ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ക്രിസ്മസ് സമ്മാനം ലഭിക്കാത്ത 2,000 കുട്ടികൾക്ക് ഫുട്ബോൾ ടീ ഷർട്ടുകൾ നൽകാനൊരുങ്ങി ദമ്പതികൾ. ഗ്ലൗസെസ്റ്റർഷെയറിലെ സ്‌ട്രോഡിൽ നിന്നുള്ള പോളും ലിസി വാട്‌സനുമാണ് ഈ ഉദ്യമത്തിന് പിന്നിൽ. 9000 പൗണ്ട് ഇതിനായി സമാഹരിച്ച ഇവർ, സ്കൂളുകൾ മറ്റ് കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ വഴി വിതരണം ചെയ്യാനാണ് ഒരുങ്ങുന്നത്. അനുദിനം ജീവിതചിലവ് വർദ്ധിക്കുകയാണ്. ക്രിസ്മസിന് മാതാപിതാക്കളെ സമ്മാനത്തിന്റെ പേരിൽ കുട്ടികൾ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കാനാണ് ഇങ്ങനെയൊരു പരിശ്രമം എന്നാണ് ഇരുവരും പറയുന്നത്.
ഇതിന്റെ ഭാഗമായി അവതാരകനും നടനുമായ ജെയിംസ് കോർഡനിൽ നിന്നും 2000 പൗണ്ട് സംഭാവന സ്വീകരിച്ചിരുന്നു. ഇങ്ങനെ പല അഭ്യൂദയകാംഷികളിൽ നിന്നും ലഭിച്ച തുകയാണ് ഇതിനായി ഉപയോഗിക്കുന്നത്. കുട്ടികളിൽ സ്വത്വബോധം വളർത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് ദമ്പതികൾ പറയുന്നത്. കിറ്റ്മസ് എന്ന പ്രോജക്ടിന്റെ ഭാഗമായാണ് ഫുട്ബോൾ ടീ ഷർട്ടുകൾ വിതരണം ചെയ്യുന്നത്. ‘പണ്ട് ഒരു ടീ ഷർട്ട് വേണമെന്നുള്ളത് നടക്കാത്ത സ്വപ്‌നം ആയിരുന്നു. എന്നാൽ ഇന്ന് ജീവിത ചിലവുകൾ വർദ്ധിച്ചതിന്റെ ഭാഗമായി സമാനമായ അവസ്ഥ തന്നെ നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കാനാണ് ഞങ്ങളുടെ ശ്രമം’ പോൾ പറഞ്ഞു.
2020 ലാണ് ഈ പദ്ധതി ആരംഭിച്ചത്. അന്ന് 1000 കുട്ടികൾക്ക് ടീ ഷർട്ടുകൾ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഇത് 2000 പിന്നിട്ടിരുന്നു. കിറ്റ്‌മാസ്, ചെൽട്ടൻഹാം ടൗൺ, ഫ്രോം ടൗൺ തുടങ്ങി നിരവധി ക്ലബ്ബുകളുടെ പിന്തുണയിലാണ് ഓരോ വർഷവും ഈ പ്രോജക്റ്റ് നടക്കുന്നത്. ക്ലബ്ബുകൾക്ക് പുറമെ വ്യക്തികളായും ഇതിനെ സഹായിക്കുന്നവർ നിരവധിയാണെന്നും ട്വീറ്റിലൂടെ അവർ പറയുന്നു.
Leave a Reply