മലപ്പുറത്ത് കഴിഞ്ഞ ദിവസം നടന്ന കൊലപാതകമാണ് നാടിനെ ഞെട്ടിച്ചത്. പതിനൊന്നുവയസ്സായ വിദ്യാര്‍ത്ഥിനി കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ച സംഭവത്തില്‍ പ്രതി മാതൃസഹോദരീപുത്രിയായ പതിനാലുകാരി. ഈ കുട്ടിയെ പൊലീസ് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്നില്‍ ഹാജരാക്കി. ഇതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറം ലോകത്തെത്തിയത്.
‘അനിയത്തി പഠിക്കാന്‍ മിടുക്കിയായിരുന്നു. ഇത്തവണ യു എസ് എസ് സ്‌കോളര്‍ഷിപ്പും കിട്ടിയിരുന്നു. വീട്ടുകാര്‍ അവളെ അനുമോദനം കൊണ്ട് മൂടിയപ്പോള്‍ സഹോദരിയായ താന്‍ ഏറെ ഒറ്റപ്പെട്ടു. എല്ലാവര്‍ക്കും അവളെ മതി… കണ്ടു പഠിക്ക് അവളെ…എങ്ങും അവള്‍ മാത്രം. അവളെ മാത്രം മതി എപ്പോഴും. ദേഷ്യം പകയായി.. പകയുടെ ഒടുവില്‍ അവളെ കൊല്ലണമെന്നായി. ഒന്നും ചിന്തിച്ചില്ല… ഷാള്‍ മുറുക്കി കൊന്ന് കളഞ്ഞു…’-ഇതാണ് പൊലീസിന് പതിനാലുകാരി നല്‍കിയ മൊഴി.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പതിനൊന്നുകാരിയെ അമ്മയുടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തില്‍ പാടുകണ്ട ഡോക്ടര്‍മാര്‍ മരണത്തില്‍ ദൂരൂഹതയുണ്ടെന്ന് പരാതി നല്‍കി. ഇതോടെ പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് ഷാള്‍ കഴുത്തില്‍ കുരുക്കിയ വിവരം പതിനാലുകാരി പറഞ്ഞത്. പാലക്കാട് ജില്ലാതിര്‍ത്തി ഗ്രാമത്തിലാണ് സംഭവം. വിദ്യാലയങ്ങളടച്ചതോടെ അമ്മവീട്ടില്‍ അവധി ആഘോഷത്തിന് എത്തിയതാണ് സഹോദരിമാരുടെ രണ്ടു കുട്ടികളും. ഇതിനിടെയാണ് ദുരന്തം ഉണ്ടായത്.
വീട്ടില്‍ കളിക്കാന്‍വിട്ട് അമ്മൂമ്മയും അപ്പൂപ്പനും പറമ്പില്‍ കൃഷി ജോലിക്ക് പോയി. ഇതിനിടെയാണ് സംഭവമുണ്ടായത്. തിരിച്ചുവന്നപ്പോള്‍ ദിവാന്‍ബെഡില്‍ അവശയായിക്കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഷോക്കേറ്റതാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ കഴുത്തിലെ കുരുക്ക് ആശുപത്രിയിലെ ഡോക്ടറുടെ ശ്രദ്ധയില്‍ പെട്ടു. ഇതോടെ പൊലീസെത്തി. വീട്ടീലുള്ള എല്ലാവരേയും ചോദ്യം ചെയ്തു. കുട്ടികളോടും കാര്യങ്ങള്‍ തിരക്കി. ഇതിനിടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
ഷൊര്‍ണൂര്‍ ഡിവൈ.എസ്‌പിയാണ് അന്വേഷണം നടത്തുന്നത്. അടുത്തിടെ കുട്ടിക്ക് എല്‍.എസ്.എസ്. സ്‌കോളര്‍ഷിപ്പ് ലഭിക്കുകയും ഇതില്‍ അഭിനന്ദിച്ച് ഫ്ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയുമെല്ലാം ചെയ്തിരുന്നു. ഇതാണ് കൊലപാകത്തിന് പ്രേരണയായത്. മാനസിക പ്രശ്‌നമാണ് കൊലയ്ക്ക് കാരണം. ഹാളില്‍ ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ പുറകിലെത്തിയ മാതൃസഹോദരിയുടെ പതിനാലുവയസുള്ള മകള്‍ ഷാള്‍ കഴുത്തില്‍ ഇടുകയായിരുന്നു. നിലതെറ്റി വീണ പെണ്‍കുട്ടി ശ്വാസം മുട്ടി മരിച്ചു. സംഭവത്തില്‍ പൊലീസും വിരലടയാള വിദഗ്ദരും പരിശോധകള്‍ നടത്തിയിരുന്നു. മൃതദേഹം പാലക്കാട് ഗവ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.
Leave a Reply