സിഡ്‌നി ∙ ബോണ്ടി കടൽത്തീരത്ത് ജൂതരുടെ ഹനൂക്കോ ആഘോഷത്തിനിടെ നടന്ന വെടിവെപ്പിൽ മരണം 16 ആയി. 40ലധികം പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. ആക്രമണത്തിന് പിന്നിൽ അച്ഛനും മകനുമാണെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് സ്ഥിരീകരിച്ചു. 50 കാരനായ അച്ഛനും 24 കാരനായ മകൻ നവീദ് അക്രമുമാണ് വെടിവെപ്പ് നടത്തിയതെന്നും മറ്റാർക്കും പങ്കില്ലെന്നുമാണ് പ്രാഥമിക നിഗമനം.
സംഭവം തീവ്രവാദ ആക്രമണമാണെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തിൽ ഉപയോഗിച്ച ആയുധങ്ങളെയും പ്രതികളുടെ പശ്ചാത്തലത്തെയും കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് കമ്മീഷണർ മാൽ ലാൻയോൺ പറഞ്ഞു. സ്ഥലത്തിനടുത്ത് രണ്ട് സജീവ ഇംപ്രൊവൈസ്ഡ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. വെടിവെപ്പിനിടെ 50 വയസുകാരൻ പൊലീസിന്റെ വെടിയേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചു; മകൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ച വ്യക്തി ലൈസൻസുള്ള തോക്ക് ഉടമയാണെന്നും അദ്ദേഹത്തിന്റെ പേരിൽ ആറ് തോക്കുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. ബോണ്ടി ബീച്ചിലെ ആക്രമണത്തിൽ ഈ ആറ് തോക്കുകളും ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് സംശയം. അന്വേഷണത്തിന്റെ ഭാഗമായി പടിഞ്ഞാറൻ സിഡ്‌നിയിലെ ബോണിറിഗി, ക്യാമ്പ്‌സി മേഖലകളിലെ ഇവരുടെ വസതികളിൽ പൊലീസ് റെയ്ഡ് നടത്തി. സംഭവത്തിൽ സമഗ്ര അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.











Leave a Reply