സ്റ്റാര്‍ട്ട്അപ്പുകളെന്നു കേള്‍ക്കുമ്പോള്‍ പലപ്പോഴും നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നത് കംപ്യൂട്ടറുകളും മൊബൈള്‍ ഫോണുകളും അവയില്‍ ഉയിര്‍ക്കൊള്ളുന്ന സാങ്കേതിക പരിഹാരങ്ങളുമൊക്കെയാണ്. എന്നാല്‍ സാധാരണ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കശു പരിഹാരം കാണാനും സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാമെന്നു തെളിയിക്കുകയാണു ഡല്‍ഹി ഐഐടി വിദ്യാസർഥികളായ അര്‍ച്ചിത് അഗര്‍വാളും ഹാരി ഷെറാവത്തും.
നമ്മുടെ നാട്ടിലെ സ്ത്രീകള്‍ യാത്ര ചെയ്യുമ്പോഴും മറ്റും അനുഭവിക്കുന്ന വലിയൊരു പ്രശ്‌നമാണ് എവിടെ മൂത്രമൊഴിക്കും എന്നത്. ഹോട്ടലുകളിലും പെട്രോള്‍ പമ്പുകളിലും ബസ് സ്റ്റാന്‍ഡിലുമൊക്കെ ശുചിമുറികള്‍ കാണുമെങ്കിലും പലതിനും ഒട്ടും വൃത്തിയുണ്ടാകില്ല. വൃത്തിയില്ലാത്ത ശുചിമുറികളിലെ ക്ലോസറ്റുകളില്‍ ഇരുന്നു മൂത്രമൊഴിച്ച് അണുബാധ പിടിപെട്ടവര്‍ നിരവധി. ഈ പേടി കൊണ്ടു മൂത്രമൊഴിക്കാതെ പിടിച്ചു വയ്ക്കുമ്പോള്‍ വരുന്ന രോഗങ്ങള്‍ വേറെയും.
ഇതിനെല്ലാം പരിഹാരമായി സ്ത്രീകള്‍ക്കു നിന്നു കൊണ്ടു മൂത്രമൊഴിക്കാനുള്ള ഉപകരണമാണ് അര്‍ച്ചിതും ഹാരിയും സാന്‍ഫി എന്ന തങ്ങളുടെ സ്റ്റാര്‍ട്ട് അപ്പിലൂടെ പുറത്തിറക്കിയത്. സ്റ്റാന്‍ഡ് ആന്‍ഡ് പീ എന്ന ഈ ഉപകരണത്തിന്റെ വിലയാകട്ടെ വെറും 10 രൂപയും. ഒരു വര്‍ഷം മുന്‍പു സ്ഥാപിച്ച ഈ വ്യത്യസ്ത സ്റ്റാര്‍ട്ട് അപ്പ് കമ്പനിയിലൂടെ ഒരു കോടി രൂപ വരുമാനം എത്തിപ്പിടിച്ചിരിക്കുകയാണ് ഈ യുവാക്കള്‍.
മലമുകളിലേക്കുള്ള ഒരു സഞ്ചാരത്തിനിടെ കൂടെയുണ്ടായിരുന്ന സ്ത്രീ സുഹൃത്തിനു പൊതു ശുചിമുറി ഉപയോഗിച്ചതിനെ തുടര്‍ന്നു പിടിപെട്ട മൂത്രാശയ അണുബാധയാണ് ഇത്തരമൊരു ചിന്തയിലേക്ക് ഇവരെ എത്തിച്ചത്. എല്ലാവര്‍ക്കും താങ്ങാവുന്ന ചെലവിലുള്ളതും എളുപ്പം ഉപയോഗിക്കാവുന്നതുമായ രീതിയിലാണ് സ്റ്റാന്‍ഡ് ആന്‍ഡ് പീ വികസിപ്പിച്ചിരിക്കുന്നത്. ഓണ്‍ലൈനിലടക്കം മികച്ച വില്‍പനയാണ് ഇതിന് ലഭിക്കുന്നതെന്ന് അര്‍ച്ചിതും ഹാരിയും പറയുന്നു. ഇതിനു പുറമേ പീരിയഡ്‌സ് വേദനയ്ക്ക് ആശ്വാസം നല്‍കുന്ന ഒരു എണ്ണയും സാന്‍ഫി പുറത്തിറക്കുന്നുണ്ട്.
Leave a Reply