ന്യൂസ് ഡെസ്ക്, മലയാളം യുകെ

എഞ്ചിനീയറിംഗ് സ്റ്റോൺസിൻെറ കട്ടിങ്ങുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരിൽ മാരകമായ ശ്വാസകോശ രോഗമായ സിലിക്കോസിസിൻ്റെ കേസുകൾ ഇരട്ടിയാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം മുതൽ ഇതുവരെ 16 തൊഴിലാളികൾക്കാണ് ചികിത്സ ഇല്ലാത്ത ഈ രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിപക്ഷം പേരും വർക്ക്ഷോപ്പുകളിലും മറ്റും ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളാണ്. അടുക്കള നവീകരണത്തിൽ വലിയ തോതിൽ ഇത്തരം കല്ലുകളാണ് ഉപയോഗിക്കുന്നത്. ഇവയിൽ 95% വരെ സിലിക്ക അടങ്ങിയിട്ടുണ്ട്. രോഗം ബാധിച്ചവരുടെ ശരാശരി പ്രായം 34 ആണ്. 27 വയസ്സുകാർക്കു വരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം ഇനിയും കൂടാൻ സാധ്യത ഉണ്ടെന്ന് ഡോക്ടർമാർ പറയുന്നു.


ലണ്ടനിലെ ദി റോയൽ ബ്രോംപ്ടൺ ഹോസ്പിറ്റലിലെ റെസ്പിറേറ്ററി കൺസൾട്ടൻ്റായ ഡോ. ജോഹന്ന ഫിയറി, മനുഷ്യ നിർമ്മിതമായ ഈ കല്ലുകൾ മുറിക്കുന്നത് വഴി സിലിക്കോസിസ് ബാധിതരായവരെ ഇപ്പോൾ ചികിത്സിച്ച് വരികയാണ്. ഇതുവരെ 16 കേസുകളാണ് ആശുപത്രി അധികൃതർ തിരിച്ചറിഞ്ഞിരിക്കുന്നത്. ചില രോഗികൾക്ക് ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായ സാഹചര്യമാണ് ഇപ്പോൾ. ഇത്തരം കല്ലുകൾ ഉപയോഗിച്ച് ജോലി ചെയ്യുന്നവർ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ നേരിടുന്നുണ്ടെങ്കിൽ ആശുപത്രിയിലോ ജിപിമാരോ ആയി ബന്ധപ്പെടണമെന്ന് ഡോ. ഫിയറി പറയുന്നു.


ജൂലൈയിൽ ഓസ്ട്രേലിയ എഞ്ചിനീയറിംഗ് സ്റ്റോണുകൾ രാജ്യത്ത് നിരോധിച്ചിരുന്നു. രാജ്യത്തെ നിരവധി സ്റ്റോൺമേസണുകൾക്ക് സിലിക്കോസിസ് സ്ഥിരീകരിച്ചതിന് പിന്നാലെ ആയിരുന്നു ഈ നടപടി. അതേസമയം 2019 മുതൽ കാലിഫോർണിയയിൽ കുറഞ്ഞത് 180 സിലിക്കോസിസ് കേസുകളും 13 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ കേസുകൾ ആഴ്ച തോറും ഉയർന്ന് വരുന്നുണ്ട്. പല തൊഴിലാളികളും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളെ കുറിച്ച് ബോധവാന്മാരാണെങ്കിലും സാമ്പത്തിക സമ്മർദ്ദങ്ങളും ഭാഷാ തടസ്സങ്ങളും ഈ തൊഴിൽ ചെയ്യാൻ അവരെ നിർബന്ധിതരാക്കുന്നു.

ജോലി ചെയ്യുമ്പോൾ ആവശ്യമായ സേഫ്റ്റി ഗാഡ്ജറ്റ്‌സുകൾ ഇല്ലാത്തവരിലാണ് രോഗം കണ്ടെത്തിയത്. ഇനിയും നിരവധി കേസുകൾ കണ്ടെത്താനായിട്ടില്ലെന്നും പ്രശ്നത്തിൻ്റെ വ്യാപ്തി മനസ്സിലാക്കാൻ സർക്കാരിൻെറ ഭാഗത്ത് നിന്ന് ഒരു നടപടി ഉണ്ടാകേണ്ടത് അത്യന്താപേഷിതമാണ്. മെച്ചപ്പെട്ട നിയന്ത്രണം ആവശ്യമാണെങ്കിലും, എഞ്ചിനീയറിംഗ് സ്റ്റോണിൻ്റെ നിരോധനം രാജ്യത്ത് നടപ്പിലാക്കുന്നതിന് മുമ്പ് കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്ന് ഡോ. ഫിയറി പറയുന്നു. വർക്ക്‌ഷോപ്പുകളിൽ പൊടി നിയന്ത്രിക്കുന്നതിനുള്ള ഉപകരണങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും എഞ്ചിനീയറിംഗ് സ്റ്റോണുകളുമായി ജോലി ചെയ്യുന്നവർക്ക് ഇപ്പോഴും ശരിയായ രീതിയിൽ ഉള്ള സുരക്ഷാ ഉപകരണങ്ങൾ ഇല്ല.