വധശിക്ഷ നടപ്പിലാക്കാൻ മൂന്നു ദിവസം മാത്രം ബാക്കി നിൽക്കെ ഡൽഹി കൂട്ടബലാത്സംഗ കേസ് പ്രതി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കുറ്റകൃത്യം നടന്ന ദിവസം താൻ നഗരത്തിൽ ഉണ്ടായിരുന്നില്ലെന്നും മരണ വാറന്റ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതി മുകേഷ് കുമാർ സിങ് കോടതിയെ സമീപിച്ചത്. ഇയാൾ സമർപ്പിച്ച ഹർജിയിൽ ഡൽഹി കോടതി വിധി ഉടൻ പ്രഖ്യാപിച്ചേക്കും.
രാജസ്ഥാനിൽനിന്നാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും കുറ്റകൃത്യം നടന്ന 2012 ഡിസംബർ ഏഴിനാണ് തന്നെ ഡൽഹിയിലേക്ക് കൊണ്ടുവന്നതെന്നുമാണ് അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദ്ര റാണയ്ക്കു മുന്നിൽ സമർപ്പിച്ച ഹർജിയിൽ അവകാശപ്പെട്ടിരിക്കുന്നത്. തിഹാർ ജയിലിനകത്തു വച്ച് തന്നെ ക്രൂരമായി മർദിച്ചുവെന്നും ഹർജിയിൽ പറയുന്നു. പ്രതിയുടെ ഹർജിയിൽ പറയുന്ന കാര്യങ്ങൾ കളളമാണെന്നും വധശിക്ഷ വൈകിപ്പിക്കാനുളള തന്ത്രമാണെന്നുമാണ് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചത്.
ഡൽഹി കൂട്ടബലാത്സംഗ കേസ് പ്രതികളെ മാർച്ച് 20 ന് പുലർച്ചെ 5.30 ന് തൂക്കിലേറ്റാനാണ് മരണ വാറന്റ് പുറപ്പെടുവിച്ചിട്ടുളളത്. പ്രതികളെ തൂക്കിലേറ്റാൻ പുറപ്പെടുവിക്കുന്ന നാലാമത്തെ മരണ വാറന്റാണിത്. നേരത്തെ പുറപ്പെടുവിച്ച മൂന്നു മരണ വാറന്റുകളും പ്രതികൾ നിയമപരമായ മാർഗം ഉപയോഗിച്ചതിനാൽ നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല.
2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന ബസില്‍വച്ച് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായത്. ലൈംഗിക അതിക്രമത്തിനിരയായി അവശനിലയിലായ പെണ്‍കുട്ടിയെ അക്രമികള്‍ ബസില്‍നിന്ന് പുറത്തേക്കെറിയുകയായിരുന്നു. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.
അതേസമയം, മറ്റു പ്രതികളായ വിനയ് ശർമ, പവൻ കുമാർ ഗുപ്ത, അക്ഷയ് കുമാർ സിങ് എന്നിവർ രാജ്യാന്തര കോടതിയെ സമീപിച്ചിരിക്കുകയാണ്. മരണവാറന്റ് നിയമവിരുദ്ധമാണെന്നും തടയണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകൻ എപി സിങ് മുഖേന പ്രതികൾ ഹർജിയുമായി കോടതിയെ സമീപിച്ചത്.
Leave a Reply