ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചില ഏരിയ കോഡുകളിൽ നിന്നുള്ള കോളുകൾക്ക് മറുപടി നൽകുന്നതിനെതിരെ മുന്നറിയിപ്പ് നൽകി വൺ ക്ലിക്ക് മാർക്കറ്റിംഗിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധനായ ജോർദാൻ പാർക്ക്‌സ്. പലപ്പോഴും ഈ കോളുകൾ തട്ടിപ്പുമായി ബന്ധപ്പെട്ടേക്കാം എന്നും മുന്നറിയിപ്പ്. തട്ടിപ്പുകാർക്ക് ഓട്ടോമേറ്റഡ് ടയലേഴ്‌സ് ഉപയോഗിച്ച് ഫോൺ കോളുകൾ നടത്താനും ഹാംഗ് അപ്പ് ചെയ്യാനും സാധിക്കും. പലരും അത്യാവശ്യമെന്നു കരുതി മിസ്‌ഡ് കോൾ തിരികെ വിളിക്കുന്നത് വഴി തട്ടിപ്പിന് ഇരയാകുകയാണ് പതിവ്. ഇത്തരം തട്ടിപ്പിന് ഇരയാകാതിരിക്കാൻ സംശയാസ്പദമായ നമ്പറുകളിൽ നിന്നുള്ള കോളുകൾക്ക് മറുപടി നൽകരുതെന്നും തിരികെ വിളിക്കരുതെന്നും വിദഗ്ദ്ധർ പറയുന്നു.

0945, 0843, അല്ലെങ്കിൽ 070 എന്നിവയിൽ തുടങ്ങുന്ന നമ്പരുകളിൽ നിന്നുള്ള കോളുകൾക്ക് മറുപടി നൽകരുതെന്ന് ജോർദാൻ പാർക്ക്‌സ് പറയുന്നു. ഇവ പലപ്പോഴും പ്രീമിയം നിരക്കിലുള്ള സേവനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഉയർന്ന നിരക്കുകൾക്ക് കാരണമാകും. ഈ നമ്പറുകളിൽ നിന്ന് വരുന്ന കോളുകളിൽ ഒരു സംഭാഷണത്തിൽ ഏർപ്പെട്ടില്ലെങ്കിലും, കോൾ എടുക്കുന്നതിന് ബില്ല് ലഭിക്കാൻ സാധ്യത ഉണ്ട്. ഇത്തരം കോളുകൾ എടുത്താൽ ദൈർഘ്യവും നിരക്കുകളും വർദ്ധിപ്പിക്കുന്നതിന് തട്ടിപ്പുകാർ പല തന്ത്രങ്ങളും ഉപയോഗിക്കാറുണ്ട്. ഉയർന്ന ഫീ ഒഴിവാക്കുന്നതിന് 845, 076, 084, 087, 090, 091, 118 എന്നീ നമ്പറുകളിൽ നിന്നുള്ള കോളുകളും ഒഴിവാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അറിയാത്ത നമ്പറുകളിൽ നിന്നുള്ള കോളുകൾക്ക് മറുപടി നൽകുന്നത് ഒഴിവാക്കണമെന്ന് വിദഗ്ദ്ധർ പറയുന്നു. പ്രത്യേകിച്ച് പ്രീമിയം നിരക്കുകളുമായി ബന്ധപ്പെട്ട ഏരിയ കോഡുകളിൽ നിന്നുള്ള കോളുകൾ ഒഴിവാക്കണം. കൂടാതെ സംശയാസ്പദമായ നമ്പറിൽ നിന്നുള്ള മിസ്സ്ഡ് കോളുകൾ ഉണ്ടെങ്കിൽ തിരിച്ച് വിളിക്കുന്നതിന് മുൻപ് ഓൺലൈനിൽ ഈ നമ്പർ തിരയാൻ ശ്രദ്ധിക്കണമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. ഫോൺ ബിൽ പതിവായി പരിശോധിക്കുകയും നിരക്കുകളിൽ എന്തെങ്കിലും തരത്തിലുള്ള ക്രമേകേടുകൾ ശ്രദ്ധയിൽ പെട്ടാൽ തട്ടിപ്പിൽ നിന്ന് രക്ഷപെടാൻ നിങ്ങളുടെ സേവന ദാതാവിനെ അറിയിക്കുകയും ചെയ്യുക