സ്‌കൂളില്‍ വച്ച് സഹപാഠി നല്‍കിയ ശീതളപാനീയം കുടിച്ച 6ാം ക്ലാസ് വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍. കന്യാകുമാരി സ്വദേശിയായ 11 കാരന്റെ ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റു. കുട്ടിയുടെ ഇരു വൃക്കകളുടെയും പ്രവര്‍ത്തനവും നിലച്ചു. ആസിഡ് കുട്ടിയുടെ ഉള്ളില്‍ ചെന്നതായി പരിശോധനയില്‍ വ്യക്തമായി. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കളിയിക്കാവിള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കന്യാകുമാരി ജില്ലയിലെ കളിയിക്കാവിള മെതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനിലിന്റെയും സോഫിയയുടെയും മകന്‍ അശ്വിന്‍ (11) ആണ് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കൊല്ലങ്കോടിനു സമീപം അതംകോട് മായാകൃഷ്ണസ്വാമി വിദ്യാലയത്തില്‍ കഴിഞ്ഞ മാസം 24ന് ആണ് സംഭവം.

പരീക്ഷ എഴുതിയ ശേഷം ശുചിമുറിയില്‍ പോയി മടങ്ങുമ്പോള്‍ ഒരു വിദ്യാര്‍ഥി തനിക്കു ശീതളപാനീയം നല്‍കിയെന്നാണു കുട്ടി വീട്ടില്‍ പറഞ്ഞത്. രുചി വ്യത്യാസം തോന്നിയതിനാല്‍ കുറച്ചു മാത്രമേ കുടിച്ചുള്ളൂവെന്നും പറഞ്ഞിരുന്നു. പിറ്റേന്നു പനിയെത്തുടര്‍ന്നു സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. 2 ദിവസം കഴിഞ്ഞപ്പോള്‍ കടുത്ത വയറുവേദന, ഛര്‍ദി, ശ്വാസംമുട്ടല്‍ തുടങ്ങിയവ അനുഭവപ്പെടുകയും കുട്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അശ്വിന്റെ ഇരുവൃക്കകളും പ്രവര്‍ത്തിച്ചിരുന്നില്ല. തുടര്‍ന്നു ഡയാലിസിസ് നടത്തി. പരിശോധനയില്‍ ആസിഡ് ഉള്ളില്‍ ചെന്നതു കണ്ടെത്തി. അന്നനാളം, കുടല്‍ തുടങ്ങിയ ആന്തരികാവയവങ്ങളില്‍ പൊള്ളലേറ്റിട്ടുണ്ട്.അശ്വിന്റെ ക്ലാസില്‍ പഠിക്കുന്ന ആരുമല്ല പാനീയം നല്‍കിയതെന്നു ബന്ധുക്കള്‍ പറഞ്ഞു. അതേ സ്‌കൂളിലെ തന്നെ വിദ്യാര്‍ഥിയാണെന്നും അശ്വിനു തിരിച്ചറിയാന്‍ സാധിക്കുമെന്നും അവര്‍ അറിയിച്ചു.

അശ്വിന്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. മനുഷ്യജീവന്‍ അപകടത്തിലാക്കുക എന്ന ഉദ്ദേശ്യത്തോടെ വിഷപദാര്‍ഥം നല്‍കിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 328ാം വകുപ്പാണ് തമിഴ്‌നാട് പോലീസ് ചുമത്തിയിരിക്കുന്നത്.10 വര്‍ഷം വരെ കഠിനതടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. സ്‌കൂളിലെ സിസിടിവി പ്രവര്‍ത്തനരഹിതമായതിനാല്‍ പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നില്ല.