കൊല്ലം ജില്ലയിലെ ഓച്ചിറയിൽ മാതാപിതാക്കളെ മർദ്ദിച്ച് അവശരാക്കി മകളെ തട്ടിക്കൊണ്ടുപോയി. വഴിയോരക്കച്ചവടക്കാരായ രാജസ്ഥാൻ സ്വദേശികളുടെ മകളെയാണ് തട്ടിക്കൊണ്ട് പോയത്. പതിമൂന്ന് വയസുള്ള പെൺകുട്ടിയെയാണ് തട്ടികൊണ്ടുപോയത് . ഇന്നലെ രാത്രിയാണ് ഓച്ചിറ വലിയകുളങ്ങര എന്ന ഭാഗത്ത് വിഗ്രഹങ്ങളും മറ്റും വിൽക്കുന്ന മാതാപിതാക്കളുടെ മകളെ തട്ടികൊണ്ടുപോയത്. സംഭവം നടന്നതിന് പിന്നാലെ തന്നെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
നാലംഗ സംഘമാണ് തട്ടിക്കൊണ്ടു പോയതെന്നാണ് പോലീസ് നൽകുന്ന റിപ്പോർട്ടുകൾ. ഇവർ വിഗ്രഹങ്ങൾ വിൽക്കുന്നതിന് തൊട്ടടുത്തായി ഷെഡ് കെട്ടിയായിരുന്നു കഴിഞ്ഞിരുന്നത്. ഇവിടെ നിന്നുമാണ് നാല് യുവാക്കൾ മാതാപിതാക്കളെ ക്രൂരമായി തല്ലിച്ചതച്ച ശേഷം പതിമൂന്നുകാരിയായ മകളെ തട്ടിക്കൊണ്ടുപോയതെന്ന് ഇവർ പോലീസിൽ ഇന്ന് രാവിലെ പരാതി നൽകുകയായിരുന്നു.
പക്ഷെ നേരമിത്രയും പിന്നിട്ടിട്ടും തട്ടികൊണ്ടുപോയ സംഘത്തെ പിടികൂടാൻ പോലീസിന് കഴിയാത്തത് ഗുരുതര വീഴ്ചതന്നെയാണ്. തുടർന്ന് നാട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് പൊലീസ് അന്വേഷണം തന്നെ തുടങ്ങിയത്. കൊല്ലം എ സി പിയുടെ നേതൃത്വത്തിൽ ഇപ്പോൾ അന്വേഷണം പുരോഗമിക്കുകയാണ്. ഓച്ചിറ – വലിയകുളങ്ങര പ്രദേശത്താണ് ഇവർ വഴിയോരക്കച്ചവടം നടത്തിയിരുന്നത്.
ഒരു മാസമായി ഈ പ്രദേശത്ത് ഇവർ കച്ചവടം നടത്തുകയാണ്. പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്ന കുടുംബമാണിത്. ഇന്നലെ രാത്രി 11 മണിക്ക് ഒരു സംഘമാളുകൾ ഇവർ താമസിക്കുന്ന ഷെഡ്ഡിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ചപ്പോൾ അച്ഛനമ്മമാരെ മർദ്ദിച്ചു. അവശരാക്കി വഴിയിൽത്തള്ളിയ ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
നാട്ടിൽത്തന്നെയുള്ള ചിലർ ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാർ പൊലീസിന് മൊഴി നൽകി. പ്രദേശവാസികളായ നാല് യുവാക്കളാണ് ഉപദ്രവിക്കാറുള്ളതെന്നും അക്രമത്തിന് പിന്നിലാരാണെന്ന് വ്യക്തമല്ലെന്നും അച്ഛനമ്മമാർ പറയുന്നു. ഇതുവരെയും പെൺകുട്ടി എവിടെയാണെന്ന കാര്യത്തിൽ കൃത്യമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിക്കാത്തത് കുട്ടിയുടെ ജീവന് തന്നെ ആപത്തുണ്ടാക്കുമോ എന്ന് മാതാപിതാക്കൾ ഭയപ്പെടുന്നുണ്ട്.
നാട്ടുകാരും മറ്റും വലിയ രീതിയിൽ തന്നെ പോലീസ് സ്റ്റേഷനിൽ ഇന്ന് രാവിലെ പ്രതിഷേധം നടത്തിയിരുന്നു. ഇതിനു ശേഷമാണ് പോലീസ് അന്വേഷണത്തിനുപോലും മുതിർന്നതെന്നാണ് നാട്ടുകാർ നൽകുന്ന വിവരങ്ങൾ. ഇതിനു മുമ്പും മാതാപിതാക്കളെയും മകളെയും ചിലർ ശല്യപ്പെടുത്തിയിരുന്നതായി പോലീസിൽ പരാതി നൽകിയിരുന്നതായി അറിയാൻ സാധിക്കുന്നു. ഇന്നലെ മാതാപിതാക്കളെ മർദ്ദിച്ച് ഉപേക്ഷിച്ച സ്ഥലത്ത് നിന്നും കരുനാഗപ്പള്ളി ആശുപത്രിയിൽ എത്തിച്ച ശേഷം മാതാപിതാക്കൾ വീണ്ടും ഇവിടെ എത്തിയിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. പോലീസ് കൂടുതൽ മൊഴി രേഖപ്പെടുത്തും.
മാതാപിതാക്കൾ നാട്ടുകാരോട് പറഞ്ഞത് പ്രദേശവാസികളായ ചിലർ തങ്ങളെ ശല്യപ്പെടുത്തിയിരുന്നു. ആ നാലുപേർ തന്നെയാണ് മകളെ ഇപ്പോൾ തട്ടിക്കൊണ്ടുപോയതെന്നുമാണ്. പോലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശവാസികളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ പെൺകുട്ടി ഇപ്പോൾ എവിടെയുണ്ടെന്നതുൾപ്പടെ കൃത്യമായ ഒരു വിവരവും ഇനിയും പൊലീസിന് കിട്ടിയിട്ടില്ല.
Leave a Reply