സെന്റ് ഹെലേന: വിമാനത്താവളം പ്രവര്‍ത്തനക്ഷമമാകാത്തതിനാല്‍ ലോകത്തില്‍ നിന്നു തന്നെ ഒറ്റപ്പെട്ട അവസ്ഥയിലാണ് സെന്റ് ഹെലേന ദ്വീപ്. ദക്ഷിണ അറ്റ്‌ലാന്റിക്കിന്റെ മധ്യത്തിലുളള സെന്റ് ഹെലേന ദ്വീപാണ് ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലം. നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനെ ഏകാന്തവാസത്തിനയച്ച ദ്വീപെന്ന നിലയില്‍ ഇതിന് ഏറെ ചരിത്രപ്രാധാന്യവുമുണ്ട്. 47 ചതുരശ്ര മൈല്‍ വിസ്തീര്‍ണമുളള ഇവിടെ 4000 പേര്‍ ജീവിക്കുന്നു. പുതിയ വിമാനത്താവളം പ്രവര്‍ത്തനസജ്ജമാകുന്നതോടെ ബ്രിട്ടന്റെ അധീനതയിലുളള ഈ പ്രദേശത്തിന്റെ ഒറ്റപ്പെടല്‍ അവസാനിക്കുമെന്നാണ് കരുതുന്നത്.
ഒരു പതിറ്റാണ്ടായി കാത്തിരിക്കുന്ന വിമാനത്താവളം ഇക്കൊല്ലമെങ്കിലും തുറന്ന് കൊടുക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ദ്വീപ് നിവാസികള്‍. 250 മില്യന്‍ പൗണ്ട് ചെലവിട്ടാണ് വിമാനത്താവളത്തിന്റെ നിര്‍മാണം. മെയ് മാസത്തിലെങ്കിലും ഇവിടെ നിന്ന് ആദ്യവിമാനം പറന്നുയരുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇതിലേക്കുളള ടിക്കറ്റുകള്‍ ഇനിയും വില്‍ക്കാന്‍ തുടങ്ങിയിട്ടില്ല. തടസങ്ങള്‍ ഇനിയും നീങ്ങിയിട്ടില്ല. 2005ലാണ് വിമാനനിര്‍മാണത്തിനുളള തീരുമാനമെടുത്തത്. എന്നാല്‍ 2010ല്‍ സഖ്യസര്‍ക്കാരിന്റെ അനുമതി ലഭിക്കും വരെ ഇത് വൈകി. നവംബര്‍ 2011ല്‍ നിര്‍മാണം ആരംഭിച്ചു.
സര്‍ക്കാരിന്റെ ഏറ്റവും പണച്ചെലവുളള നിക്ഷേപമാണിത്. ഓരോ വ്യക്തിയ്ക്കും 60,000 പൗണ്ടാണ് ഇതിന് വേണ്ടി ചെലവിടേണ്ടി വരുന്നത്. നിലവില്‍ ഈ ദ്വീപിലേക്ക് വരണമെങ്കില്‍ കപ്പലിലൂടെ മാത്രമേ കഴിയൂ. കേപ് ടൗണില്‍ നിന്ന് അഞ്ച് ദിവസം വേണം കപ്പലില്‍ ഇവിടെ എത്താന്‍. ഓരോ മൂന്നാഴ്ച കൂടുമ്പോഴുമാണ് ഇവിടെക്ക് സര്‍വീസുളളത്. ദ്വീപിലെ മണ്ണില്‍ ആദ്യമിറങ്ങാന്‍ അനുവദിക്കണമെന്ന് കാട്ടി ബ്രിട്ടീഷ് വിമാനക്കമ്പനി അറ്റ്‌ലാന്റിക് സ്റ്റാര്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കന്‍ വിമാനക്കമ്പനിയായ കോം എയറും ഇതേ ആവശ്യവുമായി രംഗത്തുണ്ട്. എന്നാല്‍ ചില നടപടികള്‍ പൂര്‍ത്തിയാക്കാനാകാത്തതിനാല്‍ വിമാനങ്ങള്‍ വരാനും പോകാനും സമയം ഇനിയും എടുക്കുമെന്നാണ് സൂചന. അത് കൊണ്ട് തന്നെ ടിക്കറ്റ് വില്‍പ്പനയും തുടങ്ങാനായിട്ടില്ല.