ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- സൗത്ത് കൊറിയയിലെ സിയോളിൽ ഹലോവീൻ ആഘോഷങ്ങൾക്കിടയിൽ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 151 പേർ കൊല്ലപ്പെട്ടു. 82 പേർക്ക് പരിക്കേറ്റതായാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരണപ്പെട്ടവരിൽ 19 പേർ വിദേശികൾ ആണെന്ന് എമർജൻസി സർവീസ് വൃത്തങ്ങൾ വ്യക്തമാക്കി. മരണമടഞ്ഞവരിൽ ഭൂരിഭാഗം പേരും പത്തൊമ്പതും ഇരുപതും വയസ്സുള്ളവരാണ്. പരുക്കേറ്റവരിൽ 19 ഓളം പേരുടെ നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരുവാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സെൻട്രൽ സിയോളിലെ രാത്രി ജീവിതത്തിന് പ്രശസ്തമായ ഇറ്റാവോണിൽ 100,000 ആളുകൾ ഹാലോവീൻ ആഘോഷിക്കാനായി ഒരുമിച്ചു കൂടിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് അപകടം ഉണ്ടായത്. കോവിഡിന് ശേഷം നടത്തിയ ആദ്യത്തെ ഹാലോവീൻ ആഘോഷമാണ് ഈ അപകടത്തിലേയ്ക്ക് നയിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക്-യോൾ ഞായറാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. അപകടം അപ്രതീക്ഷിതവും വളരെ വേദന ഉളവാക്കുന്നതും ആണെന്ന് അദ്ദേഹം പറഞ്ഞു.


ഇത്തരം ഒരു അപകട സമയത്ത് തങ്ങൾ സൗത്ത് കൊറിയയോടൊപ്പം ഉണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോൺ തുടങ്ങി നിരവധി ലോക നേതാക്കൾ തങ്ങളുടെ ദുഃഖം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സൗത്ത് കൊറിയൻ പ്രസിഡന്റ് വ്യക്തമാക്കി.