കൊച്ചി: കൊച്ചിയിൽ 200 കോടിയുടെ അതിമാരക മയക്കുമരുന്നായ എംഡിഎംഎ (മെത്തിലിൻ ഡൈ ഓക്സി മെത്താംഫീറ്റമിൻ) പിടിച്ചെടുത്ത സംഭവത്തിൽ മുഖ്യ പ്രതികളിലൊരാൾ പിടിയിൽ. കണ്ണൂർ കടന്പൂർ കുണ്ടത്തിൽ മീരാ നിവാസിൽ ഉത്തമൻ മകൻ പ്രശാന്ത്കുമാർ (36) ആണ് പിടിയിലായത്.
എക്സൈസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് നാർക്കോട്ടിക് സെല്ലിന്റെ സഹായത്തോടെ ചെന്നൈയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ സ്വദേശിയാണെങ്കിലും ഇയാൾ വളർന്നതും പഠിച്ചതും താമസിക്കുന്നതും ചെന്നൈയിലാണ്. പ്രശാന്ത്കുമാറും ചെന്നൈ സ്വദേശിയായ അലി എന്നയാളും ചേർന്നാണ് എംഡിഎംഎ കടത്താൻ ശ്രമിച്ചതെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് പറഞ്ഞു. അലി വിദേശത്തേക്കു കടന്നതായാണ് സൂചന. ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.
കഴിഞ്ഞ 29നാണ് പാഴ്സൽ പായക്കറ്റിൽനിന്ന് എംഡിഎംഎ പിടിച്ചെടുത്തത്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പർവീണ് ട്രാവൽസ് എന്ന പാഴ്സൽ സർവീസ് വഴി എഗ്മൂറിൽനിന്ന് എറണാകുളം എംജി റോഡിൽ രവിപുരത്തു സ്ഥിതി ചെയ്യുന്ന പാഴ്സൽ സെന്ററിലേക്കു സാരികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ എത്തിക്കുകയായിരുന്നു. എംജി റോഡിൽത്തന്നെ സ്ഥിതി ചെയ്യുന്ന വേൾഡ് വൈഡ് എന്ന എയർ കാർഗോ വഴി മലേഷ്യയിലേക്കു കടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.
എന്നാൽ, ചെന്നൈയിൽനിന്നു നേരിട്ട് അയയ്ക്കാമെന്നിരിക്കെ കൊച്ചി വഴി അയയ്ക്കാൻ ശ്രമിച്ചതിൽ സംശയം തോന്നിയ കൊറിയർ ഉടമ വിവരം എക്സൈസിൽ അറിയിച്ചു. മലേഷ്യയിലെ അഡ്രസും കൊറിയർ ചാർജും ഇവർ നൽകിയതുമില്ല. തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുത്തത്. മലേഷ്യയിൽ എത്തിക്കേണ്ട മേൽവിലാസം ശരിയായില്ല എന്നാണ് കൊറിയർ ഉടമയോട് അറിയിച്ചതെങ്കിലും എയർ കാർഗോ വഴി അവർ ഉദ്ദേശിച്ച രീതിയിൽ കടത്താനുളള ക്രമീകരണം ആകാത്തതിനാലാണു കാലതാമസം ഉണ്ടായതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കൊച്ചിയിൽ ഇവർക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നും അന്വേഷിച്ചുവരികയാണ്.
കഴിഞ്ഞ ഓഗസ്റ്റിൽ ഇതേരീതിയിൽ വസ്ത്രങ്ങളിൽ ഒളിപ്പിച്ചു മലേഷ്യയിലേക്കു മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന് അസി. എക്സൈസ് കമ്മീഷണർ ടി. എ. അശോക്കുമാറിന്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. ആദ്യ ഉദ്യമം വിജയിച്ചതിനാലാണു വീണ്ടും കടത്താൻ ശ്രമിച്ചത്.
എംഡിഎംഎ കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഒരു ലക്ഷം രൂപ പാതിതോഷികം നൽകുമെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് അറിയിച്ചു. എറണാകുളം ഡിവിഷണൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.എസ്. രഞ്ജിത്ത്, അസി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി. അശോക് കുമാർ, സിഐ ബി. സുരേഷ്, ഇൻസ്പെക്ടർമാരായ ശ്രീരാജ്, പ്രിവന്റീവ് ഓഫീസർ സത്യനാരായണ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Leave a Reply