ഡൽഹിയിൽ പുകമഞ്ഞും മലിനീകരണവും കനത്തതോടെ കാഴ്ചാ പരിധി ഗണ്യമായി കുറഞ്ഞു. ഇതിനെ തുടർന്ന് വിമാന സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ടു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ഐജിഐ) ഞായറാഴ്ച 110 വിമാനങ്ങൾ റദ്ദാക്കിയതായും 370-ലധികം സർവീസുകൾ വൈകിയതായും വിമാനത്താവള അധികൃതർ അറിയിച്ചു.
ഫ്ലൈറ്റ് റഡാർ 24 പുറത്തുവിട്ട കണക്കുകൾ പ്രകാരം മിക്ക വിമാനങ്ങളും ശരാശരി 26 മിനിറ്റ് വൈകിയാണ് സർവീസ് നടത്തിയത്. പ്രതിദിനം ഏകദേശം 1,300 വിമാന സർവീസുകൾ കൈകാര്യം ചെയ്യുന്ന രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഐജിഐയിലെ തടസ്സങ്ങൾ രാജ്യത്തുടനീളമുള്ള യാത്രക്കാരെ ബാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, ഡൽഹിയിലെ വായു ഗുണനിലവാരവും ഗുരുതര നിലയിലാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം ഞായറാഴ്ച രാവിലെ എയർ ക്വാളിറ്റി ഇൻഡെക്സ് 386 ആയി, ഇത് ‘വളരെ മോശം’ വിഭാഗത്തിലാണ്. കനത്ത ശൈത്യവും ഉയർന്ന ഈർപ്പനിരക്കും തുടരുന്നതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും, ഇതേ കാലാവസ്ഥാ സാഹചര്യങ്ങൾ കശ്മീരിലും വിമാന സർവീസുകൾ തടസ്സപ്പെടാൻ കാരണമായതായും അധികൃതർ അറിയിച്ചു.











Leave a Reply