ന്യൂഡൽഹി: ബുറാഡിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കൊലപാതകമല്ലെന്നും വിശ്വാസത്തിന്റെ പേരിൽ മോക്ഷപ്രാപ്തിക്കായി സ്വയം ജീവനൊടുക്കി എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിലേക്കു സൂചനകൾ നൽക്കുന്ന കൈയെഴുത്തുപ്രതികൾ വീട്ടിൽനിന്നു കണ്ടെത്തിയിരുന്നു. എന്നാൽ, ഇവർ ഏതെങ്കിലും വിശ്വാസത്തിന്റെ ഭാഗമായോ ആൾദൈവങ്ങളുടെ പ്രേരണയാലോ മരിച്ചതല്ലെന്നും കൊല്ലപ്പെട്ടതാണെന്നുമാണ് അടുത്ത ബന്ധുവായ സുജാത പറയുന്നത്. മരിച്ച നാരായണൻ ദേവിയുടെ മകളാണു സുജാത.
പതിനൊന്നു പേരുടെ മരണവുമായി ബന്ധപ്പെട്ടും വിശ്വാസങ്ങളും ആചാരങ്ങളിലേക്കും വിരൽ ചൂണ്ടുന്നതു ശരിയല്ല. അവരെ ആരെങ്കിലും കൊലപ്പെടുത്തിയിരിക്കാനാണു സാധ്യത എന്നു സുജാത പറഞ്ഞു. കൈകൾ പിന്നിൽ കൂട്ടിക്കെട്ടി മുകളിലെ ഗ്രില്ലിൽ തൂങ്ങിയ നിലയിലാണ് പത്തു പേരെ മരിച്ചതായി കണ്ടെത്തിയത്. ഒരാളെ കിടപ്പു മുറിയിലാണു മരിച്ച നിലയിൽ കണ്ടെത്തിയത്. നാരായണ്‍ ദേവി മക്കളായ ഭാവ്നേഷ്, ലളിത്, മരുമകൾ സവിത, ടീന, മകൾ പ്രബിത, പേരക്കുട്ടികളായ പ്രിയങ്ക, നീതു, മോനു ധ്രുവ്, ശിവം എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിലും ആറു പേരുടെ മരണം തൂങ്ങിയാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. എന്നാൽ, പോലീസ് കൊലപാതകത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മരിച്ച നാരായണ്‍ ദേവിയുടെ കഴുത്തിൽ ബലംപ്രയോഗിച്ച പാടുകൾ കണ്ടെത്തിയതിനെത്തുടർന്നാണിത്. ഇവരെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നാണു നിഗമനം.
അതിനിടെ, മരണം നടന്ന വീടിന്റെ ഭിത്തിയിൽനിന്ന് മുന്നോട്ടു തള്ളി നിൽക്കുന്ന 11 പൈപ്പുകൾ കണ്ടെത്തി. ഇതിലേക്ക് കുടിവെള്ളം വരുന്ന പൈപ്പുകൾ ബന്ധിപ്പിച്ചിട്ടില്ല. ഈ പൈപ്പുകളിൽ എന്തോ ദുരൂഹത ഉണ്ടെന്നാണ് പോലീസും പറയുന്നത്. ഈ പൈപ്പുകളുടെ വിന്യാസം ഫാമിലി ട്രീയൂടെ മോഡലിലാണ്. മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥാനങ്ങൾ പോലെതന്നെയാണ് ഇവ സ്ഥാപിച്ചിരിക്കുന്നതും. മരിച്ചവരുടെ ആത്മാക്കൾ പുറത്തേക്കു പോകുന്നതിനുവേണ്ടിയാണ് ഇവ സ്ഥാപിച്ചിരിക്കുന്നതെന്നാണ് വീട്ടിൽനിന്നും കണ്ടെടുത്ത ഡയറിക്കുറിപ്പുകളെ അടിസ്ഥാനമാക്കി പോലീസ് പറയുന്നത്. ഏതെങ്കിലും ആൾദൈവത്തിന്റെ പ്രേരണയാൽ മോക്ഷപ്രാപ്തിക്കായി ഇവർ സ്വയം ജീവനൊടുക്കിയതാണെന്ന സൂചനകളാണ് ഇപ്പോഴുള്ളത്. ഡയറിക്കുറിപ്പുകളിൽ കണ്ടെത്തിയിരുന്ന നിർദേശങ്ങൾപോലെ തന്നെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നതും പോലീസിന്റെ സംശയം ബലപ്പെടുത്തുന്നു. ഡയറിയിൽ പറഞ്ഞിരിക്കുന്നതു പോലെതന്നെയാണ് മൃതദേഹങ്ങളുടെ വായും കണ്ണും മൂടിക്കെട്ടിയിരുന്നതെന്നാണ് അഡീഷണൽ ഡിസിപി വിനീത് കുമാർ പറഞ്ഞത്.
Leave a Reply