ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായി മാതാവ് മരിച്ച സംഭവത്തിൽ ഇന്ത്യക്കാരായ ദമ്പതികൾക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു. 29 വയസ്സുള്ള യുവാവും 28 വയസ്സുള്ള ഇയാളുടെ ഭാര്യയുമാണ് കേസിലെ പ്രതികൾ. ഇവർക്ക് 10 വർഷം ജയിൽ ശിക്ഷയാണ് ദുബായ് കോടതി വിധിച്ചത്. യുവാവിന്റെ മാതാവാണ് ക്രൂരമായി മരണപ്പെട്ടത്. അയൽക്കാരൻ നൽകിയ പരാതിയെ തുടർന്നാണ് കേസ് എടുത്തത്. കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതികൾ ‘ഞാനൊന്നും ചെയ്തിട്ടില്ല’ എന്ന് ഉറക്കെ ആക്രോശിച്ചു. ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും ദുബായ് പ്രാഥമിക കോടതി ഉത്തരവിട്ടു.
2018 ഒക്ടോബർ 31–നാണ് മകന്റെയും മരുമകളുടെയും പീഡനത്തിന് ഇരയായി സ്ത്രീ മരിച്ചത്. മകളെ ശരിയായ രീതിയിൽ പരിചരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പീഡനമെന്നാണ് പരാതിയിൽ പറയുന്നത്. മരിക്കുമ്പോൾ അമ്മയ്ക്ക് 29 കിലോ മാത്രമേ ഭാരം ഉണ്ടായിരുന്നുള്ളുവെന്നാണ് ഫൊറൻസിക് റിപ്പോർട്ട്. 2018 ജൂലൈ മുതൽ പീഡിപ്പിച്ചിരുന്നുവെന്നാണ് കോടതി രേഖകൾ പറയുന്നത്.
മരിക്കും മുമ്പ് അമ്മയ്ക്ക് ക്രൂരമായ മര്‍ദനം ഏറ്റിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എല്ലുകൾക്കും വാരിയെല്ലുകൾക്കും കാര്യമായി ക്ഷതമേറ്റിരുന്നു. ആന്തരിക രക്തസ്രാവവും ശരീരത്തിനേറ്റ പൊള്ളലുമാണ് മരണകാരണം. ഇരുകണ്ണുകളിലും മാരകമായി മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. പരാതി നൽകിയ അയൽക്കാരന്റെ ഭാര്യ ദമ്പതികളുടെ ഫ്ലാറ്റ് സന്ദർശിച്ചപ്പോൾ കുട്ടിയെ നോക്കുന്നതിനെ കുറിച്ചു മകന്റെ ഭാര്യ പരാതി പറഞ്ഞിരുന്നു.
ജോലിക്കു പോകുമ്പോൾ കുട്ടിയെ ശരിയായി പരിചരിക്കാത്തതിനാൽ കുട്ടിക്ക് അസുഖം വന്നെന്നായിരുന്നു പരാതി. മൂന്നു ദിവസങ്ങൾക്കു ശേഷമാണ് മാതാവിനെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വിവസ്ത്രയായി അയൽവാസി കണ്ടത്. ശരീരമാകെ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു. ഉടൻ സെക്യൂരിറ്റി ജീവനക്കാരെ വിവരം അറിയിച്ചു സ്ത്രീയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ അശ്രദ്ധയും പട്ടിണിയും മൂലം ആരോഗ്യസ്ഥിതി വഷളായതിനാൽ സ്ത്രീ മരണത്തിനു കീഴടങ്ങുകയായിരുന്നു.
Leave a Reply