ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ വീണ്ടും സമരം ആരംഭിച്ചു. ഇന്ന് മുതൽ ആരംഭിച്ച സമരം 5 ദിവസം നീണ്ടു നിൽക്കും. ശമ്പള വർദ്ധനവിനായി 11 -ാം മത്തെ പ്രാവശ്യമാണ് ജൂനിയർ ഡോക്ടർമാർ സമരത്തിനിറങ്ങുന്നത്. ഇന്ന് രാവിലെ 7 മണി മുതലാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഡോക്ടർമാർ സമരം നടത്തുന്നത്.
ജൂനിയർ ഡോക്ടർമാരുടെ സമരം മൂലം ആശുപത്രികളിലെ സേവനങ്ങൾക്ക് കാര്യമായ തടസ്സമുണ്ടാകുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകി. എൻഎച്ച്എസ്സിന്റെ ഭാഗത്തുനിന്ന് ശമ്പള വർദ്ധനവിന് പുതിയ ഓഫർ ഒന്നും ഇല്ലാത്തതിനാൽ സമരം നടത്തുകയാണെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. എന്നാൽ അടുത്ത ആഴ്ച പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡോക്ടർമാർ സമരം നടത്തുന്നതിനെ കടുത്ത ഭാഷയിലാണ് എൻഎച്ച്എസ് വിമർശിക്കുന്നത്.
സർക്കാരും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും മെയ് മാസത്തിൽ ചർച്ചകൾ നടത്താൻ തയ്യാറെടുത്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ശമ്പള വർദ്ധനവിനായുള്ള ചർച്ചകൾ ഒന്നും നടന്നില്ല. ഇതാണ് പണിമുടക്കുമായി മുന്നോട്ടു പോകാൻ യൂണിയനെ പ്രേരിപ്പിച്ചിരിക്കുന്നത് . ജൂനിയർ ഡോക്ടർമാർക്ക് കഴിഞ്ഞ സാമ്പത്തിക വർഷം ശരാശരി 9% ശമ്പള വർദ്ധനവ് ലഭിച്ചു. എന്നാൽ പണപ്പെരുപ്പത്തിന് ആനുപാതികമായി 35% ശമ്പള വർദ്ധനവ് ആണ് ഡോക്ടർമാർ ആവശ്യപ്പെടുന്നത്. എൻ എച്ച് എസിലെ ഡോക്ടർമാരിൽ പകുതിയോളം പേരും ജൂനിയർ ഡോക്ടർമാരാണ്. അവരിൽ മൂന്നിൽ രണ്ടുപേരും ബിഎംഎ അംഗങ്ങളാണ്. അതുകൊണ്ട് തന്നെ ബി എം എ നടത്തുന്ന സമരം ആരോഗ്യ മേഖലയെ സ്തംഭിപ്പിക്കുമെന്ന് ഉറപ്പാണ്.
Leave a Reply