ന്യൂസ് ഡെസ്ക് , മലയാളം യുകെ

കോവിഡ് മഹാമാരി ലോകമെങ്ങുമുള്ള ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചപ്പോൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിച്ചത് കുട്ടികളാണ്. ജീവിതത്തിലെ ഏറ്റവും ഊർജ്ജസ്വലമായ പ്രായത്തിൽ സ്കൂളിൽ പോയി കളിയും ചിരിയുമായി കൂട്ടുകാരുമൊത്ത് അടിച്ചുപൊളിച്ചു ജീവിക്കേണ്ട സമയത്ത് വീടിനുള്ളിൽ അടച്ചുപൂട്ടി ഇരിക്കേണ്ട ഗതികേടിലാണ് നമ്മുടെ കുട്ടികൾ.
എന്നാൽ യു.എ.ഇയിലെ ഷാർജയിൽ താമസിക്കുന്ന കോട്ടയം പറവൻതുരുത്ത് സ്വദേശികളായ ജോസ് മോൻ കുടിലിലിന്റെയും വീണയുടെയും മകളായ ഹെലൻ കുടിലിൽ ജോസ് ജീവിതത്തിൻെറ ബാലപാഠങ്ങൾ അഭ്യസിക്കുന്ന തിരക്കിലാണ്.

പാചകത്തിൽ താല്പര്യമുള്ള 11 വയസ്സുകാരി ആയ ഹെലന്റ് നിരവധി പാചക വീഡിയോകൾ ആണ് പുറത്തു വരുന്നത്. ഷാർജ ഇന്ത്യൻ സ്കൂളിലെ മികച്ച വിദ്യാർത്ഥികളെ ഒരാളായ ഹെലന്റ് പാചക വീഡിയോകൾ ലോക്ക്ഡൗൺ കാലഘട്ടത്തിൽ കുട്ടികൾക്ക് സമയം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം, എന്നും ജീവിതപാഠങ്ങൾ അഭ്യസിക്കാമെന്നതിൻെറയും നേർകാഴ്ചകൾ ആവുകയാണ്.


ഷാർജ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥിയായ അലനും, ഒന്നരവയസുള്ള മിലനും ആണ് ഹെലൻെറ സഹോദരങ്ങൾ. നാട്ടിൻപുറത്തെ അമ്മമാർ പോലും രുചിയുടെ കാര്യത്തിൽ മാറിനിൽക്കുന്ന ഹെലൻെറ ബീഫ് വരട്ടിയതിൻെറ റെസിപ്പി ആണ് ഇന്ന് മലയാളംയുകെ വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്.

ബീഫ് വരട്ടിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചേരുവകൾ:-
ബീഫ് ഒരു കിലോ.
നെയ്യ് മൂന്ന് സ്പൂൺ.
സവാള അരിഞ്ഞത് രണ്ടെണ്ണം.
തക്കാളി അരിഞ്ഞത് 1
പച്ചമുളക് 3 എണ്ണം
ഇഞ്ചി ഒരു ചെറിയ കഷണം
വെളുത്തുള്ളി 5 അല്ലി.
ചെറിയ ഉള്ളി അഞ്ച് എണ്ണം
കറിവേപ്പില രണ്ട് തണ്ട്.
പെരുംജീരകം ഒരു ടീസ്പൂൺ
ഉലുവ ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി അര ടീസ്പൂൺ മുളകുപൊടി രണ്ട് ടീസ്പൂൺ
മല്ലിപ്പൊടി രണ്ട് ടീസ്പൂൺ
ഗരംമസാല ഒരു ടീസ്പൂൺ.
ഉപ്പ്‌ ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം:-

ഈ ബീഫ് വരട്ടിയത് ഉണ്ടാക്കാൻ നമുക്ക് ഒരു മൺകലം ഉപയോഗിക്കാം വാവട്ടമുള്ള ഒരു മൺകലം അടുപ്പിൽ വച്ചതിനുശേഷം അതിനകത്തേക്ക് രണ്ട്‌ സ്പൂൺ നെയ്യൊഴിക്കുക. അതിനകത്തേക്ക് കഴുകി തയ്യാറാക്കി വച്ചിരിക്കുന്ന ബീഫ് ഇടുക. അതിനു മുകളിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ഇടുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും കൂടി ചേർക്കുക. തുടർന്ന് പെരിഞ്ചീരകം, ഉലുവ, ഗരംമസാല എന്നിവ കൂടി ചേർക്കുക. ഇതിനു മുകളിൽ തക്കാളി, പച്ചമുളക്, സവാള എന്നിവ ഇടുക. ഉപ്പ് ആവശ്യത്തിന് ചേർത്തതിനുശേഷം അതിനു മുകളിലൂടെ ഒരു സ്പൂൺ നെയ്യും കൂടി ചേർത്ത് ശേഷം അടച്ചു വച്ച് അതിനു മുകളിൽ ഒരു വെയിറ്റ് വെച്ചതിനു ശേഷം ആവിയിൽ വേവിച്ചെടുക്കുക.10 മിനിറ്റിനു ശേഷം ഇത് തുറന്നു നോക്കുക നന്നായിട്ട് തിളച്ചിട്ടുണ്ടാവും.അത് നന്നായി ഇളക്കി മസാലയും ഇറച്ചിയും കൂടി മിക്സ് ചെയ്ത് യോജിപ്പിക്കുക .തുടർന്ന് തീ കുറച്ചു വച്ചതിനു ശേഷം വീണ്ടും അടച്ചുവച്ച് മുകളിൽ വെയിറ്റ്‌ വച്ച് നന്നായി വേവിച്ചെടുക്കുക. ഇതിൽ കടുക് താളിച്ച് ചെറിയ ഉള്ളിയും കറിവേപ്പിലയും വഴറ്റി ഇതിലേക്ക് ഇട്ട് നന്നായി യോജിപ്പിച്ച ശേഷം അടുപ്പിൽ നിന്നും ഇറക്കി വയ്ക്കുക .ബീഫ് വരട്ടിയത് തയ്യാർ.