ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : യൂണിവേഴ്‌സൽ ക്രെഡിറ്റിന് യോഗ്യരായ മലയാളികൾ ഉൾപ്പെടെ പത്തു ലക്ഷത്തിലധികം ബ്രിട്ടീഷുകാർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഉടൻ തന്നെ 149 പൗണ്ട് ലഭിക്കും. യൂണിവേഴ്സൽ ക്രെഡിറ്റിലേക്ക് മാറുന്നതിന് മുമ്പ് റൺ-ഓൺ പേയ്‌മെന്റുകൾ സ്വീകരിച്ച ബ്രിട്ടീഷുകാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 149 പൗണ്ട് ചേർക്കുമെന്ന് വർക്ക് ആൻഡ് പെൻഷൻ വകുപ്പ് സ്ഥിരീകരിച്ചു. യൂണിവേഴ്സൽ ക്രെഡിറ്റ് സിസ്റ്റത്തിലെ ഏറ്റവും പുതിയ മാറ്റങ്ങളെത്തുടർന്നാണ് ഈ ഒറ്റത്തവണ പേയ്‌മെന്റ് ലഭിക്കുക. നിയമ മാറ്റങ്ങൾ ജൂലൈ 22 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. രണ്ടാഴ്ചത്തെ റൺ-ഓണിൽ നിന്ന് പത്തുലക്ഷത്തിലധികം കുടുംബങ്ങൾക്ക് നേട്ടമുണ്ടാകുമെന്ന് ഡിഡബ്ല്യുപി അറിയിച്ചു. യൂണിവേഴ്സൽ ക്രെഡിറ്റിലേക്ക് മാറുന്നതിന് മുമ്പ് അവകാശികൾക്ക് ലഭിച്ചിരുന്ന പ്രീമിയങ്ങളാണ് റൺ-ഓൺ പേയ്‌മെന്റുകൾ. എൻഹാൻസ്ഡ് ഡിസെബിലിറ്റി പ്രീമിയം, കെയർ പ്രീമിയം, ഇഎസ്എ വർക്ക് റിലേറ്റഡ് ആക്ടിവിറ്റി കംപോണന്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ലെഗസി ആനുകൂല്യങ്ങളിൽ നിന്ന് യൂണിവേഴ്സൽ ക്രെഡിറ്റിലേക്ക് മാറുന്നവർക്ക് ഈ ഒറ്റത്തവണ പേയ്മെന്റ് അധിക പിന്തുണ നൽകുമെന്ന് വെൽഫയർ ഡെലിവറി മിനിസ്റ്റർ വിൽ ക്വിൻസ് പറഞ്ഞു. “ഇത് തിരികെ നൽകേണ്ടതില്ല. ഒപ്പം അവരുടെ യുസി അവാർഡിനെ ഇത് ബാധിക്കുകയില്ല. അധിക പണമാണ് ലഭിക്കുക.” അദ്ദേഹം കൂട്ടിച്ചേർത്തു. ചൈൽഡ് ടാക്സ് ക്രെഡിറ്റ്, ഹൗസിംഗ് ബെനിഫിറ്റ്, ഇൻ‌കം സപ്പോർട്ട്, ഇൻ‌കം ബേസ്ഡ് ജോബ് സീക്കർ അലവൻസ്, സപ്പോർട്ട് അലവൻസ്, വർക്കിംഗ് ടാക്സ് ക്രെഡിറ്റ് എന്നീ ആനുകൂല്യങ്ങളെയാണ് യൂണിവേഴ്സൽ ക്രെഡിറ്റ് മാറ്റിസ്ഥാപിക്കുന്നത്.

കൊറോണ വൈറസ് പകർച്ചവ്യാധിയെത്തുടർന്നുള്ള സാമ്പത്തിക പ്രത്യാഘാതത്തിന്റെ ഫലമായി 2020 മാർച്ച് 1 മുതൽ മെയ് 26 വരെ ഡി‌ഡബ്ല്യുപിക്ക് യൂണിവേഴ്സൽ ക്രെഡിറ്റിനായി 3 ദശലക്ഷത്തിലധികം വ്യക്തിഗത ക്ലെയിമുകൾ ലഭിച്ചു. യൂണിവേഴ്സൽ ക്രെഡിറ്റിൽ വളരെയധികം ആവശ്യമായ മാറ്റങ്ങൾ വന്നതുപോലെ ഈ പുതിയ പേമെന്റുകൾ 2018ലെ ബജറ്റിൽ പ്രഖ്യാപിച്ചതാണെന്ന് വർക്ക് ആൻഡ് പെൻഷൻ സെലക്ട് കമ്മിറ്റിയുടെ ചെയർമാനും ഈസ്റ്റ് ഹാമിന്റെ ലേബർ എംപിയുമായ സ്റ്റീഫൻ ടിംസ് പറഞ്ഞു. യൂണിവേഴ്സൽ ക്രെഡിറ്റിന്റെ ആദ്യ പേയ്‌മെന്റിനായി അഞ്ച് ആഴ്ചത്തെ കാത്തിരിപ്പ്, പൊതുജനങ്ങൾക്ക് ഗുരുതരമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്ന് സർക്കാർ മനസ്സിലാക്കി കഴിഞ്ഞു.