ഓസ്ട്രേലിയയിലെ സിഡ്നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.17ഓടെയാണ് സംഭവം. ജൂത ആഘോഷമായ ഹനൂക്ക ആരംഭിച്ച ആദ്യ ദിവസമാണ് വെടിവയ്പ്പ്. നടന്നത് ഭീകരാക്രമണമാണെന്ന് ന്യൂ സൗത്ത് വെയ്ൽസ് പൊലീസ് സ്ഥിരീകരിച്ചു. അക്രമികളിലൊരാളെ പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. രണ്ടാമത്തെയാൾ സാരമായ പരുക്കുകളോടെ പിടിയിലായി.
ഓസ്ട്രേലിയൻ സമയം വൈകിട്ട് 6.30ഓടെയാണ് ആദ്യം വെടിവയ്പ്പുണ്ടായത്. സിഡ്നിയിലെ പ്രധാന വിനോദ കേന്ദ്രമാണ് പ്രശസ്തമായ ബോണ്ടി ബീച്ച്. ഹനൂക്ക ഫെസ്റ്റിവലിന്റെ തുടക്കമായതിനാൽ ബോണ്ടി ബീച്ചിൽ നൂറുകണക്കിനാളുകൾ ഒത്തുചേർന്നിരുന്നു. ഇവർക്ക് നേരെയാണ് വെടിയുതിർത്തത്. കുട്ടികളെയും വയോധികരെയും പോലും വെടിവച്ചതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബോണ്ടി ബീച്ചിലെ കൂട്ടക്കൊല ഞെട്ടിക്കുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ് പറഞ്ഞു. പൊലീസും ദ്രുതപ്രതികരണ വിഭാഗവും ജനങ്ങളെ രക്ഷിക്കാൻ ഉടൻ ഇടപെട്ടു. അക്രമികളുടെ ഇരയായവരെ കുറിച്ചാണ് എന്റെ ചിന്തകൾ. ഫെഡറൽ പൊലീസുമായും ന്യൂ സൗത്ത് വെയ്ൽസ് അധികൃതരുമായും ബന്ധപ്പെടുകയാണ്. ആസ്ട്രേലിയയിലെ ജൂതരെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നത്. ജൂത വിഭാഗത്തിനെതിരായ ഏതൊരു ആക്രമണവും ഓസ്ട്രേലിയയിലെ മുഴുവൻ ജനങ്ങൾക്കും എതിരെയുള്ള ആക്രമണമാണ് –അദ്ദേഹം പറഞ്ഞു.











Leave a Reply