയന്റെ നിയമങ്ങളും ചട്ടങ്ങളും വീണ്ടും അംഗീകരിക്കേണ്ട സാഹചര്യം സൃഷ്ടിക്കും. അതിൽ സ്വതന്ത്ര യാത്രാവകാശം ഉൾപ്പെടെയുള്ള വ്യവസ്ഥകൾ വരും. ഇത് ബ്രെക്സിറ്റിലൂടെ നേടിയ “ദേശീയ നിയന്ത്രണം” എന്ന ആശയത്തിന് വിരുദ്ധമാണെന്നാണ് സ്റ്റാർമറുടെ നിലപാട്. അതുകൊണ്ടാണ് പൂർണ അംഗത്വം അല്ല മറിച്ച് പ്രതിരോധം, സുരക്ഷ, ഊർജ്ജം, വ്യാപാരം തുടങ്ങിയ തെരഞ്ഞെടുത്ത മേഖലകളിൽ മാത്രമുള്ള അടുത്ത സഹകരണമെന്നാണ് ലേബർ സർക്കാർ ലക്ഷ്യമിടുന്നത്.